Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒറ്റയാന്റെ കാഴ്ചകൾ

ഒറ്റയാന്റെ കാഴ്ചകൾ

ഷാജി ജേക്കബ്‌

ങ്കർ മുതൽ ബി.ജി. വർഗീസ് വരെയുള്ള ഇംഗ്ലീഷ് പത്രപ്രവർത്തന രംഗത്തെ ഒന്നാംതലമുറ മലയാളികൾക്കു ശേഷം വന്ന മുതിർന്ന മാദ്ധ്യമപ്രവർത്തകരിൽ ഏറ്റവും പ്രസിദ്ധൻ ടി.ജെ.എസ്. ജോർജാണ്. ഫ്രീ പ്രസ് ജേണലിൽ തുടക്കമിട്ട ടി.ജെ.എസിന്റെ പത്രപ്രവർത്തനം ഏഷ്യാവീക്ക് (ഹോങ്കോങ്) മുതൽ ഇന്ത്യൻ എക്സ്‌പ്രസ് വരെ പരന്നുകിടക്കുന്നു. പത്രാധിപരെന്നപോലെതന്നെ ജീവചരിത്രകാരനും (വി.കെ. കൃഷ്ണമേനോൻ, നർഗീസ്, എം.എസ്. സുബ്ബലക്ഷ്മി...) രാഷ്ട്രീയനിരീക്ഷകനും സാമൂഹ്യപഠിതാവുമൊക്കെയാണ് ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ എഴുതുന്ന ടി.ജെ.എസ്.

'ഘോഷയാത്ര' എന്ന ശ്രദ്ധേയമായ പരമ്പരയ്ക്കു ശേഷം അദ്ദേഹം രചിച്ച ആത്മാനുഭവങ്ങളുടെയും സാമൂഹ്യവീക്ഷണങ്ങളുടെയും മറ്റൊരു സമാഹാരമാണ് 'ഒറ്റയാൻ'. അപാരമായ വിഷയവൈപുല്യവും അസാധാരണമായ നിരീക്ഷണപാടവവും കൊണ്ട് മൗലികവും ആകർഷകവുമാണ് നാല്പത്തിനാലു ലേഖനങ്ങളുള്ള ഈ പുസ്തകം.

ആശയങ്ങൾ, അഭിപ്രായങ്ങൾ, ആളുകൾ എന്ന മൂന്നു ശീർഷകങ്ങൾക്കു കീഴിൽ, 'സൂര്യനുതാഴെയുള്ള ഏതു വിഷയത്തെയും കുറിച്ചെഴുതുന്ന' ടി.ജെ.എസിന്റെ പതിവുരീതി പിന്തുടരുന്ന രചനകൾ. മറ്റധികം മാദ്ധ്യമപ്രവർത്തകർ നടക്കാത്ത വഴികൾ. മറ്റധികം പേർ കാണാത്ത കാഴ്ചകൾ. തികച്ചും ഒറ്റയാൻ അനുഭവങ്ങൾ.

ചരിത്രവും സാഹിത്യവും മതവും രാഷ്ട്രീയവും കലയും ശാസ്ത്രവും സംഗീതവും ഫുട്‌ബോളും സിനിമയും ടെന്നീസും പത്രപ്രവർത്തനവും യുക്തിവാദവും സിംഗപ്പൂരും ചൈനയും... ടി.ജെ.എസിന്റെ ഒറ്റയാൻ കണ്ണുകൾ മേഞ്ഞുതീർക്കുന്ന കാഴ്ചകളുടെ ലോകം ഒന്നു വേറെതന്നെയാണ്.അതിസൂക്ഷ്മമായ ചരിത്രബോധം, നിശിതമായ രാഷ്ട്രീയവിചാരം, അസൂയാവഹമായ നർമഭാവന, ആർജ്ജവം നിറഞ്ഞ ആഖ്യാനകല - ടി.ജെ.എസിന്റെ രചനകളെ വേറിട്ടുനിർത്തുന്ന ഘടകങ്ങൾ പലതാണ്. ആശയങ്ങളായാലും അഭിപ്രായങ്ങളായാലും ആളുകളായാലും അതിനു മാറ്റമില്ല. അതിസൂക്ഷ്മമായ ചരിത്രബോധം, നിശിതമായ രാഷ്ട്രീയവിചാരം, അസൂയാവഹമായ നർമഭാവന, ആർജ്ജവം നിറഞ്ഞ ആഖ്യാനകല - ടി.ജെ.എസിന്റെ രചനകളെ വേറിട്ടുനിർത്തുന്ന ഘടകങ്ങൾ പലതാണ്. ആശയങ്ങളായാലും അഭിപ്രായങ്ങളായാലും ആളുകളായാലും അതിനു മാറ്റമില്ല. കൊളോണിയലിസം മുതൽ സാമ്രാജ്യത്തം വരെയും വിപണി മുതലാളിത്തം മുതൽ ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ വരെയും മതമൗലികവാദം മുതൽ അഴിമതിരാഷ്ട്രീയം വരെയുമുള്ള ഒരു ചരിത്രവിപര്യത്തെയും ടി.ജെ.എസ്. കൊമ്പിൽ കോർക്കാതെ വിടുന്നില്ല. അതുവഴി മാനവികതയുടെ, യുക്തിചിന്തയുടെ, ജനാധിപത്യത്തിന്റെ, ധാർമികതയുടെ, സാമൂഹികനീതിയുടെ വിജയപതാകകൾ താഴാതെ നോക്കേണ്ടത് തന്റെ കടമയും ഉത്തരവാദിത്തവുമായി കാണുന്ന മാദ്ധ്യമബോധത്തിന്റെ മാതൃകാപാഠങ്ങളായി മാറുന്നു, 'ഒറ്റയാൻ'.


ഒന്നാംഭാഗമായ 'ആശയങ്ങൾ' നോക്കുക: 'ആദർശങ്ങൾ പരാജയപ്പെടുകയും വിശ്വാസം മങ്ങുകയും ചെയ്യുമ്പോഴാണ് ജീർണത തുടങ്ങുന്നത്. അങ്ങനെ പല ചരിത്രഘട്ടങ്ങൾ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം വീണ്ടും ഉയിർത്തെഴുന്നേൽക്കാൻ പോന്ന ആത്മവിശ്വാസവും സങ്കല്പശേഷിയും ജനമനസ്സിൽ അവശേഷിച്ചിരുന്നു എന്നതാണ് ഇന്ത്യയുടെ മഹത്വം' എന്ന കെ.എം. പണിക്കരുടെ വാക്കുകൾ ടി.ജെ.എസ്. ഉദ്ധരിക്കുന്നു. അത്തരമൊരു ചരിത്രഘട്ടമാണ് തന്റെ കാലമെന്നും, പക്ഷെ ഭാവിക്കുവേണ്ടി ആത്മവിശ്വാസത്തോടെ ജീവിക്കുന്ന ഇന്ത്യൻ യുവത്വത്തിൽ താൻ പ്രതീക്ഷയർപ്പിക്കുന്നുവെന്നും ഒന്നാമത്തെ ലേഖനത്തിൽ അദ്ദേഹം സൂചിപ്പിക്കുന്നു. തുടർന്ന്, വികസനത്തിനുവേണ്ടി ഭൂമിയെത്തന്നെ തലകീഴ് മറിക്കുന്ന ഭരണകൂടങ്ങൾക്കെതിരെ മിതത്വത്തിന്റെയും പണത്തിനു പിന്നാലെ പരക്കംപായുന്ന ഉപഭോഗസംസ്‌കാരത്തിനെതിരെ തൃപ്തിയുടെയും പ്രശസ്തിയുടെ ലഹരി തലയ്ക്കുപിടിക്കുന്നതിനെതിരെ മനഃസാന്നിധ്യത്തിന്റെയും ദൈവനാമത്തിൽ നടക്കുന്ന മതമൗലികവാദങ്ങൾക്കെതിരെ യുക്തിയുടെയും വധശിക്ഷയുടെ പേരിൽ നടക്കുന്ന ഭരണകൂടത്തിന്റെ ഹിംസാതാൽപര്യങ്ങൾക്കെതിരെ മാനവികതയുടെയും അധ്വാനവർഗസിദ്ധാന്തം നോക്കുകൂലിയിലേക്കധഃപതിപ്പിച്ച സംഘടനകൾക്കെതിരെ ഉത്തരവാദിത്തത്തിന്റെയും ബദൽ ചിന്തകൾ ടി.ജെ.എസ്. മുന്നോട്ടുവയ്ക്കുന്നു. ജയിലുകൾ ലാഭകരമായി നടത്തുന്ന സ്വകാര്യനിക്ഷേപസാധ്യതകളാരായുന്നു, മറ്റൊരു രചന.പാക്കിസ്ഥാനിൽനിന്നുണ്ടാകുന്ന ആധുനികസാഹിത്യത്തിന്റെ അസാമാന്യമാംവിധം ചേതോഹരമായ ഭാവനാലോകങ്ങൾ പരിചയപ്പെടുത്തുന്ന ടി.ജെ.എസ്, ബലൂചിസ്ഥാനിൽ നിന്നുള്ള ഗോത്രവർഗക്കാരുടെ അവിശ്വസനീയമാംവിധം വൈചിത്ര്യമാർന്ന ജീവിതാവസ്ഥകൾ തന്റെ അനുഭവക്കുറിപ്പുകളായി അവതരിപ്പിക്കുന്ന ജമിൽ അഹമ്മദ് എന്ന ഉദ്യോഗസ്ഥനെ പരിചയപ്പെടുത്തുന്നു തമിഴ്‌നാട്ടിലെ താരപൂജയും കർണാടകത്തിലെ തലവരിപ്പണവും മാത്രമല്ല, പണംകൊണ്ടും പ്രശസ്തികൊണ്ടും സ്വന്തമാക്കാൻ കഴിയാത്ത മാദ്ധ്യമരംഗത്തെ വിശ്വാസ്യതയും മറ്റുചില രചനകളിലെ ചർച്ചാവിഷയമാണ്. 'കേരളത്തിന്റെ നാനാരംഗങ്ങളിലെ തളർച്ചക്കും തകർച്ചക്കും കാരണമാകുന്നത് മലയാളികളുടെ സന്ധിയില്ലാത്ത വ്യക്തി മനഃസ്ഥിതിയാ'ണെന്ന് മാതൃഭൂമി 1956 ലെഴുതിയ ഒരു മുഖപ്രസംഗം ഉദ്ധരിച്ചുകൊണ്ട് ടി.ജെ.എസ്. നടത്തുന്ന സാമൂഹ്യനിരീക്ഷണമാണ് മറ്റൊരു ലേഖനം. എങ്കിലും ഈ ഭാഗത്തെ ഏറ്റവും ഹൃദയസ്പർശിയും ശദ്ധേയവുമായ രചന 'പെണ്ണുലേലം വ്യാഴാഴ്ചകളിൽ' എന്നതാണ് (മൂന്നാംഭാഗത്തെ 'മനുഷ്യർ മൃഗങ്ങളാകുമ്പോൾ' എന്ന രചനപോലെ തന്നെ നമ്മെ നടുക്കിയുണർത്തുന്ന ഒന്ന്). പാക്കിസ്ഥാനിൽനിന്നുണ്ടാകുന്ന ആധുനികസാഹിത്യത്തിന്റെ അസാമാന്യമാംവിധം ചേതോഹരമായ ഭാവനാലോകങ്ങൾ പരിചയപ്പെടുത്തുന്ന ടി.ജെ.എസ്, ബലൂചിസ്ഥാനിൽ നിന്നുള്ള ഗോത്രവർഗക്കാരുടെ അവിശ്വസനീയമാംവിധം വൈചിത്ര്യമാർന്ന ജീവിതാവസ്ഥകൾ തന്റെ അനുഭവക്കുറിപ്പുകളായി അവതരിപ്പിക്കുന്ന ജമിൽ അഹമ്മദ് എന്ന ഉദ്യോഗസ്ഥനെ പരിചയപ്പെടുത്തുന്നു. ഒപ്പം 1970 കളിലെഴുതപ്പെട്ട അഹമ്മദിന്റെ ചില രചനകളും. പാരമ്പര്യത്തിന്റെ പേരിൽ വളരുന്ന ക്രൂരതകളുടെയും മനുഷ്യത്വമില്ലായ്മയുടെയും സ്ത്രീചൂഷണത്തിന്റെയും ഹൃദയസ്പൃക്കായ ഒരു കഥ ടി.ജെ.എസ്. സംഗ്രഹിക്കുന്നു-സാദത്ത് ഹസൻ മാന്തോവിന്റെ വിഭജനകഥകൾപോലെ വായനയിൽ ആഘാതം സൃഷ്ടിക്കുന്നു ഈ രചന.


'അഫ്‌സൽഖാന്റെയും ഷാ സറീനയുടെയും കഥ. മെരുക്കിയ കരടിയെ ഉപജീവനമാർഗ്ഗമാക്കിയ ഒരു ചെറുപ്പക്കാരൻ സറീനയെ ഭാര്യയാക്കി. അച്ഛനാണ് ഇടപാട് ഉറപ്പിച്ചത്. സറീനയ്ക്ക് അതിൽ യാതൊരു പങ്കുമുണ്ടായിരുന്നില്ല. കരടിക്കാരൻ വന്നു, ഊണുകഴിച്ചു, മടങ്ങിയപ്പോൾ സറീന തലയിൽ ഒരു ചുമടുമായി അയാളെ അനുഗമിച്ചു, കരടി മുമ്പിലും സറീന പുറകിലും. എല്ലാ കാര്യങ്ങളിലും കരടിക്കായിരുന്നു മുൻഗണന. എന്നും രാവിലെ പത്തുമിനിട്ടു കരടിയെ വടികൊണ്ടടിക്കും, അനുസരണം പഠിപ്പിക്കാൻ. പിന്നെ പിന്നെ അടുത്ത പത്തുമിനിട്ട് അതേ വടികൊണ്ടു സറീനയെയും അടിച്ചുതുടങ്ങി. ഒടുവിൽ സഹികെട്ട് സറീന അവളുടെ വഴിക്കുപോയി. അലഞ്ഞുതിരിഞ്ഞു നടന്നപ്പോൾ അഫ്‌സൽഖാൻ ഒരു സ്ത്രീയുമായി നടന്നുപോകുന്നതു കണ്ടു. കാര്യങ്ങൾ തിരക്കിയ അഫ്‌സൽഖാൻ സറീനയെയും തന്റെ കൂടെ ചേർത്തു. അടുത്തൊരു പട്ടണമുണ്ടെന്നും അവിടത്തെ ആളുകൾ പണക്കാരും നല്ലവരുമാണെന്നും അവർക്ക് എപ്പോഴും ജോലിക്കാരെ ആവശ്യമുണ്ടെന്നും അയാൾ പറഞ്ഞു.

അവർ നടന്നു. ചൂടു സഹിച്ചും പൊടിതിന്നും മണിക്കൂറുകൾ അവർ നടന്നു. അടുത്തകുന്നിനപ്പുറം ഒരു കബാബ് കടയുണ്ടെന്നും അവിടെ വിശ്രമിക്കാമെന്നും അഫ്‌സൽഖാൻ പറഞ്ഞു. കുന്നിനുമുകളിലേക്ക് അവർ നടന്നു. താഴെ ഒരിടുക്കിൽ ഒരു ചെറിയ കുളവും അതിന്റെ അരികിലായി കുറെ കുടിലുകളും അവർ കണ്ടു. മിയാൻ മണ്ഡി. അഫ്‌സൽഖാൻ ലക്ഷ്യംവച്ച സ്ഥലം. നേരേ കടയിൽചെന്ന് കബാബും ചൂടുറൊട്ടിയും ഓർഡർ ചെയ്തശേഷം അഫ്‌സൽഖാൻ ഉച്ചനമസ്‌കാരത്തിനു കുളക്കരയിലേക്കുപോയി. 'എത്ര ദിവസം താമസിക്കുന്നു?' കടയിലെ അന്തേവാസി ചോദിച്ചു. മറുപടിയായി അഫ്‌സൽഖാൻ ചോദിച്ചു: 'ഇന്നെന്തു ദിവസമാണ്?' 'ഇന്നു തിങ്കൾ'. പയ്യൻ പറഞ്ഞു. 'എന്നാൽ ഞാൻ മൂന്നു ദിവസം താമസിക്കുന്നു'. രണ്ടുപേരും കണ്ണിറുക്കി ചിരിച്ചു.

ചിരിച്ചതിന്റെ കഥ ജമിൽ അഹമ്മദ് തന്നെ പറയട്ടെ.

സ്ത്രീകളെ വിൽക്കുന്ന ദിവസമായിരുന്നു വ്യാഴം... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തന്നോടു ചോദിക്കണമെന്ന് അഫ്‌സൽഖാന്റെ പെണ്ണുങ്ങളോടു പറഞ്ഞപ്പോൾ പയ്യന്റെ ശബ്ദത്തിൽ അനുകമ്പ നിറഞ്ഞിരുന്നു. അവന്റെ ഓർമ്മയിൽ തിങ്ങിനിന്ന ആൾക്കൂട്ടത്തിലേക്കു രണ്ടു മുഖങ്ങൾ കൂടെ. ഓരോ വ്യാഴാഴ്ചയും കൂടിക്കൂടിവരുന്ന കൂട്ടം. ചിലർ ശൈശവം കഷ്ടിച്ചു കഴിഞ്ഞവർ, ചിലർ വാർദ്ധക്യത്തോടടുത്തവർ, ചിലർ തങ്ങളുടെ വിധിയെക്കുറിച്ചു ചിന്തിച്ചു ചിരിക്കുന്നവർ, കരച്ചിൽ നിർത്താനാവാതെ മറ്റു ചിലർ. ഒരിക്കൽ പ്രത്യക്ഷപ്പെട്ടശേഷം പിന്നെ കാണാതാവുന്നവരുണ്ട്. വീണ്ടും വീണ്ടും വരുന്നവരുണ്ട്, ആദ്യം ഒരാൾക്കും പിന്നെ മറ്റൊരാൾക്കും വില്ക്കപ്പെട്ടവർ. ഭർത്താക്കന്മാരിൽ നിന്നും പിതാക്കന്മാരിൽ നിന്നും രക്ഷപ്പെട്ടോടുന്നവരുണ്ട്. ജീവിതത്തിൽനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നവരുമുണ്ട്. അവന്റെ മനസ്സു മുഴുവൻ സ്ത്രീകളുടെ മുഖങ്ങളായിരുന്നു. എന്നിട്ടും ലേലത്തിനു വയ്ക്കുന്ന പുതിയൊരു മുഖം കാണുമ്പോൾ അവന്റെ കൊച്ചുശരീരം വിറയ്ക്കുമായിരുന്നു.

വ്യാഴാഴ്ച ആകുമ്പോൾ മിയാൻ മണ്ഡിയിൽ നല്ല തിരക്കാണ്. ചിലർ ഒരു സ്ത്രീയുമായി വരും. മറ്റു ചിലർ രണ്ടും മൂന്നും സ്ത്രീകളെ ഒന്നിച്ചെത്തിക്കും. സ്ത്രീകളില്ലാതെ വരുന്നവരുമുണ്ട്, വാങ്ങാൻ വരുന്നവർ. പുരുഷന്മാർ സൊറപറഞ്ഞ്, വില്പനയ്ക്കുള്ള സാധനങ്ങൾ നിരീക്ഷിച്ച് കബാബും ചായയും കഴിച്ച് കറങ്ങിനടക്കും. മിയാൻ മണ്ഡിയിലെ സ്ഥിരം പതിവുകാരനായ അഫ്‌സൽഖാൻ സാധാരണക്കാരുമായി ഇടപെടുകയില്ല. തന്റെ സ്ത്രീകൾ സ്‌പെഷ്യലാണെന്ന് മറ്റുള്ളവരെ ധരിപ്പിക്കാൻ അയാൾക്ക് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. നഗരത്തിലെ രണ്ടു വേശ്യാലയങ്ങളുടെ ഏജന്റുമാർക്കാണ് തന്റെ സ്ത്രീകളിൽ ഒന്നിനെ വിറ്റത്; ഒരാൾക്കുതന്നെ അഫ്‌സൽഖാൻ ആവശ്യപ്പെട്ട തുക കൊടുക്കാനുള്ള ശേഷി ഇല്ലായിരുന്നു.

ഷാ സറീന സ്‌പെഷ്യലാണെന്ന് അഫ്‌സൽഖാന് അറിയാമായിരുന്നു. ഭക്ഷണസമയത്ത് ബുർഖാ മുഖത്തുനിന്നു മാറ്റിയപ്പോൾ അവൾ സുന്ദരിയാണെന്ന് അയാൾ അറിഞ്ഞു. മല കയറുന്നതു കണ്ടപ്പോൾ അവളുടെ ചുറുചുറുക്കുള്ള യുവത്വവും അയാൾ കണ്ടു. അവളെ തനിക്കുവേണ്ടിത്തന്നെ എടുത്താലോ എന്നു ചിന്തിക്കാതിരുന്നില്ല. പക്ഷേ, കച്ചവടക്കാരന്റെ പ്രൊഫഷണലിസം വിട്ടുള്ള കളി വേണ്ടെന്നു വയ്ക്കുകയായിരുന്നു. സറീനയെ വിവാഹത്തിനായി വിൽക്കണം എന്നാണയാൾ ഒടുവിൽ നിശ്ചയിച്ചത്. മറ്റാവശ്യങ്ങൾ മനസ്സിൽ വച്ചുകൊണ്ടു വന്നവരെ താങ്ങാനാവാത്ത വിലപറഞ്ഞ് അയാൾ തിരിച്ചയച്ചു. പിന്നെയാണ് ഒരു ചെറുപ്പക്കാരൻ അഫ്‌സൽഖാനെ സമീപിച്ചത്. വിവാഹത്തിനാണെങ്കിൽ തനിക്കു വിൽക്കുമോ എന്നയാൾ ചോദിച്ചു. അധികം കാശുതരാൻ എനിക്കു കഴിയില്ല. ആകെയുള്ളത് മൂവായിരം രൂപയാണ്. കുറെക്കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോവുകയാണ്.
അഫ്‌സൽഖാൻ അയാളെ സൂക്ഷിച്ചുനോക്കി. മൂവായിരം രൂപാ എണ്ണിവാങ്ങി.
ക്രയവിക്രയക്കാർ ഓരോരുത്തരായി പിരിഞ്ഞുപോയി. ടെന്റുകൾ അപ്രത്യക്ഷമായി. മിയാൻ മണ്ഡി നിശ്ശബ്ദമായി. അടുത്ത വ്യാഴാഴ്ചവരെ'.

രണ്ടാംഭാഗമായ 'അഭിപ്രായങ്ങൾ' പൊതുവെ ആനുകാലികവും വാർത്താധിഷ്ഠിവുമായ വിഷയങ്ങളെക്കുറിച്ചാണ്. താരതമ്യേന നർമഭരിതമായ ആഖ്യാനങ്ങൾ. മലയാളികൊതുകിന്റെ മാഹാത്മ്യം മുതൽ മാതൃഭാഷയുടെ സ്‌നേഹവായ്പുവരെ. സെല്ലുലോയ്ഡ് സിനിമയിൽ കമൽ മലയാറ്റൂർ രാമകൃഷ്ണനെ വർഗീയവാദിയാക്കിയതിന്റെ അനൗചിത്യം മുതൽ ക്രിക്കറ്റ്, ടെന്നീസ്, ഫുട്‌ബോൾ തുടങ്ങിയവയുടെ ഇന്ത്യൻ ദുരവസ്ഥകൾ വരെ. ഒരു രചനയിൽ മാതൃഭാഷയെന്ന നിലയിൽ മലയാളം തനിക്കെന്താണെന്ന് അസാമാന്യമായ ആർജവത്തോടെ ടി.ജെ.എസ്. എഴുതുന്നു : 'മലയാളത്തിലെ പത്രാധിപന്മാർ എന്നെ സായിപ്പായിട്ടാണു കണ്ടിരുന്നതെന്ന് ആദ്യം ചൂണ്ടിക്കാട്ടിയത് എംപി. നാരായണപിള്ളയാണ്. അതിന്റെ ഗുട്ടൻസ് പൂർണ്ണമായും മനസ്സിലാക്കാതെ ഞാൻ ഇംഗ്ലീഷിൽ ഞെളിഞ്ഞുനടന്നു. കുറെയൊക്കെ വിജയിച്ചപ്പോൾ കൂടുതൽ ഞെളിഞ്ഞു. തികച്ചും യാദൃച്ഛികമായി മലയാളത്തിൽ കൈവച്ചപ്പോഴാണു നിർവൃതി എന്തെന്നറിഞ്ഞത്. വായനക്കാരനുമായുള്ള ഹൃദയബന്ധമാണ് എഴുത്തുകാരനു കിട്ടുന്ന സായൂജ്യം. അതു മാതൃഭാഷയിലൂടെ സാധ്യമാകുന്നതുപോലെ അന്യഭാഷയിൽ - അതിൽ എത്രത്തോളം പാണ്ഡിത്യം നേടിയാൽപോലും- സാധ്യമല്ലെന്ന് ഇന്ന് ഞാൻ അറിയുന്നു.

എഴുത്തുകാരനെ പരിചയമുണ്ടെന്ന ധാരണ വായനക്കാരനുണ്ടാകുമ്പോൾ ഒരു പ്രത്യേകതരം ബന്ധം അവർ തമ്മിലുണ്ടാകുന്നു. ലോകമെങ്ങും വായനക്കാരുള്ള അരുന്ധതി റോയിയോടു മലയാളി വായനക്കാർക്കു തോന്നുന്ന സവിശേഷമായ അടുപ്പം മറ്റാർക്കും തോന്നാൻ സാധ്യമല്ല. അരുന്ധതിയുടെ വ്യവഹാരഭാഷ ഇംഗ്ലിഷ് ആണെങ്കിൽപോലും 'ഗോഡ് ഓഫ് സ്‌മോൾ തിങ്‌സി'ന്റെ ആത്മാവ് മലയാളമായതാണു കാരണം. മാതൃസംസ്‌കാരത്തിൽ കൂടെമാത്രം വ്യാപരിക്കുന്ന താദാത്മ്യം. മലയാളി മലയാളിക്കു വേണ്ടി മലയാളിയുടെ സാംസ്‌കാരിക ചട്ടക്കൂട്ടിൽനിന്നുകൊണ്ട് എഴുതുമ്പോൾ, എഴുതുന്നയാളും വായിക്കുന്നയാളും ഒന്നാകുന്നു. വായനക്കാരനിൽനിന്ന് എഴുത്തുകാരനിലേക്ക് സൽമാൻ റുഷ്ദിമാർക്കു ലഭിക്കാത്ത സ്‌നേഹവായ്പ ഒഴുകിയെത്തുന്നു. ഒറ്റയാന്മാർക്കുപോലും ഒറ്റപ്പെടാനാവാത്ത അവസ്ഥ. പരമാനന്ദമാണത്'.

'ആളുകൾ' എന്ന മൂന്നാംഭാഗമാണ് യഥാർഥ ടി.ജെ.എസിനെ പുറത്തുകൊണ്ടുവരുന്നത്. പത്രപ്രവർത്തകൻ എന്ന നിലയിൽ ടി.ജെ.എസിനെ വിലയിരുത്തുമ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും മൗലികമായ സംഭാവന വ്യക്തികളെക്കുറിച്ചവതരിപ്പിക്കുന്ന തൂലികാചിത്രങ്ങൾ മുതൽ ജീവചരിത്രം വരെ വ്യാപിച്ചുനിൽക്കുന്ന രചനകളുടേതാണ് എന്നു കാണാം. ഈ ഭാഗവും വ്യത്യസ്തമല്ല. വ്യക്തികളിലൂടെ ചരിത്രമെഴുതുന്ന ടി.ജെ.എസിന്റെ കാഴ്ചക്കുതന്നെയുണ്ട് ഒരു ഒറ്റയാൻ സ്വഭാവം. വിയറ്റ്‌നാം യുദ്ധത്തിന്റെ ഇതിഹാസനായകൻ, ജനറൽ വൊങുയ്ൻഗ്‌യാപ് മുതൽ ഇന്ത്യൻ ദലിതരാജകുമാരി മായാവതി വരെയുള്ളവരുടെ വ്യക്തിചിത്രങ്ങൾ കൊണ്ടു നിർമ്മിച്ച മിഴിവാർന്നൊരു ചരിത്രഭൂപടമാണ് ഈ ഭാഗം.

അമേരിക്കക്കും ചൈനക്കും ഫ്രാൻസിനുമെതിരെ വിയറ്റ്‌നാം ജനതയെ ആത്മവിശ്വാസമുള്ള പോരാളികളാക്കി മാറ്റിയ ഇതിഹാസനായകൻ ഗ്‌യാപ്, ചരിത്രം തിരുത്തിയെഴുതിയിട്ടും സ്വന്തം മക്കളുടെ ദുരമൂലം മരണകാലം നരകതുല്യമായി മാറിയ നെൽസൺ മണ്ടേല, മനുഷ്യപ്രജ്ഞയുടെ അത്ഭുതകരമായ സാധ്യതകളുടെ ഉടൽരൂപമായി ജീവിക്കുന്ന സ്റ്റീഫൻ ഹോക്കിങ്, വിസ്മയകരമായ രാഷ്ട്രീയ രഹസ്യങ്ങൾകൊണ്ടു ജീവിതം പൂരിപ്പിച്ച വി.കെ. കൃഷ്ണമേനോൻ, ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയനിഗൂഢതകളിലൊന്നിലേക്കു മുങ്ങിമറഞ്ഞുപോയ സുഭാഷ്ചന്ദ്രബോസ്, മാദ്ധ്യമപ്രവർത്തനത്തിലെ പ്രൊഫഷണലിസത്തിന് അമേരിക്കയിലും ഇന്ത്യയിലും ഭിന്നമാനങ്ങൾ തീർത്ത, ഡിവിറ്റ് വാലസും കെ.എം. മാത്യുവും, കലയുടെ ധൂർത്തുപുത്രന്മാർ മൈക്കൾ ജാക്‌സണും സഞ്ജയ്ദത്തും, സാഹിത്യത്തിലെ ചരിത്രപുരുഷൻ സാദത്ത് ഹസൻ മാൻതോ, സാഹിത്യോച്ചാരണത്തിന്റെ രാജകുമാരി കാവ്യവിശ്വനാഥൻ, വിപ്ലവഗാനങ്ങളുടെ കേരളനായകൻ കെ.എസ്. ജോർജ്... എത്രയും വൈവിധ്യമുള്ള തൂലികാചിത്രങ്ങളുടെ ഒരാകാരമാണ് ഈ ഭാഗം.

ഇവിടെയുമുണ്ട്, അമ്പരപ്പിക്കുന്ന മനുഷ്യജീവിതത്തിന്റെയും ചരിത്രാനുഭവത്തിന്റെയും ചോര ചിന്തുന്ന ഏടുപോലെ ഒരാഖ്യാനം. സാർട്ജി ബാർട്ട്മാന്റെ കഥ. വംശവെറിയുടെയും കൊളോണിയൽ അധിനിവേശത്തിന്റെയും മൃഗാവസ്ഥ പ്രാപിച്ച മനുഷ്യജന്മങ്ങളുടെയും കിരാതമായ ചൂഷണങ്ങളുടെയും ചരിത്രഗാഥ. ടി.ജെ.എസിന്റെ ചിന്തയുടെ മൗലികതയും ലോകബോധത്തിന്റെ വൈവിധ്യവും മാനവികതയോടുള്ള പ്രതിബദ്ധതയും സ്ത്രീത്വത്തോടുള്ള സമഭാവനയും തൂലികയുടെ കരുത്തും ഒരേസമയം വിളിച്ചറിയിക്കുന്നു, ഈ രചന. 'ഒറ്റയാൻ' മലയാളിക്കു നൽകുന്ന വായനാനുഭവങ്ങളുടെ വിസ്മയകരമായ സത്യവാങ്മൂലങ്ങൾ ഇങ്ങനെ പലതുമാണ്.

ഒറ്റയാൻ
ടി.ജെ.എസ്. ജോർജ്
ഡി.സി. ബുക്‌സ്
2013
വില : 160 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP