Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അർധനാരീശ്വരൻ: മിത്തിന്റെ രാഷ്ട്രീയം

അർധനാരീശ്വരൻ: മിത്തിന്റെ രാഷ്ട്രീയം

ഷാജി ജേക്കബ്

'കൊങ്ങുനാടിന്റെ പുരാവൃത്തകാരൻ' (Chronicler of Kongunadu) എന്നാണ് തമിഴ് സാഹിത്യത്തിൽ പെരുമാൾ മുരുകൻ അറിയപ്പെടുന്നത്. പൊതുവെ തഞ്ചാവൂർ, തിരുനെൽവേലി, ചെന്നൈ മേഖലകളിൽ നിന്നാണ് മുഖ്യധാരാ തമിഴ് സാഹിത്യം രൂപംകൊണ്ടിട്ടുള്ളത്. കൊങ്ങുനാടെന്നറിയപ്പെടുന്ന ഈറോഡ്, സേലം, നാമക്കൽ മേഖല ആ രംഗത്തു വലിയ സംഭാവനകൾ നൽകിയിട്ടില്ല. എന്തായാലും മുരുകൻ 2010 ലെഴുതിയ 'മാതൊരുപാകൻ' എന്ന നോവൽ നാലഞ്ചുവർഷം യാതൊരു വിവാദവുമുണ്ടാക്കിയില്ലെന്നു മാത്രമല്ല one part woman എന്ന പേരിൽ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെടുകയും വ്യാപകമായ നിരൂപകശ്രദ്ധയും വായനയും പിടിച്ചുപറ്റുകയും ചെയ്തിരുന്നു.

പക്ഷെ 2014 ഡിസംബറിൽ ബിജെപി.യുടെയും ആർ.എസ്.എസിന്റെയും പ്രാദേശികനേതാക്കൾ, ചില ജാതിസംഘടനകളുമായി ചേർന്ന്, 'മാതൊരുപാകൻ' നാമക്കലിനടുത്തുള്ള തിരുച്ചെങ്കോട് ക്ഷേത്രത്തിൽ ഇപ്പോൾ നിലവിലില്ലാത്ത ഒരാചാരത്തെ, അവിടത്തെ സ്ത്രീകളുടെ മാനംകളയുന്ന മിത്താക്കി ചിത്രീകരിക്കുന്ന നോവലാണ് എന്നു വാദിച്ച് അതു നിരോധിക്കണമെന്നും മുരുകൻ മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് രംഗത്തുവന്നു. മുരുകന്റെ നാടായ നാമക്കൽ, തിരുച്ചെങ്കോട് പ്രദേശങ്ങളിൽ സംഘർഷമുടലെടുക്കാൻ താമസമുണ്ടായില്ല. നാമക്കൽ ഗവൺമെന്റ് കോളേജിലെ അദ്ധ്യാപകനായ മുരുകൻ പൊലീസ് നിർദ്ദേശമനുസരിച്ച് കുടുംബസമേതം നാടുവിട്ടു.

മുരുകന് ചെന്നൈയിലേക്ക് സ്ഥലംമാറ്റം കൊടുത്ത് സർക്കാർ പ്രാദേശികസംഘർഷത്തിന് അയവുവരുത്തിയെങ്കിലും ഈ വിഷയത്തിൽ ഏറ്റവും ശ്രദ്ധേയമായ ചുവടുവച്ചത് മുരുകൻ തന്നെയായിരുന്നു. 2015 ജനുവരി 13ന് അദ്ദേഹം എഴുത്തുനിർത്തിയതായി പ്രഖ്യാപിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റുചെയ്ത സന്ദേശം ലോകശ്രദ്ധ പിടിച്ചുപറ്റി 'Perumal Murugan, the writer is dead. As he is no god, he is not going to resurnect himself. He also has no faith re-birth. An ordinary teacher, he will live as P. Murugan. Leave him alone' എന്നായിരുന്നു ആ പോസ്റ്റ്.

പുസ്തകക്കടകളിൽനിന്ന് മുരുകൻ തന്റെ പുസ്തകങ്ങളുടെ കോപ്പികൾ പിൻവലിക്കുകയും പ്രസാധകർക്കു നഷ്ടപരിഹാരം നൽകാമെന്നുറപ്പുനൽകുകയും ചെയ്തു. ലോകം മുഴുവൻ ശ്രദ്ധിച്ച, ഇന്ത്യയിൽ നിന്നുള്ള മറ്റൊരു സംസ്‌കാരഹത്യകൂടി അങ്ങനെ അരങ്ങേറുകയായിരുന്നു. അതിലുപരി, യുക്തിവാദ-നിരീശ്വരവാദപ്രസ്ഥാനങ്ങളുടെ ഈറ്റില്ലങ്ങളിലൊന്നായ ദ്രാവിഡദേശത്തുനിന്നും സിനിമയും സാഹിത്യവുമുൾപ്പെടെയുള്ള ആവിഷ്‌ക്കാരങ്ങൾക്കെതിരെ ജാതി-മത മൗലികവാദികളുടെ മറ്റൊരു പടപ്പുറപ്പാടിനു തുടക്കം കുറിക്കുകയും.

ഒരു നൂറ്റാണ്ടു മുൻപുള്ള തിരുച്ചെങ്കോടിന്റെയും അവിടത്തെ 'ശിവ'ക്ഷേത്രത്തിന്റെയും കഥയാണ് 'അർധനാരീശ്വരൻ'. ഈ ശിവക്ഷേത്രം യഥാർഥത്തിൽ അർധനാരീശ്വരക്ഷേത്രമാണ്. ഇവിടത്തെ രഥോത്സവവും, കുട്ടികളില്ലാത്ത സ്ത്രീകൾക്ക് ഈ ക്ഷേത്രത്തിലെ ചില ആചാരങ്ങൾ അനുഗ്രഹം നൽകുമെന്ന വിശ്വാസവും ഏറെ പ്രസിദ്ധമാണ്. ലോകമെങ്ങും നിന്ന് നരവംശശാസ്ത്രജ്ഞർ സമാനമായ ആചാരങ്ങളും വിശ്വാസങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

നൂറുവർഷമെങ്കിലും പഴയ കാലത്തിന്റെ കഥയിൽ, തിരുച്ചെങ്കോട് ക്ഷേത്രത്തെപ്പറ്റി മുതിർന്നവർ പറഞ്ഞുകേട്ട പുരാവൃത്തങ്ങൾ കോർത്തിണക്കുക മാത്രമാണ് മുരുകൻ ചെയ്തത്. സ്ഥലകാലവ്യാപ്തിയിലും ജാതിബദ്ധമായ സാമൂഹികതയിലും മതാചാരങ്ങളിലും പ്രാദേശികത മുറ്റിയ ഭാഷാ, ഭാഷണങ്ങളിലും മിത്തുകളുടെയും ചരിത്രത്തിന്റെയും ഇഴപിരിക്കലിലും മാനുഷികബന്ധങ്ങളുടെ സംഘർഷാത്മകതയിലും സ്ത്രീപുരുഷ കാമനകളുടെ രഥോത്സവത്തിലുമൊക്കെ അതീവ സൂക്ഷ്മവും ഹൃദ്യവും ഭാവനാസമ്പന്നവുമായ ആഖ്യാനകല വെളിപ്പെടുത്തുന്ന മികച്ച നോവലാണ് പെരുമാൾ മുരുകന്റേത്.

തിരുച്ചെങ്കോടിനടുത്തുള്ള ഗ്രാമങ്ങളിലെ ബ്രാഹ്മണർ, ഗൗണ്ടർ, ചക്കിലിയർ, ചാന്നാർ തുടങ്ങിയ ഭിന്നജാതികളിൽപെട്ട ഹിന്ദുക്കളുടെ ഒരു നൂറ്റാണ്ടുമുൻപുള്ള കാലത്തെ മിത്തും ചരിത്രവും കൂടിക്കുഴഞ്ഞ ജീവിതമാണ് 'അർധനാരീശ്വര'ന്റെ ഇതിവൃത്തം. അനങ്കൂർ ഗ്രാമത്തിലെ കർഷകനായ കാളിയും അവന്റെ ഭാര്യ പൊന്നയുമാണ് മുഖ്യ കഥാപാത്രങ്ങൾ. കാളിയുടെ കളിക്കൂട്ടുകാരനായിരുന്ന മുത്തുവിന്റെ പെങ്ങളാണ് പൊന്ന. ശക്തിയോടുള്ള പ്രണയം വിസ്മരിച്ച് കാളിയും അമ്മയുമടങ്ങുന്ന കുടുംബത്തിലേക്കു പൊന്ന വന്നു. പക്ഷെ കാളിയുടെ മുതുമുത്തച്ഛനുമേൽ വീണ പഴയ ഒരു ശാപത്തിന്റെ പാരമ്പര്യമെന്നപോലെ അവൾക്കു കുഞ്ഞുങ്ങളുണ്ടായില്ല. ബന്ധുമിത്രാദികളും നാട്ടുകാരും ഉയർത്തിയ പരിഹാസങ്ങളിൽ കാളി ഷണ്ഡനും പൊന്ന മച്ചിയുമായി വ്യാഖ്യാനിക്കപ്പെട്ടു. അതിന്റെ പേരിൽ അവർക്ക് ഗ്രാമത്തിൽ പല വിലക്കുകളും നേരിടേണ്ടിവരുന്നു. ഷണ്ഡനും മച്ചിയും അപശകുനങ്ങളാണല്ലോ പല സമൂഹങ്ങളിലും.

മൺവഴികളുടെയും കാളവണ്ടികളുടെയും എണ്ണവിളക്കുകളുടെയും കാലം. നാട്ടാചാരങ്ങളും വിശ്വാസങ്ങളും പുരാവൃത്തങ്ങളും നിറഞ്ഞ ലോകം. കൃഷിയും കാലിവളർത്തലും കള്ളുചെത്തും മാത്രമുള്ള ജീവിതം. ജാതിവിവേചനവും നിരക്ഷരതയും കൊടികുത്തിവാണ സമൂഹം. ക്ഷേത്രങ്ങൾക്കു ചുറ്റും പല അടരുകളായി നിലനിന്ന ജാതിഘടന. കുടുമ മുറിക്കാത്ത പാരമ്പര്യങ്ങളും പഴഞ്ചൻ പ്രമാണങ്ങളും അധികാരവ്യവസ്ഥയായി മാറിയ നാടുകൾ. ഒന്നും മറച്ചുവയ്ക്കാത്ത ഭാഷയും ആഖ്യാനവും കൊണ്ട് മുരുകൻ തന്റെ നോവലിൽ സൃഷ്ടിക്കുന്ന അതിഗ്രാമീണമായ ജീവിതത്തിന്റെ ആസക്തികൾ ഒന്നുവേറെതന്നെയാണ്. കാമംകൊണ്ടും ക്രോധംകൊണ്ടും ജ്വലിക്കുന്ന ആൺപെൺ ബന്ധങ്ങൾ. ഗാർഹികസംഘർഷങ്ങൾ. ഹിംസയോളമെത്തുന്ന പിതാപുത്രവെറികൾ. നൂറ്റാണ്ടുകളുടെ ശാപഭാരം പേറി ജീവിക്കുന്ന കാരണവന്മാർ. ആധുനികതയുടെ വെളിച്ചത്തിനുനേരെ കണ്ണടച്ച യുവാക്കൾ. ധിക്കാരങ്ങളുടെ ഈട്ടിക്കാതലിൽ കടഞ്ഞെടുത്ത ഇരട്ടച്ചങ്കുള്ള പുരുഷന്മാർ. നല്ലുപ്പയ്യനും കാളിയും മാത്രമാണ് ആചാരപരമായെങ്കിലും പുതിയ കാലത്തിന്റെ സ്വരം കേൾപ്പിക്കുന്നത്.

തിരുച്ചെങ്കോട് ക്ഷേത്രത്തിലെ തേരുത്സവത്തിന്റെ പതിനാലാം ദിവസം രാത്രി നടക്കുന്ന വിചിത്രമായ ഒരാചാരത്തിലാണ് നോവലിന്റെ കേന്ദ്രപ്രമേയം നിലകൊള്ളുന്നത്. അന്ന്, ദൈവങ്ങൾ തിരികെ മലകയറുമ്പോൾ, നാട്ടിൽ സ്ത്രീപുരുഷന്മാർ യഥേഷ്ടം ഇണചേർന്നു തിമിർക്കും. 'എല്ലാ പെണ്ണും വേശ്യയാകുന്ന ദിവസം' എന്നുപറഞ്ഞ് വേശ്യാത്തെരുവിലെ സ്ത്രീകൾ ആ രാത്രി നൃത്തം ചെയ്യാൻ പോകും. ആർക്കും ആരെയും പ്രാപിക്കാൻ അനുവാദമുള്ള ആ ദിവസം തിരുച്ചെങ്കോടിനു ചുറ്റുമുള്ള ദേശങ്ങളിൽ നിന്ന് മുപ്പതുവയസ്സുകഴിഞ്ഞ മക്കളില്ലാത്ത സ്ത്രീകളും ഫണംനീർത്തിയ പുല്ലിംഗവുമായി പുരുഷന്മാരും യഥേഷ്ടം ഇണകളെ തെരഞ്ഞെടുക്കും. ആ പുരുഷന്മാർ ദൈവങ്ങളും അവരിൽനിന്നുണ്ടാകുന്ന കുഞ്ഞുങ്ങൾ ദൈവത്തിന്റെ മക്കളുമാണെന്നാണ് വിശ്വാസം. 'സാമികൊടുത്ത പിളൈള'കളെന്നാണവർ അറിയപ്പെടുക. വീട്ടുകാരുടെയും ഭർത്താവിന്റെയും സമ്മതത്തോടെ, ഒരു കുഞ്ഞിനുവേണ്ടി ഏതു പുരുഷനെയും പ്രാപിക്കാൻ അവകാശം ലഭിച്ച സ്ത്രീകളുടെ രത്യുത്സവത്തിലേക്ക് പൊന്നയും നയിക്കപ്പെടുന്നു. അവളുടെ വീട്ടുകാരും കാളിയുടെ അമ്മയും കാണിച്ച താൽപര്യവും നിർബന്ധവുമാണ് പൊന്നയെ ഇതിനു വഴക്കിയത്. കാളി പക്ഷെ ഇതൊരിക്കലും അനുവദിക്കുമായിരുന്നില്ല. അതിനാൽ അവനെ അറിയിക്കാതെയാണ് അവർ പൊന്നയെ ഉത്സവത്തിനയച്ചത്. പക്ഷെ അവളെതേടി അതിരാവിലെ വീട്ടിലെത്തിയ കാളിക്ക് പൊന്ന എവിടെയാണെന്നു മനസ്സിലായതോടെ അയാൾ ആകെ തകരുന്നു.


വിസ്മയകരമായ ഒരു മിത്തിന്റെ ചരിത്രവൽക്കരണത്തിലൂടെ ആധുനികതയിലേക്കു പരിണമിക്കുന്ന കൊങ്ങുനാടിന്റെ മൂല്യസംഘർഷങ്ങളാവിഷ്‌ക്കരിക്കുകയാണ് പെരുമാൾ മുരുകൻ. അനപത്യം ഒരു ശാപമായി മാറുന്നതിന്റെ സാമൂഹികവൽക്കരണം മുതൽ നാനാതരം പാരമ്പര്യങ്ങളെ മറികടക്കാൻ ശ്രമിക്കുന്നവർ നേരിടുന്ന സംഘർഷങ്ങൾവരെ ഈ നോവൽ രാഷ്ട്രീയബോധമായി ഏറ്റെടുക്കുന്നു. കാളിക്കൊപ്പം പുതിയ കാലത്തിന്റെ കാറ്റും വെളിച്ചവും കടന്ന മനസ്സുമായി ജീവിക്കുന്ന നല്ലുപ്പയ്യൻ, കുടുമ മുറിച്ചതിന്റെ പേരിൽ നാട്ടുക്കൂട്ടത്തിന്റെ വിചാരണ നേരിടുന്ന ഒരു രംഗമുണ്ട്. അപാരമായ പരിഹാസത്തോടെയും പുച്ഛത്തോടെയും അയാൾ നാട്ടുക്കൂട്ടത്തെ വെല്ലുവിളിക്കുന്നു. നല്ലുപ്പയ്യൻ അമ്മാവൻ കുടുമ മുറിച്ചു തിരികെവന്നപ്പോൾ ഗ്രാമമാകെ പ്രശ്‌നമായിരുന്നു. ഒരു നാട്ടുകൂട്ടംകൂടി അയാളുടെ പ്രവൃത്തിയെ അപലപിച്ചു. എല്ലാവരും അയാളെ എതിർത്തു പറഞ്ഞു. അവരു പറഞ്ഞത് ആരെങ്കിലും കുടുമ മുറിക്കാൻ ധൈര്യപ്പെട്ടാൽ ഗ്രാമത്തിൽ ഇനി മഴ പെയ്യില്ലെന്നും ആളുകൾ അനുസരിക്കില്ലെന്നുമൊക്കെയാണ്. അയാൾ പൊതുകിണറ്റിൽനിന്നും വെള്ളമെടുക്കരുതെന്നും അലക്കുകാരൻ നശുവൻ അയാളുടെ വീട്ടിൽ പോകരുതെന്നും ആരും അയാളോടു സംസാരിക്കരുതെന്നും അയാളിൽനിന്ന് ഉത്സവങ്ങൾക്കു പണം വാങ്ങരുതെന്നും അവർ വിധിച്ചു. ചിലർ പറഞ്ഞത് അയാളെ ശിക്ഷയായി മൊട്ടയടിച്ചു പുള്ളികുത്തി ഗ്രാമം ചുറ്റിക്കണമെന്നായിരുന്നു.

ഒടുക്കം ഗ്രാമത്തലവൻ നല്ലുപ്പയ്യൻ അമ്മാവനെ വിളിച്ചിട്ടു പറഞ്ഞു: 'നിന്റെ കുറ്റങ്ങളെ ഏറ്റുപറയുക. മുടി വീണ്ടും വളർത്തിക്കോളാമെന്ന് അവരോടു പറയുക. ഒരു പിഴയിട്ടു നിന്നെ വെറുതെവിട്ടേക്കാം'.

പക്ഷേ, അമ്മാവൻ വിടാൻ തയ്യാറല്ലായിരുന്നു. 'ഈ കൂറപ്പൂടയിലാണു ഗ്രാമത്തിന്റെ അഭിമാനം നിൽക്കുന്നതെങ്കിൽ ഞാനതു വളർത്താം'. അയാൾ പറഞ്ഞു: 'ഒരു താടിയും മീശയുംകൂടി വളർത്തുന്നതിൽ എനിക്കു പ്രശ്‌നമില്ല. ഞാനതു വളർത്തി നിങ്ങളെയൊക്കെപ്പോലെ അതിൽനിന്നും പേനും പെറുക്കിയിരിക്കാം. പക്ഷേ, ഒരുകാര്യംകൂടി, ഞാനെന്റെ ഗുഹ്യഭാഗത്തെ രോമമെല്ലാം ഇന്നലെ വടിച്ചുകളഞ്ഞു. ഭയങ്കര ചൊറിച്ചിലായിരുന്നു. ഇനി ഗ്രാമത്തിന്റെ അഭിമാനം അതിലും അടങ്ങിയിട്ടുണ്ടെങ്കിൽ നേരത്തേ പറയണം, അതും വളർത്താനാണ്'.

പൊന്നയെ രഥോത്സവത്തിന്റെ പതിനാലാംനാൾ ക്ഷേത്രത്തിലയച്ച് ഒരു കുഞ്ഞുണ്ടാവുമോ എന്നു പരീക്ഷിക്കാൻ കാളിയെ ഉപദേശിക്കുന്ന മുത്തുവിന് കാളി നൽകുന്ന മറുപടിയും സമാനമായിത്തന്നെ പഴമകളോടും ആചാരങ്ങളോടുമുള്ള മുഖംതിരിക്കലാണ്. കാളി മുത്തുവിനോടു ചോദിക്കുന്നു : 'നീ പറ, നിന്റെ ഭാര്യയ്ക്കു കുഞ്ഞുങ്ങളില്ലെങ്കിൽ, നീയവളെ വല്ലവന്റെയും അടുത്തേക്കു വിടുമോ?'.

'മാപ്പിളെ അവനെ വല്ലവനെന്നു പറയരുത്. അന്നെല്ലാവരും ദൈവങ്ങളാണ്. ആരാണു മുഖങ്ങൾ ഓർക്കുക? അവനെ ഒരു ദൈവമായി കരുത്, അപ്പോൾ നിനക്കു സന്തോഷമാകും. ദൈവത്തിൽനിന്നും നമ്മുടെ കുഞ്ഞുവരുന്നുവെന്നതു സന്തോഷമുള്ള ഒരു കാര്യമല്ലേ? ഈ കുഞ്ഞ് ദൈവത്തിന്റെയൊരു വരദാനമാണെന്ന് ആളുകൾ അഭിപ്രായപ്പെടുന്നതു കേട്ടിട്ടില്ലേ? ഈ കുഞ്ഞുങ്ങൾ ജനിക്കുന്നതു തീർച്ചയായും ആ മട്ടിലാണ് മാപ്പിളെ'.

'ഞാനും നീയും പോയപ്പോൾ നമ്മൾ ദൈവങ്ങളായിരുന്നോ? നമുക്ക് ആകെ വേണ്ടിയിരുന്നത് കാണാൻ കൊള്ളാവുന്ന ഒരു പെണ്ണിനെ പണിയുക എന്നു മാത്രമായിരുന്നില്ലേ? എപ്പോഴെങ്കിലും നീയൊരു ദൈവമാണെന്നു ചിന്തിച്ചിട്ടുണ്ടോ?'.

'നമ്മളെന്തു ചിന്തിച്ചു എന്നത് ഇവിടെ ബാധകമല്ല. നമ്മിൽ സ്ത്രീകൾക്കു കുട്ടികളുണ്ടായാൽ നാമവർക്കു ദൈവങ്ങളായി മാറുന്നു'.

'
സത്യമായും? അവിടെ വരുന്നവന്മാരെല്ലാം കയ്യിൽ സാമാനവും തള്ളിപ്പിടിച്ചു ദിവ്യത്വം പൊഴിക്കയല്ലേ. അതു സംഭവിച്ചത് അന്ന് ആളുകൾക്ക് അറിവില്ലാഞ്ഞിട്ടാണ്. ഇന്നാരാണ് അവരുടെ ഭാര്യമാരെ അങ്ങോട്ടയയ്ക്കുക? നീ നിന്റെ ഭാര്യയെ അങ്ങോട്ടു വിടുമോ?'.
'ഈ ഒരു പ്രശ്‌നത്തിന്റെ പേരിൽ കഴിഞ്ഞ പന്ത്രണ്ടുവർഷമായി നിങ്ങളെന്തുമാത്രം കഷ്ടപ്പെട്ടു?' മുത്തു ന്യായീകരിച്ചു. 'നീ ഈ കളപ്പുരയ്ക്കകത്തും വീടിനകത്തും ഒതുങ്ങിക്കൂടിയിരിക്കുന്നു. ഇത് അവസാനിക്കണം. മറ്റുള്ളവരുടെ മുന്നിൽ നമുക്കു തലയുയർത്തി നിൽക്കാനാവണം. ഞാനിത്തരം ഒരു അവസ്ഥയിലായിരുന്നെങ്കിൽ ഇതാണ് ഏക പോംവഴിയെങ്കിൽ ഞാൻ തീർച്ചയായും എന്റെ ഭാര്യയെ അയയ്ക്കും'.

'നീ ചെയ്‌തേക്കും'. കാളി തിരിച്ചടിച്ചു. 'ഞാൻ ചെയ്യില്ല. ശരിക്കും നീ അങ്ങനെയൊരു സന്ദർഭം അനുഭവിച്ചിരുന്നെങ്കിൽ, എനിക്കറിയാം നീയും വിടുകയില്ല, നിങ്ങളിപ്പോൾ വാദിക്കാൻവേണ്ടി വാദിക്കുകയാണ്. പണ്ടുകാലങ്ങളിൽ വളരെ ചെറുപ്പത്തിലേ ഒരു ആൺകുട്ടിയെ ഒരു പെൺകുട്ടിയുമായി വിവാഹം ചെയ്യും. എന്നിട്ടു ചെറുക്കൻ ചെയ്യേണ്ടതെല്ലാം ചെറുക്കന്റെ അപ്പൻ ചെയ്യും. പയ്യൻ വെറുമൊരു പേരിനു മാത്രം ഭർത്താവായിരിക്കും. ഇത്തരം കാര്യങ്ങൾ ഇന്നു സമ്മതിക്കപ്പെടുമോ? ഇതും അങ്ങനെമാത്രമാണ്'. അതുകൊണ്ടുതന്നെയാണ് ക്ഷേത്രത്തിൽ നടക്കുന്നത് വെറും വേശ്യാവൃത്തിയാണെന്ന് വേശ്യാത്തെരുവിലെ സ്ത്രീകൾ പുച്ഛിക്കുന്നതിനു സമാനമായി കാളിയും പൊന്നയെ വേശ്യ എന്നു വിളിച്ച് ആക്ഷേപിക്കുന്നത്'.

മിത്തുകളെ നോവൽവൽക്കരിക്കുന്ന രീതി മലയാളത്തിലും പതിവാണ്. ഭൂതകാലത്തുനിന്നു കണ്ടെടുക്കുന്ന മിത്തുകളെ ചരിത്രത്തിനു പകരംവയ്ക്കുന്ന രീതിശാസ്ത്രവും മലയാളത്തിലുണ്ട്. എന്നാൽ മിത്തുകളെ ചരിത്രവുമായി തട്ടിച്ചു വിമർശിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന പെരുമാൾ മുരുകന്റെ രീതി ഇവിടെ ഇല്ലെന്നുതന്നെ പറയാം. ഈയൊരു പുരോഗമനരാഷ്ട്രീയനിലപാടെടുത്തതുകൊണ്ടാണ് പാരമ്പര്യത്തിന്റെയും ജാതി-മത വർഗീയതയുടെയും ചുടലഭൂതങ്ങൾ മുരുകനെതിരെ വാളെടുത്തത്. കുറെ ഭാഷാപ്രശ്‌നങ്ങളൊക്കെയുണ്ടെങ്കിലും വായനാക്ഷമമാണ് അപ്പുജേക്കബ് ജോണിന്റെ വിവർത്തനം. ഇത്തരമൊരു ദൗത്യം ഏറ്റെടുത്തതിന് അപ്പു അഭിനന്ദനമർഹിക്കുന്നു. അതേസമയംതന്നെ, ഭാഷയ്‌ക്കെന്നല്ല ഒന്നിനും എഡിറ്റർമാരില്ലാത്ത മലയാളപുസ്തകപ്രസാധനരംഗത്തെ കുറ്റകരമായ അനാസ്ഥകളുടെ ഇരയുമാണ് ഈ നോവൽ.

നോവലിൽ നിന്ന്:-

തിരുച്ചെങ്കോട്ടെ ആളുകൾക്കു തേരുത്സവം മൂന്നുമാസം നീണ്ട പരിപാടിയാണ്. വൈകാശിമാസത്തിലേ അതിന്റെ തയ്യാറെടുപ്പുകൾ തുടങ്ങും. ആനി, ആടി മാസത്തിലേക്കുവരെ കടകളും മറ്റും തുടരും. പക്ഷേ, കൃത്യമായി പറഞ്ഞാൽ ഉത്സവം പതിന്നാലു ദിവസത്തേക്കു മാത്രമാണ്. ഒട്ടേറെ ആളുകൾക്കു പതിനഞ്ചാം ദിനമാണ് ഉത്സവം അവസാനിക്കുന്നത്. അതുകൊണ്ട് വേണമെങ്കിൽ പതിനഞ്ചു ദിവസത്തെ ഉത്സവമാണ് അവിടത്തേത് എന്നുപറയാം. മൂർത്തികൾ നാലാം ദിനം താഴെവന്നാൽ പതിന്നാലാം ദിനം തിരികെപ്പോകും. ആ രണ്ടു രാത്രികളിൽ ദൈവങ്ങളുടെ ദർശനത്തിന് ആൾക്കൂട്ടം കാത്തുനിന്നു. ദൈവങ്ങൾ താഴേക്കുവരുന്നതിനെക്കാൾ കൂടുതൽ അവരുടെ തിരിച്ചുപോക്കിന്റെ ദിവസമാണു ജനക്കൂട്ടം കൂടുതൽ വികാരഭരിതരായത്.
രാവിലെതന്നെ ജനങ്ങൾ കൂട്ടമായി എത്തിത്തുടങ്ങിയിരുന്നു. യാത്രക്കാരുടെ സൗകര്യത്തിനു തണ്ണീർപന്തലുകൾ അവർ തയ്യാറാക്കിയിരുന്നു. തിരുച്ചെങ്കോട്ടെ കർഷകർ ഈ സമയത്ത് അവരുടെ പാടം വെറുതെയിടും. നല്ല മഴയുണ്ടെങ്കിലും അവർ ഉഴുന്നതുപോലും മാറ്റിവയ്ക്കും. പാടങ്ങളിലെല്ലാം ഉത്സവത്തിനു വരുന്നവരുടെ വണ്ടികളായിരിക്കും. അതു കാളവണ്ടികളുടെ ഒരുത്സവംപോലെയായിരിക്കും! ആളുകൾ ഭക്ഷണത്തിന്റെ വലിയ പൊതികളും കൊണ്ടുവന്നിരുന്നു. ആളുകൾക്കു പല കടകളിൽനിന്നും ഭക്ഷണം വാങ്ങാനും ആവും. അമ്പലത്തിലെ കൽമണ്ഡപങ്ങളിലും തേരിന്റെ നാല് പാതകളിലും കലാപരിപാടികൾക്കും യാതൊരു കുറവുമുണ്ടാവില്ല.
ആഘോഷത്തിന്റെ മൂർദ്ധന്യത്തിൽ എല്ലാ നിയമങ്ങൾക്കും ഇളവുണ്ടായിരുന്നു. ഉഭയസമ്മതമുള്ള ഏത് ആണിനും പെണ്ണിനും അവിടെ ലൈംഗികബന്ധത്തിൽ ഏർപ്പെടാം. ഇടത്തെരുവുകളിൽ, ഗ്രാമത്തിലെ നിലങ്ങളിൽ, മലയിലെ ഇടത്താവളങ്ങളിൽ, പാറപ്പുറത്ത് എല്ലായിടത്തും ശരീരങ്ങൾ ഇണചേർന്നു കിടന്നു. ഇരുട്ട് എല്ലാ മുഖങ്ങൾക്കും ഒരു മുഖംമൂടിയിട്ടു. ഇങ്ങനത്തെ അവസ്ഥയിലാണ് മനുഷ്യന്റെ ആദിസ്വഭാവം പുറത്തുവരുന്നത്.
അവിവാഹിതരായ പെൺകുട്ടികളെ ആരും ഉത്സവത്തിനയച്ചില്ല. പക്ഷേ, 30 കഴിഞ്ഞ സ്ത്രീകളെ എല്ലായിടത്തും കാണാമായിരുന്നു. ചെറുപ്പക്കാർ എല്ലായിടവും ചുറ്റിക്കൊണ്ടിരുന്നു. ഒരു രാത്രികൊണ്ടു പരമാവധി പെണ്ണുങ്ങളെ തേടിപ്പിടിക്കുകയാണ് അവരുടെ ലക്ഷ്യം. പല ചെറുപ്പക്കാർക്കും അതു ലൈംഗികതയുടെ ആദ്യരുചിയായിരുന്നു. പല സ്ത്രീകളും അവരുടെ അദ്ധ്യാപകരാവുകയും ചെയ്തു.
വിവാഹത്തിനു മുമ്പു പലതവണ കാളിയും അവിടെ വന്നിരുന്നു. വൈകുന്നേരത്തോടെ അവൻ തെരുക്കൾ ചുറ്റിക്കറങ്ങും. ആ രാത്രി വേശ്യാത്തെരുവിൽ കച്ചവടമൊന്നുമുണ്ടാവില്ല. ആ സ്ത്രീകൾ അന്നു കൽമണ്ഡപങ്ങളിൽ നൃത്തം ചെയ്യും. അവർ നടന്നുപോകുമ്പോൾ ചിരിച്ചുകൊണ്ടു പറഞ്ഞു: 'ഇന്നു നമ്മളെ ആരുനോക്കാനാ? ഇന്നേ, എല്ലാ പെണ്ണും ഒരു വേശ്യയാണ്!'

അർധനാരീശ്വരൻ
പെരുമാൾ മുരുകൻ
വിവ: അപ്പുജേക്കബ് ജോൺ
ഡി.സി. ബുക്‌സ്, 2015
വില : 160 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP