Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

32 വർഷം മുമ്പു മുമ്പു പടിയിറങ്ങിയ വീട്ടിലേക്കും ഓർമകളിലേക്കും നടന്നു കയറി മലയാളത്തിന്റെ മഹാനടൻ; ഗൃഹാതുരതയുടെ ഇറയത്ത് അൽപ സമയം ബന്ധുക്കൾക്കൊപ്പമിരുന്ന ശേഷം മടക്കം; അമ്മവീട്ടിലെ മോഹൻലാലിന്റെ രഹസ്യ സന്ദർശനം പരസ്യമാക്കിയത് ബി. ഉണ്ണിക്കൃഷ്ണൻ

32 വർഷം മുമ്പു മുമ്പു പടിയിറങ്ങിയ വീട്ടിലേക്കും ഓർമകളിലേക്കും നടന്നു കയറി മലയാളത്തിന്റെ മഹാനടൻ; ഗൃഹാതുരതയുടെ ഇറയത്ത് അൽപ സമയം ബന്ധുക്കൾക്കൊപ്പമിരുന്ന ശേഷം മടക്കം; അമ്മവീട്ടിലെ മോഹൻലാലിന്റെ രഹസ്യ സന്ദർശനം പരസ്യമാക്കിയത് ബി. ഉണ്ണിക്കൃഷ്ണൻ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: 32 വർഷം മുൻപ് പടിയിറങ്ങിപ്പോയ ആ വീട്ടിലേക്കും അതിന്റെ ഓർമകളിലേക്കും മലയാളത്തിന്റെ മഹാനടൻ ഒരിക്കൽ കൂടി തിരികെയെത്തി. മണ്ണപ്പം ചുട്ടുകളിച്ച മാവിൻ ചുവടും, ചില്ലാട്ടം ആടിയ ഊഞ്ഞാൽ കെട്ടിയ വലിയ മാവും തൊടിയിലും പറമ്പിലും പൂത്തു നിന്ന് പേരറിയാത്ത മരങ്ങളും ഒരിക്കൽ കൂടി ആ മനുഷ്യനെ നോക്കി ചിരിച്ചു. അവർക്കറിയില്ലല്ലോ തങ്ങളുടെ തണലിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് കൊച്ചു ലാലു നടന്നു കയറിയ വിവരം.

ഇലന്തൂരിലെ അമ്മയുടെ വീടായ പുന്നയ്ക്കൽ തറവാട്ടിലേക്കാണ് കഴിഞ്ഞ ദിവസം മോഹൻലാൽ എത്തിയത്. ലാലിന്റെ അച്ഛന്റെയും അമ്മയുടെയും വീട് അടുത്തടുത്താണ്. നടന്നു ചെല്ലാവുന്ന ദൂരം. 32 വർഷം മുൻപ് തിരുവനന്തപുരത്തേക്ക് ചേക്കേറിയ ശേഷം ഒരിക്കൽ പോലും ഇവിടേക്ക് തിരിച്ചു വരാൻ ലാലിന് കഴിഞ്ഞിരുന്നില്ല. ലാലിന്റെ അമ്മയുടെ അമ്മാവൻ പ്രഫ. പി.എസ്. ഭാസ്‌കര പിള്ളയും കുടുംബവുമാണ് ഇവിടെ താമസം. ഇദ്ദേഹത്തിന്റെ മകനാണ് സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ. തന്റെ പുതിയ ചിത്രമായ വില്ലന്റെ ചിത്രീകരണത്തിനിടയിലെ ഇടവേളയിലാണ് ബി. ഉണ്ണികൃഷ്ണനോടൊപ്പം ഇവിടേക്ക് എത്തിയത്.

അടുത്ത ബന്ധുക്കളെ മാത്രം അറിയിച്ച ശേഷമായിരുന്നു സന്ദർശനം. അതിരാവിലെ ഇലന്തൂരിലെത്തിയ മോഹൻലാൽ ഒരു മണിക്കൂറോളം ഇവിടെ ചെലവഴിച്ചു. അടുത്ത ചില ബന്ധുക്കളുടെ വീടുകളിലും സന്ദർശനം നടത്തിയ ശേഷമാണ് മടങ്ങിയത്. ബി. ഉണ്ണിക്കൃഷ്ണൻ തന്റെ ഫേസ്‌ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് മോഹൻലാലിന്റെ രഹസ്യ സന്ദർശനം പരസ്യമായത്. പുന്നയ്ക്കൽ തറവാട്ടിലാണ് ബാല്യകാലത്ത് മോഹൻലാൽ കളിച്ചു വളർന്നത്.

അച്ഛൻ വിശ്വനാഥൻ നായർ ജോലി സൗകര്യാർഥം തിരുവനന്തപുരത്ത് മുടവന്മുകളിലേക്ക് താമസം ആക്കിയതോടെയാണ് മോഹൻലാലിന്റെ സന്ദർശനം നിലച്ചത്. തുടർന്ന് സിനിമയിലെ തിരക്കുകൾ കൂടി ആയതോടെ ഇലന്തൂരിലേക്കുള്ള സന്ദർശനം അനിശ്ചിതമായി നീണ്ടു. ഇവിടെയുള്ള കൂട്ടുകാർ, യാത്രകൾ, ക്ഷേത്രങ്ങൾ തുടങ്ങിയതൊക്കെ മോഹൻലാലിന് പ്രിയങ്കരമായിരുന്നെന്നും ബന്ധുക്കൾ ഓർക്കുന്നു.

'32 വർഷങ്ങൾക്കു ശേഷം കുടുംബവീടായ, ഇലന്തൂർ പുന്നയ്ക്കലിലേക്ക് ഒരു തിരിച്ചുപോക്ക്. ഗൃഹാതുരതയുടെ ഇറയത്ത്, ബന്ധുക്കൾക്കൊപ്പമിരിക്കുമ്പോൾ കാലം പിന്നോട്ടോടും പോലെ' - ഇലന്തൂരിലെ കുടുംബ വീട്ടിലേക്കുള്ള വരവ് അറിയിച്ച് മോഹൻലാൽ തന്റെ ഫേസ്‌ബുക്കിൽ അടുത്ത ബന്ധുക്കൾക്കും സംവിധായകൻ ബി. ഉണ്ണികൃഷ്ണനും ഒപ്പമുള്ള ചിത്രവും ഇട്ടുകൊണ്ട് ഇങ്ങനെ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP