Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മലയാളികളെ സിനിമകണ്ട് കരയാനും ചിരിപ്പിക്കാനും പഠിപ്പിച്ചത് ശ്രീനിവാസൻ; രാജീവ് രവിയുടെ അഭിപ്രായം ഫാസിസത്തിന്റെ പുറംപൂച്ചിൽ നിന്നും; വിനീതിനും ജൂഡ് ആന്റണിക്കും പിന്നാലെ വിമർശനവുമായി ആർ ഉണ്ണിയും ജോൺപോളും

മലയാളികളെ സിനിമകണ്ട് കരയാനും ചിരിപ്പിക്കാനും പഠിപ്പിച്ചത് ശ്രീനിവാസൻ; രാജീവ് രവിയുടെ അഭിപ്രായം ഫാസിസത്തിന്റെ പുറംപൂച്ചിൽ നിന്നും; വിനീതിനും ജൂഡ് ആന്റണിക്കും പിന്നാലെ വിമർശനവുമായി ആർ ഉണ്ണിയും ജോൺപോളും

ശ്രീനിവാസൻ, മണിരത്‌നം എന്നിവരെ അടച്ചാക്ഷേപിക്കുകയും ഹോളിവുഡ് സംവിധായകൻ ക്വന്റീൻ ടാറന്റീനോ ലോകഫ്രോഡ് ആണെന്നു പറയുകയും ചെയ്ത രാജീവ് രവിയുടെ വിവാദ പ്രസ്താവന സിനിമാലോകത്ത് ചൂടൻ ചർച്ചയ്ക്കു വഴി തെളിച്ചിരിക്കുകയാണിപ്പോൾ. രാജീവ് രവിയുടെ വിവാദ പരാമർശം പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ കടുത്ത വിമർശനവുമായി സംവിധായകരായ വിനീത് ശ്രീനിവാസനും ജൂഡ് ആന്റണിയും രംഗത്തെത്തുകയും ആഷിക് അബു പോലെയുള്ളവർ അഭിമുഖം ഷെയർ ചെയ്യുകയും കൂടി ചെയ്തതോടെ സിനിമാലോകത്തെ പുത്തൻ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ് അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപ്പസ് എന്നിവയുടെ സംവിധായകനായ രാജീവ് രവിയുടെ അഭിമുഖ സംഭാഷണം.

തന്റെ അഭിപ്രായം പ്രകടിപ്പിക്കാൻ രാജീവ് രവിക്ക് പൂർണസ്വാതന്ത്ര്യമുണ്ടെങ്കിലും ഇത്തരമൊരു ജനാധിപത്യ സമൂഹത്തിൽ അത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ഒട്ടും അംഗീകരിക്കാൻ സാധിക്കില്ലെന്ന് തിരക്കഥാകൃത്തും ചെറുകഥാകൃത്തുമായ ഉണ്ണി ആർ വ്യക്തമാക്കി. രാജീവിന്റെ വാക്കുകൾ അനുചിതവും യുക്തിരഹിതവുമായതാണ്. മിഡ്ഡിൽക്ലാസിന്റെ ചില സംഗതികൾ എടുത്തിട്ട് അതിനെ ചൂഷണം ചെയ്‌തെന്ന് പറഞ്ഞ ശ്രീനിവാസൻ തന്നെയാണ് മലയാളിയെ സിനിമ ചിരിപ്പിക്കാനും കരയിപ്പിക്കാനും ചിന്തിപ്പിക്കാനും പഠിപ്പിച്ചത്. മുമ്പെങ്ങും മലയാള സിനിമയിൽ നടത്തിയിട്ടില്ലാത്ത സമീപനം വഴിയാണ് ശ്രീനിവാസൻ അതു സാധ്യമാക്കിയതെന്ന് ഉണ്ണി ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, സ്വന്തം രൂപത്തെ പോലും വിമർശിക്കാൻ തയാറായ വ്യക്തിയാണ് ശ്രീനിവാസൻ. സിനിമാക്കാരനാണെന്ന് പറഞ്ഞ് സമൂഹത്തിൽ നിന്നും ഒരിക്കലും വേറിട്ടു നിന്ന വ്യക്തിയുമല്ല അദ്ദേഹം. ജനത്തോടൊപ്പം ഒരു വ്യക്തിയെന്ന നിലയിൽ ശ്രീനിവാസൻ എപ്പോഴും ചേർന്നു നിന്നിരുന്നുവെന്നും ഉണ്ണി വെളിപ്പെടുത്തുന്നു.

രാജീവ് രവിയുടെ അഭിപ്രായം ഫാസിസത്തിന്റെ പുറംപൂച്ചിൽ നിന്നുള്ളവയാണ്. സിനിമയെന്നത് സംസ്‌കാരം, കല, രാഷ്ട്രീയം എന്നിവയുടെയെല്ലാം സങ്കലനമാണ്. അതുകൊണ്ടു തന്നെയാണ് ഒരേസമയം തന്നെ പ്രേക്ഷകർ അരവിന്ദന്റേയും ശ്രീനിവാസന്റെയും സിദ്ദിഖ്-ലാലിന്റെയും സിനിമകളെ സ്വീകരിക്കുന്നത്. യഥാർഥത്തിൽ അങ്ങനെ തന്നെയായിരിക്കും സിനിമ പ്രേക്ഷകർക്കിടയിൽ പ്രവർത്തിക്കേണ്ടതും. അതല്ലാതെ ഒരു സിനിമ ഒരു പ്രത്യേക ദിശയിൽ തന്നെ എടുത്തിരിക്കണം എന്ന് ആരെങ്കിലും ശഠിക്കുന്നുണ്ടെങ്കിൽ അതാണ് ഫാസിസം. രാജീവിനെ ടാറന്റീനോ ഉൾപ്പെടെയുള്ളവരെ വിമർശിക്കാൻ അവകാശം ഉണ്ട്. എന്നാൽ താൻ അവർക്കെല്ലാം മുകളിലുള്ള ഒരു ക്ലാസിക് ഫിലിം മേക്കർ ആണെന്ന് തെളിയിച്ച ശേഷം ഇത് പറയുകയാണെങ്കിൽ രാജീവിന്റെ വാക്കുകൾ അംഗീകരിക്കാമെന്നും ഉണ്ണി പറയുന്നു.

സിനിമയ്ക്ക് തിരിക്കഥ നിർണായക റോൾ തന്നെ വഹിക്കുന്നുണ്ട്. അയാളെ കുറ്റം പുറയുന്നില്ല. ഒരു പക്ഷേ അയാൾക്ക് മുഴുവൻ സിനിമയും ക്യാമറ ഇല്ലാതെ ഷൂട്ട് ചെയ്യാൻ പറ്റുമായിരിക്കും- ഉണ്ണി പറഞ്ഞുനിർത്തി.

ഏതു സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജീവ് ഇത്തരം പ്രസ്താവന നടത്തിയതെന്ന് മനസിലാകുന്നില്ലെന്ന് പ്രശസ്ത തിരക്കഥാ കൃത്ത് ജോൺ പോൾ. ജീവിതത്തിന്റെ ഒരു പ്രതിഫലനം തന്നെയാണ് സിനിമയെന്നാണ് താൻ വിശ്വസിക്കുന്നത്. സിനിമയെ എത്തരത്തിൽ പ്രതിഫലിപ്പിക്കണമെന്നത് ഫിലിം മേക്കറിനെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന് ഗാന്ധിജിയും മാർട്ടിൻ ലൂഥർകിംഗും പ്രചരിപ്പിച്ചത് ഒരേ ഐഡിയോളജി തന്നെയാണ്. അതേസമയം അവർക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉണ്ടായിരുന്നതും. ഓരോ അഭിപ്രായത്തോട് സമ്മതിക്കാനും വിയോജിക്കാനും നമുക്ക് അവകാശമുണ്ട്. വിയോജനകുറിപ്പുകൾ അംഗീകരിക്കാനും നാം തയാറാകണമെന്നും ജോൺ പോൾ വ്യക്തമാക്കുന്നു.

എന്റർടൈന്മെന്റ് എന്നുപറയുന്നത് ഒരിക്കലും പാപമല്ല. ലോകത്തെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് ചാർളി ചാപ്ലിനാണ്. എന്നാൽ അദ്ദേഹത്തിന്റെ കോമഡിക്കു പിന്നിൽ മനുഷ്യത്വത്തിന്റെ ഒരു നോവുണ്ടായിരുന്നു. ഒരു ആർട്ട് വർക്ക് അല്ലെങ്കിൽ സിനിമയെന്നു പറയുന്നത് അതുപോലെയാണ്. മനുഷ്യത്വത്തിന്റെ എല്ലാ വശങ്ങളും അത് പ്രതിഫലിപ്പിക്കണം. സിനിമ കമേഴ്‌സ്യൽ ലാഭം നേടിത്തരുന്നുണ്ടോ ഇല്ലയോ എന്നുള്ളതല്ല പ്രശ്‌നം. ഒരു നിമിഷ നേരത്തേക്കെങ്കിലും ഒരാളുടെ അതു സ്വാധീനിക്കുന്നുണ്ടെങ്കിൽ സിനിമയുടെ ആത്യന്തിക ലക്ഷ്യം നിറവേറ്റിയെന്നു പറയാം- ജോൺ പോൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP