Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളക്കരയിൽ ബാഹുബലി തരംഗത്തിന് അവസാനമായില്ല; രാജമൗലി ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തിൽ നിന്നും വാരിയത് 73 കോടി രൂപ! ഏറ്റവും കൂടുതൽ പണം നേടിയ അന്യഭാഷ ചിത്രം; ബോക്‌സോഫീസിൽ മുന്നിലുള്ളത് മോഹൻലാലിന്റെ പുലിമരുകൻ മാത്രം

കേരളക്കരയിൽ ബാഹുബലി തരംഗത്തിന് അവസാനമായില്ല; രാജമൗലി ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തിൽ നിന്നും വാരിയത് 73 കോടി രൂപ! ഏറ്റവും കൂടുതൽ പണം നേടിയ അന്യഭാഷ ചിത്രം; ബോക്‌സോഫീസിൽ മുന്നിലുള്ളത് മോഹൻലാലിന്റെ പുലിമരുകൻ മാത്രം

കൊച്ചി: കേരളത്തിൽ ബാഹുബലി തരംഗം ഇനിയും അവസാനിച്ചിട്ടില്ല. രാജമൗലി ഒരുക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗം സംസ്ഥാനത്തെ ഏറ്റവും വലിയ പണംവാരി പടങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു കഴിഞ്ഞു. കേരളത്തിൽ തീയറ്ററുകളിൽ പുലിമുരുകൻ മാത്രമാണ് ബാഹുബലിക്ക് മുന്നിലുള്ളത്. കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ പണം വാരിയ അന്യഭാഷാ ചിത്രങ്ങളിൽ ഒന്നാം സ്ഥാനവും മറ്റാർക്കുമല്ല.

പുലി മുരുകൻ കഴിഞ്ഞാൽ കേരളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ പണം വാരി ചിത്രമായി മാറിയ ബാഹുബലി ഇതുവരെ കേരളത്തിൽ നിന്നും നേടിയത് 73 കോടി രൂപയാണ്. ഗ്ലോബൽ യുണൈറ്റഡ് മീഡിയ മൂന്നു ഭാഷകളിലായാണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. കലക്ഷൻ റെക്കോർഡിൽ 70 കോടിയോളം രൂപയുമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മോഹൻലാൽ ചിത്രമായ ദൃശ്യത്തെയാണ് ബാഹുബലി മറികടന്നത്. പുലി മുരുകൻ നൂറ്റൻപതു കോടി രൂപയോളമാണു കലക്ട് ചെയ്തത്. ഏറെക്കാലത്തിനു ശേഷം കേരളത്തിൽ 100 ദിവസത്തിലേറെ ഓടുന്ന ഇതര ഭാഷ ചിത്രവും ബാഹുബലി തന്നെ. തിരുവനന്തപുരത്തെ രണ്ടു തിയറ്ററുകളിലാണ് ചിത്രം 100 ദിവസം പിന്നിട്ടത്.

ഇതു മാത്രമല്ല, മലയാളത്തിലെ കലക്ഷൻ റെക്കോർഡുകൾ പലതും ബാഹുബലിയുടെ തേരോട്ടത്തിൽ പഴങ്കഥയായി. 320 സ്‌ക്രീനുകളിൽ റിലീസ് ചെയ്തതു തന്നെ ആദ്യ റെക്കോർഡായി. ബാഹുബലിക്കായി കേരളത്തിൽ ഏഴ് തിയറ്ററുകളാണ് അത്യാധുനികമായ 4കെ പ്രൊജക്ഷൻ സംവിധാനം ഒരുക്കിയത്.

ആദ്യ ദിവസം തന്നെ 5.45 കോടി രൂപ കൊയ്തു റെക്കോർഡ് തിരുത്തിയ രാജമൗലി ചിത്രം അഞ്ചാം ദിവസം 25 കോടിയും 15-ാം ദിവസം 50 കോടിയും നേടി ഈ നേട്ടങ്ങളിലും റെക്കോർഡ് തീർത്തു. ആദ്യ മാസം കൊണ്ടു തന്നെ ഇടമുറിയാത്ത ഹൗസ് ഫുൾ ഷോകളിലൂടെ കൊയ്തത് 65.5 കോടി! പിന്നീടാണ് ബാഹുബലി തരംഗവും കലക്ഷൻ വേഗവും ഒന്നടങ്ങിയത്. കേരളത്തിൽ ചിത്രം ഇതുവരെ 36100ന് മുകളിൽ ഷോകൾ പൂർത്തിയാക്കിയതായി വിതരണക്കാർ പറയുന്നു.

പല തിയറ്ററുകളും ബാഹുബലി-2 വീണ്ടും പ്രദർശനത്തിന് ആവശ്യപ്പെട്ടതായി ഗ്ലോബൽ യുണൈറ്റഡ് മീഡിയ മാനേജിങ് ഡയറക്ടർ പ്രേം മേനോൻ പറഞ്ഞു. നല്ല അഭിപ്രായം നേടുന്ന ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് ഉറപ്പുള്ള മികച്ച വിപണിയാണു കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ അന്യഭാഷ സിനിമകളുടെ കലക്ഷൻ റെക്കോർഡുകളിൽ ബാഹുബലി-2 പിന്നിലാക്കിയത് ഒന്നാം ബാഹുബലിയെ തന്നെയായിരുന്നു.

ആദ്യം 30 തിയറ്ററുകളിൽ മാത്രം റിലീസ് ചെയ്ത ബാഹുബലി-1 വൻ തരംഗമായതോടെ ഇരുന്നൂറോളം തിയറ്ററുകളിലേക്കു വ്യാപിച്ചു നേടിയത് 22 കോടി രൂപയായിരുന്നു. പക്ഷേ ഒന്നാം ബാഹുബലി രണ്ടു മാസത്തോളം ഓടി നേടിയ റെക്കോർഡ് രണ്ടാം ബാഹുബലി അഞ്ചാം ദിനം തന്നെ പഴങ്കഥയാക്കി. രണ്ടു ബാഹുബലികളും കൂടി കേരളത്തിൽ നിന്നു കൊയ്തത് 95 കോടി! മലയാളത്തിനു പുറമേ ബാഹുബലി-2വിന്റെ തമിഴ്, ഹിന്ദി പതിപ്പുകളും കേരളത്തിൽ പ്രദർശനത്തിനെത്തിയിരുന്നു. പക്ഷേ കേരളം ഏറ്റവും കൂടുതൽ കണ്ടത് മലയാളമല്ല, തമിഴ് പതിപ്പായിരുന്നു. ഇപ്പോഴും പ്രദർശനം തുടരുന്നതും തമിഴ് തന്നെ.

17 കോടിയിലേറെ രൂപ നേടിയ തമിഴ് ചിത്രമായ ഐ, ഇംഗ്ലിഷ് ചിത്രമായ ജംഗിൾ ബുക് എന്നിവയായിരുന്നു കേരളത്തിലെ കലക്ഷനിൽ ബാഹുബലിക്കു പിന്നിലുള്ള ഇതര ഭാഷാ ചിത്രങ്ങൾ. ഈ റെക്കോർഡ് ചിത്രങ്ങളുടെയെല്ലാം കേരളത്തിലെ വിതരണാവകാശം ഗ്ലോബൽ യുണൈറ്റഡ് മീഡിയക്കു തന്നെയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP