Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരാച്ചാർ: വായനകൾ

ആരാച്ചാർ: വായനകൾ

ഷാജി ജേക്കബ്

രുപത്തൊന്നാം നൂറ്റാണ്ടിൽ, മലയാളസാഹിത്യപൊതുമണ്ഡലത്തിൽ പ്രകടമാകുന്ന പ്രവണതകൾ പ്രധാനമായും മൂന്നാണ്. ഒന്ന്, ഒരു നൂറ്റാണ്ടിന്റെ ചരിത്രമുള്ള 'മലയാള-സാഹിത്യ-വായന' (മൂന്നു വാക്കിനും ഒരേ ഊന്നൽ -ഭാഷ (മലയാളം) രൂപം (സാഹിത്യം) അനുഭൂതി (വായന) എന്നീ മൂന്നു തലങ്ങളിലും ഒരുപോലെ പ്രകടമാകുന്ന മാറ്റമാണ് ഉദ്ദേശ്യം)യുടെ കാലം ഏതാണ്ട് അവസാനിച്ചുതുടങ്ങിയിരിക്കുന്നു. വിശേഷിച്ച് അച്ചടിയിലുള്ള സാഹിത്യത്തിന്റെ ജീവിതവും കടലാസിലുള്ള വായനയും.

രണ്ട്, സാഹിത്യത്തിന്റെ ഈ ജീവിതലോകത്തെ നിർണയിച്ചിരുന്ന സ്ഥാപനങ്ങൾ (പ്രസാധകർ, വായനശാലകൾ, സാഹിത്യ-സാംസ്‌കാരിക പ്രസിദ്ധീകരണങ്ങൾ, പാഠ്യപദ്ധതി....) ഒന്നൊന്നായി സാഹിത്യത്തെ കയ്യൊഴിയുകയോ സ്വയം തിരോഭവിക്കുകയോ ചെയ്തുതുടങ്ങിയിരിക്കുന്നു. മലയാളത്തിൽ കഴിഞ്ഞ നൂറ്റാണ്ടിൽ ഏറെ പ്രചാരവും സ്വാധീനവും ഉണ്ടായിരുന്ന 'സാഹിത്യ'മാസികകൾ ഒന്നൊഴിയാതെ ഈ രണ്ടു രംഗത്തും പ്രതിസന്ധിയിലാണ്.

മൂന്ന്, അവശിഷ്ടസാഹിത്യവായന നോവൽ എന്ന ഏകരൂപത്തിലേക്കു ചുരുങ്ങിക്കഴിഞ്ഞു. നോവലൊഴികെയുള്ള പരമ്പരാഗത സാഹിത്യരൂപങ്ങൾ ഒന്നടങ്കം എഴുത്ത്, പ്രസാധനം, വില്പന, വായന, സംവാദം എന്നീ പഞ്ചസന്ധികളിലും പിന്തള്ളപ്പെട്ടിരിക്കുന്നു. കാഴ്ചയുടെയും പങ്കാളിത്തത്തിന്റെയും ഇന്ദ്രിയാനുഭവങ്ങളിലൂടെ അച്ചടിയെയും വായനയെയും മറികടന്നു കഴിഞ്ഞ ഭാവനയാണ് പുതിയ നൂറ്റാണ്ടിന്റേത്.

സ്വാഭാവികമായും പുതിയ മാദ്ധ്യമങ്ങളും സാങ്കേതികതകളും രൂപങ്ങളും സൃഷ്ടിക്കുന്ന പുതിയ ഇന്ദ്രിയാനുഭവങ്ങളും ഭാവുകത്വവുമാണ് പുതിയ കാലത്തിന്റെ അറിവും വിനോദവും വിനിമയവും മറ്റും നിശ്ചയിക്കുന്നത്. കഴിഞ്ഞ രണ്ടോ മൂന്നോ തലമുറകളുടെ മാത്രം ചരിത്രവും ജീവിതവും അനുഭവവുമാണ് വായനയും സാഹിത്യവും. അവ, സ്വന്തം ജീവിതചക്രം പിന്നിട്ട് കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ പുതിയ അനുഭൂതികൾ പകരുന്ന മാദ്ധ്യമരൂപങ്ങൾ പുതിയ തലമുറയ്ക്കു കൈവന്നുകഴിഞ്ഞു. ഇതംഗീകരിച്ചുകൊണ്ടു മാത്രമേ നമുക്കു മുന്നോട്ടു പോകാൻ കഴിയൂ.

മറ്റു ലോകഭാഷകളിലുമെന്നപോലെ മലയാളത്തിലും നോവൽ (മാത്രം) നിലനിർത്തിപ്പോരുന്ന സാംസ്‌കാരിക ജീവിതത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സമീപകാല ചരിത്രങ്ങളിലൊന്ന് 'ആരാച്ചാർ' സൃഷ്ടിച്ചതാണ്. ആധുനികാനന്തര ഭാവനയിൽ ആനന്ദ് സ്ഥാപിച്ചെടുത്ത ചരിത്രാപഗ്രഥനങ്ങളുടെയും വൈജ്ഞാനിക വ്യവഹാരങ്ങളുടെയും ചിന്താപരതയുടെയും രാഷ്ട്രീയ സംവാദങ്ങളുടെയും ഉത്തരേന്ത്യൻ സ്ഥല-കാല ഭൂമികകളുടെയും ഭരണകൂട-മത-പ്രത്യയശാസ്ത്ര വിമർശനങ്ങളുടെയുമൊക്കെ ആഖ്യാനമണ്ഡലമായി വികസിക്കുന്ന നോവലിന്റെ കലയിൽ മൗലികമായ ഒരു ഭാവലോകം രൂപപ്പെടുത്തിക്കൊണ്ടാണ് മീര 'ആരാച്ചാർ' അവതരിപ്പിക്കുന്നത്. 'ഹിംസയുടെ വേദാന്തം' എന്ന ഈ പേരിൽ നോവൽനിരൂപണം ചെയ്തുകൊണ്ട് ഈ പംക്തിയിൽതന്നെ എഴുതിയ പഠനത്തിലെ വാക്കുകൾ ആവർത്തിച്ചാൽ, ചരിത്രവും മിത്തും ഭൂതകാലത്തെയെന്നപോലെ വർത്തമാനകാലത്തെയും പ്രശ്‌നവൽക്കരിക്കുന്നതിന്റെ ഭാവനാഭൂപടമാണ് ഈ നോവൽ. ബംഗാളിനോവലുകളുടെ ഭൂമിശാസ്ത്രം മാത്രമല്ല, ഭാഷാ, ജീവിതസംസ്‌കാരങ്ങളും അസ്ഥിവരെ തുളഞ്ഞിറങ്ങിയ കൃതി. സമീപകാല ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ അടിസ്ഥാനപരമായ മൂല്യസംഘർഷങ്ങളിലൊന്നിന്റെ നേർചരിത്രം. വാർത്താടെലിവിഷൻ മനുഷ്യജീവിതത്തിൽ നടത്തുന്ന മ്ലേച്ഛവും ഹീനവുമായ കടന്നുകയറ്റങ്ങളുടെ കുറ്റവിചാരണ. എല്ലാറ്റിനുമുപരി ഒരു സ്ത്രീക്കു മാത്രമറിയാവുന്ന അവളുടെ ആത്മാനുഭവങ്ങളുടെയും പുരുഷ-പൊതു-സാമാന്യബോധത്തിനു പിടിതരാത്ത കാമനകളുടെയും തുറന്നെഴുത്ത്. അപൂർവ്വമാംവിധം ഭാവബദ്ധമായ ആത്മസംഘർഷങ്ങളുടെയും വൈകാരിക ബന്ധങ്ങളുടെയും രൂപകസമൃദ്ധമായ ആഖ്യാനശൈലി, ഈ പ്രവണതകളെല്ലാം സംഗ്രഹിച്ചു പറഞ്ഞാൽ, മനുഷ്യജീവിതത്തിന്റെ മുഴുവൻ പ്രാണസഞ്ചാരങ്ങളെയും നിഷ്പ്രഭമാക്കുന്ന മരണഭീതിയുടെ മഹോപാഖ്യാനം.പ്രസിദ്ധീകരിച്ച് മൂന്നു വർഷത്തിനുള്ളിൽ അൻപതിനായിരം കോപ്പി വിറ്റഴിഞ്ഞുവെന്നത് മറ്റൊരു മലയാളനോവലിനും ഇതുവരെ അവകാശപ്പെടാൻ കഴിയാത്ത നേട്ടമാണ്. ഈ സന്ദർഭത്തിലാണ് സി. അശോകൻ, ആരാച്ചാരെക്കുറിച്ചുണ്ടായ പഠനങ്ങൾ സമാഹരിച്ച് ഇങ്ങനെയൊരു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രസിദ്ധീകരിച്ച് മൂന്നു വർഷത്തിനുള്ളിൽ അൻപതിനായിരം കോപ്പി വിറ്റഴിഞ്ഞുവെന്നത് മറ്റൊരു മലയാളനോവലിനും ഇതുവരെ അവകാശപ്പെടാൻ കഴിയാത്ത നേട്ടമാണ്. ഈ സന്ദർഭത്തിലാണ് സി. അശോകൻ, ആരാച്ചാരെക്കുറിച്ചുണ്ടായ പഠനങ്ങൾ സമാഹരിച്ച് ഇങ്ങനെയൊരു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സമകാലനോവൽനിരൂപണത്തിന്റെ ബലദൗർബല്യങ്ങൾ ഒരുപോലെ പ്രകടമാകുന്ന ഒന്നായി ഈ പുസ്തകം മാറുകയും ചെയ്യുന്നു.

ഒ.എൻ.വി, എം.കെ. സാനു, എം. ലീലാവതി, ബി. ഇക്‌ബാൽ തുടങ്ങിയവർ ഈ നോവലിനെ അമ്പരപ്പോടെ നോക്കിക്കണ്ട് അതിശയോക്തിപരമായ സ്തുതിവചനങ്ങൾകൊണ്ടഭിഷേകം ചെയ്യുന്നു. ലോകനോവൽ ക്ലാസിക്കുകൾക്കൊപ്പം ആരാച്ചാർക്ക് ഇടംകല്പിക്കുന്ന ഇവർ ദസ്തയവ്‌സ്‌കിയെയും ടോൾസ്റ്റോയിയെയും അതിശയിക്കുന്ന പ്രതിഭയാണ് മീര എന്നു വാദിക്കുന്നുമുണ്ട്. ലീലാവതിയാകട്ടെ, ലോകോത്തര നോവലിസ്റ്റായി അവർ കാണുന്ന സി. രാധാകൃഷ്ണനോടാണ് മീരയെ താരതമ്യം ചെയ്യുന്നത്.

സി വിക്കും ചന്തുമേനോനും ശേഷം മലയാളത്തിലുണ്ടായ ഏറ്റവും മികച്ച നോവലിസ്റ്റ് എന്നാണ് സാനുവിന്റെ നിരീക്ഷണം. വധശിക്ഷയെക്കുറിച്ചുള്ള നൈതികസംവാദങ്ങൾ ദസ്തയവ്‌സ്‌കിയൻ നിലവാരത്തിലേക്ക് ആരാച്ചാരെ ഉയർത്തുന്നുണ്ടെന്ന് ഇക്‌ബാൽ. സത്യം പറയട്ടെ, സങ്കടം തോന്നും മേല്പറഞ്ഞ ലേഖനങ്ങൾ വായിച്ചാൽ. ഇക്കൂട്ടത്തിൽ കാര്യമാത്രപ്രസക്തമായി ഈ നോവലിനെക്കുറിച്ച് എന്തെങ്കിലും നിരീക്ഷണം നടത്തുന്നത് എം. മുകുന്ദൻ മാത്രമാണ്. അദ്ദേഹം പറയുന്നു: നോവലെഴുത്തിന്റെ ഒരു പുതിയ ദശയെയാണ് ആരാച്ചാർ ഉദ്ഘാടനം ചെയ്യുന്നത്. ഇനിയുള്ള കാലത്ത് തലച്ചോറിൽ മുറ്റിനിൽക്കുന്ന സർഗ്ഗാത്മകതയുടെ നിറവ് മാത്രംപോര നോവലെഴുത്തിന് എന്ന വസ്തുതയും ഇവിടെ തിരിച്ചറിയാൻ സാധിക്കുന്നതാണ്. ഒരു ബഷീറിയൻ പ്രതിഭകൊണ്ടുപോലും ഇനി നോവലെഴുതി വായനക്കാരെ കീഴടക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. സർഗ്ഗാത്മകതയോടൊപ്പം അന്വേഷണത്വരയും ഭൗതികമായ സാഹസിക സഞ്ചാരങ്ങളും നോവലിസ്റ്റിന് ആവശ്യമായിത്തീർന്നിരിക്കുന്നു. നോവലിന്റെ നിർമ്മാണത്തിന് ചരിത്രപരവും സാങ്കേതികവുമായ നിരവധി വസ്തുതകൾ നോവലിസ്റ്റിന് ശേഖരിക്കേണ്ടതുണ്ട്. അതിന് നീണ്ട യാത്രകളും ശ്രദ്ധാപൂർവ്വമായ വായനയും ആഴത്തിലുള്ള പഠനവും ആവശ്യമായിത്തീർന്നിരിക്കുന്നു. കെ.ആർ. മീരയിൽ ഈ സിദ്ധികൾ നിറവോടെ സമന്വയിക്കുന്നു. അതുകൊണ്ടാണ് മീരയ്ക്ക് ആരാച്ചാർ നിർമ്മിക്കാൻ സാധിച്ചത്. ഇനിയുള്ള കാലം വീട്ടുമുറ്റത്തിരുന്നുകൊണ്ടല്ല നോവലിസ്റ്റ് എഴുതുക. ഗ്രന്ഥപ്പുരകളും ഇന്റർനെറ്റും യാത്രകളും അടങ്ങുന്ന വിശാലമായ ലോകത്തിന്റെ നെറുകയിലിരുന്നാണ് ഇനിയങ്ങോട്ട് എഴുത്തുകാരൻ നോവലുകൾ കെട്ടിപ്പണിയുക. നോവൽ നിർമ്മിതിയുടെ പുത്തൻ സാങ്കേതികവിദ്യ പഠിച്ചറിയാൻ ഇന്നത്തെ നോവലിസ്റ്റ് പ്രേരിതനായിരിക്കുന്നു.

'ആരാച്ചാരെ'ക്കുറിച്ചുള്ള മറ്റൊരു വിഭാഗം പഠനങ്ങൾ, ആ നോവലിലെ സ്ത്രീപക്ഷ രാഷ്ട്രീയത്തെയും സ്ത്രീജീവിത വൈവിധ്യത്തെയും കുറിച്ചെഴുതപ്പെട്ടവയാണ്. മിനി പ്രസാദ്, സുധാവാര്യർ, പി.എസ്. ശ്രീകല, സന്ധ്യ ജയകുമാർ തുടങ്ങിയവരുടെ രചനകൾ ഉദാഹരണം. 'ഭാരതീയ സ്ത്രീത്വത്തിന്റെയും സ്വാഭിമാനത്തിന്റെയും പ്രതീകങ്ങളാണിവർ' എന്ന മട്ടിലുള്ള പ്രസ്താവങ്ങളൊക്കെയുണ്ടെങ്കിലും മിനി പ്രസാദ് മാത്രമാണ് നോവലിലെ സ്ത്രീജീവിതത്തെ ഏതെങ്കിലും തരത്തിൽ അവലോകനം ചെയ്യുന്നത്. അതേസമയം, സ്ത്രീപക്ഷരചനയെന്ന നിലയിൽ ഈ കൃതിയെ കൂടുതൽ ഗൗരവത്തോടെ സമീപിക്കുന്നത് ടി.ടി. ശ്രീകുമാറും സി. അശോകനും വി. വിജയകുമാറും മറ്റുമാണ്.

സ്ത്രീവാദനിലപാടുകളിലൂന്നുമ്പോൾതന്നെ, ബിജു സി.പി, സജി ഏബ്രഹാം എന്നിവർ, കാമറയുടെ കാഴ്ച ഈ നോവലിന്റെ രാഷ്ട്രീയത്തെ നിർണ്ണയിക്കുന്നതിനെക്കുറിച്ചെഴുതുന്നുണ്ട്. ഭരണഘടനയെ വിമർശിക്കുന്നതിൽ ആധുനികനോവൽ പ്രകടിപ്പിക്കുന്ന രാഷ്ട്രീയനിലപാട് മുൻനിർത്തി പി.എൻ. ഗോപീകൃഷ്ണൻ നോവലിലെ വധശിക്ഷാസംവാദങ്ങൾ വിശകലനം ചെയ്യുന്നു.

നാലുലേഖനങ്ങളാണ് ഈ നോവലിനെക്കുറിച്ചുള്ള ഗൗരവമുള്ള വിമർശനപഠനങ്ങളായി വേറിട്ടുനിൽക്കുന്നത്. ടി.ടി. ശ്രീകുമാർ (കൊല്ലുന്ന പെണ്ണിന്റെ ചരിത്രപുസ്തകം), സി. അശോകൻ (സ്‌ത്രൈണതയുടെ നിവൃത്തിപഥങ്ങൾ), സുനിൽ പി. ഇളയിടം (ചരിത്രത്തിന്റെ ഉയർന്ന ശിരസ്), വി. വിജയകുമാർ (തൂക്കിലേറ്റുക, ഈ ദണ്ഡനീതികളെ) എന്നിവരുടെ രചനകൾ.

'ആരാച്ചാരെ'ക്കുറിച്ചുണ്ടായ ആദ്യപഠനമാണ് ശ്രീകുമാറിന്റേത്. കോളനിയനന്തര നോവലിലെ ചരിത്രബോധവും കാലബോധവും ആരാച്ചാരിൽ അന്വേഷിക്കുകയാണ് ശ്രീകുമാർ. സ്ത്രീവാദപരവും രാഷ്ട്രീയനിർഭരവും ചരിത്രബദ്ധവുമായ ആഖ്യാനത്തിലൂടെ ഈ നോവൽ അധികാരത്തോടും ഭരണകൂടത്തോടും നടത്തുന്ന കലാപം പെണ്ണിനുമാത്രം കഴിയുന്ന ഒന്നാണെന്ന് ലേഖനം സമർഥിക്കുന്നു. ദേശരാഷ്ട്രവിമർശനത്തിന്റെ പ്രത്യയശാസ്ത്ര ചിഹ്നങ്ങൾ ആദിമധ്യാന്തം സംവഹിക്കുന്ന ആധുനികാനന്തര നോവലിന്റെ പാഠരൂപമെന്ന നിലയിൽ വിജയം നേടുമ്പോൾതന്നെ ആരാച്ചാർ ആധുനികതയുടെ വ്യക്തിവാദലഹരിയിൽ ആണ്ടുപോകുന്നുണ്ടെന്നും ശ്രീകുമാർ പറയുന്നു. ടി.ടി. ശ്രീകുമാർ എഴുതുന്നു: പെൺചരിത്രത്തെ അടുക്കളയിൽനിന്ന് രാഷ്ട്രവ്യവഹാരത്തിന്റെ ചോരമണക്കുന്ന ഇടനാഴികളിലേക്ക് മീര കൂട്ടിക്കൊണ്ടുവരുന്നു. അവിടെ സ്ത്രീകൾ നിഴലുകളല്ല. തിശ്ശീലക്കു പിന്നിലെ പതറുന്ന വളകിലുക്കങ്ങളല്ല. പകയുടെയും പ്രതികാരത്തിന്റെയും മറ്റെല്ലാം മനുഷ്യവികാരങ്ങളുടെയും ഉടമകളും സ്വന്തം നിയതിയുടെ വിധാതാക്കളുമാണ്. അവർ പരാജയപ്പെടുന്നുണ്ട്, പക്ഷേ കലാപത്തിലൂടെയുള്ള പരാജയത്തെ വിജയമായിക്കാണുന്ന പോരാളികൾ കൂടിയാണ്. ആൺലോകത്തെ, അതിന്റെ കാഴ്ചപ്പാടുകളെ വെല്ലുവിളിക്കുന്നവരാണ്.  ഭരണകൂടവും സിവിൽസമൂഹവും തമ്മിൽ ജനാധിപത്യ-ബഹുസ്വരരാഷ്ട്രങ്ങളിൽ രൂപംകൊള്ളുന്ന സംഘർഷത്തെയും വൈരുധ്യങ്ങളെയും സ്ത്രീവാദത്തിന്റെകൂടി കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ചരിത്രവൽക്കരിക്കുക എന്ന ശ്രമകരമായ യത്‌നത്തിൽ മീര വിജയിക്കുന്നുണ്ട്.ഭരണകൂടവും സിവിൽസമൂഹവും തമ്മിൽ ജനാധിപത്യ-ബഹുസ്വരരാഷ്ട്രങ്ങളിൽ രൂപംകൊള്ളുന്ന സംഘർഷത്തെയും വൈരുധ്യങ്ങളെയും സ്ത്രീവാദത്തിന്റെകൂടി കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ചരിത്രവൽക്കരിക്കുക എന്ന ശ്രമകരമായ യത്‌നത്തിൽ മീര വിജയിക്കുന്നുണ്ട്. അശോകന്റെ ലേഖനം, സ്ത്രീവാദ സൈദ്ധാന്തികതയിലൂന്നി നടത്തുന്ന ആരാച്ചാരുടെ സൂക്ഷ്മവായനയാണ്. മലയാളനോവലിന്റെ കലയും പ്രത്യയശാസ്ത്രവും ആധുനികാനന്തരഘട്ടത്തിൽ കൈവരിക്കുന്ന രാഷ്ട്രീയ പ്രബുദ്ധതയുടെ അർഥതലങ്ങൾ മറനീക്കുന്ന നിരീക്ഷണങ്ങളാണ് അശോകന്റേത്. നോക്കുക: മലയാളനോവലിന്റെ വർത്തമാനഘട്ടത്തിന്റെ പ്രത്യക്ഷസൂചകമായി വർത്തിക്കുന്ന ആരാച്ചാർ എന്ന നോവൽ ആഖ്യാനകലയിൽ ഒരു പുതുവഴി വെട്ടിത്തുറന്നിരിക്കുന്നു. കൊളോണിയൽ ഇന്ത്യയുടെ കേന്ദ്രമായിരുന്ന കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ ബംഗാളിസംസ്‌കാരത്തെയും ജീവിതത്തെയും ആഖ്യാനത്തിന്റെ അടിസ്ഥാന ഘടകമായി സ്വീകരിച്ചുകൊണ്ട് ആൺകോയ്മയിൽ അധിഷ്ഠിതമായ അധികാരഘടനയെ തകർത്തെറിയുന്നതിനായി സ്‌ത്രൈണോർജപ്രവാഹത്തെ കെട്ടഴിച്ചുവിടുകയാണ് കെ.ആർ. മീര ഈ നോവലിലൂടെ.

ആൺകോയ്മയിൽ അധിഷ്ഠിതമായ അധികാരഘടനയിൽ സ്ത്രീയെ ഉൾച്ചേർത്തുകൊണ്ട് സ്ത്രീശാക്തീകരണം സാധ്യമല്ല എന്ന് നോവൽ സൂചിപ്പിക്കുന്നു. ലിംഗപരമായ വിവേചനം നിലനിർത്തിപ്പോരുന്ന അധികാരവ്യവസ്ഥയെ സമൂലം തകർത്തുകൊണ്ടു മാത്രമേ സമത്വത്തിന്റെ പുതിയ സമൂഹം സാധ്യമാകൂ എന്ന് ഈ നോവൽ അടിവരയിട്ടുറപ്പിക്കുന്നു. നിലവിലുള്ള അധികാരഘടനയും രാഷ്ട്രീയവ്യവസ്ഥയും സ്ത്രീയെ എങ്ങനെയൊക്കെയാണ് ചരക്കുവൽക്കരിക്കുകയും അപമാനവീകരിക്കുകയും ചെയ്യുന്നതെന്ന് ഈ കൃതി വ്യക്തമാക്കുന്നു. സ്ത്രീശാക്തീകരണം ഒരു പ്രത്യേക വ്യവഹാരമായി മാറിക്കഴിഞ്ഞിട്ടും ആണധികാരത്തിന്റെ സൂചകസമൃദ്ധമായ രാഷ്ട്രീയവ്യവസ്ഥ സ്‌ത്രൈണതയെ ഏതൊക്കെ തരത്തിൽ അടിച്ചമർത്തുകയും അധിനിവേശ വിധേയമാക്കുകയും ചെയ്യുന്നുവെന്ന് ഈ നോവൽ നമ്മെ ബോധവൽക്കരിക്കുന്നു. പുരുഷാധികാരത്തിന്റെ ഘടനാവ്യൂഹത്തിലേക്കു പ്രവേശിക്കുന്ന സ്ത്രീക്ക് സംഭവിക്കുന്ന സൂക്ഷ്മ പരിണാമങ്ങളെ അടയാളപ്പെടുത്തുവാനും അതിനെതിരെ പ്രതിരോധം തീർക്കുവാനും ഉള്ള ഒരു ശ്രമം മാത്രമായി ഈ നോവലിനെ ചുരുക്കുവാൻ കഴിയില്ല. സ്‌ത്രൈണോർജപ്രവാഹത്തിലൂടെ പുരുഷാധിപത്യ വ്യവസ്ഥയ്‌ക്കെതിരെയുള്ള കലാപമായി എഴുത്തുമാറുന്നത് ഈ കൃതി അനുഭവിപ്പിക്കുന്നുണ്ട്. ചരിത്രത്തിന്റെയും മാദ്ധ്യമസംസ്‌കാരത്തിന്റെയും ഇരയും വസ്തുവുമായി മാറുന്ന സ്ത്രീയുടെ അവസ്ഥ സൃഷ്ടിക്കുന്ന നൈതികതയുടെ ചോദ്യങ്ങളായി മാറുന്നു, ചേതനയെക്കുറിച്ചുള്ള ഏതു രാഷ്ട്രീയാന്വേഷണവും. 'സൂക്ഷ്മജനാധിപത്യത്തിന്റെ ബഹുമുഖമായ പ്രകാശരശ്മികൾ പ്രസരിപ്പിക്കുകയാണ് ആരാച്ചാർ' എന്ന് അശോകൻ പറയും.ചരിത്രവും സാമൂഹികബന്ധങ്ങളും വ്യക്തികളുടെ ജീവിതപരിസരമായി നിലകൊണ്ട ക്ലാസിക്കൽ റിയലിസ്റ്റ് ഭാവനയുടെ ലോകമല്ല ആരാച്ചാരിലുള്ളത്. ഒട്ടൊക്കെ ഏകമാനമായ ഉദ്വിഗ്നതാഭാവത്തോടെ ചരിത്രബന്ധങ്ങളുടെ പടപാച്ചിലുകൾക്ക് പുറത്ത് തളംകെട്ടിനിന്ന ആധുനികതാപ്രസ്ഥാനത്തിന്റെ ഭാവനാക്രമവും ഇതിലില്ല. ഈ രണ്ടു വിഭാവനക്രമങ്ങളെയും, ഒപ്പംതന്നെ ആധുനികാനന്തരകാലത്തെ വലിയ പ്രലോഭനമായിത്തീർന്ന കേവലവർത്തമാനത്തിന്റെ പ്രതലഭംഗികളെയും മറികടക്കുന്നതിൽ നേടിയ വിജയമാണ് ആരാച്ചാരെ ശ്രദ്ധേയവും സവിശേഷവുമാക്കുന്നതെന്നു പറയാം. ഈ നോവലിലെ ചരിത്രമെന്ന പ്രതിഭാസത്തെയാണ് സുനിൽ അപഗ്രഥിക്കുന്നത്. നോവൽ എന്ന ജനുസിന്റെ ബലിഷ്ഠവും ചരിത്രപരവുമായ ബൃഹത്പാരമ്പര്യത്തെ ഉറപ്പിച്ചുനിർത്തിയും ചേതനയെന്ന സ്ത്രീയുടെ ജീവിതം സമുദ്രവിശാലതയോടെ അവതരിപ്പിച്ചും നീതിയെയും നിയമത്തെയും കുറിച്ചുള്ള ആഴമേറിയ സംവാദമണ്ഡലം രൂപപ്പെടുത്തിയും മലയാളഭാവനയിൽ 'ആരാച്ചാർ' കൈവരിച്ച ഉയരം സുനിൽ രേഖപ്പെടുത്തുന്നു. ഒരു വ്യക്തിയുടെ ആത്മാവിലേക്കും ജീവിതത്തിലേക്കും ആഴ്ന്നിറങ്ങിക്കൊണ്ട് ചരിത്രത്തിന്റെയും കാലബന്ധങ്ങളുടെയും ഗതിഭേദങ്ങളെ അഭിസംബോധന ചെയ്യുന്നു എന്നതാണ് കെ.ആർ. മീരയുടെ ആരാച്ചാർ എന്ന നോവലിനെ സമകാലിക മലയാളനോവലിന്റെയും ഭാവനയുടെയും ചരിത്രത്തിലെ വേറിട്ട രചനകളിലൊന്നാക്കി മാറ്റുന്നത്. മനുഷ്യന്റെ ആത്മനിഷ്ഠതയുടെ ചരിത്രമായിത്തീരുന്ന സാഹിത്യത്തെ മാത്രമല്ല, ആ ആത്മനിഷ്ഠതയെ നിർണയിക്കുന്ന നാനാതരം പ്രഭാവങ്ങളുടെ - ചരിത്രപരവും സാമൂഹികവും അധികാരപരവും ലിംഗപരവും മറ്റും മറ്റുമായ എണ്ണമറ്റ പ്രഭാവങ്ങളുടെ - സങ്കീർണ്ണമായ കൂടിക്കലരുകളെയും ഈ നോവൽ വായനക്കാർക്കു മുന്നിൽ തുറന്നുവയ്ക്കുന്നുണ്ട്. ചരിത്രവും സാമൂഹികബന്ധങ്ങളും വ്യക്തികളുടെ ജീവിതപരിസരമായി നിലകൊണ്ട ക്ലാസിക്കൽ റിയലിസ്റ്റ് ഭാവനയുടെ ലോകമല്ല ആരാച്ചാരിലുള്ളത്. ഒട്ടൊക്കെ ഏകമാനമായ ഉദ്വിഗ്നതാഭാവത്തോടെ ചരിത്രബന്ധങ്ങളുടെ പടപാച്ചിലുകൾക്ക് പുറത്ത് തളംകെട്ടിനിന്ന ആധുനികതാപ്രസ്ഥാനത്തിന്റെ ഭാവനാക്രമവും ഇതിലില്ല. ഈ രണ്ടു വിഭാവനക്രമങ്ങളെയും, ഒപ്പംതന്നെ ആധുനികാനന്തരകാലത്തെ വലിയ പ്രലോഭനമായിത്തീർന്ന കേവലവർത്തമാനത്തിന്റെ പ്രതലഭംഗികളെയും മറികടക്കുന്നതിൽ നേടിയ വിജയമാണ് ആരാച്ചാരെ ശ്രദ്ധേയവും സവിശേഷവുമാക്കുന്നതെന്നു പറയാം. ഒപ്പം, അത് മനുഷ്യാനുഭവങ്ങളെ കാലപ്രവാഹത്തിനെതിരെ നീന്തിക്കുന്ന അസാധാരണമായ ഭാവബന്ധങ്ങളെയും നോവലിലുടനീളം സന്നിവേശിപ്പിക്കുന്നു. ചേതനാ മല്ലിക്ക്, ഗൃദ്ധ്രാ മല്ലിക്ക് എന്നീ അസാധാരണ പ്രകൃതികളായ കഥാപാത്രങ്ങളെയും അവരെ ചൂഴ്ന്നുനിൽക്കുന്ന നാനാതരം ജീവിതസന്ദർഭങ്ങളെയുമാണ് ആരാച്ചാരുടെ കഥാശരീരം ആവിഷ്‌കരിക്കുന്നത്. ആരാച്ചാരായിത്തീരുന്ന ഒരു സ്ത്രീയുടെയും, ഏതു കൊടുങ്കാറ്റിലും ഉലയാത്ത പ്രാചീനമായ ഒരു ഗോത്രമഹാവൃക്ഷത്തെപ്പോലെയുള്ള അവളുടെ പിതാവിന്റെയും ജീവിതത്തിന്റെ ആഖ്യാനം എന്നത് ഈ നോവലിന്റെ വലിയ ആകർഷണങ്ങളിലൊന്നാണ്. എന്നാൽ ഈ പ്രമേയകേന്ദ്രത്തെ എണ്ണമറ്റ പാളികളായി വിടർത്തിക്കൊണ്ട്, നമ്മുടെ നല്ല കവിതകളിലൊന്നിൽ പറയുന്നതുപോലെ, നദികളും തുരങ്കങ്ങളും നാടുകളും നഗരങ്ങളും മൃൺമയശതാബ്ദങ്ങളും പിന്നിട്ട് കൂവിപ്പായുന്ന കാലത്തിന്റെ പ്രയാണഗതിയെയും പ്രവാഹവേഗങ്ങളെയും നോവലിൽ സന്നിവേശിപ്പിക്കുന്നതിൽ നേടിയ വിജയമാണ് ആരാച്ചാരുടെ അനന്യതയുടെ ആധാരം.

വിജയകുമാർ, നോവലിന്റെ ആഖ്യാനകല മുതൽ സ്ത്രീവാദത്തിന്റെ ചരിത്രപരത വരെയുള്ളവ മുൻനിർത്തി 'ആരാച്ചാർ' മുന്നോട്ടുവയ്ക്കുന്ന മൂല്യമണ്ഡലങ്ങളെ വിചാരണ ചെയ്യുന്നു. ഭരണകൂടം, നീതിന്യായവ്യവസ്ഥ, മാദ്ധ്യമങ്ങൾ, ചരിത്രം- സ്ത്രീപ്രസ്ഥാനങ്ങൾ നിരന്തരം ചർച്ചചെയ്യുന്ന സ്ത്രീവിരുദ്ധമായ പ്രശ്‌നമേഖലകൾ തന്നെയാണ് നോവലിന്റെ ഘടനയിൽ വിജയകുമാർ അപഗ്രഥിക്കുന്നത്.

ഈ പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം, 'അനുബന്ധ'മാണ്. മീര, 'ആരാച്ചാരും എന്റെ ജീവിതവും' എന്ന പേരിലെഴുതിയ ദീർഘമായ അനുഭവക്കുറിപ്പും വയലാർ അവാർഡ് സ്വീകരിച്ചു നടത്തിയ പ്രഭാഷണവുമാണ് അനുബന്ധത്തിലുള്ളത്. നോവലും, അതിനെക്കാൾ പ്രസിദ്ധമായിക്കൊണ്ടിരിക്കുന്ന ജെ. ദേവികയുടെ ഇംഗ്ലീഷ് വിവർത്തനവും നൽകുന്ന ആനന്ദങ്ങളുടെയും ആശങ്കകളുടെയും സംഘർഷാത്മകലോകം മീര തുറന്നെഴുതുന്നു. കഴിഞ്ഞ നാലഞ്ചുവർഷങ്ങളായി, പുരസ്‌കാരം നൽകാൻ തെരഞ്ഞെടുത്ത കൃതികളുടെ നിലവാരമില്ലായ്മമൂലം ആകെ ജീർണിച്ചുപോയ വയലാർ അവാർഡിന്റെ പ്രസക്തി തിരിച്ചുനൽകിയത് മീരയാണ്. തന്റെ കൃതിയെക്കുറിച്ച് ഒന്നാന്തരം വിമർശനാവബോധം വെളിപ്പെടുത്തിക്കൊണ്ടാണ് മീര പുരസ്‌കാരവേദിയിൽ സംസാരിച്ചത്. പടുവയോധികരായ സ്തുതിപാഠകർക്കു മധ്യത്തിൽ, അവർ ആത്മസംയമനം കൈവിടാത്ത വാക്കുകൾ കൊണ്ട് നോവലിൽ താൻ വരച്ച സ്ത്രീത്വത്തിന്റെ ചോരക്കുഴലുകൾ ചൂണ്ടിക്കാണിച്ചു: പുരുഷൻ ഒരു മനോഭാവവും സ്ത്രീ ഒരു അവസ്ഥയും ആയിത്തീർന്നിരിക്കുന്ന ജീവിതസത്യത്തെക്കുറിച്ചാണ് ഞാൻ എഴുതുന്നത്. ഭരണകൂടം പ്രജകളുടെമേൽ പ്രയോഗിക്കുന്ന പൊതുവായ വയലൻസ് അഥവാ ഹിംസയ്ക്കു പുറമേ, ആൺകോയ്മ സ്ത്രീയുടെ മേൽ, അവളുടെ ശരീരത്തിനും മനസ്സിനും ആത്മാവിനും മേൽ പ്രയോഗിക്കുന്ന ഹിംസകൂടിയാകുമ്പോൾ ഓരോ സ്ത്രീജന്മവും ഏറ്റുവാങ്ങുന്ന ക്രൂരതയുടെ അളവ് പുരുഷനെ അപേക്ഷിച്ച് ഇരട്ടിയായിത്തീരുന്നു എന്നത് വളരെക്കാലമായി ചർച്ചചെയ്യപ്പെടുന്നതാണ്. നൂറ്റാണ്ടുകളിലൂടെ സ്ത്രീയോടൊപ്പം യാത്ര ചെയ്യുമ്പോൾ ചുരുൾ നിവരുന്നതാണ് ഇന്ത്യയുടെയും ലോകത്തിന്റെയും യഥാർഥ ചരിത്രം. ആ യാത്രതന്നെ പൂർണ പൗരത്വത്തിനുവേണ്ടിയുള്ള സ്ത്രീയുടെ അന്വേഷണത്തിന്റെ കഥയാണ്. പൗരനെന്ന നിലയിലുള്ള അവകാശങ്ങൾ ഒരു വെള്ളിത്താലത്തിൽ അവൾക്കു സമ്മാനിക്കപ്പെടേണ്ടതായിരുന്നു. പക്ഷേ, വൈയക്തികവും മതപരവും രാഷ്ട്രീയവുമായ അവകാശങ്ങൾ സ്ഥാപിച്ചു കിട്ടാൻ സ്ത്രീക്കു ചരിത്രത്തിലുടനീളം സമൂഹത്തോട് യാചിക്കുകയോ യുദ്ധം ചെയ്യുകയോ സമൂഹത്തെ പ്രീണിപ്പിക്കുകയോ പ്രീതിപ്പെടുത്തുകയോ ചിലപ്പോഴൊക്കെ വഞ്ചിക്കുകയോ ചെയ്യേണ്ടിവന്നിട്ടുണ്ട്. അതോർമിപ്പിക്കാൻ വേണ്ടിയാണ് ഞാൻ ആരാച്ചാർ എഴുതിയത്. അധികാരം സമം പുരുഷൻ എന്നായതിനാൽ ലോകത്തിന്റെ ഓർമ സാമാന്യേന പുരുഷന്റെ ഓർമയാണ്. പുരുഷൻ സമം അധികാരം എന്നായതിനാൽ പുരുഷന്റെ ഓർമ അങ്ങോട്ടു കിട്ടാനുള്ള കടവും കടപ്പാടും മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. കിട്ടാനുള്ളത് അവകാശവും കൊടുക്കാനുള്ളത് ഔദാര്യവുമായി കണക്കാക്കപ്പെട്ട ഇരട്ടത്താപ്പിന്റെ കഥയാണു നമ്മുടെ ചരിത്രം. അതുകൊണ്ട് ആൺ, പെൺ രൂപകങ്ങൾ ഉപയോഗിച്ച് നമുക്ക് അധികാരത്തിന്റെയും അടിച്ചമർത്തലുകളുടെയും ചരിത്രമെഴുതാം, വരേണ്യന്റെയും ദലിതന്റെയും ചരിത്രം സമാഹരിക്കാം. ഫാഷിസത്തിന്റെയും സോഷ്യലിസത്തിന്റെയും മതത്തിന്റെയും വിശ്വാസത്തിന്റെയും കുടുംബത്തിന്റെയും വ്യക്തിയുടെയും ഹിംസയുടെയും അഹിംസയുടെയും ഇതിഹാസങ്ങൾ രചിക്കാം. ആ വിധത്തിൽ ആരാച്ചാർ സ്ത്രീയുടെ ചരിത്രം മാത്രമല്ല വീണ്ടെടുക്കുന്നത്. അത് തൂക്കുന്നവരെയും തൂങ്ങുന്നവരെയും ഒരുപോലെ ഇരകളാക്കുന്ന സംവിധാനങ്ങളുടെ ചരിത്രം പരിശോധിക്കാൻ ശ്രമിക്കുന്നുണ്ട്. തൂക്കാൻ വിധിക്കുന്നവനും അതു നിരീക്ഷിക്കുന്നവനും നടത്തുന്ന വ്യാപാരമെന്താണെന്നും അതിലെ ലാഭമെത്രയാണെന്നും പരിശോധിക്കാൻ ശ്രമിക്കുന്നുണ്ട്. വാങ്ങുന്നവർ വിൽക്കുകയും വിൽക്കുന്നവർ വീണ്ടും വാങ്ങുകയും ചെയ്യുന്ന വാണിഭവസ്തുക്കളുടെ പരിണാമങ്ങളെക്കുറിച്ച് ഓർമിപ്പിക്കാനും ശ്രമിക്കുന്നുണ്ട്.

പുസ്തകത്തിൽ നിന്ന്:-

'1999-ൽ പി.യു.സി.എൽ. അവാർഡ് വാങ്ങാൻ ജംഷഡ്പൂരിൽ പോകുംവഴിയായിരുന്നു ഞങ്ങളുടെ ആദ്യ കൊൽക്കത്ത യാത്ര. തുരുമ്പുപിടിച്ച പ്രീമിയർ പത്മിനി ടാക്‌സികൾ നിരങ്ങിയിഴയുന്ന കൊൽക്കത്ത എനിക്ക് അന്ന് ഇഷ്ടപ്പെട്ടതേയില്ല. എവിടെ നോക്കിയാലും വൃത്തികേടുകളും പായൽപിടിച്ച് പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങളും ദാരിദ്ര്യത്തിന്റെ കുത്തിനോവിക്കുന്ന ദൃശ്യങ്ങളും. ഇനിയൊരിക്കലും ആ വഴിയില്ലെന്ന ശപഥത്തോടെയാണ് അന്ന് അവിടം വിട്ടത്. പക്ഷേ, ആരാച്ചാർ എഴുതാൻവേണ്ടി കൊൽക്കത്തയിലേക്കു പുറപ്പെട്ടപ്പോൾ ഞാൻ ആവേശഭരിതയായിരുന്നു. യാത്രകൾക്കുശേഷം കഥകളെഴുതിയിട്ടുണ്ടെങ്കിലും കഥയെഴുതാൻവേണ്ടി അന്നോളം യാത്ര ചെയ്തിരുന്നില്ല. ഒരു പ്രൊഫഷനൽ എഴുത്തുകാരിയായി മാറുന്നു എന്ന അഭിമാനംകൊണ്ടാകാം, എനിക്കു വലിയ ഉത്സാഹവും പ്രതീക്ഷയുമുണ്ടായി.

വീണ്ടും കാണുമ്പോൾ കൊൽക്കത്ത മാറിയിരുന്നു. ആ രാത്രിയിൽ, ചുട്ടികുത്തിത്തുടങ്ങിയ കഥകളിനടനെപ്പോലെ പകുതി സ്വന്തം മുഖവും പകുതി ചായം തേപ്പുമായി നഗരം എന്നെ നോക്കി മന്ദഹസിച്ചു. നിരത്തുകളിൽനിന്ന് പ്രീമിയർ പത്മിനി ടാക്‌സികൾ അപ്രത്യക്ഷമായിരുന്നു. പകരം അതേ തളർന്ന മുഖമുള്ള ഡ്രൈവർമാർ ഓടിക്കുന്ന അത്രതന്നെ തുരുമ്പെടുത്ത അംബാസിഡർ ടാക്‌സികൾ അത്രതന്നെ ഇഴഞ്ഞോടി. റോഡുകൾക്കു വീതി കൂടിയിരുന്നു. മക്‌ഡൊണാൾഡിന്റെയും കെന്റക്കിയുടെയും കൊക്കകോളയുടെയും തിളങ്ങുന്ന വ്യാപാരശാലകൾ ഉയർന്നിരുന്നു. അവക്കിടയിൽ പാൻപരാഗിന്റെ പാക്കറ്റുകൾ മാലപോലെ തൂക്കിയിട്ട ചെറിയ കടകൾ പിടിച്ചുനിൽക്കാൻ പണിപ്പെട്ടു. ഗതാഗതക്കുരുക്കുകളിൽ ഞങ്ങളുടെ ടാക്‌സി കുടുങ്ങിയപ്പോഴൊക്കെ ഭിക്ഷക്കാരായ കുട്ടികളുടെ വലിയ സംഘങ്ങൾ ആർത്തലച്ചെത്തി. എല്ലായിടത്തും അത്തരം കാഴ്ചകൾ എഴുത്തുകാരിയുടെ കണ്ണുകൾ ആർത്തിയോടെ കോരിക്കുടിച്ചു. എല്ലായിടത്തും കഥകളുണ്ടായിരുന്നു. യൂറോപ്യൻ അധിനിവേശത്തിന്റെയും കോർപ്പറേറ്റ് കോളനിവൽക്കരണത്തിന്റെയും അടിമത്തത്തിന് ഒരേ അനുഭവങ്ങൾതന്നെയാണ് കൊൽക്കത്തയുടെ ഓരോ മൺതരിയും ഓരോ മനുഷ്യജീവിയും എന്നെ ഓർമിപ്പിച്ചു. ഈ മണ്ണിൽ ചരിത്രത്തിന്റെ ദശാസന്ധികളെ അതിജീവിച്ച് സാധാരണക്കാരും അല്ലാത്തവരുമായ സ്ത്രീകൾ ജീവിതം ജീവിച്ചുതീർത്തതെങ്ങനെയെന്ന് ആ കാഴ്ചകൾ ചിന്തിപ്പിച്ചു. അധികാരത്തിന്റെ കുളമ്പുകൾ ചവിട്ടിമെതിച്ച് മണ്ണിൽ അരച്ചുചേർത്ത സ്ത്രീകളുടെ ചെറുത്തുനിൽപ്പുകളുടെയും അതിജീവനങ്ങളുടെയും കഥകൾ വീണ്ടെടുക്കാൻ മനസ്സു വെമ്പൽകൊണ്ടു. എനിക്കു കൊൽക്കത്തയോട് വല്ലാത്ത ഭ്രമം തോന്നി.

കൊൽക്കത്തയിലെ ഏറ്റവും പേടിപ്പിക്കുന്ന ദൃശ്യങ്ങൾ മനുഷ്യരുടെ ദുരിതത്തിന്റേതാണ്. ആശുപത്രികളിൽ ചികിത്സക്കെത്തിയവർ വഴിയോരത്തു കൂടാരംകെട്ടി താമസിക്കുന്നതും അവരുടെ കുട്ടികൾ റോഡിലിറങ്ങി കളിക്കുന്നതും ഇടയ്ക്കിടെ ഭിക്ഷ യാചിക്കുന്നതും വഴിയോരത്തെ ഇത്തിരിപ്പോന്ന വെയ്റ്റിങ് ഷെഡുകളിൽ ഒന്നിലേറെ കുടുംബങ്ങൾ ചേക്കേറുന്നതും ഓടകൾക്കുമേൽ അടുപ്പുകൾ പുകയുന്നതും നമ്മുടെ കണ്ണുകളിൽ ഇരുട്ടുപടർത്തും. എസ്.എസ്.കെ.എം. ഹോസ്പിറ്റലിൽ പുഴുക്കൾപോലെ നുരയ്ക്കുന്ന മനുഷ്യർക്കിടയിൽ കയറിയിറങ്ങുന്ന നായ്ക്കളും ആടുകളും അവിടവിടെയായി വെള്ളപുതപ്പിച്ചുകിടത്തിയ മൃതദേഹങ്ങളും, ചവിട്ടുകൊണ്ടിട്ടും ഒന്നനങ്ങുകപോലും ചെയ്യാതെ വെറും നിലത്ത് വ്രണംവച്ചു കെട്ടിയ കാലുമായി തളർന്നുകിടക്കുന്ന വയോധികനും നമ്മുടെ തല മന്ദിപ്പിക്കും. എല്ലായിടത്തും ശവഗന്ധംപോലെ ബോധത്തെ ക്ഷയിപ്പിക്കുന്ന തീക്ഷ്ണമായ ദുർഗന്ധം നിറഞ്ഞുനിൽക്കുന്നത് അനുഭവപ്പെടും. ഉറുമ്പരിക്കുന്ന ഇറച്ചിത്തുണ്ടുപോലെയാണ് സാനഗച്ചിയും. ഉപഭോക്താക്കൾക്കല്ലാതെ നിരീക്ഷകർക്കോ സന്ദർശകർക്കോ പ്രവേശമില്ലാത്ത ഏറ്റവും വലിയ ചുവന്ന തെരുവ്. സുബോയുടെ സൗഹൃദവും ദുർവാർ സംഘടനയുടെ പിൻബലവുമായി ഞങ്ങൾ ഒരുച്ചനേരത്തു കടന്നുചെന്നു. മൂന്നുമണിക്കാണ് വ്യാപാരം ആരംഭിക്കുന്നതെന്നും അതുവരെ പെൺകുട്ടികൾ ഉറങ്ങുകയായിരിക്കുമെന്നും നേരത്തേ കേട്ടിരുന്നു. വിൽപ്പനക്കായി ഒരുക്കിവച്ച പ്രതിമകൾപോലെ വഴിയുടെ ഇരുവശത്തും നിരന്നുനിൽക്കുന്ന എന്റെ മകളുടെ പ്രായമുള്ള പെൺകുട്ടികൾക്കിടയിലൂടെ നടക്കുമ്പോൾ മനസ്സു മരവിച്ചു'.

ആരാച്ചാർപഠനങ്ങൾ
എഡിറ്റർ : സി. അശോകൻ
കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
2015, വില : 100 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP