Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിശുദ്ധ പശുക്കളെ തൊടുമ്പോൾ

വിശുദ്ധ പശുക്കളെ തൊടുമ്പോൾ

എം മാധവദാസ്

വിമർശനത്തിന് അതീതരാണോ കേരളത്തിലെ മാദ്ധ്യമരംഗം? മറ്റെല്ലാ രംഗത്തെയും അഴിമതിയും അനഭിലഷണീയ പ്രവണതകളും വിചാരണ ചെയ്യപ്പെടുന്നതുപോലെ മാദ്ധ്യമരംഗവും പൊതുസമൂഹത്താൽ നിരന്തരം വിചാരണ ചെയ്യപ്പെടേണ്ടതില്ലേ?

ചങ്ങലയ്ക്ക് ഭ്രാന്തുപിടിക്കുമ്പോൾ

കാലം 1999. അന്ന് ഇതുപോലെ കേരളത്തിൽ മുട്ടിനുമുട്ടിനു ചാനലുകളൊന്നും മുളച്ചുപൊന്തിയിട്ടില്ല. മാദ്ധ്യമങ്ങളെന്നാൽ പത്രങ്ങൾ തന്നെ. അക്കാലത്താണ് മുഖ്യധാരാപത്രങ്ങളുടെ കാപട്യം നന്നായി അവതരിപ്പിച്ചുകൊണ്ട്, രഞ്ജി പണിക്കർ എഴുതി ജോഷി സംവിധാനംചെയ്ത ‘പത്രം‘ എന്ന സിനിമ പുറത്തിറങ്ങുന്നത്. എല്ലാ മസാലക്കുട്ടുകളുമായി, നായകൻ,-നായിക- വില്ലൻ പതിവ് ഫോർമുലയിൽ ഇറങ്ങിയ കച്ചവട ചിത്രമാണെങ്കിലും അതുയർത്തിയ സാമൂഹിക വിമർശനം വലുതായിരുന്നു. ആരും വിമർശിക്കാത്ത മാദ്ധ്യമങ്ങളെ തൊടാൻ ധൈര്യം കാട്ടിയതിന് പക്ഷേ വലിയ വിലയാണ് സിനിമയ്ക്ക് നൽകേണ്ടിവന്നത്. അന്ന് കേരളത്തിന്റെ മാദ്ധ്യമ വ്യവസായത്തിന്റെ 60 ശതമാനവും നിയന്ത്രിക്കുന്ന രണ്ടു പത്രങ്ങൾ ഈ സിനിമയുടെ പരസ്യങ്ങൾപോലും നൽകിയില്ല. എല്ലാവരെയും വിമർശിക്കുന്ന മാദ്ധ്യമങ്ങളിലെ പുഴുക്കുത്തിനെ ചൂണ്ടിക്കാട്ടിയതിന് കിട്ടിയ ഈ സെൻസർഷിപ്പിനെ ചോദ്യം ചെയ്തുകൊണ്ട്, എസ് ജയചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള ‘മലയാളം‘ വാരിക ഒരു കവർ സ്റ്റോറി പ്രസിദ്ധീകരിച്ചു. അതിന്റെ തലക്കെട്ടാണിത്. -‘വിശുദ്ധപശുക്കളെ തൊടുമ്പോൾ’.

പ്രസ് ക്ലബ്ബിന് താഴെ അനൗദ്യോഗികമായി പ്രവർത്തിക്കുന്ന ബാറിനെ കുറിച്ച് ‘മറുനാടൻ മലയാളിയിൽ’ വന്ന വാർത്തയും അതിനോടുണ്ടായ മാദ്ധ്യമപ്രവർത്തകരുടെ രൂക്ഷമായ പ്രതികരണവും കണ്ടപ്പോൾ ‘വിശുദ്ധ പശുക്കളെ’ തൊട്ടാലുള്ള അവസ്ഥ ഒരിക്കൽകൂടി ഓർത്തുപോയി. കുട്ടികളെ പഠിപ്പിച്ചും ഉപദേശിച്ചും ചില സ്‌കൂൾ ഹെഡ്‌മാസ്റ്റർമാർക്കുവരുന്ന ഒരുതരം കോംപ്ലക്സില്ലേ, തങ്ങൾക്ക് എല്ലാമറിയാമെന്നും വിമർശനത്തിന് അതീതരാണെന്നുമുള്ള ധാരണ... അത് നമ്മുടെ ചില മാദ്ധ്യമപ്രവർത്തകരിലും വളരെ കൂടുതലാണെന്ന് ഈ സംഭവവും അടിവരയിടുന്നു.

സ്വന്തം പടവും വാർത്തയും സ്വന്തം പത്രത്തിൽ നിരന്തരം പ്രസിദ്ധീകരിക്കുന്ന ഒരു പത്രാധിപരെയും, വ്യാജവാർത്തകളും ചാരക്കഥകളും കള്ളക്കേസുകളുമുണ്ടാക്കി പത്രത്തെ പൈങ്കിളിയാക്കി പണംകൊയ്യുന്ന മറ്റൊരു പത്രാധിപരെയുമാണ് ‘പത്രം’ നന്നായി കൊട്ടിയത്. അതു ഭാഗികമായി സത്യമായിരുന്നു. ഈ രണ്ടു പത്രങ്ങൾ ചേർന്നാണ് അന്ന് കേരളത്തിന്റെ രാഷ്ട്രീയ അജണ്ടപോലും തീരുമാനിച്ചിരുന്നത്. അങ്ങനെ ഉഗ്രപ്രതാപികളായി, പെരുംനുണകൾ എഴുതിവിട്ട് കാലംകഴിക്കുമ്പോൾ, അതിനുനേരെയുള്ള മുഖമടിച്ചുള്ള ഒരാട്ടായിരുന്നു രഞ്ജി പണിക്കരുടെ രചന.

(ഇതിൽ ഗാന്ധിസവും മതേതരത്വവും കൂടുതൽ വിളമ്പുന്ന ഒരു പത്രം 87ലെ തെരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് ഒരു എഡിറ്റോറിയലെഴുതി. കേരളവും കേന്ദ്രവും ഒരേ പാർട്ടി ഭരിക്കണമെന്ന്. അതായത് കേന്ദ്രത്തിൽ കോൺഗ്രസായതിനാൽ കേരളത്തിൽ യുഡിഎഫിനെ ജയിപ്പിക്കണമെന്ന്! എങ്ങനെയുണ്ട് നിഷ്പക്ഷത. ഇന്നൊരു സായാഹ്ന പത്രംപോലും ഈ രീതിയിൽ കാമ്പയിൻ നടത്തുമോ? അത് എഴുതിയ പത്രപ്രവർത്തന കേസരിയാവട്ടെ ഇന്ന് ജേർണലിസത്തിന്റെ മൂല്യങ്ങൾ ചാനലുകളിലൂടെ പുതുതലമുറയെ പഠിപ്പിക്കുന്നു. ഇഎംഎസിന്റെ നിര്യാണമാണോ, വാജ്പേയിയുടെ സ്ഥാനാരോഹണമാണോ മുഖ്യ വാർത്തയെന്ന കൺഫ്യൂഷനുണ്ടായ ഏക പത്രവും ഇതു തന്നെ)

ഈ പത്രങ്ങൾ ബഹിഷ്ക്കരിച്ചിട്ടെന്താ, ജനം തീയേറ്റിലേക്കൊഴുകി സിനിമയെ സൂപ്പർ ഹിറ്റാക്കി. അതുപോലെതന്നെയാണ് ഇപ്പോഴും. എല്ലാം കണ്ടുംകേട്ടും സഹിക്കുന്ന പൊതുജനം പ്രസ് ക്ലബ്ബ് ബാർ വിവാദത്തിൽ മാദ്ധ്യമപ്രവർത്തകർക്കൊപ്പമില്ല. പൊതുജനത്തിനില്ലാത്ത ഒരു സൗകര്യം, അതും കേരളത്തിലെ മാദ്ധ്യമപ്രവർത്തകർ പൊതുവെ ഉമ്മൻ ചാണ്ടിയുടെ മദ്യ നിരോധനത്തെ വലിയ സംഭവമായി പൊലിപ്പിക്കുമ്പോൾ, തങ്ങൾ പത്രക്കാർക്ക് വേണ്ടെന്ന് സത്യസന്ധമായി പറയുകയായിരുന്നു അവർ ചെയ്യേണ്ടിയിരുന്നത്.

(ഒരു ചാനലുകാർ അവകാശപ്പെടുന്നത് ‘കുടിയല്ല ജീവിതമെന്ന’ തങ്ങളുടെ വാർത്താ പരമ്പര കണ്ടാണ് സുധീരന് ബോധോദയമുണ്ടായതെന്നാണ്! എന്തൊരു ഹിപ്പോക്രസി. ഈ ചാനലുകാർ പണ്ട് ഗൾഫിൽപോയപ്പോൾ മദ്യപിച്ച് നടത്തിയ പരാക്രമങ്ങൾ പാവം പ്രവാസികൾ മറന്നുപോയിട്ടില്ല. ആ ചാനലുകാർ തന്നെ കുടി നിർത്തിയാൽ കേരളം പാതി രക്ഷപ്പെട്ടേനെയെന്നാണ് ഒരു വിരുതൻ ഫേസ്‌ബുക്കിൽ കുറിച്ചത്)

പക്ഷേ പ്രസ് ക്ളബ് ബാർ വാർത്തകൊണ്ടും വിവാദങ്ങൾകൊണ്ടും ഒരു ഗുണമുണ്ടായി. നമ്മുടെ മാദ്ധ്യമപ്രവർത്തനം ഏത് രീതിയിൽ മാറിമറിയുന്നുവെന്ന് ജനങ്ങൾക്ക് മനസ്സിലാക്കാനായി. അമിത മാദ്ധ്യമ സാക്ഷരതയാൽ നട്ടംതിരിയുന്ന ഒരു പ്രദേശത്തിന് അതിജീവിക്കാൻ ആരോഗ്യകരമായ മാദ്ധ്യമ വിമർശനം അനിവാര്യമാണ്. കേരളത്തിലെ മറ്റേത് മേഖലയും പോലെതന്നെ 70 ശതമാനം ജീവനക്കാരും ആത്മാർഥമായി പണിയെടുക്കുന്ന ഒരു തൊഴിൽമേഖലയാണ് മാദ്ധ്യമപ്രവർത്തനവും. പക്ഷേ പത്ത് ലിറ്റർ പാല്പായസത്തെ കാളകൂടമാക്കാൻ ഒരു തുള്ളി പൊട്ടാസ്യം സയനൈഡ് മതി. ‘നഞ്ചെന്തിന് നാനാഴി?’. ആ മുപ്പതു ശതമാനത്തിനാണ് പത്രപ്രവർത്തക സമൂഹത്തിൽ മേൽക്കെയുള്ളത്. പച്ചമലയാളത്തിൽ പറഞ്ഞാൽ അവരുടെ നക്കിത്തരങ്ങളും ആസനംതിരുമ്മലും കണ്ട് ഇത് ഒരുതരം ‘പർവതീകരിക്കപ്പെട്ട മാമാപണി’യെന്ന ധാരണയാണ് പുതുതലമുറക്ക് ഉണ്ടാകുന്നത്. ചില ഉദാഹരങ്ങൾ ഇതാ.

കോണ്ടം ‘കുംഭകോണവും’ ക്ളോക്കും തൊട്ട് കോടികൾവരെ

ഹിന്ദുസ്ഥാൻ ലാറ്റക്സ് കമ്പനി പുതിയ കോണ്ടം വിപണിയിലെത്തിച്ചകാലം. പത്രസമ്മേളനത്തിനൊടുവിൽ അന്നും ഇന്നും പതിവുള്ളപോലെ അവർ തങ്ങളുടെ പുതിയ പ്രോഡക്റ്റിന്റെ രണ്ടു പൊതികൾ മാദ്ധ്യമ പ്രവർത്തകർക്ക് സമ്മാനിച്ചു. ചില വിരുതന്മ്മാർ അതെന്തുചെയ്തെന്നോ? തൊട്ടടുത്തുള്ള മെഡിക്കൽഷാപ്പിൽ പകുതി വിലയ്ക്ക് വിറ്റ് കാശാക്കി. ലോഞ്ചിങ്ങിനുമുമ്പേ ചില മെഡിക്കൽഷോപ്പുകളിൽ തങ്ങളുടെ ഉല്പന്നം വിറ്റെന്ന വാർത്തയറിഞ്ഞ് ഞെട്ടിയ അധികൃതർ നിജസ്ഥിതിയറിഞ്ഞതോടെ ഷോക്കടിക്കുന്ന അവസ്ഥയിലായി.

ഈ സംഭവം ചില പത്രക്കാരുടെ ഗിഫ്റ്റ് ഭ്രമത്തെ പരിഹസിക്കാൻ പത്രക്കാർതന്നെ ഇറക്കിയ പുളുവായാണ് ആദ്യമൊക്കെ ഈ ലേഖകനും കരുതിയത്. പിന്നീട് മുതിർന്ന ചില പത്രക്കാർ സ്ഥലവും, തീയതിയും, സമയവും വിറ്റവരുടെ പേരുമുൾപ്പടെ പറഞ്ഞുകേട്ടപ്പോഴാണ് സംഗതി സത്യമാണെന്ന് ബോധ്യപ്പെട്ടത്. അത് മഞ്ഞുകട്ടയുടെ ഒരറ്റം മാത്രം. ബിസിനസ് പത്രസമ്മേളനങ്ങൾ എന്ന പേരിൽ നമ്മുടെ മാദ്ധ്യമ ശിങ്കങ്ങൾ തിന്നും കുടിച്ചും പെടുത്തും അർമാദിച്ചതിന്റെ കഥകൾ നമ്മുടെ ഓരോ വ്യവസായിക്കും പറയാനുണ്ട്. (ശമ്പളംപോലും കിട്ടാതെ കഷ്ടപ്പെടുന്ന നൂറുകണക്കിന് പാവപ്പെട്ട മാദ്ധ്യമപ്രവർത്തകരെ ഇതിലൊന്നും ആരും അടുപ്പിക്കാറുമില്ല)

മുമ്പ് ബോബി ചെമ്മണ്ണൂർ കൊടുത്ത ഒരു ഗോൾഡ് കോയിൻ അച്ചടക്കത്തോടെ വരിനിന്ന് വാങ്ങിയവരുമുണ്ട്. അത് മുഖത്തെറിഞ്ഞ് അന്തസോടെ തിരിച്ചിറങ്ങിപ്പോയ ചുരുക്കും മാദ്ധ്യമപ്രവർത്തകരുമുണ്ട്. കൊച്ചിയിലെ ഒരു പ്രമുഖ മാദ്ധ്യമപ്രവർത്തകന്റെ വീട്ടിൽ കോഴിയെ എറിയുന്നതുപോലും ക്ളോക്കുകൊണ്ടാണെന്നാണ് ജനസംസാരം! പതിനായിരം ക്ളോക്ക് ഗിഫ്റ്റായി കിട്ടിയാലും തന്റെ കീഴിൽ വർക്കുചെയ്യുന്ന ഒരു അപ്പാവിക്ക് ഇതു കിട്ടരുതെന്ന് കരുതി ഈ മഹാൻ ടാക്സി വിളിച്ച് എത്ര ദൂരം വേണമെങ്കിലും പോവുമത്രേ!

പ്രമുഖ മാദ്ധ്യമപ്രവർത്തകനായ വിജു വി നായരും മാദ്ധ്യമ വിമർശകനായ കെ പി നിർമ്മൽകുമാറുമൊക്കെ ഇക്കാര്യങ്ങൾ വിശദീകരിച്ച് മുമ്പേതന്നെ എഴുതിയിട്ടുണ്ട്. അതോടൊപ്പം ചോദിക്കേണ്ട ചില ചോദ്യങ്ങൾ ഇതാ. ചില മാദ്ധ്യമ ശിങ്കങ്ങളുടെ വരുമാനമൊക്കെ ലക്ഷങ്ങളിൽനിന്ന് ചുരുങ്ങിയകാലംകൊണ്ട് എങ്ങനെയാണ് കോടികളിൽ എത്തിയത്? നാട്ടിലേക്കുള്ള കെഎസ്ആർടിസി ബസുതൊട്ട് സെക്രട്ടറിയേറ്റിലെ സ്ഥലംമാറ്റംവരെ നടത്തിക്കൊടുത്ത് കാശുണ്ടാക്കുന്ന എത്രപേർ മാദ്ധ്യമപ്രവർത്തകർക്കിടയിലുണ്ട്. ചില പത്രക്കാർക്ക് ഇടയ്ക്കിടെ വിദേശ അവാർഡുകൾ കിട്ടുന്നത് എങ്ങനെയാണ്? മന്ത്രിമാരെ സ്വാധീനിച്ച് എത്ര വിദേശയാത്ര ഇവരൊക്കെ നടത്തി? ആദിവാസി ഭൂമിതട്ടിയെടുക്കുയും അത് വിട്ടുകൊടുക്കാതിരിക്കയുംചെയ്യുന്ന പത്രപ്രവർത്തകരും പത്രാധിപന്മാരും നമുക്കിടയിൽ ഇല്ലേ? സോളാർ സരിതക്ക് അന്നത്തെ ഒരു കേന്ദ്രമന്ത്രിയുടെ സ്വാധീനപ്രകാരം കിട്ടിയ ഒരു ഉത്തരേന്ത്യൻ പര്യടനത്തിൽ കേരളത്തിലെ എത്ര മാദ്ധ്യമപ്രവർത്തകർ ഉണ്ടായിരുന്നു?

അന്തിചർച്ചാതൊഴിലാളികൾ മലയാളത്തിന് സമ്മാനിച്ചത്

ഈയിടെ ഒരു പുതിയ ചാനലിന്റെ ആദ്യ ദിനത്തിൽ അതിഥിയായത്തെിയ പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ നികേഷ് കുമാർ പറയുന്ന ബഡായി കേട്ടപ്പോൾ സത്യത്തിൽ ചിരിയാണുവന്നത്. ചാനലുകൾ വന്നതിനുശേഷമുണ്ടായ രാത്രി ചർച്ചകൾ കേരളീയ സമൂഹത്തെ മാറ്റിമറിച്ചത്രേ. ചാനലുകളില്ലാത്ത കാലത്ത് എത്ര സർഗാത്മകമായിരുന്നു മലയാളിയുടെ ‘അന്തിച്ചർച്ചകൾ’ എന്ന് ഓർത്തുനോക്കുക. ടൗൺഹാളുകളിലും ഗ്രാമീണവായശാലകളിലുമായി നടക്കുന്ന സാംസ്ക്കാരിക കൂട്ടായ്മകളും, ബീച്ചിലെയും പാർക്കിലെയും സൗഹൃദ സദസ്സുകളിലും എന്തിന് കള്ളുഷാപ്പിൽപോലും നടന്നിരുന്ന രാഷ്ട്രീയ ചർച്ചകളുമായി പ്രബുദ്ധമായിരുന്ന കേരളത്തിന്റെ സമയമാണ് ‘ചർച്ചാത്തൊഴിലാളികളുടെ’ ബബ്ബബകൊണ്ട് നികേഷടക്കമുള്ളവർ അട്ടിമറിച്ചത്. അങ്ങോട്ടുമിങ്ങോട്ടും തെറിവിളിയും ഭീഷണിയുമായി ഒരു പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കം എന്നല്ലാതെ എന്തെങ്കിലും ഒരു സമഗ്രമായ ചിത്രം നൽകാൻ ഈ ചർച്ചകൊണ്ട് കഴിന്നുണ്ടോ? ഉദാഹരണമായി സിപിഐ(എം) നേതാവ് എം വി ജയരാജനും ആനത്തലവട്ടം ആനന്ദനും, കോൺഗ്രസ് നേതാവ് എം ഐ ഷാനവാസുമൊക്കെ സംസാരിക്കുന്നത് നോക്കുക. കേരളത്തിൽ എത്ര കൊക്കുണ്ടെന്ന് ചോദിച്ചാൽ നികേഷ്, ഷാനി എന്നൊക്കെ വിളിച്ച്, ‘കുളക്കോഴികളുടെ വംശനാശം കേരളം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമാണെന്നായിരിക്കും’ മറുപടി.

ഒരിക്കൽ മാതൃഭൂമി ന്യൂസിൽ സരിത നായർ, കോൺഗ്രസ് നേതാവ് അജയ് തറയിൽ പറഞ്ഞ മണ്ടത്തരത്തെ ‘ഒരു ധവളപത്രം ഇറക്കേണ്ടത് എങ്ങനെയാണെന്നുപോലും അദ്ദേഹത്തിനറിയില്ലെന്ന്’ തൽസമയം പരിഹസിച്ചതും അർണോബ് ഗോസ്വാമിയെ വികൃതമായി അനുകരിക്കാനായി അറ്റാക്കിങ്ങ് ശൈലി രൂപപ്പെടുത്തിയെടുത്ത അവതാരാകൻ വേണു, അത് നന്നായി ആസ്വദിച്ചതും കണ്ടു. വിളിച്ചുവരുത്തി അപമാനിക്കയെന്നത് ആധുനിക ചാനൽചർച്ചയുടെ ഒരു ദിനസരിയാണ്. സെപ്റ്റിക് ടാങ്കുപോലത്തെ വായയുമായി ജീവിക്കുന്ന പി സി ജോർജാണ് ഈ ചാനൽ ചർച്ചയിലെ നായകൻ എന്നതുതന്നെ ഇത്തരം അസംബന്ധങ്ങളുടെ നിലവാരം വ്യക്തമാക്കും.

മലയാളിയുടെ ചാനൽ ജീവിതത്തിനുമുമ്പുള്ള കാലത്ത് എഴുത്തുകാരും, പാട്ടുകാരും, കായികതാരങ്ങളും, നാടകക്കാരുമൊക്കെയായിരുന്നു അവരുടെ സായാഹ്നങ്ങളെയും സന്ധ്യകളെയും പുഷ്ക്കലമാക്കിയത്. ദലിത്- ന്യൂനപക്ഷ വിരുദ്ധതയോ വർഗീയതയോ തൊട്ടുതീണ്ടാത്ത ഇടങ്ങളായിരുന്നു അവയെല്ലാം. എന്നാൽ ഇന്ന് ചാനൽ ന്യൂസ് നൈറ്റുകളിൽ ബാറുടമകൾപോലും നിർലജ്ജം പച്ചയ്ക്ക് വർഗീയത പറയുന്നു. (കേരളത്തിന്റെ വികസനത്തിന് നിർണായകമായി സംഭാവന നൽകിയ ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകളെ ചാരസംഘടനയാക്കി പ്രചാരണം കൊടുത്തതും ഇതേ മാദ്ധ്യമങ്ങളാണ്) എന്നിട്ടും ഈ കൊച്ചുകേരളത്തിൽ ഞങ്ങളില്ലെങ്കിൽ എല്ലാം തീർന്നുവെന്ന് ചില പ്രാദേശിക ലേഖകർപോലും സ്വകാര്യമായി അഹങ്കരിക്കുന്നു. അതിനാൽ തന്നെയാണ് ഞങ്ങൾ ബാറു നടത്തും, കാശുവാങ്ങും, വ്യാജവാർത്തനൽകും. നിങ്ങളാരാ ഹേ ചോദിക്കാൻ, ഞങ്ങളെ തൊട്ടാൽ വിവരമറിയും എന്നു പറയുന്നത്. ഈ നിലപാട് തിരുത്തപ്പെടേണ്ടതാണ്.

ഇപ്പറഞ്ഞതിനർഥം കേരളത്തിലെ മാദ്ധ്യമങ്ങൾ സാമൂഹിക ജീവിതത്തിന് ഒരു സംഭാവനയും നൽകുന്നില്ല എന്നല്ല. എന്തൊക്കെ വിമർശിച്ചാലും ഉത്തരേന്ത്യയിലെപ്പോലെ നൂറുശതമാനം പെയ്ഡ് ന്യൂസ് സംസ്ക്കാരം ഇവിടെയത്തെിയിട്ടില്ല. പരാമവധി ജനപക്ഷത്തു നിൽക്കാൻ അവർ ശ്രമിക്കാറുണ്ട്. പക്ഷേ ആരോഗ്യമേഖലയിലെ ചൂഷണത്തെയും കൊള്ളയേയും പോലെ, അഭിഭാഷകവൃത്തിയിലെ അനഭിലഷണീയതകളെപ്പോലെ, സർക്കാർ ഓഫീസിലെ അഴിമതിക്കഥകൾപോലെ മാദ്ധ്യമരംഗവും പൊതു സമൂഹത്താൽ നിരന്തരം വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. അത്തരം വിമർശനങ്ങളാണ് മലയാള മാദ്ധ്യമമേഖലയെ വളർത്തുക. അല്ലാതെ സ്തുതിപാഠകരല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP