Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹോർത്തൂസ് മലബാറിക്കൂസ്: രണ്ടു ഹരിതഭൂപടങ്ങൾ

ഹോർത്തൂസ് മലബാറിക്കൂസ്: രണ്ടു ഹരിതഭൂപടങ്ങൾ

ഷാജി ജേക്കബ്

'മലബാറിലെ പൂന്തോട്ടം' എന്നാണ് ഹോർത്തൂസ് ഇൻഡിക്കൂസ് മലബാറിക്കൂസ് എന്ന പേരിനർഥം. വിശ്വവിഖ്യാതമായ സസ്യവിജ്ഞാനകോശം. മധ്യകാല സംസ്‌കാരഗവേഷണത്തിന്റെ വിസ്മയകരമായ ഉദാഹരണം. മലബാറിന്റെ (കേരളത്തിന്റെതന്നെ) ജൈവസമ്പത്തിനെക്കുറിച്ചുള്ള അത്യസാധാരണമായ ചരിത്രരേഖ. ഇന്ത്യൻ/കേരളീയ വൈദ്യവിജ്ഞാന വ്യവഹാരങ്ങളുടെ ഉജ്വലമായ പാഠരൂപം. ആധുനിക സസ്യശാസ്ത്രശാഖയുടെ ഗംഭീരമായ അടിത്തറ.

കൊളോണിയലിസത്തിന്റെ നീക്കിബാക്കിയായവശേഷിക്കുന്ന മനുഷ്യാധ്വാനത്തിന്റെയും ജ്ഞാനതൃഷ്ണയുടെയും സാങ്കേതികതയുടെയും കലാവിദ്യയുടെയും മഹാമാതൃക. മലയാളഭാഷ അച്ചടിരൂപം കൈക്കൊണ്ട ആദ്യസന്ദർഭം. നവോത്ഥാനകാല വിവർത്തനസംസ്‌കാരത്തിന്റെ വിശ്വരൂപം. ഡച്ചുകാരും കേരളീയരുമായ ഒരു സംഘം വിജ്ഞാനദാഹികൾ 1674 മുതൽ 1693 വരെയുള്ള രണ്ടുപതിറ്റാണ്ടിൽ നടത്തിയ പഠനഗവേഷണങ്ങളുടെയും വിവരസമ്പാദനത്തിന്റെയും ചിത്ര-ഗ്രന്ഥ നിർമ്മിതിയുടെയും ഫലമാണ് പന്ത്രണ്ടു വോള്യങ്ങളിലായി 1678-1693 കാലത്ത് ആംസ്റ്റർഡാമിൽ നിന്നു ലാറ്റിനിൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥാവലി. 1616 പുറങ്ങൾ. 791 ചിത്രങ്ങൾ. 742 സസ്യങ്ങളുടെ വിശദാംശങ്ങൾ. മലബാറിന്റെ ഹരിതഭൂപടം.

കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെന്റിക് വാന്റീഡിന്റെ സ്വപ്നപദ്ധതിയായിരുന്നു ഹോർത്തൂസ്. കേരളത്തിലെ സസ്യവൈവിധ്യം കണ്ടു വിസ്മയം കൊണ്ട വാന്റീഡ്, സിലോണിനെക്കാൾ ഫലഭൂയിഷ്ഠമായ ഭൂപ്രകൃതിയാണ് മലബാറിന്റേത് എന്നു സ്ഥാപിക്കാൻ നടത്തിയ ശ്രമത്തിന്റെ സദ്ഫലം. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം കേരളീയ വൈദ്യത്തിൽ അപാരജ്ഞാനമുണ്ടായിരുന്ന ചേർത്തല കൊല്ലാട്ട് ഇട്ടി അച്യുതന്റെ നേതൃത്വത്തിൽ നടന്ന വിവരശേഖരണത്തിലും സസ്യസമ്പാദനത്തിലും നിന്ന് ഇട്ടി അച്യുതൻ പറഞ്ഞുകൊടുത്തു തയ്യാറാക്കിയതാണ് ഹോർത്തൂസിന്റെ പ്രാഥമികരൂപം. വൈദ്യർ പറഞ്ഞുകൊടുത്ത വിവരങ്ങൾ മാനുവൽ കർണീറോ പോർട്ടുഗീസ് ഭാഷയിൽ എഴുതിയുണ്ടാക്കി. അത് കാർണീറോയും ക്രിസ്ത്യൻ ഡി ഡോണപ്പും ചേർന്ന് ഡച്ച് ഭാഷയിലേക്കു വിവർത്തനം ചെയ്തു. അവിടെനിന്ന് യോഹാൻ കസേറിയസ് ലാറ്റിനിലേക്കു തർജമചെയ്താണ് വാന്റീഡ് ഹോർത്തൂസ് എന്ന മഹാഗ്രന്ഥം പ്രസിദ്ധീകരിച്ചത്. നിരവധി നാട്ടുവൈദ്യന്മാരുടെയും തൊഴിലാളികളുടെയും സസ്യവിജ്ഞാനികളുടെയും ചിത്രകാരന്മാരുടെയും അച്ചടി വിദഗ്ദ്ധരുടെയും സഹായം ഇതിനൊക്കെ വാന്റീഡ് തേടി. 2045 ചികിത്സാവിധികൾ. കേരളീയ വൈദ്യശാസ്ത്രം മുതൽ യൂറോപ്യൻ സസ്യവർഗീകരണശാസ്ത്രം വരെയുള്ളവയുടെ അത്ഭുതകരമായ സമന്വയം.

വാന്റീഡിന്റെ നിശ്ചയദാർഢ്യവും ഇട്ടി അച്യുതന്റെ സസ്യ-വൈദ്യവിജ്ഞാനവും യൂറോപ്യൻ ചിത്രകാരന്മാരുടെ വിസ്മയകരമായ കലാവിദ്യയും ചേർന്നുണ്ടായ അച്ചടിയുടെ വിപ്ലവമായിരുന്നു ഹോർത്തൂസ് ഇൻഡിക്കൂസ് മലബാറിക്കൂസ്. വെറും സൈനികനായെത്തി കൊച്ചിയിലെ ഡച്ച് ഗവർണർ വരെയായി ഉയർന്ന വാന്റീഡ് തന്റെ യാത്രകൾക്കിടയിൽ കണ്ട സസ്യവൈവിധ്യവും യൂറോപ്പിൽ പണ്ടുമുതലേ അറബികൾ കുത്തകയാക്കിവച്ചിരുന്ന ഔഷധസസ്യ ചികിത്സയുടെ ഭാവി സാധ്യതകളും ഈ മഹാഗ്രന്ഥത്തിന്റെ നിർമ്മിതിക്കു പ്രേരണയായി. രണ്ടു ദശകത്തിന്റെ കഠിനാധ്വാനത്തിനൊടുവിൽ പന്ത്രണ്ടു വോള്യങ്ങളായി വാന്റീഡ് തന്റെ സ്വപ്നം സാക്ഷാത്കരിച്ചു. ഇത്, ഈ വിശ്വമഹാഗ്രന്ഥത്തിന്റെ ചരിത്രജീവിതത്തിലെ ഒന്നാംഘട്ടം.

രണ്ടാംഘട്ടം ഹോർത്തൂസിന്റെ തുടർജീവിതമാണ്. 1693 നുശേഷം ആധുനിക സസ്യശാസ്ത്രത്തിന്റെ (വിശേഷിച്ചും സസ്യവർഗീകരണശാസ്ത്രത്തിന്റെ) പിതാവെന്നറിയപ്പെടുന്ന കാൾ ലിനേയസുൾപ്പെടെയുള്ളവരുടെ ഗവേഷണങ്ങളെ ഏറ്റവുമധികം സ്വാധീനിച്ചത് ഹോർത്തൂസാണ്. ലാറ്റിനിൽനിന്ന് ഈ ഗ്രന്ഥം മറ്റു ഭാഷകളിലേക്കു വിവർത്തനം ചെയ്യാൻ നടന്ന ശ്രമങ്ങളൊന്നും പക്ഷെ വിജയിച്ചില്ല. ഒടുവിൽ മലയാളിയായ സസ്യശാസ്ത്രവിദഗ്ദ്ധൻ കെ.എസ്. മണിലാലാണ് 1958ൽ തുടങ്ങിയ കഠിനാധ്വാനത്തിനും സമർപ്പിത ജീവിതത്തിനുമൊടുവിൽ ഹോർത്തൂസ് ആദ്യം ഇംഗ്ലീഷിലേക്കും പിന്നെ മലയാളത്തിലേക്കും വിവർത്തനം ചെയ്തത്. വെറും വിവർത്തനം മാത്രമായിരുന്നില്ല, മണിലാലിന്റേത്. ഹോർത്തൂസിന്റെ വ്യാഖ്യാനവും സമ്പൂർണമായ പുനരന്വേഷണവും അതിലൂടെ സാധ്യമായ ആ ഗ്രന്ഥത്തിന്റെ സാംസ്‌കാരിക ഭൂപടനിർമ്മിതിയുമായിരുന്നു. ആ മഹാപ്രയത്‌നത്തിന്റെ ചരിത്രമാണ് ജോസഫ് ആന്റണിയുടെ 'ഹരിതഭൂപടം'. എങ്കിലും പതിനേഴാം നൂറ്റാണ്ടിൽ നടന്ന ഹോർത്തൂസിന്റെ നിർമ്മിതിയുടെ ചരിത്രഭൂപടം കൂടി വരച്ചുചേർത്താണ് ജോസഫ് ആന്റണി മണിലാലിന്റെ ജീവിതവും ഹോർത്തൂസിന്റെ പുനർജന്മവും ആലേഖനം ചെയ്യുന്നത്. അങ്ങനെ ഫലത്തിൽ ഹോർത്തൂസിന്റെ രണ്ടു ഹരിതഭൂപടങ്ങൾ ഒന്നിച്ചു വരയ്ക്കുകയാണ് ഈ പുസ്തകം.

1958ൽ മധ്യപ്രദേശിലെ സാഗർ യൂണിവേഴ്‌സിറ്റിയിൽ എം.എസ്.സിക്കു പഠിക്കുമ്പോഴാണ് ഡറാഡൂണിലെ വനഗവേഷണകേന്ദ്രത്തിൽവച്ച് മണിലാൽ ആദ്യമായി ഹോർത്തൂസ് ഗ്രന്ഥാവലി പരിചയപ്പെടുന്നത്. അതിലെ 742 മലയാള സസ്യനാമങ്ങൾ കണ്ടു വിസ്മയിച്ച മണിലാൽ അവയെല്ലാം പകർത്തിയെഴുതിയാരംഭിച്ച തന്റെ ഹോർത്തൂസ് ജീവിതം 2008ൽ അതിന്റെ മലയാളം പതിപ്പ് പ്രസിദ്ധീകരിക്കുന്നതുവരെ അക്ഷീണം തുടർന്നു. അതാകട്ടെ, വാന്റീഡിന്റെ ഹോർത്തൂസ്‌നിർമ്മിതി പോലെതന്നെയുള്ള ഒരു മഹാപ്രയാണവുമായിരുന്നു. കാരണം, ലാറ്റിനിൽ നിന്ന് ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും ഒരു പുസ്തകം ഭാഷാന്തരം ചെയ്യുക മാത്രമായിരുന്നില്ലല്ലോ മണിലാലിന്റെ പദ്ധതി.

ഇന്ത്യയിലും വിദേശത്തും നടത്തിയ നിരവധി ഗവേഷണപഠനങ്ങളിലൂടെ ഹോർത്തൂസിന്റെ സാംസ്‌കാരികചരിത്രംതന്നെ നിർമ്മിക്കുകയായിരുന്നു അദ്ദേഹം. മൂന്നു നൂറ്റാണ്ടുമുൻപ് വാന്റീഡും സംഘവും കേരളത്തിൽനിന്നു തെരഞ്ഞെടുത്ത 742 സസ്യങ്ങളിൽ ഒന്നൊഴികെ മുഴുവൻ വീണ്ടും കണ്ടെത്തി അവയുടെ ഹെർബേറിയം രൂപപ്പെടുത്തി. ഹോർത്തൂസിലെ ഓരോ കുറിപ്പിനും വ്യാഖ്യാനവും വിശദീകരണവും എഴുതിയുണ്ടാക്കി. ലോകമെങ്ങുമുള്ള എത്രയെങ്കിലും സർകലാശാലകളിൽ ഹോർത്തൂസിനെക്കുറിച്ചു പ്രബന്ധങ്ങളവതരിപ്പിച്ച് ഈ മധ്യകാലശാസ്ത്രവിസ്മയത്തിന്റെയും കേരളീയ സസ്യസമ്പത്തിന്റെയും വൈദ്യവിജ്ഞാനത്തിന്റെയും ചരിത്രാനുഭവങ്ങൾ അക്കാദമിക സമൂഹത്തെ ബോധ്യപ്പെടുത്തി.

ഹോർത്തൂസിനെ സംബന്ധിച്ച നിരവധി പഠനഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തി. ഇതിനിടെ 1970 കളുടെ രണ്ടാം പകുതിയിൽ സൈലന്റ്‌വാലി പദ്ധതിക്കുവേണ്ടി നടന്ന ഭരണകൂടനീക്കങ്ങളെ പിന്തുണച്ചു രംഗത്തുവന്ന വ്യാജ ശാസ്ത്ര റിപ്പോർട്ടുകളുടെ തനിനിറം പുറത്തുകൊണ്ടുവന്ന ഗവേഷണപഠനത്തിലൂടെ ആ പദ്ധതിതന്നെ റദ്ദാക്കി സൈലന്റ്‌വാലിയുടെ ജൈവസമ്പത്ത് സംരക്ഷിച്ചതിനു നേതൃത്വം നൽകിയതും മണിലാലായിരുന്നു.

ഈ പശ്ചാത്തലങ്ങളിലാണ് ഹോർത്തൂസിന്റെ സാംസ്‌കാരിക ചരിത്രവും മണിലാലിന്റെ ജീവിതവും തമ്മിൽ രൂപംകൊണ്ട അസാധാരണമായ ബന്ധത്തിന്റെ അരനൂറ്റാണ്ട് അടയാളപ്പെടുത്തുന്ന, പരിസ്ഥിതിപ്രവർത്തകനും മാദ്ധ്യമപ്രവർത്തകനുമായ ജോസഫ് ആന്റണിയുടെ പുസ്തകം ശ്രദ്ധേയമാകുന്നത്.

ഡറാഡൂണിൽനിന്ന് ഹോർത്തൂസിനെക്കുറിച്ചുള്ള പ്രാഥമികവിവരങ്ങൾ മാത്രം ലഭിച്ച മണിലാൽ, പിഎച്ച.ഡി നേടിയതിനുശേഷം കേരളസർവകലാശാലയുടെ കാലിക്കറ്റ് സെന്ററിൽ ബോട്ടണി അദ്ധ്യാപകനായി ചേർന്നു. 1970ൽ കാലിക്കറ്റ് സർവകലാശാല നിലവിൽ വന്നതോടെ അവിടത്തെ പഠനവകുപ്പിന്റെ ഭാഗമായി. തുടർന്ന് ഇംഗ്ലണ്ടിൽ വിസിറ്റിങ് സയന്റിസ്റ്റായി രണ്ടുവർഷം. തിരിച്ചെത്തിയ മണിലാൽ തികച്ചും യാദൃച്ഛികമായി കോയമ്പത്തൂർ കാർഷിക സർവകലാശാലാ ലൈബ്രറിയുടെ ബേസ്‌മെന്റിൽ ഉപേക്ഷിച്ചിട്ട പഴയ പുസ്തകങ്ങൾക്കിടയിൽനിന്നും ഹോർത്തൂസിന്റെ പന്ത്രണ്ടു വോള്യങ്ങളും കണ്ടെത്തി. മുൻപുതന്നെ കോട്ടയത്ത് വയസ്‌കര മൂസ്സിന്റെയും തിരുവിതാംകൂർ രാജാവിന്റെയും പക്കലുള്ള ഹോർത്തൂസ് കോപ്പികൾ കാണാൻ നടത്തിയ ശ്രമം പരാജയപ്പെട്ടിരിക്കുമ്പോഴാണ് കോയമ്പത്തൂരിലെ ഈ അത്ഭുതം. മണിലാൽ പന്ത്രണ്ടു വോള്യങ്ങളിലെയും മുഴുവൻ പുറങ്ങളുടെയും ഫോട്ടോ എടുത്തു. 150 റോൾ ഫിലിം. 5000 സ്‌നാപ്പ്. തുടർന്നിങ്ങോട്ടുള്ള മണിലാലിന്റെ ജീവിതം ഹോർത്തൂസിന്റെ സമീപകാല ചരിത്രജീവിതം തന്നെയായി മാറി. ചരിത്രത്തിന്റെ ഉദ്യാനപാലകനായി സ്വയം തീറെഴുതുകയായിരുന്നു, അദ്ദേഹം.


1975 മുതൽ 2003 വരെയുള്ള മൂന്നു പതിറ്റാണ്ടുകാലത്ത് മണിലാൽ ഏറ്റെടുത്ത ഒരു വൻ പദ്ധതിയായിരുന്നു, ഹോർത്തൂസിൽ സൂചിപ്പിച്ച സസ്യങ്ങളെ വീണ്ടും കണ്ടെത്തി രേഖപ്പെടുത്താനുള്ള ഗവേഷണം. തുടക്കത്തിൽ അതൊരു യുജിസി. പ്രോജക്ടായിരുന്നു. ഒന്നൊഴികെ മുഴുവൻ സസ്യങ്ങളെയും കണ്ടെത്താൻ സി.ആർ. സുരേഷ് എന്ന ഗവേഷകന്റെ സഹായത്തോടെ മണിലാലിനു കഴിഞ്ഞു. ആ കണ്ടെത്തലുകൾ മുൻനിർത്തി മുന്നൂറുവർഷത്തെ ഹോർത്തൂസിന്റെ ജീവചരിത്രം പൂരിപ്പിച്ചു, അദ്ദേഹം. അതോടൊപ്പം ലാറ്റിനിൽനിന്ന് ഇംഗ്ലീഷിലേക്ക് ഹോർത്തൂസ് വിവർത്തനം ചെയ്യാനും പുതിയ വിവരങ്ങളും വ്യാഖ്യാനങ്ങളും അതോടൊപ്പം എഴുതിയുണ്ടാക്കാനുമുള്ള ഭഗീരഥപ്രയത്‌നവും നടന്നു. ഇട്ടി അച്യുതൻ ഉൾപ്പെടെയുള്ളവരും ഹോർത്തൂസും തമ്മിലുള്ള ബന്ധത്തിന്റെ യാഥാർഥ്യങ്ങളന്വേഷിക്കുന്ന പഠനങ്ങളും സമാന്തരമായി നടത്തി. (മുഖ്യമായും ഈ പഠനം പിന്തുടർന്നാണ് എ.എൻ. ചിദംബരൻ 'ഹോർത്തൂസും ഇട്ടി അച്യുതനും' എന്ന ഗ്രന്ഥം രചിച്ചത്). അമേരിക്കയിലേക്കും റഷ്യയിലേക്കും നെതർലാൻഡ്‌സ് ഉൾപ്പെടെയുള്ള നിരവധി യൂറോപ്യൻ രാജ്യങ്ങളിലേക്കും നടത്തിയ അന്വേഷണയാത്രകൾ, ശാസ്ത്രസംവാദങ്ങൾ,.... പതിറ്റാണ്ടുകൾ നീണ്ട മഹാപ്രയത്‌നത്തിനൊടുവിൽ മണിലാലിന്റെ വ്യാഖ്യാനങ്ങളും തുടർപഠനങ്ങളുമുൾപ്പെടെയുള്ള ഹോർത്തൂസിന്റെ ഇംഗ്ലീഷ് പുനരാഖ്യാനം തയ്യാറായി.

ഇതിനിടെ, സാമൂഹ്യപ്രതിബദ്ധതയുള്ള സസ്യശാസ്ത്രഗവേഷകൻ എന്ന നിലയിൽ ഹോർത്തൂസിനു വെളിയിൽ രണ്ടു പ്രധാന പഠനങ്ങൾക്കും മണിലാൽ നേതൃത്വം നൽകി. ഒന്ന്, മുൻപു സൂചിപ്പിച്ച സൈലന്റ്‌വാലിപഠനം. രണ്ട്, കോഴിക്കോട്ടെ സസ്യവൈവിധ്യപഠനം. ഈ രണ്ടു പഠനങ്ങളിലും മണിലാലിനൊപ്പമുണ്ടായിരുന്ന ഗവേഷകരെക്കുറിച്ചുള്ള വിശദമായ വ്യക്തിചിത്രങ്ങളും ജോസഫ് ആന്റണി നൽകുന്നു. ഈ പഠനങ്ങളിലൂടെ സ്വന്തം നിലയിൽ കേരളീയ ശാസ്ത്രഗവേഷണരംഗത്ത് ആധികാരികത നേടിയ അരഡസനോളം പ്രതിഭകളുടെ അക്കാദമിക ജീവിതത്തിന്റെ രൂപപ്പെടലിന്റെ കഥയാണത്.

ഇനിയാണ് ഈ ചരിത്രത്തിന്റെ ദുരന്തപരിണതി.

കേരളസർവകലാശാലാ വിസിയായിരുന്ന ബി. ഇക്‌ബാൽ മണിലാലിന്റെ ഹോർത്തൂസ് മലബാറിക്കൂസ് പുനരാഖ്യാനത്തെക്കുറിച്ചറിഞ്ഞ് സർവകലാശാല അതിന്റെ ഇംഗ്ലീഷ്, മലയാളം പ്രസിദ്ധീകരണം ഏറ്റെടുക്കാമെന്നറിയിച്ചു രംഗത്തുവന്നു. തുടക്കത്തിൽ ഈ ആവശ്യത്തോടു താൽപര്യം തോന്നാത്ത മണിലാലിനെ പലവഴിയിൽ നിർബ്ബന്ധിച്ച് ഒടുവിൽ സമ്മതിപ്പിക്കുകയായിരുന്നു, ഇക്‌ബാൽ. പക്ഷെ ഗൂഢവും കുത്സിതവുമായ താൽപര്യങ്ങളായിരുന്നു ഇക്‌ബാലിനും സർവകലാശാലക്കുമുണ്ടായിരുന്നതെന്ന് പിന്നീടുണ്ടായ കാര്യങ്ങൾ തെളിയിച്ചു. മണിലാലിന്റെ ഗ്രന്ഥം എന്ന നിലയിൽ ഇതു പ്രസിദ്ധീകരിക്കാനോ അദ്ദേഹത്തിനു പകർപ്പവകാശവും റോയൽറ്റിയും നൽകാനോ ഇക്‌ബാൽ തയ്യാറായില്ല. 'ഗ്രന്ഥത്തിന്റെ കോപ്പിറൈറ്റ് ഗ്രന്ഥകർത്താവിനല്ല' എന്ന മരമണ്ടൻ വാദംപോലും ഇക്‌ബാൽ ഉന്നയിച്ചതായി ജോസഫ് ആന്റണിയുടെ പുസ്തകത്തിലുണ്ട് (പുറം 164). പുസ്തകപ്രസാധനം, പ്രകാശനം, പ്രതിഫലം തുടങ്ങിയ ഓരോ തലത്തിലും വിസിയും സർവകലാശാലയും ചേർന്ന് തന്നെ ചതിച്ചുവെന്ന് മണിലാലിനു മനസ്സിലായി. ഒരു മനുഷ്യന്റെ അരനൂറ്റാണ്ടുകാലത്തെ മഹാപ്രയത്‌നത്തിന്റെ ഫലം യാതൊരു നേരും നെറിയുമില്ലാതെ ഒരു സ്ഥാപനവും അതിന്റെ അന്നത്തെ അധികാരിയും ചേർന്നു തട്ടിയെടുത്തതിന്റെ കഥയാണ് യഥാർഥത്തിൽ ഹോർത്തൂസിന്റെ ഇംഗ്ലീഷ്, മലയാളം പതിപ്പുകളുടേത്.

ചിത്രനിർമ്മാണത്തിന് രണ്ടുലക്ഷം രൂപ നൽകിയതിന്റെ പേരിൽ സത്യജിത് റായിക്ക് തന്റെ വിശ്വവിഖ്യാതമായ പാഥേർ പാഞ്ചാലിയുടെ കോപ്പിറൈറ്റ് ബംഗാൾ സർക്കാരിനു നൽകേണ്ടിവന്ന ചരിത്രത്തെക്കാൾ ഹീനമായിപ്പോയി ഇക്‌ബാലിന്റെയും സർവകലാശാലയുടെയും നീക്കങ്ങൾ. മണിലാലിന്റെ അരനൂറ്റാണ്ടുജീവിതത്തിനും അധ്വാനത്തിനും മേൽ, യാതൊരർഹതയുമില്ലാത്ത തങ്ങളുടെ ഉടമസ്ഥത അടിച്ചേല്പിക്കുകയായിരുന്നു, യഥാർഥത്തിൽ അവർ ചെയ്തത്. ഹോർത്തൂസ് ലാറ്റിനോ ഇംഗ്ലീഷോ എന്നുപോലുമറിയാത്ത വ്യക്തി അതെപ്പറ്റി പ്രബന്ധമവതരിപ്പിക്കുക, ജാസ്മിൻ തോമസ് എന്ന വ്യാജ ഐഡിയിൽ നിന്ന് മണിലാലിനെ അപകീർത്തിപ്പെടുത്തുന്ന സന്ദേശങ്ങൾ പലർക്കുമയക്കുക- വാസ്തവത്തിൽ അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച ബൗദ്ധിക മൺപ്രതിമകളുടെ വിളയാട്ടമായി മാറി, ഹോർത്തൂസിന്റെ പ്രസാധന ചരിത്രം.

പക്ഷെ മണിലാലിന്റെ ജ്ഞാനതൃഷ്ണ കഠിനാധ്വാനവും സമർപ്പിതജീവിതവും ഹോർത്തൂസിന്റെ ലോകവ്യാപകമായ പ്രശസ്തിക്കും വ്യാപനത്തിനും പിന്നിലുണ്ടെന്ന് ശാസ്ത്രലോകം സമ്മതിക്കുകതന്നെ ചെയ്തു. വാന്റീഡിന്റെ മധ്യകാലഹരിതഭൂപടനിർമ്മിതിക്കൊപ്പംതന്നെ പ്രസക്തിയുള്ള മണിലാലിന്റെ ആധുനിക ഹരിതഭൂപടനിർമ്മിതിയുടെ കഥ, അസാധാരണമായ ആഖ്യാനചാതുരിയോടെ ജോസഫ് ആന്റണി വരച്ചിടുന്നു.

ഗ്രന്ഥത്തിൽ നിന്ന്:-

 'പ്രസിദ്ധീകരിച്ച നാൾ മുതൽ സസ്യശാസ്ത്രജ്ഞന്മാരുടെ മാത്രമല്ല, ചരിത്രകാരന്മാരുടെയും സവിശേഷശ്രദ്ധ പിടിച്ചുപറ്റിയ ഗ്രന്ഥമാണ് ഹോർത്തൂസ്. 'ആധുനിക സസ്യശാസ്ത്രത്തിന്റെ പിതാവെ'ന്നറിയപ്പെടുന്ന കാൾ ലിനേയസ് ഉൾപ്പെടെ, ഹോർത്തൂസിൽ പ്രതിപാദിക്കുന്ന സസ്യങ്ങളെക്കുറിച്ചും, ആ ഗ്രന്ഥത്തിന്റെ ചരിത്രപരവും സൗന്ദര്യശാസ്ത്രപരവുമായ വശങ്ങളെക്കുറിച്ചും പഠിച്ച ഒട്ടേറെ ഗവേഷകരുണ്ട്. മൂന്നു നൂറ്റാണ്ടിനിടെ യൂറോപ്പിലെ നൂറ്റമ്പതിലേറെ മുൻനിരഗവേഷകർ ഹോർത്തൂസുമായി 'മല്ലിട്ടിട്ടുണ്ടെ'ന്നാണ് കണക്ക്. അതിൽ മറിയൻ ഫൗർണിയർ (ലെയ്ഡൻ), ജോഹാന്നസ് ഹെനിഗർ (യുട്രെച്ച്) തുടങ്ങിയവർ ആ ഗ്രന്ഥത്തിന്റെ ചരിത്രപരവും ആകാരപരവുമായ വശങ്ങളെക്കുറിച്ച് ആഴത്തിൽ പഠനം നടത്തി. ഹോർത്തൂസിൽ പറയുന്ന മലയാളം സസ്യനാമങ്ങൾക്കു സമാനമായ ശാസ്ത്രീയനാമങ്ങൾ കണ്ടെത്താനായിരുന്നു ചിലരുടെ ശ്രമം. അതിലെ വിവിധ സസ്യഗണങ്ങളെ വിശകലനം ചെയ്യാൻ ചിലർ ശ്രമിച്ചു. ഉദാഹരണത്തിന്, ഹോർത്തൂസിൽ പറഞ്ഞിട്ടുള്ള ആമ്പലുകളെ മാത്രമെടുത്ത് പഠിച്ചവരുണ്ട്. മറ്റു ചിലരെ ആകർഷിച്ചത് അതിൽ പരാമർശിച്ചിട്ടുള്ള ആലുകളാണ്. ആലുകളുടെ ശാസ്ത്രീയനാമം ഉൾപ്പെടെയുള്ള സംഗതികൾ നിശ്ചയിക്കാൻ ശ്രമം നടന്നിട്ടുണ്ട്. ഓർക്കിഡുകളാണ് പഠനവിധേയമായിട്ടുള്ള മറ്റൊരു സസ്യഗ്രൂപ്പ്. 'ഇതൊക്കെ ചെറിയ സസ്യഗ്രൂപ്പുകളെ മനസ്സിലാക്കാനുള്ള ശ്രമമായിരുന്നു. ഹോർത്തൂസ് മലബാറിക്കൂസിനെ സമഗ്രമായി മനസ്സിലാക്കാൻ ചുരുക്കമായേ ശ്രമം നടന്നിട്ടുള്ളൂ'.

പ്രസിദ്ധീകരിച്ച് മൂന്നു നൂറ്റാണ്ട് കഴിഞ്ഞിട്ടും, കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് അമൂല്യമായ വിവരങ്ങൾ അതിലുണ്ടെന്ന് അറിയാമായിരുന്നിട്ടും, ഹോർത്തൂസ് സമഗ്രമായി മനസ്സിലാക്കാൻ കഴിയാത്തതിന് ഒട്ടേറെ കാരണങ്ങൾ ചൂണ്ടിക്കാട്ടാനാകും. പഴയ ലാറ്റിനിൽ എഴുതപ്പെട്ട ബൃഹത്തായ ആ കൃതി പൂർണമായി വിവർത്തനം ചെയ്യാൻ ആർക്കും കഴിഞ്ഞില്ല എന്നതാണ് അതിൽ പ്രധാനം. പരിഭാഷാശ്രമങ്ങൾ പലതവണ നടന്നു. വിവിധ യൂറോപ്യൻ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്താനുദ്ദേശിച്ചു നടന്ന അത്തരം ശ്രമങ്ങളൊന്നും പൂർണമായി വിജയിച്ചില്ല. ലാറ്റിൻഭാഷ അറിയാവുന്നവർ ഇല്ലാത്തതായിരുന്നില്ല പ്രശ്‌നം. സംഭവം സസ്യവിജ്ഞാനമാകയാൽ, ബോട്ടണികൂടി അറിഞ്ഞാലേ ഗ്രന്ഥം ശരിക്കു മനസ്സിലാക്കാനാകൂ എന്നതായിരുന്നു കുരുക്ക്. അതു മാത്രവും പോരാ; കേരളത്തിൽ വളരുന്ന ചെടികളെക്കുറിച്ചുള്ളതാണ് ഗ്രന്ഥം. സ്വാഭാവികമായും ഇവിടത്തെ സസ്യങ്ങളെക്കുറിച്ച് നേരിട്ടുള്ള അറിവും പരിചയവും കൂടിയേ തീരൂ. അവിടെയും പ്രശ്‌നം അവസാനിക്കുന്നില്ല. 300 വർഷം മുൻപ് കേരളത്തിലെ നാട്ടുവൈദ്യന്മാർ ഉപയോഗിച്ചിരുന്ന വാമൊഴിനാമങ്ങളാണ് ഹോർത്തൂസ് മലബാറിക്കൂസിൽ ഉപയോഗിച്ചിട്ടുള്ളത്. ആ പേരുകളിൽ പലതും ഇന്ന് പ്രചാരത്തിലില്ല. സ്വാഭാവികമായും മലയാളഭാഷയുടെ പരിണാമത്തെക്കുറിച്ചുകൂടി പഠിച്ചാലേ കാര്യങ്ങൾ വ്യക്തമാകൂ. ഇതുകൊണ്ടും പ്രശ്‌നങ്ങൾ അവസാനിച്ചു എന്നു കരുതരുത്. ലിനേയസിന് മുൻപുള്ള സസ്യവിജ്ഞാനത്തിന്റെ രീതി പിന്തുടരുന്ന ഗ്രന്ഥമാണ് ഹോർത്തൂസ്. മിഴിവാർന്ന ചിത്രങ്ങൾ ഉണ്ടെങ്കിലും, ഗ്രന്ഥത്തിൽ പറയുന്ന ചെടികളെ വീണ്ടും കണ്ടെത്തി അവയെ ആധുനിക ശാസ്ത്രവിശകലനത്തിനു വിധേയമാക്കേണ്ടതുണ്ട്. എങ്കിലേ കാര്യങ്ങൾ പൂർണതയിലെത്തൂ. അതിനു വർഷങ്ങളുടെ, ചിലപ്പോൾ പതിറ്റാണ്ടുകളുടെ തുടർച്ചയായ ശ്രമം വേണ്ടിവരുമായിരുന്നു. മാത്രമല്ല, വലിയ ചെലവും ഉണ്ടാകും.

മേൽ വിവരിച്ച സംഗതികളിൽനിന്ന് ഒരു കാര്യം വ്യക്തമാകുന്നു. ഹോർത്തൂസിനെ സമഗ്രമായി മനസ്സിലാക്കുകയെന്ന ചരിത്രനിയോഗം ഏറ്റെടുക്കാൻ കേരളത്തിൽനിന്നുതന്നെ ഒരാൾ വരേണ്ടിയിരുന്നു. എന്തായിരിക്കാം അത്തരമൊരാളുടെ സാമാന്യ യോഗ്യതകൾ എന്ന് നമുക്കൊന്നു പരിശോധിക്കാം:

1. ലാറ്റിൻഭാഷയിൽ സാമാന്യ പരിജ്ഞാനം.

2. സസ്യശാസ്ത്രത്തിൽ (സസ്യവർഗീകരണശാസ്ത്രം അഥവാ ടാക്‌സോണമിയിൽ) വൈദഗ്ധ്യം.

3. കേരളത്തിലെ സസ്യജാതികളെക്കുറിച്ച് ആഴത്തിലുള്ള അറിവ്.

4. മലയാളഭാഷാ പരിജ്ഞാനം.

5. പതിറ്റാണ്ടുകളോളം ഒരേ ലക്ഷ്യത്തിനായി ജീവിതം സമർപ്പിക്കാനുള്ള സന്നദ്ധത.

ഇത്രയെങ്കിലും കുറഞ്ഞ യോഗ്യതകളുള്ള ഒരാൾക്കു മാത്രമേ ഹോർത്തൂസിനെ ശരിയായ അർഥത്തിൽ മനസ്സിലാക്കാനും ലാറ്റിൻഭാഷയുടെ മറയ്ക്കുള്ളിൽനിന്ന് മോചിപ്പിക്കാനും കഴിയുമായിരുന്നുള്ളൂ. മുന്നൂറു വർഷത്തിനിടെ നൂറ്റൻപതിലേറെ മുൻനിര പാശ്ചാത്യഗവേഷകർ ഹോർത്തൂസിനെക്കുറിച്ചു പഠിക്കാൻ തയ്യാറായിട്ടും ഇന്ത്യയിൽനിന്ന് ഒരാൾപോലും മുന്നോട്ടു വന്നില്ല. ഇട്ടി അച്യുതനിലേക്കെത്താനുള്ള പ്രധാന വഴി ഈ ഗ്രന്ഥമായിരുന്നിട്ടും, കേരളീയ പൈതൃകത്തിന്റെ വലിയൊരു ധാര അതിൽ അടങ്ങിയിട്ടുണ്ടെന്ന് അറിയാമായിരുന്നിട്ടും ഹോർത്തൂസിനെ ശരിയായി മനസ്സിലാക്കാൻ ഇത്രകാലവും കഴിയാത്തതിന്റെ പ്രധാന കാരണം ഇതാണ്. കൊല്ലാട്ട് തറവാട്ടിലെ ചൂരൽക്കൂടയിൽ ഒരുകാലത്തുണ്ടായിരുന്ന താളിയോലഗ്രന്ഥങ്ങളിലെ വിജ്ഞാനവെളിച്ചം ഹോർത്തൂസിൽ പകർന്നുവച്ചിട്ടും, അത് അധികമാർക്കും പ്രയോജനപ്പെടാതെ നിലകൊള്ളുകയായിരുന്നു. അതിനൊരന്ത്യം വേണ്ടിയിരുന്നു. ഒരാൾ ആ ചരിത്രദൗത്യം സ്വയമേറ്റെടുത്ത് മുന്നോട്ടു വരേണ്ടിയിരുന്നു. ഹോർത്തൂസിലെ വെളിച്ചത്തെ പുറത്തുകൊണ്ടുവരേണ്ടിയിരുന്നു. ആ മഹാഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ട് രണ്ടര നൂറ്റാണ്ടുകാലം അത്തരമൊരാൾ രംഗത്തെത്തിയില്ല. ഹോർത്തൂസ് പ്രസിദ്ധീകരിച്ച് കൃത്യം 260 വർഷം തികഞ്ഞപ്പോൾ, അതു പിറവിയെടുത്ത കൊച്ചിയിൽത്തന്നെ അതിനു പുനർജന്മം നല്‌കേണ്ടയാൾ ജനിച്ചു. കാട്ടുങ്ങൽ സുബ്രഹ്മണ്യം മണിലാൽ എന്ന കെ.എസ്. മണിലാൽ ആയിരുന്നു ആ ചരിത്രനിയോഗം ഏറ്റെടുക്കേണ്ടയാൾ!

ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥം ആദ്യം നേരിട്ടു കാണുന്ന വേളയിൽ മണിലാലിനു ലാറ്റിൻ ഭാഷ തെല്ലും വശമുണ്ടായിരുന്നില്ല. അന്നദ്ദേഹം സസ്യശാസ്ത്രജ്ഞനായിട്ടില്ല. കേരളത്തിലെ സസ്യങ്ങളെക്കുറിച്ച് അപ്പോൾ മണിലാലിനുള്ളത് സാധാരണ സസ്യശാസ്ത്രവിദ്യാർത്ഥിയുടെ അറിവ് മാത്രം. പക്ഷേ, കാലം ആ അപൂർവദൗത്യം അദ്ദേഹത്തെ ഏല്പിക്കുകയായിരുന്നു. ആ മഹാഗ്രന്ഥത്തിന്റെ 12 വോള്യവും ലാറ്റിനിൽനിന്ന് ഇംഗ്ലീഷിലേക്കും, ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേക്കും എത്തിച്ച ഏകവ്യക്തിയാണ് ഇന്ന് മണിലാൽ. മാത്രമല്ല, ആ ഗ്രന്ഥത്തിൽ പറയുന്ന ഒന്നൊഴികെ മുഴുവൻ സസ്യങ്ങളെയും വീണ്ടും ശേഖരിക്കുകയും തിരിച്ചറിയുകയും, അവയെ മുഴുവൻ സസ്യശാസ്ത്രപരമായും ഭാഷാപരമായും വ്യാഖ്യാനിക്കുകയും ചെയ്ത വ്യക്തിയും അദ്ദേഹം തന്നെ. അതുവഴി ഇട്ടി അച്യുതനെന്ന മഹാവൈദ്യനിലേക്കുള്ള വഴികൾ വിശാലമായിരിക്കുന്നു. ലാറ്റിൻഭാഷയുടെ തടസ്സമോ മറയോ ഇല്ല. ഇപ്പോൾ ഇട്ടി അച്യുതനിലേക്ക് വേഗമെത്താം -ഇംഗ്ലീഷിലൂടെയും മലയാളത്തിലൂടെയും! ഹോർത്തൂസിൽ പരാമർശിച്ചിട്ടുള്ള സസ്യങ്ങളുടെ ഔഷധഗുണങ്ങൾ വായിക്കുമ്പോൾ നമുക്ക് ആ മഹാവൈദ്യനോട് മനസ്സിൽ നന്ദി പറയാം. നൂറ്റാണ്ടുകൾക്കു മുൻപ് കേരളത്തിൽ സസ്യശാസ്ത്രവിജ്ഞാനവും വൈദ്യശാസ്ത്രവും എത്ര ഉയരങ്ങൾ കീഴടക്കിയിരുന്നു എന്ന് അഭിമാനിക്കാം. മഹത്തായ ആ പൈതൃകം വീണ്ടെടുക്കുകവഴി, മുഴുവൻ കേരളീയർക്കും ഈ അഭിമാനം സമ്മാനിച്ചത് കെ.എസ്. മണിലാലിന്റെ സമർപ്പിതമായ പ്രവർത്തനമാണെന്ന് അറിയാവുന്നവർ പക്ഷേ, ചുരുക്കമാണെന്നു മാത്രം.

2003 ലാണ് ഹോർത്തൂസ് മലബാറിക്കൂസിന്റെ ഇംഗ്ലീഷ് പതിപ്പ് കേരള സർവകലാശാല പ്രസിദ്ധീകരിച്ചത്, 2008 ൽ മലയാളം പതിപ്പും പുറത്തുവന്നു. മലയാളം പതിപ്പിന്റെ പ്രവേശികയിൽ മണിലാൽ ഇങ്ങനെ എഴുതി : 'ഈ മലയാളപതിപ്പിന്റെ പ്രസിദ്ധീകരണംകൊണ്ട് ഒരു വൃത്തം പൂർത്തീകരിക്കപ്പെടുകയാണ് : മലയാളം-പോർച്ചുഗീസ്-ഡച്ച്-ലാറ്റിൻ-ഇംഗ്ലീഷ്-മലയാളം എന്ന വൃത്തം പൂർണമാകുവാൻ 330 വർഷം വേണ്ടിവന്നിരിക്കുന്നു'. ശരിക്കു പറഞ്ഞാൽ മണിലാൽ ഈ പറയുന്നത് ഒരുവെറും 'വൃത്തം' ആയിരുന്നില്ല, ശരിക്കുമൊരു 'വിഷമവൃത്ത'മായിരുന്നു. അത് തരണംചെയ്യാൻ അദ്ദേഹത്തിനു വേണ്ടിവന്നത് തന്റെ ജീവിതത്തിലെ 50 വർഷം! അപൂർവവും അതേസമയം അസാധാരണവുമായ ആ സമർപ്പണത്തിന്റെ കഥയാണ് മണിലാലിന്റെ ജീവിതം. ഒരു ഗ്രന്ഥത്തെ സമഗ്രമായി മനസ്സിലാക്കാനും മറ്റുള്ളവർക്ക് അതു ലഭ്യമാക്കാനും വേണ്ടി നടന്ന സമാനതകളില്ലാത്ത സമർപ്പണം. മുന്നൂറു വർഷത്തിനുശേഷം ഹോർത്തൂസ് മലബാറിക്കൂസ് എങ്ങനെ രണ്ടാമതു പിറന്നു എന്ന് മണിലാലിന്റെ ജീവിതം പറഞ്ഞുതരും.

കേരളചരിത്രത്തെയും ആധുനിക സസ്യശാസ്ത്രത്തെയും സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഒന്നായിട്ടും, ഹോർത്തൂസിനെ മലയാളത്തിനു തിരിച്ചുനല്കിയ ആ മനുഷ്യനെ കേരളീയൻ എത്ര ഹൃദയശൂന്യമായാണ് അവഗണിച്ചത്. മണിലാൽ എന്ന സസ്യശാസ്ത്രജ്ഞൻ സ്വന്തം ജീവിതം നല്കി വീണ്ടെടുത്ത ആ കൃതിയുടെ ഇംഗ്ലീഷ് പതിപ്പിൽനിന്ന് കേരള സർവകലാശാല ഇതിനകം വലിയ ലാഭമുണ്ടാക്കി. താനാണ് ഹോർത്തൂസ് മലബാറിക്കൂസ് 300 വർഷത്തിനുശേഷം ഇംഗ്ലീഷിലെത്തിച്ചതെന്ന് ചിലർ ഖ്യാതി സമ്പാദിച്ചു. നിക്ഷിപ്തതാത്പര്യങ്ങൾക്കു വിഘാതമാകുന്നുവെന്ന് മനസ്സിലായപ്പോൾ വ്യക്തിഹത്യയുടെ നീചമാർഗങ്ങൾപോലും മണിലാലിനെതിരെ ക്രൂരമായി പ്രയോഗിക്കപ്പെട്ടു. ഒരർഥത്തിൽ, ആധുനികകേരളം സാക്ഷിയായ ഏറ്റവും വലിയ നന്ദികേടിന്റെകൂടി കഥയായി ഹോർത്തൂസ് മലബാറിക്കൂസിന്റെ രണ്ടാംപിറവി മാറി'.

ഹരിതഭൂപടം
ജോസഫ് ആന്റണി
മാതൃഭൂമി ബുക്‌സ്, 2015 (2012)
160 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP