Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി പറയൂ, ബോബി ചെമ്മണ്ണൂരാണോ നമുക്ക് രക്തബാങ്കുണ്ടാക്കി തരേണ്ടത്?

എം മാധവദാസ്

ചെമ്മണ്ണൂരിന്റെ ജാഥ അക്ഷരാർത്ഥത്തിൽ കേരളീയ മനസ്സിന്റെ കണ്ണാടിയാണ്. കേരളത്തിന്റെ അജണ്ട ആരു തീരുമാനിക്കുമെന്നതിന്റെ വ്യക്തമായ ലിറ്റ്മസ് ടെസ്റ്റുകൂടിയാണിത്. പൊവേർട്ടി ടൂറിസം ആഭ്യന്തര യുദ്ധവും പട്ടിണിയും ജീവിതം താറുമാറാക്കിയ സൊമാലിയപ്പോലുള്ള ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് വിദേശികൾ വ്യാപകമായി എത്തുന്നത് ഇന്ന് ദാരിദ്ര്യം കാണാനും 'ആസ്വദിക്കാനുമാണത്രേന'. ദാരിദ്ര്യ ടൂറിസമെന്ന് വൻകിട കമ്പനികൾ ഓമനപ്പേരിട്ട ഈ പരിപാടിക്കായി ഫ്‌ളൈറ്റ് ചാർട്ടർ ചെയ്തുപോലും അമേരിക്കയിൽനിന്നും യൂറോപ്പിൽനിന്നും 'പ്രാഞ്ചിയേട്ടന്മാരെ'ത്തുന്നു. കുറ്റം പറയരുതല്ലോ, വിദേശരാജ്യങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുന്ന വൻ നികുതി ഇളവ് ലക്ഷ്യമിട്ട് ( എസ്.എൻ.സി ലാവലിൻ കമ്പനിപോലും ഈ ലക്ഷ്യംവച്ചാണ് മലബാർ കാൻസർ സെന്ററിന് തുക സമാഹരിച്ച് തരാമെന്ന് വ്യക്തമാക്കിയത്) അല്ലറ ചില്ലറ സഹായങ്ങളൊക്കെ നൽകി, നമ്മൾ എത്ര ഭാഗ്യവാന്മാർ എന്ന് ആശ്വാസം കൊണ്ട് അവർ മടങ്ങും. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു സംഘം നിലവിളിച്ചുകൊണ്ട് ഈച്ച പൊതിയുന്നതു പോലെയാണ് ഇത്തരം ടൂറിസ്റ്റ് സംഘങ്ങളെ വളയുന്നത്.

പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ കൂട്ടയോട്ടവും അനുബന്ധ കോപ്രായങ്ങളും കണ്ടപ്പോൾ സൊമാലിയിലെത്തിയ ടൂറിസ്റ്റുകളുടെ യൂ ട്യൂബ് ദൃശ്യമാണ് ഓർമ്മ വന്നത്. ഇതാ നരസിഹം മോഡലിൽ കേരളത്തെ രക്ഷിക്കാൻ ഒരാൾ വന്നിരിക്കും. ഞങ്ങളുടെ ജീവൻ രക്ഷിക്കൂ എന്നാർത്തുവിളിച്ച് കേരളം അയാൾക്കു പിറകെ പായുകയാണെന്ന് തോന്നുന്നു.

സത്യത്തിൽ ആരാണ് നമുക്ക് രക്തബാങ്ക് ഉണ്ടാക്കിത്തരേണ്ടത്. റോഡപകടങ്ങളിൽനിന്ന് ചോര വാർന്ന് ജനം മരിക്കാതെ നോക്കേണ്ടത് ഒരു ജൂവലറി ഉടമയുടെ മാത്രം കടമയാണോ. സർക്കാർ അടിസ്ഥാന സേവന മേഖലകളിൽ നിന്ന് പിന്മാറുകയും അവിടെ സ്വകാര്യവത്ക്കരണം കൊണ്ടുവരികയും ചെയ്യുകയെന്നതാണ് ആഗോളീകരണത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ അജണ്ട. എന്നാൽ കടുത്ത സ്വകാര്യവത്ക്കരണ വിരോധികളായ ഇടതുപക്ഷം പോലും ബോബിയെ മാലയിട്ട് സ്വീകരിക്കുന്നതു കാണുമ്പോൾ ലജ്ജയാണ് തോന്നുന്നത്. (ഇങ്ങനെ പോവുകയാണെങ്കിൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബോബിയെ നമുക്ക് ഇടതുപക്ഷ സ്വതന്ത്രനായും കാണേണ്ടി വരും.) ബോബിയല്ല, സർക്കാറാണ് ഇതുചെയ്യേണ്ടതെന്നും വേണമെങ്കിൽ അദ്ദേഹത്തിന് സർക്കാറിനെ സഹായിക്കാമെന്നുപോലും നട്ടെല്ലോടെ പറയാൻ നമ്മുടെ നാട്ടിൽ ആരുമില്ലാതെ പോയി.

അതിലും വിചിത്രമായത്, കമഴ്ന്നു വീണാൽ കാല്പണവുമായി പൊന്തുന്ന വ്യവസായികൾ പെട്ടന്ന് സാമൂഹിക പ്രവർത്തനത്തിലേക്ക് എടുത്തുചാടുന്നതിൽ പന്തികേട് ആർക്കും തോന്നാത്തതിനാലാണ്. കേരളത്തിലെ സാമ്പത്തിക സാമൂഹിക രംഗം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിൽ ഒന്നുകൂടിയാണിത്. മാതാ അമൃതാന്ദമയി ചെയ്തത് നോക്കുക. എല്ലാവരും സുനാമി പുനരധിവാസത്തിന് സർക്കാറിലേക്ക് സംഭാവന ചെയ്തപ്പോൾ മഠം മാത്രം സ്വന്തമായി വീടുവച്ചു കൊടുത്ത് സമാന്തര ഭരണകൂടമായി. അതിന് വലിയ വിലയും പൊതുസമൂഹം കൊടുക്കേണ്ടി വന്നു. ഗെയൽ ട്രെഡ്‌വെല്ലിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് ഇത്രയേറെ കോലാഹലം ഉണ്ടായിട്ടും അവർക്കെതിരെ ഒരു നടപടിയും എടുക്കാൻ കഴിഞ്ഞിട്ടില്ല. അതായത് സാമൂഹിക പ്രവർത്തനം സംഘടിത കുറ്റകൃത്യങ്ങൾക്കുള്ള മറയാക്കിമാറ്റാൻ കഴിയുന്നെ്ന് ചുരുക്കം. അഴിമതിക്കും സ്ത്രീപീഡനത്തിനുമെതിരെ കടുത്ത നിലപാടെടുക്കുന്ന വി എസ് അച്യുതാനന്ദൻപോലും 'അമ്മ' യുടെ കാര്യത്തിൽ 'ബബ്ബബ' യടിക്കയാണ്. ആലപ്പുഴ ജില്ലയുടെ തീരദേശമേഖലയിൽ സ്‌ക്വാഡ് വർക്ക് നടത്തിയ സിപിഐ(എം) പ്രവർത്തകർ പറഞ്ഞത്, ഗെയിൽ ട്രെഡ്‌വെല്ലുമായി കൈരളി ടി.വി പുറത്തുവിട്ട അഭിമുഖം പാർട്ടി അറിഞ്ഞിട്ടില്ലെന്നാണ്.

ഇതേ ലക്ഷ്യം തന്നെയാണ് മറ്റ് വ്യവസായികൾക്കും. അമൃതാന്ദമയി തന്നെ നേരത്തെ പറഞ്ഞതുപോലെ എം.എ യൂസഫലി ലുലുമാളിനുവേണ്ടി ഭൂമി കൈയേറിയപ്പോഴും വയൽ നികത്തിയപ്പോഴും നിങ്ങൾ എവിടെയായിരുന്നു. അല്ലെങ്കിലും മുപ്പതിനായിരം പേർക്ക് തൊഴിൽ കൊടുക്കുന്ന യൂസഫലിയെ തൊടാൻ ആർക്കാണ് ധൈര്യം. പത്തുപേർക്ക് തൊഴിൽ നൽകുന്നുണ്ടെങ്കിൽ തലമുറകൾ ഉപയോഗിക്കേണ്ട പുഴയെപ്പോലും നിങ്ങൾക്ക് കാളിന്ദിയാക്കാമെന്നത് ഗ്രാസീം സമരകാലം തൊട്ടുതന്നെ മലയാളിയുടെ പൊതുബോധത്തിൽ അലിഞ്ഞുപോയതാണ്.

ഭാവിയിൽ ഇതുതന്നെയാണ് ലോകത്തിലെ എറ്റവും വലിയ സ്വയംപ്രഖ്യാപിത മനുഷ്യസ്‌നേഹിയായ ബോബി ചെമ്മണ്ണൂരും ലക്ഷ്യമിടുന്നത്. നാളെ താൻ കള്ളക്കടത്തിൽപെട്ടാലും സ്ത്രീപീഡനത്തിൽപെട്ടാലും തൊടാൻ ഒരുത്തനും ധൈര്യംവരരുത്. ( മലബാർ ഗോൾഡ് അടക്കമുള്ള പ്രമുഖ ജൂവലറികൾ സ്വർണക്കടത്തിന്റെ പേരിൽ ആരോപിതരാണെന്ന് ഓർക്കണം) രക്തബാങ്കിന്റെയും സാമൂഹിക പ്രവർത്തനങ്ങളുടെയും മറയിൽ മാനസിക മേധാവിത്വം സൃഷ്ടിച്ചെടുത്ത്, ഒരു സമൂഹത്തെ വൈകാരികമായി ബ്ലാക്ക് മെയിൽ ചെയ്യണം. ഒടുവിൽ അമൃതാന്ദമയി പറഞ്ഞതുപോലെ 'വയൽ നികത്തിയിട്ടുണ്ടെങ്കിൽ എന്താ മോനെ, അമ്മ കുഴൽകിണർ കുഴിച്ചുകൊടുത്തിട്ടില്ലേ എന്ന് പറഞ്ഞ് തടിയൂരുകയും ആവാം. ഞാൻ ഇത്രയും സേവനങ്ങൾ ചെയ്യുന്ന ആളല്ലെ, പിന്നെ അല്ലറചില്ലറ തരികിടകൾ ആയാൽ എന്താണ് കുഴപ്പം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP