Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടികൾ പ്രതിഫലം വാങ്ങുന്ന കാര്യത്തിൽ അമ്പതുലക്ഷത്തിൽ താഴെ കണക്കിൽ കാണിച്ച് ബാക്കി വിദേശത്തുള്ളവരുടെ പേരിൽ കൈപ്പറ്റും; ബ്‌ളോഗെഴുതുന്ന നടന്മാരും ഇതിനു പുറത്തല്ല; ബൈജു കൊട്ടാരക്കര സത്യം വിളിച്ചുപറയുമ്പോൾ

കോടികൾ പ്രതിഫലം വാങ്ങുന്ന കാര്യത്തിൽ അമ്പതുലക്ഷത്തിൽ താഴെ കണക്കിൽ കാണിച്ച് ബാക്കി വിദേശത്തുള്ളവരുടെ പേരിൽ കൈപ്പറ്റും; ബ്‌ളോഗെഴുതുന്ന നടന്മാരും ഇതിനു പുറത്തല്ല; ബൈജു കൊട്ടാരക്കര സത്യം വിളിച്ചുപറയുമ്പോൾ

കൊച്ചി: സിനിമയിൽ കോടികൾ പ്രതിഫലം വാങ്ങുന്ന സൂപ്പർ സ്റ്റാറുകൾപോലും അ്മ്പതുലക്ഷത്തിൽ താഴെ ഇവിടെ കൈപ്പറ്റുകയും ബാക്കി തുക ഗൾഫിൽ പലരുടേയും അക്കൗണ്ടുകളിൽ സ്വീകരിച്ച് തട്ടിപ്പുനടത്തുകയുമാണെന്ന് വ്യക്തമാക്കി സിനിമാ സാങ്കേതിക പ്രവർത്തരുടെ സംഘടനയായ മാക്ടയുടെ പ്രസിഡന്റ് ബൈജു കൊട്ടാരക്കര. സിനിമാമേഖലയിലം കള്ളപ്പണം ഒഴുകുന്നുണ്ടെന്നും ഇതും ശുദ്ധീകരിക്കപ്പെടണമെന്നും വ്യക്തമാക്കി ഇക്കാര്യത്തിൽ ധവളപത്രം ഇറക്കണമെന്നും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഇതോടെ മോദിയുടെ കറൻസി നിരോധനത്തിനു പിന്നാലെ സിനിമാലോകത്തെ കള്ളപ്പണവും വലിയ ചർച്ചയാവുകയാണ്. മോദിയുടെ കറൻസി നിരോധനത്തെ പ്രകീർത്തിച്ചും ക്യൂനിൽക്കുന്നതിലെ വിഷമം പറയുന്നവർക്ക് സിനിമാകൊട്ടകയിലും മദ്യംവാങ്ങാനും മറ്റും ക്യൂനിൽക്കുന്നതിന് വിഷമമില്ലല്ലോ എന്ന് ചോദിച്ചും മോഹൻലാൽ ബ്‌ളോഗിലെഴുതിയത് കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു.

ഇതിനു പിന്നാലെ മോഹൻലാൽ കുവൈറ്റിൽ 3300 കോടിയുടെ നിക്ഷേപം ബിസിനസ് രംഗത്ത് നടത്തിയെന്നും നോട്ടുകൾ പിൻവലിക്കുന്ന വിവരം അറിഞ്ഞതിനു ശേഷമാണോ ഈ നിക്ഷേപം നടത്തിയതെന്നുമുള്ള ചർച്ച സോഷ്യൽ മീഡിയയിലും സജീവമായി.

ഇപ്പോൾ സിനിമാരംഗത്തു നിന്നുതന്നെയുള്ള ഒരു സംഘടനയുടെ നേതാവുതന്നെ ഇത്തരമൊരു ആക്ഷേപം ഉന്നയിക്കുന്നതോടെ കള്ളപ്പണത്തിന്റെ വിഹാര രംഗമാണ് സിനിമാലോകമെന്ന പ്രചരണം ശക്തമാകുകയാണ്. സിനിമാമേഖലയിലും കള്ളപ്പണത്തിന്റെ സ്വാധീനമുണ്ടെന്നും ശുദ്ധികലശം വേണമെന്നും കണക്കുകളില്ലാതെ സിനിമാ നിർമ്മാണത്തിന് ചെലവിടുന്ന പണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നുമാണ് ബൈജു കൊട്ടാരക്കര ആവശ്യപ്പെടുന്നത്.

മോഹൻലാൽ മോദിയുടെ കറൻസി നിരോധനത്തെ അനുകൂലിച്ച് പുറകെ നടന്ന പത്രസമ്മേളനത്തിൽ ബ്‌ളോഗെഴുതുന്ന നടന്മാരും ഇതിനു പുറത്തല്ലെന്ന് ബൈജു തുറന്നുപറഞ്ഞത് പേര് എടുത്തു പറഞ്ഞില്ലെങ്കിലും സൂപ്പർതാരത്തെ ഉദ്ദേശിച്ചുതന്നെയാണെന്നും അഭിപ്രായം ഉയർന്നുകഴിഞ്ഞു.

നേരിട്ട് പണം കൈപ്പറ്റാതെ കോടികൾ പ്രതിഫലം വാങ്ങുന്ന താരങ്ങൾ അമ്പതുലക്ഷത്തിൽ താഴെ ഇവിടെ കൈപ്പറ്റുകയും ബാക്കി തുക ഗൾഫിൽ ഓവർസീസായി വാങ്ങുകയുമാണ് ചെയ്യുന്നതെന്ന് ബൈജു പറയുന്നു. കോടികൾ പ്രതിഫലം വാങ്ങുന്ന വിരലിലെണ്ണാവുന്ന താരങ്ങളെ മലയാള സിനിമയിലുള്ളൂ എന്നതിനാൽ തന്നെ മുൻനിര താരങ്ങളെത്തന്നെ ലക്ഷ്യമിട്ടായിരുന്നു ബൈജുവിന്റെ പത്രസമ്മേളനം.

ഇവരുടെ സ്വത്തിന്റെയും ഇടപാടുകളുടെയും നികുതിവെട്ടിപ്പിന്റെയും വിവരങ്ങളെപ്പറ്റി സമഗ്രമായി അന്വേഷിക്കണമെന്നും ബൈജു ആവശ്യപ്പെട്ടിട്ടുണ്ട്. താരങ്ങൾക്കെതിരെ മാത്രമല്ല സിനിമാരംഗത്ത് ഇത്തരത്തിൽ നടക്കുന്ന കള്ളപ്പണ ഇടപാടിൽ നിർമ്മാതാക്കൾക്കെതിരെയും ബൈജു വിരൽചൂണ്ടിയിട്ടുണ്ട്.

ബ്‌ളോഗെഴുതുന്ന നടന്മാരും ഇത്തരം ഇടപാടുകൾക്ക് പുറത്തല്ല. സോഷ്യൽ മീഡിയയിൽ പ്രസ്താവനകൾ എഴുതുന്നവർ യാഥാർഥ്യങ്ങൾക്ക് നേരെ കണ്ണടക്കരുത്. ഏതാനും ചിത്രങ്ങളുടെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടിവായി പ്രവർത്തിക്കുന്നവർ പെട്ടെന്ന് സിനിമ നിർമ്മാതാക്കളായി മാറുന്ന അനുഭവങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ധവളപത്രം ഇറക്കണമെന്നാണ് ബൈജു വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടത്.

ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമ പ്രദർശിപ്പിച്ചിട്ടും അതിന്റെ സംവിധായകൻ വിനയൻ, നിർമ്മാതാവ് കബീർ എന്നിവരെ ക്ഷണിക്കാതിരുന്നത് ചിലരുടെ വ്യക്തി വൈരാഗ്യം മൂലമാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

 ചലച്ചിത്ര അക്കാദമിയും ഇതിനായി ഇടപെട്ടില്ലെന്നും ചിത്രങ്ങൾ പ്രദർശിപ്പിക്കുമ്പോൾ സംവിധായകരെയും നിർമ്മാതാവിനെയും ഉൾപ്പെടുത്തുന്ന പതിവുണ്ടെന്നും ബൈജു ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇക്കാര്യങ്ങൾ പറയാനാണ് പത്രസമ്മേളനം വിളിച്ചതെങ്കിലും ബൈജു പറയാൻ ഉദ്ദേശിച്ചത് സിനിമാലോകത്തെ കള്ളപ്പണത്തെയും കള്ളനിക്ഷേപങ്ങളിലൂടെ നികുതിവെട്ടിക്കുന്നതിനെയും പറ്റി തന്നെയാണ് എന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP