Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹിന്ദുഫാഷിസത്തിന്റെ രാഷ്ട്രീയ ദൈവശാസ്ത്രം

ഹിന്ദുഫാഷിസത്തിന്റെ രാഷ്ട്രീയ ദൈവശാസ്ത്രം

ഷാജി ജേക്കബ്

ധിനിവേശം (colonialism) എന്ന രാഷ്ട്രീയവ്യവസ്ഥയ്ക്കു കൈവന്ന പലതരം ചരിത്രജീവിതങ്ങളെക്കുറിച്ചുള്ള ഒരു ഇന്ത്യൻ സാമൂഹ്യശാസ്ത്രാപഗ്രഥനമാണ് ജെ. രഘുവിന്റെ 'ഹിന്ദുകൊളോണിയലിസവും ഫാസിസവും'. ഇന്ത്യൻ പശ്ചാത്തലത്തിൽ ദേശീയതയും ദേശരാഷ്ട്രഭാവനയുമാർജ്ജിച്ച സവർണഹൈന്ദവയുക്തിയെക്കുറിച്ചു മാത്രമല്ല, കഴിഞ്ഞ മൂന്നുവർഷക്കാലമായി ഭരണകൂടപിന്തുണയോടെ നടപ്പാക്കപ്പെടുന്ന 'ഹിന്ദുത്വ ഫാസിസ'ത്തെക്കുറിച്ച് മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും മികച്ച അക്കാദമിക പഠനങ്ങളിലൊന്നാണ് രഘുവിന്റേത്. ചരിത്രവിജ്ഞാനീയം, ദേശീയതാപഠനം, സാമൂഹ്യശാസ്ത്രം, രാഷ്ട്രമീമാംസ, നരവംശശാസ്ത്രം, മതവിജ്ഞാനം, സാഹിത്യ-സൗന്ദര്യശാസ്ത്രം എന്നിങ്ങനെ വിവിധങ്ങളായ ജ്ഞാന-വിചാരപദ്ധതികൾ മുൻനിർത്തിയും മതേതര-ശാസ്ത്രീയ-കീഴാള യുക്തിയിൽ ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥയെ കീറിമുറിച്ചും ചരിത്രാത്മകവും ജനായത്തപരവുമായി ആധുനിക ഇന്ത്യൻ സാമൂഹ്യമണ്ഡലങ്ങളെ അവലോകനം ചെയ്തും നിലനിൽക്കുന്ന മതാത്മക-വംശീയ ഭരണകൂടവ്യവസ്ഥയെയും ദേശരാഷ്ട്രഘടനയെയും ദേശീയതാബോധത്തെയും നിശിതമായി വിമർശിച്ചും ആന്തരാധിനിവേശം (Internal colonialism) എന്ന രീതിശാസ്ത്രസംജ്ഞ രൂപപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ ദേശീയതാവ്യവഹാരത്തിന്റെ ഭൂത-വർത്തമാനങ്ങളെ സൂക്ഷ്മവും കണിശവുമായി അപനിർമ്മിക്കുന്നു, രഘുവിന്റെ ഈ പുസ്തകം. സംഗ്രഹിച്ചുപറഞ്ഞാൽ, മത-ജാതി-വർണവെറികളുടെ ദൈവശാസ്ത്രമായി മാറിയ ഹിന്ദുത്വരാഷ്ട്രീയത്തെ വംശവെറിയുടെ പ്രത്യയശാസ്ത്രമായ ഫാഷിസവുമായി സമീകരിച്ചു വ്യാഖ്യാനിക്കുകയാണ് രഘുവിന്റെ സമീപനം.

രണ്ടു ഭാഗങ്ങളാണ് ഈ ഗ്രന്ഥത്തിനുള്ളത്. ഒന്നാംഭാഗത്ത് അഞ്ചുലേഖനങ്ങൾ. രണ്ടാംഭാഗത്ത് മൂന്നും. പുറമെ, രണ്ടുഭാഗത്തിനും സമഗ്രമായ ആമുഖങ്ങളും.

ഹിന്ദുത്വസ്വരൂപം കൈവരിച്ച ആധുനിക ഇന്ത്യൻ വരേണ്യ-ദേശീയ ചരിത്രവിജ്ഞാനീയങ്ങളെയും കൊളോണിയലിസം മുതൽ ദേശീയപ്രസ്ഥാനം വരെയും മതേതരത്വം മുതൽ ഓറിയന്റലിസം വരെയുള്ള സംജ്ഞകളെയും പ്രശ്‌നവൽക്കരിച്ചുകൊണ്ട് കീഴാള ചരിത്രവിജ്ഞാനീയത്തിന്റെ സാധ്യതകൾ മുന്നോട്ടുവയ്ക്കുകയാണ് ഒന്നാംഭാഗത്തെ ലേഖനങ്ങളുടെ പൊതുതാൽപര്യം. ദേശീയതയെക്കുറിച്ചുള്ള ശ്രദ്ധേയങ്ങളായ സൈദ്ധാന്തിക പദ്ധതികൾ പലതും ചൂണ്ടിക്കാണിച്ച്, ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിനും ദേശീയതാബോധങ്ങൾക്കും കൈവന്ന മതാത്മകയുക്തികളപഗ്രഥിക്കുകയാണ് ആമുഖലേഖനം. തുടർന്ന്, വംശീയവിവേചനങ്ങളെയും ചൂഷണ സമ്പ്രദായങ്ങളെയും വിശദീകരിക്കുന്നതിനായി റോബർട്ട് ബ്ലോണറും മൈക്കിൾ ഹെഷ്റ്ററുമാവിഷ്‌ക്കരിച്ച 'ആന്തരകൊളോണിയലിസം' എന്ന സംജ്ഞ തന്റെ ഇന്ത്യൻ സാമൂഹ്യപഠനത്തിന്റെ രീതിശാസ്ത്രമായി രഘു വികസിപ്പിക്കുന്നു. 'ഏകശിലാത്മകമായ ഒരു ദേശീയതാ വികാരത്തിൽ ഇന്ത്യൻ സമൂഹങ്ങൾ ഒറ്റക്കെട്ടായി വിദേശാധിപത്യത്തെ എതിർത്തു' എന്ന മട്ടിലുള്ള അതിവാദങ്ങളെ നിരാകരിച്ച് ആന്തരവൈരുധ്യങ്ങളും സംഘർഷങ്ങളും നിറഞ്ഞ ദേശീയതായുക്തിക്കുള്ളിൽ 'ഹിന്ദുകൊളോണിയലിസം' എന്നു വ്യവഹരിക്കാവുന്ന ഒരു ആഭ്യന്തര അധിനിവേശപ്രക്രിയ പ്രവർത്തിച്ചുപോന്നു എന്നും വിദേശാധിപത്യത്തോട് എന്നതിനെക്കാൾ സ്വദേശ-സവർണ-ജാതിഹിന്ദുക്കളോട് ഏറ്റുമുട്ടേണ്ടിവന്നതിന്റെ ചരിത്രമാണ് ഭൂരിപക്ഷം വരുന്ന ഇന്ത്യൻ കീഴാളരുടേതെന്നും രഘു വിശദീകരിക്കുന്നു.

'ഹിന്ദുചിന്തയും പാരമ്പര്യവും പൊതുദേശീയപാരമ്പര്യമാകുന്നതോടെ ജാതീയ ഉച്ചനീചത്വം, അപമാനം, ചൂഷണം, അസ്പൃശ്യത തുടങ്ങിയവയെക്കുറിച്ചുള്ള അധസ്ഥിതവിചാരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ന്യായീകരണം നഷ്ടപ്പെടുന്നു. ജാതിസമ്പ്രദായത്തിന്റെ അനീതികൾക്കിരയായ അധസ്ഥിതർക്ക് അതേക്കുറിച്ച് സാക്ഷിപറയുന്നതിനുള്ള സ്വതന്ത്രമായ രാഷ്ട്രീയ-സാംസ്‌കാരികഭാഷയും ശൈലിയും നിഷേധിക്കുന്ന ധർമമാണ് ദേശീയപ്രസ്ഥാനം നിർവഹിച്ചത്. പറയുന്നവരും കേൾക്കുന്നവരും തമ്മിലുള്ള പാരസ്പര്യമാണ് ഒരു പൊതുസമുദായത്തെയും നമ്മൾ എന്ന ബോധത്തെയും രൂപീകരിക്കുന്നത്. എന്നാൽ അധസ്ഥിതരുടെ സ്പർശവും സാന്നിദ്ധ്യവും വാക്കും തങ്ങളെ അശുദ്ധമാക്കുമെന്നു വിശ്വസിച്ചിരുന്ന സവർണർക്കും അധസ്ഥിതർക്കുമിടയിൽ സാമുദായികമോ വിശ്വാസപരമോ ആയ എന്തു പാരസ്പര്യമാണുള്ളത്? എന്നാൽ, പരിഷ്‌കരണങ്ങളിലൂടെയും ജാതിവിമർശനത്തിലൂടെയും ഇങ്ങനെയൊരു പാരസ്പര്യബോധം സൃഷ്ടിച്ച ദേശീയപ്രസ്ഥാനം യഥാർഥത്തിൽ അധസ്ഥിതരെ പുതിയൊരു അധീശത്വത്തിന്റെ ഇരകളാക്കുകയായിരുന്നു. അതുകൊണ്ടാണ്, ദേശീയപ്രസ്ഥാനത്തിന്റെ അസന്നിഹിത അധീശത്വത്തെ അപഗ്രഥിച്ചുകൊണ്ടുമാത്രമേ അധസ്ഥിതരുടെ സ്വാതന്ത്ര്യസമരത്തിന് ആധുനിക ഇന്ത്യാചരിത്രത്തിൽ ഇടംകണ്ടെത്താനാവുകയുള്ളുവെന്നു പറയുന്നത്'.

'അപ്പോൾ, ആധുനിക ഇന്ത്യയുടെ ചരിത്രമെന്നത് ബാഹ്യവും ആന്തരികവുമായ കൊളോണിയലിസങ്ങളുടെയും അവയ്‌ക്കെതിരായി നടന്ന രണ്ടുതരം സ്വാതന്ത്ര്യസമരങ്ങളുടെയും ചരിത്രങ്ങളാണ്'.

ഒന്നാംഭാഗത്തെ, 'ദേശീയത: ഭാവനയും ആർ.എസ്.എസും' എന്ന ആദ്യലേഖനം അറുപതു പുറങ്ങളുള്ള ശ്രദ്ധേയമായ ഒരു ഗവേഷണപ്രബന്ധം തന്നെയാണ്. ഹിന്ദുത്വരാഷ്ട്രീയത്തെ 'ആന്തരകൊളോണിയലിസം' എന്ന രീതിയിൽ വ്യാഖ്യാനിക്കേണ്ടിവരുന്ന കീഴാളതയുടെ പ്രത്യയശാസ്ത്രമാണ് ഈ പഠനത്തിനടിത്തറ. 'ഹിന്ദു' എന്ന പൊതുസംജ്ഞയ്ക്കു കീഴിൽ സവർണ-അവർണ-കീഴാള-ദളിത്-ആദിവാസി വിഭാഗങ്ങളെ ഒന്നിപ്പിക്കാൻ നടത്തിയ ശ്രമങ്ങളുടെ ഇരട്ടത്താപ്പും നവോത്ഥാനം, ദേശീയപ്രസ്ഥാനം തുടങ്ങിയ സങ്കല്പനങ്ങളിലൂന്നി ഹിന്ദുത്വവാദികൾ അധസ്ഥിതരെ ആന്തരവൽക്കരിച്ചു ഹിംസിക്കാൻ നടത്തിയ പ്രയത്‌നങ്ങളും ചരിത്രാത്മകമായി വിവരിച്ചുകൊണ്ടാണ് ഈ വിഷയവും വീക്ഷണവും രഘു സമർഥിക്കുന്നത്. കീഴാളവിരുദ്ധത, ഇസ്ലാം വിരുദ്ധത, വർണ-ജാതിവെറികൾ, വംശീയവാദം, ബ്രാഹ്മണ്യം എന്നിവയിൽനിന്ന് ഫാഷിസത്തിലേക്കു സഞ്ചരിച്ചെത്തുന്ന സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടകൾ ഒന്നൊന്നായി മറനീക്കുന്നു, ഈ പഠനം. ഹിന്ദു എന്ന സംജ്ഞയുടെ വംശാവലി ചർച്ചചെയ്തുകൊണ്ടാണ് ആർഎസ്എസ്, മഹറുകളും ചമറുകളും ദ്രാവിഡരും പുലയരും പറയരുമൊക്കെയുൾപ്പെടുന്ന ഇന്ത്യയിലെ ആയിരക്കണക്കിനു കീഴാളജാതികളെ പ്രതീകാത്മകവും പ്രതിനിധാനപരവുമായ വംശഹത്യക്കു വിധേയമാക്കിയതിന്റെ ചരിത്രം രഘു വിശദീകരിക്കുന്നത്. മഹാത്മാ ഫൂലെയും അംബേദ്കറും അയ്യങ്കാളിയും ഇ.വി. രാമസ്വാമിനായ്ക്കരുമൊക്കെ നേതൃത്വം കൊടുത്ത കീഴാളപ്രസ്ഥാനങ്ങളുടെ പ്രത്യയശാസ്ത്രഭൂമികകൾ ഹിന്ദുത്വദേശീയതക്കെതിരെ ഉയർത്തിയ വെല്ലുവിളികൾ നമ്മുടെ കാലത്ത് എങ്ങനെ തമസ്‌കരിക്കപ്പെട്ടുവെന്നും തുടർന്നദ്ദേഹം ചർച്ചചെയ്യുന്നു. 1920 കളിൽ പോലും ഹിന്ദുമഹാസഭ അധഃസ്ഥിതരെ ഹിന്ദുക്കളായംഗീകരിച്ചിരുന്നില്ല! അധസ്ഥിത-ദലിത് ജനതയുടെ ഉയിർത്തെഴുന്നേല്പ് തടയുക എന്ന ലക്ഷ്യത്തോടെ ബ്രാഹ്മണ്യശക്തികൾ രൂപീകരിച്ച ആർഎസ്എസ്. ഉൾപ്പെടെയുള്ള സംഘടനകളുടെ ചരിത്രമാണ് ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ ആന്തരകൊളോണിയലിസത്തിന്റേത്. രഘു എഴുതുന്നു:

'രാജാറാം മോഹന്റോയിയുടെ കാലഘട്ടം മുതൽ ആരംഭിച്ച പരിഷ്‌കരണപ്രസ്ഥാനങ്ങളെ സാമൂഹികനവോത്ഥാനമെന്നോ ഹൈന്ദവ നവോത്ഥാനമെന്നോ നിർവചിക്കുന്നത് ഒട്ടും യുക്തിസഹമല്ല. ഹിന്ദുനിർമ്മിതിപ്രസ്ഥാനം എന്നാണ് അവയെ നിർവചിക്കേണ്ടത്. കൊളോണിയൽ ആധുനികതയെ അഭിമുഖീകരിക്കേണ്ടിവന്ന ഹിന്ദുശക്തികൾ ആവിഷ്‌കരിച്ച സവിശേഷമായ വ്യവഹാരപ്രയോഗങ്ങളാണ് ഹിന്ദുയിസത്തെ സാധ്യമാക്കിയത്. ഹിന്ദുനിർമ്മിതിയെ സാമൂഹിക നവോത്ഥാനം എന്ന് സിദ്ധാന്തവൽക്കരിക്കുന്നത് ഹിന്ദുചരിത്രവിജ്ഞാനീയത്തിന്റെ സൂക്ഷ്മതന്ത്രമാണ്. രാജാറാം മോഹന്റോയി ഉൽഘാടനം ചെയ്തതും ബങ്കിംചന്ദ്രചതോപാദ്ധ്യായ, ബാലഗംഗാധരതിലകൻ, വിവേകാനന്ദൻ തുടങ്ങിയവരിലൂടെ വികസിച്ചതുമായ ഹിന്ദുകൊളോണിയലിസത്തിന്റെ ചരിത്രത്തെ ആധുനിക ഇന്ത്യയുടെ ഏക സാമൂഹികചരിത്രമായി സ്ഥാപിക്കുകയാണ് അതിന്റെ ലക്ഷ്യം. അധസ്ഥിതപ്രസ്ഥാനങ്ങളുടെയും അവ ആവിഷ്‌കരിച്ച അഹിന്ദു വ്യവഹാരങ്ങളുടെയും ചരിത്രത്തെ ആധുനിക ഇന്ത്യയുടെ സാമൂഹിക ചരിത്രത്തിൽനിന്ന് നിഷ്‌കാസനം ചെയ്യാനുള്ള എളുപ്പവഴിയാണിത്. ഹിന്ദുകൊളോണിയലിസത്തിനെതിരായ താത്വിക-പ്രായോഗിക കലാപങ്ങളാണ് ആധുനിക ഇന്ത്യയുടെ സാമൂഹികനവോത്ഥാനത്തിനു പശ്ചാത്തലമൊരുക്കിയത്. അതിനാൽ അധസ്ഥിതപ്രസ്ഥാനങ്ങളെയും ഹിന്ദുകൊളോണിയലിസത്തെയും ഒരുപോലെ സാമൂഹികനവോത്ഥാനമെന്ന ഏകഗണത്തിനുകീഴിൽ വർഗീകരിക്കുന്ന പ്രവണതയെ നിരാകരിക്കേണ്ടതാവശ്യമാണ്. എങ്കിൽമാത്രമെ, ഹിന്ദുകൊളോണിയൽ വിരുദ്ധ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രവിജ്ഞാനീയത്തിന് രൂപം കൊള്ളാനാവൂ'.

ഹെഡ്‌ഗേവാറിലേക്കും സവർക്കറിലേക്കും ഗോൽവാൽക്കറിലേക്കുമെത്തുമ്പോൾ ഈ ഹിന്ദുത്വദേശീയത ഫാഷിസത്തിന്റെ സ്വരൂപവും സ്വഭാവവുമാർജ്ജിക്കുന്നു. ഇന്നിപ്പോൾ അതൊരു മൂർത്ത യാഥാർത്ഥ്യവുമായിക്കഴിഞ്ഞു.

'ഹിന്ദുമതനിർമ്മിതിയും പ്രച്ഛന്ന മതപരിവർത്തനവും' എന്ന രണ്ടാംലേഖനം മുഖ്യമായും ഏഴ് വിഷയങ്ങളുടെ ചർച്ചയാണു നടത്തുന്നത്. ഒന്ന്, ഹിന്ദു എന്നത് ഒരു മതമല്ല എന്ന വസ്തുതയുടെ വിശകലനം. രണ്ട്, ബുദ്ധ-ജൈനമതങ്ങളുടെ മേൽ ബ്രാഹ്മണ്യം നടപ്പാക്കിയ താത്വിക ഹിംസ. മൂന്ന്, മുസ്ലിം, ക്രിസ്ത്യൻ മതങ്ങളുടെ അപരവൽക്കരണം. നാല്, കീഴാള, ദലിത് ജാതികളുടെ ...ശാചവൽക്കരണവും ആന്തരവൽക്കരണവും. അഞ്ച്, മതപരിവർത്തനമെന്ന സങ്കല്പനത്തിന്റെ അർഥശൂന്യത. ആറ്, ഓറിയന്റലിസം സൃഷ്ടിച്ച വർണവ്യവഹാരങ്ങൾ. ഏഴ്, ദേശീയപ്രസ്ഥാനത്തിന്റെ ഹിന്ദുസ്വരൂപം.

ഈ വിഷയങ്ങളുടെ വിശകലനത്തിലൂടെയാണ് ഹിന്ദുമതനിർമ്മിതിയുടെ അങ്ങേയറ്റം പ്രതിലോമകരമായ ചരിത്രവും പ്രത്യയശാസ്ത്രവും രഘു തുറന്നുകാട്ടുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുവിൽ നടന്ന സെൻസസുകളിലൂടെ 'ഹിന്ദു' എന്നത് ഒരു മതസംജ്ഞയും മതവുമായി പരിവർത്തിക്കപ്പെട്ടതിന്റെ ചരിത്രം വിശദീകരിച്ചുകൊണ്ട്, ബ്രാഹ്മണ്യവും സംസ്‌കൃതവും വേദോപനിഷത്തുകളും പുരാണേതിഹാസങ്ങളുമൊക്കെ എങ്ങനെയാണ് 'ഹിന്ദു'നിർമ്മിതിയുടെ ഭാവനാത്മക ഊർജ്ജങ്ങളായതെന്ന് രഘു ചൂണ്ടിക്കാണിക്കുന്നു.

'ഇന്ത്യയിലെ സംസ്‌കാരങ്ങളുടെയും മതാചാരങ്ങളുടെയും 'മർമ്മം' ചില സംസ്‌കൃതഗ്രന്ഥങ്ങളിലാണുള്ളതെന്ന ധാരണ പരത്തിയത് ഓറിയന്റലിസ്റ്റുകളാണ്. പാരമ്പര്യത്തെ പാഠവത്കരിക്കുന്ന ഓറിയന്റലിസ്റ്റുവ്യവഹാരം ബ്രാഹ്മണർ രചിച്ച സംസ്‌കൃതഗ്രന്ഥങ്ങൾക്ക് ആധുനികവും ദേശീയവുമായ ആധികാരികത നൽകി. പാരമ്പര്യത്തിന്റെ ബഹുത്വങ്ങളെയും വൈരുധ്യങ്ങളെയും പാഠവ്യാഖ്യാനപരിപ്രേക്ഷ്യത്തിലേക്ക് ന്യൂനീകരിക്കുന്നതിൽ പാശ്ചാത്യ സാഹിതീയാഖ്യാനമുൻവിധികൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 'പ്രമാണഗ്രന്ഥ'ത്തെ ആസ്പദമാക്കിയുള്ള മതനിർവചനം പാശ്ചാത്യ യഹൂദ-ക്രൈസ്തവ മാതൃകയിൽ ഇന്ത്യയിലെ മതങ്ങളെ വായിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ ഒരു മതത്തെ ഇന്ത്യയിൽ പര്യവേഷണം ചെയ്ത് കണ്ടെത്താനാണ് ഓറിയന്റലിസ്റ്റുകൾ പരിശ്രമിച്ചത്. ബ്രാഹ്മണവരേണ്യവിഭാഗങ്ങളുടെ സംസ്‌കൃതകൃതികളെ അടിസ്ഥാനമാക്കിയുള്ള പാരമ്പര്യവും വിശ്വാസസമ്പ്രദായങ്ങളും ഇന്ത്യയ്ക്കു മുഴുവൻ ബാധകമാണെന്നു ചിന്തിക്കാൻ ഓറിയന്റലിസ്റ്റുകളെ പ്രേരിപ്പിച്ചത് ഈ പാഠവൽകരണരീതിയാണ്. ഇത്തരമൊരു സമീപനം മൂലം, ലിഖിതസാഹിത്യപാരമ്പര്യമില്ലാത്ത ഭൂരിപക്ഷമാളുകളുടെയും വിശ്വാസസമ്പ്രദായങ്ങൾക്കു മതപദവി നിഷേധിക്കപ്പെട്ടു. ലിഖിത സാഹിത്യപാരമ്പര്യമുള്ള ബ്രാഹ്മണരുടെ സംസ്‌കൃതരചനകൾ തദ്ദേശീയ ജനതകൾക്കു മുഴുവൻ ബാധകമായ 'പ്രമാണഗ്രന്ഥ'ങ്ങളുടെ പ്രതിഛായ ആർജിക്കുകയും ചെയ്തു. ഇന്ത്യയുടെ ചരിത്രം, സംസ്‌കാരം, സാഹിത്യം, തത്വചിന്ത, സാമൂഹിക സംവിധാനങ്ങൾ എന്നിവയൊക്കെ പഠിക്കുന്നതിന് ഓറിയന്റലിസ്റ്റുകൾ ആധാരമാക്കിയത് ഈ ബ്രാഹ്മണരചനകളെയാണ്. പരസ്പരവിരുദ്ധവും ശിഥിലവുമായ ഈ കൃതികളെ പാശ്ചാത്യ ഭാഷാശാസ്ത്രമാനദണ്ഡങ്ങൾക്കനുസൃതമായി 'ഏകീകൃതപാഠ'ങ്ങളായി വ്യാഖ്യാനിക്കുകയും അച്ചടിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. ഈ ഏകപാഠപാരമ്പര്യം ഒരു ഏകമതസത്തയുടെ സാഹിത്യപ്രകാശനമാണെന്നു ഓറിയന്റലിസ്റ്റുകൾ വിശ്വസിച്ചു. ഈ ഏകമതസത്തയെ അവർ 'ഹിന്ദു'വെന്ന് നിർവചിക്കുകയും ചെയ്തു. കൊളോണിയൽ വ്യവഹാരത്തിന്റെ ഭാഗമായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു സംസ്‌കൃതകൃതികളെയും കൊളോണിയൽ പണ്ഡിതർ രചിച്ച ചരിത്രഗ്രന്ഥങ്ങളെയും അടിസ്ഥാനമാക്കിയാണ് സവർണർ ഒരു ദേശീയഹൈന്ദവഭൂകകാലത്തെയും 'ഹിന്ദുസ്വത്വ'ത്തെയും നിർമ്മിച്ചതെന്ന് തേജസ്വിനി നിരഞ്ജന സൂചിപ്പിക്കുന്നുണ്ട്'.

'സവർണരുടേത് മാത്രമായിരുന്ന ആചാരാനുഷ്ഠാനങ്ങൾ, വിശ്വാസങ്ങൾ, കൃതികൾ, ധർമാധർമസങ്കല്പങ്ങൾ എന്നിവയെ ദേശീയവൽകരിച്ചുകൊണ്ടാണ് വേദോപനിഷത്തുകൾ, വേദാന്തം, ഭഗവത്ഗീത, രാമായണമഹാഭാരതങ്ങൾ തുടങ്ങിയ സവർണ ചിന്താ-സാഹിത്യ പാരമ്പര്യങ്ങൾ ഇന്ത്യൻ ജനതക്കുമുഴുവൻ ബാധകമായ പൊതുദേശീയപാരമ്പര്യത്തിന്റെ ഊർജസ്രോതസുകളായി വ്യാഖ്യാനിക്കപ്പെട്ടത്. എന്നാൽ, പരമ്പരാഗതമായി അവർണ ജനവിഭാഗങ്ങൾ പുലർത്തിപോന്ന അഹൈന്ദവമായ വിശ്വാസാചാരങ്ങളും ചിന്താപദ്ധതികളും സ്വതന്ത്രമായ ദേശീയപദവി ആർജിക്കുന്നത് തടയുകയെന്ന ധർമം ദേശീയവാദികൾ അതീവ ജാഗ്രതയോടെ നിർവഹിക്കുകയും ചെയ്തു. സവർണാധിനിവേശത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരായുണ്ടായ എക്കാലത്തെയും വലിയ താത്വിക-സാമൂഹികകലാപം എന്നു നിർവചിക്കാവുന്ന ബുദ്ധിസത്തെ പാർശ്വവൽകരിക്കുന്നതിൽ ദേശീയവാദികൾ പ്രകടിപ്പിച്ച ശുഷ്‌കാന്തി ശ്രദ്ധേയമാണ്'.

ചർച്ച ഉപസംഹരിച്ചുകൊണ്ടദ്ദേഹം പറയുന്നു:

'ആധുനിക ഇന്ത്യാചരിത്രം രണ്ടുതരം കൊളോണിയലിസങ്ങളുടെ ചരിത്രമാണ്. വിദേശ കൊളോണിയലിസവും ആഭ്യന്തര ഹിന്ദു കൊളോണിയലിസവും'.

'രാമായണം: അപരഹിംസയുടെ ദൈവശാസ്ത്രം' എന്ന മൂന്നാം ലേഖനം, 'രാമജന്മഭൂമി പ്രക്ഷോഭ'ത്തിന്റെ പശ്ചാത്തലത്തിൽ 'രാമ'ബിംബവും രാമായണവും ഇന്ത്യയിൽ മുക്കാൽ സഹസ്രാബ്ദക്കാലം നടത്തിയ വംശഹത്യകളുടെയും ജാതിധ്വംസനങ്ങളുടെയും താത്വികഹിംസകളുടെയും ബ്രാഹ്മണ്യ രഥയാത്രകളുടെയും കഥ പറയുന്നു. പതിനാലാം നൂറ്റാണ്ടിൽ ഇന്ത്യയിൽ കരുത്താർജ്ജിക്കുന്ന ഇസ്ലാമിനെതിരെ ബ്രാഹ്മണ്യം ഉയർത്തിയ പ്രതിരോധത്തിന്റെ രാഷ്ട്രീയമാണ് രാമായണത്തിന്റെ 'ഭക്തിപ്രസ്ഥാന'ചരിത്രം. ഇരുപതാം നൂറ്റാണ്ടിൽ ഗോവധനിരോധന പ്രക്ഷോഭങ്ങളും സംവരണവിരുദ്ധ പ്രതിഷേധങ്ങളും മുതൽ ബാബ്‌റിമസ്ജിദ് തകർക്കൽവരെ അതു നീളുകയും ചെയ്തു.

'മുസ്ലീങ്ങളുടെ ആഗമനത്തിനു മുമ്പ് ബുദ്ധ-ജൈന വിശ്വാസികൾക്കെതിരെ ശൈവ-വൈഷ്ണവ ബ്രാഹ്മണർ രാമായണത്തെ ഉപയോഗിച്ചിട്ടുണ്ട്. ഒരുപക്ഷെ, ബുദ്ധിസത്തിനെതിരായ ബ്രാഹ്മണാക്രമണത്തിന്റെ ഉൽപന്നമായിരിക്കാം രാമാവതാര സങ്കല്പം. ശൈവ-വൈഷ്ണവ പ്രസ്ഥാനങ്ങളിലൂടെ ബ്രാഹ്മണർ ബുദ്ധമതത്തിനെതിരെ അക്രമാസക്തമായി പ്രതികരിക്കാൻ തുടങ്ങിയ കാലഘട്ടത്തിന്റെ ഉൽപന്നങ്ങളാണ് പുരാണങ്ങൾ, പുരാണം എന്ന പേരിൽ ഒരു വ്യവഹാരരൂപം ആവിഷ്‌കരിച്ചതുതന്നെ ബുദ്ധ-ജൈന മതങ്ങളുടെ പ്രചാരം തടയുന്നതിനുവേണ്ടിയാണെന്നാണ് പി.വി. കാനെ പറയുന്നത്. സ്വാംശീകരണത്തിനു വഴങ്ങാത്ത മുസ്ലീമിനെ ബഹിഷ്‌കരിക്കാനുള്ള ഏറ്റവും നല്ല മാർഗം അതിനാൽ അവരെ അസുരവത്കരിക്കുകയെന്നതാണ്. മുസ്ലീങ്ങളെ സ്ത്രീലമ്പടരും സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നവരും സ്വേച്ഛാധിപതികളും വിരൂപരും ഭീകരരൂപികളുമായി ചിത്രീകരിക്കാനുള്ള പ്രതീകവ്യവസ്ഥയാണ് രാമായണം നൽകുന്നത്'.

രാമായണം ഏറ്റെടുത്ത ചരിത്രധർമവും രാഷ്ട്രീയദൗത്യവും എന്തായിരുന്നു?

'മുസ്ലീങ്ങളുമായി സംവാദമോ സഹവർത്തിത്വമോ അസാധ്യമാണെന്നും അതിനാൽ സമ്പൂർണയുദ്ധവും വംശഹത്യയുമാണ് ഏകപോംവഴിയെന്നുമുള്ള ഫാഷിസ്റ്റ് പദ്ധതിയെ ഒരു ദൈവശാസ്ത്രമാക്കി മാറ്റുന്നു എന്നതാണ് രാമായണത്തിന്റെ പ്രയോജനം. ഭരണകൂടാധികാരത്തിന്റെ ദൈവികവത്കരണം, ശത്രുവിന്റെ അസുരവത്കരണം എന്നീ സീമിയോട്ടിക് സ്ലോട്ടുകളിലൂടെയാണ് ഹിന്ദുഫാഷിസ്റ്റുകളുടെ സമകാലിക ഹിംസാത്മകത വിന്യസിക്കപ്പെടുന്നത്. രാമായണത്തിന്റെ പ്രതീകങ്ങളിലൂടെയാണ് ഇത് വിന്യസിക്കപ്പെടുന്നത് എന്നതിനാൽ ഹിംസാത്മകതക്ക് ദൈവികവും ദേശീയവുമായ പരിവേഷം ലഭിക്കുന്നു. രാമൻ എന്ന പ്രതീകവുമായി താദാത്മ്യപ്പെടുന്നതിലൂടെ സദാ അക്രമാസക്തവും ഹിംസാത്മകവുമായ ഒരു സ്വത്വത്തെ സ്വീകരിക്കാൻ ഓരോ ഹിന്ദുഫാഷിസ്റ്റിനും കഴിയുന്നുണ്ട്. അതുകൊണ്ടാണ്, അമ്പുകുലച്ച് യുദ്ധോദ്യുക്തനായി നിൽക്കുന്ന രാമനെ സംഘപരിവാർ ദേശീയനായകനായി വാഴ്‌ത്തുന്നത്'.

'ഇങ്ങനെ ഉദ്‌ഗ്രഥിക്കപ്പെടുന്ന ദേശീയ നമ്മൾ സ്വത്വത്തിന് ആന്തരികമായ കെട്ടുറപ്പും ഭദ്രതയും ലഭിക്കണമെങ്കിൽ അസുരന്റെ/രാവണന്റെ പ്രതിഛായയിൽ നിർമ്മിക്കപ്പെടുന്ന ഒരു മുസ്ലിം അപരത്വമാവശ്യമാണ്. ഈ അപരത്വനിർമ്മിതിയാണ് രാമായണ ബിംബ-പ്രതീകങ്ങളിലൂടെ നിർവഹിക്കപ്പെടുന്നത്. അതുകൊണ്ടാണ്, രാമായണം ഹിന്ദുഫാഷിസത്തിന്റെ രാഷ്ട്രീയ ദൈവശാസ്ത്രമായി മാറുന്നത്. മുസ്ലീങ്ങൾ തകർത്തുവെന്ന് ഫാഷിസ്റ്റുകൾ പറയുന്ന അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രവേശനവും ആരാധനാ സ്വാതന്ത്ര്യവുമുണ്ടായിരുന്നത് ആർക്കൊക്കെയാണ്? എന്തായാലും അയോധ്യയിലെ/ഇന്ത്യയിലെ അധസ്ഥിതർക്ക് ഈ രാമക്ഷേത്രം നിഷിദ്ധമായിരിക്കുമെന്നതിൽ സംശയമില്ല. ഫാഷിസ്റ്റുകളുടെ രാമക്ഷേത്രം അയോധ്യയിലുണ്ടായിരുന്നുവെന്ന് സങ്കൽപിക്കുക. അത് തകർക്കപ്പെട്ടിരുന്നുവെങ്കിൽ തന്നെ, ആ പ്രദേശത്തെ അധസ്ഥിത ഭൂരിപക്ഷത്തിന് ഒരു പ്രതികരണവുമുണ്ടാകുമായിരുന്നില്ല. അപ്പോൾ, തങ്ങളുടെ പൂർവികർക്ക് നിഷിദ്ധമായിരുന്ന ഒരു ക്ഷേത്രത്തിന്റെ പേരിൽ അക്രമാസക്തനും ചാരിത്ര്യഭ്രാന്തനുമായിരുന്ന ഒരു ക്ഷത്രിയയോദ്ധാവിന്റെ പേരിൽ, ഇന്നത്തെ ദലിതരും പിന്നാക്കക്കാരും എന്തിന് ആവേശംകൊള്ളണം?'.

'ഹിന്ദുദേശീയചരിത്രാഖ്യായികയുടെ ഹിംസ' എന്ന നാലാമത്തെ ലേഖനം, ദേശീയ ചരിത്രവിജ്ഞാനീയം സവർണ ഹിന്ദുചരിത്രത്തെ മഹത്വവൽക്കരിക്കുന്നതിന്റെ കഥ പറയുന്നു. ചരിത്രത്തിന്റെ നിർമ്മിതിയിൽ ആധുനികതയുടെ രാഷ്ട്രീയം പ്രവർത്തിച്ചതിന്റെ അപഗ്രഥനമാണിത്. ആര്യാധിനിവേശം മുതൽ ഹാരപ്പൻ, ബുദ്ധ, ജൈന, മുസ്ലിം സംസ്‌കാരങ്ങൾ വരെയുള്ളവയെ അപരവൽക്കരിച്ചുകൊണ്ടും നിരാകരിച്ചുകൊണ്ടും ഹിന്ദുബ്രാഹ്മണ്യം ചരിത്രത്തിൽ നടത്തിയ ഇടപെടലുകളുടെ പഠനം.

'ഇന്ത്യൻ ഭരണകൂടത്തിന്റെ മതം' എന്ന അഞ്ചാം ലേഖനം, നെഹ്രുവിയൻ കാലത്തുനിന്ന് ഇന്ദിരയിലേക്കു ഭരണം മാറുന്നതോടെ ഇന്ത്യയിൽ സംഭവിക്കുന്ന രാഷ്ട്രത്തിന്റെ മതവൽക്കരണം എന്ന പ്രക്രിയ അപഗ്രഥിക്കുന്നു. അടിയന്തരാവസ്ഥക്കുശേഷം സംഘപരിവാറിനു കൈവന്ന സ്വീകാര്യതയും വിശ്വാസ്യതയും; മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് മുതൽ അയോധ്യാവിവാദവും രാമായണ-മഹാഭാരത പരമ്പരകളും വരെയുള്ളവ സൃഷ്ടിച്ച ഭരണകൂടത്തിന്റെ ഹിന്ദുപ്രീണനം തുടങ്ങിയവ ചർച്ചചെയ്യുന്നു, ഇവിടെ.

രണ്ടാംഭാഗത്തെ ലേഖനങ്ങൾ ഒന്നടങ്കം പുലർത്തുന്ന രാഷ്ട്രീയ നിലപാട്, നരേന്ദ്ര മോദിഭരണത്തോടുള്ള കടുത്ത വിമർശനമാണ്. മോദിയുഗത്തിന്റെ ഹിന്ദുത്വ അജണ്ടകളുടെ നേർക്കുള്ള തുറന്ന ആക്രമണം. സംഘപരിവാറിന്റെ പ്രവർത്തനരീതി, അധികാരപ്രമത്തതയും വംശവെറിയും തലയ്ക്കുപിടിച്ച് ഹിറ്റ്‌ലറും സ്റ്റാലിനും മറ്റും നടത്തിയ കിരാതവും മനുഷ്യവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഭരണങ്ങൾ, ഫാഷിസത്തിന്റെ ജനിതക-സാമൂഹ്യ-വംശീയ-മത-വിശ്വാസ-രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ എന്നിവയൊക്കെ ഒന്നൊന്നായി ഈ ലേഖനങ്ങൾ ചർച്ചചെയ്യുന്നു. 'ഭാരതീയസംസ്‌കാരം' എന്ന മിത്തിനെക്കുറിച്ചും സംസ്‌കൃതസാഹിത്യത്തിന്റെയും ഭാഷയുടെയും വംശവെറിയെക്കുറിച്ചും മാത്രമല്ല, മോദിയുടെ വികസനനായകത്വത്തെക്കുറിച്ചും അമിത ദേശസ്‌നേഹത്തിന്റെ പ്രതിലോമപരതയെക്കുറിച്ചുമൊക്കെയുള്ള ചിന്തകൾ രഘു പങ്കുവയ്ക്കുന്നു.

'ഹിന്ദുസമൂഹത്തിലെ ഭൂരിപക്ഷം മനുഷ്യരെയും 'അധമ'രും 'അവർണ'രും 'അസ്പൃശ്യ'രും 'മ്ലേച്ഛ'രുമായി വർഗീകരിക്കുന്ന 'സനാതനഹിന്ദു ധർമ'ത്തിന്റെ പ്രത്യയശാസ്ത്ര സാധൂകരണം മാത്രമാണ് 'വേദങ്ങൾ', ഇതിഹാസപുരാണങ്ങൾ, ധർമമീമാംസകൾ, ഭഗവത്ഗീത, ബ്രഹ്മസൂത്രം, ശങ്കരവ്യാഖ്യാനങ്ങൾ എന്നീ സംസ്‌കൃതകൃതികൾ. 'വംശീയത'യുടെ ഭാഷാപ്രകാശനങ്ങൾ മാത്രമായ സംസ്‌കൃതസാഹിത്യം, യഥാർത്ഥത്തിൽ, ഒരു സമൂഹത്തെ ഏതൊക്കെ തരത്തിൽ ജീർണിപ്പിക്കാനും ചിന്താശൂന്യമാക്കാനും ധിഷണാദരിദ്രമാക്കാനും കഴിയുമെന്നതിന്റെ ഉദാഹരണമാണ്. ഗ്രീക്കുഭാഷ മനുഷ്യരാശിക്ക് 'അക്ഷരമാല'യും 'യുക്തി'യും 'ശാസ്ത്ര'വും 'തത്വചിന്ത'യും സമ്മാനിച്ചപ്പോൾ, സംസ്‌കൃതം സമ്മാനിച്ചത് ജന്തുശബ്ദസമാനമായ വേദോപനിഷത്തുക്കളും വംശീയതയും ജാതിവിവേചനവും യജ്ഞവും നരബലിയും സതിയും ശൈശവവിവാഹവും വിധവാവിവാഹനിരോധനവും സഞ്ചാരസ്വാതന്ത്ര്യനിഷേധവും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ചുട്ടകോഴിയെ പറപ്പിക്കുന്ന വിദ്യയും കടിച്ച പാമ്പിനെവരുത്തി വിഷമിറക്കുന്ന വൈദ്യവും സന്യാസവും പുലപ്പേടിയും താന്ത്രികവിദ്യയും ശൈവിസവും വൈഷ്ണവിസവും നാഗപൂജയും മന്ത്രവാദവും ദേവദാസിസമ്പ്രദായവും കൈനോട്ടവും മഷിനോട്ടവും ജ്യോതിഷവും തുടങ്ങി എണ്ണിയാൽ തീരാത്ത 'സാംസ്‌കാരിക പ്രതിഭാസ'ങ്ങളാണ്. കഴിഞ്ഞ 3000 കൊല്ലങ്ങളായി ഇന്ത്യയിലെ ഹിന്ദുക്കളുടെ യഥാർത്ഥമായ സാമൂഹ്യജീവിതത്തെയും സംസ്‌കാരത്തെയും നിർണയിച്ചുകൊണ്ടിരിക്കുന്നത് ഈ പ്രതിഭാസങ്ങളാണ്. മനുഷ്യരെ 'ശുദ്ധ'രെന്നും 'അശുദ്ധ'രെന്നും വിഭജിച്ച ഹിന്ദുധർമം, അവർക്കിടയിൽ സൃഷ്ടിച്ച 'അരുതായ്മകൾ'ക്ക് കൈയും കണക്കുമില്ല. ഒരു അസ്പൃശ്യമനുഷ്യന്റെ സ്പർശനത്തിന് മാത്രമല്ല, വാക്കിനും നോട്ടത്തിനുപോലും, സവർണനെ അശുദ്ധമാക്കാമെന്നും, അതിനാൽ, മനുഷ്യസമ്പർക്കത്തിന്, കൃത്യമായ 'ദൂരപരിധി' നിശ്ചയിക്കുകയും ചെയ്ത ഏതെങ്കിലുമൊരു സംസ്‌കാരം, ഈ ഭൂമുഖത്തുണ്ടെങ്കിൽ, അത് ഹിന്ദുസംസ്‌കാരമാണ്. ഈ ഹിന്ദുസംസ്‌കാരത്തെ നിർവചിക്കുകയും സ്ഥിരീകരിക്കുകയും അനുസ്യൂതമാക്കുകയും ചെയ്യുന്ന ഭാഷാധർമമാണ് വേദോപനിഷത്തുക്കളും ഭഗവത്ഗീതയും നിർവഹിച്ചത്, ഇന്നും നിർവഹിച്ചുകൊണ്ടിരിക്കുന്നത്. അപ്പോൾ, 'ഹിന്ദുസംസ്‌കാരം' അഥവാ 'ഭാരതീയസംസ്‌കാരം' എന്നു പറയുമ്പോൾ യഥാർത്ഥത്തിൽ അർത്ഥമാക്കുന്നത് എന്താണ്? ഹിന്ദുത്വവാദികളുടെ ഭാരതീയസംസ്‌കാരനിഘണ്ടുവിൽ വംശീയത, ജാതിഅടിമത്തം, നരബലി, യജ്ഞം, സതി, ശൈശവവിവാഹം, തൊട്ടുകൂടായ്മ, സഞ്ചാരസ്വാതന്ത്ര്യനിഷേധം എന്നിവയൊന്നുമുണ്ടാകില്ല. കുറെ സംസ്‌കൃതകൃതികളും ഋഷി-മുനിമാരുമാണ് ഹിന്ദുത്വവാദികളുടെ ഭാരതീയസംസ്‌കാരപ്രതീകങ്ങൾ'.

അവസാന ലേഖനത്തിൽ കേരളം ബിജെപി.ക്കു വളക്കൂറുള്ള മണ്ണായി മാറുന്നതിന്റെ വിപൽസൂചനകളാണ് രഘു നൽകുന്നത്. മൂന്നു ഘടകങ്ങളാണ് ഈയവസ്ഥക്കു വഴിയൊരുക്കുന്നത്. കേരളീയസമൂഹത്തിന്റെ അഭൂതപൂർവമായ മതവൽക്കരണം, ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രത്തകർച്ച, ഇസ്ലാമോഫോബിയക്കു കൈവന്ന വൻ സ്വീകാര്യത.

ഇന്ത്യയിൽ കഴിഞ്ഞ മുക്കാൽ സഹസ്രാബ്ദം പരക്കെയും രണ്ടുനൂറ്റാണ്ട് മുഴുക്കെയും കാൽ നൂറ്റാണ്ട് അതിതീവ്രമായും രാഷ്ട്രീയജീവിതം കൈവരിച്ച ബ്രാഹ്മണ്യ-ഹിന്ദുത്വ പ്രത്യയശാസ്ത്രങ്ങളുടെ ചരിത്രാപഗ്രഥനവും സാമൂഹ്യവിശകലവും എന്ന നിലയിൽ 'ഹിന്ദുകൊളോണിയലിസവും ഫാസിസവും', അങ്ങേയറ്റം അപകടകരമായ രീതിയിൽ രാഷ്ട്രീയാസംബന്ധങ്ങൾ അരങ്ങുതകർത്താടുന്ന നമ്മുടെ കാലത്തിനുനേർക്കുള്ള ഒരു ചൂണ്ടുവിരലാണ്.

പുസ്തകത്തിൽനിന്ന്:-

'ഫാസിസത്തെ ജനപ്രിയമാക്കുന്നത് മിത്തുകളിലൂടെയും അന്ധവിശ്വാസങ്ങളിലൂടെയും യുക്തിവിദ്വേഷത്തിലൂടെയുമാണ്. 'സ്വന്തം ഭാഗധേയം' നിർണയിക്കാനൊരുങ്ങുന്ന ഒരു ജനതയെ ആവേശഭരിതരാക്കാൻ മിത്തുകൾക്കുമാത്രമേ കഴിയൂ എന്ന് 1922-ൽ തന്നെ മുസ്സോളിനി പ്രഖ്യാപിച്ചിട്ടുണ്ട്. (ഋാശഹശീ ഏലിശേഹല, ഠവല േെൃൗഴഴഹല ളീൃ ങീറലൃിശ്യേ: ചമശേീിമഹശാെ, എൗൗേൃശാെ മിറ എമരെശാെ) യുക്തിചിന്തയേയും ശാസ്ത്രജ്ഞാനത്തെയും പാർശ്വവൽക്കരിക്കുകയും ആൾക്കൂട്ടങ്ങളുടെ യുക്തിരാഹിത്യങ്ങളെയും അന്ധവിശ്വാസങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടുമാണ് ഫാസിസം വളരുന്നത്. പ്രാചീന ഇന്ത്യയിൽ വിമാനവും പ്ലാസ്റ്റിക്‌സർജറിയുമുണ്ടായിരുന്നുവെന്ന അയുക്തികപ്രസ്താവന ജനസഞ്ചയങ്ങളുടെ സഹജമായ യുക്തിരാഹിത്യത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഒരു നേതാവിന്റെ വ്യക്തിപ്രഭാവത്തിനും ഇച്ഛയ്ക്കും അടിമകളാകുന്നതിൽ ആനന്ദം കണ്ടെത്തുന്നവരെയാണ് Gtsuave Le Bon എന്ന ചിന്തകൻ ജനസഞ്ചയമെന്ന് വിശേഷിപ്പിച്ചത്. അനുസരണയേയും മാനസിക അടിമത്തത്തെയും ആന്തരികവൽക്കരിക്കുന്ന ജനസഞ്ചയങ്ങളെ, അന്ധവിശ്വാസ-മിത്തുകളാൽ ഭരിക്കപ്പെടുന്ന ഫാസിസ്റ്റു ബഹുജനപ്രസ്ഥാനമായി പരിവർത്തിപ്പിക്കാൻ എളുപ്പമാണ്. 'ശക്തമായ ഇന്ത്യ', 'ഇന്ത്യയിൽ നിർമ്മിക്കുക', 'ശക്തനായ നേതാവ്' തുടങ്ങിയ മിത്തുകൾക്ക് നാഗരികമധ്യവർഗങ്ങളെ വൻതോതിൽ വശീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ വശീകരിക്കപ്പെടുന്ന നാഗരികജനസഞ്ചയങ്ങളെ, ശക്തനായ ഇടയനാൽ നയിക്കപ്പെടുന്ന ആട്ടിൻപറ്റമായി മാറ്റിയെടുക്കുന്ന ധർമമാണ് മോദി നിർവഹിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ആട്ടിൻപറ്റങ്ങളുടെ ഒരു സവിശേഷത, ഔപചാരികവും യുക്തിസഹജവുമായ രാഷ്ട്രീയതത്വങ്ങളോടുള്ള അവജ്ഞയും 'ആക്ടിവിസ'ത്തോടുള്ള ആരാധനയുമാണ്, 'പ്രത്യയശാസ്ത്രവിരുദ്ധമായ പ്രത്യയശാസ്ത്ര'ത്തെയാണ് മോദി പ്രതിനിധാനം ചെയ്യുന്നത്. കാരണം, മോദിയുടെ വിചാരശൂന്യമായ വാചകക്കസർത്തും വികസനവാദാത്മകതയും ആട്ടിൻപറ്റമായി മാറിയ ജനസഞ്ചയങ്ങളുടെ ബൗദ്ധികതാവിദ്വേഷത്തെ പ്രകമ്പനം കൊള്ളിക്കാൻ പര്യാപ്തമാണ്. മോദിയുഗത്തിനു ചുക്കാൻ പിടിക്കുന്ന ആർ.എസ്സ്.എസ്സ്. എന്ന ഭീകരവാദസംഘടന തന്നെ ആശയശൂന്യരും കായികപ്രേമികളുമായ മനുഷ്യരുടെ ഒരു സംഘമാണ്. അവർക്ക് ആശയലോകം എന്ന ഒന്നുണ്ടെങ്കിൽ, അത് ദേശത്തോടുള്ള മതഭക്തി മാത്രമാണ്. ക്ഷുദ്രമായ ദേശഭക്തിയുടെ കുത്തക അവകാശപ്പെടുന്ന ഈ ഭീകരവാദപ്രസ്ഥാനം, അഴിമതി നിയന്ത്രിക്കുന്നതിൽ ജനാധിപത്യ ഗവൺമെന്റിനുണ്ടായ പരാജയത്തിനു ബദൽ, മതേതരഭരണകൂടത്തിനുമേൽ, ദേശരാഷ്ട്രത്തെ സ്ഥാപിക്കുകയാണെന്നു പ്രചരിപ്പിക്കുന്നു. അങ്ങനെ സംഭവിച്ചാൽ, ഇന്ത്യൻ ഭരണകൂടവ്യവസ്ഥയുടെ അടിസ്ഥാനഘടനയെ നിർവചിക്കുന്ന മതേതരത്വത്തിന്റെ സ്ഥാനത്ത്, 'ഹിന്ദുദൈവശാസ്ത്രം' സ്ഥാപിതമാവും. അത്തരമൊരു ദൈവശാസ്ത്രത്തിനാവശ്യം ഉദാരജനാധിപത്യാശയങ്ങളും മൂല്യങ്ങളുമല്ല, മറിച്ച്, 'ഹിന്ദുതിയോക്രസി'യുടെ കല്പനകൾ അയവില്ലാതെ നടപ്പിലാക്കുന്ന ഒരു 'സ്വേച്ഛാധിപതി'യെയാണ്. ഈ തിയോളജിക്കൽ തത്വങ്ങളോട് വിയോജിക്കുന്ന മനുഷ്യരെയും ആശയങ്ങളെയും സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും ദേശത്തിന്റെ ശത്രുക്കളായി മുദ്രയടിക്കാനെളുപ്പമാണ്. അഥവാ ഹിന്ദു തിയോക്രസിക്കു വിധേയരാകാൻ വിസമ്മിക്കുന്നവർ ഒന്നുകിൽ കൊല്ലപ്പെടും. അല്ലെങ്കിൽ, ഇന്ത്യയിൽ തന്നെ, സാംസ്‌കാരികപ്രവാസികളായി മാറും.

നഗ്നമായ ഉന്മൂലനവും ബഹിഷ്‌കരണവുമാണ് ഇപ്പോൾ ഹിന്ദുഭീകരവാദികൾ അനുവർത്തിച്ചുതുടങ്ങിയിരിക്കുന്നത്. കുൽബുർഗിയെപ്പോലുള്ള സ്വതന്ത്ര എഴുത്തുകാരെ വധിക്കുന്നു. മറ്റുചിലർക്കെതിരെ കൊലവിളിനടത്തുന്നു. സാംസ്‌കാരികസ്ഥാപനങ്ങളിൽ നിന്നും യൂണിവേഴ്‌സിറ്റികളിൽ അക്കാദമികളിൽ നിന്നും കലാകാരന്മാരെയും ചിന്തകരെയും ശാസ്ത്രജ്ഞരെയും പുറത്താക്കുകയും ഹിന്ദു തിയോക്രസിയുടെ ആജ്ഞാനുവർത്തികളെ തൽസ്ഥാനങ്ങളിൽ നിയമിക്കുകയും ചെയ്യുന്നു. വിമർശനങ്ങൾക്കും സ്വതന്ത്രചിന്തയ്ക്കുമെതിരെ ചിലപ്പോൾ ക്ഷമാപണരഹിതമായ ഹിംസ അഴിച്ചുവിടുന്നു. മറ്റുചിലപ്പോൾ, ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും മാലാഖമാരായി അഭിനയിക്കുന്നു, ഗോമാംസത്തിന്റെ പേരിലാണ് ഉത്തർപ്രദേശിലെ ഒരു മുസ്ലീമിനെ ഹിന്ദുഭീകരവാദികൾ ക്രൂരമായി കൊലപ്പെടുത്തിയത്. ബീഹാർ തെരെഞ്ഞെടുപ്പ് പ്രചരണത്തിനെത്തുംവരെ ഇക്കാര്യത്തിൽ നിശബ്ദതപാലിച്ച മോദി, പെട്ടെന്ന് 'ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലടിക്കരുത്' എന്ന പ്രസ്താവനയിലൂടെ മതസഹിഷ്ണുതയുടെ മാലാഖയാവുന്നു. ഹിന്ദുഫാസിസത്തിന്റെ ധിഷണാശൂന്യതയുടെ, അവസരവാദത്തിന്റെ, പ്രയോജനവാദത്തിന്റെ, ഏറ്റവും നല്ല ഉദാഹരണമാണിത്.

എക്കാലത്തെയും ഫാസിസം ഒരു പ്രായോഗികപ്രസ്ഥാനമാണ്. ദേശഭക്തി, വംശീയമഹിമ, സംസ്‌കാരശുദ്ധി തുടങ്ങിയ ശുഷ്‌കക്ഷുദ്ര മുദ്രാവാക്യങ്ങൾമാത്രമാണ് എല്ലായിടത്തും ഫാസിസത്തെ പ്രവർത്തനനിരതമാക്കിയിട്ടുള്ളത്. ഉന്നതവും അമൂർത്തവുമായ ആശയങ്ങളോ സിദ്ധാന്തങ്ങളോ ഫാസിസ്റ്റുകൾക്കാവശ്യമില്ല. ഹിറ്റ്‌ലറും മുസ്സോളിനിയും വെറും ശരാശരിക്കാർ മാത്രമായിരുന്നു. ഹിറ്റ്‌ലറുടെ മാസ്റ്റർപീസായ 'മെയ്ൻകാംഫി'ൽ ആശയങ്ങളുടെയോ സിദ്ധാന്തങ്ങളുടെയോ വിദൂരസ്പർശം പോലുമില്ല. അതിലുള്ളത് ചോരയുടെ മണവും വരാൻപോകുന്ന മഹാഹിംസകളുടെ സൂചനകളുമാണ്. ആർ.എസ്സ്.എസ്സ്. ആചാര്യനായ ഗോൾവാൾക്കറുടെ കൃതിയിൽ മുഴങ്ങുന്ന ഹിന്ദുസംസ്‌കാരമഹിമയും മുസ്ലിംവിദ്വേഷവും തിളക്കുന്ന മനസ്സുകളിൽ ആശയങ്ങൾ ജനിക്കുകയില്ല. ആയുധങ്ങൾ മാത്രമേ അത്തരം മനസ്സുകളിൽ ജനിക്കുകയുള്ളു. ഗോൾവാൾക്കറുടെ കൃതി മുസ്ലീങ്ങൾക്കും മതേതരവാദികൾക്കും സ്വതന്ത്രചിന്തകർക്കും കലയ്ക്കും സാഹിത്യത്തിനും യുക്തിക്കും ശാസ്ത്രത്തിനുമെതിരെയുള്ള മാരകായുധവിന്യാസമുറകൾ പ്രതിപാദിക്കുന്ന ഒരു 'കൈപുസ്തക'മാണ്. ആർ.എസ്സ്.എസ്സ്. ശാഖകളിൽ വേവിച്ചെടുക്കുന്ന ഹിന്ദുഫാസിസ്റ്റു ശരീരങ്ങൾക്ക് ഈ കൈപുസ്തകം ഒരു 'മഹാഗ്രന്ഥ'മായി തോന്നുന്നതിന് കാരണം, വലിയ ആശയങ്ങളും സിദ്ധാന്തങ്ങളും ഉൾക്കൊള്ളാനോ താങ്ങാനോ ഉള്ള ശേഷി, ഇവരുടെ മസ്തിഷ്‌കങ്ങൾ ആർജിച്ചിട്ടില്ല എന്നതുകൊണ്ടാണ്. ചെറുപ്രായത്തിൽ ഈ ശാഖകളിലെത്തുന്നവരെ കുറുവടി പ്രയോഗവും മസ്തിഷ്‌കപ്രക്ഷാളനവും വഴി ബുദ്ധിശക്തി ആവശ്യമില്ലാത്തവരാക്കിമാറ്റുകയാണ് ചെയ്യുന്നത്. ഗോൾവാൾക്കറുടെ കൈപുസ്തകമുറകൾ നടപ്പാക്കുന്നതിന് മസ്തിഷ്‌കം തന്നെ ആവശ്യമില്ല. 

ഫാസിസത്തിന്റെ സാർവത്രികമുദ്രാവാക്യം, 'ദേശജീവിതമല്ലാതെ, മനുഷ്യവ്യക്തിക്കു മറ്റൊന്നുമില്ല' എന്നതാണ്. മനുഷ്യവ്യക്തിയുടെ അസ്തിത്വത്തെ ഫാസിസം ദേശീയാസ്തിത്വമായി ന്യൂനീകരിക്കുന്നു. ദേശത്തെ അസ്തിത്വപരമായ മാനങ്ങളിലേക്കുയർത്തുന്ന ഫാസിസ്റ്റുകൾ, വ്യക്തിയുടെ മൂർത്തമായ അസ്തിത്വത്തെ ദേശീയാസ്തിത്വത്തിന്റെ അനുബന്ധ ഘടകമാക്കി ചുരുക്കുകയാണ് ചെയ്യുന്നത്. മൂർത്തമനുഷ്യവ്യക്തികളിൽനിന്ന് അവരുടെ ജീവിതമെന്ന യാഥാർത്ഥ്യത്തെ അടർത്തിമാറ്റുകയും അത് ദേശത്തിൽ നിക്ഷേപിക്കുകയും ചെയ്യുന്ന 'ദേശമിത്ത്' ശുദ്ധമായ 'ശൂന്യതാവാദ'ത്തെയാണ് അന്തർവഹിക്കുന്നത്. വ്യക്തിയുടെ ജീവിതത്തെ നിർവചിക്കുകയും നിർണയിക്കുകയും ചെയ്യുന്ന ആത്യന്തിക തത്വം 'ദേശമാണ്!' ഈയർത്ഥത്തിൽ പരിശോധിക്കുമ്പോൾ, ഹിന്ദുഭീകരവാദികൾ സ്വപ്നം കാണുന്ന ഹിന്ദുരാഷ്ട്രം, ഇന്ത്യയിലെ യഥാർത്ഥ മനുഷ്യവ്യക്തികളുടെ ശവപ്പറമ്പാണ്. ഹിന്ദുരാഷ്ട്രത്തിന്റെ സമകാലീന ജനപ്രിയനേതാവ്, ഈ ശവപ്പറമ്പിലെ കാവൽക്കാരനാണ്. മനുഷ്യജഡങ്ങളുടെ 'ദൃശ്യവിസ്മയം' ആസ്വദിക്കുന്നവനുമാത്രമേ, ശവപ്പറമ്പിന്റെ കാവൽക്കാരനാകാൻ കഴിയൂ! 2002-ൽ ഗുജറാത്തിലെ തെരുവുകളിൽ ആയിരക്കണക്കിന് മനുഷ്യജഡങ്ങളുടെ 'വിസ്മയക്കാഴ്ചകൾ' കണ്ട് മനംകുതിർന്ന ഒരു നേതാവിനെയായിരിക്കും ഈ കാവൽക്കാരന്റെ ഒഴിവ് കാത്തിരിക്കുന്നത്!'.

ഹിന്ദുകൊളോണിയലിസവും ഫാസിസവും
ജെ.രഘു
ക്വിവൈവ് ടെക്സ്റ്റ്
മാവേലിക്കര
2017, വില: 200 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP