Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹിന്ദുമതം എന്നൊന്നില്ല; ഉള്ളതു ഹിന്ദു മിഥോളജിയാണ്; ശ്രീകൃഷ്ണൻ ദൈവമല്ല, ഒരു നാട്ടുരാജാവു മാത്രം; മഹാഭാരതം ഇന്ത്യയിൽ ജനിക്കുന്ന എല്ലാവരുടേതുമാണ്: സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാനും നടനുമായ പി ശ്രീകുമാറിനു പറയാനുള്ളത്

ഹിന്ദുമതം എന്നൊന്നില്ല; ഉള്ളതു ഹിന്ദു മിഥോളജിയാണ്; ശ്രീകൃഷ്ണൻ ദൈവമല്ല, ഒരു നാട്ടുരാജാവു മാത്രം; മഹാഭാരതം ഇന്ത്യയിൽ ജനിക്കുന്ന എല്ലാവരുടേതുമാണ്: സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാനും നടനുമായ പി ശ്രീകുമാറിനു പറയാനുള്ളത്

തിരുവനന്തപുരം: ഹിന്ദുമതം എന്നൊരുമതമില്ലെന്നു നടനും സംവിധായകനുമായ പി ശ്രീകുമാർ. ഹിന്ദു മിഥോളജിയാണുള്ളത്. ശ്രീകൃഷ്ണൻ ദൈവമല്ല, വെറുമൊരു നാട്ടുരാജാവു മാത്രമെന്നും പി ശ്രീകുമാർ പറഞ്ഞു. സിനിമാമംഗളത്തിന്റെ എഡിറ്റർ പല്ലിശേരിയുമായി നടത്തിയ സംഭാഷണത്തിലൂടെയാണ് ശ്രീകുമാറിന്റെ അഭിപ്രായങ്ങൾ പുറത്തുവന്നത്.

മഹാഭാരതം ഇന്ത്യയിൽ ജനിക്കുന്ന എല്ലാവരുടേതുമാണെന്നും സാംസ്‌കാരി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂടിയായ ശ്രീകുമാർ വ്യക്തമാക്കുന്നു. 'ഞാൻ മഹാഭാരതം നന്നായി പഠിച്ചിട്ടുണ്ട്. അതുകൊണ്ട് പ്രഭാഷണകല എന്ന നിലയിൽ മഹാഭാരത പ്രഭാഷണങ്ങൾക്കു പോകാറുമുണ്ട്. അവിടെ പറയുന്നത് മഹാഭാരതം ഒരു മിഥോളജിയല്ല, ഹിന്ദുവിന്റേതല്ല എന്നാണ്'-ശ്രീകുമാർ പറയുന്നു.

ഹിന്ദു മതം എന്നൊന്നില്ല. ഹിന്ദു ഫിലോസഫിയാണുള്ളത്. ഞാൻ ഉറക്കെ പ്രഖ്യാപിക്കുകയാണ്. മനുഷ്യനെ മലിനപ്പെടുത്തുന്ന, ഇന്നു നമ്മൾ കൊട്ടിഘോഷിക്കപ്പെടുന്ന പ്രവണതകളൊന്നും മഹാഭാരതത്തിൽ ഇല്ല. മഹാഭാരതം ഒരു പ്രത്യേക വർഗത്തിന്റേതല്ല, ഇന്ത്യയിൽ ജനിക്കുന്ന എല്ലാവരുടെയും ആധികാരികമായ ഗ്രന്ഥമാണ്. ശ്രീകൃഷ്ണൻ ദൈവമല്ല. അദ്ദേഹം ഒരു നാട്ടുരാജാവാണ്. നാലു രാജാക്കന്മാർ കൂടുന്നിടത്ത് ഒരു പ്രശ്നമുണ്ടായാൽ മറ്റു മൂന്നുപേരെയും പറഞ്ഞുനിർത്താൻ സാധ്യതയുള്ള കരുത്തും ശേഷിയുമുള്ള ഒരു അണ്ണൻ രാജാവ്. യാദവ കുലത്തിലെ രാജാവാണ് ശ്രീകൃഷ്ണൻ. അല്ലാതെ ശ്രീകൃഷ്ണൻ ദിവ്യശക്തിയുള്ള, മാസ്മരികത കാണിച്ചു നടക്കുന്ന ദൈവവുമല്ലെന്നും അഭിമുഖത്തിൽ ശ്രീകുമാർ വ്യക്തമാക്കുന്നു.

ഷാജി എൻ കരുണിന്റെ എ കെ ജി സിനിമയിൽ ടൈറ്റിൽ റോളിൽ അഭിനയിച്ചതോടെയാണ് ശ്രീകുമാർ നടന്നെനന്ന നിലയിൽ അറിയപ്പെട്ടു തുടങ്ങിയത്. മമ്മൂട്ടിയെയും ശോഭനയെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിഷ്ണു എന്ന സിനിമ സംവിധാനം ചെയ്തതും പി ശ്രീകുമാറാണ്. യൂണിയൻ നേതാവ്, എഴുത്തുകാരൻ, സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ ശ്രീകുമാർ. ഇപ്പോൾ കേരള സംസ്ഥാന സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാനാണ്. കഴിഞ്ഞ 50 വർഷമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹയാത്രികനാണിദ്ദേഹം.

സൺഡേ മംഗളം പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ:

  • ? ശ്രീകുമാറിനോട് പലപ്പോഴും ചോദിക്കാൻ ആഗ്രഹിച്ച ഒരു ചോദ്യം ഇപ്പോൾ ചോദിക്കുന്നു. താങ്കളുടെ പല്ല് ആരാണ് അടിച്ചുതകർത്തത്...

വിമോചന സമരം നടന്ന കാലഘട്ടത്തിൽ ഞാൻ എസ്.എസ്.എൽ.സി.ക്ക് പഠിക്കുകയായിരുന്നു. അന്ന് ഞാൻ എസ്.എഫ്. പ്രവർത്തകനായിരുന്നു. അന്നത്തെ കല്ലേറിലാണ് എന്റെ പല്ല് നഷ്ടപ്പെട്ടത്. അന്നു തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനമാണ്.

  • ? സമരത്തിനു മുന്നിൽ. കല്ലേറിലാണ് സ്പെഷലൈസ് ചെയ്തിരിക്കുന്നത് അല്ലെ...

(ചിരിക്കുന്ന ശ്രീകുമാർ) അന്നത്തെ ആയുധം കല്ലുകളാണ്. ഒന്നും മനഃപൂർവ്വം ചെയ്തതല്ല. സാഹചര്യമനുസരിച്ച് സംഭവിച്ചതാണ്.

  • ? ഓർമ്മയിൽ ഇപ്പോഴും നിൽക്കുന്ന കല്ലേറ്.

ന്യാകുമാരി ജില്ല തമിഴ്‌നാടിന് വിഭജിച്ചു കൊടുക്കുന്നതിൽ പ്രതിഷേധിച്ചു നടത്തിയ സമരത്തിൽ ബസുകൾ കല്ലെറിയാൻ മുന്നിൽ നിന്നത് ഞാനാണ്. എത്ര ബസുകൾ തകർത്തെന്ന് എനിക്കറിഞ്ഞുകൂടാ. ആ ഒരു കല്ലേറാണ് ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്നത്. അതിനുശേഷം രാഷ്ട്രീയത്തിൽ സജീവമായിരുന്നു. പിന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി എന്നെ കൂടുതൽ അടുപ്പിച്ചത് എംപി. പത്മനാഭൻ എന്ന നേതാവാണ്. അദ്ദേഹത്തിന്റെ അമ്മാവനാണ് സഖാവ് അനിരുദ്ധൻ. അദ്ദേഹം ഈ അടുത്തകാലത്ത് അന്തരിച്ചു. ഇവർ രണ്ടുപേരുടെയും രാഷ്ട്രീയ പ്രവർത്തനത്തിൽ ആകൃഷ്ടനായിട്ടാണ് ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായി മാറിയത്. ഇന്നും ഞാൻ പാർട്ടി അനുഭാവിയാണ്.

  • ? കമ്മ്യൂണിസ്റ്റ് പാർട്ടിക്കു വേണ്ടി താങ്കൾ എന്തു ചെയ്തു...

ട്രാൻസ്പോർട്ടിൽ ജോലിയിൽ വന്നപ്പോൾ അവിടത്തെ സിഐടി.യു. യൂണിയന്റെ നേതൃസ്ഥാനങ്ങളിൽ പ്രവർത്തിച്ചു. സജീവ പ്രവർത്തകനായി. അന്ന് ഞങ്ങൾ നാലായിരം പേരെ ഉണ്ടായിരുന്നുള്ളൂ. അന്ന് വിശ്വനാഥ മേനോന്റെയും നാടകകൃത്തു കൂടിയായ എൻ.ബി. ത്രിവിക്രമൻ പിള്ളയുടെയും നേതൃത്വത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം സജീവമായി പ്രവർത്തിച്ച് പതിനാലായിരം മെമ്പർമാരെ ഉണ്ടാക്കി റഫറണ്ടത്തിൽ ഞങ്ങൾ ഒന്നാംസ്ഥാനത്തു വന്നു. എന്റെ അനുജൻ ദിലീപ് നക്സലൈറ്റ് നേതാവായിരുന്നു. അങ്ങനെയുള്ള ഒരു വീട്ടിൽനിന്നാണ് ഞാൻ വന്നത്. എന്നാൽ എന്റെ വീട്ടിലെ ഭൂരിഭാഗം പേരും കോൺഗ്രസുകാരാണ്. എന്റെ വീട്ടിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരൻ എന്ന് പറയുന്നത് എന്റെ അനുജൻ ദിലീപാണ്.

  • ? ഒരു വലിയ പ്രോജക്ടായ 'കർണ്ണന്റെ' വർക്കിലാണെന്നറിഞ്ഞു. അതിന്റെ തിരക്കഥ ശ്രീകുമാറിന്റേതാണ്. കർണ്ണന്റെ തുടക്കവും മറ്റും എങ്ങനെയാണ്. എന്നു പറഞ്ഞാൽ, ഈ പ്രോജക്ടിലേക്കു വന്നത് എങ്ങനെയാണെന്ന്.

ദുബായിൽ നിന്ന് എന്റെ ഒരു ഫ്രണ്ട്, അവർ നാലുപേർ ചേർന്ന് ഒരു സിനിമ എടുക്കാൻ തീരുമാനിച്ചു. ഞാനവരോട് കർണ്ണനെക്കുറിച്ചുള്ള കഥ പറഞ്ഞു. അപ്പോൾ അവർ തിരക്കഥ എം ടി. വാസുദേവൻ നായരെക്കൊണ്ട് എഴുതിക്കാമെന്നു പറഞ്ഞു. ഞാൻ എം ടി.യെ കണ്ടു. അദ്ദേഹം സമ്മതിച്ചു. അഡ്വാൻസ് കൊടുത്തു. കർണ്ണൻ എഴുതാനുള്ള തയ്യാറെടുപ്പിൽ അദ്ദേഹത്തിന് ഡയബെറ്റീസിന്റെ അസുഖമുണ്ടായിരുന്നു. അന്ന് കുഴിത്തുറയിൽ ഡോ. കുറുപ്പ് ഡയബറ്റീസിനു വേണ്ടി സ്പെഷലൈസ് ചെയ്ത ഡോക്ടറാണ്. ഞാൻ ഡോ. കുറുപ്പിനെ കണ്ട് എം ടി.യുടെ കാര്യം പറഞ്ഞു. അദ്ദേഹത്തെ രണ്ടാഴ്ചത്തേക്ക് കൊണ്ടുവരാൻ കുറുപ്പ് ഡോക്ടർ സൂചിപ്പിച്ചു. എം ടി. വാസുദേവൻ നായർ ചികിത്സയ്ക്കു ചെല്ലുന്നതറിഞ്ഞപ്പോൾ രണ്ടു മുറികൾ ഇടിച്ചുനിരത്തി വലിയ മുറിയാക്കി മാറ്റി അദ്ദേഹത്തിന് പ്രത്യേക സംവിധാനങ്ങൾ ഒരുക്കി മുറിയുടെ മുന്നിൽ എം ടി. വാസുദേവൻ നായരുടെ പേര് എഴുതിവയ്ക്കുകയും ചെയ്തു. രണ്ടാഴ്ച എം ടി.യെ അവിടെ കിടത്തി ചികിത്സിച്ചു. അവിടെവച്ച് ഡിസ്‌കഷൻ തുടങ്ങാമെന്നും അതിനുശേഷം എഴുത്തിലേക്കു കടക്കാമെന്നും എം ടി. പറയുകയുണ്ടായി. അതനുസരിച്ച് ഞാനും തൊട്ടടുത്ത മുറിയിൽ താമസിച്ചു. രാവിലെ ഞങ്ങൾ നടക്കാൻ പോകും. നടക്കുന്നതിനിടയിലാണ് സിനിമയെക്കുറിച്ചുള്ള ചർച്ച. ഇതൊക്കെ 1994-ലാണെന്നോർക്കണം. 'കർണ്ണൻ' സിനിമയുടെ ചിത്രീകരണം എത്രയുംപെട്ടെന്ന് തുടങ്ങുന്നതിനുള്ള പരിപാടികൾ ഇത്തിരി വേഗത്തിലാക്കി. ഈ സിനിമയുടെ വിതരണത്തിനു വേണ്ടി എം ടി.യുമായി അടുപ്പമുള്ള ഒരു നിർമ്മാതാവ് വന്നു. എന്നാൽ അയാൾക്ക് സിനിമ കൊടുക്കാൻ എന്റെ നിർമ്മാതാക്കൾക്കു താല്പര്യമില്ലായിരുന്നു. കാരണം 'വൈശാലി' ഉണ്ടാക്കിയപ്പോൾ അതിന്റെ പ്ര?ഡ്യൂസർക്കുണ്ടായ അനുഭവം. ആ അനുഭവത്തിൽനിന്നും ഇവർ കൊടുക്കാൻ തയാറായില്ല. അതിന്റെ ഫലമായി, അദ്ദേഹത്തിന്റെ സ്വാധീനത്താലായിരിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്, എം ടി. കർണ്ണൻ പ്രോജക്ടിൽനിന്നും പിന്മാറി അഡ്വാൻസ് തിരിച്ചുതന്നു. എന്നിട്ടു പറഞ്ഞു. ശ്രീകുമാറിന് തിരക്കഥ ഭംഗിയായി എഴുതാൻ കഴിയുമെന്ന് എനിക്കു തോന്നുന്നു. അതുകൊണ്ട് ഞാൻ കുറെ ബുക്കുകളുടെ ലിസ്റ്റ് തരാം. അതത്രയും വായിക്കുകയും ഇന്ത്യയിലെ കുറച്ച് എഴുത്തുകാരെ കണ്ട് സംസാരിക്കുകയുമൊക്കെ ചെയ്യുകയാണെങ്കിൽ ശ്രീകുമാറിന് ഈ സിനിമ ഭംഗിയായി ചെയ്യാൻ കഴിയുമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ എം ടി. പറഞ്ഞ പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും ലിസ്റ്റ് എഴുതി വാങ്ങിച്ചു. എല്ലാ പുസ്തകങ്ങളും വാങ്ങി വായിച്ചു. അതിനുശേഷം ഒരു യാത്ര പോയി. ഹരിയാനയിൽനിന്ന് കിഴക്കുമാറി നാല്പതു കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന 'കുരുക്ഷേത്രം' സന്ദർശിക്കുകയും ആ കൂട്ടത്തിൽ കാണാൻ കഴിയുന്ന കുറെ എഴുത്തുകാരെ കണ്ട് നോട്ട്സൊക്കെ എടുത്തു. അതിനുശേഷം ഞാൻ എഴുതിയതാണ് 'കർണ്ണൻ.' '94-ൽ എഴുതുമ്പോൾ കർണ്ണൻ തിരക്കഥയ്ക്ക് നാലരമണിക്കൂർ ദൈർഘ്യമുണ്ടായിരുന്നു. നാലരമണിക്കൂർ വരുമെന്നു പറഞ്ഞത് സംവിധായകൻ ഹരിഹരനാണ്. എന്റെ തിരക്കഥയെക്കുറിച്ച് മമ്മൂട്ടിയാണ് ഹരിഹരനോട് പറഞ്ഞത്. അതനുസരിച്ചാണ് ഹരിഹരൻ വന്നതും തിരക്കഥ വായിച്ചതും അഭിപ്രായം പറഞ്ഞതും. മമ്മൂട്ടിയോട് കർണ്ണനെക്കുറിച്ച് പറയുന്നത് തിലകനാണ്. തിലകൻ തിരക്കഥ വായിച്ചു. പൊട്ടിക്കരഞ്ഞു. 'അസാധ്യമായ സ്‌ക്രിപ്റ്റാണിത്' എന്നു പറഞ്ഞിട്ടാണ് തിലകൻ പൊള്ളാച്ചിയിൽ ഷൂട്ടിംഗിനു പോയതും മമ്മൂട്ടിയോട് പറഞ്ഞതും.

  • ? 'കർണ്ണന്റെ' കഥ മഹാഭാരതമാണല്ലോ. താങ്കൾ മഹാഭാരത പ്രഭാഷണങ്ങൾക്ക് പോകാറുണ്ടെന്നും മഹാഭാരതം ഹിന്ദുക്കളുടേതല്ല എന്നു പറഞ്ഞുവെന്നും പ്രചരണമുണ്ടായിരുന്നു.

ഞാൻ മഹാഭാരതം നന്നായി പഠിച്ചിട്ടുണ്ട്. അതുകൊണ്ട് പ്രഭാഷണകല എന്ന നിലയിൽ മഹാഭാരത പ്രഭാഷണങ്ങൾക്കു പോകാറുമുണ്ട്. അവിടെ പറയുന്നത് മഹാഭാരതം ഒരു മിഥോളജിയല്ല, ഹിന്ദുവിന്റേതല്ല. ഹിന്ദു മതം എന്നൊന്നില്ല. ഹിന്ദു ഫിലോസഫിയാണുള്ളത്. ഞാൻ ഉറക്കെ പ്രഖ്യാപിക്കുകയാണ്. മനുഷ്യനെ മലിനപ്പെടുത്തുന്ന, ഇന്നു നമ്മൾ കൊട്ടിഘോഷിക്കപ്പെടുന്ന ഒരു പ്രവണതയുണ്ടല്ലൊ. അതൊന്നും മഹാഭാരതത്തിൽ ഇല്ല. മഹാഭാരതം ഒരു പ്രത്യേക വർഗത്തിന്റേതല്ല, ഇന്ത്യയിൽ ജനിക്കുന്ന എല്ലാവരുടെയും ആധികാരികമായ ഗ്രന്ഥമാണ് മഹാഭാരതം. ശ്രീകൃഷ്ണൻ ദൈവമല്ല. അദ്ദേഹം ഒരു നാട്ടുരാജാവാണ്. നാലു രാജാക്കന്മാർ കൂടുന്നിടത്ത് ഒരു പ്രശ്നമുണ്ടായാൽ മറ്റു മൂന്നുപേരെയും പറഞ്ഞുനിർത്താൻ സാധ്യതയുള്ള കരുത്തും ശേഷിയുമുള്ള ഒരു അണ്ണൻ രാജാവ്. യാദവ കുലത്തിലെ രാജാവാണ് ശ്രീകൃഷ്ണൻ. അല്ലാതെ ശ്രീകൃഷ്ണൻ ദിവ്യശക്തിയുള്ള, മാസ്മരികത കാണിച്ചു നടക്കുന്ന ദൈവവുമല്ല.

അവർണ്ണനെ തിരസ്‌കരിക്കുന്നത് ഇന്നാണെന്ന് വിചാരിക്കരുത്. മഹാഭാരതം ഉണ്ടായതു മുതൽ അവർണ്ണന് അവഗണനയാണ്. ഇത് ഒരുദിവസം കൊണ്ടുണ്ടായിട്ടുള്ളതല്ല. അപാര കഴിവുള്ളവരാണ് അധ്വാനിക്കുന്ന വർഗം. അവരുടെ പ്രതിനിധിയാണ് ഏകലവ്യൻ. ഏകലവ്യനെ കൂടെ ഇരുത്തി പഠിപ്പിക്കാൻ തയാറായില്ലല്ലോ. ഇന്നും അതൊക്കെ നടക്കുന്നില്ലെ? ഏകലവ്യനെ അകറ്റി നിർത്തിയിട്ടും ഗുരുവിന്റെ പ്രതിമ ഉണ്ടാക്കി മനസിൽ സ്ഥാപിച്ചിട്ട് സ്വയം പഠിച്ചു. സ്വയം പഠിച്ച വിദ്യകൾ ഗുരുവിന്റടുത്ത് വന്ന് പ്രദർശിപ്പിച്ചപ്പോൾ, ഗുരു പഠിപ്പിച്ച വില്ലാളി വീരന്മാർ എന്ന് പേരെടുത്ത അർജുനനെക്കാളും എത്രയോ വലിയ കേമനാണെന്ന് മനസ്സിലായി. ഏകലവ്യനെ അംഗീകരിച്ചാൽ അർജുനനേക്കാൾ വലിയ വില്ലാളിയായി മാറുല്ലെ? അതില്ലാതാക്കാനാണ് ചതിയിലൂടെ, ഗുരുദക്ഷിണ ചോദിച്ച് ഒരു വില്ലാളിയുടെ ഏറ്റവും വലിയ മർമ്മമായ തള്ളവിരൽ ചോദിച്ചു മുറിച്ചുവാങ്ങിയത്. ഇതൊക്കെ ചെയ്തത് അർജുനനു വേണ്ടിയാണെന്നു പറയാമെങ്കിലും വാസ്തവമെന്താണ്? അവർണ്ണൻ വളർന്നുവരാതിരിക്കാനുള്ള കൊടുംചതി. ഇതുകൊണ്ട് എന്താണ് മനസ്സിലാക്കേണ്ടത്. ബ്രാഹ്മണൻ സാത്വികനാണെന്നു പറയുന്നത് വെറുതെയെന്നല്ലേ? കഠിനമായ ഹൃദയത്തിന്റെ ഉടമകളാണ് ബ്രാഹ്മണർ. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ബ്രാഹ്മണ മേധാവിത്വം തിരിച്ചുകൊണ്ടു വരാനുള്ള പ്രക്രിയയാണ്.

ഏകലവ്യനെപ്പോലെ, കർണ്ണനെപ്പോലെ, ദുര്യോധനനെപ്പോലെ രാജ്യത്തിനു വേണ്ടി നിൽക്കാൻ കെല്പുള്ളവരെ അംഗീകരിച്ചിരുന്നെങ്കിൽ ഭാരതത്തിന്റെ ദർശനം വേറൊരു രീതിയിലാകുമായിരുന്നില്ലെ? ഏറ്റവും വലിയ മഹാനും വീരാളിയുമെന്നും കൊട്ടിഘോഷിക്കപ്പെടുന്ന അർജുനൻ ആരാണ്? സത്യത്തിൽ അയാൾ ഒരു രാഹുൽ ഗാന്ധിയായിരുന്നില്ലെ? ആരെങ്കിലും പുറകിൽ നിന്നും സഹായിക്കാതെ അർജുനൻ ഒരു പോരിലെങ്കിലും വിജയിച്ചിട്ടുണ്ടോ? ഗുരുജനങ്ങളുടെയും ദേവഗണങ്ങളുടെയും മഹാന്മാരുടെയുമെല്ലാം സപ്പോർട്ടോടുകൂടി മാത്രമേ അർജുനൻ വിജയിച്ചിട്ടുള്ളൂ. എന്നാൽ ഒറ്റയ്ക്കു നിന്ന് പൊരുതി എന്താണ് തന്റെ ചരിത്രം എന്ന് തെളിയിച്ചിട്ടുള്ളവരാണ് കർണ്ണനും ദുര്യോദനനും ഏകലവ്യനുമൊക്കെ.

  • ? നമ്മുടെ നാട്ടിൽ പ്രായം നോക്കാതെയുള്ള സ്ത്രീപീഡനങ്ങളും ബലാത്സംഗങ്ങളും കൂടിക്കൂടി വരികയാണ്. അതേ സ്ഥാനത്ത് ഭീകരമായ നഗരമാണെന്നു വിചാരിക്കുന്ന ബോംബെയിൽ ഇത്തരം പ്രശ്നങ്ങൾ കുറവാണ്. എന്താണ് ഇതിനു കാരണം...

തു വളരെ ക്ലിയറായിട്ട് പറയാം. 'ഇത്ര' വയസ് കഴിഞ്ഞ സ്ത്രീക്കും പുരുഷനും പരസ്പരം സമ്മതമാണെങ്കിൽ സ്വൈരമായി അവർക്ക് ഇണചേരാനോ, ഒന്നിച്ചു നടക്കാനോ, ഒന്നിച്ചു കിടക്കാനോ ഉള്ള അവകാശം ഉണ്ടായിരിക്കണം. ഒരു മനുഷ്യജീവിതം എന്നു പറയുന്നത് ചിരഞ്ജീവിയായി ഇരിക്കുന്നതല്ല. എന്നെ ഒരു സ്ത്രീക്ക് ഇഷ്ടമാണെങ്കിൽ എനിക്ക് ഒരു സ്ത്രീയെ ഇഷ്ടമാണെങ്കിൽ ഞങ്ങൾക്ക് ഇണചേരാൻ ആഗ്രഹമുണ്ടെങ്കിൽ ഒരു ശക്തിയും ഞങ്ങളെ എതിർക്കാൻ പാടില്ല. അവരങ്ങനെ അവരുടെ ആഗ്രഹം പൂർത്തീകരിച്ചാൽ ഇവിടെ ബോംബ് വീഴുമോ? ആക്രമിക്കാതെ, കീഴ്പ്പെടുത്താതെ, കൊല ചെയ്യാതെ സന്തോഷത്തോടെ ഹൃദയവും ശരീരവും പങ്കിട്ടാൽ സദാചാരം ഇല്ലാതാകുമോ? സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗിക ആർദ്രതലം ആസ്വദിച്ചു കഴിയുമ്പോൾ ഇന്നു കാണുന്ന ക്രൂരതകൾ ഇല്ലാതാകുമെന്നാണ് എന്റെ വിശ്വാസം. ലൈംഗികകരമായ കാര്യങ്ങൾക്ക് സ്വാതന്ത്ര്യം കൊടുത്തുകഴിഞ്ഞാൽ ഇന്നത്തെ ക്രൂരമായ അവസ്ഥയ്ക്ക് തൊണ്ണൂറ്റി ഒമ്പതു ശതമാനം പരിഹാരം കാണും. ഇങ്ങനെയൊക്കെ ചെയ്യുമ്പോഴും ഒരു സാമൂഹിക മര്യാദ പാലിക്കണം. ഇത്തരം കാര്യങ്ങൾക്ക് ഗവൺമെന്റും മുൻകൈയെടുക്കണം. അങ്ങനെ വരുമ്പോൾ നമ്മുടെ നാട്ടിൽ കാമഭ്രാന്തന്മാർ ഇല്ലാതാകും.

  • ? ഇതൊക്കെ ഭ്രാന്തൻ ചിന്തകളല്ലെ? താങ്കൾ പറയുന്നതു കേട്ട് ഇറങ്ങിത്തിരിച്ചാൽ അത് സദാചാര വിരുദ്ധമാകില്ലെ.

ന്തു സദാചാരം? ചെറുപ്പത്തിലെ ഭാര്യ മരിച്ചവർ, ഭർത്താവ് മരിച്ചവർ... അവർ ജീവിതകാലം മുഴുവൻ ശാരീരികമായ ആവശ്യങ്ങൾ നിറവേറ്റാതെ ജീവിക്കണോ? സെക്സ് ഒരു ടോണിക്കാണ്. ശരീരത്തിന് ആഹാരം പോലെ തന്നെ ആവശ്യമുള്ള ഒന്ന്. അത് ആവശ്യപ്പെടുന്നവർക്ക് നിരോധിക്കാൻ പാടില്ല.

നമുക്ക് കർണ്ണനിലേക്ക് തിരികെ വരാം. എന്താണ് കർണ്ണന്റെ അവസ്ഥ. മറ്റൊരു കർണ്ണൻകൂടി വരുന്നതായി പരസ്യംകണ്ടു. ആർ.എസ്. വിമൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കർണ്ണൻ. ഞാൻ കർണ്ണൻ എഴുതിയത് 18 വർഷം കൊണ്ടാണ്. മറ്റെ ആൾ കർണ്ണൻ എഴുതിയത് 18 ദിവസംകൊണ്ടാണ്. കർണ്ണൻ രണ്ടുപേർ ചെയ്യുന്നു. എത്ര കർണ്ണൻ വേണമെങ്കിലും ഉണ്ടാകട്ടെ. എന്റെ കർണ്ണൻ ഇപ്പോഴത്തെ നിലയിൽ സംവിധാനം ചെയ്യുന്നത് മധുപാൽ ആണ്. കർണ്ണനായി മമ്മൂട്ടി അഭിനയിക്കും. മറ്റൊരു പ്രധാന കഥാപാത്രമായ ദുര്യോദനനായി മലയാളസിനിമയിലെ ഒരു ദേശീയ അവാർഡ് നേടിയ നടൻ അഭിനയിക്കും.

  • ? കർണ്ണൻ എന്ന് തുടങ്ങും..

ടുത്ത വർഷം തുടങ്ങാൻ കഴിയുമെന്നാണ് വിചാരിക്കുന്നത്. കർണ്ണൻ ഒരു നല്ല പ്രോജക്ട് ആയിരിക്കും...

കടപ്പാട്: സൺഡേ മംഗളം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP