Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നര(ക)ജീവിതങ്ങൾ

നര(ക)ജീവിതങ്ങൾ

ഷാജി ജേക്കബ്

തിസാധാരണമാംവിധം ദാമ്പത്യത്തിൽ സ്ത്രീ-പുരുഷന്മാർക്കിടയിൽ വളർന്നു മുറ്റുന്ന വിശ്വാസനഷ്ടത്തിന്റെയും ലൈംഗിക വരൾച്ചയുടെയും കാമനാദാരിദ്ര്യത്തിന്റെയും വഞ്ചനാലഹരിയുടെയുമൊക്കെ ആഴം തിരിച്ചറിഞ്ഞതുകൊണ്ടാണ് സിഗ്മണ്ട് ഫ്രോയ്ഡ് പറഞ്ഞത്, 'ഓരോ കിടപ്പറയിലും കുറഞ്ഞതു നാലു പേരെങ്കിലുമുണ്ടാകും,' എന്ന്. വ്യവസ്ഥയായിക്കഴിഞ്ഞാൽ ഏതുബന്ധവും അതിന്റെ ആസ്ഥയും ആർജ്ജവവും നഷ്ടമായി വെറും ചടങ്ങുമാത്രമായിത്തീരും. ക്രമേണ ചതിയുടെ ചതുപ്പുനിലമായും അതുമാറും.

മലയാളത്തിലെന്നല്ല, ലോകഭാഷകളേതിലും എഴുതപ്പെട്ടിട്ടുള്ള ആധുനിക സാഹിത്യത്തിലെ ഏറ്റവും പ്രമുഖമായ പ്രമേയമണ്ഡലങ്ങളിലൊന്ന് ഈ ദാമ്പത്യകാപട്യങ്ങളുടെ മറനീങ്ങലാകുന്നു. ആധുനിക-വ്യക്തിക്കു മേൽ കുടുംബമെന്ന സ്ഥാപനത്തിലൂടെയും ദാമ്പത്യം എന്ന വ്യവസ്ഥയിലൂടെയും സമൂഹവും മതവും ഭരണകൂടവുമൊക്കെ നിലനിർത്തുന്ന ശ്വാസംമുട്ടിക്കുന്ന അധികാരബാന്ധവങ്ങളും ഫണം നീർത്തിയ ലൈംഗികവെറികളും ഏതെല്ലാം വിധത്തിൽ പൊട്ടിത്തെറിക്കാം എന്നാർക്കുമറിയില്ല. അവരവർക്കൊഴികെ ലോകത്ത് രണ്ടാമതൊരാൾക്ക് ഒരിക്കലും പിടികൊടുക്കാത്ത മനസ്സുമായി ജീവിക്കുന്ന മനുഷ്യരുടെ ഇത്തരം ആത്മദംശനങ്ങളുടെ ആവിഷ്‌കാരമാണ് ഇ. സന്തോഷ്‌കുമാറിന്റെ 'ചിദംബരരഹസ്യം'. സന്തോഷ്‌കുമാറിനെക്കാൾ മികച്ച ഒരു കഥാകൃത്ത് ഈ നൂറ്റാണ്ടിൽ മലയാളത്തിലുണ്ടായിട്ടില്ല എന്നു തെളിയിക്കുന്ന മൂന്നു ഗംഭീരകഥകളാണ് ഈ പുസ്തകത്തിലുള്ളത്. പുരുഷാർത്ഥം നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ലാത്ത ഒരു പറ്റം മനുഷ്യരുടെ ജീവിതവും മരണവും ഇടകലർന്നുണ്ടായ സൗന്ദര്യശില്പങ്ങൾ. ചിദംബരരഹസ്യം, മറ്റൊരു വേനൽ, മുസോളിയം എന്നിങ്ങനെ മൂന്നുകഥകൾ.

അരവിന്ദന്റെ 'ചിദംബരം' എന്ന സിനിമ ടിവിയിൽ കാണുകയാണ് ലീന. ഭാര്യാഭർതൃബന്ധത്തിലെ ഒറ്റപ്പെടലുകളും ചതികളും കുറ്റബോധം ജനിപ്പിക്കുന്ന പാപസഞ്ചാരങ്ങളും ഹത്യകളും പലായനങ്ങളും ജീവിതത്തിന്റെ എന്നെന്നേയ്ക്കുമായുള്ള പൊട്ടിച്ചിതറലുകളും ആത്മാനുതാപത്തിന്റെ പരകോടിയിൽ ചിദംബരത്തെ മഹാശൂന്യമണ്ഡലത്തിലേക്കുള്ള വിലയനവുമൊക്കെയായി മലയാളിയെ വിസ്മയിപ്പിച്ച കാമനാകാവ്യമായിരുന്നുവല്ലോ സി.വി.ശ്രീരാമന്റെ കഥ മുൻനിർത്തി നിർമ്മിക്കപ്പെട്ട അരവിന്ദന്റെ സിനിമ.
ഒന്നിച്ചു ജീവിക്കുമ്പോഴും രണ്ടു ജീവിതം നയിക്കുന്ന ദമ്പതികളാണ് ലീനയും സജീവനും. ഏകമകൻ ദൂരെ നഗരത്തിൽ പഠിക്കുന്നു. അഭിഭാഷകനായ സജീവൻ കേസ് നടത്തിപ്പിനായി തീവണ്ടിയിൽ തിരുവനന്തപുരത്തേക്ക് പോകുന്നുവെന്ന് പറഞ്ഞ് യാത്രയായി. പക്ഷെ ജൂനിയർ അഭിഭാഷകയുമൊത്ത് കാറിൽ മൂന്നാറിലേക്കാണ് അയാൾ പോയത്. യാത്രയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് സജീവനും പെൺകുട്ടിയും ആശുപത്രിയിലാകുന്നു. അവൾ സുഖംപ്രാപിച്ചുവെങ്കിലും സജീവൻ ജീവിതത്തിലേക്കു തിരിച്ചുവന്നില്ല. അവളുമായി സജീവനുള്ള ബന്ധമെന്താണ്? എന്തിനാണ് വീട്ടിൽ നുണപറഞ്ഞ് അയാൾ അവളുമൊത്ത് മൂന്നാറിലേക്കു പോയത്? പെൺകുട്ടി കള്ളം പറയുകയല്ല എന്നു ലീനക്കു ബോധ്യമായി. പിന്നെ ആരാണ് കള്ളം പറഞ്ഞത്? നുണകളും കള്ളങ്ങളും കൊണ്ട് മുഖം മറച്ച് ഒരേ കിടപ്പറയിൽ ജീവിക്കുന്ന ഭാര്യാഭർത്താക്കന്മാരുടെ ആത്മസംഘർഷങ്ങളുടെ കഥയായി ചിദംബരരഹസ്യം മാറുന്നു.

സജീവന്റെ മരണം ഉറപ്പാകുമ്പോഴും പക്ഷെ ലീന അയാളെ വിട്ടുപോകുന്നില്ല. അച്ഛന്റെ തോളിൽ തലചായ്ച്ച് മകന്റെ കൈ മുറുക്കെപ്പിടിച്ച് അവൾ അയാൾക്കു വേണ്ടി പ്രായശ്ചിത്തം ചെയ്യുന്നു. 'ചിദംബര'ത്തിലേതുപോലെ ചിദാകാശത്തിന്റെ വെൺമണ്ഡലത്തിൽ സ്‌നേഹശൂന്യതകളും ഒറ്റുകളും നിറഞ്ഞ് പാപപങ്കിലമായ സജീവന്റെ ജീവിതം അവൾ നേർക്കുനേർ കാണുന്നു. അയാളുടെ അഭാവത്തിൽ അവൾ അയാളുടെ വഴിതെറ്റിയ ആത്മാവിനു പിഴയൊടുക്കുന്നു. സ്വപ്നത്തിന്റെ വന്യതകളിലൂടെയും പുത്രവാത്സല്യത്തിന്റെ തീക്ഷണതകളിലൂടെയും ലീന തന്റെ ജീവിതത്തിനർത്ഥം നിർമ്മിക്കാൻ കൊതിച്ചു.

ഭാര്യ സുനന്ദയുടെ ചികിത്സക്കായി അവരുമൊത്ത് ദൂരെയുള്ള നഗരത്തിലേക്കു പോകുന്ന രഘുവിന്റെ കാമായനങ്ങൾ അയാളെകൊണ്ടെത്തിക്കുന്ന ചതിക്കുഴികളുടെ കഥയാണ് 'മറ്റൊരു വേനൽ'. സുനന്ദയ്ക്കും രഘുവിനും മക്കളില്ല. സജീവന്റെ യാത്രയ്ക്കു തലേന്ന് ലീന കാണുന്നസ്വപ്നം പോലൊരു അനുഭവം നഗരത്തിലേക്കുള്ള യാത്രയിൽ സുനന്ദയ്ക്കുമുണ്ടായി. പക്ഷെ അതൊരു സ്വപ്നമായിരുന്നില്ല, അവളുടെ ശരീരം പുറന്തള്ളിയ ചോരയുടെ മുന്നറിയിപ്പായിരുന്നു. ഹോട്ടൽമുറിയിൽ സുനന്ദയെ തനിച്ചാക്കി നഗരം കാണാനിറങ്ങിയ രഘുവിന് പെൺശരീരങ്ങൾ കണ്ട് കൊതിമാറിയില്ല. അയാളെ ഒരു യുവതി തന്റെ ശരീരത്തിന്റെ മിനുപ്പും കൊഴുപ്പും ആസക്തിയും കാട്ടി കൂട്ടികൊണ്ടു പോയി. അവൾ അയാളുടെ പണവും കെഡ്രിറ്റ് കാർഡും കവർന്നു. അയാളുടെകാമം പത്തിതാഴ്‌ത്തി തളർന്നുപോകും വിധം പെരുമാറിയ അവളുടെ സഹായികൾ അയാളുടെ മൊബൈൽഫോണും. അവരുമായേറ്റു മുട്ടേണ്ടി വന്ന അയാൾക്കു കുത്തേറ്റു. പക്ഷെ അവൾ അയാളെ ആശുപത്രിയിലാക്കി, സുനന്ദയെ വിവരമറിയിച്ച്, വിളിച്ചു വരുത്തി പണവും കാർഡുമെല്ലാം തിരിച്ചു നൽകി. വഴിവക്കിൽ കള്ളന്മാരുടെ കുത്തേറ്റു കിടന്ന രഘുവിനെ രക്ഷിച്ച മാലാഖയായി, സുനന്ദയ്ക്ക് അവൾ. സജീവന്റെ ജീവിതവും രഹസ്യങ്ങളും ഒരിക്കലും തിരിച്ചുവരാത്തുപോലെ രഘുവിന്റെ രഹസ്യങ്ങളും ഒരിക്കലും പുറത്തുവരുന്നില്ല. സിനിമാറ്റിക് എന്നുതന്നെ പറയാവുന്ന ആഖ്യാനകലയിലൂടെ ഈ കഥകൾ രണ്ടും ആവിഷ്‌കരിക്കുന്നത്. മനുഷ്യജീവിതത്തിലെ കൊമ്പുകെട്ടിയ നുണക്കുറ്റന്മാരുടെ മരണവെപ്രാളമാണ്. ഒന്നിച്ചു ജീവിക്കുമ്പോഴും ആത്മാവിന് ഇരുമ്പുമറ കെട്ടി താന്താങ്ങളുടെ ലോകം സൃഷ്ടിക്കുന്ന ഇത്തരം മനുഷ്യരെക്കുറിച്ചാണ് മുൻപുദ്ധരിച്ച ഫ്രോയ്ഡിയൻ നിരീക്ഷണം രൂപം കൊണ്ടിട്ടുള്ളത്.


മുസോളിയം എന്ന മൂന്നാമത്തെ കഥ, കുറെക്കൂടി വികാരതീവ്രവും ദുരന്തമയവുമാണ്. കോളേജിൽ ഒന്നിച്ചു പഠിച്ചും ഹോസ്റ്റലിൽ ഒരുമിച്ചു താമസിച്ചും കഴിഞ്ഞ ജെന്നിയും അനിതയും വർഷങ്ങൾക്കു ശേഷം കണ്ടു മുട്ടുന്നു. അന്യദേശത്തുപോയി വിവാഹിതയായി ഒരു കുഞ്ഞുണ്ടായശേഷം ദാമ്പത്യം തകർന്ന് വീട്ടിൽ തിരിച്ചെത്തിയ ജെന്നി അനിതയെ ഫോൺ ചെയ്ത് തന്റെ മകൾ മരിച്ച കാര്യം പറയുന്നു. അനിതയും ഭർത്താവും ജെന്നിയെ കാണാനെത്തി. അവളൊന്നും തുറന്നു പറയുന്നില്ല. കുറെ നാൾ കഴിഞ്ഞ് ജെന്നിയുടെ രണ്ടാം ഭർത്താവ് സോണി അനിതയെ കാണാനെത്തി ജെന്നി ആകെ തളർന്നിരിക്കുകയാണെന്നും കുഞ്ഞിന്റെ മരണവും തുടർജീവിതവും അവൾക്ക് ഒരിക്കലും തമ്മിൽ പൊരുത്തപ്പെടുത്താനാവുന്നില്ലെന്നും പറയുന്നു. സോണി പറഞ്ഞാണ് ജെന്നിയുടെ കഥ അനിതക്കു മനസ്സിലാകുന്നത്. ജെന്നിയുടെ അപ്പനും സോണിയും അവൾക്കൊപ്പം യാന്ത്രികമായി ജീവിച്ചു പോകുകയാണ്. ശവമഞ്ചങ്ങളിലെന്നപോലെ അവർ ആ വീട്ടിൽ ഉറങ്ങുന്നു. ഉണരുന്നു.

കുഞ്ഞുങ്ങളുടെ മരണത്തെ കേന്ദ്രീകരിച്ച് മലയാളത്തിലുണ്ടായ ഏറ്റവും തീക്ഷ്ണമായ കഥകൾ സന്തോഷ് കുമാറിന്റേതാണ്. ഗാലപ്പഗോസ്, ദ്വീപ്, നദിക്കരയിലേക്ക്, മയിലുകളുടെ നൃത്തം, നീല നിറമുള്ള കുട്ടി, ഒരു മരണം നിരവധി കാരണങ്ങൾ, മുട്ടയോളം വലിപ്പമുള്ള ധാന്യമണികൾ, മീനുകൾ..... എന്നിങ്ങനെ എത്രയെങ്കിലും കഥകളിൽ, മനുഷ്യജീവിതത്തിന്റെ നരകാനുഭവങ്ങളിൽ ഏറ്റവും തീവ്രം കുഞ്ഞുങ്ങളുടെ മരണമാണെന്ന് സന്തോഷ് ആവർത്തിച്ചു പറയുന്നുണ്ട്. നമ്മുടെ കഥാവായനയെ ഇത്രമേൽ സങ്കടഭരിതമായ ഒരനുഭവമാക്കാൻ കഴിയുന്ന മറ്റൊരു കഥാകൃത്ത് ഈ തലമുറയിലില്ല. 'മുസോളിയ'ത്തിൽ ഒന്നിലേറെ സന്ദർഭങ്ങളിൽ ജെന്നിയുടെ കുഞ്ഞിന്റെ ജീവിതവും മരണവും നമ്മെ വന്നു തൊട്ടു വിളിക്കും, ഞെട്ടിക്കും.


ജെന്നിയെ ആദ്യം കാണാൻ പോകുമ്പോൾ അവൾക്കെന്തു സമ്മാനം കൊണ്ടു പോകും എന്ന് അനിതയും ഭർത്താവും സംശയിക്കുന്നുണ്ട്.

ഒരുകുഞ്ഞു മരിച്ചു പോയ വീട്ടിലേക്കാവുമ്പോൾ എന്തുവാങ്ങണമെന്നല്ല, എന്തെല്ലാം വാങ്ങിച്ചുകൊണ്ടു പോകരുത് എന്നതായിരുന്നു വിഷയം. മധുരപലഹാരങ്ങളും പഴങ്ങളും കൊണ്ടുചെല്ലുമ്പോൾ, മുമ്പ് അങ്ങനെ ചിലതൊക്കെക്കൊണ്ട് അവിടെ ചെന്നെത്തിയിരിക്കാവുന്ന അതിഥികളെക്കുറിച്ചുള്ള ഓർമ്മകൾ അവരിൽ നിറയുകയില്ലേ? ആ ഓർമ്മകളിലൂടെ സഞ്ചരിച്ചാൽ എളുപ്പം അവർ സ്വന്തം കുഞ്ഞിലേക്കുതന്നെ എത്തിച്ചേരും . അല്ലെങ്കിൽ തന്നെ മരിച്ച കുഞ്ഞുങ്ങളെ കുറിച്ചുള്ള ഓർമ്മകളിൽ നിന്നും ഒഴിഞ്ഞുമാറുക പ്രയാസമാണ്. നമുക്കു പ്രായമാകുമ്പോഴും, മൺമറഞ്ഞ കുട്ടികൾ, അവർ പുറപ്പെട്ടുപോയ അതേ പ്രായത്തിൽത്തന്നെ മുറ്റത്തു കളിച്ചുകൊണ്ടിരിക്കും. കളിപ്പാട്ടങ്ങളും ബലൂണുകളും ഐസ്‌ക്രീം കപ്പുകളുമെല്ലാം അവരുടെ ഓർമ്മകൾക്ക് നിത്യസ്മാരകങ്ങൾ നിർമ്മിക്കും. നിറമുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ, രുചിയുള്ള ഭക്ഷണം കഴിക്കുമ്പോൾ, വിനോദയാത്രയ്ക്ക് പുറപ്പെടുമ്പോഴെല്ലാം അകാരണമായ ഒരു കുറ്റബോധം രക്ഷിതാക്കളെ നിഴൽപോലെ പിന്തുടരും. മുതിർന്ന മനുഷ്യരെ അവർ ഏർപ്പെടുന്ന ഓരോ പ്രവൃത്തിയിലും കുറെക്കൂടി പാപികളാക്കിത്തീർത്തു കൊണ്ടാണ് കുട്ടികൾ യാത്ര പോകുന്നത്.

ആ ശനിയാഴ്ച വൈകുന്നേരം ജെന്നിയെ കാണാൻ പോകുമ്പോൾ ഞങ്ങൾ ഒന്നും കരുതിയില്ല.

അസാധാരണമായ രഹസ്യാത്മകതകൾ, നിഗൂഢതകൾ, ആത്മസംഘർഷങ്ങൾ, മറ്റാരോടും പങ്കുവയ്ക്കാത്ത അനുഭവങ്ങളുടെ ആഘാതങ്ങൾ - ജീവിതം ഒറ്റക്കോ കൂട്ടായോ നയിക്കുന്ന മനുഷ്യരുടെ ഇത്തരം വിധികളുടെ രക്തം കിനിയുന്ന കഥകളാണ് ഈ പുസ്തകത്തിലെ മൂന്നു രചനകളും. മരണവും മരണത്തെക്കാൾ വലിയ ദുരന്തമായി മാറുന്ന ജീവിതവും മനുഷ്യരുടെ നെറുകയിൽ കയറ്റിവയ്ക്കുന്ന സങ്കടങ്ങളുടെ ഭാരം മുഴുവനും വാക്കുകളിൽ ഉറ്റുനിൽക്കുന്ന കഥകൾ.

എൻ.എസ് മാധവനു ശേഷം വന്ന തലമുറയിൽ കെ.എ. സെബാസ്‌ററ്യനെ പോലെയും സന്തോഷ്‌കുമാറിനെപ്പോലെയും ഒന്നോ രണ്ടോ കഥാകൃത്തുക്കൾക്കു മാത്രം സൃഷ്ടിക്കാൻ കഴിയുന്ന ഒന്നാണ് സാമ്പ്രദായികമായ കഥാഖ്യാനകലയുടെ ശിരച്ഛേദമായി മാറുന്ന ഈ മാജിക്കൽ ഇഫക്ട്. നോവൽ എന്ന പേരിൽ ചെറുകഥകൾ വിറ്റഴിക്കാനുള്ള പ്രസാധകന്റെ ക്ഷുദ്രത ഈ പുസ്തകത്തിന്റെ സാംസ്‌കാരിക ബാധ്യതയായി മാറുമ്പോഴും സന്തോഷിന്റെ പ്രതിഭയിലും ഭാവനയിലുമുള്ള വായനക്കാരുടെ വിശ്വാസം ഇരട്ടിയാക്കുന്ന കലയുടെ മാന്ത്രികലാവണ്യം 'ചിദംബരരഹസ്യ'ത്തെ അസാധാരണമായ ആഘാതശേഷിയുള്ള ഒരു സൗന്ദര്യാനുഭവമാക്കുന്നു
കഥയിൽ നിന്ന്

ആഴ്ചകൾക്കു ശേഷം, അനിത ജെന്നിയുമായുള്ള ഫോൺസംഭാഷണങ്ങൾ പുനരാരംഭിച്ചു. പഴയ കൂട്ടുകാർ, ഹോസ്റ്റൽ ദിനങ്ങൾ, അദ്ധ്യാപകർ അങ്ങനെ ഒരുമിച്ചു പഠിച്ച കാലം ആ സംഭാഷണങ്ങളിലൂടെ വീണ്ടും തെളിഞ്ഞു വന്നു. സോണി എന്നെ സന്ദർശിച്ചിരുന്നു എന്നതല്ലാതെ അയാളുമായുള്ള സംഭാഷണത്തിലെ കാര്യങ്ങളൊന്നും അനിതയോടു പങ്കുവയ്ക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു.

അന്നത്തേതു പോലെ ഒരു ശനിയാഴ്ച വൈകുന്നേരം കുട്ടികളെ ഒരു സുഹൃത്തിന്റെ വീട്ടിലേല്പിച്ച് ഞങ്ങൾ ജെന്നിയുടെ വീട്ടിലേക്കിറങ്ങി. മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് സോണി വീട്ടിലുണ്ടാവില്ലെന്നു തീരുമാനിച്ചിരുന്നു. ഞാൻ അനിതയെ വീടിനടുത്തായി ഇറക്കിയശേഷം, പഴയ സഹപ്രവർത്തകരെ അന്വേഷിച്ച് നഗരത്തിലേക്കു പോയി. കുറെ നേരത്തിനുശേഷം അതുപോലെതന്നെ തിരികെ വന്ന് അനിതയെ കൂടെക്കൂട്ടി.

സോണി ഇല്ലായിരുന്നു. ഭാഗ്യത്തിന് ആ നായ്ക്കളെ അയാൾ കൂട്ടിലാക്കിയിട്ടു പോയി. അനിത പറഞ്ഞു. ഞാൻ പതുക്കെ വളർന്നു വലുതായിക്കൊണ്ടിരിക്കുന്ന നഗരത്തിലെ രാത്രിയിലേക്കു നോക്കി.

ജെന്നിയുടെ അപ്പൻ കിടപ്പിലാ, അനിത തുടർന്നു. ഇപ്പോൾ തീരെ വയ്യ. ഭക്ഷണം കോരിക്കൊടുക്കണം.

ആരാ സഖാവിനെ നോക്കുന്നത്? ഞാൻ ചോദിച്ചു.

സോണി. അയാളെ മാത്രമേ അപ്പന് ഓർമ്മയുള്ളൂ.

ജെന്നിക്കിപ്പോൾ എങ്ങനെയുണ്ട്? ഞാൻ തിരക്കി. ഞങ്ങൾ നഗരത്തിന്റെ വാഹനത്തിരക്കുകൾ കടന്നുപോന്നിരുന്നു.

അനിത മറുപടി പറഞ്ഞില്ല.

കുറെ നേരത്തേക്ക് ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല. ഞാൻ മ്യൂസിക് സിസ്റ്റം ഓൺ ചെയ്തുവെങ്കിലും അനിത അതു നിർത്തിക്കളഞ്ഞു.

മക്കൾ ഉറങ്ങിക്കാണും അല്ലേ? ഒരു തുടക്കത്തിനായി ഞാൻ ചോദിച്ചു.

അലസമായി ഒന്നു മൂളിയതല്ലാതെ അനിത മറുപടി പറഞ്ഞില്ല.

ഞങ്ങൾ പിന്നെയും ഊമകളെപ്പോലെ തുടർന്നു.

ഇന്ന് കമ്പ്യൂട്ടറിലും കണ്ടു കുറെ ഫോട്ടോകൾ. അനിത എന്നെ നോക്കി അതൊക്കെത്തന്നെ....

ഞാൻ അവൾ പറയുന്നതു കേൾക്കാത്തതു പോലെയിരുന്നു.

പിന്നെ.... അന്ന് അവൾ കാണിക്കാൻ ശ്രമിച്ചിരുന്ന ആ ചെപ്പ് ഇന്ന് അവളെന്നെ തുറന്നു കാട്ടി. അനിത തുടരാൻ മടിച്ചു.

എന്താണ് അതിൽ? തെഴുത്തു വരുന്ന വലിയ ആകാംക്ഷയെ ആവുന്നത്ര നിയന്ത്രിച്ചുകൊണ്ട് ഞാൻ അവളെ നോക്കി.

അപ്പോൾ അവൾ വിൻഡോ ഗ്ലാസ് താഴ്‌ത്തി പുറത്തേക്കു തുപ്പിയ പിന്നെ എന്റെ നേരെ നോക്കാതെ പതുക്കെ പറഞ്ഞു:

ആ ചെപ്പിൽ മൂന്നുനാലു പല്ലുകളുണ്ടായിരുന്നു. ചെറിയ പല്ലുകൾ. പിന്നെ, ഒരു ചുരുൾ മുടി. രണ്ടു കുഞ്ഞുനഖങ്ങൾ.....

അപ്പോൾ പിറകിൽ നിന്നും ഭയാനകമായ ശബ്ദത്തോടെ ഒരു വലിയ ലോറി ഞങ്ങളെ കടന്നു പോയി.
കുറെ ദൂരം ചെന്നപ്പോൾ കുറച്ചു വിജനമായ പ്രദേശത്തുവച്ച് കാർ നിർത്താൻ അനിത പറഞ്ഞു. ഞാൻ ഒന്നും ചോദിക്കാതെ വാഹനം ഒരു ഓരത്തേക്കു മാറ്റി നിർത്തിയിട്ടു. അനിത ഡോർ തുറന്നു പുറത്തേക്കിറങ്ങി.

മുഖം കുനിച്ച് ശബ്ദമുണ്ടാക്കാതെ അവൾ ഛർദ്ദിക്കുന്നത് ഞാൻ കണ്ടു. കുറച്ചു നേരം കഴിഞ്ഞപ്പോൾ പിറകിലെ സീറ്റിൽ നിന്നു വെള്ളത്തിന്റെ കുപ്പിയെടുത്ത് മുഖം കഴുകി. ഞാൻ ഒന്നും ചോദിച്ചില്ല.
പിന്നെയും ഞങ്ങൾ യാത്രതുടർന്നു.

ആ നിറഞ്ഞ നിശ്ശബ്ദത ഭേദിക്കണമെന്ന് എനിക്കുണ്ടായിരുന്നു. എന്നാൽ കുട്ടികളെക്കുറിച്ച് ആവരുത്. അതായിരുന്നു പ്രശ്‌നം, പൊതുവിൽ സംസാരിക്കാവുന്ന എല്ലാ വിഷയങ്ങളിലും ഇപ്പോൾ കുട്ടികൾ കടന്നുവരുന്നു. അവരെ ഒഴിവാക്കിക്കൊണ്ട് എന്താണ് പറയാനുള്ളത് എന്ന് കുറച്ചു നേരം ആലോചിച്ചു. വിചിത്രം തന്നെ, ഭൂമിയിലെ വിഷയങ്ങളിലെല്ലാം കുട്ടികൾ വന്നു നിറയുന്നു. അവർ കളിക്കുന്നു, തെന്നിയും തെറ്റിയും വീഴുന്നു, പാടുന്നു, ബഹളം വയ്ക്കുന്നു, എല്ലാം തിരിച്ചറിയുന്നുണ്ട് എന്ന മട്ടിൽ നമ്മെ നോക്കിക്കൊണ്ടെയിരിക്കുന്നു.

കുട്ടികളായിരുന്നു എവിടെയും, എപ്പോഴും.

-യാത്രയിലുടനീളം പിന്നെ ഞങ്ങൾ സംസാരിച്ചതേയില്ല.

ചിദംബരരഹസ്യം
ഇ. സന്തോഷ് കുമാർ
ഡിസി ബുക്‌സ്
2014 വില: 100 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP