Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുരസ്‌ക്കാര ശോഭയിലും കടിച്ചാൽ പൊട്ടാത്ത ഡയലോഗുകളില്ല; അവാർഡ് ജേതാവിന്റെ തലക്കനമെന്ന് ആർക്കെങ്കിലും തോന്നിയാൽ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ പരാജയമെന്ന് പറഞ്ഞ സാധാരണക്കാരൻ; അഭിനന്ദിക്കാൻ എത്തിയവരെ നിറഞ്ഞ ചിരിയോടെ സ്വീകരിച്ച് മധുരം വിളമ്പി ഇന്ദ്രൻസ്; കോമഡി വേഷങ്ങളാണ് ഇഷ്ടമെന്ന് പറഞ്ഞ് ഭാര്യയും മക്കളും; നിരവധി തവണ കയ്യിൽ നിന്നും വഴുതിപ്പോയ മികച്ച നടനുള്ള പുരസ്‌ക്കാരം എത്തിയപ്പോൾ കുമാരപുരത്തെ കളിവീട് ചിരിവീടായത് ഇങ്ങനെ

പുരസ്‌ക്കാര ശോഭയിലും കടിച്ചാൽ പൊട്ടാത്ത ഡയലോഗുകളില്ല; അവാർഡ് ജേതാവിന്റെ തലക്കനമെന്ന് ആർക്കെങ്കിലും തോന്നിയാൽ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ പരാജയമെന്ന് പറഞ്ഞ സാധാരണക്കാരൻ; അഭിനന്ദിക്കാൻ എത്തിയവരെ നിറഞ്ഞ ചിരിയോടെ സ്വീകരിച്ച് മധുരം വിളമ്പി ഇന്ദ്രൻസ്; കോമഡി വേഷങ്ങളാണ് ഇഷ്ടമെന്ന് പറഞ്ഞ് ഭാര്യയും മക്കളും; നിരവധി തവണ കയ്യിൽ നിന്നും വഴുതിപ്പോയ മികച്ച നടനുള്ള പുരസ്‌ക്കാരം എത്തിയപ്പോൾ കുമാരപുരത്തെ കളിവീട് ചിരിവീടായത് ഇങ്ങനെ

അരുൺ ജയകുമാർ

തിരുവനന്തപുരം: മലയാളികളെ കുടുകുടാ ചിരിപ്പിച്ചിരുന്ന ഇന്ദ്രൻസിന് സംസ്ഥാനത്തെ മികച്ച നടനുള്ള അവാർഡ് ലഭിച്ചപ്പോൾ അത് തിരുവനന്തപുരത്തെ കുമാരപുരത്തെ കളിവീട് എന്ന അദ്ദേഹത്തിന്റെ വീട്ടിലും അക്ഷരാർഥത്തിൽ സന്തോഷത്തിന്റെ അമിട്ട് പൊട്ടിക്കലായിരുന്നു. ഒരു അവാർഡ് ജേതാവിന്റെ ക്ലീഷേ ഡയലോഗുകൾക്ക് പകരം ഒരു സാധാരണക്കാന്റെ എളിമയോടെയാണ് ഇന്ദ്രൻസ് തന്നെ അഭിനന്ദിക്കാനെത്തിയവരെ സ്വീകരിച്ചത്. അവാർഡ് ലഭിച്ചത്കൊണ്ട് ഇനി കൂടുതൽ സാധാരണക്കാരനായി ജീവിക്കാനാണ് തീരുമാനം. അവാർഡ് ജേതാവിന്റെ തലക്കനമെന്ന് എന്നെ അറിയുന്ന ആർക്കെങ്കിലും തോന്നിയാൽ അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയം ഇന്ദ്രൻസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

അവാർഡ് ലഭിച്ചുവെന്ന് അറിഞ്ഞപ്പോൾ സത്യം പറഞ്ഞാൽ ഒരു മിനിറ്റ് ബ്ലാങ്ക് ആയിപ്പോയി. സത്യമാണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഈ സിനിമയിലൂടെ നേടിയ അംഗീകാരം ഇതിന്റെ അണിയറ പ്രവർത്തകർക്ക് തന്നെയാണ് സമർപ്പിക്കുന്നത്. എന്നേക്കാൾ അത് ചേരുക അവർക്കാണ്. പിന്നെ സത്യമായിട്ടും ഈ അവാർഡ് കിട്ടുമെന്ന് ഇന്നലെ വരെ ചിന്തിച്ചിരുന്നില്ല. എന്നാൽ ഇന്നലെ വൈകുന്നേരം മുതൽ മാധ്യമ പ്രവർത്തകരായ ചില സുഹൃത്തുക്കളും ഒക്കെ ഫോണിൽ വിളിക്കുകയും നാളെ എവിടെ കാണും എന്നൊക്കെ ചോദിച്ചപ്പോൾ ചെറിയ സംശയം തോന്നിയിരുന്നു. എന്നാൽ അപ്പോഴും ഉറപ്പില്ലായിരുന്നു. ഇത്രയുമായപ്പോൾ തന്നെ ഭാര്യയും മക്കളും ചേർന്ന് മധുരമൊക്കെ വാങ്ങാൻ തുടങ്ങി. അപ്പോഴും ഞാൻ പറഞ്ഞത് വേണ്ട വെറുതെ ഓരോന്ന് ആഗ്രഹിക്കേണ്ട എന്നായിരുന്നു.

ഒരു കുട്ടിക്ക് ആഗ്രഹിച്ച കളിപ്പാട്ടം കിട്ടിയ സന്തോഷമായിരുന്നു ഇന്ദ്രൻസിന്റെ മുഖത്ത്. ഒട്ടും മടുപ്പ് തോന്നാതെ തന്നെ കാണാൻ വന്ന പരിചയക്കാരോടും അപരിചിതരോടും ഒക്കെ ചിരിച്ചും കൈ കൂപ്പിയുമാണ് മലയാളത്തിലെ ഏറ്റവും മികച്ച നടൻ സ്വീകരിച്ചത്. പിന്നെ ഭാര്യ വാങ്ങി സൂക്ഷിച്ചിരുന്ന മധുരം ഓരോർത്തർക്കും വിതരണം ചെയ്തു. ഓരോ ചാനലുകാരോടും തന്റെ സന്തോഷം പങ്ക് വയ്ക്കുമ്പോഴും വീട്ടിലേക്ക് എത്തുന്നവരെ ചിരിച്ച മുഖത്തോടെ സ്വീകരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. എല്ലാ ബന്ധുക്കളേയും സുഹൃത്തുക്കളേയും പേരെടുത്തും അണ്ണാ എന്ന് വിളിച്ചുമാണ് സന്തോഷം പ്രകടിപ്പിച്ചത്.

അവാർഡ് ലഭിച്ചുവെന്ന് കരുതി ഇനി ആരും ചെറിയ വേഷങ്ങൾക്ക് വിളിക്കാതിരിക്കുമോ എന്ന ഭയമൊന്നുമില്ല, എന്നാൽ ഏത് വേഷം കിട്ടിയാലും ഇനിയും പോകും. ഒരു തുടക്കക്കാരനായി ഇപ്പോഴത്തെപ്പോലെ തുടരാനാണ് തീരുമാനമെന്നും ഇന്ദ്രൻസ് പറയുന്നു. കോമഡി വേഷങ്ങളാണ് ഭാര്യക്ക് കൂടുതലിഷ്ടം പല കോമഡികളും വീട്ടിൽ നിന്നാണല്ലോ തുടക്കം, ഭർത്താവിന് അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്. ഇത്തവണ കിട്ടുമെന്ന് ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. ഇന്ദ്രൻ ചേട്ടന്റെ കോമഡി വേഷമാണ് കൂടുതലിഷ്ടമെന്ന് ഭാര്യ പറയുന്നു. മകന് അവാർഡ് ലഭിച്ചതിൽ അമ്മയ്ക്കും അതിയായ സന്തോഷം.

അഭിനന്ദന പ്രവാഹം തുടരുന്നതിനിടയിലാണ് ആളഒരുക്കത്തിന്റെ സംവിധായകൻ അഭിലാഷ് സംസ്ഥാനത്തെ മികച്ച നടനെ നേരിട്ട് അഭിനന്ദിക്കാൻ വീട്ടിലെത്തിയത്. കെട്ടിപിടിച്ചായിരുന്നു അഭിനന്ദനം. എന്റെ സിനിമയിലൂടെ ഇന്ദ്രൻ ചേട്ടന് ഇത്രയും വലിയ അവാർഡ് കിട്ടിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് സംവിധായകൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ചിത്രത്തിൽ മറ്റാരെയും കിട്ടാത്തതുകൊണ്ടല്ല ഇന്ദ്രൻസ് ചേട്ടനെ പപ്പു പിഷാറടിയുടെ വേഷത്തിലേക്ക് തെരഞ്ഞെടുത്തത്. വേഷത്തിന്റെ കാര്യം ആദ്യം പറയാൻ വന്നപ്പോൾ കപ്പ നൽകിയാണ് വിട്ടത് ഇന്ന് ഇപ്പോൾ ഈ വിജയത്തിന്റെ മധുരം കഴിക്കുമ്പോൾ മനസ്സ് നിറഞ്ഞ സന്തോഷമുണ്ടെന്നും അഭിലാഷ് പറഞ്ഞു. ചിത്രത്തിന്റെ ആദ്യ ഷോട്ട് കഴിഞ്ഞപ്പോൾ തന്നെ വലിയ അവാർഡ് ലഭിക്കുമെന്ന് മനസ്സ് പറഞ്ഞിരുന്നു.

ആളൊരുക്കമെന്ന ചിത്രത്തിലൂടെ പപ്പുവാശാൻ എന്ന ഓട്ടൻതുള്ളൽ കഥാപാത്രത്തെ ഭദ്രമായി അവതരിപ്പിച്ച് മലയാളത്തിന്റെ പ്രിയപ്പെട്ട ഇന്ദ്രൻസിനെ തേടി മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം തേടിയെത്തുമ്പോൾ ഏറെ വൈകി ആ കലാകാരന് ലഭിക്കുന്ന അർഹിക്കുന്ന അംഗീകാരമായി അത് മാറുന്നു. താര രാജാക്കന്മാർ മാറിമാറി മികച്ച നടന്റെ പുരസ്‌കാരം പങ്കിട്ട കാലത്തിൽ നിന്ന് മാറി മലയാള സിനിമയിലെ സഹതാരങ്ങളും കോമഡി കഥാപാത്രങ്ങളായി ഒതുക്കിയവരും അഭിനയ പ്രതിഭയ്ക്കുള്ള അംഗീകാരം നേടുന്നതിന്റെ തുടർച്ചയായാണ് ഇന്ദ്രൻസിന് ഇത്തരമൊരു പുരസ്‌കാരം ലഭിക്കുന്നത്.

വസ്ത്രാലങ്കാര രംഗത്ത് മികവുകാട്ടി സിനിമാലോകത്ത് എത്തിയ ഇന്ദ്രൻസ് പിന്നീട് നിരവധി ചിത്രങ്ങളിൽ കോമഡി കഥാപാത്രം ചെയ്‌തെങ്കിലും ക്യാരക്ടർ വേഷങ്ങളിൽ പരിഗണിക്കപ്പെട്ടത് അപൂർവമായി മാത്രം. ഇത്തരത്തിൽ കോമഡി വേഷങ്ങളിൽ തിളങ്ങിയ സലീംകുമാർ ആദാമിന്റെ മകൻ അബുവിലൂടെ ദേശീയ അവാർഡ് നേടിയതും സമാന രീതിയിൽ സുരാജ് വെഞ്ഞാറമ്മൂട് പേരറിയാത്തവർ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരത്തിന്റെ അംഗീകാരം നേടിയതുമെല്ലാം അടുത്തകാലത്തായി വലിയ ചർച്ചയായിരുന്നു. ഇന്ദ്രൻസ് എന്ന കലാകാരനിൽ നല്ലൊരു നടനുണ്ടെന്ന കാര്യം പലപ്പോഴും ചർച്ചയായെങ്കിലും ഇതുവരെ അത്തരമൊരു വേഷം ഇന്ദ്രൻസിനെ തേടി എത്തിയിരുന്നില്ല. എന്നാൽ ഒടുവിൽ പപ്പുവാശാൻ എന്ന ഓട്ടൻതുള്ളൽ കലാകാരനെ വെള്ളിത്തിരയിൽ പകർന്നാടി ആ നടൻ ഒടുവിൽ സംസ്ഥാനത്തെ മികച്ച നടന്റെ പുരസകാരം നേടുന്നു. കഴിഞ്ഞ വർഷം വിനായകൻ മികച്ച നടന്റെ പുരസ്‌കാരം സ്വന്തമാക്കിയതിന് സമാനമായ രീതിയിലാണ് ഇന്ദ്രൻസിനെ തേടി ഇക്കുറി പുര്‌സ്‌കാരം എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP