Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അച്ചടിയും കേരളീയാധുനികതയും

അച്ചടിയും കേരളീയാധുനികതയും

ഷാജി ജേക്കബ്‌

ധുനികതയുടെ യഹോവയാണ് ജോഹന്നസ് ഗുട്ടൻബർഗ്. നവീകരണവും നവോത്ഥാനവും ഫ്രഞ്ച്‌വിപ്ലവവും ജനാധിപത്യവും ആധുനിക ഭാഷകളും ദേശരാഷ്ട്രങ്ങളും ദേശീയതയും കൊളോണിയലിസവും യുദ്ധങ്ങളും വിമോചനപ്രസ്ഥാനങ്ങളും.... മറ്റും മറ്റും ഉൾപ്പെടുന്ന ആധുനികതയെന്ന ബൃഹത് പദ്ധതിതന്നെ അച്ചടിയുടെ സൃഷ്ടിയാണ്. പതിനാറാം നൂറ്റാണ്ടിനുമുൻപും പിൻപുമായി പാശ്ചാത്യലോകത്തിനു രണ്ടു ചരിത്രങ്ങളാണുള്ളത്.

ഗുട്ടൻബർഗിനു മുൻപും പിൻപുമായി മുഴുവൻ ലോകത്തിനും. 2000-ാമാണ്ടിൽ ടൈംവാരിക, മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി കണ്ടെത്തിയത് അച്ചടിയായിരുന്നുവല്ലോ. ഗുട്ടൻബർഗിൽനിന്ന് സൂക്കൻബർഗിലേക്കു സഞ്ചരിച്ചെത്തിയിരിക്കുന്നു, ആധുനികത.

ഇംഗ്ലീഷ് കോളനിയായിരുന്ന ഇന്ത്യയിലെ നാട്ടുരാജ്യങ്ങളായിരുന്ന മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും (അഥവാ പിൽക്കാല കേരളത്തിൽ) അച്ചടി സൃഷ്ടിച്ച നാനാവിധമായ മാറ്റങ്ങളുടെ കണക്കുപുസ്തകമാണ് എ ജി ശ്രീകുമാറിന്റെ 'അച്ചുകൂടത്തിലെ കേരളം'. സാക്ഷരത, വിദ്യാഭ്യാസപ്രവർത്തനങ്ങൾ, ഗദ്യ, പദ്യ ഭാഷകളുടെ ആധുനികീകരണം, സാഹിത്യവ്യവഹാരത്തിന്റെ രൂപീകരണം, ഭാഷാദേശീയതയുടെ വ്യാപനം, വർത്തമാനപ്പത്രങ്ങളുടെ ഉദയം, വായനയുടെ പ്രചാരം, ജാതി-മത-വർഗ-ലിംഗ സാമൂഹ്യസ്വത്വങ്ങളുടെ പരിവർത്തനങ്ങൾ, കുടുംബ-വ്യക്തിബന്ധങ്ങളിലെ പൊളിച്ചെഴുത്തുകൾ തുടങ്ങിയവയിലൂടെ 'മലയാളി' എന്നു വിളിക്കാവുന്ന ഒരു സാംസ്‌കാരിക വ്യക്തിത്വം ഉരുത്തിരിഞ്ഞു വന്നതിന്റെ കേരളീയേതിഹാസമാണ് അച്ചടിയുടെ മലയാളചരിത്രം നമ്മോടു പറയുന്നത്. ഈ ഇതിഹാസത്തിലെ ചില കാണ്ഡങ്ങളാണ് ശ്രീകുമാറിന്റെ ഗ്രന്ഥത്തിലുള്ളത്. വർത്തമാനപ്പത്രങ്ങളെ ഒഴിവാക്കി, പുസ്തകം, ആനുകാലികം എന്നീ മാദ്ധ്യമങ്ങളെയാണ് തന്റെ പഠനത്തിന് ശ്രീകുമാർ വിഷയമാക്കുന്നത്.മാസികകളുടേതാകട്ടെ, പുസ്തകങ്ങളുടേതാകട്ടെ, വായന വെറുമൊരു വിനോദമല്ല, ഒരുകാലത്തും. അറിവിന്റെയും അനുഭവങ്ങളുടെയും ആവിഷ്‌ക്കാര പ്രകാരങ്ങളെന്ന നിലയിൽ അവ പ്രദാനം ചെയ്യുന്ന നിരവധിയായ സാംസ്‌കാരിക പ്രതീതികളുണ്ട്. അവ ഒന്നുചേർന്നു സൃഷ്ടിക്കുന്നതാണ് ആധുനികതയെന്ന അവസ്ഥ തന്നെയും.

'അച്ചുകൂടത്തിലെ കേരളം' എന്ന ആദ്യലേഖനം, പടിഞ്ഞാറൻ നാടുകളിൽ അച്ചടി സൃഷ്ടിച്ച ആധുനികതയുടെ സാമാന്യാവലോകനം നടത്തി അതേ ഛായയിലും ശൈലിയിലും മലയാളത്തിലും അച്ചടി പ്രവർത്തിച്ചുവോ എന്നന്വേഷിക്കുന്നു. കൊളോണിയലിസത്തിന്റെ സാംസ്‌കാരികരാഷ്ട്രീയം വലിയൊരളവോളം തനതു സംസ്‌കാരങ്ങൾക്കുമേൽ പാശ്ചാത്യയുക്തികൾ ആരോപിച്ചുകൊണ്ടുള്ള ഒരധിനിവേശപ്രക്രിയയായിരുന്നുവെന്ന് ശ്രീകുമാർ തിരിച്ചറിയാതെയിരിക്കുന്നില്ല. എങ്കിലും കൊളോണിയലിസത്തിന്റെ വിമോചനയുക്തികൾക്കാണ് ഇവിടെ ഊന്നൽ. വിശേഷിച്ചും കീഴാള, ദലിത്, സ്ത്രീ പക്ഷത്തുനിന്നുള്ള കാഴ്ചയിൽ അത് അങ്ങനെയാവാതെ തരവുമില്ലല്ലോ. ആത്യന്തികമായി കേരള/മലയാള ദേശീയതയുടെ നിർമ്മിതിയിൽ അച്ചടി വഹിച്ച പങ്കിന്റെ അപഗ്രഥനമായി മാറുന്നു ഈ ലേഖനം. മത, സാഹിത്യ പുസ്തക പ്രസാധകർ, സാഹിത്യ, ഭാഷാസംഘടനകൾ, പത്രമാസികകൾ, പാഠപുസ്തകങ്ങൾ, പള്ളിക്കൂടങ്ങൾ തുടങ്ങിയ ഘടകങ്ങളൊക്കെ കേരളീയ പൊതുമണ്ഡലത്തിന്റെ സൃഷ്ടിയിൽ ഇടപെട്ട രീതികളൊന്നടങ്കം അച്ചടിയെയാണ് അടിസ്ഥാനമാക്കിയതെന്ന് ലേഖനം സമർഥിക്കുന്നു. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെപ്പോലുള്ളവർ ഈ രംഗത്തു നിർവഹിച്ച ക്രിയാത്മകമായ ചരിത്രദൗത്യങ്ങൾ വേറിട്ടെടുത്തുപറയുന്നുമുണ്ട്, ശ്രീകുമാർ.

മാസികകളും പുസ്തകങ്ങളും പത്തൊൻപതാം നൂറ്റാണ്ടിൽ സൃഷ്ടിച്ച ചില സവിശേഷ സംസ്‌കാരങ്ങളെക്കുറിച്ചാണ് തുടർന്നുള്ള സാമാന്യം ദീർഘമായ മൂന്നു ലേഖനങ്ങൾ. അച്ചടിയും ശാസ്ത്രവിജ്ഞാനീയവും, പെണ്ണുടലും ഉയിരും, പുസ്തകവും സംസ്‌കാരപരിണാമവും എന്നിങ്ങനെ. മാസികകളുടേതാകട്ടെ, പുസ്തകങ്ങളുടേതാകട്ടെ, വായന വെറുമൊരു വിനോദമല്ല, ഒരുകാലത്തും. അറിവിന്റെയും അനുഭവങ്ങളുടെയും ആവിഷ്‌ക്കാര പ്രകാരങ്ങളെന്ന നിലയിൽ അവ പ്രദാനം ചെയ്യുന്ന നിരവധിയായ സാംസ്‌കാരിക പ്രതീതികളുണ്ട്. അവ ഒന്നുചേർന്നു സൃഷ്ടിക്കുന്നതാണ് ആധുനികതയെന്ന അവസ്ഥ തന്നെയും. എത്രയോ നൂറ്റാണ്ടുകളുടെ ചരിത്രമുള്ള സവിശേഷ ശാസ്ത്രജ്ഞാനങ്ങൾ ബഹുജനസമൂഹത്തിനു പ്രാപ്യവും ഗ്രാഹ്യവുമാകുന്നത് പത്തൊൻപതാം നൂറ്റാണ്ടു മുതലാണ്. ആധുനികശാസ്ത്രത്തിന്റെ കാര്യകാരണബദ്ധവും യുക്തിപരതയിലധിഷ്ഠിതവുമായ രീതിപദ്ധതി പലനിലകളിൽ കേരളീയസമൂഹത്തിൽ പ്രവർത്തിച്ചു. തദ്ദേശീയ ശാസ്ത്രജ്ഞാനങ്ങളുടെ തിരസ്‌കാരവും വൈദേശിക ജ്ഞാനവ്യവസ്ഥകളുടെ സ്വീകരണവും അതിലൊന്നാണ്. മിഷനറിമാരുടെ അച്ചടി, മാദ്ധ്യമ, വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ മുഖ്യ ഊന്നൽതന്നെ പാശ്ചാത്യശാസ്ത്രജ്ഞാനമണ്ഡലങ്ങളുടെ പ്രചരണമായിരുന്നു. സ്വദേശികളും വിദേശികളുമായ ലേഖകരുടെ നേതൃത്വത്തിൽ പ്രസിദ്ധീകൃതമായ 'ഹോർത്തൂസ് മലബാറിക്കൂസും' 'പ്രകൃതിശാസ്ത്ര'വും 'കണക്കുശാസ്ത്ര'വും പോലുള്ള ഗ്രന്ഥങ്ങളും ആദ്യകാല മാസികകളിലെ ശാസ്ത്രലേഖനങ്ങളും മുൻനിർത്തി ശ്രീകുമാർ ഈ വിഷയം വിശകലനം ചെയ്യുന്നു.

അച്ചടിയും മാസികകളും പുസ്തകവും കേരളീയസമൂഹത്തിൽ നടത്തിയ ഇടപെടലുകളുടെ പ്രമുഖമായ മണ്ഡലങ്ങളിലൊന്നായിരുന്നു, ലിംഗപദവി (gender) ബന്ധങ്ങളിൽ അവ നടത്തിയ പൊളിച്ചെഴുത്തുകൾ. മലയാളിസ്ത്രീ, സാമൂഹികതയുടെ വിവിധ പദവികളിലേക്കു സ്വതന്ത്രമാകുന്നതിന്റെ ഈടുവയ്പുകളാണ് അച്ചടിച്ച വാക്കുകളായി നമുക്കു ലഭ്യമായ ഓരോ രചനയും രൂപവും. കേരളീയസ്ത്രീ, വിദ്യാഭ്യാസം, സാഹിത്യരചന, തൊഴിലുകൾ, സാമൂഹികരംഗങ്ങളിലെ പങ്കാളിത്തം എന്നിങ്ങനെയുള്ള ലിംഗപദവീരൂപീകരണത്തിന്റെ വിവിധ മേഖലകളിലിടപെട്ടതെങ്ങനെ എന്നതിന്റെ ചരിത്രാന്വേഷണമായി മാറുന്നു, ഈ ലേഖനം. കേരളീയ പൊതുമണ്ഡലം വൻതോതിൽ പുരുഷാധീശപരവും വരേണ്യവുമായിരുന്നപ്പോഴും സ്ത്രീപങ്കാളിത്തം നാമമാത്രമായെങ്കിലും അവിടെ ദൃശ്യമായി എന്നതിന്റെ ഏറെ തെളിവുകൾ അച്ചടിയും അനുബന്ധമണ്ഡലങ്ങളും വെളിപ്പെടുത്തുന്നു. ഇതു തെളിയിക്കുംവിധം കേരളീയ സുഗുണബോധിനി, ലക്ഷ്മിഭായി തുടങ്ങിയ ആദ്യകാല വനിതാമാസികകളുടെ സവിശേഷാപഗ്രഥനം ഈ രചനയിൽ കാണാം.അച്ചടിയും മാസികകളും പുസ്തകവും കേരളീയസമൂഹത്തിൽ നടത്തിയ ഇടപെടലുകളുടെ പ്രമുഖമായ മണ്ഡലങ്ങളിലൊന്നായിരുന്നു, ലിംഗപദവി (gender) ബന്ധങ്ങളിൽ അവ നടത്തിയ പൊളിച്ചെഴുത്തുകൾ. മലയാളിസ്ത്രീ, സാമൂഹികതയുടെ വിവിധ പദവികളിലേക്കു സ്വതന്ത്രമാകുന്നതിന്റെ ഈടുവയ്പുകളാണ് അച്ചടിച്ച വാക്കുകളായി നമുക്കു ലഭ്യമായ ഓരോ രചനയും രൂപവും.

വായന സൃഷ്ടിച്ച കേരളീയസമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തെയും നിരവധി പരിമിതികളുള്ളപ്പോഴും അത് കേരളീയ പൊതുമണ്ഡലത്തെ സചേതനമായി നിലനിർത്തിയതിനെയും കുറിച്ചാണ് 'പുസ്തകവും സംസ്‌കാരപരിണാമവും' ചർച്ചചെയ്യുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ ഭാഷ, സാഹിത്യം, പുസ്തകം എന്നീ മൂന്നു ഘടകങ്ങളെ പരസ്പരം ബന്ധപ്പെടുത്തി മുന്നേറുന്ന ഈ ചർച്ച ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ സംസ്‌കാരത്തിനു സംഭവിക്കുന്ന പരിണാമങ്ങൾ വരെ അവലോകനം ചെയ്യുന്നു. പുസ്തകമെന്ന 'ചരക്കിന്' ആധുനികതയിൽ കൈവന്ന സാംസ്‌കാരികമൂല്യം വിവിധ വായനാരാഷ്ട്രീയങ്ങൾക്കു രൂപം കൊടുത്തതിന്റെ അപഗ്രഥനമായും ഇതുമാറുന്നു. മലയാളത്തിലെ ഇതഃപര്യന്തമുള്ള പുസ്തകവിപണിയുടെ കണക്കുകളും ആദ്യഘട്ടത്തിലെ മുഖ്യ പ്രസാധകരെക്കുറിച്ചുള്ള വിശദമായ കുറിപ്പുകളും ഈ ലേഖനത്തിന്റെ ഗവേഷണപരത ഉറപ്പാക്കുകയും ചെയ്യുന്നു.

താരതമ്യേന ചെറിയ മൂന്നു പഠനങ്ങളാണ് ഇനിയുള്ളത്. ആദ്യ മലയാളപ്രസാധകരിലൊരാളായ ഭാരതവിലാസം സഭ, ഒരു സാംസ്‌കാരിക സംഘടനയെന്ന നിലയിൽ സാഹിത്യമണ്ഡലത്തിലും പ്രസാധകരെന്ന നിലയിൽ അച്ചടിരംഗത്തും നടത്തിയ ഇടപെടലുകൾ അന്വേഷിക്കുന്നു, ഒരു ലേഖനം. സാംസ്‌കാരിക സ്ഥാപനങ്ങളുടെ ദേശീയതാ രാഷ്ട്രീയത്തിന് മികച്ച ഉദാഹരണമാകുന്നു, ഈ സഭയുടെ പ്രവർത്തനങ്ങൾ.

പി ഗോവിന്ദപ്പിള്ള രചിച്ച 'മലയാള ഭാഷാചരിത്ര'ത്തിൽ ഭാഷ, ദേശം, സാഹിത്യം എന്നിവ എങ്ങനെ പ്രതിനിധാനം ചെയ്യപ്പെടുന്നു എന്നതാണ് മറ്റൊരു ലേഖനത്തിന്റെ വിഷയം. ആദ്യകാല ദേശചരിത്രങ്ങളും ഭാഷാചരിത്രങ്ങളും സാഹിത്യചരിത്രങ്ങളും വെളിപ്പെടുത്തുന്ന ചരിത്രബോധത്തിന്റെ മതാത്മക-ഐതിഹ്യാത്മക സ്വഭാവങ്ങളെക്കുറിച്ചുള്ള വിശകലനമായും ഈ ലേഖനം മാറുന്നു.

മലയാളത്തിന്റെ ഏക പുസ്തകചരിത്രകാരൻ, കെ.എം. ഗോവിയെക്കുറിച്ചുള്ള ഒരനുസ്മരണമാണ് ഈ ഗ്രന്ഥത്തിലെ അവസാന രചന. പുസ്തകം എന്ന ഉല്പന്നത്തെ ഒരു സമൂഹത്തിന്റെയും ജനതയുടെയും ഭാഷയുടെയും സാംസ്‌കാരിക മൂലധനത്തിന്റെ മുഖ്യ സ്രോതസ്സായി വ്യാഖ്യാനിക്കുന്ന ആധുനികതയുടെ പൈതൃകസൂക്ഷിപ്പുകാരനായിരുന്നു ഗോവിയെന്ന് ശ്രീകുമാർ. മതപാരമ്പര്യത്തിൽ നിന്ന് മതേതരപാരമ്പര്യത്തിലേക്കും കാവ്യനാടകാദികളിൽ നിന്ന് ഗദ്യസാഹിത്യത്തിലേക്കും വൻതോതിൽ പരിണമിച്ച മലയാളഭാവുകത്വം പുസ്‌കമെന്ന രൂപകത്തിലാണ് അതിന്റെ സാക്ഷാത്കാരം കണ്ടെത്തിയത്. ഗോവി ഈ പൈതൃകത്തിന്റെ ചരിത്രകാരനായിരുന്നു. മലയാളഗ്രന്ഥസൂചി എന്ന പേരിൽ അദ്ദേഹം തയ്യാറാക്കിയ ചരിത്രരേഖ ഏഴു വാല്യങ്ങളിലായി 1777 മുതൽ 1995 വരെ മലയാളത്തിൽ പ്രസിദ്ധീകൃതമായ മുഴുവൻ പുസ്തകങ്ങളും സാഹിത്യം, സാഹിത്യേതരം എന്നു വിഭജിച്ച് പട്ടികപ്പെടുത്തുന്നു.

ചുരുക്കത്തിൽ കഴിഞ്ഞ രണ്ടു നൂറ്റാണ്ടിലെ മലയാളം അച്ചടി, മുഖ്യമായും പുസ്തകം ആനുകാലികം എന്നീ മാദ്ധ്യമങ്ങളിലൂടെ സൃഷ്ടിച്ച സാംസ്‌കാരിക പ്രഭാവങ്ങൾ കേരളത്തിന്റെ ആധുനികീകരണത്തിൽ വഹിച്ച പങ്കിന്റെ ഭാഗികമെങ്കിലും ശ്രദ്ധേയമായ അവലോകനമായി മാറുന്നു, ഈ ഗ്രന്ഥം.

അച്ചുകൂടത്തിലെ കേരളം
എ ജി ശ്രീകുമാർ
കൈരളി ബുക്‌സ്, കണ്ണൂർ
2014, വില : 150 രൂപ

പുസ്തകത്തിൽ നിന്ന്

അച്ചടി വ്യാപകമാകുന്നതോടുകൂടി കേരളത്തിലെ സാമൂഹികഘടനയിലും ജാതിഘടനയിലും മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. സ്ത്രീകളും കീഴാളരും നിലവിലിരുന്ന സാമൂഹിക ഘടനയിൽ നിന്ന് പുറത്തുകടക്കുകയും ആധുനികീകരിക്കപ്പെടുകയും ചെയ്തു. ശ്രേണീകൃത സാമൂഹികഘടനയിലെ കീഴാഴ്മയിൽ നിന്ന് പുറത്ത് കടന്ന് സാഹിത്യപ്രവർത്തനത്തിലേർപ്പെടാൻ അച്ചടി സഹായകമായി. പുസ്തകപ്രസാധനവും വായനയും വായനാസംസ്‌കാരവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ തന്നെ ഇത്തരത്തിൽ സാമൂഹികമായി നിലവാരപ്പെടുന്നതിന്റെ പുതിയ മാനദണ്ഡമായി മാറുന്നുണ്ട്. കേരളം മലയാളികളുടെ മാതൃഭൂമി (1948) എന്ന കൃതിയിൽ ഇ.എം.എസ്. മഹാകവി കുമാരനാശാനെ നിരീക്ഷിക്കുന്നത് അച്ചടിയുടെയും വായനാഭിരുചിയുടെയും വ്യാപകത്വത്തിലും സ്വീകാര്യതയിലും കേരളീയസമൂഹത്തിൽ ഉണ്ടായിട്ടുള്ള പുതിയ ചില മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ സഹായകരമാണ്. 'ഖണ്ഡകാവ്യപ്രസ്ഥാനമെന്ന പേരിലറിയപ്പെടുന്ന ആ പ്രസ്ഥാനത്തിന്റെ
ആദ്യകവി 'അയിത്തക്കാര'നെന്ന പേരിൽ അകറ്റിനിർത്തപ്പെടുന്ന ഒരു സമുദായത്തിൽ - തീയസമുദായത്തിൽ ജനിച്ച ഒരാളായിരുന്നുവെന്ന പരമാർത്ഥം അദ്ദേഹം വെട്ടിത്തുറന്ന കാവ്യസരണിയെപ്പോലെ തന്നെ വിപ്ലവകരമായിരുന്നു. കേരളത്തിന്റെ പൊതുസംസ്‌കാരമെന്ന പേരിൽ നാമെല്ലാം അഭിമാനം കൊള്ളുന്ന പുരാതന നാടുവാഴി സംസ്‌കാരത്തിൽ നിന്നും ആട്ടിയകറ്റപ്പെട്ടതും അക്കാരണത്താൽ തന്നെ ആ സംസ്‌കാരത്തെ പുഷ്ടിപ്പെടുത്തത്തക്ക വിലയേറിയ യാതൊരു സംഭാവനയും നൽകാൻ കഴിയാത്തതുമായ ഒരു സമുദായത്തിലാണു ജനിച്ചതെങ്കിലും മൂന്നാലു ഖണ്ഡകാവ്യങ്ങളെഴുതിക്കഴിഞ്ഞപ്പോഴേക്കും അദ്ദേഹം 'മഹാകവി'പ്പട്ടത്തിനർഹനായി. സാഹിത്യത്തിലെ സവർണ്ണകുത്തകയെ തന്റെ അസാമാന്യമായ കവിതാവാസനകൊണ്ടദ്ദേഹം പൊളിച്ചു' (ഇ.എം.എസ്., 2000:258). കീഴാളരിൽ നിന്ന് എഴുത്തുകാരുണ്ടാവുന്നതും, അവരുടെ വായനാഭിരുചിയും സംവേദനശീലവും മാറിവരുന്നതും ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിലാണ്.


സാമ്പ്രദായിക ജാതികേന്ദ്രിത വ്യവസ്ഥയിൽ സാംസ്‌കാരിക മൂലധനത്തിന്റെ അഭാവം കൊണ്ട് (ഇവിടെ അഭാവം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് കീഴാളരുടെ സാമൂഹിക, സാംസ്‌കാരിക വിഭവങ്ങൾക്ക് ജ്ഞാനരൂപങ്ങൾക്ക് സവിശേഷ വ്യവസ്ഥിതിയിൽ വ്യാവഹാരിക മൂല്യം ലഭിച്ചിരുന്നില്ല എന്നാണ്). കീഴാളസമൂഹങ്ങൾ അച്ചടിയുടെ വ്യാപനത്തോടെ പുതിയ മാദ്ധ്യമത്തിന്റെ സാധ്യതയെ ഉപയോഗപ്പെടുത്തിക്കൊണ്ട് നിലവാരപ്പെടുകയാണുണ്ടായത്. ഇത്തരത്തിൽ കീഴാളസമൂഹത്തിൽപ്പെട്ട കുമാരനാശാന് സവർണ്ണരുമായി മത്സരിച്ച് നില്ക്കാനുള്ള ശേഷി വർദ്ധിപ്പിക്കാനും അഥുവഴി സാമൂഹികമായും രാഷ്ട്രീയമായും സവിശേഷ ചരിത്രസന്ദർഭത്തിൽ നിലവാരപ്പെടാനും സാധിച്ചത് അച്ചടിയുടെയും പുസ്തകപ്രസാധനത്തിന്റെയും പുതിയ വായനാസംസ്‌കാരത്തിന്റെയും മാദ്ധ്യമസാധ്യതകളെയും അഭിരുചികളെയും തൃപ്തിപ്പെടുത്താനായതുകൊണ്ടുകൂടിയാണ്. ഒരാളുടെ സാമൂഹികനില, സാമൂഹികപദവി നിർണ്ണയിക്കപ്പെടുന്നത് അയാളുടെ മത്സരശേഷിയെ ആശ്രയിച്ചാണെന്നുള്ള ബോർദ്യൂവിന്റെ നിരീക്ഷണം (1999:406) ശ്രദ്ധേയമാണ്. കീഴാളസമൂഹങ്ങൾക്ക് സവിശേഷ ചരിത്രഘട്ടത്തിൽ സാമൂഹികവും സാംസ്‌കാരികവുമായി മേലാളരോട് മത്സരിക്കാനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിന് അച്ചടിയും പുസ്തകപ്രസാധന സംരംഭങ്ങളും സഹായകരമായ അന്തരീക്ഷം സൃഷ്ടിച്ചു. പലതരത്തിലും ഇത് കേരളത്തിന്റെ ജനാധിപത്യപ്രക്രിയയെ ചലനാത്മകമാക്കുകയാണുണ്ടായത്.

കേരളീയ പൊതുമണ്ഡലത്തിന്റെ പരിമിതമായ സാംസ്‌കാരിക രാഷ്ട്രീയാവസ്ഥകളെയും ഇവിടെ കാണാതിരുന്നുകൂടാ. മലയാള അച്ചടിയുടെ ആരംഭം മുതൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെപ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങൾ 1177 എണ്ണമാണ് (സാഹിത്യം 504, സാഹിത്യേതരം 673) സാക്ഷരതാനിരക്ക് 10-12 ശതമാനവും (ഗോവി കെ.എം., 1974 ). കേരളീയ പ്രസാധനത്തിന്റെ തുടക്കകാലത്ത് മുതൽ മുടക്കിയ നാട്ടുപ്രസാധകർ ഭാഷയിലെ ക്ലാസ്സിക്കുകളുടെ ജനപ്രീതിയെ പ്രസാധന വ്യവസായത്തിലേക്ക് മാറ്റുകയാണുണ്ടായത്. പുസ്തകകേന്ദ്രിതമായ വായന മലയാളപ്രസാധനത്തിന്റെ ആരംഭകാലത്ത് അത്ര വ്യാപകമായിരുന്നില്ലെന്നുള്ള തെളിവുകൾ ധാരാളമുണ്ട്. 'മലയാളത്തിൽ സ്വയമായിട്ട് തോന്നിയ പുസ്തകങ്ങൾ ഉണ്ടാക്കുവാനും ഈയിടെ തുടങ്ങിയിട്ടില്ല, ചുരുക്കമായിട്ട് ഉണ്ടെങ്കിലും ഒട്ടുനല്ല പുസ്തകങ്ങൾ എഴുതിക്കാണുന്നത് വടക്കരാണ്' (പ്രിയദർശനൻ ജി., 1997:32) എന്ന് 1890-ൽ കണ്ടത്തിൽ വറുഗീസുമാപ്പിള എഴുതിയതും ഇവിടെ ഓർക്കുക. പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ എണ്ണം മാത്രമല്ല വിലക്കൂടുതൽ കൊണ്ടും ഒരുവിധം ദ്രവ്യസ്ഥന്മാരുടെ ഭവനങ്ങളിലല്ലാതെ സാധാരണക്കാരന്മാരുടെയും പാവങ്ങളുടെയും ഭവനങ്ങളിൽ അവയ്ക്ക് പ്രവേശം ലഭിച്ചിരുന്നില്ല എന്ന സുബ്ബയ്യ തെന്നാട്ട് റെഡ്യാരുടെ നിരീക്ഷണവും (ഗോവി കെ.എം., 1998:155) പുസ്തകകേന്ദ്രിതവായനയുടെ ചുരുങ്ങിയ പ്രചാരത്തെ സാക്ഷ്യപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP