Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കബാലിയും ഭൈരവയും സിങ്കം 3യുമെല്ലാം പരാജയം; മൂന്നു ദിവസംകൊണ്ടു നൂറു കോടി ക്ലബിൽ എത്തിയെന്നു പറഞ്ഞ ഭൈരവ കാരണം വിതരണക്കാർക്ക് ഉണ്ടായത് 14 കോടിയുടെ നഷ്ടം; വിജയം ആഘോഷിക്കാൻ വിജയ് നായികയ്ക്കു സ്വർണ ചെയിൻ കൊടുത്തപ്പോൾ വിതരണക്കാരനു കഴുത്തിലെ മാല ഊരി വിൽക്കേണ്ട ഗതികേട്; നിർമ്മാതാക്കളുടെ അത്യാഗ്രഹത്തിനെതിരേ രജനികാന്തും രംഗത്ത്

കബാലിയും ഭൈരവയും സിങ്കം 3യുമെല്ലാം പരാജയം; മൂന്നു ദിവസംകൊണ്ടു നൂറു കോടി ക്ലബിൽ എത്തിയെന്നു പറഞ്ഞ ഭൈരവ കാരണം വിതരണക്കാർക്ക് ഉണ്ടായത് 14 കോടിയുടെ നഷ്ടം; വിജയം ആഘോഷിക്കാൻ വിജയ് നായികയ്ക്കു സ്വർണ ചെയിൻ കൊടുത്തപ്പോൾ വിതരണക്കാരനു കഴുത്തിലെ മാല ഊരി വിൽക്കേണ്ട ഗതികേട്; നിർമ്മാതാക്കളുടെ അത്യാഗ്രഹത്തിനെതിരേ രജനികാന്തും രംഗത്ത്

ചെന്നൈ: സൂപ്പർ ഹിറ്റുകളെന്നു കൊട്ടിഘോഷിക്കപ്പെടുന്ന ചിത്രങ്ങളെല്ലാം പരാജയങ്ങളോ? വാർത്തകളിലെല്ലാം സൂപ്പർ ഹിറ്റാകുന്ന ചിത്രങ്ങൾ വിതരണക്കാരെ കുത്തു പാള എടുപ്പിക്കുന്നതായാണ് പുറത്തുവരുന്ന വാർത്തകൾ. വിജയ് ചിത്രം ഭൈരവ ആണ് ഏറ്റവും ഒടുവിലത്തെ സംസാര വിഷയം. മൂന്നു ദിവസം കൊണ്ട് നൂറു കോടി ക്ലബിൽ എത്തിയെന്നു പ്രചരിപ്പിക്കപ്പെട്ട ചിത്രം കാരണം വിതരണക്കാരന് 14 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. നിർമ്മാതാക്കളാണ് ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് ഊതിപ്പെരുപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നത്.

ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി സൂപ്പർതാരം രജനികാന്തും രംഗത്ത് എത്തിയിട്ടുണ്ട്. സിനിമയുടെ നിർമ്മാതാവ് പറയുന്ന പോലെ വിതരണക്കാർ കാര്യങ്ങൾ തീരുമാനിക്കരുത്. നിങ്ങൾ നിങ്ങളുടെ സ്വാതന്ത്ര്യം ഉപയോഗിക്കുക. അല്ലെങ്കിൽ പിന്നീട് വരുന്നതിനെ ഓർത്ത് ദുഃഖിക്കരുത്. നിർമ്മാതാക്കൾ അത്യാഗ്രഹം കാണിക്കരുതെന്നും രജനി പറഞ്ഞു. നിർമ്മാതാക്കൾ തങ്ങളോട് ബന്ധപ്പെട്ട് കിടക്കുന്ന മറ്റുള്ളവർക്കും നഷ്ടം സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രജനിയുടെ ചിത്രമായ കബാലിയുമായി ബന്ധപ്പെട്ട് നിർമ്മാതാവ് കലൈപുലി താനുവിനെതിരേ വിതരണക്കാർ രംഗത്ത് എത്തിയിരുന്നു. താരമൂല്യം സംരക്ഷിക്കാനാണ് സൂപ്പർ താരങ്ങളുടെ ചിത്രങ്ങളെക്കുറിച്ച് കള്ളക്കണക്കുകൾ പടച്ചുവിടുന്നതെന്നും ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് തമിഴ് വിതരണക്കാർ പരസ്യമായി രംഗത്തെത്തിയിരുന്നു. വിജയ് ചിത്രം ഭൈരവയെക്കുറിച്ചായിരുന്നു കൂടുതൽ പരാതി ഉയർന്നത്.

വിജയ് ചിത്രം ഭൈരവ നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി സിനിമയുടെ വിതരണക്കാർ മുന്നോട്ട് വന്നിരുന്നു. സിനിമ കാരണം കോടിക്കണക്കിന് രൂപ നഷ്ടമുണ്ടായെന്നും ഇതിന് പകരമായി 14 കോടി രൂപ വിജയ് നൽകണമെന്നുമാണ് വിതരണക്കാരുടെ ആവശ്യം. നേരത്തെ ഭൈരവയുടെ വിതരണം ഏറ്റെടുത്ത വകയിൽ ഒന്നരകോടിക്ക് മുകളിൽ നഷ്ടമാണെന്ന് വെളിപ്പെടുത്തി വിതരണക്കാരനായ സുബ്രഹ്മണ്യം രംഗത്തെത്തിയിരുന്നു.

റിലീസിനെത്തി മൂന്നുദിവസം കൊണ്ട് നൂറുകോടി ക്ലബിൽ ഇടംപിടിച്ച ചിത്രമെന്നായിരുന്നു ഭൈരവയുടെ അണിയറപ്രവർത്തകർ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ഇത് തെറ്റായ പ്രചരണമായിരുന്നെന്ന് വിതരണക്കാർ തറപ്പിച്ചുപറയുന്നു.

70 കോടി ബഡ്ജറ്റിൽ പുറത്തിറക്കിയ സിനിമ 55 കോടി രൂപയ്ക്കാണ് വിതരണക്കാർ വിതരണം ഏറ്റെടുത്തത്. എന്നാൽ ചിത്രം കനത്ത നഷ്ടമായിരുന്നെന്നും 14 കോടിയാണ് നഷ്ടമുണ്ടാക്കിയതെന്നും വിതരണക്കാർ പറഞ്ഞു. വിജയ്യുടെ ചിത്രങ്ങൾ ഭാവിയിൽ ഏറ്റെടുക്കണമെങ്കിൽ ഈ പതിനാലുകോടിയുടെ നഷ്ടം വിജയ് തന്നെ നികത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഭൈരവ സിനിമയുടെ നഷ്ടം നികത്താൻ കഴുത്തിലുള്ള സ്വർണമാല വിൽക്കേണ്ട ഗതികേടിലാണ് താനെന്നാണ് വിതരണക്കാരൻ തിരുപ്പൂർ സുബ്രഹ്മണ്യൻ ആരോപിച്ചത്. സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി വിജയ് സംവിധായകനും നായിക കീർത്തി സുരേഷിനും ഉൾപ്പെടെ സ്വർണ്ണച്ചെയിനും മാലയും സമ്മാനമായി നൽകിയിരുന്നു. ഇതിനെ പരിഹസിച്ചായിരുന്നു സുബ്രഹ്മണ്യത്തിന്റെ വിമർശനം.

ഒരു സിനിമയുടെ പരാജയം വലിയ വിജയമായി കൊണ്ടാടുന്ന ഏക ഇൻഡസ്ട്രി കോളിവുഡ് മാത്രമായിരിക്കുമെന്നും സുബ്രഹ്മണ്യൻ പറയുന്നു. ചില സിനിമകൾ നൂറു കോടി കടക്കുന്നുവെന്ന് പറയുന്നു. നടൻ സംവിധായകന് കാർ മേടിച്ച് കൊടുക്കുന്നു, മറ്റു ചിലർ സ്വർണ ചെയ്ൻ കൊടുക്കുന്നു. നടന്മാരും നിർമ്മാതക്കളും ചേർന്ന് മറ്റുള്ളവരെ പറ്റിക്കുകയാണ്. ബോക്‌സ്ഓഫീസിൽ വ്യാജ കണക്കുകൾ കാട്ടുന്നു, വ്യാജ പോസ്റ്റർ അടിക്കുന്നു. ഒരു സിനിമ പുറത്തിറങ്ങി നഷ്ടത്തിലായാൽ അത് ഏറ്റവുമധികം ബാധിക്കുന്നത് പലിശയ്ക്ക് പൈസ വാങ്ങി സിനിമ വിതരത്തിനെക്കുന്ന വിതരണക്കാരനെയാണ്.

ഭൈരവ മാത്രമല്ല തമിഴിൽ ഈ അടുത്തിടെ ഇറങ്ങിയ സൂപ്പർഹിറ്റുകളെന്ന് അവകാശപ്പെടുന്ന പല സിനിമകളും നഷ്ടമായിരുന്നെന്ന് കഴിഞ്ഞ ദിവസം വിതരണക്കാർ വെളിപ്പെടുത്തിയിരുന്നു. രജനീകാന്ത് ചിത്രം കബാലി, ധനുഷ് ചിത്രം തൊടാരി, റെമോ, കത്തി സണ്ഡൈ, ഭൈരവാ, സിങ്കം 3, ബോഗൻ എന്നീ ചിത്രങ്ങൾ പരാജയമായിരുന്നെന്നാണ് സംസാരം.

സിനിമയുടെ നിർമ്മാതാക്കൾ കള്ളക്കണക്ക് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാണ് വിതരണക്കാരെ പ്രകോകിപ്പിച്ചത്. മാത്രമല്ല ഇതേ സിനിമകൾ നൂറുകോടി കടന്നെന്നാണ് സിനിമയുടെ നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. എന്നാൽ നഷ്ടം വരുന്നത് ചിത്രം വലിയ തുകയ്ക്ക് വിതരണത്തിനെടുക്കുന്ന വിതരണക്കാർക്കും. സൂപ്പർതാരസിനിമകൾ നൂറും ഇരുന്നൂറും കോടി കടന്നുവെന്ന് പ്രചരിപ്പിച്ച് അടുത്ത പ്രോജ്ക്ടുകളും കോടികൾ മുടക്കി എടുത്ത് കോടികളുടെ തുകയ്ക്ക് വിതരണത്തിനെത്തിക്കുകയാണ് ഇവരുടെ പദ്ധതി. എന്നാൽ ഇതിൽ ചില ചിത്രങ്ങൾ വലിയ പരാജയമായി തീരുന്നു. പരാജയപ്പെട്ട സിനിമകൾ നൂറു കോടി കടന്നുെവന്ന പ്രചരണംനടത്തുന്നതിലൂടെയും തങ്ങൾക്ക് നഷ്ടം മാത്രമേ സംഭവിക്കുന്നുള്ളൂ എന്നാണ് വിതരണക്കാർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP