Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖിൽജി സുൽത്താനും റാണി പത്മാവതിയും തമ്മിൽ എന്തു ബന്ധം? യഥാർത്ഥ കഥയ്ക്കൊപ്പം കഥാകൃത്തിന്റെ ഭാവനയും ചാലിക്കുന്നതാണ് സിനിമകൾ; എന്നിട്ടും ദീപികയ്ക്കും സഞ്ജയ് ലീലാ ബൻസാലിക്കും നേരെ വാളെടുക്കുന്നവർ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ

ഖിൽജി സുൽത്താനും റാണി പത്മാവതിയും തമ്മിൽ എന്തു ബന്ധം? യഥാർത്ഥ കഥയ്ക്കൊപ്പം കഥാകൃത്തിന്റെ ഭാവനയും ചാലിക്കുന്നതാണ് സിനിമകൾ; എന്നിട്ടും ദീപികയ്ക്കും സഞ്ജയ് ലീലാ ബൻസാലിക്കും നേരെ വാളെടുക്കുന്നവർ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ

മറുനാടൻ മലയാളി ഡസ്‌ക്

ന്ത്യൻ ചരിത്രങ്ങൾ സിനിമയായി മാറുന്നത് ഇന്നും ഇന്നലെയും അല്ല. ചരിത്രത്തിലെ വീരപുരുഷന്മാരും സ്ത്രീകളും വെള്ളിത്തിരയിലേക്ക് എത്തുന്നതും ഇതാദ്യമല്ല. എന്നാൽ കേവലം ഒരു സിനിമയുടെ പേരിൽ ബാലിശമായ വാദങ്ങൾ ഉയർത്തി ജനങ്ങൾ തെരുവിലിറങ്ങുമ്പോൾ പത്മാവതിയും ചരിത്രവും പരിശോധിക്കപ്പെടേണ്ട ഒന്നു തന്നെയാണ്.

ജഹാംഗീറും അനാർക്കലിയും, അക്‌ബറും ജോധയും എല്ലാം വെള്ളിത്തിരയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തി തങ്ങളുടെ പ്രണയ കഥകൾ പറഞ്ഞു പോയതാണ്. യഥാർത്ഥകഥയ്‌ക്കൊപ്പം കഥാകൃത്തിന്റെ ഭാവനയും ചാലിച്ചാണ് ഈ സിനിമകളും ഒക്കെ നിർമ്മിച്ചിരിക്കുന്നത്. എന്നിട്ടും എന്തേ അപ്പോഴൊന്നും ഇല്ലാത്ത രോഷം ജനം പത്മാവതിക്ക് നേരെ ഉയർത്തുന്നത്. യഥാർത്ഥത്തിൽ പത്മാവതി ആരെന്ന് പോലും അറിയാതെയാണ് പലരും ഈ സിനിമയ്ക്ക നേരെ വാൾ ഓങ്ങുന്നത് വേണം കരുതാൻ.

പത്മാവതി രാഷ്ട്രമാതാവാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചു. എന്നാൽ എങ്ങിനെയാണ് പത്മാവതി രാഷ്ട്രമാതാവായത്. ശ്രീലങ്കയിൽ ജനിച്ച് വളർന്ന് ചിറ്റോറിലെ രാജകുമാരൻ വിവാഹം ചെയ്ത് ഇന്ത്യയിലെത്തിയ പത്മാവതി എങ്ങിനെയാണ് രാഷ്ട്രമാതാവായി മാറുക. പത്മാവതിയെക്കുറിച്ചുള്ള വിവാദത്തിന് തീകൊളുത്തിയപ്പോൾതന്നെ മുഗളചരിത്രത്തിലും രജപുത്ര ചരിത്രത്തിലും അവഗാഹമുള്ളവർ എടുത്തുപറഞ്ഞ ഒരു വസ്തുത, പത്മാവതി ഒരു ചരിത്രകഥാപാത്രമേ അല്ല എന്നതാണ്യ

സൂഫി കവി മാലിക് മുഹമ്മദ് ജയാസിയുടെ പത്മാവതി എന്ന സൃഷ്ടിയിലൂടെയാണ് പത്മാവതി പ്രസിദ്ധയും ആദരണീയയായി മാറുന്നതും. അതും അലാവുദ്ദീൻ ഖിൽജിയുടെ കാലശേഷം രണ്ട് നൂറ്റാണ്ടുകൾക്കും ഇപ്പുറം. ആ പത്മാവതി എങ്ങിനെയാണ് അലാവുദ്ദീൻ ഖിൽജിക്ക് പ്രിയപ്പെട്ടവളായി മാറുന്നത്. മാത്രമല്ല അലാവുദ്ദീൻ ഖിൽജിയെ കുറിച്ചുള്ള ചരിത്രം പരിശോധിച്ചാൽ എവിടെയും പത്മാവതിയെ കുറിച്ച് പറയുന്നുമില്ല.
അലാവുദ്ദീൻ ഖൽജിയുടെ പല നയങ്ങളെയും വിമർശിക്കുകയും സ്വഭാവവൈകൃതങ്ങൾ അനാവൃതമാക്കുകയും ചെയ്ത ബറാനി, റാണിയെ കാംക്ഷിച്ചാണ് ചിറ്റോർ കോട്ട ആക്രമിച്ചതെങ്കിൽ അത് തുറന്നുപറയുകതന്നെ ചെയ്യുമായിരുന്നു. ആ ദിശയിൽ ഒരു സൂചനപോലും നൽകുന്നില്ല എന്നതിൽനിന്നുതന്നെ പിൽക്കാലത്ത് പ്രചരിച്ച കെട്ടുകഥ മാത്രമാണ് പത്മാവതിയുടേതെന്ന് അനുമാനിക്കേണ്ടിവരും. അലാവുദ്ദീൻ ഹിന്ദുറാണിമാരെ പത്‌നിമാരാക്കിയ കഥ ഇതേ ചരിത്രകാരൻ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നുണ്ട്.

ജയാസിയുടെ കെട്ടുകഥകൾ നിറഞ്ഞ കവിതയാണ് പത്മാവതിയെ കുറിച്ചുള്ള ഏറ്റവും ആദ്യത്തെ പരാമർശം. സിങ്കാൾ (ശ്രീലങ്ക) രാജാവിന്റെ മകളായിരുന്നു പത്മാവതി. പത്മാവതിയുടെ പ്രിയപ്പെട്ട സുഹൃത്തായിരുന്നത് ഹിരാമൻ എന്ന തത്തയായിരുന്നു. നന്നായി സംസാരിക്കുന്ന ഹിരാമനും പത്മാവതിയും തമ്മിലുള്ള സൗഹൃദം പത്മാവതിയുടെ പിതാവിന് തീരെ ഇഷ്ടമായിരുന്നില്ല. ഇതോടെ ഈ തത്തയെ കൊല്ലാൻ പത്മാവതിയുടെ പിതാവ് തീരുമാനിക്കുകയും ചെയ്തു. ഇതോടെ കൊട്ടാരം വിട്ട് പറന്നു പോയ ഹിരാമൻ ഒരു തത്ത വിൽപ്പനക്കാരന് കിട്ടുകയും അതുവഴി ചിറ്റോർ കൊട്ടാരത്തിൽ എത്തുകയുമായിരുന്നു.

കൊട്ടാരത്തിലെത്തിയ ഹിരാമൻ രജപുത്ര രാജാവായ രത്തൻ സെന്നിനോട് പത്മാവതിയുടെ സൗന്ദര്യത്തെ കുറിച്ച് മാത്രമേ പറയാനുണ്ടായിരുന്നുള്ളു. ഹിരാമന്റെ സൗന്ദര്യ വർണ്ണനയിലൂടെ പത്മാവതിയെ സ്‌നേഹിക്കുന്ന രത്തൻ സിങ് സിങ്കാൾ ആക്രമിച്ച് പത്മാവതിയെ സ്വന്തമാക്കാൻ പുറപ്പെടുകയും ചെയ്തു. ഇങ്ങനെയാണ് പത്മാവതിയുടെ കഥ തുടങ്ങുന്നത്.

പത്‌നി നാഗമതിയെ കൊട്ടാരത്തിൽ ഉപേക്ഷിച്ച് യോഗിയുടെ ഉത്തരീയമണിഞ്ഞ് അനുചരന്മാരോടൊപ്പം രത്തൻ സെൻ പുറപ്പെടുകയാണ്. പത്മാവതിക്കുവേണ്ടി ജീവത്യാഗം ചെയ്യാൻ സന്നദ്ധമായുള്ള ആ യാത്രയിൽ കഷ്ടപ്പാടുകൾ സഹിച്ചാണെങ്കിലും ലക്ഷ്യം നേടുകയും പത്മാവതിയുമായി ചിറ്റോറിലേക്ക് മടങ്ങുകയും ചെയ്തുവത്രെ. പത്മാവതി ചിറ്റോറിൽ രാജ്ഞിയായി വാഴ്‌ത്തപ്പെട്ട വിവരം അറിഞ്ഞ അലാവുദ്ദീൻ ഖിൽജിയും അറിഞ്ഞു. പത്മാവതിയുടെ സൗന്ദര്യത്തെ കുറിച്ച് കേട്ടറിഞ്ഞ അലാവുദ്ദീൻ ഖിൽജി വൻ സൈന്യവുമായി ഉടൻ പുറപ്പെട്ടു. ശക്തമായ പ്രതിരോധത്തിനിടയിൽ ചിറ്റോർ കോട്ട പിടിച്ചടക്കിയെങ്കിലും അലാവുദ്ദീൻ അകത്ത് പ്രവേശിക്കുകയാണെന്നും തന്നെ കൈക്കലാക്കുകയാണ് ഉദ്ദേശ്യമെന്നും മനസ്സിലാക്കിയ പത്മാവതി 16,000 സ്ത്രീകളോടൊപ്പം സ്വയം തീയിൽ ചാടി ആത്മാഹുതി നടത്തി എന്നാണ് കഥ.

ശത്രുവിന്റെ കൈയിൽപെട്ട് മാനം പിച്ചിച്ചീന്തുന്നതിൽനിന്ന് രക്ഷപ്പെടാൻ നടത്തുന്ന ഈ ജീവബലിയെ 'ജൗഹർ' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. സൂഫി കവി പറയുന്ന ഇക്കഥ, ആധികാരിക ചരിത്രത്തിൽ എവിടെയും വായിക്കാൻ സാധിക്കില്ല. 1296 മുതൽ 1316 വരെ ഡൽഹി മുതൽ ഡെക്കാൻ വരെ നീണ്ടുകിടക്കുന്ന അതിവിശാലമായൊരു സാമ്രാജ്യം ഭരിച്ച അലാവുദ്ദീന്റെ സംഭവബഹുലമായ കാലഘട്ടത്തെക്കുറിച്ചും സൈനികാക്രമണങ്ങളെക്കുറിച്ചും ചരിത്രകാരനായ ളിയാഉദ്ദീൻ ബറാനി, പ്രശസ്തമായ താരീഖേ ഫിറോസ് ഷാഹിയിൽ ദൃക്‌സാക്ഷി വിവരണമെന്നോണം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.

1303 ജനുവരിയിലാണ് സുൽത്താന്റെ നേതൃത്വത്തിൽ വൻ സൈനിക സന്നാഹം ചിറ്റോർ കോട്ടയിലേക്ക് നീങ്ങുന്നത്. രാജാ രത്തൻ സിങ്ങിന്റെ നേതൃത്വത്തിൽ രജപുത്രർ ശക്തമായ പ്രതിരോധം തീർത്തെങ്കിലും പിടിച്ചുനിൽക്കാനായില്ല. ഓഗസ്റ്റ് അവസാന വാരത്തോടെ കോട്ടയിലേക്ക് കടന്ന അലാവുദ്ദീൻ രാജകുടുംബാംഗങ്ങളെ വെറുതെ വിട്ടെങ്കിലും ഗ്രാമത്തലവന്മാരുടെ തലയെടുത്തുവെന്നാണ് ബറാനി രേഖപ്പെടുത്തിയിരിക്കുന്നത്. കൊട്ടാരഭരണം പുത്രൻ ഖിസ്ർ ഖാനെ ഏൽപിച്ച് ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്തു.

ചരിത്രം വക്രീകരിക്കുകയാണെന്നും രജപുത്രരുടെ മാനംകെടുത്തുകയാണെന്നുമൊക്കെ ആേക്രാശിച്ചുകൊണ്ട് 'പത്മാവതി'െക്കതിരെ രംഗത്തുവന്നവർ (ഇതിൽ രാജസ്ഥാൻ ബിജെപി നേതാവും രാജ്ഞിയുമായ ദിയാകുമാരിയും ഉണ്ടെന്നതാണ് വിചിത്രം) ഏതുവിധത്തിലാണ് ചരിത്രത്തെ വളച്ചൊടിച്ചതെന്ന് വ്യക്തമാക്കുന്നില്ല. കാരണം, സിനിമയോ അതിന്റെ തിരക്കഥയോ കാണാതെയാണ് ഇപ്പോഴത്തെ ഉറഞ്ഞുതുള്ളൽ മുഴുവനും.

ഈ വിഷയത്തിൽ ആഴത്തിൽ പഠനംനടത്തിയ ചരിത്രകാരി രമ്യാ നമ്പീശൻ 'ദ മെനി ലൈവ്‌സ് ഓഫ് രജ്പുത് ക്വീൻ' എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്ന ഒരുവശമുണ്ട്: ഓരോ ഭാഷ്യത്തിലും പത്മാവതിയുടെ ഉള്ളടക്കവും പശ്ചാത്തലവും വിഭിന്നവും കാൽപനികതയുടെ അതിരുകൾ ലംഘിക്കുന്നതുമാണ്. 18ാം നൂറ്റാണ്ടിൽ മുഗള ഭരണത്തിന്റെ ശൈഥില്യം സൃഷ്ടിച്ച പുതിയ ദേശീയബോധ പരിസരത്തെയും ഹൈന്ദവ നവജാഗരണ പ്രവണതകളെയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള രചനകളിൽ രജപുത്ര/ഹൈന്ദവ വികാരം ഉണർത്തുന്ന പ്രതിപാദനത്തിന് സ്വീകാര്യത ലഭിച്ചത് സ്വാഭാവികം. 18,19 നൂറ്റാണ്ടുകളിൽ എഴുതപ്പെട്ട ഓറിയന്റലിസ്റ്റുകളുടെ ഒരു ഡസനിലധികം വരുന്ന ചരിത്രപുസ്തകങ്ങളിലെല്ല്‌ലാം പത്മാവതി കയറിവരുന്നത് മലിക് മുഹമ്മദ് ജയാസിയെ ഉദ്ധരിച്ചാണ്. സൽത്തനത്ത്, മുഗള ഭരണകർത്താക്കളെ രാക്ഷസവത്കരിക്കുന്നതിനും അവർക്കെതിരെ ഹിന്ദുവികാരം ഈതിക്കാച്ചി മതധ്രുവീകരണം വളർത്തുന്നതിനും ബ്രിട്ടീഷ് ചരിത്രകാരന്മാർ കൂടുതലായും ആശ്രയിച്ചത് ഇത്തരം കെട്ടുകഥകളെയും മിത്തുകളെയുമായിരുന്നു. ഇതെല്ലാം കൂട്ടി വായിച്ചാൽ പത്മാവതിയുടേത് വെറും കെട്ടുകഥയാണെന്ന് തന്നെ പറയേണ്ടി വരും.

ദീപികയ്ക്ക് മുന്നേ അനിതാ ഗുഹയും വൈജയന്തിമാലയും റാണി പത്മിനിയായി വെള്ളിത്തിരയിൽ എത്തി മറഞ്ഞവരാണ്. അവർ അവതരിപ്പിച്ച റാണി പത്മാവതിമാർ വെള്ളിത്തിരയിൽ വന്നതും പോയതും കണ്ണഞ്ചിക്കുന്ന വേഗത്തിലായിരുന്നു. ആരും അറിഞ്ഞതുപോലുമില്ല ആ വരവും പോക്കും. ജീവനോടെ കത്തിക്കുമെന്നും മൂക്കു ചെത്തുമെന്നും തല കൊയ്യുമെന്നും ഭീഷണി മുഴക്കി ഒരൊറ്റയാളും അവർക്കു പിന്നാലെ ചെന്നതുമില്ല.

റാണി പത്മാവതി എന്ന പത്മിനിയെ കുറിച്ചുള്ള മിക്ക ഐതിഹ്യങ്ങളിലും ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജിയാണ് പ്രതിനായകൻ. പക്ഷേ ''മഹാറാണി പത്മിനി''യുടെ തിരക്കഥാകൃത്ത് ദിനനാഥ് മധോക്കും സംവിധായകൻ ജസ്വന്ത് സാവേരിയും ബുദ്ധിപൂർവം ആ വിശ്വാസംതിരുത്തി. ഏതെങ്കിലുമൊരു മതവിഭാഗത്തെ അനാവശ്യമായി പിണക്കുന്നതെന്തിന് എന്നോർത്തിരിക്കാംഅവർ. ചിത്തോർ റാണ (നടൻ ജയരാജ്) യുടെ ധർമ്മപത്നിയായ പത്മിനിയോട് ഉള്ളിൽ പ്രണയമുണ്ടെങ്കിലും അത് സദാചാരവിരുദ്ധമായ ഏർപ്പാടാണെന്ന് തിരിച്ചറിഞ്ഞു.

ഒടുവിൽ റാണിയെ പെങ്ങളായി കാണാൻ തീരുമാനിക്കുന്ന മാന്യനാണ് ഈ സിനിമയിലെ ഖിൽജി (നടൻ സജ്ജൻ). മാത്രമല്ല സിനിമയിൽ ഒരിടത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി ഖിൽജിയെ മരണത്തിൽ നിന്ന് രക്ഷിക്കുക വരെ ചെയ്യുന്നു പത്മിനി. ക്ലൈമാക്സിലുമുണ്ട് മെലോഡ്രാമയുടെ പ്രളയം. ഖിൽജിയുടെ സൈന്യവുമായുള്ള യുദ്ധത്തിൽ റാണ വീരമൃത്യു വരിക്കുന്നു. പശ്ചാത്താപ വിവശനായി കുതിരപ്പുറത്തു നിന്നിറങ്ങുന്ന ഖിൽജിഎതിരാളിയായ രജപുത്ര രാജാവിന്റെ മൃതദേഹം മടിയിൽ കിടത്തി വിലപിക്കുകയാണ്. രണ്ടു രാജാക്കന്മാർ തമ്മിലുള്ള മതാതീതമായ സൗഹൃദത്തിന്റെ ഉദാത്തമായ ആവിഷ്‌കാരം. തീർന്നില്ല. ഭർത്താവിന്റെ മരണത്തിനു പിന്നാലെ ചിതയിൽ ചാടി സതി അനുഷ്ഠിക്കുന്നു റാണി പത്മിനി. വേദനയോടെ റാണിയുടെ ചിതാഭസ്മം വാരിയെടുത്ത് വിതുമ്പുന്ന ഖിൽജിയേയുമാണ് ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്യ

അതേസമയം ''ചിത്തോർ റാണി പത്മിനി'' എന്ന സിനിമയിൽ അലാവുദ്ദീൻ ഖിൽജിക്ക് അസ്സൽ വില്ലന്റെ പ്രതിച്ഛായയാണ്. എംഎൻ നമ്പ്യാരാണ് ഖിൽജിയായി വേഷമിട്ടത്. നടികർതിലകം ശിവാജി ഗണേശനാണ് രത്തൻ സിങ് റാണ. ഭാവനക്കനുസരിച്ച് ശ്രീധർ മിനഞ്ഞെടുത്ത കഥയിൽ റാണി ഭരതനാട്യം നർത്തകിയായി മാറുന്നു. തമിഴ് സിനിമയിലെ പതിവു മസാലക്കൂട്ടുകൾ എല്ലാമുണ്ട് കഥയിൽ. റാണി പത്മിനിയുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് ചിത്തോർ കീഴടക്കാൻ കോപ്പുകൂട്ടുകയാണ് ഖിൽജി. ഒരിക്കലെങ്കിലും റാണിയെ നേരിൽ കണ്ടു സംസാരിക്കണം. അതാണ് സുൽത്താന്റെ ആവശ്യം. റാണിയെ കാണാനുള്ള അനുമതി തരാൻ പറ്റില്ലെന്ന് റാണ. പകരം ഒരു പോംവഴി കണ്ടെത്തുന്നു അദ്ദേഹം.

കൊട്ടാരത്തിലെ കുളത്തിന്റെ വക്കിൽ റാണിയെ കൊണ്ടുചെന്ന് നിർത്തുക. കുളത്തിലെ വെള്ളത്തിൽ പ്രതിബിംബിക്കുന്ന റാണിയുടെ മുഖം കൊട്ടാരത്തിനകത്തെ ഒരു കണ്ണാടിയിൽ കാണാം സുൽത്താന്. റാണിയെ കാണാനുള്ള സുൽത്താന്റെ ആർത്തി മുതലെടുത്ത് അദ്ദേഹത്തെ കെണിയിൽ പെടുത്തുകയായിരുന്നു റാണയുടെ ലക്ഷ്യം. പക്ഷേ ശത്രുവിന് മുന്നിൽ സ്വയം പ്രദർശിപ്പിക്കാൻ ഒരുക്കമല്ലായിരുന്ന റാണി അപമാന ഭയത്താൽ അഗ്നികുണ്ഡത്തിൽ ചാടി ജീവനൊടുക്കുന്നു. ഇങ്ങിനെയായിരുന്നു തമിഴിലെത്തിയ റാണി പത്മിനിയുടെ കഥ.

പത്മാവതിയുമായി ബന്ധപ്പെട്ട് ഇപ്പോഴുയർന്ന വിവാദങ്ങൾ ഹിന്ദുത്വശക്തികളുടെ കൃപാശിസ്സുകളോടെയാണെന്ന് വേണം കരുതാൻ. 'മ്ലേച്ഛനായ' മുസ്‌ലിം ഭരണാധികാരി അലാവുദ്ദീൻ ഖിൽജിയുടെ മുന്നിൽ രജപുത്ര റാണി പത്മാവതി നൃത്തംചെയ്യുകയോ എന്ന ചോദ്യത്തിൽതന്നെ വിഷയത്തിന്റെ മർമം ഒളിഞ്ഞിരിപ്പുണ്ട്. മുസ്‌ലിംവിരുദ്ധ വികാരം ഊതിക്കത്തിച്ച് വോട്ട്ബാങ്ക് ഉറപ്പിക്കുക എന്ന സംഘ്പരിവാർ ലക്ഷ്യമാണ് ഇപ്പോഴത്തെ 'ധർമരോഷ'ത്തിനു പിന്നിൽ. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി ഭരണം ഒരുക്കിക്കൊടുത്ത അനുകൂല സാഹചര്യമാണ് ഫാഷിസ്റ്റ് രീതി സ്വീകരിക്കാൻ രജപുത്ര കർണി സേനക്കും അഖില ഭാരതീയ ക്ഷത്രിയ മഹാസഭക്കും മറ്റും ധൈര്യംപകരുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ മൗനത്തിലാണ്. ചിത്രം പ്രദർശിപ്പിച്ചാൽ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നം ഉണ്ടാവുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. അതേസമയം പത്മാവതി രാഷ്ട്രമാതാവെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞത്.

ദീപിക പദുകോണിനെ ജീവനോടെ കൊല്ലുന്നവർക്ക് ഒരുകോടി ഇനാം പ്രഖ്യാപിച്ചിട്ടും സർക്കാർ നോക്കിനിൽക്കുകയാണ്. ഭൻസാലിയുടെയും ദീപികയുടെയും തലക്ക് ഹരിയാനയിലെ ബിജെപി നേതാവ് സൂരജ് പാൽ വിലയിട്ടിരിക്കുന്നത് 10 കോടിയാണ്. പുരാണത്തിലെ ശൂർപ്പണഖയോട് ചെയ്തതുപോലെ ദീപികയുടെ മൂക്ക് അരിയാനാണ് ഒരു വംശീയഭ്രാന്തന്റെ ആഹ്വാനം. പരസ്യമായി തല എടുക്കാൻ ഇനാം പ്രഖ്യാപിക്കാനും മൂക്കും മുലയും ചെത്താൻ പറയാനും ഇന്ത്യ എന്താ വെള്ളരിക്കാ പട്ടണമാണോ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP