Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദിലീപിനെ തിരിച്ചെടുക്കുമോ എന്നറിയാൻ എല്ലാവർക്കും ആകാംക്ഷ ഉണ്ടായിരുന്നു; അത് ചോദിക്കാൻ ആർക്കും ധൈര്യമില്ലാതെ വന്നപ്പോഴാണ് ഞാൻ ചോദിച്ചത്; തിരിച്ചെടുക്കുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ എന്ന് ചോദിച്ചപ്പോൾ ആരും മിണ്ടിയില്ല; തിരിച്ചെടുക്കണം എന്ന അഭിപ്രായമുണ്ടോ എന്ന് ചോദിച്ചപ്പോൾ എല്ലാവരും കയ്യടിച്ചു: ആ ചോദ്യം ചോദിച്ചതെങ്ങനെയെന്ന് തുറന്നുപറഞ്ഞ് ഊർമ്മിള ഉണ്ണി

ദിലീപിനെ തിരിച്ചെടുക്കുമോ എന്നറിയാൻ എല്ലാവർക്കും ആകാംക്ഷ ഉണ്ടായിരുന്നു; അത് ചോദിക്കാൻ ആർക്കും ധൈര്യമില്ലാതെ വന്നപ്പോഴാണ് ഞാൻ ചോദിച്ചത്; തിരിച്ചെടുക്കുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ എന്ന് ചോദിച്ചപ്പോൾ ആരും മിണ്ടിയില്ല; തിരിച്ചെടുക്കണം എന്ന അഭിപ്രായമുണ്ടോ എന്ന് ചോദിച്ചപ്പോൾ എല്ലാവരും കയ്യടിച്ചു: ആ ചോദ്യം ചോദിച്ചതെങ്ങനെയെന്ന് തുറന്നുപറഞ്ഞ് ഊർമ്മിള ഉണ്ണി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ദിലീപിനെ തിരിച്ചെടുക്കുന്നുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ എന്ന് ചോദിച്ചപ്പോൾ ആരും ഒന്നും മിണ്ടിയില്ലെന്നും തിരിച്ചെടുക്കണമെന്ന അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് എല്ലാവരും കയ്യടിച്ചെന്നും താരസംഘടനയായ അമ്മയുടെ യോഗത്തിൽ നടന്ന കാര്യങ്ങൾ തുറന്നുപറഞ്ഞ് നടി ഊർമ്മിള ഉണ്ണി. ദിലീപിനെ തിരിച്ചെടുക്കുന്നുണ്ടോ ഇല്ലയോ എന്ന ചോദ്യം ഊർമ്മിള ഉണ്ണിയാണ് അമ്മ യോഗത്തിൽ ഉന്നയിച്ചതെന്ന വിവരം പുറത്തുവരികയും ഇത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചയാവുകയും ചെയ്ത സാഹചര്യത്തിലാണ് ഇക്കാര്യം നടി തുറന്നുപറയുന്നത്.

താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗം ഇന്നലെ കൊച്ചിയിലെ ക്രൗൺ പ്‌ളാസയിൽ നടന്നത് ശക്തമായ ഇരുമ്പുമറയിലായിരുന്നു. ഒരു മാധ്യമത്തെ പോലും ്അടുപ്പിക്കാതെയായിരുന്നു യോഗം. എന്നാലും യോഗത്തിലെ സംഭവങ്ങൾ മറുനാടൻ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.

ഉച്ചഭക്ഷണത്തിന് തൊട്ടു മുമ്പാണണ് ദിലീപ് വിഷയം യോഗത്തിൽ സദസ്സിൽ നിന്ന് ഉയർന്നത്. ദിലീപിനെ തിരിച്ചെടുക്കുന്നുണ്ടോ എന്ന ചോദ്യം വനിതാ അംഗമായ ഊർമിളാ ഉണ്ണിയെക്കൊണ്ടാണ് വേദിയിൽ ഉയർത്തിയത്. ഇതിന് മറുപടിയായി ദിലീപിനെ പുറത്താക്കിയത് നിയമപരമല്ലെന്നും പുറത്താക്കിയതിന് എതിരെ ദിലീപ് കോടതിയിൽ പോയാൽ സംഘടന കുടുങ്ങുമെന്നുമായിരുന്നു മറുപടി. പുറത്താക്കാനുള്ള നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അതിനാൽ ചട്ടപ്രകാരമല്ല പുറത്താക്കൽ തീരുമാനമെന്നും പറഞ്ഞാണ് നടപടി പിൻവലിച്ച് ദിലീപിന് അമ്മയിലേക്ക് വീണ്ടുമെത്താൻ അവസരമൊരുക്കിയത്.

താൻ അങ്ങനെയൊരു ചോദ്യം ചോദിച്ചതിന്റെ പിന്നിലെ പ്രചോദനം എന്തായിരുന്നെന്ന് തുറന്നുപറയുകയാണ് ഊർമ്മിള ഉണ്ണി. ദിലീപിനെ തിരിച്ചെടുക്കണമെന്ന മട്ടിൽ യോഗത്തിൽ ഊർമിള ഉണ്ണി ആവശ്യപ്പെട്ടുവെന്ന തരത്തിൽ ഇക്കാര്യം പ്രചരിച്ചതോടെ യോഗത്തിൽ സംഭവിച്ചതെന്തെന്ന് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ് താരം.

യോഗം അവസാനിക്കാറായ സമയത്ത് ഇനി ചോദ്യങ്ങൾ ബാക്കിയുണ്ടോ എന്ന് വേദിയിലുള്ളവർ ചോദിച്ചു. സ്വാഭാവികമായും ദിലീപിന്റെ കാര്യത്തിൽ എല്ലാവർക്കും ആകാംക്ഷ ഉണ്ടായിരുന്നു. ദിലീപിനെ തിരിച്ചെടുക്കുന്നുണ്ടോ എന്നൊക്കെ അറിയാൻ താൽപര്യവും ഉണ്ടായിരുന്നു. എന്നാൽ ആർക്കും ചോദിക്കാൻ ധൈര്യമുണ്ടായിരുന്നില്ല.

ഇനി ചോദ്യമുണ്ടോ എന്ന് ആരാഞ്ഞപ്പോൾ എല്ലാവരും കൂടി ദിലീപിന്റെ കാര്യം ഉന്നയിക്കണമെന്ന് നിർബന്ധിച്ചു. ഇത് ചോദിക്കാൻ എഴുന്നേറ്റ് നിന്നപ്പോൾ വേദിയിലേക്ക് കയറി വന്ന് മൈക്കിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു. വേദിയിൽ കയറിയ ഞാൻ 'നമ്മുടെ സംഘടന ദിലീപിനെ തിരിച്ചെടുക്കുന്നുണ്ടോ ഇല്ലയോ എന്നറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ട്' എന്ന പറഞ്ഞ് അക്കാര്യം ചോദിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഊർമിള ഉണ്ണി അഭിമുഖത്തിൽ പറയുന്നത്. ഇതിനെ മാധ്യമങ്ങൾ വളച്ചൊടിച്ചതായും താൻ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടെന്ന രീതിയിലാണ് വാർത്തകൾ വന്നതെന്നും ഊർമ്മിള ആരോപിക്കുന്നു.

ആരും എതിരഭിപ്രായം പറഞ്ഞില്ല

ദിലീപിന്റെ കാര്യത്തിൽ സംഘടനയുടെ തീരുമാനം എന്താണെന്ന് അറിയാൻ താൽപര്യമുണ്ടെന്ന ചോദ്യത്തെ കയ്യടികളോടെയാണ് അവിടെ ഉണ്ടായിരുന്നവർ സ്വീകരിച്ചത്. വൈകുന്നേരം ചേരുന്ന നിർവാഹക സമിതി യോഗത്തിൽ ഇക്കാര്യം തീരുമാനിക്കാമെന്ന മറുപടിയും ലഭിച്ചു.

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതിൽ ആർക്കെങ്കിലും എതിരഭിപ്രായം ഉണ്ടോയെന്ന ചോദ്യത്തിന് ആരും ഒന്നും പറഞ്ഞില്ല. എല്ലാവരും മിണ്ടാതെ ഇരുന്നു. എന്നാൽ ദിലീപിനെ തിരിച്ചെടുക്കണം എന്ന അഭിപ്രായമുണ്ടോ എന്ന് ചോദിച്ചപ്പോൾ എല്ലാവരും കയ്യടിച്ചു. പത്രക്കാരുടെ ഭാഷയിൽ കയ്യടിച്ച് പാസാക്കി എന്ന് വേണമെങ്കിൽ പറയാം. - ഇതാണ് ദിലീപിനെ തിരിച്ചെടുത്തതിനെ പറ്റി നടിക്ക് പറയാനുള്ളത്.

അതേസമയം, ഈ ചോദ്യം ഉന്നയിച്ചതിന് താൻ വിമർശനം നേരിട്ടതായും താരം പറയുന്നു. ദിലീപിനെ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടത് ഞാനാണെന്ന വാർത്ത വന്നതിന് ശേഷം സാമൂഹ്യമാധ്യമങ്ങളിൽ നിരവധി മോശം കമന്റുകൾ വന്നു. അതിനോട് പ്രതികരിക്കാൻ താൽപര്യമില്ല. എന്തെങ്കിലും അഭിപ്രായം പറയാൻ പലർക്കും പേടിയാണ്. വീട്ടുകാർ നിരുത്സാഹപ്പെടുത്തും. എനിക്ക് പക്ഷേ, എന്റെ കുടുംബം മുഴുവൻ പിന്തുണയും തരുന്നുണ്ട്. ഞാൻ മീറ്റിങിൽ പറഞ്ഞതിന്റെ വിഡിയോ ആരും എടുത്തിരുന്നില്ല. അതുണ്ടായിരുന്നെങ്കിൽ ഞാൻ ഷെയർ ചെയ്യുമായിരുന്നു. അതിൽ നിന്ന് കാര്യങ്ങൾ വ്യക്തമാകുമായിരുന്നു.

നടിയെക്കുറിച്ച് ആരും ഒന്നും പറഞ്ഞില്ല

ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് ആരും ചർച്ച ചെയ്തില്ല. ആ കുട്ടിയുടെ പേര് പോലും ആരും പരാമർശിച്ചില്ല. അവർ ഇപ്പോൾ വിവാഹിതയായി നല്ല ജീവിതം നയിക്കുകയല്ലേ. അവരെ എന്തിന് ശല്യം ചെയ്യണം എന്ന് കരുതിക്കാണും. അവരെ ആരും പുറത്തിക്കിയിട്ടില്ലല്ലോ. പിന്നെ, കേസിന്റെ കാര്യങ്ങൾ കൃത്യമായി നടക്കുന്നുണ്ടല്ലോ. അതുകൊണ്ടാവണം ആരും ആ വിഷയം സംസാരിച്ചില്ല. യോഗത്തിൽ ആരും ഡബ്ല്യുസിസിയെക്കുറിച്ചും ഒന്നും സംസാരിച്ചില്ല. നേരത്തെ സംഘടന രൂപീകരിക്കപ്പെട്ടതിന് ശേഷം അന്നത്തെ പ്രസിഡന്റ് ഇന്നസെന്റ് സംഘടനക്ക് പൂർണ പിന്തുണ അറിയിച്ചിരുന്നു. അതൊരു തെറ്റായ സംഘടനയല്ല. അമ്മയിൽ നിന്ന് പിരിഞ്ഞ് പോയി രൂപീകരിച്ചതുമല്ല. സ്ത്രീകളുടെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ഒന്നാണ് അത്. അല്ലാതെ വെറുതെ വഴക്ക് ഉണ്ടാക്കാൻ ഒരു പാർവതിയും ഒരു മഞ്ജു വാര്യരും ശ്രമിച്ചിട്ടില്ല.

ഇത്തവണ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പൊതുവെ പങ്കാളിത്തം കുറവായിരുന്നു. ഡബ്ല്യുസിസി അംഗങ്ങളാരും വന്നിരുന്നില്ല. വേറെയും കുറെ താരങ്ങൾക്ക് എത്താൻ കഴിഞ്ഞില്ല. എന്നാൽ, പകുതിയിലധികം അംഗങ്ങൾ വന്നിരുന്നില്ലെന്ന് പറയുന്നത് ശരിയല്ല. അതിൽക്കൂടുതൽ പേർ മീറ്റിംഗിന് എത്തിയിരുന്നുവെന്നും അഭിമുഖത്തിൽ ഊർമിള ഉണ്ണി വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP