Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ലോക മാസ്റ്റർ സംവിധായകന്റെ പക്കൽ നിന്നും നിലവാരം കുറഞ്ഞ ഒരു തട്ടിക്കൂട്ട് അമേച്വർ സിനിമ പ്രതീക്ഷിച്ചില്ല; അതിനാടകീയതും കൃത്രിമ സംഭാഷണങ്ങളും കുത്തിത്തിരുകി; അടൂരിന്റെ ദിലീപ് - കാവ്യ ചിത്രത്തെ വിമർശിച്ച് സംവിധായകൻ ഡോ. ബിജു

ഒരു ലോക മാസ്റ്റർ സംവിധായകന്റെ പക്കൽ നിന്നും നിലവാരം കുറഞ്ഞ ഒരു തട്ടിക്കൂട്ട് അമേച്വർ സിനിമ പ്രതീക്ഷിച്ചില്ല; അതിനാടകീയതും കൃത്രിമ സംഭാഷണങ്ങളും കുത്തിത്തിരുകി; അടൂരിന്റെ ദിലീപ് - കാവ്യ ചിത്രത്തെ വിമർശിച്ച് സംവിധായകൻ ഡോ. ബിജു

തിരുവനന്തപുരം: ദ്വീർഘകാലത്തിന് ശേഷമാണ് മലയാളത്തിന്റെ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ദിലീപിനെയും കാവ്യയെയും നായികാ-നായകന്മാരാക്കിയ ചിത്രം പിന്നെയും. പതിവ് ശൈലിയിൽ അടൂർ ഒരുക്കിയ ചിത്രം മോശമാണെന്ന് അഭിപ്രായപ്പെടുന്നവരാണ് നല്ലൊരു പങ്കും. അടൂരിന്റെ പഴയ ചിത്രങ്ങളുടെ നിഴൽ മാത്രമാണിതെന്നും വിമർശനം ഉയരുന്നതിനിടെ സിനിമയെ വിമർശിച്ച് സംവിധായകൻ ഡോ. ബിജു രംഗത്തെത്തി. ഒരു ലോക മാസ്റ്റർ എന്ന് വിശേഷിപ്പിക്കുന്ന സംവിധായകന്റെ പക്കൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാനാകാത്തത്ര നിലവാരം കുറഞ്ഞ ഒരു തട്ടിക്കൂട്ട് അമച്വർ സിനിമയാണ് പിന്നെയും എന്ന് ഡോ. ബിജു വിമർശിച്ചു. യാതൊരു വൈവിധ്യവും കൊണ്ടുവരാൻ അടൂരിന് തിന്റെ സിനിമയിലൂടെ സാധിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.

ഒരു മാസ്റ്റർ ഫിലിം മേക്കർ എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന അടൂരിന്റെ കഴിഞ്ഞ മൂന്ന് നാല് സിനിമകൾ ലോകത്തെ പ്രധാനപ്പെട്ട ഒരു ചലച്ചിത്ര മേളകളിലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്ന കാര്യം കൂടി ഓർമ്മിപ്പിച്ചാണ് ബിജു അടൂർ ഗോപാലകൃഷ്ണനെ വിമർശിച്ചത്. വിഗ്രഹങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ ഒട്ടേറെ കാര്യങ്ങൾ മറച്ച് വെക്കുന്നു. വിഗ്രഹങ്ങളെ നില നിർത്തുവാൻ വിധേയന്മാരും ഭക്തരും വല്ലാതെ പാട് പെടുന്ന കാഴ്ച പിന്നെയും പിന്നെയും ഇതാ ഇപ്പോൾ നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണെന്നും ബിജു വിമർശിച്ചു.

അടൂർ ഗോപാലകൃഷണന്റെ സിനിമാ ജീവിതം ഒരു വ്യാജ നിർമ്മിതിയാണെന്ന വിധത്തിലും ഡോ. ബിജു വിമർശിച്ചു. വിധേയൻ എന്ന സിനിമയ്ക്ക് ശേഷം അടൂർ ചെയ്തു കൊണ്ടിരിക്കുന്നത് മലയാളത്തിലെ സമാന്തര സിനിമകളുടെ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തലാണ്. ലോകേമെമ്പാടുമുള്ള സമാന്തര സിനിമാ സങ്കൽപ്പം പ്രമേയപരമായും ആഖ്യാനപരമായും ഒട്ടേറെ മാറിയിട്ടും ലോക സിനിമയുടെ മാറ്റത്തോടൊപ്പം മാറാൻ സ്വയം കഴിയാതെ പോയ ഒരു മാസ്റ്റർ സംവിധായകനാണ് അടൂർ. സിനിമ എന്ന മാദ്ധ്യമം ഉപയോഗിച്ച് യാതൊരു പരീക്ഷണങ്ങൾക്കും മുതിരാത്ത പഴയ കാലത്തിന്റെ തടവറയിലും നാടകീയതയിലും സ്വയം അഭിരമിക്കുന്ന ചലച്ചിത്രകാരനാണ് അടൂർ.

ഒരു മാസ്റ്റർ ഫിലിം മേക്കർ എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന അടൂരിന്റെ കഴിഞ്ഞ മൂന്ന് നാല് സിനിമകൾ ലോകത്തെ പ്രധാനപ്പെട്ട ഒരു ചലച്ചിത്ര മേളകളിലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്നതും കൂട്ടി വായിക്കേണ്ടതുണ്ട് ...വിഗ്രഹങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ ഒട്ടേറെ കാര്യങ്ങൾ മറച്ച് വെക്കുന്നു. വിഗ്രഹങ്ങളെ നില നിർത്തുവാൻ വിധേയന്മാരും ഭക്തരും വല്ലാതെ പാട് പെടുന്ന കാഴ്ച പിന്നെയും പിന്നെയും ഇതാ ഇപ്പോൾ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നു.

ഏതായാലും അടൂരിനെ പോലെയുള്ള ഒരു സംവിധായകനിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാവുന്ന ഒരു സിനിമയല്ല പിന്നെയും. സാങ്കേതികമായി പോലും ഏറെ മോശമായ ഒരു സിനിമ ആണ് ഇത് , അതി നാടകീയത , കൃത്രിമത്വം. അസ്വാഭാവികമായ സംഭാഷണങ്ങൾ , ബാലിശമായ രംഗങ്ങൾ തുടങ്ങി മൊത്തത്തിൽ പത്തിരുപത് വർഷം മുൻപുള്ള ചില മോശം അമച്വർ സ്‌കൂൾ നാടകങ്ങൾ കാണുന്ന ഒരു തോന്നൽ. ദുബായിയിൽ എത്തുന്ന നായകനെ ഒരു ഫ്രയിമിൽ പോലും കാട്ടാതെ ദുബായിയുടെ സ്റ്റോക്ക് ഷോട്ട് കാട്ടി വോയിസ് ഓവറിൽ കഥ പറയുന്ന എളുപ്പത്തിലുള്ള തട്ടിപ്പ് പരിപാടികൾ സിനിമയിൽ ധാരാളമണ്- ഡോ. ബിജു വ്യക്തമാക്കി.

സ്തയജിത്ത് റായിയുടെ ചിത്രങ്ങളുമായി താരതമ്യം ചെയ്തു കൊണ്ടും ബിജു വിമർശനം തുടർന്നു. സത്യജിത് റായി 1983 ൽ ഒരു ഹാർട്ട് അറ്റാക്ക് വന്നതിനു ശേഷവും 1990 ൽ അറുപത്തി ഒൻപതാമത്തെ വയസ്സിൽ ചെയ്ത ഗണ ശത്രുവും (ചിത്രം കാൻ ചലച്ചിത്ര മേളയിൽ ആണ് ആദ്യ പ്രദർശനം), എഴുപത്തി ഒന്നാമത്തെ വയസ്സിൽ ചെയ്ത അഗാന്തുക്കും നമുക്ക് മുൻപിൽ ഉണ്ട് .ലോക സിനിമയിലെ മറ്റൊരു മാസ്റ്റർ ആയ ഇറാനിയൻ സംവിധായകൻ അബ്ബാസ് കിയാറോസ്തമി എഴുപത്തി രണ്ടാമത്തെ വയസ്സിൽ ചെയ്ത ലൈക്ക് സം വൺ ഇൻ ലവ് (2012) എന്ന സിനിമയും നമുക്ക് മുന്നിലുണ്ട്. അതും കാൻ ചലച്ചിത്ര മേളയിൽ ആണ് ആദ്യ പ്രദർശനം.

പ്രശസ്ത സംവിധായകൻ റോമൻ പൊളാൻസ്‌കി 2013 ൽ തന്റെ എൺപതാമത്തെ വയസ്സിൽ ചെയ്ത ചിത്രമാണ് വീനസ് ഇൻ ഫർ . ചിത്രത്തിന്റെ ആദ്യ പ്രദർശനം കാൻ മേളയിൽ . പ്രശസ്ത പോളിഷ് ചലച്ചിത്രകാരൻ ആന്ദ്രേ വൈദ തന്റെ എൺപത്തി ഏഴാമത്തെ വയസ്സിൽ ചെയ്ത ചിത്രമാണ് വലേസ മാൻ ഓഫ് ഹോപ്പ് . ചിത്രം ആദ്യ പ്രദർശനം വെനീസ് ചലച്ചിത്ര മേളയിൽ . ആ വർഷത്തെ പോളണ്ടിന്റെ ഔദ്യോഗിക ഓസ്‌കാർ എൻട്രിയും ആന്ദ്രേ വൈദയുടെ ചിത്രം ആയിരുന്നു. അകിരാ കുറസോവയുടെ അവസാന ചിത്രം എൺപത്തി മൂന്നാമത്തെ വയസ്സിലായിരുന്നു 1993 ൽ പുറത്തിറങ്ങിയ മടാടയോ എന്ന ആ ചിത്രമായിരുന്നു ജപ്പാന്റെ ആ വർഷത്തെ ഓസ്‌കാർ നോമിനേഷനായുള്ള ഔദ്യോഗിക എൻട്രി. ഇനിയും ഉണ്ട് അത്തരത്തിൽ ഒട്ടേറെ മാസ്റ്റർ ഫിലിം മേക്കേഴ്‌സ് .

ലോകത്തെ പല മാസ്റ്റർ ഫിലിം മേക്കേഴ്‌സിന്റെയും എഴുപതും എൺപതും കഴിഞ്ഞ പ്രായത്തിലും അവർ ചെയ്ത സിനിമകൾ പുതു തലമുറയെ അതിശയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത സിനിമകൾ ആയിരുന്നു, ലോകത്തെ ഏറ്റവും പ്രധാന ചലച്ചിത്ര മേളകളിലും വേദികളിലും ൽ മാസ്റ്റേഴ്‌സ് എന്ന റിസർവേഷനിൽ അല്ലാതെ തന്നെ ലോകത്തെ മറ്റ് ഏതൊരു സിനിമകളോടും മത്സരിക്കാവുന്ന തരത്തിൽ കരുത്തുറ്റ സൃഷ്ടികൾ ആയിരുന്നു.

ഇതാ ഇപ്പോൾ അടൂർ എന്ന മാസ്റ്റർ ഫിലിം മേക്കറും തന്റെ എഴുപത്തി അഞ്ചാമത്തെ വയസ്സിൽ ഒരു സിനിമ ചെയ്തിരിക്കുന്നു. ലോകത്തെ പ്രശസ്തമായ ഒരു മേളകളിലേക്ക് പോലും തിരഞ്ഞെടുക്കപ്പെടാൻ പോലും യോഗ്യത ഇല്ലാതെ പോകുന്ന ഒരു സിനിമ .(ടോറോണ്ടോ മേള എന്നത് ലോകത്തെ പ്രധാന മേളകളിൽ ഒന്നല്ല . ആദ്യത്തെ 15 മേളകളുടെ ലിസ്റ്റിൽ ഇല്ലാത്ത ടോറോണ്ടോ മേളയിലാണ് പിന്നെയും പ്രദർശിപ്പിക്കാൻ മാസ്റ്റേഴ്‌സ് എന്ന സ്‌പെഷ്യൽ കാറ്റഗറിയിൽ തിരഞ്ഞെടുത്തത് ).

ഒരു ലോക മാസ്റ്റർ എന്ന് വിശേഷിപ്പിക്കുന്ന സംവിധായകന്റെ പക്കൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാനാകാത്തത്ര നിലവാരം കുറഞ്ഞ ഒരു തട്ടിക്കൂട്ട് അമച്വർ സിനിമ ആണിത് . അമിത ഭക്തിയും വിധേയത്വവും ഭയവും കൊണ്ട് ഈ സിനിമ മഹത്തരം ആണെന്ന് സമർത്ഥിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവരെ നിങ്ങൾ മലയാള സിനിമയുടെ വർത്തമാനത്തോടും ഭാവിയോടും ചെയ്യുന്ന അക്ഷന്തവ്യമായ കുറ്റ കൃത്യത്തിനാണ് കൂട്ട് നിൽക്കുന്നത് ..... , പിന്നെയും മലയാള സിനിമയെ എല്ലാ തരത്തിലും പിന്നോട്ട് മാത്രം നയിക്കുന്ന ഒരു ഉത്പന്നം ആണ് .. പിന്നെയും പിന്നെയും അത് മാത്രമാണ് .. അടൂരിനോടുള്ള ആദരവും സ്‌നേഹവും സ്വയംവരത്തിൽ തുടങ്ങി വിധേയനിൽ എത്തി നിൽക്കുന്നു . അവിടെ നിൽക്കുകയാണ് .. പിന്നെ അങ്ങോട്ട് ഒരടി പോലും മുന്നിലേക്കില്ല . പിന്നെയും പിന്നെയും പിന്നോട്ട് മാത്രമാണെന്നും
ഡോ ബിജു വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP