Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂടുതൽ ലാഭം കൊതിച്ച് മലയാള ചിത്രങ്ങളുടെ റിലീസിങ് മുടക്കി തിയേറ്ററുകൾ അടച്ചിട്ട ലിബർട്ടി ബഷീറിന്റെ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പിളർന്നു; മുത്തൂറ്റും ഇവി എം ഗ്രൂപ്പും സംഘടന വിട്ട് സമരത്തിൽനിന്ന് പിന്മാറി; ഫെഡറേഷനെ പിളർത്തി പുതിയ സംഘടന രൂപീകരിച്ച് സമരം പൊളിച്ചത് ദിലീപ്

കൂടുതൽ ലാഭം കൊതിച്ച് മലയാള ചിത്രങ്ങളുടെ റിലീസിങ് മുടക്കി തിയേറ്ററുകൾ അടച്ചിട്ട ലിബർട്ടി ബഷീറിന്റെ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പിളർന്നു; മുത്തൂറ്റും ഇവി എം ഗ്രൂപ്പും സംഘടന വിട്ട് സമരത്തിൽനിന്ന് പിന്മാറി; ഫെഡറേഷനെ പിളർത്തി പുതിയ സംഘടന രൂപീകരിച്ച് സമരം പൊളിച്ചത് ദിലീപ്

കൊച്ചി: ലിബർട്ടി ബഷീർ നേതൃത്വം നല്കുന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പൊളിഞ്ഞു. കേരളത്തിലുടനീളം തിയേറ്ററുകളുള്ള മുത്തൂറ്റ് ഗ്രൂപ്പും, ഇവി എം ഗ്രൂപ്പും സംഘടന വിട്ട് സമരത്തിൽനിന്നു പിന്മാറി. ലാഭവിഹിതം പങ്കിടുന്നതിനെച്ചൊല്ലി മലയാള ചിത്രങ്ങളുടെ റിലീസിങ് മുടക്കി ആരംഭിച്ച സമരമാണ് ഇതോടെ പൊളിഞ്ഞത്. നടൻ ദിലീപിന്റെ നേതൃത്വത്തിൽ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും പിന്തുണയോടെ പുതിയ സംഘടന രൂപീകരിക്കാൻ നടത്തിയ നീക്കമാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ പിളർപ്പിലേക്കു നയിച്ചത്.

കഴിഞ്ഞ ദിവസം സംഘടനത്തിൽ അംഗങ്ങളായ മുപ്പത് തിയേറ്ററുകൾ സമരത്തിൽ നിന്ന പിൻവാങ്ങി വിജയ് ചിത്രമായ ഭൈരവ റിലീസ് ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കൂടുതൽ തിയേറ്ററുകൾ സമരത്തിൽ നിന്ന് പിൻവാങ്ങാൻ തീരുമാനിച്ചത്. മുത്തൂറ്റ് ഗ്രൂപ്പും ഇവി എം ഗ്രൂപ്പും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ വിട്ടതോടെ സമരത്തിൽ നിന്ന് പിൻവാങ്ങുന്ന തിയേറ്ററുകളുടെ എണ്ണം അമ്പത് കഴിയും.

ഈ തിയേറ്ററുകൾ ചേർന്ന് നാളെ കൊച്ചിയിൽ യോഗം ചേർന്ന് പുതിയ സംഘടനയ്ക്ക് രൂപ നൽകും. നാളെ തന്നെ നിലവിൽ റിലീസ് മുടങ്ങിയ മലയാള ചിത്രങ്ങളും റിലീസ് തിയ്യതി പ്രഖ്യാപിക്കുകയും ചെയ്യും. മോഹൻലാൽ ചിത്രമായ മുന്തിരിവള്ളികൾ തളിക്കുമ്പോഴും സത്യൻ അന്തിക്കാടിന്റെ ദുൽഖർ ചിത്രം ജോമോന്റെ സുവിശേഷങ്ങളും ജനുവരി ഇരുപതിന് റിലീസ് ചെയ്യാനാണ് നിലവിൽ ധാരണയായിരിക്കുന്നത്. സിദ്ദിഖിന്റെ ജയസൂര്യ ചിത്രം ഫുക്രിയും പൃഥ്വിരാജിന്റെ എസ്രയുമാണ് റിലീസ് മുടങ്ങി പെട്ടിയിൽ കിടക്കുന്നത്.

നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും പിന്തുണയോടെ നടൻ ദിലീപിന്റെ നേതൃത്വത്തിലാണ് തിയേറ്റർ ഉടമകളുടെ പുതിയ സംഘടന ജന്മമെടുക്കുന്നത്. ബി, സി ക്ലാസ് തിയേറ്റർ ഉടമകളുടെ സംഘടനയായ സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ, മൾട്ടിപ്ലക്സുകളുടെ ഉടമകൾ എന്നിവരുടെ പിന്തുണയും ഈ സംഘടനയ്ക്ക് ഉണ്ട്.

ദിലീപാണ് സിനി എക്സിബിറ്റേഴ്സ് ഫെഡറേഷനെ പിളർത്താൻ ശ്രമിക്കുന്നതെന്ന് സംഘടനാ നേതാവ് ലിബർട്ടി ബഷീർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഈ ഭീഷണി വകവയ്ക്കാതെയാണ് തിയേറ്റർ ഉടമയും വിതരണക്കാരനും കൂടിയായ ദിലീപ് പുതിയ സംഘടനയുമായി മുന്നോട്ടുപോകുന്നത്.

തുടക്കത്തിലെ മൗനം വെടിഞ്ഞ് സംവിധായകരും നടന്മാരുമെല്ലാം സിനിമാ സമരത്തെിനെതിരെ പരസ്യ നിലപാട് കൈക്കൊണ്ട് രംഗത്ത് വന്നുതുടങ്ങിയിട്ടുണ്ട്. തിയേറ്റർ ഉടമകൾ ഉന്നയിക്കുന്ന ആവശ്യം ഒരു തരം ഗുണ്ടാപ്പിരിവാണെന്നും ഇരിക്കുന്ന കൊമ്പ് മുറിച്ചുകൊണ്ടുള്ള ഇവരുടെ ഭീഷണി വിലപ്പോവില്ലെന്നും സംവിധായകൻ സത്യൻ അന്തിക്കാട് അഭിപ്രായപ്പെട്ടിരുന്നു. സമരത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി കഴിഞ്ഞ ദിവസം നടനും നിർമ്മാതാവുമായ പൃഥ്വിരാജും രംഗത്തുവന്നു. സിനിമാ വ്യവസായത്തിന്റെ എഴുപത്തിയഞ്ച് കോടിയിൽപ്പരം രൂപ മുടക്കുമുതലിന് തടയിട്ടുകൊണ്ട് ഇത്തരമൊരു സമരം എന്തിനായിരുന്നുവെന്നാണ് പൃഥ്വിരാജ് ചോദിച്ചത്. ഈ വിഷയത്തിൽ താൻ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും പക്ഷത്താണെന്നും പൃഥ്വി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. സിനിമാ സമരത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് മുൻ സിനിമാമന്ത്രി കൂടിയായ നടൻ ഗണേശ് കുമാർ പറഞ്ഞത്.

തിയേറ്റർ വിഹിതം 50:50 എന്ന അനുപാതത്തിൽ പങ്കുവയ്ക്കണമെന്ന ആവശ്യവുമായാണ് തിയേറ്റർ ഉടമകൾ സിനിമകൾ മുടക്കി സമരം നടത്തുന്നത്. എന്നാൽ, നിലവിലെ 40:60 എന്ന അനുപാതത്തിൽ യാതൊരു മാറ്റവും അനുവദിക്കില്ലെന്ന കർശന നിലപാടിലായിരുന്നു നിർമ്മാതാക്കൾ. സർക്കാർ ഇടപെട്ട് മാദ്ധ്യസ്ഥ ചർച്ചകൾ നടത്തിയിരുന്നെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. ക്രിസ്മസിന് കാട് പൂക്കുന്ന നേരം ഒഴികെയുള്ള ഒരൊറ്റ മലയാള ചിത്രവും തിയേറ്ററിൽ എത്തിയില്ല. അതേസമയം മറുനാടൻ ചിത്രങ്ങളായ ദംഗലും ഭൈരവയും ഇറങ്ങുകയും പണം വാരുകയും ചെയ്തു. ഇതേത്തുടർന്നാണ് എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളർത്തി സമരം പൊളിക്കാനുള്ള നീക്കം നിർമ്മാതാക്കളും വിതരണക്കാരും അഭിനേതാക്കളും ചേർന്ന് നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP