Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'സഹ്യന്റെ മകൻ'

'സഹ്യന്റെ മകൻ'

ഷാജി ജേക്കബ്

ലയാളം ആദ്യം അച്ചടിച്ച 'ഹോർത്തൂസ് മലബാറിക്കൂസ്' എന്ന ഗ്രന്ഥംതൊട്ട് പ്രകൃതിജീവിതത്തെ വാക്കുകളിലും ചിത്രങ്ങളിലും പുനഃസൃഷ്ടിക്കുന്ന ആഖ്യാനകല മലയാളത്തിൽ നിലവിലുണ്ട്. പിൽക്കാലത്ത് 'യാത്ര' എന്ന അനുഭവത്തിന്റെ ആവിഷ്‌ക്കാരം പ്രകൃതിയെക്കുറിച്ചുള്ള ഈ ആഖ്യാനത്തെ ഒരു സാഹിത്യശാഖയാക്കി മാറ്റി. ചിത്രകല ഫോട്ടോഗ്രഫിക്കു വഴിമാറി. പഴയകാല യാത്രാവിവരണങ്ങൾക്ക് ട്രാവൽജേണലുകളിലും ടെലിവിഷനിലും സംഭവിക്കുന്ന മാറ്റമാണ് പിന്നീടുണ്ടാകുന്നത്. കാഴ്ചയുടെ വിനോദവും അനുഭവത്തിന്റെ ആനന്ദവും മാത്രം ലക്ഷ്യമിടുന്നവയാണെന്നു പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും ചിലപ്പോഴെങ്കിലും യാത്രാസാഹിത്യവും വന്യജീവിസാഹിത്യവും പ്രകൃതിയോട് ജൈവികമായ ആഭിമുഖ്യം പ്രകടിപ്പിക്കുന്നവയാണെന്നു കാണാം. ഇന്നിപ്പോൾ ഫോട്ടോഗ്രഫിയുടെ അത്യപൂർവമായ ദൃശ്യസാധ്യതകൾക്കു മുന്നിൽ വാക്കുകൾ പഴകിപ്പോകുന്നുണ്ടെങ്കിലും കാഴ്ചയുടെ ഇന്ദ്രിയാനുഭൂതി വായനയെ പിന്നോട്ടടിക്കുന്നുണ്ടെങ്കിലും രണ്ടിന്റെയും ചേർച്ച മറ്റൊരു സാംസ്‌കാരികരൂപമായി മാറുന്നു. പ്രകൃതിയും വനജീവിതവും മുഖ്യ വിഷയമാകുന്ന ആഗോള മാദ്ധ്യമവ്യവസായത്തിന്റെ ഭാഗമെന്നതിനപ്പുറം, പരിസ്ഥിതിവാദപരമായ വനജീവിതാഖ്യാനത്തിൽ ഫോട്ടോഗ്രഫിയുടെയും നിരന്തരമായ വനയാത്രകളുടെയും അനുഭവാവിഷ്‌ക്കാരം സാധ്യമാക്കുന്ന എൻ.എ. നസീറിന്റെ രചനകൾ പ്രസക്തമാകുന്നത് ഈ സന്ദർഭത്തിലാണ്.

ഏറെ ജനശ്രദ്ധ നേടിയ വനജീവിതഫോട്ടോഗ്രഫി (Wildlife Photography)യുടെ മാത്രം വക്താവല്ല നസീർ. പശ്ചിമഘട്ടത്തിന്റെ പ്രകൃതിജീവിതത്തെയും വനസംസ്‌കാരത്തെയും കുറിച്ചുള്ള ചരിത്രരചനയിലെ ഇങ്ങേയറ്റത്തെ കണ്ണികൂടിയാണ്. പക്ഷിചരിത്രകാരനായ സലിംഅലിയും വി.ടി. ഇന്ദുചൂഡനും പ്രകൃതിസംരക്ഷണത്തിന്റെ മുന്നണിപ്പോരാളികളായ സതീശ്ചന്ദ്രൻ നായരും എ. മോഹൻകുമാറും ജോൺസി ജേക്കബും വനംവകുപ്പിലെ ഉദ്യോഗസ്ഥരായ പി.ജെ. തോമസ് നെൽസണും ധനേഷ്‌കുമാറും ചിത്രശലഭങ്ങളുടെ സ്വന്തം ഫോട്ടോഗ്രഫറായ സുരേഷ് ഇളമണും യഥാർഥ വനപാലകനായ സിബി മൂന്നാറും ഓരോ വനമേഖലയിലും ജീവിക്കുന്ന, കാടിന്റെ മനസ്സറിയുന്ന നിരവധിയായ ആദിവാസികളും മുതൽ നിത്യചൈതന്യയതി വരെയുള്ളവർ വഴികാണിച്ച നസീറിന്റെ വനസഞ്ചാരങ്ങളുടെ വിസ്മയിപ്പിക്കുന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് 'കാടിനെ ചെന്നുതൊടുമ്പോൾ'.

ശബരിമല, പെരിയാർ, ചിന്നാർ, ഷോളയാർ, നെല്ലിയാമ്പതി, സെലന്റ്‌വാലി, പറമ്പിക്കുളം, വയനാട് തുടങ്ങിയ വനമേഖലകളിലെ സസ്യ-ജന്തു-ഭൂ-ഋതു വൈവിധ്യങ്ങളുടെ രേഖാചരിത്രരചനയിൽ മേല്പറഞ്ഞവർ മാത്രമല്ല നസീറിനെ സഹായിക്കുന്നത്. കുടകിലും സത്യമംഗലത്തും മുതുമലയിലും നീലഗിരിയിലും കൊടൈക്കനാലിലുമുള്ള എത്രയെങ്കിലും വനപാലകരും പ്രകൃതിസ്‌നേഹികളും ആദിവാസികളുമൊക്കെയുണ്ട് അക്കൂട്ടത്തിൽ. മുൻപ് പലരുമവതരിപ്പിച്ച പശ്ചിമഘട്ടത്തിന്റെ അത്യസാധാരണവും അനവദ്യവുമായ സസ്യ, ജന്തു സംസ്‌കാരങ്ങളുടെ നമ്മുടെ കാലത്തെ ഏറ്റവും പ്രസിദ്ധനായ ആലേഖകനായി മാറുന്നു, അങ്ങനെ നസീർ. വൈലോപ്പിള്ളിയുടെ മഹാകാവ്യം ഇടയ്ക്കിടെ മനസ്സിലെത്തിക്കുന്ന, കാടിന്റെ ഹൃദയഭാഷയിലും വനലിപിയുടെ വരരുചിയിലും പ്രപഞ്ചത്തിന്റെ ഹരിതഭൂപടം പുനഃസൃഷ്ടിക്കുന്ന സഹ്യന്റെ മകൻ.പശ്ചിമഘട്ട മലനിരകളിലൂടെ മൂന്നര പതിറ്റാണ്ടുകാലം നടത്തിയ നിരന്തരമായ യാത്രകളുടെ വെറും ഓർമക്കുറിപ്പുകളല്ല ഈ പുസ്തകത്തിലെ ഇരുപത്തിരണ്ടു ലേഖനങ്ങളും. മറിച്ച്, പ്രകൃതി അതിന്റെ സ്വച്ഛന്ദതയിൽ മനുഷ്യരെയും പക്ഷിമൃഗാദികളെയും സസ്യലതാദികളെയും കൂട്ടിയിണക്കി ഇഴപിരിച്ചുണ്ടാക്കിയ ഒരു സംസ്‌കൃതിയുടെ ജീവിതരേഖകളും ചരമക്കുറിപ്പുകളുമാണിവ.

കാട്ടിലേക്കുള്ള വഴികളാണ് നസീറിന് ഓരോ യാത്രയും. കാമറക്കുള്ള വിഭവങ്ങൾ മാത്രം തേടുന്നവയല്ല അതൊന്നും. മൃഗങ്ങളും പക്ഷികളും മാത്രമല്ല നസീറിന് കാട്. പ്രപഞ്ചത്തിന്റെ സ്പന്ദനം മുഴുവൻ ഏറ്റുവാങ്ങുന്ന ഒരു ജൈവശൃംഖലയാണത്. ചെറുപ്രാണികളും വന്മൃഗങ്ങളും ഗഗനചാരികളും ഇഴജന്തുക്കളും മാമരങ്ങളും ചെറുചെടികളും ഇലകളും പൂക്കളും മഴയും പുഴയും പുഴുവും പൂമ്പാറ്റയും മഞ്ഞും മലയും... ചേർന്നിണങ്ങിയ മഹാപ്രാണവ്യൂഹം. അതിന്റെ ധ്യാനനിർഭരമായ അനുഭവസാക്ഷാത്കാരമാണ് ഈ പുസ്തകത്തിലെ ഓരോ രചനയും. മലയാളത്തിൽ ഇതിനുമുൻപ് നാം പരിചയപ്പെട്ടിട്ടില്ലാത്തവിധം തീവ്രവും തീഷ്ണവുമായ കാടറിവുകളുടെ അങ്ങേയറ്റം ആർജ്ജവം നിറഞ്ഞ വാങ്മയം. നാടകീയവും കാവ്യാത്മകവും വൈകാരികവുമായ ആഖ്യാനം. കാടിനെ കണ്ടും കേട്ടും തൊട്ടും രുചിച്ചും മണത്തും പുണർന്നും ആത്മാവിലേക്കേറ്റുവാങ്ങുന്ന യാത്രികന്റെ സ്മൃതികൾ. മഞ്ഞും മഴയും കാറ്റും കുളിരും രാവും പകലും വേനലും വറുതിയും കല്ലും മുള്ളും മലയും പുഴയും താളംപിടിക്കുന്ന വനസഞ്ചാരങ്ങളുടെ കാവ്യനർത്തനം. പശ്ചിമഘട്ട മലനിരകളിലൂടെ മൂന്നര പതിറ്റാണ്ടുകാലം നടത്തിയ നിരന്തരമായ യാത്രകളുടെ വെറും ഓർമക്കുറിപ്പുകളല്ല ഈ പുസ്തകത്തിലെ ഇരുപത്തിരണ്ടു ലേഖനങ്ങളും. മറിച്ച്, പ്രകൃതി അതിന്റെ സ്വച്ഛന്ദതയിൽ മനുഷ്യരെയും പക്ഷിമൃഗാദികളെയും സസ്യലതാദികളെയും കൂട്ടിയിണക്കി ഇഴപിരിച്ചുണ്ടാക്കിയ ഒരു സംസ്‌കൃതിയുടെ ജീവിതരേഖകളും ചരമക്കുറിപ്പുകളുമാണിവ.

1923-ൽ റാണിക്കാർ എന്ന ബ്രിട്ടീഷുകാരൻ വേട്ടയാടിയും 1948-ൽ ഹട്ടൻ സായ്‌വ് കാമറയിൽ പകർത്തിയും ലോകമറിഞ്ഞ വെള്ളകാട്ടുപോത്തിന്റെ ഗംഭീരമായ ഒരു ചിത്രം 2004-ൽ താൻ പകർത്തിയ അനുഭവം പങ്കുവയ്ക്കുന്ന ലേഖനം മുതൽ പാമ്പാടും ചോലയിലെ കരിംപച്ച മരങ്ങൾക്കുകീഴിൽ മിന്നൽപോലെ വന്നുമറഞ്ഞ മരനായയെ കണ്ട നിമിഷങ്ങളുടെ ആഖ്യാനംവരെ; പെരിയാർ കാടുകളിലും നെല്ലിയാമ്പതിയിലും വാഴച്ചാലിലുമൊക്കെ കാടിന്റെ ഇടിമുഴക്കംപോലെ ചിറകടിച്ചുയരുന്ന മലമുഴക്കി വേഴാമ്പലുകളെ തേടിപ്പോകുന്ന യാത്രകളുടെ എഴുത്തുമുതൽ വേനലിൽ വരണ്ടുണങ്ങുന്ന കാടകങ്ങളിൽനിന്ന് ദാഹജലം തേടി വറ്റിവരണ്ട നീർച്ചാലുകളിലെ ഒറ്റതിരിഞ്ഞ കുഴികൾ കണ്ടെത്തി ജീവൻ നിലനിർത്തുന്ന കാട്ടാനകളെയും കാട്ടുപോത്തുകളെയും നേരിട്ടുകാണുന്ന വിസ്മയങ്ങളുടെ പരാവർത്തനംവരെ; 'സഹ്യന്റെ ചേതന'യെന്ന് 'കേരളത്തിലെ പക്ഷികൾ' വിശേഷിപ്പിച്ച ചൂളക്കാക്കയുടെ അമരസംഗീതത്തിനു കാതോർത്ത് മൂന്നാറിലും തേക്കടിയിലും ഷോളയാറിലും വാൾപ്പാറയിലും നടന്നലഞ്ഞ ദിനരാത്രങ്ങളുടെ കഥ മുതൽ സത്യമംഗലത്തെ കാട്ടാനകൾക്കും കാട്ടുപോത്തുകൾക്കുമിടയിൽ സൗന്ദര്യത്തിന്റെ കാവ്യബിംബം പോലുള്ള കൃഷ്ണമാനുകളെ കണ്ടെത്തുന്ന വിവരണം വരെ; കുരിയാർകുറ്റി മുതൽ കാവേരിവരെയുള്ള വനനദീമാർഗങ്ങളിൽ ഒഴുകിനടക്കുന്ന ശിലകൾപോലുള്ള ചീങ്കണ്ണികളെ കണ്ടെത്തുന്ന സന്ദർഭം മുതൽ പൂയംകുട്ടിയിലും നെല്ലിയാമ്പതിയിലും വാഴച്ചാലിലുമൊക്കെ ഒറ്റയ്ക്കും കൂട്ടായും കാടിളക്കിയിറങ്ങിവരുന്ന സഹ്യപുത്രന്മാരുടെ മൺ, ജല സ്‌നാന കാണ്ഡങ്ങൾ വരെ; ഭീതിയുടെ കാനനരൂപകങ്ങളായി കഥകളിൽ നിറയുന്ന കരടികളെ അലൻ മൂർഹെഡിന്റെ ഗറില്ലകളെപ്പോലെ പ്രണയോപാസകരായി പറമ്പിക്കുളത്തും പെരിയാർ വനത്തിലും കണ്ടുമുട്ടുന്ന അനർഘനിമിഷങ്ങൾ മുതൽ കാട്ടുപോത്തുകളെയും കൊലകൊമ്പന്മാരെയും മുഴുവൻ ചെറുമൃഗങ്ങളെയും പരക്കംപായിക്കുന്ന കാടിന്റെ ജീവനാഡിയായ കടുവയെ നിഷ്‌ക്കരുണം വേട്ടയാടുന്ന ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും ചോരക്കൊതിവരെ - നസീറിന്റെ കാട്ടെഴുത്ത് അനുപമമായ ഒരു ജീവലോകത്തേക്കുള്ള യാത്രാവിവരണവും വാക്കുകളിൽ ദൃശ്യവൽക്കരിച്ചും ദൃശ്യങ്ങളിൽ കാവ്യവൽക്കരിച്ചും സൃഷ്ടിക്കുന്ന ഉജ്വലമായ അനുഭൂതികളുടെ സാക്ഷാത്ക്കാരവും ഒന്നിച്ചു നിർവഹിക്കുന്നു.

മറ്റുചില രചനകളിൽ നസീർ മനുഷ്യരെത്തന്നെയും കണ്ടുമുട്ടുന്നു. വനസംസ്‌കൃതിയുടെ മഹോപാഖ്യാനങ്ങൾ തന്നെ പഠിപ്പിച്ച ഗുരുക്കന്മാർ മുതൽ വനജീവിതത്തിന്റെ താളപ്പെരുക്കങ്ങളും ഗൂഡസാരസ്വതങ്ങളും വിവർത്തനം ചെയ്യാൻ കഴിയുന്ന ആദിവാസികൾ വരെ. കുമാരൻ, വിജയൻ, മനോഹർ... കാടും നാടും ഒന്നായിമാറുന്ന വിസ്മയങ്ങളിലേക്ക് കൺതുറക്കുന്ന തന്റെ വനയാത്രകളുടെ സാരഥികൾ. നെല്ലിയാമ്പതി, പൂയംകുട്ടി, ടോപ്‌സ്റ്റേഷൻ, പറമ്പിക്കുളം തുടങ്ങിയ വനമേഖലകളെക്കുറിച്ചുള്ള വിലാപഗീതങ്ങളാണ് മറ്റൊരു വിഭാഗം രചനകൾ. മഞ്ഞും മഴയും കുളിരും കിളികളും മാത്രമല്ല പച്ചപ്പുതന്നെയും വിട്ടൊഴിയുന്ന കാടുകളുടെ ചരമഗീതങ്ങൾ. ടൂറിസം, വികസനം, ആദിവാസിസംരക്ഷണം, വനപരിപാലനം, കാട്ടുതീ തടയൽ എന്നിങ്ങനെ ഓരോ പേരിലും നിർബാധം തുടരുന്ന മനുഷ്യന്റെ അധിനിവേശം അവശേഷിക്കുന്ന കാടുകളെയും ഇല്ലാതാക്കുന്നതിന്റെ രേഖീകരണമായിരിക്കും, ഭാവിയെ സംബന്ധിച്ച് രോഷം നിറഞ്ഞ ഈ കുറിപ്പുകൾ.

ഈ സമാഹാരത്തിലെ ഏറ്റവും ശ്രദ്ധേയമായ ലേഖനങ്ങൾ പക്ഷെ മേല്പറഞ്ഞവയൊന്നുമല്ല. ഇല, വേര്, മഴ, മഞ്ഞ്, കാറ്റ്, നീലക്കുറിഞ്ഞി, ചെറുപ്രാണികൾ, പൂമ്പാറ്റ എന്നിവയെക്കുറിച്ചുള്ള രചനകളാണ് അവ. വനയാത്രികരോ വന്യജീവിഫോട്ടോഗ്രഫർമാരോ വിനോദസഞ്ചാരികളോ വനപാലകരോ പോലും ശ്രദ്ധിക്കാത്ത വനത്തിലെ സൂക്ഷ്മജീവിതങ്ങളുടെയും ആത്മാനുഭവങ്ങളുടെയും വനലിപിമാലകൾ. കാടിന്റെ സംഗീതവും താളവും ഹൃദയമിടിപ്പും ഹർഷവും ജീവസ്പന്ദനങ്ങളും ഒപ്പിയെടുക്കുന്ന സ്പർശിനികളാണ് നസീറിന്റെ ഭാവനയും ഭാഷയും. കാഴ്ചയുടെ മാത്രം അനുഭവമല്ല അത്. സമസ്ത ഇന്ദ്രിയങ്ങളും കൊണ്ട് കാടിനെ അറിയുകയാണ് നസീർ. അറിയുകയെന്നാൽ അതിൽ മുഴുകി ലയിച്ച് മുങ്ങിമയങ്ങിയലയുകയാണ്. അസാധാരണവും അപൂർവവുമായ ജീവിതാവസ്ഥകളും അവയുടെ അനന്യമായ ആഖ്യാനവും വഴി മലയാളത്തിൽ ഒരുപക്ഷെ സതീശ്ചന്ദ്രൻനായരുടെ പ്രഭാഷണങ്ങൾക്കു മാത്രം മുൻപു കഴിഞ്ഞിട്ടുള്ളതുപോലെ, ഒരു വനാനുഭവം സൃഷ്ടിക്കുകയാണ് നസീറിന്റെ ഈ ഗ്രന്ഥം. ഈ പുസ്തകത്തിന്റെ വായന നമ്മെ കേരളത്തിന്റെ വനാന്തരങ്ങളിലൂടെയും മേല്പറഞ്ഞ അനുഭൂതികളിലൂടെയു മൊക്കെ കൈപിടിച്ചു നടത്തുമ്പോൾ തന്നെ ചില വസ്തുതകൾ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. ഒന്ന്, കാടിനോട് നാം പുലർത്തുന്ന കാഴ്ചപ്പാടിനെക്കുറിച്ചാണ്. മറ്റൊന്ന്, കാടിന്റെ അറിവുലോകത്തെക്കുറിച്ചും. നമുക്കു കടന്നുകയറാനുള്ളതല്ല കാടെന്നും നാടിന്റെ നഷ്ടമാണതെന്നും നസീർ കരുതുന്നു. ഓരോ ലേഖനത്തിലും ഓരോ രീതിയിൽ ഈ നിലപാട് നസീർ ആവർത്തിച്ചു പറയുന്നു. കൊളോണിയൽ കുടിയേറ്റം മുതൽ ഗാഡ്ഗിൽ കമ്മറ്റിറിപ്പോർട്ട് വരെയുള്ളവ നസീറിന്റെ പരാമർശവിഷയമാണ്.

ഈ പുസ്തകത്തിന്റെ വായന നമ്മെ കേരളത്തിന്റെ വനാന്തരങ്ങളിലൂടെയും മേല്പറഞ്ഞ അനുഭൂതികളിലൂടെയുമൊക്കെ കൈപിടിച്ചു നടത്തുമ്പോൾ തന്നെ ചില വസ്തുതകൾ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. ഒന്ന്, കാടിനോട് നാം പുലർത്തുന്ന കാഴ്ചപ്പാടിനെക്കുറിച്ചാണ്. മറ്റൊന്ന്, കാടിന്റെ അറിവുലോകത്തെക്കുറിച്ചും. നമുക്കു കടന്നുകയറാനുള്ളതല്ല കാടെന്നും നാടിന്റെ നഷ്ടമാണതെന്നും നസീർ കരുതുന്നു. ഓരോ ലേഖനത്തിലും ഓരോ രീതിയിൽ ഈ നിലപാട് നസീർ ആവർത്തിച്ചു പറയുന്നു. കൊളോണിയൽ കുടിയേറ്റം മുതൽ ഗാഡ്ഗിൽ കമ്മറ്റിറിപ്പോർട്ട് വരെയുള്ളവ നസീറിന്റെ പരാമർശവിഷയമാണ്. ലോകമെങ്ങും നിന്നുള്ള കാടറിവുകളുടെ വായനയിലും അവയെ സഹ്യപർവതസാനുക്കളിൽ നിന്നു നേരിട്ടറിയുന്നതിലുമാണ് നസീറിന്റെ ശ്രദ്ധ. 'ആരണ്യകി'ന്റെ അനുഭൂതിലോകം മുതൽ റേച്ചൽ കാഴ്‌സന്റെ വനരാഷ്ട്രീയംവരെ അതിന്റെ ഭാഗമാകും. കാടിന്റേതായ ഒരു പദകോശംതന്നെ ഈ ലേഖനങ്ങളിൽ രൂപംകൊള്ളുന്നു. എണ്ണമറ്റ ജീവജാലങ്ങൾ തൊട്ട് വനാനുഭവങ്ങളുടെ വാക്‌ബിംബങ്ങൾവരെ. ഋതുഭേദങ്ങളുടെ കാവ്യരൂപകങ്ങൾ തൊട്ട് പ്രകൃതിശാസ്ത്രത്തിന്റെ സൂക്ഷ്മസങ്കല്പനങ്ങൾ വരെ. 

മിക്ക മലയാളികൾക്കും നസീർ ഒരു വന്യജീവിഫോട്ടോഗ്രഫർ മാത്രമാണെങ്കിലും ഇത്തരമൊരു വനാനുഭവത്തിന്റെ വാഗർഥ സാക്ഷാത്കാരത്തിന് എത്രയും താഴെ മാത്രമേ ഫോട്ടോഗ്രഫർ എന്ന നിലയിൽ തന്നെ നസീർ കാണുന്നുള്ളു. മറന്നുകൂടാത്ത എത്രയെങ്കിലും ഫോട്ടോഗ്രഫി അനുഭവങ്ങളും നസീറിന്റേതായുണ്ട്. ഒരു കരടിച്ചിത്രത്തിന്റെ സർഗസന്ദർഭം നസീർ വിവരിക്കുന്നതു നോക്കുക : 'ചെറിയൊരു കാറ്റുവീശി. കാടിനകത്തളങ്ങളിലെവിടെയോ ഒരു ചിന്നംവിളി. അകന്നുപോകുന്ന മലമുഴക്കിവേഴാമ്പലുകളുടെ ചിറകടിമുഴക്കം. ഒരു വലിയ മീൻപിടിയൻ മൂങ്ങ എന്റെ അരികിലൂടെ ഏറെ താണു പറന്നുപോയി. അത് മറ്റു പക്ഷികളിൽ വലിയ കോലാഹലം ഉയർത്തി. അതിനെത്തുടർന്ന് ഒരു കാട്ടുകോഴി ഏറെനേരം ശബ്ദിച്ചുകൊണ്ടിരുന്നു. 

ആ വലിയ പാറയുടെ പിന്നാമ്പുറത്തുനിന്നും എന്തോ ശബ്ദങ്ങൾ, ഉണങ്ങിവീണ ഇലകൾക്കു മീതേക്കൂടി. പന്നിയായിരിക്കുമോ വരുന്നത്? അതോ കാട്ടുകോഴികളുടെ തീനി അന്വേഷണമോ?

എന്റെ എല്ലാ കാഴ്ചകളെയും അന്വേഷണങ്ങളെയും ശമിപ്പിച്ചുകൊണ്ട്, ഏതൊന്നിനുവേണ്ടിയാണോ ഞാൻ ഇതുവരെ കാത്തിരുന്നത്, അത് മുന്നോട്ടുവന്നു. അത് കരടിതന്നെയായിരുന്നു.

അത് കാട്ടുപൊന്തയിൽനിന്ന് പാറയിലേക്ക് പ്രവേശിച്ചു. സാവകാശം പാറ പുഴയിലേക്ക് തള്ളിനില്ക്കുന്ന ഭാഗത്തേക്കു വന്നു. താഴെ പുഴയിലേക്ക് നോക്കി. പിന്നെ ഒരു കൈ അല്പം ഉയർത്തി നീളമേറിയ നഖങ്ങൾ കാണുന്ന വിധത്തിൽ പിടിച്ചു. ശിരസ്സ് ചെരിച്ച് എന്റെ നേരെ നോക്കി. എന്റെ ക്യാമറയ്ക്ക് ആ നിമിഷങ്ങൾ ധാരാളം മതിയായിരുന്നു. മിന്നലിന്റെ വേഗത്തോടെ ഒരു റോൾ ഫിലിം ഒഴിഞ്ഞു. ധൃതിയിൽ ഞാൻ അടുത്ത റോൾ ലോഡ് ചെയ്തു. അപ്പോഴേക്കും അത് പാറയിൽനിന്ന് പുഴയിലേക്കിറങ്ങി ദാഹം അകറ്റുവാൻ ആരംഭിച്ചു. കാടെന്നെ അതിന്റെ ജീവിതോത്സവങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്. ഞാനതിൽ ലയിച്ചിരുന്നു.

പൂഴിയിലെ ഇരുന്ന ഇരുപ്പിൽ അതിനു നേരെ ഞാൻ അർധവൃത്താകൃതിയിൽ തിരിഞ്ഞു. പുഴയിലെ ജലം കുറഞ്ഞ ഭാഗത്തുകൂടി ആ കരടി മറുവശത്തേക്ക് നീങ്ങുകയാണ്. അതും എന്റെ ഏറെ അരികിലൂടെ. ഞാൻ പൂഴിയിൽ കമഴ്ന്നുകിടന്നു. അപ്പോൾ കരടി ഒന്നുനിന്നു. വീണ്ടും തല ചെരിച്ച് എന്നെ നോക്കി. അത് ശ്രമിച്ചിരുന്നെങ്കിൽ ഞൊടിയിടകൊണ്ട് എനിക്കരികിൽ എത്തുമായിരുന്നു. എന്നിട്ടും വലിയ തിടുക്കമൊന്നും കാണിക്കാതെ പുഴയുടെ മറുവശത്ത് എത്തി. അപ്പോൾ ഞാൻ കൈമുട്ടുകളും കാൽമുട്ടുകളും ഉപയോഗിച്ച് അങ്ങോട്ട് നിരങ്ങി. അതൊന്നുകൂടി തിരിഞ്ഞുനോക്കി, 'ഇത്രയും കാഴ്ചകൾ പോരേ' എന്ന ഭാവത്തിൽ. ഞാനതും ധൃതിയിൽ പകർത്തി. പിന്നെ, ഷോളയാർകാടിന്റെ കടുംപച്ചവർണം ഇരുളുമായി കൂടിക്കുഴയുന്ന പാണൽച്ചെടികൾക്കിടയിലൂടെ ആ കരടി ഇരുട്ടിൽ അലിഞ്ഞുചേർന്നു.

അതായിരുന്നു എന്റെ ആദ്യത്തെ കരടിച്ചിത്രം. മഴക്കാടിന്റെ വന്യതയിൽ നിന്ന് ഇത്രയും വ്യക്തതയ്യാർന്ന ഒരു കരടിച്ചിത്രം കേരളത്തിൽ ആദ്യത്തേതാകാം'.

ഇതൊരുദാഹരണം മാത്രം. കാടിന്റെ കാവ്യശാസ്ത്രംപോലെ പടർന്നൊഴുകുന്ന ഇത്തരം നിരവധി സന്ദർഭങ്ങളുണ്ട് ഈ പുസ്തകത്തിൽ; സഹ്യന്റെ ആത്മകഥകൾ പോലെ.

കാടിനെ ചെന്നുതൊടുമ്പോൾ (ലേഖനങ്ങൾ)
എൻ.എ. നസീർ
മാതൃഭൂമിബുക്‌സ്
2014, വില : 200 രൂപ

പുസ്തകത്തിൽ നിന്ന് : 'പാമ്പാടും ഷോലയിലെ തമിഴ്‌നാടിന്റെ ഭാഗത്തെ പുൽപ്പരപ്പിൽ ഷോലക്കാടിന്റെ കരിംപച്ച വർണത്തിലേക്ക് ഏറെനേരം കണ്ണുംനട്ട് ഇരിക്കുക എന്റെ പതിവായിരുന്നു, ചിലപ്പോഴൊക്കെ മനോഹറും. വിറകു ശേഖരിക്കാനും മറ്റും കാട്ടിൽ പോയവർ മരനായയെ കണ്ട വിശേഷം വിവരിക്കും. ഒരുനാൾ അവ ദർശനം തരുമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു. ആ പ്രതീക്ഷയിൽ ശീതക്കാറ്റടിക്കുന്ന നനുത്ത പ്രഭാതങ്ങളിൽ ഞാൻ തനിച്ചും ഇടയ്ക്ക് മനോഹറുമൊത്തും കാട്ടിലേക്കിറങ്ങുമായിരുന്നു. മനസ്സും കണ്ണും കൊടുക്കുന്ന ധ്യാനമുഹൂർത്തങ്ങളിൽ അവയുടെ ശബ്ദം എന്റെ കാതുകൾ പിടിച്ചെടുത്തതായി ഞാനോർക്കുന്നു. കോടാനുകോടി ജീവജാലങ്ങളുടെ ഹരിതഭൂമിയിൽ പൂർണനിശ്ശബ്ദതയിൽ ലയിക്കുമ്പോൾ നമ്മൾ കണ്ടെത്തുവാൻ അതിയായി ആഗ്രഹിക്കുന്ന ജീവജാലങ്ങളുടെ സാന്നിധ്യം അനുഭവിക്കാനാകാറുണ്ട്. നമ്മൾക്കജ്ഞാതമായ എന്തൊക്കെയോ യാഥാർഥ്യങ്ങൾ നമ്മൾക്കരികിലൂടെ കടന്നുപോകുന്നുണ്ടെന്ന ഒരു തിരിച്ചറിവ്. കാടിന്റെ മൃദുലശബ്ദങ്ങൾ, ദലമർമരങ്ങൾക്കു നേരെ കാതുകൾ തുറക്കപ്പെടുകയാണ്... ഓരോ ഋതുക്കളിലും കാടിന്റെ കാഴ്ചയിലെ മാറ്റങ്ങൾ മാത്രമല്ല, ഭാഷയിലെ മാറ്റങ്ങളും ഉൾക്കൊള്ളുവാനാകുക എന്നത് നമ്മെ പ്രകൃതിയിലെ സൂക്ഷ്മതകളിലേക്ക് നയിക്കും.

പ്രഭാതത്തിലെ ശൈത്യം അതികഠിനമായിരുന്നു. ജനവരിമാസമല്ലേ, സാധാരണ ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന വ്യൂപോയിന്റ് തികച്ചും വിജനമായിരുന്നു. മൂടൽമഞ്ഞ് മലയൊടിവുകളിൽ തങ്ങിനിന്നു. കാറ്റിന്റെ ഇളക്കവും സൂര്യന്റെ വരവും മൂടൽമഞ്ഞിലെ പലവിധ വനദൃശ്യങ്ങളും. അങ്ങകലെ കുളുക്കുമലയുടെ മുകൾത്തട്ടും മഞ്ഞിനടിയിലൂടെ കാണാമായിരുന്നു. ഞാൻ ഏതാനും ലാൻഡ്‌സ്‌കേപ്പുകൾ ക്യാമറയിൽ പകർത്തി.

'മനോഹരാ, നമ്മൾക്ക് പഴത്തോട്ടത്തിലേക്കുള്ള ആ പഴയ പാതയിലൂടെ ഒന്നു നടന്നാലോ?' ഞാൻ ചോദിച്ചു. ഇരുപതുവർഷം മുൻപായിരുന്നു ആ പാതയിൽവച്ച് നീലഗിരിമാർട്ടെന്റെ ആദ്യ ദർശനം ഉണ്ടായത്. ക്യാമറയൊന്നുമില്ലാത്ത ദീർഘവനയാത്രകളുടെ ആ ദിനങ്ങളിൽ... തേയിലക്കാടിനെ ചുറ്റിപ്പോകുന്ന ആ പാതയുടെ വലതുവശം പാമ്പാടുംഷോലയുടെ തുടർച്ചയായിരുന്നു. നിശ്ശബ്ദരായി ഞങ്ങൾ നടന്നു. വെയിൽ എത്തിയിട്ടില്ലാത്ത ആ ജീപ്പുപാത തണുത്തുവിറച്ചു കിടന്നു. കുറച്ചുദൂരം പോയപ്പോഴേക്കും സൂര്യപ്രകാശം വീണുതുടങ്ങി. പക്ഷികൾ പാടാൻ തുടങ്ങി. പെട്ടെന്ന് കാട്ടിൽനിന്നും കറുത്ത എന്തോ ഒന്ന് പാതയിലേക്കിറങ്ങി, ഞങ്ങൾക്കുനേരേ വന്നു. 'മരനായ്!' മനോഹറിന്റെ ശബ്ദം. അത് പാതയോരങ്ങളിലെ പുല്ലുകളിലും പാറക്കല്ലുകളിലും മണംപിടിച്ചും ശിരസ്സുരസിയും മുന്നോട്ടുവന്ന് ഞങ്ങൾക്കു മുന്നിലെത്തിയതും പൊടുന്നനേ നിന്നു. ഞാൻ ആ മനോഹരരൂപം വ്യക്തമായി കണ്ടു. മലയണ്ണാനെക്കാൾ വലുതും ദൃഢവുമായ ശരീരം, അതിസുന്ദരനായ ജീവി. കറുപ്പും തവിട്ടും നിറമാർന്ന ശരീരം. കഴുത്തിനടിവശത്തെ മഞ്ഞനിറം സൂര്യപ്രകാശമേറ്റ് സ്വർണവർണമായി ജ്വലിച്ചു. രോമാവൃതമായ വാൽ ഇടയ്ക്കിടെ നിലത്ത് മുട്ടിക്കുകയും നിവർത്തിപ്പിടിക്കുകയും ചെയ്യുന്നു. അതുല്യവും മോഹനവുമായ ഒരു കാഴ്ചയ്ക്ക് ഞാൻ സാക്ഷിയായിക്കൊണ്ടിരിക്കുകയായിരുന്നു. ആ കണ്ണുകളിൽ സ്ഫുരിക്കുന്ന ഭാവമെന്താണ്? അപരിചിതത്വത്തെ തെല്ലും കൂസാതെയുള്ള ആ നില്പ്. എന്റെ മനസ്സിനകത്ത് ഞാൻ ശേഖരിച്ചുകൊണ്ടിരുന്ന അറിവുകൾക്കും എന്റെ പഴയ മാർട്ടെൻചിത്രങ്ങൾക്കും ഒരുപടി മുകളിലായി ഒരു പുൽക്കൊടിയുടെ മറവുപോലുമില്ലാതെ, അഭിമാനത്തോടെ തലയുയർത്തി എന്നെ നോക്കിനിന്നു. ആ ആകാരവും ശരീരപ്രകൃതിയും പുലരിവെയിലേറ്റ് കൂടുതൽ ശോഭയാർന്നു. ഞാൻ, തണുത്തുവിറങ്ങലിച്ച എന്റെ ക്യാമറ അതിനുനേരെ പലയാവർത്തി പ്രവർത്തിച്ചു. അല്പനിമിഷത്തിനു ശേഷം മാർട്ടെൻ പിന്തിരിഞ്ഞ് ചാടിച്ചാടി വന്നവഴിയേ പോയി. ഞാൻ ക്യാമറയുമായി പിറകേയും.

'ഇനി ഒന്നുകൂടി കാണും', പിന്നിൽനിന്നും മനോഹർ വിളിച്ചുപറഞ്ഞു. മുന്നോട്ടുപോയ മാർട്ടെൻ ഇടതുവശത്തെ ഒരു വൃക്ഷത്തിലേക്ക് കയറിപ്പോയി. 'ദാ... ഒന്നുകൂടി വരുന്നു....' മനോഹറിന്റെ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞുനോക്കി. മറ്റൊന്നുകൂടെ എന്റെ നേരെ ചാടിച്ചാടി വരികയായിരുന്നു. ഞാൻ ക്യാമറയുമായി ആ പാതയിൽത്തന്നെ ഇരുന്നു. അതും പാതയരികിലെ പുല്ലുകളിലും കല്ലുകളിലും മണംപിടിച്ചുകൊണ്ട് ചാടിച്ചാടി വന്നു. എന്നെ കണ്ടതും പാതയ്ക്കു കുറുകെ നടന്നു. ശിരസ്സ് വശങ്ങളിലേക്ക് ചലിപ്പിച്ചു. കഴുത്ത് നീട്ടി ഗന്ധം പിടിച്ചു. രോമാവൃതമായ വാൽ ഒന്ന് ചുഴറ്റി, വായ് തുറന്ന് പല്ലുകൾ പ്രദർശിപ്പിച്ചു. പിന്നെ നിന്ന നില്പിൽ ഒറ്റച്ചാട്ടംകൊണ്ട് തിരികെപ്പോയി.

ഞാൻ വൃക്ഷത്തിലേക്ക് കയറിയ മാർട്ടെനെ തിരക്കി. അതൊരു കാട്ടുകാരയ്ക്കാമരമായിരുന്നു. ഇലച്ചാർത്തുകൾക്കിടയിൽനിന്നും മാർട്ടെനെ തിരിച്ചുകണ്ടെത്തുക ഏറെ ശ്രമകരമായ ജോലിയായിരുന്നു. അത്രമാത്രം ആ മരം തന്റെ ശരീരത്തിൽ ആ ജീവിയെ ഒളിപ്പിച്ചുവച്ചു. ഇലകളുടെയും തടിയുടെയും നിറവ്യതിയാനങ്ങൾ അതിനെ മറച്ചുപിടിച്ചു. പഴുത്തുതുടുത്ത കാട്ടാൽവൃക്ഷങ്ങളിൽ മലമുഴക്കി വേഴാമ്പലുകൾ വന്നണയുമ്പോൾ ഇതേപോലെത്തന്നെ തിരിച്ചറിയാനാവാതെ ഞാൻ വിഷമിച്ചു നിന്നിട്ടുണ്ട്. കാട്ടിൽ ഓരോ ജീവിക്കും അനുയോജ്യമായ രക്ഷാകവാടങ്ങളായി വൃക്ഷങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കുറച്ച് നിമിഷങ്ങൾക്കുശേഷം ഇലച്ചാർത്തുകൾക്കിടയിലിരുന്ന് എന്റെ നേരെ നോക്കി വായ് തുറന്നുകാണിച്ച മാർട്ടെനെ കണ്ടെത്തി. 'എന്നോടൊരല്പം അകലം സൂക്ഷിക്കുക' എന്ന മുന്നറിയിപ്പുപോലെ! ഞാൻ സമയം നോക്കി. ഏകദേശം ഒരു മണിക്കൂറോളം ക്യാമറയ്ക്ക് ദർശനം നല്കിയിരിക്കുന്നു. നൂറോളം ചിത്രങ്ങൾ ക്യാമറയിൽ പതിഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇത്തരം കൂടിക്കാഴ്ചകളെ എങ്ങനെ അപഗ്രഥിക്കണമെന്ന് എനിക്കറിയില്ല. പുലർകാലത്തെ ഒരു സ്വപ്നംപോലെ, കഴിഞ്ഞുപോയ ഓരോ നിമിഷവും ഓർത്തെടുക്കാൻ ശ്രമിച്ചു. അത് തികച്ചും വിസ്മയകരവും അവിശ്വസനീയവുമായി തോന്നി. അഗാധമായ ആഹ്ലാദവും സംതൃപ്തിയും എന്നിൽ തിരയടിച്ചു. ആ അത്യപൂർവജീവിയുടെ നിഗൂഢതയുടെ ചെറിയൊരംശം എനിക്ക് വെളിപ്പെടുത്താൻ കഴിഞ്ഞിരിക്കുന്നു'.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP