Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എട്ടുനിലയിൽ പൊട്ടിയ 'ഫ്ളാഷ്' എന്റെ തലയിൽ കെട്ടിവച്ചത്; പണി കിട്ടിയപ്പോഴും മോഹൻലാൽ കൂടെ നിന്നു; പുലിമുരുകനിൽ ലാൽ പ്രതിഫലം പോലും വാങ്ങിയത് അവസാനം; സിനിമാ നിർമ്മാണത്തിലെ ഉയർച്ച താഴ്‌ച്ചകൾ ഓർത്തെടുക്കുന്നു ടോമിച്ചൻ മുളകുപാടം

എട്ടുനിലയിൽ പൊട്ടിയ 'ഫ്ളാഷ്' എന്റെ തലയിൽ കെട്ടിവച്ചത്; പണി കിട്ടിയപ്പോഴും മോഹൻലാൽ കൂടെ നിന്നു; പുലിമുരുകനിൽ ലാൽ പ്രതിഫലം പോലും വാങ്ങിയത് അവസാനം; സിനിമാ നിർമ്മാണത്തിലെ ഉയർച്ച താഴ്‌ച്ചകൾ ഓർത്തെടുക്കുന്നു ടോമിച്ചൻ മുളകുപാടം

മറുനാടൻ മലയാളി ഡസ്‌ക്‌

കൊച്ചി: 2007 ൽ മോഹൻലാൽ നായകനായി മുളകുപാടം ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ സിബി മലയിൽ ചിത്രമായ ഫ്ളാഷ് തന്റെ തലയിൽ കെട്ടിവച്ചതായിരുന്നുവെന്ന് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം പറഞ്ഞു.പലരും ഉപേക്ഷിച്ച ചിത്രമായിരുന്നു അത്. 45 ലക്ഷം മുടക്കിയാൽ മതിയെന്ന് പറഞ്ഞിട്ട് ഒന്നേമുക്കാൽ കോടിയാണ് നഷ്ടമായത്.

'പക്ഷെ, മോഹൻലാൽ എന്റെ കൂടെ നിന്നു. ഫ്ളാഷിനു പകരം മറ്റൊരു ചിത്രം ചെയ്യാമെന്ന് അന്ന് മോഹൻലാൽ പറഞ്ഞിരുന്നു... ടോമിച്ചൻ മുളകുപാടം ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പുലിമുരുകന് മുമ്പ് ഞാൻ നിർമ്മിക്കുകയും വിതരണത്തിനെടുക്കുകയും ചെയ്ത നാല് സിനിമകൾ പരാജയപ്പെട്ടിരുന്നു. പത്തുകോടിയാണ് നഷ്ടമുണ്ടായത്. സിനിമ, വിജയപരാജയങ്ങൾ നിശ്ചയിക്കാവുന്ന ബിസിനസ്സല്ല.ചിലപ്പോൾ ഒരു രൂപ പോലും കിട്ടാതിരിക്കാമെന്നു മാത്രമല്ല,വൻ നഷ്ടവും ഉണ്ടാകും.പുലിമുരുകനിൽ ഞാൻ തകരുമെന്നായിരുന്നു പലരും കരുതിയിരുന്നത്. സാമ്പത്തികമായി ഞാൻ ചെറിയ പ്രശ്‌നത്തിൽ പെട്ടിരുന്നു എന്നത് സത്യമാണ്. ഗൾഫിലാണ് എന്റെ പ്രധാന ബിസിനസ്സ്,അവിടെ പ്രതിസന്ധിയുണ്ടായതും സാമ്പത്തിക ഞെരുക്കത്തിനു കാരണമായി. 12 കോടി പ്രതീക്ഷിച്ച പുലിമുരുകന് 35 കോടിയാണ് ചെലവായത്. 180 ദിവസം ചിത്രീകരിച്ചു. പല സുഹൃത്തുക്കളുടെയും സാമ്പത്തിക സഹായം ഉണ്ടായതുകൊണ്ടാണ് എനിക്ക് പുലിമുരുകൻ വിചാരിച്ച രീതിയിൽ ചിത്രീകരിക്കാൻ കഴിഞ്ഞത്. ആ സിനിമ അർഹിക്കുന്ന തരത്തിൽ പ്രമോട്ട് ചെയ്തതും ഈ ഗംഭീര വിജയത്തിനു കാരണമായി. മോഹൻലാലും ആന്റണി പെരുമ്പാവൂരും സഹകരിച്ചു. പ്രതിഫലംപോലും മോഹൻലാൽ അവസാനമാണ് വാങ്ങിയത്.

ഈ ബിസിനസ്സിനെക്കുറിച്ച് നന്നായി പഠിച്ചില്ലെങ്കിൽ നഷ്ടം ഉറപ്പാണ്. പണം പലിശക്കെടുത്ത് സിനിമ പിടിക്കാൻ ഇറങ്ങിയാൽ അവസാനം ചെന്നെത്തുക ആത്മഹത്യയിലായിരിക്കും. സിനിമയെന്നല്ല ഒരു ബിസിനസ്സിനെക്കുറിച്ചും ഞാൻ കൂടുതലൊന്നും ഫാമിലിയിൽ പറയാറില്ല. പക്ഷെ, പുലിമുരുകനിൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ ഭാര്യ എന്നോട് സിനിമാ ബിസിനസ്സിൽ മുടക്കുന്ന പണത്തെക്കുറിച്ച് ശ്രദ്ധ വേണമെന്ന് പറഞ്ഞു. പുലിമുരുകൻ എന്ന് സിനിമ നിങ്ങളെല്ലാം കരുതുന്നതുപോലെ ലാഭം മാത്രമല്ല നൽകിയത്. മലയാള സിനിമയിൽ ബിഗ് ബ്ജറ്റ് ചിത്രങ്ങൾ ചെയ്യാനുള്ള കോൺഫിഡൻസ് മറ്റ് നിർമ്മാതാക്കൾക്ക് ഉണ്ടായി.

രാമലീലയെ വിവാദങ്ങൾ ഒന്നും ബാധിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ആ സബ്ജക്ടിൽ ഉണ്ടായിരുന്ന വിശ്വാസമാണ് എന്നെക്കൊണ്ട് ആ ചിത്രം നിർമ്മിക്കുവാൻ പ്രേരിപ്പിച്ചത്. ദിലീപിന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന രീതിയിലൊക്കെ പ്രചാരണം വന്നുവെന്നത് ശരിയാണ്. പക്ഷെ അതു മാത്രമല്ല വിജയകാരണം, സിനിമ നല്ലതായിരുന്നു. അരുൺ ഗോപിയത് നല്ല രീതിയിൽ ചിത്രീകരിക്കുകയും ചെയ്തു. നല്ല കഥയാണെങ്കിൽ സിനിമ വിജയിക്കും എന്നാണെന്റെ വിശ്വാസം.

വാരിക്കോരി സിനിമ ചെയ്യുന്നതല്ല എന്റെ രീതി. കഥ, സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ, ഇതൊക്കെ പ്രാധാനമാണ്. ഈ ഘടകങ്ങൾ എല്ലാം ഒത്തു വന്നാൽ മാത്രമേ നിർമ്മാണത്തെക്കുറിച്ച് ചിന്തിക്കുക. ഫ്ളാഷിൽ സംഭവിച്ചത് ഇനിയും ആവർത്തിക്കാതിരിക്കാനാണ് മുൻകരുതലെന്നും ടോമിച്ചൻ മുളകുപാടം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP