Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോകം, ശരീരം, പിശാച്

ലോകം, ശരീരം, പിശാച്

ഷാജി ജേക്കബ്

ടൽ, കരയെക്കാൾ വലിയ ജീവിതഭൂമികയാണെന്നു തിരിച്ചറിഞ്ഞ മലയാളത്തിലെ ആദ്യ കഥാകൃത്താണ് കെ എ സെബാസ്റ്റ്യൻ. 'പുള്ളിപ്പുലിയുടെ പുള്ളിയും പാണ്ടും പോലെ കുടഞ്ഞുകളയാനാകാത്തതാണ് തനിക്കു കടൽ' എന്ന് ഒരഭിമുഖത്തിൽ കഥാകാരൻ പറയുന്നുണ്ട്. ദൈവം സൃഷ്ടിച്ച ആലപ്പുഴ പട്ടണത്തെ പുനഃസൃഷ്ടിച്ച കലാകാരൻ, 'വംശനാശം വന്നുപോയ ചില സമുദ്രജീവികളെ കെ എ സെബാസ്റ്റ്യന്റെ കഥകളിൽ നിന്നും കടത്തിക്കൊണ്ടു വന്നു'വെന്ന് പി ജെ ജെ ആന്റണി, മലയാളത്തിൽ ആലപ്പുഴയെക്കുറിച്ചെഴുതപ്പെട്ട ഏറ്റവും മികച്ച കഥയായ 'സ്റ്റാലിനിസ്റ്റുകൾ മടങ്ങിവരുന്നുണ്ട്' എന്ന രചനയിൽ സങ്കല്പിക്കുന്നു. കടൽ, സെബാസ്റ്റ്യന് സ്ഥലവും ഭാഷയും സംസ്‌കാരവും സ്വത്വവും ജീവിതം തന്നെയുമാണ്. 

പത്തൊൻപതാം നൂറ്റാണ്ടിലെഴുതപ്പെട്ട മലയാളകഥയിലെ ആദ്യ ക്ലാസിക്കായ 'ദ്വാരക' മുതൽ എത്രയെങ്കിലും കഥകൾ കടലിനെക്കുറിച്ചുണ്ടെങ്കിലും സി വിയും തകഴിയും മുതൽ ശ്രീരാമനും സാറാജോസഫും വരെയുള്ളവർ കടലിന്റെ കഥാസാധ്യതകൾ പലനിലകളിൽ തുറന്നുകാണിച്ചിട്ടുണ്ടെങ്കിലും സെബാസ്റ്റ്യന്റെ രചനകളിലാണ് കടൽ ഒരു ജൈവഭൂപടമായി ചുരുൾനിവരുന്നത്. തങ്കശ്ശേരി മുതൽ വൈപ്പിൻവരെയുള്ള കടലോരദേശങ്ങളിൽ നിന്ന് പോഞ്ഞിക്കര റാഫി മുതൽ സെബാസ്റ്റ്യൻ പള്ളിത്തോടും എൻഎസ് മാധവനും പി ജെ ജെ ആന്റണിയും ബോണിതോമസും വരെയുള്ളവർ ആവിഷ്‌ക്കരിച്ച ലത്തീൻ കത്തോലിക്കരുടെ മതാത്മക സാമൂഹികജീവിതത്തെ അതിസൂക്ഷ്മമാംവിധം മാനുഷികവൽക്കരിക്കുന്നു, സെബാസ്റ്റ്യൻ. ആലപ്പുഴയിലെ കടൽത്തീരഗ്രാമങ്ങളിൽ (അർത്തുങ്കൽ, ചെത്തി, അന്ധകാരനഴി...) തിടംവച്ചുനിൽക്കുന്ന ലത്തീൻ കത്തോലിക്കരുടെ അങ്ങേയറ്റം നാടകീയവും സംഘർഷാത്മകവുമായ ജീവിതത്തിന്റെ ചവിട്ടുനാടകങ്ങളാണ് സെബാസ്റ്റ്യന്റെ കഥകൾ.

ചരിത്രമല്ല, മിത്തുകളാണ് ഈ കഥകളുടെ ചിത്രപടം. മാജിക്കൽ റിയലിസം മഴപോലെ പെയ്തിറങ്ങുന്ന ഭാവനാഭൂമികകളിലാണ് അവ ഭാഷയുടെ 'ചെറകു'വിടർത്തുന്നതും 'ആന്തം' പായിക്കുന്നതും. കാമവും പകയും തിരമാലകൾ പോലെ കയറിമറിഞ്ഞ് മർത്യായുസ്സിന്റെ കരയെടുക്കുന്ന ദേശങ്ങൾ. കൊളോണിയലിസത്തിന്റെയും കമ്യൂണിസത്തിന്റെയും നഞ്ചുകുടിച്ച് ജന്മം കലങ്ങിപ്പോകുന്ന മനുഷ്യർ. മതവും രാഷ്ട്രീയവും ഗർവും ചതിയും വിങ്ങിപ്പൊങ്ങി പത്തിവിടർത്തുന്ന കടൽപ്പാമ്പുകളെപ്പോലെ ആ മനുഷ്യരെ വേട്ടയാടുന്ന രാപകലുകൾ. മഹാസമുദ്രങ്ങളുടെ അടിയൊഴുക്കുകളെ പ്രണയിക്കുന്ന കടലാനകളുടെയും കടൽപ്പന്നികളുടെയും ഇതിഹാസങ്ങൾ. കഴിഞ്ഞ കാൽനൂറ്റാണ്ടുകൊണ്ട് സെബാസ്റ്റ്യൻ ആകെയെഴുതിയ അൻപതിൽ താഴെ കഥകൾ മലയാള ചെറുകഥാസാഹിത്യചരിത്രത്തിൽ ഇടംപിടിക്കുന്നുത്, ദൈവം നടുക്കടലിലുപേക്ഷിച്ച മനുഷ്യരുടെ കറുത്ത ഫലിതങ്ങളായി അവയൊന്നടങ്കം മാറുന്നു എന്നതുകൊണ്ടാണ്. അത്രമേൽ ജീവിതമഗ്നവും സങ്കടഭരിതവും ഭാഷാതീവ്രവും കല്പനാസമ്പന്നവും കാമനാസന്നിഭവുമാണ് സെബാസ്റ്റ്യന്റെ കഥകൾ.

സാധാരണ മനുഷ്യരുടെ അസാധാരണമായ ജീവിതാനുഭവങ്ങളെ മിത്തുകൾ പോലെ നിർമ്മിച്ചടുക്കുന്ന രചനകൾ. 'എല്ലാ കഥകളും ഇന്നലത്തെ ജീവിതത്തെ ചിന്തേരിട്ടു പൊലിപ്പിച്ചെടുത്തതാണ്' എന്ന് 'രാത്രികളുടെ രാത്രി'യെന്ന കഥയിൽ സെബാസ്റ്റ്യൻ എഴുതുന്നുണ്ട്. 1991 ലെഴുതിയ 'വയലറ്റ് നിറമുള്ള പകൽ' മുതൽ 2014 ലെഴുതിയ 'തങ്കം' വരെ ഓരോന്നും ഉദാഹരിക്കാൻ കഴിയും ('തങ്കം', ഈ സമാഹാരത്തിലുൾപ്പെടുത്തിയിട്ടില്ല).
എഴുതിയ കാലം കുഴമറിച്ച്, കഥാപ്രമേയങ്ങളെ പ്രകൃതിയുടെ അവസ്ഥകളോടും മനുഷ്യജീവിതത്തിന്റെ അനുഭവങ്ങളോടും സമീകരിച്ച് മഞ്ഞ്, ജലം, നീരാവി, ലാവ എന്നിങ്ങനെ നാലുഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു, ഈ കഥകളെ. ജീവിതത്തെ മരണം പോലെ മരവിപ്പിക്കുന്നവയും മഴപോലെ നനയ്ക്കുന്നവയും സത്യംപോലെ ഉഷ്ണിപ്പിക്കുന്നവയും ഹിംസപോലെ തിളച്ചുമറിയിക്കുന്നവയുമായ കഥകൾ.

ആമുഖത്തിൽ സെബാസ്റ്റ്യൻ എഴുതുന്നു: 'രണ്ടുതരം വലകളാണ് മീൻപിടിക്കാൻ ഉപയോഗിക്കുക. അടക്കം കൊല്ലിയും തെളിവുകണ്ണിയും. ചെറുമീൻ മുതൽ കടലാന വരെ അടക്കംകൊല്ലി വലകളിൽ വീഴും. കുഞ്ഞന്മീനുകൾ നിറഞ്ഞ ജലാശയം കാണുമ്പോൾ, തെളിവുകണ്ണി വലയുള്ള മീൻപിടിത്തക്കാരൻ പറയും: അവൾ കുട്ടിയല്ലേ, സാരിയുടുക്കാറാകട്ടെ. എന്നിട്ട് വലയിൽ കിട്ടിയ നെയ്മുറ്റിയ വലുതിനെയെടുത്തുകൊട്ടയിലിടും. അപ്പോൾ ദൈവം മന്ദഹസിക്കും'.

അടക്കംകൊല്ലി വലകളാണ് സെബാസ്റ്റ്യന്റേത്. ജീവിതത്തിന്റെ മഹാസാഗരത്തിൽനിന്ന് അത് ചെറുമീൻ മുതൽ കടലാന വരെയുള്ളവയെ പിടികൂടുന്നു. ഒറ്റയും ഇരട്ടയും, കാണാതെപോയ വസ്തുക്കൾ കണ്ടുകിട്ടുന്നതിനുള്ള ജപം, ആരോഗ്യനികേതനം, വയലറ്റ് നിറമുള്ള പകൽ, കർക്കിടകത്തിലെ കാക്കകൾ, രാത്രികളുടെ രാത്രി, ലോകാനുഭവങ്ങൾ, കിഴക്കുനിന്നു വന്ന വിദ്വാന്മാർ, വിയറ്റ്‌നാം, കർക്കടകം, പത്തുകന്യകമാർ, രണ്ടാംപാഠം, ദൂതൻ, നീറ്മല്ലൻ, ലീലകൾ, ദൃഷ്ടാന്തം തുടങ്ങിയ രചനകൾ മലയാളത്തിലെ തന്നെ മികച്ച കഥകളാണ്.

കടൽജീവിതത്തിന്റെ തിരക്കോളുകളാണ് സെബാസ്റ്റ്യന്റെ കഥാലോകത്തെ ഏറ്റവും വലിയ ചലനം. ഒപ്പം ബൈബിളും ക്രൈസ്തവ വിശ്വാസങ്ങളും സൃഷ്ടിക്കുന്ന പാപപുണ്യങ്ങളുടെ കൊടുങ്കാറ്റുകളും. ലോകവും ശരീരവും പിശാചും ഒതപ്പുകളിലേക്കു തള്ളിവിടുന്ന പാവം മനുഷ്യരുടെ നിസ്സാരതകളിലും നിസ്സഹായതകളിലുമാണ് അവ ഭാവനയുടെ പായ വലിച്ചുകെട്ടുന്നത്. 'ലോകാനുഭവ'ങ്ങളും വിയറ്റ്‌നാമും ദൂതനും നീറ് മല്ലനും നിലത്തെഴുത്താശാനും ലീലകളും ലോകം, ശരീരം പിശാചും ദൃഷ്ടാന്തവും പോലുള്ള കഥകളിൽ കടൽ ചെമ്പുപോലെ കലങ്ങിമറിഞ്ഞാർക്കുകയാണ്. സമുദ്രജീവിതത്തിന്റെ ആഴപ്രലോഭനങ്ങൾ; ബിംബകല്പനകളിലെ കടൽജീവിതങ്ങൾ.

കാണാതെപോയ വസ്തുക്കളും ബാബേലും രാത്രികളുടെ രാത്രിയും പഴയ ഇടനാഴികളും അപസർപ്പകവും രണ്ടു കറുത്തവാവുകൾക്കിടയിലും കർക്കടകവും പശ്ചാത്ഗമനവും ആഗമനകാലവും യാമിനി എന്ന പാമ്പും നീറ്മല്ലനും പോലുള്ള കഥകളുടെ ആഖ്യാനകലയിൽ മാജിക്കൽ റിയലിസത്തിന്റെ വേലിയേറ്റം കാണാം. മലയാളത്തിൽ ഈ ഭാവുകത്വം ഏറ്റവും സമർഥമായാവിഷ്‌കൃതമായ നോവലുകളിലൊന്നും സെബാസ്റ്റ്യന്റേതാണ് - 'രാജാക്കന്മാരുടെ പുസ്തകം'. കബറടക്കവും സ്മാർത്തവിചാരവും യന്ത്രസരസ്വതീനിലയവും പോലുള്ള സറ്റയറുകളിൽ സെബാസ്റ്റ്യന്റെ ഭാവന സാമൂഹ്യ-സാംസ്‌കാരിക വിമർശനത്തിന്റെ മറുകര കാണുന്നു. ആരോഗ്യനികേതനവും വയലറ്റ് നിറമുള്ള പകലും ലോകാനുഭവങ്ങളും കിഴക്കുനിന്നു വന്ന വിദ്വാന്മാരും ശ്രാദ്ധവും ബലിയും രണ്ടാംപാഠവും ബാധയും ദൂതനും മരണത്തിന്റെ തിരുവെഴുത്തുകളാണ്. പിതാപുത്രബന്ധത്തിന്റെയും ഭാര്യാഭർതൃബന്ധത്തിന്റെയും തകർച്ചകളും ശൈഥില്യങ്ങളുമാണ് ഇവയുടെ നട്ടെല്ല്. ചിലതിൽ സ്‌നേഹപ്പൊരുത്തത്തിന്റെ വെളുത്തവാവുകളും.

ഒരേസമയംതന്നെ സത്യവിശ്വാസികളും കൊടുംപാപികളുമാണ് സെബാസ്റ്റ്യന്റെ പല കഥാപാത്രങ്ങളും. എങ്കിൽപോലും എങ്ങും തൊടാതെനിന്നു കഥ പറയും സെബാസ്റ്റ്യൻ; അസാധാരണമായ ഭാഷാമെയ്‌വഴക്കത്തോടെ. ചില ഉദാഹരണങ്ങൾ നോക്കുക.

'മുന്നിൽ ഉപമകളുടെ കടലും മുകളിൽ ഉൽപ്രേക്ഷകളുടെ ആകാശവും' തീറെഴുതിക്കിട്ടിയ ലാസർ, ജീവിതവൈരുധ്യങ്ങളുടെ കലാകാരനായി സ്വയം ചോദിക്കുന്നു: 'രാത്രിക്കു കനം കൂടിയപ്പോൾ ലാസർ എണീറ്റു. ഇരുളും വിജനതയും മാത്രം. ശബ്ദത്തെയും ചലനത്തെയും ഇരട്ട പ്രസവിക്കുന്ന കടൽ അലമുറയിടുന്നുണ്ടായിരുന്നു. പ്രാഞ്ചി പ്രാഞ്ചി നടക്കുമ്പോൾ ഒരു ചോദ്യം ചൂണ്ടപോലെ തിളങ്ങാൻ തുടങ്ങി. പണ്ടു മുതൽ ഏതുമനുഷ്യനും, കലാകാരന്റെ നെറ്റിപ്പട്ടം ചൂടിയും ചൂടാതെയും ചോദിച്ച ആ ചോദ്യംതന്നെ ആവർത്തനങ്ങളെ പേടിക്കാതെ ലാസറും ചോദിച്ചു: ജീവിതമേ, നീയെന്ത്?' (ഒറ്റയും ഇരട്ടയും)

മരണത്തിന്റെ വായ്ത്തല മൂർച്ചയിൽ നിന്ന് ആത്മകഥാപരമായിത്തന്നെ ഇഴപിരിച്ചെടുത്ത ഒരനുഭവത്തെക്കുറിച്ച് സെബാസ്റ്റ്യൻ 'ആരോഗ്യനികേതന'മെന്ന കഥയിലെഴുതുന്നു : 'ഏഴാം നിലയിൽ ശവദാഹത്തിനുശേഷമുള്ള ഭസ്മംപോലെയുള്ള നിശ്ശബ്ദതയിൽ ഞാൻ തനിയെ നിന്നു. ചുറ്റും കണ്ണാടിജാലകങ്ങൾ. പകലറുതിയുടെ നാരങ്ങവെളിച്ചം. ഞാൻ പകച്ചുപോയി. ആശുപത്രിയെ വളഞ്ഞുകൊണ്ട് വെല്ലൂരിലെ കരിമലകൾ നില്ക്കുന്നു! ഒരു ജാലകം ഞാൻ തള്ളിത്തുറന്നു. വിസ്തൃതമായ ആകാശത്തെ ഉലച്ചുകൊണ്ട് തെക്കൻകാറ്റുകൾ വട്ടംവീശി വന്നു. താഴെ, തമിഴന്റെ കറുത്ത മണ്ണ്. ആശുപത്രിയുടെ ചപ്പുചവറുകൾ എരിഞ്ഞ ഇത്തിരി തീ. പിന്നെ, ചത്ത പുഴയുടെ ഫോസിൽപോലെ ഇത്തിരി വെള്ളം. പഞ്ചഭൂതങ്ങൾ! എന്നെ അയച്ചവരും മറ്റൊരു കടവിൽ സ്വീകരിക്കാനിരിക്കുന്നവരുമായ പഞ്ചഭൂതങ്ങൾ. ആദിയും അറുതിയും. ആൽഫയും ഒമേഗയും. മങ്ങൂഴംപോലെ ഇരുണ്ടുതുടങ്ങുന്ന പഞ്ചഭൂതങ്ങളെ ഞാൻ കൈകൂപ്പി തൊഴുതു'.

മർത്യായുസ്സിന്റെ മരണാനന്തര യാഥാർഥ്യങ്ങളെ ബിംബവൽക്കരിക്കുന്ന കർക്കടകത്തിലെ കാക്കകളിൽ നിന്ന് ഒരുഭാഗം നോക്കുക : 'കർക്കടകവാവിന് പഴമുറം ചൂടിയാണ് പിതൃക്കൾ ഉറ്റവരെ കാണാനെത്തുന്നത്. ശ്രാദ്ധത്തിന്റെ അന്ന് വീട്ടുമുറ്റത്തെത്തുന്ന കാക്ക വെറുമൊരു കാക്കയല്ല. സൂക്ഷിച്ചുനോക്കൂ, നിങ്ങളുടെ അച്ഛന്റെ അല്ലെങ്കിൽ മുത്തച്ഛന്റെ ഛായ...'

ആദിത്യന്റെ വാക്കുകൾ തിലകനെ ഉണർത്തി. പുനർജന്മത്തിലെ പരിണാമംപോലെ, വൃക്ഷത്തിന്റെ വാർഷിക വളയങ്ങൾപോലെ അവ തിലകനെ ചുറ്റി ഏകകേന്ദ്രവൃത്തങ്ങളായി കറങ്ങിത്തുടങ്ങി...

തിലകൻ ശ്രാദ്ധത്തിന്റെ ചേരുവകൾ കുഴച്ചു. ചോറും തിരുസുമങ്ങളും വാഴയിലയിൽ അർപ്പിച്ചു. മഴയുടെ നിശ്ചലത, ഏകാന്തത. തിലകൻ തണുത്തു. അപ്പോഴാണ് അശ്വത്ഥാമാവിന്റെ ബാധകയറിയത്. തൊട്ടുപിന്നാലെ പകയുടെ കൊടുങ്കാറ്റടിച്ചു. ഒച്ചയും അനക്കവുമുള്ള വീടുകളോട്, കൈകോർത്തു നടന്നുനീങ്ങുന്ന മനുഷ്യരോട്, പറന്നുപോകുന്ന കാക്കയോട്...
നർമത്തിന്റെ കൊതുമ്പുവള്ളം നീറ്റിലിറക്കി നടത്തുന്ന ജീവിതവൈരുധ്യങ്ങളുടെ കളിയായി മാറുന്നു, 'രാത്രികളുടെ രാത്രി'. 'പേടിക്കണ്ട, മാക്രികൾ ചൗരിചൗരാ സംഭവത്തിനു മുമ്പുള്ള കോൺഗ്രസുകാരെപ്പോലെ സസ്യഭുക്കുകളാണ്'.
ജരാനര ബാധിച്ച പുളിമരം പൊളിഞ്ഞിറങ്ങിയ വേരുകളും ഉച്ചിയിൽ എട്ടുപത്ത് ഇലകളുമായി പതനം കാത്തുനിന്നു. പെട്ടെന്ന് പുളിമരം അതിന്റെ പ്രാചീനമായ യൗവനത്തിലേക്ക് തിരിഞ്ഞുനടക്കുന്നതുപോലെ തോന്നി. പച്ചമണക്കുന്ന വേരുകൾ. ആൾപ്പിടിയിലൊതുങ്ങാത്ത ഒറ്റത്തടി. ആകാശം നിറയെ തൂങ്ങിക്കിടക്കുന്ന ചെമ്പൻ പുളികൾ. കുട്ടികൾ ഉപ്പുചിരട്ടകളും കൊണ്ട് മുകളിലേക്ക് നോക്കിനിന്നു.
കൂട്ടക്ഷരങ്ങളുടെ വൻകടലുകൾ താണ്ടി ഒരു കൊതുമ്പുവള്ളക്കാരൻ സഭാകമ്പമില്ലാതെ മുന്നേറുന്നതിന്റെ നർമ്മം പുളിത്താഴെ നിന്നപ്പോൾ എന്റെ മനസ്സിലൂറി. കടിച്ചാൽ പൊട്ടാത്ത അക്ഷരങ്ങൾ വാപിളർന്നുകൊണ്ട് പടുകൂറ്റൻ കടൽജീവികളെപ്പോലെ പാഞ്ഞുവരുമ്പോൾ സുകൃതജപം ചൊല്ലുന്നപോലെ കൊതുമ്പുവള്ളക്കാരൻ ഉരുവിട്ടു: 'ക-ക്ക ഖമ്മൂസ്റ്റ് പാർട്ടി'

സമുദ്രസഞ്ചാരത്തിന്റെ രക്തരേഖകളിൽ മെൽവിലും ഹെമിങ്‌വേയും പോലുമറിയാത്ത യാഥാർഥ്യങ്ങൾ വെളിപ്പെടുത്തുന്ന ശീമാന്റെ സാക്ഷ്യം കേൾക്കുക : ഒരു വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടക്കുന്നത്. അയാൾ കിഴക്കോട്ട് നോക്കുമ്പോൾ കരകാണാക്കടലായിരുന്നു. പണി മതിയാക്കി തിരിച്ചുപോരുന്നതിനു മുമ്പ് എറിഞ്ഞ അവസാനത്തെ ചൂണ്ടയായിരുന്നു അത്. അതിലാണ് തിരണ്ടി കൊത്തിയത്. മുകൾനിരപ്പിലേക്ക് ഇരയെ കൊണ്ടുവന്നപ്പോഴാണ് ശീമാൻ ഞെട്ടിയത്. തിരണ്ടിക്ക് ഒരു ഉണക്കപ്പായോളം വലിപ്പമുണ്ട്. വള്ളക്കള്ളിയിലേക്ക് അതിനെ മറിച്ചിടാൻ ശ്രമിച്ചപ്പോഴാണ് അത് വാൽ ചുഴറ്റിയടിച്ചത്. ഉറയൂരിയ കത്തിപോലുള്ള അതിന്റെ വാലിലെ ആന്തത്തിൽ ചോര പടരുന്നത് കണ്ടപ്പോൾ അയാൾ സ്തംഭിച്ചുപോയി. അടുത്ത നിമിഷം വെട്ടിയിട്ട വാഴത്തടപോലെ വലതുകൈ ഒഴുകിപ്പോകുന്നത് മരവിച്ച കണ്ണുകൾകൊണ്ട് ശീമാൻ കണ്ടു (ലോകാനുഭവങ്ങൾ).

കടൽജീവിതം എട്ടാമത്തെ അത്ഭുതം പോലുള്ള കഥകൾക്കു രൂപം നൽകുന്നതിനെക്കുറിച്ച് ബെൻവീർ പറയും : 'ഇരട്ടച്ചങ്കുള്ളവൻ വാക്കുകൾ കൈകാര്യം ചെയ്യുമ്പോഴാണ് അത് കരുത്തുറ്റ ഭാഷയാകുന്നത്. വല കോരി നിൽക്കുമ്പോൾ ഒരു കടലാനയെങ്ങാനും അടുത്തേക്ക് വന്നാൽ ചെത്തിയിലെ മീൻപിടുത്തക്കാരൻ അല്പം ഉറക്കെ, എന്നാൽ സ്‌നേഹത്തോടെ വിളിച്ചുപറയും : കറുമ്പച്ചാ, തെക്കുപടിഞ്ഞാട്ട്. ഇവ്‌ടെ നെറേ വള്ളീം പടങ്ങ്മാ. അതോടെ ആന മുങ്ങും. സൂക്ഷം തെക്കുപടിഞ്ഞാറ് അത് ഒരു കറുത്ത ഗോപുരംപോലെ തലയുയർത്തി നിൽക്കും' (ലോകം, ശരീരം, പിശാച്).

നിസംശയം പറയാം, മലയാളകഥയിൽ സമാനതകളില്ലാത്ത വിധം മൗലികവും ഭാവനാനിർഭരവുമാണ് കെ.എ.സെബാസ്റ്റ്യന്റെ ആഖ്യാനലോകം. വെറും മനുഷ്യർ പ്രപഞ്ചത്തോളം വലിയ ജീവിതസമുദ്രത്തിൽ നടത്തുന്ന കാമനാബന്ധങ്ങളുടെ ത്രസിപ്പിക്കുന്ന ഐതിഹ്യമാലയാണ് അത്.

കഥകൾ
കെ എ സെബാസ്റ്റ്യൻ
ഡി.സി. ബുക്‌സ്
2014, വില : 325 രൂപ

രണ്ടാംപാഠം എന്ന കഥയിൽനിന്ന്:

ത്താഴത്തിന് ചോറും കറിയും കൂടാതെ മൂന്നാമതൊരു ഇനം കൂടിയുണ്ടായിരുന്നു. മൂത്ത കള്ള്. പ്രസാദ് സങ്കോചത്തോടെ നില്ക്കുമ്പോൾ അപ്പാപ്പൻ പ്രോത്സാഹിപ്പിച്ചു.
'വാഴയിലെ കള്ള് വാവലിനു കുടിക്കാമെങ്കിൽ തെങ്ങിന്റെ കള്ള് വാവർക്കും കുടിക്കാം'.
അപ്പാപ്പൻ പിന്നെയും നിർബന്ധിച്ചപ്പോൾ പ്രസാദ് ഒരു ഗ്ലാസ് കുടിച്ചു.
'മിടുക്കൻ, ഇനി ഒരു മത്തിയെടുത്ത് ഭക്ഷിക്കൂ'.
ഉപ്പും മുളകും പുരട്ടി തിളച്ച എണ്ണയിൽ കുളുപ്പിച്ചെടുത്ത ഒരു സുന്ദരി മത്തിയെടുത്ത് ചോറിനു മീതെ വച്ചപ്പോൾ അപ്പാപ്പൻ വിലക്കി.
'ഇവളല്ല, ഇവൾ പ്രീഡിഗ്രി ഫസ്റ്റിയറിന് പഠിക്കുന്ന വെറും കന്നിപ്പെണ്ണ്. മറ്റവളാണ് ഒശത്തി, വാസവദത്ത. ഒടേതമ്പുരാന്റെ കൃപകൊണ്ട് അവൾ ഗർഭിണിയുമാണ്'.
മത്തിമുട്ട നാവിൽ തരിതരിയായി തടഞ്ഞപ്പോൾ ശരിയല്ലേ എന്ന അപ്പാപ്പന്റെ ചോദ്യത്തിന് പ്രസാദ് അതേയെന്നു തലയാട്ടി.
പറ്റ് പിടിച്ചുകഴിഞ്ഞാൽ അപ്പാപ്പന്റെ നാവിലേക്ക് വികടസരസ്വതി കയറിവരും. ഇത് നല്ലവണ്ണം അറിയാവുന്ന ആലീസ് വാതിൽമറവിൽ നിന്ന് ഇനി മതിയെന്ന ആംഗ്യം കാണിച്ചു. പ്രസാദ് തലകുലുക്കി സമ്മതിച്ചു.
പക്ഷേ, അതിന്റെ ആവശ്യം വന്നില്ല. അപ്പാപ്പൻ നിശ്ശബ്ദനായിരുന്നു. പോയകാലത്തിന്റെ ഏതോ ഓർമ്മകൾ അപ്പാപ്പനെ ഉപ്പിലിട്ട് നീറ്റുന്നുണ്ടായിരുന്നു.
'എന്റെ ഭാര്യ ശിമത്തേരീൽ പോയതിനുശേഷം ഞാൻ ഇങ്ങനെയൊക്കെയാണ് വാവരേ'.
പ്രസാദിന്റെ ഗ്ലാസ് അപ്പാപ്പൻ വീണ്ടും നിറച്ചു.
'അർത്തുങ്കൽ പള്ളിയുടെ വടക്കുംപുറത്ത് നല്ല വെള്ളം കിട്ടുന്ന ഒരു കുളമുണ്ട്. ശബരിമല ഇറങ്ങുന്ന അയ്യപ്പ•ാർ മാലയൂരി കുളിക്കുന്നത് ആ കുളത്തിലാണ്. വെളുത്തച്ചനും ശാസ്താവും സഹോദരങ്ങളാണെന്നു വിശ്വസിക്കുന്ന ഹിന്ദുക്കളെയും എനിക്കറിയാം. താൻ ആലീസിനെ പെണ്ണുചോദിച്ചു വരുമ്പോൾ തരില്ലെന്നു പറയാൻ ഒരുപാട് ന്യായങ്ങൾ എന്റെ പക്കലുണ്ടായിരുന്നു. പക്ഷേ, ഞാൻ പലതും ഓർത്തുപോയി. പമ്പയാറിന്റെ തീരത്തുനിന്നും വന്ന തന്നെ... എന്തോ എനിക്കറിയില്ല...'
അപ്പാപ്പന്റെ കവിളിലൂടെ രണ്ട് പമ്പയാറുകൾ താഴേക്കു കുതിക്കുന്നതു കണ്ട് പ്രസാദ് പകച്ചുപോയി.
രാത്രി പള്ളിയിലേക്ക് കൂടെ ചെല്ലാൻ പ്രസാദ് ക്ഷണിച്ചെങ്കിലും ആലീസ് പിന്നോക്കം മാറി. മകരമഞ്ഞ് തന്നെയും കുഞ്ഞുങ്ങളെയും കേടുവരുത്തും, അവൾ ഒഴിവുകഴിവു പറഞ്ഞു. പെരുന്നാളിന്റെ അവസാന ദിവസമായതിനാൽ ആ രാത്രി വീട്ടിൽ കിടക്കാൻ അയാൾക്കു മനസ്സുവന്നില്ല.
ഇടുക്കിയിലെ ജനറേറ്ററുകളെ വിയർപ്പിച്ചുകൊണ്ട് അർത്തുങ്കൽ പള്ളി വെളിച്ചത്തിൽ കുളിച്ചുനിന്നു. അടുപ്പിൽനിന്ന് നിലത്തിറക്കിയ ബിരിയാണിച്ചെമ്പ് തുറക്കുമ്പോൾ ഉണ്ടാകുന്നതുപോലെ ആവിയും ഗന്ധവും നിറങ്ങളും പള്ളിമുറ്റത്ത് കുഴഞ്ഞുകിടക്കുന്നു. സൂചി കുത്താൻ ഇടമില്ലാത്തവിധം പുരുഷാരം നിന്നു. വെളിച്ചത്തിന്റെ വർണ്ണസങ്കരത്തിൽ ഏങ്കോണിച്ചും നിറം കലർന്നും നിന്ന് മനുഷ്യമുഖങ്ങൾ ഡമ്മികളുടെ കൂമ്പാരംപോലെ തോന്നി. വില്ലും കഴുന്നും എഴുന്നെള്ളിക്കുന്നവരുടെ വാദ്യസംഗീതമൊഴിച്ച് അവിടം നിശ്ശബ്ദമായിരുന്നു. ഡമ്മികളും നിശ്ശബ്ദതയും മരുഭൂമിപോലെ ഭ്രാന്ത് പിടിപ്പിക്കുന്നതിനാൽ പ്രസാദ് ക്ലമന്റിനെയും കൂട്ടി പള്ളിമുറ്റം മുറിച്ച് കിഴക്കോട്ടു നടന്നു.
ക്ഷീരപഥംപോലെ വെളുത്ത മെർക്കുറി വെളിച്ചത്തിൽ പള്ളിയുടെ ഗോപുരത്തിൽനിന്ന പല്ല് കിരിക്കുന്ന മൃഗമുഖം പഴയ അമ്പലങ്ങളിലെ വ്യാളിയെ ഓർമ്മിപ്പിച്ചു. കറന്നെടുത്ത പാൽപോലെ വെളുത്ത വസ്തുക്കളോട് പൊടുന്നനെ പ്രസാദിന് പ്രണയം തോന്നി. മുണ്ടും ചട്ടയും ധരിച്ച ആലീസിന്റെ അമ്മയും ചെമ്മരിയാടുകൾ നിറഞ്ഞ ചിങ്ങത്തിലെ ആകാശവും പാലിൽ പുഴുങ്ങിയെടുത്തതുപോലുള്ള ശാസ്ത്രാവിന്റെ ആൾരൂപവും അയാളുടെ മനസ്സിൽ മിന്നിമറഞ്ഞു. രാത്രിവെളിച്ചത്തിൽ ഇലകൾ മങ്ങിപ്പോകുന്നതിനാൽ അയാൾക്ക് മറ്റൊന്നുകൂടി തോന്നി, ആകാശത്തെ തുളച്ചുപോകുന്ന കൂറ്റൻ തെങ്ങുകൾ ഓടക്കുഴലൂതുന്ന ആലുകളാണെന്ന്.
ക്ലമന്റ് ഒച്ചയില്ലാതെ ചിരിച്ചു. പ്രസാദ് ശ്രദ്ധിക്കുന്നെന്നു തോന്നിയപ്പോൾ ക്ലമന്റ് മുഖത്ത് ദൈന്യത വരുത്താൻ ശ്രമിച്ചു. മീൻകച്ചവടത്തിൽ ആയിരങ്ങൾ ലാഭം കിട്ടിയാലും എല്ലാം നഷ്ടപ്പെട്ടെന്നു വിലപിക്കുന്ന കൂടക്കച്ചോടക്കാരന്റെ വ്യാജദൈന്യത.
'ചിലപ്പോൾ ചരിത്രമാവാം', ക്ലമന്റ് പറഞ്ഞു: അല്ലെങ്കിൽ നട്ടാൽ മുളയ്ക്കുന്ന പച്ചനുണയാകാം, അതുമല്ലെങ്കിൽ കടൽമാക്രിപോലെ വീർക്കുന്ന ന്യൂനപക്ഷത്തിന്റെ ഗീർവാണമാകാം, എന്ത് കുന്തമായാലും അർത്തുങ്കൽ പള്ളിയുടെ ചുറ്റുവട്ടത്ത് പഴയൊരു അമ്പലത്തിന്റെ അവശിഷ്ടം കണ്ടിട്ടുണ്ടെന്നു പറയുന്ന പല പഴമക്കാരെയും ഞാനും കണ്ടിട്ടുണ്ട്.
'അമ്പലം?'
'അതെ, വെറും അമ്പലമല്ല, ശ്രീപത്മനാഭക്ഷേത്രം പോലെ സമുദ്രത്തിൽ ആറാട്ടു നടത്തിയിരുന്ന ഒരമ്പലം'.
പ്രസാദ് കരിയിലപോലെ വിറച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP