Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൗ ജിഹാദ് മുതൽ സെക്‌സ് ജിഹാദ് വരെ; കിഷ് ദ്വീപ് മുതൽ സുന്നത്ത് റെയ്ഡ് വരെ: മറുനാടൻ മലയാളിയുടെ ഇസ്ലാമിക വിരുദ്ധ മുഖം

ലൗ ജിഹാദ് മുതൽ സെക്‌സ് ജിഹാദ് വരെ; കിഷ് ദ്വീപ് മുതൽ സുന്നത്ത് റെയ്ഡ് വരെ: മറുനാടൻ മലയാളിയുടെ ഇസ്ലാമിക വിരുദ്ധ മുഖം

ഷാജൻ സ്‌കറിയ

ഴിഞ്ഞ കുറെ മാസങ്ങളായി ഇന്റർനെറ്റിലൂടെ വൻ തോതിൽ പ്രചരിക്കുന്ന ഒരു മറുനാടൻ വിരുദ്ധ ഫോറത്തിന്റെ ലിങ്കാണ് ഈ പാരഗ്രാഫിന്റെ ചുവടെ കൊടുത്തിരിക്കുന്നത്. ആറേഴ് മാസമായി മറുനാടൻ വിരുദ്ധർ ഇത് പ്രചരിപ്പിച്ചിട്ടും കഷ്ടി 5000 പേരിൽ മാത്രം എത്തി നിന്നിരുന്ന ഈ ലിങ്ക് ഏതാണ്ട് 8000 കടന്നത് ഈ പരമ്പരയുടെ ആദ്യ ലക്കത്തിൽ ഞാൻ അത് പ്രസിദ്ധീകരിച്ചതോടെ ആയിരുന്നു. ജസ്റ്റ് പേസ്റ്റ് ഇറ്റ് എന്ന വെബ്‌സൈറ്റിൽ മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച ഇസ്ലാമികവിരുദ്ധം എന്നവകാശപ്പെടുന്ന വാർത്തകളുടെ ഒരു നിര തന്നെ മാല പോലെ കോർത്താണ് ഈ പങ്കുവയ്ക്കൽ നടത്തുന്നത്. ഇടയ്ക്കിടെ പുതിയതായി ലഭിക്കുന്നവയും ഇതോടൊപ്പം കൂട്ടി ചേർക്കും. ഏറ്റവും ഒടുവിൽ ചിത്രീകരിക്കുന്നത് സൗദി അറേബ്യയിലെ മതകാര്യ പൊലീസ് നടത്തിയ അറസ്റ്റിന്റെ വാർത്തയാണ്.

ഞങ്ങൾ എല്ലാം തികഞ്ഞവരാണെന്നോ തെറ്റുപറ്റാത്തവരാണെന്നോ ഒന്നും അവകാശപ്പെടുന്നില്ല. തുടർച്ചയായി തന്നെ തെറ്റുകൾ പറ്റാറുണ്ട് എന്ന് സമ്മതിക്കാൻ മടിയുമില്ല. എന്നാൽ ഇതെല്ലാം ഒരു ഇസ്ലാമിക വിരുദ്ധ അജണ്ടയുടെ ഭാഗമായി മനഃപൂർവ്വം സൃഷ്ടിക്കുന്നതാണ് എന്ന ആരോപണത്തെയാണ് നേരിടാൻ ആഗ്രഹിക്കുന്നത്. സമയവുമായുള്ള മൽപ്പിടുത്തത്തിൽ തെറ്റുകൾ സംഭവിക്കുക സ്വാഭാവികം. ഇത്തരം തെറ്റുകൾ ചൂണ്ടിക്കാണിക്കപ്പെടുമ്പോൾ തിരുത്താൻ ഒരിക്കലും ഞങ്ങൾ മടി കാണിച്ചിട്ടില്ല. എന്നാൽ ഇസ്ലാമിക വിരുദ്ധ അജണ്ടയുടെ പുറത്ത് പാശ്ചാത്യ ലോകത്ത് നിന്നും മറ്റും ഫണ്ട് കൈപ്പറ്റി ഇസ്ലാം വിരുദ്ധ നിലപാട് എടുക്കുന്നു എന്ന ആരോപണം ശരിയല്ല എന്ന വിശദീകരണത്തിന് മാത്രമാണ് ഇവിടെ ശ്രമിക്കുന്നത്.

ചില ഇസ്ലാമിക മൗലികവാദികൾ ചെയ്തത് പോലെ ക്രൈസ്തവ ഹൈന്ദവ മൗലികവാദികൾ ശ്രമിച്ചാലും ഇങ്ങനെ ഒരു പേജ് ഉണ്ടാക്കാൻ പറ്റും. മാതാ അമൃതാനന്ദമയി ദേവിക്കെതിരെ മുൻ ശിക്ഷ്യ എഴുതിയ ലേഖനത്തിന്റെ വിശദാംശങ്ങൾ ആദ്യം പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങളിൽ ഒന്നാണ് ഞങ്ങൾ എന്ന് മറക്കരുത്. അതുപോലെ എത്രയോ വാർത്തകൾ സർവ്വ മത ബിംബങ്ങൾക്കെതിരെയും പ്രസിദ്ധീകരിച്ചിരിക്കുന്നു. സുകുമാരൻ നായർക്കെതിരെയും അനേകം വ്യാജ സ്വാമിമാർക്കെതിരെയും മറുനാടൻ വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു പക്ഷെ ക്രൈസ്തവ വിരുദ്ധമായ വാർത്തകൾ മറുനാടൻ പ്രസിദ്ധീകരിക്കുന്നത് പോലെ മാദ്ധ്യമമോ കേരള കൗമുദിയോ പോലും പ്രസിദ്ധീകരിക്കാറില്ല. മെത്രാന്മാർ രാഷ്ട്രീയത്തിൽ ഇടപെടുന്നതിനെതിരെ എത്രയോ ശക്തമായ ഭാഷയിൽ ഞങ്ങൾ എഡിറ്റോറിയൽ എഴുതിയിരിക്കുന്നു. ഇടുക്കി എംപി ജോയ്‌സ് ജോർജിനെതിരെയും തിരുവനന്തപുരം സ്ഥാനാർത്ഥി ബെനറ്റ് എബ്രഹാമിനിനെതിരെയും മറുനാടൻ ശക്തമായ നിലപാട് എടുത്തത് അത് സഭാസ്ഥാനാർത്ഥി ആണ് എന്ന ഒറ്റക്കാരണം കൊണ്ടാണ്. മദ്യപിച്ചിട്ട് വണ്ടി ഓടിച്ച പുരോഹിതർ, കെപി യോഹന്നാൻ തുടങ്ങിയ അനേകം വിഷയങ്ങളിൽ മറുനാടന്റെ അത്രയും ശക്തമായ നിലപാട് എടുത്ത ഏത് പത്രം ഉണ്ട് വേറെ.

ക്രൈസ്തവ മൗലികവാദികളോ ഹൈന്ദവ മൗലികവാദികളോ ഇങ്ങനെ അവർക്കെതിരായ വാർത്തകൾ തിരഞ്ഞ് പിടിച്ച് പ്രചരിപ്പിച്ചാൽ ഒറ്റ നോട്ടത്തിൽ മറുനാടൻ അവർക്കെതിരാണ് എന്ന് തോന്നും. ഇസ്ലാമിക വിരുദ്ധം എന്ന് പറയുന്ന വാർത്തകൾ ഒന്നുപോലും ഇസ്ലാമിക പൗരോഹിത്യത്തിനോ വിശ്വാസത്തിനോ എതിരായിരുന്നില്ല എന്നോർക്കണം. അതേ സമയം ക്രൈസ്തവ ഹൈന്ദവ വിരുദ്ധ വാർത്തകൾ നേരിട്ട് തന്നെ ആ സംവിധാനത്തിന് എതിരായിരുന്നു. ഇസ്ലാമിക വിരുദ്ധം എന്ന് വിശേഷിപ്പിക്കുന്ന വാർത്തകൾ പോലും അൽഖൈയ്ദയുടെയോ ഐസിസിനെയോ പാക്കിസ്ഥാനോ സൗദി അറേബ്യക്കോ ഒക്കെ എതിരെ എഴുതിയ വാർത്തകൾ ആണ് എന്നതാണ് വിചിത്രം. ചെറിയ വിമർശനം പോലും സഹിക്കാൻ വയ്യാത്ത വിധം അന്ധരായി പോയ ചിലരാണ് മുനാടനെ ഇസ്ലാമിക വിരുദ്ധ കൂടാരത്തിൽ കൊണ്ട് കെട്ടി വയ്ക്കാൻ ശ്രമിക്കുന്നത്.

അതേ സമയം ഈ പറയുന്ന എല്ലാ മത വിഭാഗങ്ങളെയും അനുകൂലിക്കുന്ന എത്രയോ വാർത്തകൾ മറുനാടൻ ഇതിൻ മുൻപ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഅ്ദനിയോട് കാണിക്കുന്ന അനീതിക്കെതിരെ ഒന്നിലേറെ തവണ എഡിറ്റോറിയൽ എഴുതി പ്രതിഷേധിച്ചിട്ടുള്ള മാദ്ധ്യമങ്ങളിൽ ഒന്നാണ് മറുനാടൻ. ഗസ്സയിലെ ജനങ്ങളുടെ കണ്ണുനീരിനൊപ്പം മറുനാടൻ ഉറച്ച് നിന്ന കഥ ആർക്കാണ് വിസ്മരിക്കാൻ സാധിക്കാത്തത്? കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർത്ഥികൾക്ക് മാന്യമായ സ്ഥാനം നൽകിയ ഏക പത്രം മറുനാടൻ ആയിരുന്നു എന്ന് ആ പാർട്ടിയുടെ നേതാക്കളോട് ചോദിച്ചാൽ അവർ തന്നെ പറയും. ഇസ്സാമിക സമുദായത്തിലെ നന്മയുടെ പ്രതീകങ്ങളെ തപ്പി പിടിച്ച് പ്രത്യേകം ഫീച്ചർ ചെയ്യാൻ ഞങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്താറുണ്ട്. ഈ സമുദായത്തെ ലോക വ്യാപകമായി ചിലർ ഒറ്റപ്പെടുത്തി ആക്രമിക്കുന്നു എന്ന വിശ്വസത്തിന്റെ പുറത്താണ് ഇത് ചെയ്യുന്നത്.

ഏഴാം ക്ലാസുകാരനെ ഡോക്ടറും ഭീകരനും ആക്കിയ മറുനാടൻ

കൊടും ഭീകരർക്ക് സഹായം മലയാളി ഡോക്ടർ എന്ന പേരിൽ പ്രസിദ്ധീകരിച്ച വാർത്തയാണ് ആദ്യത്തേത്. കേരള കൗമുദി ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത കേരള കൗമുദി ലേഖകന്റെ പേർ ഉദ്ധരിച്ചാണ് ഞങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒരു അറിയപ്പെടുന്ന മാദ്ധ്യമം ഒരു വാർത്ത പ്രസിദ്ധീകരിച്ചാൽ അവർ അങ്ങനെ റിപ്പോർട്ട് ചെയ്തു എന്ന് പറഞ്ഞ് റിപ്പോർട്ട് ചെയ്യുന്നതിൽ ഒരു തെറ്റുമില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ലോക വ്യാപകമായി ഇങ്ങനെ ചെയ്യാറുണ്ട്. എന്നാൽ ഈ വാർത്ത വ്യാജം ആണ് എന്ന് ആദ്യം കണ്ടെത്തിയതും അത് റിപ്പോർട്ട് ചെയ്തതും മറുനാടൻ ആയിരുന്നു. ഈ വാർത്ത പ്രസിദ്ധീകരിച്ച ഉടൻ ധാരാളം വിമർശനങ്ങൾ ഉണ്ടാവുകയും ഞങ്ങളുടെ എറണാകുളം ലേഖകൻ ശ്രീജിത്ത് ശ്രീകുമാരനെ ഇതിന്റെ നിജ സ്ഥിതി കണ്ടെത്താൻ ചുമതലപ്പെടുത്തുകയും ആയിരുന്നു. മതം മാറ്റത്തിന്റെ പേരിൽ ചിലർ ചേർന്ന് എഴാം ക്ലാസ്സുകാരനെ ഡോക്ടറും പിന്നെ ഭീകരനും ആക്കിയ കഥ പിറ്റേന്ന് മറുനാടൻ പ്രസിദ്ധീകരിച്ചു. ഭീകരനാക്കി മാറ്റിയ ഈ പാവപ്പെട്ടവന്റെ വീട്ടിൽ എത്തി വീട്ടുകോരോട് സംസാരിച്ചു റിപ്പോർട്ട് പ്രസിദ്ധീകരിച്ച ഏക പത്രം ഞങ്ങളുടേതാണ്. ഇതിന്റെ പേരിൽ ഇത് പ്രസിദ്ധീകരിച്ച പത്രങ്ങളിലൊക്കെ റൈറ്റ് തിങ്കേഴ്‌സ് എന്ന ഗ്രൂപ്പ് വിളിച്ച് നടത്തിയ ഒളിക്യാമറ ഓപ്പറേഷൻ വീക്ഷിച്ചാൽ അറിയാം മറുനാടന്റെ നിലപാട്.

എന്ന് മാത്രമല്ല ആദ്യ വാർത്ത ഡിലീറ്റ് ചെയ്ത് കളയുകയും അങ്ങനെ ഒരു വാർത്ത പ്രസിദ്ധീകരിച്ചതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നിട്ടും ആദ്യ വാർത്തയുടെ സ്‌ക്രീൻ ഷോട്ട് എടുത്ത് പ്രചരിപ്പിക്കുന്നതും രണ്ടാമത്തെ വാർത്തയെ കുറിച്ച് മിണ്ടാതിരിക്കുന്നതും എന്തുകൊണ്ടാണ്? ഈ വാർത്ത പ്രസിദ്ധീകരിക്കുകയും അത് ഇതുവരെ പിൻവലിക്കാതിരിക്കുകയും തുടർന്നും ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന കേരളകൗമുദിയോടോ കൗമുദി ലേഖകനോടോ ഒരു വിരോധവും ഇല്ലാതിരിക്കവെ മറുനാടനനെതിരെ മാത്രം ഇങ്ങനെ നുണ പ്രചരിപ്പിക്കുന്നതിന്റെ പിന്നിലെ രീതി ശാസ്ത്രം എന്ത്? ഈ വാർത്ത ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയും ഡോക്ടറുടെ വീട്ടുകാരുമായി സംസാരിച്ച് സത്യം പുറത്തുകൊണ്ട് വരികയും ചെയ്തിട്ടും ഇത് പ്രചരിപ്പിക്കുന്നെങ്കിൽ ഇസ്ലാമിനോടുള്ള സ്‌നേഹം അല്ല പ്രത്യുത കടുത്ത വർഗ്ഗീയത മാത്രമാണ്  മനസ്സിൽ എന്ന് വേണ്ടേ അനുമാനിക്കാൻ. ഈ ചരിത്രം ഒന്നും അറിയാത്ത ഒരാൾ ഇത് കാണുമ്പോൾ മനസ്സിൽ ജനിക്കുന്ന വെറുപ്പാണ് ഇവരുടെ ലക്ഷ്യം. ഇത്തരക്കാർ വർഗ്ഗീയ വാദികൾ മാത്രമല്ല സാമൂഹ്യ ദ്രോഹികൾ കൂടി ആണ് എന്ന് ഖേദപൂർവ്വം പറയട്ടെ. ഞങ്ങൾ നൽകിയ തിരുത്ത് വാർത്തയിലും ഈ മൗലിക വാദികൾ തൃപ്തരായിരുന്നില്ല. ഗൾഫിൽ ജോലി ചെയ്യാൻ വേണ്ടി മാത്രം മതം മാറി എന്ന പ്രയോഗം ആയിരുന്നു ഇവരെ ചൊടിപ്പിച്ചത്. വാസ്തവത്തിൽ ആ കുടുംബവുമായി സംസാരിച്ചപ്പോൾ അവർ പറഞ്ഞകാര്യം ആയിരുന്നു ഇത്. അങ്ങനെ പറഞ്ഞില്ല എന്നായിരുന്നു വാദമെങ്കിൽ മനസ്സിലാക്കാമായിരുന്നു.

ദേവയാനിയുടെ പാക്കിസ്ഥാനി ഭർത്താവിന്റെ കൊച്ചിയിലെ ഇടപാടുകൾ

ണ്ടാമത്തെ വാർത്ത വിവാദ യു എസ് നയതന്ത്രജ്ഞ ദേവയാനിയുടെ ഭർത്താവ് കൊച്ചിയിൽ ഭൂമി ഇടപാട് നടത്തിയ പാക്കിസ്ഥാനി എന്നതായിരുന്നു. വ്യക്തമായ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അട്സ്ഥാനത്തിലായിരുന്നു ആ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. പാക്കിസ്ഥാനിൽ നിന്നും സാമ്പത്തിക ഇടപാട് നടന്നു എന്നതായിരുന്നു സ്‌പെഷ്യൽ ബ്രാഞ്ചിനെ ഇങ്ങനെ ഒരു റിപ്പോർട്ട് തയ്യാറാക്കാൻ പ്രേരിപ്പിച്ചത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു മറുനാടന്റെ വാർത്ത. എന്നാൽ പിന്നീട് ഞങ്ങളുടെ റിപ്പോർട്ടിൽ പറഞ്ഞതുപോലെ തന്നെ കൊച്ചിയിൽ സാമ്പത്തിക ഇടപാടുകളും അതിന്റെ പേരിലുള്ള തർക്കങ്ങളും ശരിവയ്ക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. എന്നാൽ രണ്ടുകാര്യങ്ങൾ വ്യത്യസ്തമായിരുന്നു. പാക്കിസ്ഥാനിൽ നയതന്ത്രജ്ഞയായി ജോലി ചെയ്ത സമയത്ത് അവിടെ നിന്നും പണം മാറ്റി എന്നതായിരുന്നു പാക്കിസ്ഥാൻ ബന്ധത്തിന്റെ അടിസ്ഥാനം. അമേരിക്കൻ പൗരത്വമുള്ള ഇന്ത്യൻ വംശജനായിരുന്നു ഭർത്താവ് എന്നും കണ്ടെത്തപ്പെടുകയായിരുന്നു. ഈ രണ്ടു വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ആദ്യ വാർത്തയിൽ തിരുത്ത് വരുത്തുകയും പുതിയ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഈ വസ്തുതകൾ മനസ്സിലാകാതെയായിരുന്നു ആരോപണം ഉന്നയിക്കുന്നവർ സംസാരിക്കുന്നത്. ഇവിടെ വളരെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. ദേവയാനിയുടെ പാക്കിസ്ഥാനി ബന്ധത്തെക്കുറിച്ച് എഴുതിയാൽ എങ്ങനെയാണ് ഇസ്ലാമിക വികാരം വ്രണപ്പെടുന്നത്. ദേവയാനിയുടെ ഭർത്താവ് മുസ്ലിം ആണെന്ന് പറഞ്ഞിരുന്നില്ല എന്നിട്ടും എന്തിനാണ് ഇതിന്റെ പേരിൽ ചിലർ രോഷം കൊള്ളുന്നത് .?പ്ലെയ്‌സ് ലൈനാണ് ചിലരെ ചൊടുപ്പിച്ചത്. മറുനാടനെ ഇസ്ലാം വിരുദ്ധം ആക്കാൻ ശ്രമിക്കുന്നവർ പറയുന്നത് ഇങ്ങനെയാണ്. "ഈ വാർത്ത റിപ്പോർട്ട് ചെയ്ത സ്ഥലം ഒന്ന് ശ്രദ്ധിക്കൂ.!!!! പാക്കിസ്ഥാൻ എന്ന് വായിക്കുമ്പോൾ കൂടെ മലപ്പുറം എന്ന് കൂടി വായനക്കാരന്റെ മനസ്സിലേക്ക് തള്ളി വിടുന്നത് എന്തിനു വേണ്ടിയാണെന്ന് ബുദ്ധി ഉള്ളവർക്ക് മനസ്സിലാകും.. പാക്കിസ്ഥാൻ ബന്ധവും കൊച്ചി ഭൂമി ഇടപാടും ഉള്ള വാർത്തയിൽ തുടക്കത്തിൽ തന്നെ ഒരു മലപ്പുറം വരേണ്ട ആവശ്യം എന്താണ് ??'"

പത്രപ്രവർത്തനത്തിന്റ പ്രധാന പ്രമാണം അറിയാത്തവർ മാദ്ധ്യമ വിമർശനം നടത്തിയാൽ എന്ത് സംഭവിക്കും എന്നതിന്റെ ഉദാഹരണമാണ് ഈ ആരോപണം. ഏതെങ്കിലും ഒരു വ്യക്തി എഴുതിയ വാർത്തയാണ് പ്രസിദ്ധീകരിക്കുന്നതെങ്കിൽ അയാൾ ബെയ്‌സ് ചെയ്യുന്ന സ്ഥലത്തിന്റെ പേരാണ് സാധാരണ പ്ലെയ്‌സ് ലൈനിൽ വയ്ക്കുക. അല്ലെങ്കിൽ ഏജൻസികളുടെ രേഖ ആയിരിക്കണം. ഈ വാർത്ത് തയ്യാറാക്കിയത് മലപ്പുറം ലേഖകൻ ആയിരുന്നു. അതുകൊണ്ട് മലപ്പുറം എന്ന സ്ഥലപ്പേര് വച്ചു. സ്വന്തം പേര് വയ്ക്കാതെ പലരും എഴുതുന്നുണ്ട്. അവർക്കൊക്കെ പ്രതിഫലം നൽക്കാനും പ്ലെയ്‌സ് ലൈൻ നിർബന്ധമാണ്. ഈ സാങ്കേതികതയെ വർഗീയതയുടെ കോലുപയോഗിച്ച് അളക്കണമെങ്കിൽ അപാരമായ തൊലിക്കട്ടി വേണം എന്ന് മാത്രമേ പറയാനുള്ളു.

ജാതി സെൻസസ് റിപ്പോർട്ട് എങ്ങനെയാണ് മുസ്ലിം വിരുദ്ധമായത്?

മൂന്നാമത് പരാമർശിക്കുന്നത് കേരളത്തിലെ ജാതി സെൻസസ് റിപ്പോർട്ടിനെകുറിച്ച് മറുനാടനിൽ പ്രസിദ്ധീകരിച്ച വാർത്തയാണ്. നാട്ടിൽ മുസ്ലീങ്ങളുടെ എണ്ണം കൂടിയത് എന്തോ വലിയ അപകടം പോലെ മണക്കുന്ന ഭാഷയിലാണ് മറുനാടൻ റിപ്പോർട്ട് ചെയ്തത് എന്നാണ് ആരോപണം. അതിന് ഉപോൽബലകമായി കാണിക്കുന്നത് വാർത്തയുടെ ആദ്യ ഭാഗത്തെ ഒരു വാക്യം ആണ്. കേരളത്തിൽ മുസ്ലിം ജനസംഖ്യ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന സെൻസസ് ഫലം തിരഞ്ഞെടുപ്പുകൾക്കും അതി നിർണായകമാകും എന്ന വാക്യം ആയിരുന്നു ഇത്. ഈ വാർത്തയുടെ സത്യസന്ധതയെ ഇവർ ചോദ്യം ചെയ്യുന്നില്ല. പ്രത്യുത ഇതിന്റെ ഭാഷയാണ് വിമർശന വിധേയമായത്. സത്യം മാത്രം എഴുതിയാലും അതിൽ കുറ്റം കണ്ട് പിടിക്കുന്നത് എങ്ങനെ എന്നതിന്റെ തെളിവായി മാറുകയായിരുന്നു ഈ വാദം.

ജാതി സെൻസസ് നടത്തിയത് ഞങ്ങൾ അല്ല. സർക്കാർ നടത്തിയ സെൻസിന്റെ ഫലം ഒരു മായവും ചേർക്കാതെ ഞങ്ങൾ പ്രസിദ്ധീകരിക്കുകയായിരുന്നു. കേരളത്തിൽ എത്ര മുസ്ലീമുകൾ, എത്ര നായന്മാർ, എത്ര ഈഴവർ, എത്ര ക്രിസ്ത്യാനികൾ എന്നൊക്കെ അറിയാൻ ആർക്കാണ് താല്പര്യം ഇല്ലാത്തത്? അങ്ങനെ ഒരു കണക്കുവന്നപ്പോൾ അത് പ്രസിദ്ധീകരിച്ചാൽ എന്താണ് തെറ്റ്? അനർഹമായ ആവശ്യങ്ങൾ നേടി എടുക്കാൻ രാവിലെയും വൈകുന്നേരവും ജാതി പറയുന്നവർക്ക് പക്ഷെ മതം തിരിച്ചുള്ള കണക്ക് ജനം അറിയാൻ ഭയമെന്ന് വരുന്നത് എങ്ങനെ? ഇവിടെ ഒരു മതത്തെയും ഒഴിവാക്കിയിരുന്നില്ല എന്നോർക്കണം. എറണാകുളത്ത് ക്രൈസ്തവരാണ് മഹാഭൂരിപക്ഷം എന്നും ഹിന്ദുക്കൾ ന്യൂനപക്ഷമാണ് എന്നും കൃത്യമായി ഈ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മുസ്ലിം ജനസംഖ്യയിൽ വൻ തോതിൽ വർദ്ധനവുണ്ടായിട്ടുണ്ട് എന്നതും സെൻസസിന്റെ കണ്ടെത്തൽ ആയിരുന്നു. അത് അങ്ങനെ തന്നെ എഴുതുമ്പോൾ അതിനെ എങ്ങനെയാണ് നെഗറ്റീവായി കാണാൻ പറ്റുന്നത്. ആ പറഞ്ഞത് അസത്യം ആയിരുന്നെങ്കിൽ ഈ വിമർശനത്തിന്റെ കാതൽ മനസ്സിലാക്കാമായിരുന്നു. അല്ലെങ്കിൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ വിമർശനം ഉന്നയിക്കട്ടെ.

സിറിയൻ റിബലുകളെ സുഖിപ്പിക്കാൻ പോയ ടുണീഷ്യൻ യുവതികൾ

വാർത്തയെ കുറിച്ച് വിമർശനം ഉന്നയിക്കുമ്പോൾ എടുത്തു പറയുന്ന ഒരു കാര്യം ഉണ്ട്. ഈ വാർത്തയെക്കുറിച്ച് ഇന്നുവരെ ഒരു തിരുത്ത് പോലും നല്കിയിട്ടില്ല എന്ന്. അതിനർത്ഥം മറ്റ് വാർത്തകൾ തെറ്റാണ് എന്നറിയുമ്പോൾ ഞങ്ങൾ തിരുത്തുന്നുണ്ട് എന്ന് വിമർശിക്കുന്നവർ തന്നെ അംഗീകരിക്കുന്നു എന്നല്ലേ? പാശ്ചാത്യ നാടുകളിലെ പത്രങ്ങളിൽ വരുന്ന വാർത്തകൾ മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിക്കുക ഞങ്ങളുടെ രീതിയാണ് എന്ന് പലതവണ വിശദമാക്കിയതാണ്. ഇത്തരത്തിൽ മിക്ക പാശ്ചാത്യ മാദ്ധ്യമങ്ങളും പ്രസിദ്ധീകരിച്ച ഒരു വാർത്ത ആയിരുന്നു ഇത്. സെക്‌സ് ജിഹാദ് എന്ന പേരിൽ ഇത്തരം ചില വാർത്തകൾ മറുനാടൻ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നതിനെ ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം വാർത്തകൾ തുടർച്ചയായി പാശ്ചാത്യ മാദ്ധ്യമങ്ങളിൽ വന്നു തുടങ്ങിയതോടെ അത് ഞങ്ങൾ പിന്നീട് എടുക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. തുടർച്ചയായി ഇങ്ങനെ വരുമ്പോൾ ഇതൊരു അജണ്ടയുടെ ഭാഗമാണ് എന്ന് തോന്നുക സ്വാഭാവികം. ആ തോന്നൽ ഉണ്ടായപ്പോൾ അത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ഞങ്ങൾ നിർത്തി വച്ചു.

എന്നാൽ ഇത്തരം വാർത്തകൾ മംഗളം അടക്കമുള്ള പത്രങ്ങളിൽ തുടർച്ചയായി പ്രസിദ്ധീകരിക്കുന്നുണ്ട്. ഞങ്ങൾ വേണ്ട എന്നു വച്ച ഉപേക്ഷിച്ച ഇത്തരം വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ മംഗളത്തിലും കൗമുദിയിലും വായിക്കുകയുണ്ടായി. അപ്പോഴും ധാർമ്മിക രോഷം ഉയർത്തിയവർ എന്തുകൊണ്ടാണ് മറുനാടനെതിരെ മാത്രം കുരയ്ക്കുന്നത് എന്നതാണ് ചോദ്യം. ഈ ദിവസങ്ങളിൽ ഐസിസ് ഭീകരർ ശക്തമാവുകയും അവരെ തുരത്താൻ സിറിയയിൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ബോംബ് വർഷം ആരംഭിക്കുകയും ചെയ്തതിൽ നിന്നും മനസിലാക്കേണ്ടത് ഇത്തരം ഒരു സംഘടിത ശ്രമം മുമ്പ് നടന്നിരുന്നു എന്ന് തന്നെയാണ്. ബ്രിട്ടണിൽ നിന്നും കോൺനെന്റൽ യുറോപ്പിൽ നിന്നും മാത്രം ആയിരത്തിലധികം പെൺകുട്ടികൾ സിറിയയിലും ഇറാക്കിലുമായി പ്രവർത്തിക്കുന്നു എന്നാണ് റിപ്പോർട്ട്. ഈ പശ്ചാത്തലത്തിൽ മറുനാടൻ റിപ്പോർട്ടിന് കൂടുതൽ വിശ്വസ്തത വരികയാണ് ചെയ്യുന്നത്.

ലൗ ജിഹാദും ലാൻഡ് ജിഹാദും ബ്രിട്ടനിലെ പരദൂഷണവും

കേരളീയ സമൂഹം ഒരുപാട് ചർച്ച ചെയ്ത ഒരു വിഷയമാണ് ലൗ ജിഹാദ്. ഇത് ആദ്യം എഴുതുന്നത് കേരളത്തിലെ ഒരു പ്രത്യേക ലേഖകൻ ആണ്. ആദ്യം മുതൽ ലൗ ജിഹാദ് എന്നത് ഒരു കള്ളത്തരമാണെന്നും ഒരു സമൂഹത്തെ താറടിക്കാൻ ഉണ്ടാക്കിയതാണെന്നും വിശ്വസിക്കുകയും എഴുതുകയും ചെയ്യുന്ന ഒരു മാദ്ധ്യമം ആണ് മറുനാടൻ മലയാളി. എന്നാൽ ഇത് പതിയെ ഒരു ദേശീയ അന്താരാഷ്ട്ര സംജ്ഞയായി മാറുന്നതാണ് കണ്ടത്. ഈ വിഭാഗത്തിൽ പെടുത്തി ആരോപിക്കുന്ന മൂന്ന് വാർത്തകളും പരിശോധിക്കുക.

ആദ്യത്തേതിൽ പറയുന്നത് വിശ്വഹിന്ദ് പരിഷത്ത് ആരോപിച്ച ലാന്റ് ജിഹാദിന്റെ കാര്യമാണ്. ലാന്റ് ജിഹാദ് എന്ന് വിശ്വഹിന്ദ് പരിഷത്ത് ആരോപിച്ച കാര്യം ആണ് ഞങ്ങൾ റിപ്പോർ്ട്ട് ചെയ്തത്. അവർ അങ്ങനെ ഒരു വാക്ക് പറഞ്ഞപ്പോൾ അതല്ലേ ഞങ്ങൾ റിപ്പോട്ട് ചെയ്യേണ്ടത്. ആ ആരോപണത്തെ അംഗീകരിക്കാതെയാണ് മറുനാടൻ റിപ്പോർട്ട്. എന്നാൽ വിശ്വഹിന്ദു പരിഷത്ത് അങ്ങനെ പറഞ്ഞാൽ അതും റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾക്ക് ബാധ്യതയുണ്ട്.

രണ്ടമത്തേത് ബ്രിട്ടനിലെ മലയാളികൾക്കിടയിൽ നടന്ന ഒരു സംഭവത്തെ കുറിച്ചുള്ള റിപ്പോർട്ടാണ്. ഈ വാർത്തയുടെ ഒരു ഭാഗം എടുത്ത് പ്രസിദ്ധീകരിച്ചത് തന്നെയാണ് വിമർശകരുടെ ഉദ്ദേശശുദ്ധിക്കെതിരെയുള്ള ഏറ്റവും നല്ല ഉദാഹരണം. ബ്രിട്ടനിലെ ഒരു മലയാളി പെൺകുട്ടി ഒരു മുസ്ലിം സുഹൃത്തിനൊപ്പം ഒളിച്ചോടിയപ്പോൾ ലൗ ജിഹാദ് എന്നാ പേരിൽ വാർത്ത പ്രസിദ്ധീകരിച്ച ഒരു ഓൺലൈൻ പോർട്ടലിനെ വിമർശിച്ചുകൊണ്ട് എഴുതിയ വാർത്തയാണ് തെറ്റായ ഉദ്ദേശത്തോടെ ഇവിടെ പ്രചരിപ്പിക്കുന്നത്. വളരെ കൃത്യമായി തന്നെ ഒരു സ്വകാര്യ പ്രണയത്തെ ഇങ്ങനെ ലൗ ജിഹാദ് ആക്കി മാറ്റുന്നത് തെമ്മാടിത്തരം ആണ് എന്ന് പറഞ്ഞായിരുന്നു ഞങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് പ്രചരിപ്പിക്കുന്നവർ ഇപ്പോൾ ചെയ്യുന്നത് ലൗ ജിഹാദ് ആരോപണം ഉണ്ടാക്കിയത് ഞങ്ങൾ ആണ് എന്നാണ്. ഇവരോട് സഹതപിക്കാൻ അല്ലേ സാധിക്കൂ.

കിഷ് ദ്വീപിൽ നിന്നും കേരളത്തിലേക്ക് പണം ഒഴുകുന്നുവോ?

വിഭാഗത്തിൽ മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച ഏറ്റവും നിരുത്തരവാദിത്തപരമായ വാർത്തയാണ് ഇത് എന്ന് ഖേദപൂർവ്വം സമ്മതിക്കട്ടെ. ഗൾഫിലെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുമ്പോൾ വിസ മാറാനായി മലയാളികൾ ധാരാളമായി പോകുന്ന ഇടത്താവളമായ കിഷ് ദ്വീപിനെക്കുറിച്ച് വളരെ തെറ്റിദ്ധാരണാകരമായ ഒരു റിപ്പോർട്ടായിരുന്നു ഇത്. എന്നാൽ ഈ വാർത്തയും ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു എന്ന് അതെഴുതിയ ലേഖകൻ ആണയിട്ട് പറയുന്നുണ്ട്. നേരത്തെ പൊലീസ് റെയ്ഡിൽ കിഷ് ദ്വീപിലെ ഐഡികാർഡ് ലഭിച്ചതിനെ കുറിച്ച് ഇന്റലിജൻസ് വൃത്തം സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് കിഷ് ദ്വീപിന്റെ പ്രാധാന്യം അറിയാത്ത ലേഖകൻ ഇങ്ങനെ ഒരു വാർത്ത എഴുതിയത്. നമ്മുടെ ഇന്റലിജൻസ് വൃത്തങ്ങളിൽ പലതും ആരെങ്കിലും പറയുന്ന കാര്യം കേട്ട് കഥകൾ രചിക്കുന്നവരാണ് എന്ന അടിസ്ഥാന കാര്യം മറന്നായിരുന്നു ഈ റിപ്പോർട്ട്. സമാനമായ ഇന്റലിജൻസ് റിപ്പോർട്ടുകൾ ആണ് ഇപ്പോൾ മാവോയിസ്റ്റ് എന്ന പേരിൽ നടക്കുന്നത്. എന്തായാലും ഈ വാർത്ത ഒഴിവാക്കേണ്ടതായിരുന്നു എന്ന് തന്നെയാണ് ഞങ്ങളുടെ വിലയിരുത്തൽ. ഈ വാർത്ത പിൻവലിക്കുകയും ഇതടക്കം അവിശ്വസനീയ ചില വാർത്തകൾ തുടർച്ചയായി എഴുതിയ ലേഖകനെ മറുനാടനിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.

കേരളത്തിലെ താലിബാനിസവും കെനിയൻ വീടുകളിലെ സുന്നത്ത് റെയ്ഡും.

റുനാടനിലെ കോളമിസ്റ്റ് ആയിരുന്ന സന്തോഷ് അറയ്ക്കൽ എഴുതിയ കേരളവും താലിബാനിസത്തിലേക്ക് എന്ന ലേഖനമാണ് ഈ വിഭാഗത്തിൽ ആദ്യം വിമർശന വിധേയമായിരിക്കുന്നത്. ഒരു കോളമിസ്റ്റ് എന്തെഴുതിയാലും അത് എഡിറ്റ് ചെയ്യാതെ കൊടുക്കുക ഞങ്ങളുടെ രീതിയാണ്. പോപ്പ് ഫ്രാൻസിസ് ഒരു വ്യാജ പ്രവാചകനാണ് എന്ന തരത്തിലുള്ള വാർത്തകൾ പോലും ഞങ്ങൾ ഈ വിഭാഗത്തിൽ കൊടുത്തിട്ടുണ്ട്, ഈ ലേഖനത്തിന്റെ രൂക്ഷത മാത്രം നോക്കിയാൽ അറിയാം ഈ ലേഖനത്തോടുള്ള ഞങ്ങളുടെ സമീപനം. അതുകൊണ്ട് തന്നെ ഇത്തരം വിമർശനങ്ങൾ ചിലരുടെ അസ്വസ്തഥയുടെ ഭാഗമാണ് എന്ന് പറയുന്നതിൽ ഒരു മടിയുമില്ല. ചുവടെ കൊടുത്തിരിക്കുന്ന പോപ്പ് ഫ്രാൻസിനെതിരെയുള്ള ലേഖനം വായിച്ചശേഷം പറയൂ ഇവിടെ വിമർശന വിധേയമായ ലേഖനമാണോ ഇതാണോ കൂടുതൽ മോശമെന്ന്.

ഇവിടെ വിമർശന വിധേയമായ രണ്ടാമത്തെ വിഷയം സുന്നത്ത് ജിഹാദ് എന്ന വാർത്തയാണ്. വിമർശകർ ഇങ്ങനെയാണ് പറയുന്നത്: 

'പതിവുപോലെ കേട്ടാൽ തന്നെ കാക്കാമാരെ ഒന്ന് കയ്യിൽ കിട്ടിയാൽ രണ്ട് പൊട്ടിക്കാൻ തോന്നുന്ന ടൈപ്പ് തലക്കെട്ട് തന്നെ.. പക്ഷെ ഒരൊറ്റ കുഴപ്പമേ ഉള്ളൂ.. ഇത് ചെയ്തത് മുസ്ലീങ്ങളേ അല്ല !! ആഫ്രിക്കയിൽ ക്രിസ്ത്യൻ സമൂഹത്തിൽ അടക്കം പല ഗോത്രവിഭാഗങ്ങളിലും ആണുങ്ങളുടേയും പെണ്ണുങ്ങളുടേയും വരെ ചേലാകർമ്മം നടത്താറുണ്ട്.. അത്തരം ഒരു സംഭവത്തെയാണ് അവർ സുന്നത്ത് റെയിഡ് എന്ന് വാർത്ത കൊടുത്തത്.. ചേലാകർമ്മം എന്ന വ്യക്തമായ മലയാള പദം ഉണ്ടെന്നിരിക്കെ തന്നെ നബി ചര്യ എന്ന് അർത്ഥം വരുന്ന സുന്നത്ത് എന്ന അറബി പദം മനപ്പൂർവ്വം ഉപയോഗിച്ചത് മറുനാടന്റെ ലക്ഷ്യം എന്തെന്ന് വ്യക്തമാക്കുന്നു !'"

ഇത് ഇസ്ലാമുമായി ബന്ധപ്പെട്ട ഒരു വാർത്ത അല്ല. വാർത്തയിൽ ഒരിടത്തും ഇങ്ങനെ പറയുന്നേയില്ല. എന്നാൽ ചേലാകർമം എന്ന പദത്തിന് പകരം സുന്നത്ത് എന്ന വാക്ക് ഉപയോഗിച്ചത് എന്നതാണ് ചോദ്യം? ഇവിടെ ഒരൊറ്റ മറു ചോദ്യമേ ഉള്ളു. സുന്നത്ത് എന്ന വാക്ക് ഇസ്ലാമിക കർമ്മത്തെ മാത്രമേ സൂചിപ്പിക്കാവൂ എന്ന് നിർബന്ധം പിടിക്കുന്നത് എന്തിന്? CIRCUMCISION എന്ന ഇംഗ്ലീഷ് വാക്കായിരുന്നു ഈ വാർത്തയിൽ പാശ്ചാത്യമാദ്ധ്യമങ്ങൾ ഉപയോഗിച്ചത്. ഇതിന്റെ മലയാളം വിവർത്തനം നോക്കിയപ്പോൾ സുന്നത്ത് എന്നു തന്നെയാണ് കണ്ടത്. സാധാരണ മലായളികൾ അർത്ഥം നോക്കുന്ന olam.in എന്ന വെബ്‌സൈറ്റിൽ നോക്കുക. സുന്നത്ത് എന്നും ചേലാകർമ്മം എന്നും അർത്ഥമുണ്ട്. ചേലാകർമ്മം എന്ന വാക്കിനേക്കാൾ ആളുകൾക്ക് മനസ്സിലാകുന്നത് സുന്നത്ത് ആയതുകൊണ്ടാണ് ആ പദം ചേർത്തത്. ആ പദം മുസ്ലിംങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന ശാഠ്യം പിടിക്കുന്നത് എന്തുകൊണ്ടെന്ന് മാത്രമാണ് ഇപ്പോഴും മനസ്സിലാകാത്തത്?

ഇന്ത്യയിലെ ജിഹാദികളും ദേശവിരുദ്ധ പ്രവർത്തനങ്ങളും

ആരോപണ പരമ്പരയിലെ ഏറ്റവും പ്രധാനപ്പെട്ട ആരോപണങ്ങളിൽ ഒന്നാണ് ഇന്ത്യയിൽ ജിഹാദികൾ എത്തി കഴിഞ്ഞു എന്ന റിപ്പോർട്ട്. ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകിരച്ച വാർത്തയാണിത്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ സമാന മുന്നറിയിപ്പ് പലതവണ നല്കുകയും അത് ഇന്ത്യയിലെ മിക്ക പത്രങ്ങളും പലതവണ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഭൂപടം തന്നെ മാറ്റി ഒരൊറ്റ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ ആഗ്രഹിക്കുന്ന ജിഹാദികളെ കുറിച്ച് മറുനാടൻ മാത്രമാണോ വാർത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്? ഈ റിപ്പോർട്ടിന് ശേഷമല്ലേ അൽഖെയ്ദ ഇന്ത്യയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതും ഭീതി പടർത്തിയതും പ്രധാനമന്ത്രി ഇന്ത്യൻ മുസ്ലീമുകളെ ഇതിനൊന്നും ലഭിക്കില്ല എന്നു പറഞ്ഞതും. മുസ്ലിം ലീഗടങ്ങിയ ഇന്ത്യയിലെ മുസ്ലിം സംഘടനകളും ഈ പ്രഖ്യാപനത്തെ വിമർശിച്ചിരുന്നു. ഇന്ത്യൻ എയർപോർട്ടുകളും ആണവനിലയങ്ങളിലും അക്രമണം നടത്താൻ ഇവർക്ക് പദ്ധതി ഉണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളിലും റിപ്പോർട്ടുകൾ വന്നിരുന്നു. ഇത്തരം റിപ്പോർട്ടുകൾ മറുനാടൻ മലയാളി ശ്രദ്ധിക്കരുതെന്നാണോ വിമർശകർ പറയുന്നത്? ദേശീയ മാദ്ധ്യമങ്ങൾ ഇതെഴുതുമ്പോൾ എന്തുകൊണ്ടാണ് ഇവർ മിണ്ടാതിരിക്കുന്നത്? എന്തുകൊണ്ടാണ് മറുനാടന്റെ സൃഷ്ടിയായി വ്യാഖ്യാനിക്കപ്പെടുന്നത്. ഇത് മാത്രമാണ് എനിക്ക് മനസ്സിലാകാത്തത്.

ഈ കുറിപ്പെഴുതി ഞാൻ തളർന്നിരിക്കുകയാണ്. ഇതൊന്നും വിശദീകരിച്ചില്ലെങ്കിൽ ചിലരെങ്കിലും തെറ്റിദ്ധരിക്കും എന്ന തോന്നൽ കൊണ്ടാണ്. തൽക്കാലം ഈ വിശദീകരണങ്ങൾ അവസാനിക്കുകയാണ്.. വാസ്തവത്തിൽ മറുനാടൻ മലയാളിക്കെതിരെ ഈ പ്രചാരണം നടത്തുന്നതിന് പിന്നിൽ ചിലരുടെ വ്യക്തി താൽപര്യം കൂടി ഉണ്ട്. അതെ കുറിച്ച് പറഞ്ഞാലേ ഇത് പൂർത്തിയാകൂ. മറുനാടനെ സ്‌നേഹിക്കുന്ന മതനിരപേക്ഷരായ അനേകം മുസ്ലീ സുഹൃത്തുകൾ ഉണ്ട്. മറുനാടനെതിരെയുള്ള ഈ ആക്രമണത്തിൽ അവർ വളരെ ഏറെ വിഷണ്ണരാണ്. അവർക്ക് വേണ്ടി ചില കാര്യങ്ങൾ കൂടി എഴുതുന്നതോടെ ഈ പരമ്പര സമാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP