Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു ഷോ പോലും അവതരിപ്പിച്ചിട്ടില്ലാത്ത ലാലിസത്തിന് രണ്ട് കോടിക്കുള്ള യോഗ്യത ഉണ്ടോ? പണം വാങ്ങാതെ പങ്കെടുക്കുന്ന സച്ചിനോട് ബഹുമാനവും തിരുവഞ്ചൂരിനോട് സഹതാപവും; മോഹൻലാലിനും ലാലിസത്തിനുമെതിരെ രൂക്ഷ വിമർശനവുമായി വിനയൻ

ഒരു ഷോ പോലും അവതരിപ്പിച്ചിട്ടില്ലാത്ത ലാലിസത്തിന് രണ്ട് കോടിക്കുള്ള യോഗ്യത ഉണ്ടോ? പണം വാങ്ങാതെ പങ്കെടുക്കുന്ന സച്ചിനോട് ബഹുമാനവും തിരുവഞ്ചൂരിനോട് സഹതാപവും; മോഹൻലാലിനും ലാലിസത്തിനുമെതിരെ രൂക്ഷ വിമർശനവുമായി വിനയൻ

മോഹൻലാലിന്റെ മ്യൂസിക് ബാൻഡായ ലാലിസത്തിന് രണ്ട് കോടി രൂപ നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സംവിധായകൻ വിനയൻ രംഗത്ത്. പലപ്പോഴും പല നടൻന്മാർക്കെതിരെയും കടുത്ത വിമർശനങ്ങൾ ഫെയ്‌സ് ബുക്കിലൂടെ ഉന്നയിക്കാറുള്ള വിനയിൽ ലാലിസത്തിനെതിരെയും ഫെയ്‌സ് ബുക്കിലൂടെ തന്നെയാണ് വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

ഇതുവരെ ഒരു പരിപാടി പോലും അവതരിപ്പിച്ചിട്ടില്ലാത്ത ഒരു ബാൻഡിന് ഇത്രയധികം രൂപ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് എടുത്ത് നൽകുന്നതിൽ ആശ്ചര്യം തോന്നുന്നെന്നും പറഞ്ഞ വിനയൻ ജനങ്ങളുടെ നികുതിപ്പണം ഇതിനായി ചിലവഴിക്കുന്ന സർക്കാരിനെയും വിമർശിച്ചു. അഴിമതിയിൽ മുങ്ങിക്കിടക്കുന്ന ഒരു സർക്കാരിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കാനില്ലെന്നും വ്യക്തമാക്കി.

വാർത്ത കേട്ടപ്പോൾ വിശ്വസിക്കാനായില്ലെന്നും, ഗെയിംസിൽ പണം വാങ്ങാതെ പങ്കെടുക്കുന്ന സച്ചിൻ തെണ്ടുൽക്കറോട് ബഹുമാനവും കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനോട് സഹതാപവുമാണ് തോന്നുന്നതെന്നും വിനയൻ തന്റെ കുറിപ്പിൽ പറയുന്നു.

വിനയന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ:

ലാലിസം ' എന്ന പരിപാടിയുടെ അരങ്ങേറ്റത്തിനായി ദേശീയ ഗെയിംസിന്റെ ഉത്ഘാടനവേദിയും കൂടെ രണ്ടുകോടി രൂപയും കൊടുക്കുന്നു എന്ന വാർത്ത ആദ്യം കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ കേരളത്തിൽ വച്ചു നടക്കുന്ന 35മത് ദേശീയ ഗെയിംസിന്റെ പരിപാടിക്കു ഫ്രീ ആയി പങ്കെടുക്കുമ്പോൾ കേരളീയനായ സൂപ്പർസ്റ്റാർ മോഹൻലാൽ രണ്ടുകോടി രൂപ പ്രതിഫലം പറ്റി അദ്ദേഹത്തിന്റെ ലാലിസം എന്ന ബാൻഡ് അവതരിപ്പിക്കുന്നതിനെപ്പറ്റി താങ്കളുടെ അഭിപ്രായം എന്താണെന്ന് ഒരു ചാനൽ റിപ്പോർട്ടറാണ് എന്നെ വിളിച്ചു ചോദിച്ചത്. അതിന്റെ നിജസ്ഥിതി ടൈംസ് ഓഫ് ഇന്ത്യയിൽ നിന്ന് അറിയുക കൂടി ചെയ്തപ്പോൾ സത്യത്തിൽ സച്ചിൻ തെൻഡുൽക്കറോട് അതിയായ ബഹുമാനവും നമ്മുടെ സ്‌പോർട്ട്‌സ് മന്ത്രിയുടെ സംഘടനാശേഷിയെ പറ്റി സഹതാപവുമാണ് തോന്നിയത്. പണം സർക്കാർ ഖജനാവിൽ നിന്നാണെങ്കിലും അതിവിടുത്തെ ഓരോ പൗരനും കൊടുക്കുന്ന നികുതിപ്പണമാണെന്നു കൂടി അദ്ദേഹം ഓർത്തിരുന്നെങ്കിൽ നന്നായിരുന്നേനെ. ഇതേവരെ ഒരു ഷോയും ഒരിടത്തും അവതരിപ്പിച്ചിട്ടില്ലാത്ത ഒരു ബാൻഡ് ഗ്രൂപ്പ് - അതും കേരളത്തിലെ ഒരു സൂപ്പർതാരവും, ഒരു മ്യൂസിക് ഡയറക്ടറും ചേർന്ന് അവതരിപ്പിക്കുന്ന പരിപാടിക്ക് രണ്ടുകോടി രൂപ കൊടുക്കുന്നവരേയും അതു വാങ്ങുന്നവരേയും അഭിനന്ദിക്കാതെ തരമില്ല.

ശ്രീ മോഹൻലാൽ പ്രധാനമായും അദ്ദേഹത്തിന്റെ അമ്പതു സിനിമകളിലെ പാട്ടുകളും അതിലെ ദൃശ്യങ്ങളും കോർത്തിണക്കി അദ്ദേഹത്തിനു വേണ്ടി തയ്യാറാക്കിയ ഒരു പബ്ലിസിറ്റി പ്രോഗ്രാം കൂടിയാണ് ഈ ലാലിസം. അതിന് ദേശീയ ഗെയിംസിന്റെ ഉത്ഘാടനവേദിയിലെ സ്റ്റേജ് ലഭിക്കുക എന്നതു തന്നെ വല്യ കാര്യമാണ്. ഒരു സമ്പൂർണ്ണ നടനെന്ന നിലയിൽ അതിന് അദ്ദേഹം അർഹനായിരിക്കാം. പക്ഷെ രണ്ടുകോടി രൂപ പ്രതിഫലം ആ പരിപാടിക്കു വേണ്ടി ദേശീയ ഗെയിംസിന്റെ ഫണ്ടിൽ നിന്നും വാങ്ങിക്കുന്നു എന്നത് കുറച്ചു കടന്ന കയ്യായി പോയി. പ്രതിഫലവും സർവീസ് ചാർജുമുൾപ്പെടെ സർക്കാറിനു രണ്ടുകോടി രൂപ ചെലവാകുന്ന ലാലിസത്തിനു വേണ്ടി 80 ലക്ഷം രൂപ മോഹൻലാൽ അഡ്വാൻസ് വാങ്ങിക്കഴിഞ്ഞിരിക്കുന്നു എന്നാണ് വാർത്ത. അഴിമതിയും കൈക്കൂലിയും ഒക്കെ നമ്മുടെ സർക്കാരിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്ന ഇന്നത്തെ അവസ്ഥയിൽ ഇതല്ല ഇതിലപ്പുറവും പ്രതീക്ഷിക്കാം. ദേശീയ ഗെയംസിന്റെ സംഘാടകർക്കും അതിന്റെ ഗുണഭോക്താക്കൾക്കും എന്റെ നമോവാകം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP