Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

10 മാസം മുൻപാണ് തിരക്കഥ പൂർത്തിയാക്കിയത്; ഇപ്പോഴത്തെ സംഭവങ്ങൾ ഉണ്ടായിട്ട് ഏതാനും മാസങ്ങൾ അല്ലേ ആയിട്ടുള്ളൂ; സാഹചര്യ തെളിവുകൾ എതിരാവുക; ജനങ്ങളാൽ വെറുക്കപ്പെടുക ഇതൊക്കെ രാമനുണ്ണിയും അനുഭവിക്കുന്നുണ്ട്; അറം പറ്റിയൊരു സ്‌ക്രിപ്റ്റാണോ എന്ന് കളിയാക്കി ചിരിച്ചുകൊണ്ട് ദിലീപ് ചോദിച്ചിരുന്നു; രാമലീലയുടെ സാമ്യങ്ങളെ കുറിച്ച് സച്ചിക്ക് പറയാനുള്ളത്

10 മാസം മുൻപാണ് തിരക്കഥ പൂർത്തിയാക്കിയത്; ഇപ്പോഴത്തെ സംഭവങ്ങൾ ഉണ്ടായിട്ട് ഏതാനും മാസങ്ങൾ അല്ലേ ആയിട്ടുള്ളൂ; സാഹചര്യ തെളിവുകൾ എതിരാവുക; ജനങ്ങളാൽ വെറുക്കപ്പെടുക ഇതൊക്കെ രാമനുണ്ണിയും അനുഭവിക്കുന്നുണ്ട്; അറം പറ്റിയൊരു സ്‌ക്രിപ്റ്റാണോ എന്ന് കളിയാക്കി ചിരിച്ചുകൊണ്ട് ദിലീപ് ചോദിച്ചിരുന്നു; രാമലീലയുടെ സാമ്യങ്ങളെ കുറിച്ച് സച്ചിക്ക് പറയാനുള്ളത്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഈ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായി യാതൊരു ബന്ധവുമല്ല. സാമ്യങ്ങൾ തോന്നുവെങ്കിൽ ഇത് യാൃശ്ചികമാത്രമാണ്....-മിക്ക മലയാള സിനിമയുടെ തുടക്കത്തിലും ഇത്തരമൊരു എഴുതിക്കാണിക്കൽ പതിവാണ്. ദിലീപിന്റെ രാമലീലയെത്തിയപ്പോൾ സിനിമയ്ക്ക് നായകന്റെ ജീവിതവുമായി സാമ്യമുണ്ടോ എന്നായി ഉയരുന്ന ചോദ്യം. ഇതിന് രാമലീലയുടെ തിരക്കഥാകൃത്ത് സച്ചി തന്നെ മറുപടി പറയുകയാണ്. സാമ്യതകൾ ആകസ്മികം മാത്രമാണെന്ന് സച്ചി പറയുന്നു.

ഈമാസം 28നാണ് ചിത്രം റിലീസാകുക. നടിയെ ആക്രമിച്ച കേസിലെ വിവാദങ്ങൾ മുറുകുമ്പോൾ തന്നെ ടോമിച്ചൻ മുളകുപാടം സിനിമ ഏതു വിധേനെയും പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനായി പരമാവധി പബ്ലിസിറ്റി നൽകുകയാണ് അദ്ദേഹം. പോസ്റ്ററുകളിലൂടെയും സിനിമയുടെ ടീസറിലും ഗാനത്തിലൂടെയും പറയുന്ന കാര്യങ്ങൾ പലപ്പോഴും സംശയങ്ങൾക്കും ഇടയാക്കുന്നുണ്ട്. തന്റെ ഇപ്പോഴത്തെ അവസ്ഥ മുൻകൂട്ടി കണ്ടാണോ സിനിമ തയ്യാറാക്കിയത് എന്ന് തോന്നിപ്പോകുന്ന വിധത്തിലാണ് കാര്യങ്ങൾ. സിനിമയുട ടീസറിൽ ഉൾക്കൊള്ളിച്ച ഡയലോഗും ഇത്തരത്തിലായിരുന്നു. നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ അതും ശ്രദ്ധിക്കപ്പെട്ടു. നായകൻ ദിലീപ് ബലി കർമ്മം നിർവഹിക്കുന്ന ചിത്രങ്ങളാണ് പോസ്റ്ററിൽ ഉള്ളത്. പുതിയ പോസ്റ്റർ കണ്ട് ആരാധകരും വിമർശകരും ഒരുപോലെ ഞെട്ടാൻ കാരണമുണ്ട്. ഇതോടെ സോഷ്യൽ മീഡിയയിൽ ചർച്ച കടുത്തു. ഈ സാഹചര്യത്തിലാണ് സച്ചിയുടെ മറുപടിയെത്തുന്നത്.

രാമലീലയിലെ രാമനുണ്ണി ഒരു എംഎൽഎയാണ്. ഒരു പാർട്ടിയിൽനിന്നും പുറത്താക്കപ്പെടുകയും മറ്റൊരു മുന്നണിയിൽ ചേർന്ന് മൽസരിക്കുകയും അതിനുപിന്നാലെ ഉണ്ടാകുന്ന രാഷ്ട്രീയ പകപോക്കലുകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സാധാരണ ദിലീപ് ചിത്രത്തിൽനിന്നും തികച്ചും വ്യത്യസ്തമാണ് രാമലീല. ഇതിൽ ഹാസ്യത്തിന് അല്ല പ്രാധാന്യം നൽകിയിരിക്കുന്നത്. വളരെ സീരിയസ് ആയ കഥാപാത്രമാണ് ദിലീപിന്റേത്. നിയമക്കുരുക്കിൽ പെടുകയും ലോകം മുഴുവൻ തെറ്റിദ്ധരിക്കപ്പെടുകയും ഒടുവിൽ അറസ്റ്റിലേക്ക് എത്തപ്പെടുകയും ചെയ്യുന്ന അവസ്ഥ അയാൾക്ക് ഉണ്ടാകുന്നുണ്ട്. ദിലീപിന്റെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്ന ചില സാഹചര്യങ്ങളുമായി രാമലീലയിലെ കഥയിൽ സാമ്യമുണ്ടെന്ന് പറയാമെന്ന് സച്ചി വിശദീകരിക്കുന്നു.

എന്നാൽ ഇപ്പോഴത്തെ ദിലീപിന്റെ ജീവിതവുമായി പൂർണമായിട്ടും സാമ്യമില്ല. അങ്ങനെയുള്ള പ്രചാരണങ്ങൾ തെറ്റാണ്. കാരണം 10 മാസം മുൻപാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി പൂർത്തിയാക്കിയത്. ഇപ്പോഴത്തെ സംഭവങ്ങൾ ഉണ്ടായിട്ട് ഏതാനും മാസങ്ങൾ അല്ലേ ആയിട്ടുളൂ. സാഹചര്യ തെളിവുകൾ എതിരാവുക, ജനങ്ങളാൽ വെറുക്കപ്പെടുക ഇതൊക്കെ രാമലീലയിൽ രാമനുണ്ണി അനുഭവിക്കുന്നുണ്ട്. പക്ഷേ ഇപ്പോഴത്തെ സംഭവുമായി അതിന് എന്തെങ്കിലും സാമ്യമുണ്ടായിട്ടുണ്ടെങ്കിൽ അത് ആകസ്മികമാണ്. പിന്നെ ടീസറിൽ പറയുന്ന ഡയലോഗ് അന്വേഷണ ഉദ്യോഗസ്ഥനും ദിലീപും തമ്മിലുള്ളതാണ്. ഇപ്പോൾ പുറത്തിറങ്ങിയ പോസ്റ്ററിൽ കാണുന്ന പോലെ അച്ഛന് ശ്രാദ്ധം ഊട്ടുന്ന ഒരു സീൻ രാമലീലയിലുണ്ട്. പക്ഷേ അതും ആകസ്മികമാണ്. രാമലീലയുടെ ഡബ്ബിങ് സമയത്ത് ഇത് അറം പറ്റിയൊരു സ്‌ക്രിപ്റ്റാണോ എന്ന് കളിയാക്കി ചിരിച്ചുകൊണ്ട് ദിലീപ് ചോദിച്ചിരുന്നു. ആ സമയത്ത് ദിലീപിനെ പ്രതി ചേർത്തിട്ടുണ്ടായിരുന്നില്ല. ആദ്യത്തെ ചോദ്യം ചെയ്യൽ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ.

ദിലീപ് കുറ്റവാളിയാണെന്ന് വിശ്വസിക്കുന്നില്ല. അത്രയ്ക്കും വിഡ്ഢിത്തരം ദിലീപ് കാണിക്കുമെന്ന് വിശ്വസിക്കുന്നില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ഒരാൾ കുറ്റവാളിയാണെന്ന് കോടതിയിലാണ് തെളിയിക്കേണ്ടത്. അതിനുമുൻപ് ചോരയ്ക്കുവേണ്ടി മുറവിളി കൂട്ടരുത്. സിനിമയെ തകർക്കുന്ന പ്രചാരണങ്ങൾ ശരിയല്ല. ദിലീപ് അതിൽ ഒരു അഭിനേതാവ് മാത്രമാണ്. പണം മുടക്കിയ ഒരാളുണ്ട്. ആറു വർഷമായി സ്‌ക്രിപ്റ്റ് എഴുതി കിട്ടാനായി നടന്ന ഒരു പയ്യനുണ്ട് (സംവിധായകൻ അരുൺ ഗോപി). അവന്റെ ആദ്യത്തെ സിനിമയാണ്. അങ്ങനെ ഒരുപാട് പേരുടെ അധ്വാനമുണ്ട്. സിനിമ കാണേണ്ട എന്നുള്ളവർ കാണണ്ട. പക്ഷേ അതിനെ തകർക്കാൻ വേണ്ടി മനഃപൂർവം ശ്രമിക്കരുത്. സിനിമ എന്ന നിലയിൽ ജനങ്ങൾ ഏറ്റെടുത്താൽ രാമലീല വലിയ വിജയമായിരിക്കും. കാരണം ഇതൊരു നല്ല സിനിമയാണെന്നും സച്ചി പറഞ്ഞു.

മലയാള സിനിമയിലെ മികച്ച തിരക്കഥാകൃത്തുക്കളിലൊരാളാണ് സച്ചി. ചോക്ലേറ്റ്, റോബിൻഹുഡ്, സീനിയേഴ്സ് തുടങ്ങി ഹിറ്റ് ചിത്രങ്ങൾ സച്ചി-സോതു കൂട്ടുകെട്ടിൽ പിറന്നവയാണ്. സച്ചി ആദ്യമായി സ്വതന്ത്ര തിരക്കഥ എഴുതിയ ചിത്രമായിരുന്നു റൺ ബേബി റൺ. ചിത്രം വൻഹിറ്റായിരുന്നു. പൃഥ്വിരാജ് അഭിനയിച്ച അനാർക്കലി ചിത്രത്തിലൂടെ സംവിധായകനുമായി. ദിലീപിന്റെ രാമലീല, ബിജു മേനോന്റെ ഷെർലക് ഹോംസ് എന്നിവയാണ് സച്ചി തിരക്കഥ എഴുതിയ ചിത്രങ്ങൾ. ഈ മാസം 28 നാണ് രാമലീല റിലീസ് ചെയ്യുന്നത്. ക്രിമിനൽ അഭിഭാഷകൻ കൂടിയാണ് സച്ചി. എന്നാൽ ഇപ്പോൾ അഭിഭാഷക ജോലിയിൽനിന്നും പൂർണമായും മാറി തിരക്കഥാകൃത്തായി സച്ചി.

മോഹൻലാൽ നായകനായ ഹിറ്റ് ചിത്രം പുലിമുരുകന് ശേഷം ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രമാണ് രാമലീല. ലയണിന് ശേഷം ദിലീപ് രാഷ്ട്രീയ കുപ്പായമണിയുന്ന ചിത്രം. രാമനുണ്ണിയെന്ന ശക്തനായ രാഷ്ട്രീയ നേതാവായാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. രാമനുണ്ണിയുടെ രാഷ്ട്രീയ പ്രവർത്തനവും കുടുംബജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം. സിദ്ദീഖ്, മുകേഷ്, കലാഭവൻ ഷാജോൺ, വിജയരാഘവൻ, സുരേഷ് കൃഷ്ണ, ശ്രീജിത്ത് രവി, അനിൽ മുരളി എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ദിലീപിന്റെ സ്വന്തം സാഹചര്യം ധ്വനിപ്പിച്ചായിരുന്നു രാംലീലയുടെ രണ്ടാം ടീസർ പുറത്തിറങ്ങിയത്. അമ്മയുടെ യോഗത്തിൽ ദിലീപിനെ പിന്തുണച്ച് വിവാദത്തിൽപ്പെട്ട മുകേഷിന്റെ കഥാപാത്രവും ദിലീപിന്റെ നായകകഥാപാത്രവുമാണ് ടീസറിലുള്ളത്. ഭഗവദ്ഗീതയിലെ വിഖ്യാതമായ ശ്ലോകത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ടീസർ.

ദിലീപിന്റെ 'രാമലീല' എന്ന സിനിമ പ്രദർശിപ്പിക്കാനുദ്ദേശിക്കുന്ന തിയറ്ററുകൾ തകർക്കണമെന്ന ആഹ്വാനത്തിനെതിരെ ടോമിച്ചൻ മുളകുപാടം പരാതി നൽകിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗം ജി.പി.രാമചന്ദ്രനെതിരെയാണ് ഐജി പി.വിജയന് ടോമിച്ചൻ പരാതി നൽകിയത്. പൈറസി പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതായും പരാതിയിൽ പറയുന്നു. പരാതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, അമിതാവേശവും വികാരത്തള്ളിച്ചയും മൂലമാണ് ചില അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്തതെന്നും അവ പെട്ടെന്നു തന്നെ പിൻവലിച്ചതായും രാമചന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു. ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ ചിലർ പ്രചരിപ്പിച്ചു വരുന്നതിൽ തനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി.

ദിലീപിന്റെ അറസ്റ്റിനെ തുടർന്ന് പലതവണ മാറ്റിയതിനു ശേഷമാണ് രാമലീല'യുടെ റിലീസ് 28ന് നിശ്ചയിച്ചത്. ചിത്രം തിയറ്ററിൽ പോയി കാണണം എന്നും കാണരുത് എന്നവിധത്തിലുമുള്ള ക്യാംപെയ്‌നുകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഒട്ടേറെ പ്രമുഖരും അനുകൂലപ്രതികൂല പോസ്റ്റുകളും അഭിപ്രായങ്ങളുമായി രംഗത്തു വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP