Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലാലേട്ടന്റെ മുന്തിരിവള്ളികൾ യുകെയിലെ പുലിമുരുകന്റെ റെക്കോഡ് തകർക്കുമോ? പാതി തിയറ്ററുകളിൽ മാത്രം ഓടിയിട്ടും നാലു ദിവസം കൊണ്ട് നേടിയത് ഒരു കോടി രൂപ; ഇറ്റലിയിലും അയർലണ്ടിലും വൻ കുതിപ്പുതന്നെ: ഉലഹന്നാന്റേയും ആനിയമ്മയുടേയും ജീവിതം കണാൻ തറ ടിക്കറ്റ് എടുത്തും യുകെ മലയാളികൾ

ലാലേട്ടന്റെ മുന്തിരിവള്ളികൾ യുകെയിലെ പുലിമുരുകന്റെ റെക്കോഡ് തകർക്കുമോ? പാതി തിയറ്ററുകളിൽ മാത്രം ഓടിയിട്ടും നാലു ദിവസം കൊണ്ട് നേടിയത് ഒരു കോടി രൂപ; ഇറ്റലിയിലും അയർലണ്ടിലും വൻ കുതിപ്പുതന്നെ: ഉലഹന്നാന്റേയും ആനിയമ്മയുടേയും ജീവിതം കണാൻ തറ ടിക്കറ്റ് എടുത്തും യുകെ മലയാളികൾ

കെ ആർ ഷൈജുമോൻ

ലണ്ടൻ : മൂന്നു ദിവസം കൊണ്ട് ഒരു മലയാള സിനിമ യുകെ യിൽ കോടി ക്ലബിൽ എത്തിയിരിക്കുന്നു. ഇതെന്തു മാജിക് എന്ന് മലയാള സിനിമാലോകവും ബോളിവുഡും ഒന്നിച്ചു ചോദിച്ച ദിവസമാണ് ഇന്നലെ കടന്നു പോയത്.

മോഹൻലാൽ ഉലഹന്നാൻ എന്ന സാധാരണ സർക്കാർ ജീവനക്കാരനയി മാറിയപ്പോൾ , അയാൾ തങ്ങളിൽ ഒരുവൻ ആണെന്നും, അയാളെ പോലെ ആകുകയാണ് ജീവിതം ആസ്വദിക്കാൻ ഉള്ള വഴിയെന്നും തിരിച്ചറിഞ്ഞ യുകെ മലയാളികൾ തിയറ്ററിലേക്ക് തള്ളിക്കയറിയപ്പോഴാണ് ഈ മാജിക് സംഭവിച്ചത്.

ആരും പ്രതീക്ഷിക്കാത്ത അത്ഭുത വിജയം സ്വന്തമാക്കിയാണ് ഇപ്പോൾ മോഹൻലാലിന്റെ ഉലഹന്നാനും മീനയുടെ ആനിയും അടങ്ങുന്ന ജീവനുള്ള കഥാപാത്രങ്ങൾ പണം വാരുന്നത്. കേരളത്തിൽ സിനിമസമരം സൃഷ്ട്ടിച്ച പ്രതിസന്ധിക്ക് പിന്നാലെ ആശങ്കയോടെ എത്തിയ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ ആദ്യ ഷോ മുതൽ മലയാളികളുടെ സ്‌നേഹം സ്വന്തമാക്കിയ സാഹചര്യത്തിൽ ചിത്രം യുകെ യിൽ എത്താൻ ആയി കാത്തിരിക്കുകയായിരുന്നു മലയാളി സമൂഹം എന്ന് വക്തമാക്കിയാണ് കഴിഞ്ഞ മൂന്നു ദിവസവും തിയറ്ററുകൾ നിറഞ്ഞത്.

ശിശിരകാല തണുപ്പ് അല്പം ഭേദപ്പെടുകയും ഒരാഴ്ചത്തെ സ്‌കൂൾ അവധിയും ഒന്നിച്ചെത്തിയപ്പോൾ മുന്തിരിവള്ളികൾ പൂത്തു തളിർക്കാൻ അതിലും മികച്ച ഒരന്തരീക്ഷം വേറെ ഇല്ലെന്നു തെളിയിച്ചതാണ് സിനിമ ലോകം ഒന്നടങ്കം ഇപ്പോൾ യുകെ യിലേക്ക് ശ്രദ്ധ തിരിക്കുന്നത്.

ആദ്യ വീക്കെൻഡിൽ മാത്രം പുലിമുരുകൻ നേടിയത് 92,000 പൗണ്ട് കളക്ഷനായിരുന്നു. രണ്ടാം വാരത്തിലും 71 തിയേറ്ററുകളിൽ ഓടിയ സിനിമ 90 ശതമാനം ഇടങ്ങളിലും ഹൗസ്ഫുൾ പ്രദർശനവുമായാണ് മുന്നേറിയത്. ഇതോടെ രണ്ടാം വാരം പൂർത്തിയായപ്പോൾ രണ്ടുലക്ഷം പൗണ്ടിലേറെ നേടുന്ന നിലയിലേക്കാണ് പുലിമുരുകൻ നീങ്ങിയത്.

ഇത്തരത്തിൽ യുകെയിൽ റെക്കോഡുകൾ ഭേദിച്ച് പുലിമുരുകൻ മുന്നേറിയത് വൻ ചർച്ചയായി മാറുകയും ചെയ്തിരുന്നു. എന്നാൽ അതിനെ കവച്ചുവയ്ക്കുന്ന പ്രകടനമാണ് മുന്തിരിവള്ളികൾ നടത്തുന്നതെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ആദ്യ ആഴ്ചതന്നെ പുലിമുരുകന്റേ റെക്കോഡ് ബ്രേക്ക് ചെയ്ത് മുന്തിരിവള്ളികൾ ഒരുകോടി കഌബ്ബിലെത്തിയിരിക്കുകയാണ്. അടുത്തയാഴ്ചയോടെ പുലിമുരുകന്റെ റെക്കോഡിനെ ബഹുദൂരം പിന്നിലാക്കി മുന്തിരിവള്ളികൾ മുന്നേറുമെന്നാണ് റിപ്പോർട്ടുകൾ.

കാണികൾ ഇടിച്ചുകയറുന്നു; വൻ റെക്കോഡ് ഉറപ്പ്‌

ഇന്ത്യയിലും വിദേശത്തും സിനിമകളുടെ കൃത്യമായ നിരീക്ഷണം നടത്തുന്ന തരുൺ ആദർശ് ആദ്യമായി ശ്രദ്ധിച്ച മലയാള സിനിമ എന്ന ലേബലാണ് ഇന്നലെ സോഷ്യൽ മീഡിയ ചർച്ച ചെയ്തത് . സാധാരണ യുകെ യിൽ ബോളിവുഡ് ചിത്രങ്ങളുടെ ആധികാരിക കളക്ഷൻ റിപ്പോർട്ട് നൽകുന്നത് തരുണിന്റെ നെത്ര്വതിൽ ഉള്ള ബോളിവുഡ് ഹങ്കാമയാണ് . ഇതാകട്ടെ , ഒരാഴ്ച പഴക്കമുള്ള റിപ്പോർട്ടാണ് സാധാരണ പ്രസിദ്ധീകരിക്കുക . എന്നാൽ പുലിമുരുകൻ രണ്ടു ലക്ഷം പൗണ്ടിലേറെ സ്വന്തമാക്കി അസാധാരണ വിജയം നേടിയത് മുതൽ യുകെ യിൽ മലയാള സിനിമയും പ്രത്യേക നോട്ടപ്പുള്ളിയായി മാറുക ആയിരുന്നു .

വമ്പൻ പരസ്യ കോലാഹലത്തോടെ എത്തിയ പുലിമുരുകൻ പ്രതീക്ഷിച്ചതിലും മികച്ച വിജയം നേടിയപ്പോൾ മുന്തിരിവള്ളികൾ സകല പ്രതീക്ഷകളും തെറ്റിക്കുന്ന വിജയമാണ്‌സ്വന്തമാക്കുന്നത് . പുലിമുരുകൻ യൂറോപ്പിൽ ഒട്ടാകെ 200 ഓളം തിയറ്ററുകൾ സ്വന്തമാക്കി വേട്ട തുടങ്ങിയപ്പോൾ മുന്തിരിവള്ളികൾ നൂറിലേറെ തിയറ്ററുകളുമായാണ് പടരാൻ തുടങ്ങിയത് . പക്ഷെ കൂടുതൽ കാണികൾ ഓരോ തിയറ്ററിലും ഇടിച്ചു കയറിയതോടെയാണ് ആദ്യ മൂന്നു ദിവസം തന്നെ മുന്തിരിവള്ളിക്കും റെക്കോർഡ് കളക്ഷൻ കിട്ടാൻ കാരണമായത് .

ആദ്യ ആഴ്ചത്തെ വരുമാനമായി 81000 പൗണ്ടിലേറെ മുന്തിരി വള്ളി സ്വന്തമാക്കിയപ്പോൾ എക്‌സലന്റ് സ്റ്റാർട്ട് ഇൻ യുകെ എന്ന വിശേഷണമാണ് തരുൺ നൽകിയിരിക്കുന്നത് . ഇതോടെ യുകെയിലെ ഇന്ത്യൻ സിനിമ കളക്ഷനിൽ ആദ്യ ആഴ്ചത്തെ റിപ്പോർട്ടിൽ ഇപ്പോൾ മുന്തിരിവള്ളികൾ രണ്ടാം സ്ഥാനത്താണ് . അക്ഷയകുമാറിന്റെ ജോളി എൽ എൽ ബി 2 ആണ് ഒന്നാം സ്ഥാനത്തു . ഒരർത്ഥത്തിൽ യുകെ യിലെ ഒട്ടുമിക്ക മലയാള ചിത്രങ്ങളുടെയും വിതരണക്കാരായ പിജെ എന്റർടൈന്മെന്റിനെ പോലും ഞെട്ടിക്കുന്ന വിജയമാണ് മുന്തിരിവള്ളികൾ സമ്മാനിച്ചിരിക്കുന്നത് .

ഇറ്റലിയിലും അയർലണ്ടിലും ആവേശമായപ്പോൾ യുകെ യിൽ പരക്കം പാച്ചിൽ

യൂറോപ്പിൽ ഒന്നിച്ചു റിലീസ് ചെയ്ത പി ജെ എന്റർടൈന്മെന്റിനെ അതിശയിപ്പിച്ചു അയര്‌ലന്ഡിലും ഇറ്റലിയിലും കൂട്ടമായി മലയാളി സമൂഹം ചിത്രം കാണാൻ എത്തിയപ്പോൾ സീറ്റ് കിട്ടാതെ തറയിലിരുന്നാണ് പലരും ചിത്രം കണ്ടത് . ഈ കാഴ്ചകൾ സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ മുന്തിരിവള്ളികളുടെ ഔദ്യോഗിക വിതരണക്കാർ തന്നെ ഈ വിശേഷം കേരളത്തിലും ചർച്ചയാക്കുകയാണ് . എന്നാൽ ഇക്കാര്യം പുറത്തറിയും മുൻപ് തന്നെ യുകെ യിൽ മുന്തിരിവള്ളികൾ പൂത്തു തുടങ്ങിയിരുന്നു.

ഒട്ടേറെ സ്ഥലങ്ങളിൽ ഓൺ ലൈൻ ബുക്കിങ്ങുകൾ ക്‌ളോസ് ചെയ്തതോടെ അനേകം മൈലുകൾ വാഹനമോടിച്ചു ആദ്യ ആഴ്ച തന്നെ ചിത്രം കാണാൻ ആളുകൾ മത്സരിക്കുന്ന കാഴ്ചയാണ് ശ്രദ്ധ നേടിയത് . പതിവ് വിട്ടു അടുത്തടുത്ത പട്ടണങ്ങളിൽ പോലും ചിത്രം പല ദിവസം പ്രദർശിപ്പിക്കാൻ തയ്യാറായ പിജെയുടെ കണക്കു കൂട്ടൽ തെറ്റിയില്ല . കവൻട്രിയും ലെസ്റ്ററും റഗ്‌ബിയും തമ്മിൽ വിളിപ്പാടകലം മാത്രമുള്ളപ്പോൾ മൂന്നിടത്തും കാണികൾ ഒരേ പോലെ ആവേശം കാട്ടിയ കാഴ്ച മറ്റു പലയിടത്തും ആവർത്തിക്കപ്പെട്ടു. ഗ്ലോസ്ടരിൽ ടിക്കറ്റ് കിട്ടാത്തവർ വൂസ്റ്ററിലും മാഞ്ചസ്റ്ററിൽ അസൗകര്യം നേരിട്ടവർ ബോൾട്ടണിലും എത്തി സിനിമ കണ്ട ആവേശമാണ് ഇപ്പോൾ ലഭിക്കുന്നത് .

മോഹൻലാൽ എന്തുകൊണ്ട് യുകെ യിൽ തുടർച്ചയായ വിജയം ആഘോഷിക്കുന്നു ?

തുടർച്ചയായ നാല് വിജയ ചിത്രങ്ങളാണ് മോഹന്‌ലാലില്‌ന്റെ പേരിൽ യുകെ യിൽ കുറിക്കപ്പെട്ടിരിക്കുന്നത് . നാലും ഒരു ലക്ഷം പൗണ്ടിലേറെ സ്വന്തമാക്കി കോടി ക്ലബ് എന്ന എലൈറ്റ് സ്ഥാനം സ്വന്തമാക്കുകയും ചെയ്തു . ദൃശ്യം മുതൽ തുടങ്ങിയ ഈ പ്രതിഭാസം ഒപ്പവും പുലിമുരുകനും പിന്നിട്ടാണ് ഇപ്പോൾ നാലാം ചിത്രമായ മുന്തിരിവള്ളികളിൽ എത്തി നിൽക്കുന്നത് . പ്രധാനമായും കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന ചിത്രങ്ങൾ എന്നത് തന്നെയാണ് ഇവയുടെ വിജയത്തിന്റെ അടിസ്ഥാനം.

മാത്രമല്ല , യുകെ സെൻസർ ബോർഡിന്റെ നിയമം അനുസരിച്ചു കുടുംബം ഒന്നടങ്കം കാണാനുള്ള സർട്ടിഫിക്കറ്റ് നേടിയെടുക്കാൻ കഴിഞ്ഞതും പ്രധാനമാണ് . ചെറിയ അക്രമ രംഗങ്ങൾ പോലും കുടുംബ സിനിമയായി അംഗീകരിക്കാൻ യുകെ സെൻസർ ബോർഡ് തയ്യാറാകാത്തത് ഇത്തരം ചിത്രങ്ങൾ പ്രദർശനത്തിന് എത്തിച്ചാൽ സാമ്പത്തിക വിജയം കണ്ടെത്താൻ യുകെ യിൽ തടസ്സമായി മാറും എന്നുറപ്പാണ് . ഇയ്യിടെ പുറത്തു വന്ന പൃഥ്‌വി രാജിന്റെ ഇസ്ര എന്ന ചിത്രം പോലും ഇത്തരത്തിൽ സെൻസർ ബോർഡ് അംഗീകാരം നേടിയെടുക്കും എന്നുറപ്പില്ലാത്തതിനാൽ ആണ് വിതരണക്കാർ മടിച്ചു നിൽക്കുന്നത് .

അമേരിക്കക്കാരെ കടത്തിവെട്ടി യുകെ മലയാളികൾ

എണ്ണത്തിൽ യുകെ മലയാളികളെ അപേക്ഷിച്ചു ഏറെ മുന്നിലാണ് അമേരിക്കക്കാർ എങ്കിലും മിക്ക മലയാള സിനിമയുടെ കളക്ഷനിലും അടുത്തിടെയായി യുകെ മലയാളികളാണ് മുന്നിൽ . ഇക്കാര്യം മലയാള സിനിമ വൃത്തങ്ങളിലും ഇപ്പോൾ ചർച്ച വിഷയമാണ് . മലയാളികൾ തിങ്ങി നിറഞ്ഞ ഗൾഫിൽ കിട്ടുന്ന വിധം തന്നെയുള്ള പ്രതികരണമാണ് യുകെ യിലും ലഭിക്കുന്നത് . മുന്തിരി വള്ളികൾ അമേരിക്കയിലെ പതിനൊന്നു പ്രധാന പട്ടണങ്ങളിൽ റിലീസ് ചെയ്തപ്പോൾ ആദ്യ ആഴ്ച കണ്ടെത്താൻ കഴിഞ്ഞത് വെറും 34 ലക്ഷം രൂപയാണ്.

രണ്ടാം ആഴ്ചത്തെ കണക്കു ലഭ്യമാകുമ്പോൾ കുറച്ചു കൂടി ഭേദപ്പെട്ട തുകയാണ് അമേരിക്കയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത് . രണ്ടാം ആഴ്ച 63 ലക്ഷം രൂപ കണ്ടെത്താൻ ആയതോടെ അവിടെയും ഒരു കോടി പിന്നിട്ടു കഴിഞ്ഞു . എന്നാൽ യുകെയിൽ സിനിമ എത്തിയപ്പോൾ നൂറിലേറെ ഇടങ്ങളിൽ റിലീസ് ചെയ്താണ് 70 ലക്ഷത്തോളം രൂപ മൂന്നു ദിവസം കൊണ്ട് കണ്ടെത്തിയത് . ഇക്കഴിഞ്ഞ വെള്ളി , ശനി , ഞായർ ദിവസങ്ങളിലെ കണക്കുകൾ ചേർന്നപ്പോൾ എത്തിയ സംഖ്യയാണിത് . ഈ ആഴ്ച മിക്ക ദിവസങ്ങളിലും പ്രധാന പട്ടണങ്ങളിൽ മുന്തിരി വള്ളി പൂത്തു തളിർക്കുന്നതിനാൽ ആഴ്ച അവസാന കണക്കിൽ കളക്ഷൻ തുക ഒരു കോടി പിന്നിടും എന്നുറപ്പാണ് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP