Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചരിത്രത്തിന്റെ വാക്‌രൂപങ്ങൾ

ചരിത്രത്തിന്റെ വാക്‌രൂപങ്ങൾ

ഷാജി ജേക്കബ്

പ്രഭാഷണത്തിലൂടെ സമൂഹത്തിന്റെ ഭിന്നമണ്ഡലങ്ങളിൽ സ്വന്തം വ്യക്തിത്വത്തിനും ആശയങ്ങൾക്കും സ്വീകാര്യതയും പ്രതിഷ്ഠയും നേടിയെടുക്കുന്നവർ എല്ലാ കാലത്തും എല്ലാ ജീവിതരംഗങ്ങളിലുമുണ്ട്. ഇതിഹാസ, പുരാണങ്ങൾ മുതൽ സമകാല മാദ്ധ്യമപാഠങ്ങൾ വരെ ഇതിനു തെളിവുനൽകും. വിശ്വവിഖ്യാതമായ എത്രയെങ്കിലും പ്രസംഗങ്ങളും ഗുണപരവും ഋണപരവുമായ ഫലങ്ങളുണ്ടാക്കിയ അവയുടെ സാമൂഹ്യപ്രതീതിയും സംസ്‌കാരചരിത്രത്തിന്റെ തന്നെ ഭാഗമാണ്. യുദ്ധം മുതൽ ദേശീയതവരെയും മതം മുതൽ രാഷ്ട്രീയം വരെയും നാടകം മുതൽ റേഡിയോവരെയും ഇവയുടെ മാദ്ധ്യമങ്ങളായി മാറി.

പൊതുവെ രണ്ടുതരത്തിലാണ് പ്രഭാഷണങ്ങളുടെ സ്വാധീനവും പ്രഭാവവും പ്രസക്തമാകുന്നത്. ആശയപ്രചരണത്തിനുതകുന്ന, ആവേശകരമായ വാക്‌ധോരണികൊണ്ട് കേൾവിക്കാരെ കീഴടക്കുകയും സംഘടിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ഒന്ന്. രാഷ്ട്രീയ, മത പ്രഭാഷണങ്ങൾ മിക്കപ്പോഴും വിജയിക്കുന്നത് ഈ തന്ത്രം സ്വീകരിക്കുമ്പോഴാണ്. വികാരത്തിന്റെ ഭാഷയായിരിക്കും, ഇവയ്ക്ക്. സ്വച്ഛവും ശാന്തവുമായ ചിന്താപ്രവാഹത്തിൽ കേൾവിക്കാരെ ആമഗ്നരാക്കുന്നതാണ് രണ്ടാമത്തെ രീതി. പൊതുവെ അക്കാദമിക, തത്വചിന്താപ്രഭാഷണങ്ങളാണ് ഈ രീതി സ്വീകരിക്കുക. വിചാരത്തിന്റെ ഭാഷയാണ് ഇവിടെ രൂപം കൊള്ളുക.

പൊതുവേദികളും സാംസ്‌കാരിക സംഘടനകളും സജീവമായിത്തുടങ്ങിയ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം തൊട്ടുതന്നെ മലയാളത്തിൽ സാഹിത്യപ്രവർത്തകർ സാംസ്‌കാരികനായകരായി മാറുന്നതിന്റെ മാനദണ്ഡങ്ങളിലൊന്ന് പ്രഭാഷണങ്ങളാണല്ലോ. ചങ്ങമ്പുഴയും ജി. ശങ്കരക്കുറുപ്പും മുണ്ടശ്ശേരിയും മുതൽ ബാലചന്ദ്രൻ ചുള്ളിക്കാട് വരെയുള്ളവർ ഇതിനുദാഹരണമാണ്. അത്തരം പതിനേഴ് പ്രഭാഷണങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

ഏ.ആർ. രാജരാജവർമ്മ, ജി. ശങ്കരക്കുറുപ്പ്, വൈക്കം മുഹമ്മദ് ബഷീർ, കേശവദേവ്, എം ടി, ഒ.എൻ.വി, ടി. പത്മനാഭൻ, മാധവിക്കുട്ടി, അഴീക്കോട്, എം.എൻ. വിജയൻ, എം.കെ. സാനു, എം. മുകുന്ദൻ, സക്കറിയ, ആനന്ദ്, ബാലചന്ദ്രൻ, സാറാജോസഫ്, നിത്യചൈതന്യയതി എന്നിവരാണ് പ്രഭാഷകർ. വിഷയങ്ങളാകട്ടെ, ഭാഷ മുതൽ സാഹിത്യം വരെയും നാടകം മുതൽ സ്ത്രീജീവിതം വരെയും ദേശീയത മുതൽ മതാനുഭൂതിവരെയും ജാതിവെറി മുതൽ സാംസ്‌കാരിക രാഷ്ട്രീയം വരെയും പരന്നുകിടക്കുന്നു.

പ്രമേയ/വിഷയപരമായി മൂന്നു മേഖലകളിൽ പെടുത്താം ഈ പ്രഭാഷണങ്ങളെ. സർഗഭാവനയുടെ ആത്മനിഷ്ഠവ്യാഖ്യാനങ്ങളാണ് ഒരു മേഖല. ദേവ്, എം ടി, മാധവിക്കുട്ടി, ഒ.എൻ.വി, സാനു എന്നിവരുടെ പ്രഭാഷണങ്ങൾ ഇക്കൂട്ടത്തിൽപെടും. സാഹിത്യ, സാംസ്‌കാരിക മണ്ഡലങ്ങളെക്കുറിച്ചുള്ള വിമർശനാത്മക നിരീക്ഷണങ്ങളുടേതാണ് അടുത്തമേഖല. ഏ.ആർ, ജി, പത്മനാഭൻ, വിജയൻ, സക്കറിയ, മുകുന്ദൻ, ബാലചന്ദ്രൻ എന്നിവരുടെ പ്രഭാഷണങ്ങൾ ഉദാഹരണം. രാഷ്ട്രീയവും സാമൂഹികവുമായ വിചാരലോകങ്ങളിൽ നടത്തുന്ന ഇടപെടലുകളാണ് മൂന്നാം മേഖല. ബഷീർ, അഴീക്കോട്, ആനന്ദ്, സാറാജോസഫ്, യതി എന്നിവരുടേതാണ് ഇവ.

വിഷയസമീപനത്തിന്റെയും വിശകലനവ്യാപ്തിയുടെയും തോത് മുൻനിർത്തി മറ്റൊരുതരത്തിൽ വർഗീകരിച്ചാൽ ആറ് പ്രഭാഷണങ്ങളാണ് ഇക്കൂട്ടത്തിൽ മികച്ചുനിൽക്കുന്നതെന്നു കാണാം. അഴീക്കോട്, ആനന്ദ്, മുകുന്ദൻ, ചുള്ളിക്കാട്, സാറാജോസഫ്, യതി എന്നിവരുടേത്. പ്രഭാഷണത്തിന്റെ കലാപരതയും വിഷയങ്ങളുടെ സാമൂഹ്യപരതയും അവതരണത്തിന്റെ സൗന്ദര്യപരതയും കൊണ്ട് വേറിട്ടുനിൽക്കുന്നവയാണ് ഈ ആറ് വാങ്മയങ്ങളും.

ഭാരതീയചിന്തയുടെ മാനവികബോധങ്ങളെക്കുറിച്ച് ക്ലാസിക്കൽ രചനകളെയും ടാഗോറിനെയും മുൻനിർത്തി അഴീക്കോടും രോഗാതുരതയുടെ ചരിത്രപരതയെക്കുറിച്ച് ഒലിവർ സാക്‌സ് എഴുതിയ 'Awakenings' എന്ന പുസ്തകം മുൻനിർത്തി ആനന്ദും മാതൃഭാഷയുടെ രാഷ്ട്രീയത്തെക്കുറിച്ച് മലയാളത്തിന്റെ ഭാവനാലോകങ്ങൾ മുൻനിർത്തി മുകുന്ദനും നിശ്ശബ്ദതയുടെ സൗന്ദര്യത്തെക്കുറിച്ച് അരവിന്ദൻസിനിമകൾ മുൻനിർത്തി ബാലചന്ദ്രനും ജാതിയുടെ കരാളതയെക്കുറിച്ച്, അതു തലകുലുക്കി സമ്മതിക്കുന്ന മലയാള എഴുത്തുകാരെ മുൻനിർത്തി സാറാജോസഫും ദൈവാന്വേഷണത്തിന്റെ സാധ്യതകളെക്കുറിച്ച് നാരായണഗുരുവിന്റെ എഴുത്തു മുൻനിർത്തിയതിയും നടത്തിയവയാണ് ഈ പ്രഭാഷണങ്ങൾ.

ബാബ്‌റിമസ്ജിദ്‌നു തൊട്ടുപിന്നാലെ, ഭാരതീയചിന്തയുടെ ഭിന്ന പാരമ്പര്യങ്ങളെക്കുറിച്ച് അഴീക്കോട് നടത്തിയ പ്രഭാഷണപരമ്പര ഏറെ പ്രസിദ്ധമാണ്. തന്റെ ആയിരക്കണക്കായ പ്രഭാഷണങ്ങളിലൂടെ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ മലയാളിയുടെ ഏറ്റവും പ്രസിദ്ധനായ രാഷ്ട്രീയനിരീക്ഷകനും സാമൂഹ്യവിമർശകനും മാത്രമല്ല, 'സാംസ്‌കാരിക ഓഡിറ്ററു'മായി മാറിയ അഴീക്കോടിന്റെ ശൈലി, മലയാളത്തിലെ ഏറ്റവും ജനപ്രിയമായ പ്രഭാഷണകലയായി മാറി എന്നതാണ് വസ്തുത. ഒട്ടുമേ ജനപ്രിയമല്ലാത്ത വിഷയങ്ങളെപ്പോലും ഭാഷയിലും ഭാഷണത്തിലും നടത്തുന്ന കാവ്യാത്മകവും രാഷ്ട്രീയവുമായ ഇടപെടലിലൂടെ ജനപ്രിയമാക്കാൻ കഴിഞ്ഞതായിരുന്നു അഴീക്കോടിന്റെ വിജയം.

ഈ പ്രഭാഷണവും വ്യത്യസ്തമല്ല. 'ഭാരതീയത എന്നുപറഞ്ഞു നടക്കുന്നവർ 'മനുസ്മൃതി' എപ്പോഴും ഉദ്ധരിക്കും. 'മനുസ്മൃതി' ഏറ്റവും പുതുതായിട്ട് ഒരു പ്രസാധകശാല പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ഞാൻ വളരെ ബഹുമാനിക്കുന്ന ഒരു സന്യാസിയുടെ വ്യാഖ്യാനവും അതിലുണ്ട്. ഞാൻ അതു മുഴുവൻ എത്രയോ തവണ വായിച്ച ഒരുത്തനാണ്. എനിക്കതു വായിക്കുന്ന സമയത്ത് ഇന്ത്യയുടെ പൂർവസംസ്‌കാരത്തിന്റെ മുഴുവൻ മഹിമയും എങ്ങനെ ഈ നൂറ്റാണ്ടുകളിലൂടെ, ടാഗോർ പറഞ്ഞതുപോലെ, ഏതോ മരുഭൂമിയിൽ വീണ് അസ്തമിച്ച വെറും കരിക്കട്ടയായിത്തീർന്നു എന്ന് തോന്നാറുണ്ട്.

ടാഗോറിന്റെ ഒരു കവിതയുണ്ട്; 'The Death of a Star' (ഒരു നക്ഷത്രത്തിന്റെ മരണം) എന്ന കവിത. ഞാൻ ആ നക്ഷത്രത്തിൽ ഇന്ത്യയെ കാണുന്നു. ഈ മഹാജീവിതനഭസ്സിൽ ഏകസത്യത്തെ പ്രതിഷ്ഠിച്ച ആ ഭാരതത്തെ ഞാൻ കാണുന്നു. നിങ്ങൾ ആ കവിത വായിച്ചുനോക്കണം. അതിൽ നമ്മുടെ ഇന്ത്യ മരിച്ചതെങ്ങനെ എന്നു നിങ്ങൾക്കു കാണാൻ കഴിയും. ഒരു നക്ഷത്രം അതിന്റെ തീരത്തുനിന്ന് ഏതോ ഒരു കടലിലേക്ക്, വൈവശ്യത്തിന്റെ ഒരു കടലിലേക്ക്, എടുത്തുചാടുന്നു. അങ്ങനെ അത് അവിടത്തെ ഏതെല്ലാമോ ഭീകരമത്സ്യങ്ങളുടെ ഇടയിൽപ്പെട്ടു മരണമടഞ്ഞു. അവസാനം അതു ഒരു കാർബൺ വസ്തുമാത്രമായി തീർന്നു. ഇതാണ് ടാഗോർ വർണ്ണിച്ച നക്ഷത്രത്തിന്റെ മരണം. 'അല്ലയോ മഹാകവേ, അങ്ങ് ഈ കവിത എഴുതിയ കാലത്ത് ഭാരതം ഉദിച്ചുയരുന്ന ഒരു നക്ഷത്രമായിരുന്നു. ഞങ്ങളുടെ ഈ കാലഘട്ടത്തിലാണ് ഇത് അസ്തമയപർവതത്തിന്റെ അടുത്തേക്കു നീങ്ങിപ്പോകുന്നത്. അന്ന് അങ്ങയുടെ അത്ഭുതാവഹമായ പ്രതിഭയിൽ ഇന്നത്തെ കാഴ്ച കണ്ടു, ഇന്നും ഇക്കാഴ്ച വേണ്ടത്ര കാണാൻ സാധിക്കാത്ത ഞങ്ങളുടെ തിമിരം ഇല്ലായ്മ ചെയ്യുവാൻ അങ്ങയുടെ കവിതയ്ക്കു സാധിക്കുന്നില്ലല്ലോ' ഇപ്രകാരം വിചാരിച്ചു'.


ആനന്ദിന്റേതുപോലെ ഇത്രമേൽ അപ്രതീക്ഷിതവും ആർജ്ജവം നിറഞ്ഞതും ചിന്താഭരിതവും സാമൂഹ്യനിരീക്ഷണത്തിന്റെ മൂർച്ചയുള്ളതുമായ പ്രഭാഷണങ്ങൾ മലയാളത്തിൽ മറ്റാരും ചെയ്യുക പതിവില്ല. പരന്ന വായനയിൽനിന്നു മാത്രമല്ല, തീർത്തും മൗലികവും ഭിന്നവുമായ നിലപാടുകളിൽനിന്നും ചരിത്രബോധത്തിലടിയുറച്ച രാഷ്ട്രീയവിശകലനങ്ങളിൽനിന്നുമാണ് ആനന്ദ് തന്റെ വീക്ഷണങ്ങൾ രൂപപ്പെടുത്തുക. രോഗാവസ്ഥയുടെ സന്ദിഗ്ദ്ധമായ മാനുഷികപ്രതിസന്ധികളെക്കുറിച്ചുള്ള ഈ പ്രഭാഷണവും ഇത്തരമൊന്നാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 30ന് അന്തരിച്ച വിഖ്യാത വൈദ്യശാസ്ത്ര ചിന്തകൻ ഒലിവർ സാക്‌സന്റെ പുസ്തകരൂപത്തിലും ചലച്ചിത്രരൂപത്തിലും പ്രസിദ്ധി നേടിയ ഗ്രന്ഥത്തിലെ ചിന്തകളാണ് ആനന്ദ് മലയാളിക്കു മുമ്പിൽ അവതരിപ്പിക്കുന്നത്.

എം. മുകുന്ദൻ, പതിവു മലയാളവാദികളെപ്പോലെ ഇംഗ്ലീഷിനും ഇതര ഭാഷകൾക്കുമെതിരെ കുരച്ചുചാടുന്ന ഭാഷാമൗലികവാദിയല്ല. നാലുഭാഷകളിൽ ദിവസവും ഇടപെട്ടിരുന്ന തന്റെ ഡൽഹിജീവിതകാലത്തും അതിനു മുൻപും പിൻപുമൊക്കെ മലയാളം എങ്ങനെ താൻ സ്വപ്നം കാണുന്ന ഏകഭാഷയായിരുന്നുവെന്ന് വിശദീകരിക്കുകയാണ് മുകുന്ദൻ. എഴുത്തിലും പറച്ചിലിലും ഭാവനയുടെ വ്യവഹാരങ്ങൾ നടത്താൻ തനിക്കു മലയാളം മാത്രമേ വഴങ്ങൂ എന്ന തുറന്നുപറച്ചിൽ. സാങ്കേതികവിദ്യയും ആഗോളവൽക്കരണവും കണ്ട് ഭയപ്പെടുന്ന പിന്തിരിപ്പനുമല്ല മുകുന്ദൻ. അദ്ദേഹം പറയുന്നു:

'ഇന്റർനെറ്റ് നമുക്ക് ഒരു ഭീഷണിയാവുമെന്ന് നാം കരുതി. ഇന്റർനെറ്റിൽ ഇംഗ്ലീഷ് മാത്രമേ ഉണ്ടാകൂ എന്ന് നമ്മൾ വിചാരിച്ചു. ഇന്റർനെറ്റ് ലോകത്തെ മുഴുവൻ ബന്ധിപ്പിക്കുമ്പോൾ, നമ്മൾ എല്ലാവരും ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഒരു കാലം വരുമ്പോൾ, ഇംഗ്ലീഷ് മാത്രമേ ഉണ്ടാവുകയുള്ളൂ എന്നു നമ്മൾ ഭയപ്പെട്ടു. വാസ്തവത്തിൽ ആഗോളവത്കരണം ഉദ്ദേശിച്ചത് അതായിരുന്നു. അതും പരാജയപ്പെട്ടു. ഇന്ന് ഇന്റർനെറ്റിൽ, ഗൂഗിളിൽ നമുക്ക് മലയാളത്തിൽ സന്ദേശമയയ്ക്കാം. ഗൂഗിളിൽ പോയിക്കഴിഞ്ഞാൽ അതിൽ ഹിന്ദിയുണ്ട്, മലയാളമുണ്ട്, തമിഴുണ്ട്, ബംഗാളിയുണ്ട്. പിന്നെ എന്തിനാണ് നമ്മൾ പേടിക്കുന്നത്? ഇന്റർനെറ്റ് പ്രാദേശികമായി മാറുകയാണ് ചെയ്യുന്നത്. ഒരുകാലത്ത് നമ്മുടെ പ്രാദേശികഭാഷകളെ മുഴുവൻ ഇല്ലാതാക്കുമെന്ന് നമ്മൾ ഭയപ്പെട്ടിരുന്ന അതേ ഇന്റർനെറ്റ് നമ്മുടെ ഭാഷയെ, നമ്മുടെ മലയാളത്തെപ്പോലും വികസിപ്പിക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്. അപ്പോൾ ആഗോളവത്കരണം എന്നുള്ളത് ഒരുപാട് പ്രാദേശികതകളുടേതായിട്ടുള്ള ഒരു ഏകീകൃതമായ ലോകമായി മാറുകയാണ്. ആ ഏകീകൃത ലോകത്തിനുള്ളിൽ ഒരുപാട് ഭാഷകൾ നിലനിൽക്കുകയാണ് ചെയ്യുന്നത്. എന്തുകൊണ്ട് ഇന്റർനെറ്റ് മലയാളത്തെ ഇല്ലായ്മ ചെയ്തില്ല? തമിഴിനെയും ബംഗാളിയെയും ഇല്ലായ്മ ചെയ്തില്ല? അവർക്ക് മനസ്സിലായി, ഇതുപോലെയുള്ള പ്രാദേശികമായ സ്ഥലങ്ങളിൽ അവർക്ക് കൂടുതൽ സ്വീകാര്യത കിട്ടണമെങ്കിൽ നമ്മുടെ ഭാഷയിൽ അവർ സംസാരിക്കണമെന്ന്. അങ്ങനെ ഇന്റർനെറ്റിന്റെ ഭാഷ മാറുകയാണ്. മക്‌ഡൊണാൾഡ് വിളമ്പിയിരുന്ന ബർഗറുകൾ നമ്മുടെ അഭിരുചിയനുസരിച്ച് മാറ്റിയതുപോലെ, ഇന്റർനെറ്റിൽ ഇംഗ്ലീഷ് ഉപേക്ഷിച്ചുകൊണ്ട് നമ്മുടേതായിട്ടുള്ള ഹിന്ദിയും മലയാളവും തമിഴുമൊക്കെ നമുക്ക് ഇന്ന് ഉപയോഗിക്കാൻ കഴിയുന്നു'.

അരവിന്ദന്റെ സിനിമകളെക്കുറിച്ചുള്ള ബാലചന്ദ്രന്റെ പ്രഭാഷണം തികച്ചും വേറിട്ട ഒന്നാണ്. അരവിന്ദൻസിനിമകളിലെ നിശ്ശബ്ദതയെ സൗന്ദര്യാത്മകവും രാഷ്ട്രീയവുമായി വ്യാഖ്യാനിക്കുന്ന ബാലചന്ദ്രൻ, അക്കാദമിക നിരൂപകരോ ചലച്ചിത്കവിമർശകരോ കണ്ടെത്താത്ത അരവിന്ദന്റെ കലാരഹസ്യങ്ങളിലേക്കും വ്യക്തിജീവിതത്തിലേക്കുമാണ് സാകൂതം നടന്നുകയറുന്നത്. വൈകാരികതയും വൈചാരികതയും ഇത്രമേൽ ഇണക്കിച്ചേർത്ത്, ശബ്ദകലയുടെ മാന്ത്രികധോരണി നിലനിർത്തി, മണിക്കൂറുകൾ നീളുന്ന പ്രഭാഷണം നടത്താൻ ബാലചന്ദ്രനുള്ള വൈഭവം മറ്റാർക്കുമില്ല. നമ്മുടെ കാലത്ത് ഗദ്യം, പദ്യം, പ്രഭാഷണം എന്നീ മൂന്നു കലാമണ്ഡലങ്ങളിൽ ഇടപെടുന്ന സാംസ്‌കാരിക പ്രവർത്തകരിൽ ബാലചന്ദ്രനോളം വിജയിക്കുന്നവരില്ല എന്നു തെളിയിക്കുന്നു, അരവിന്ദൻസ്മരണയും. നോക്കുക:

'നിശ്ശബ്ദത ചിലപ്പോൾ ശബ്ദത്തേക്കാൾ നമ്മളെ ഞെട്ടിച്ചുകളയും. വ്യക്തിപരമായ അത്തരമൊരനുഭവം ഹിമാലയത്തിന്റെ മടിത്തട്ടിൽ വച്ചെനിക്ക് ഉണ്ടായിട്ടുണ്ട്. നിങ്ങളിലാരെങ്കിലും ഗാങ്ടക്കിലെ (Gangtok) ബുദ്ധവിഹാരത്തിൽ പോയിട്ടുണ്ടോ എന്നെനിക്കറിഞ്ഞുകൂടാ. ഒരുപാട് വർഷങ്ങൾക്ക് മുമ്പ്, ദീർഘമായ ഒരു യാത്രയുടെ അന്ത്യത്തിൽ, തണുത്തുറഞ്ഞ ഒരു നിശാരംഭത്തിൽ, ഞാൻ അഭിമുഖീകരിച്ചത് മാരകമായ വിജനതയേയും നിശ്ശബ്ദതയേയുമാണ്. അവിടെയെങ്ങും ആരുമില്ല എന്നെനിക്ക് തോന്നി. ആരെയും കണ്ടുമില്ല. അങ്ങനെ പ്രകാശം കണ്ട് ഒരു വലിയ മുറിയിലേക്ക് ഞാൻ ചെന്നുനോക്കുമ്പോൾ ഏതാണ്ട് അഞ്ഞൂറിലധികം ബുദ്ധസന്യാസിമാർ നിശ്ശബ്ദരായി ഇരുന്ന് ധ്യാനിക്കുകയാണ്. വിജനമായ സ്ഥലത്ത് നിശ്ശബ്ദതയേക്കാൾ എന്നെ ഞെട്ടിച്ചുകളഞ്ഞത് അഞ്ഞൂറിലധികം ആളുകളുടെ നിശ്ശബ്ദതയാണ്. അതെനിക്ക് വാക്കുകൾ കൊണ്ടോ ശബ്ദം കൊണ്ടോ വിവരിക്കാൻ സാധിക്കുകയില്ല. ആ നിശ്ശബ്ദതയുടെ ഹിമാലയത്തിന്റെ മടിത്തട്ടിൽ, പൂജ്യത്തിനു താഴെ തണുത്തുറഞ്ഞ നിശാരംഭത്തിൽ, മങ്ങിയ അഗ്നിയുടെ വെളിച്ചത്തിൽ, പീതാംബരങ്ങളുടെ ഒരു ലഘുസമുദ്രത്തിൽ ഞാൻ അനുഭവിച്ച നിശ്ശബ്ദതയുടെ ആഘാതം ഇപ്പോഴും എന്റെ ഹൃദയത്തിലുണ്ട്'.

സാറാജോസഫിന്റെ പ്രഭാഷണം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. മനുഷ്യജീവിതത്തിന്റെ നന്മയും സൗന്ദര്യവും ജനാധിപത്യപരമായി നിലനിർത്തേണ്ട മലയാളി എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും ജാതിവെറിയുടെ കുഴലൂത്തുകാരായി മാറുന്നതിന്റെ നിശിതമായ തുറന്നുകാട്ടലാണ് ഈ പ്രഭാഷണം. ഭഗവത്ഗീതയുടെ അടുക്കളയിൽ ഹിന്ദുത്വത്തിന്റെ സവർണയുക്തികൾ വേവിച്ചെടുത്തു വിളമ്പുന്ന സാംസ്‌കാരിക നായകർക്കു മലയാളത്തിലും പഞ്ഞമില്ല. മൊത്തത്തിൽ കേരളത്തിൽ ശക്തിപ്രാപിക്കുന്ന ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതമൗലികവാദങ്ങളെയും പൗരോഹിത്യ ഭീകരതയെയും രാഷ്ട്രീയ-മത-ജാതി കൂട്ടുകെട്ടുകളെയും മറനീക്കിക്കാണിക്കുന്ന സാറാജോസഫ് നരേന്ദ്രപ്രസാദ്, മാധവിക്കുട്ടി, എം.ജി.എസ്, ഒ.വി. വിജയൻ, പുനത്തിൽ കുഞ്ഞബ്ദുള്ള തുടങ്ങിയവരുടെ നിലപാടുകളിൽ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്ന വർഗീയതയുടെ ദംഷ്ട്രകൾ തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്. അമൃതാനന്ദമയിയെ ദലിത് സ്ത്രീയെന്ന നിലയിൽ ന്യായീകരിക്കുന്ന സക്കറിയയെപ്പോലും സാറാജോസഫ് വെറുതെവിടുന്നില്ല. അവർ പറയുന്നു: 'വർഗീയതയ്‌ക്കെതിരെയുള്ള പ്രയോഗം എന്ന രീതിയിലാണ് എഴുത്തിൽ ഇന്ന് ഉയർന്നുവന്നിട്ടുള്ള ദളിത്/സ്ത്രീവാദങ്ങളേയും തിരിച്ചറിയേണ്ടത്. ഹിന്ദുവർഗീയത പ്രാന്തവൽക്കരിച്ച് ബ്രാഹ്മണേതര വംശീയതകളുടെ സംസ്‌കാരം എഴുത്തിന്റെ കേന്ദ്രത്തിലേക്കു വരുന്നതിലൂടെ മാത്രമേ എഴുത്തിലെ ബ്രാഹ്മണാധിപത്യം അട്ടിമറിക്കപ്പെടുകയുള്ളു. ഏതൊരു ഭാഷയും ഏതൊരു സംസ്‌കാരവും ഒരു ന്യൂനപക്ഷത്തിന്റെയും കുത്തകയിലും സൂക്ഷിപ്പിലും അല്ല എന്ന് അങ്ങനെയാണ് സ്ഥാപിക്കപ്പെടുക.

ബ്രാഹ്മണവംശീയതയ്ക്കകത്ത് നിലനിർത്തിയിരിക്കുന്ന സ്ത്രീ/പുരുഷ വൈരുദ്ധ്യങ്ങളെ ചോദ്യം ചെയ്യുന്നതാണ് 'പെണ്ണെഴുത്ത്'. സ്ത്രീയുടെ ശബ്ദവും കാഴ്ചയും അനുഭവവും അടയ്ക്കപ്പെട്ടിരുന്ന എഴുത്തിന്റെ ലോകത്ത്, സ്ത്രീക്ക് നാവുണ്ടാക്കുന്നതും അവൾ സ്വന്തം സ്ഥാനം നിർണയിക്കുന്നതും പ്രധാനപ്പെട്ട സംഗതികളാണ്. പെണ്ണെഴുത്ത്, ദളിത് എഴുത്ത് തുടങ്ങിയവ നീചമായ വിഭാഗീയതകളാണെന്നു വിലയിരുത്തുന്നത് വർഗീയതയ്‌ക്കെതിരായി എഴുത്തിന്റെ സാധ്യതകളെ തള്ളിക്കളയലാണ്.

ഇന്ന് എഴുത്തുകാരുടെ മൗനവും അവരുടെ സംതൃപ്തിയും അവരുടെ ഭയവും ചെറുത്തുനിൽപ്പുകളോടുള്ള അവരുടെ ഉദാസീന മനോഭാവവും പരിഹാസവും തന്നെയാണ് സമൂഹത്തിന്റെ കേന്ദ്രസ്ഥാനത്തുനിന്നു എഴുത്തുകാരെ മാറ്റിക്കളയുന്നത്'.

നിത്യചൈതന്യയതിയുടെ പ്രഭാഷണം മലയാളിക്കു ലഭ്യമായ മതപ്രഭാഷണങ്ങളിൽ മാനവികതയുടെ സ്പർശം നിറഞ്ഞ ചുരുക്കം ചില മാതൃകകളിലൊന്നാണ്. പൊതുവെ മതപ്രഭാഷണങ്ങളിൽ കാണാത്ത ചിന്തയുടെ ആഴവും വായനയുടെ പരപ്പും മതേതര മാനവികതയുടെ ഊർജ്ജവും യതിയുടെ വാങ്മയത്തിലുണ്ട്. ആധുനിക മലയാളിയുടെ സാംസ്‌കാരിക നായകരിലൊരാളായി മാറാൻ യതിക്കു കഴിഞ്ഞത് സചേതനവും മൂർത്തവുമായ ഇത്തരം മാനവികാഖ്യാനങ്ങളിലൂടെയായിരുന്നു. ഒരുഭാഗം നോക്കുക: 'വിക്ടർ ഹ്യൂഗോയുടെ ഒരു കഥയുണ്ട്. അദ്ദേഹത്തിന്റെ മകളുടെ കുഞ്ഞ് അവൾക്ക് അഞ്ച് വയസ്സുള്ളപ്പോൾ വിക്ടർ ഹ്യൂഗോ കുഞ്ഞിന്റെ കൈപിടിച്ചുകൊണ്ട് നടക്കാൻ പോകും. ഒരു ഒലിവ് മരത്തിന്റെ ചുവട്ടിൽ പോയിരുന്ന് ദിവസവും കുഞ്ഞിനോട് കഥ പറയും. അപ്പോഴൊന്നും അദ്ദേഹം ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു കാര്യം ഉണ്ടായി. ഒരുദിവസം കുഞ്ഞിന് കാലത്ത് സന്നി വന്ന് മരിച്ചുപോയി. അതിനെ പള്ളിയിൽ കൊണ്ടടക്കിയിട്ട് പതിവുപോലെ അന്നും വൈകിട്ട് ആ മരത്തിനടുത്തേക്ക് തന്നെ നടന്നുപോയി. കയ്യിൽ നിന്ന് എന്തോ ഒന്ന് നഷ്ടപ്പെട്ടിരിക്കുന്നു. കുഞ്ഞ് വിരൽ പിടിക്കുന്നിടത്ത് തണുത്തു. ആ കുഞ്ഞിന്റെ നഷ്ടം. അവിടെ ചെന്ന് മരച്ചുവട്ടിലിരുന്ന് കൈകൾ കൊണ്ട് തപ്പിയപ്പോൾ ഒരുപാട് പൂമൊട്ടുകൾ തറയിൽ കിടക്കുന്നു. വിരിഞ്ഞിട്ടില്ലാത്ത പൂവുകൾ. അതിലൊരു പൂമൊട്ടെടുത്ത് നോക്കിയപ്പോൾ കരച്ചിൽ വന്നു. വിക്ടർ ഹ്യൂഗോ പറഞ്ഞു: 'ദൈവമേ, നിനക്ക് എത്രായിരം മരങ്ങൾ, ഓരോ മരത്തിലും എത്ര കോടി പൂക്കൾ! അതിലൊന്നു പ്രായമെത്തുന്നതിനു മുമ്പ് കരിഞ്ഞു താഴെ വീണുപോയാൽ നിനക്കത് സാരമില്ല. നിനക്കിനിയും ആയിരമായിരം ആരാമങ്ങളിൽ പൂക്കൾ നിറയ്ക്കാം. എന്റെ ദൈവമേ എന്നെ നോക്കാതെ നിന്റെ തലയൊന്നു തിരിക്കൂ. ഞാൻ മനുഷ്യനാണ്. ഞാൻ കരഞ്ഞുകൊള്ളട്ടെ'. ഇത് വളരെ അനുഭവസ്പൃക്കാണ്. ഞാനതൊരു പാട്ടായിട്ടെഴുതി. അത് ഈയിടെ പതിനേഴ് വയസ്സുകാരനായ ഒരു കുട്ടി പഠിച്ചുകൊണ്ടുവന്ന് എന്റെ മുമ്പിൽനിന്ന് അവൻതന്നെ അതു പാടി. 'ദൈവമേ, ഞാനൊരു മനുഷ്യൻ. നീ നിന്റെ തലയൊന്ന് അങ്ങോട്ട് തിരിക്കൂ' എന്ന് പറഞ്ഞപ്പോൾ എനിക്ക് കണ്ണീരടക്കാൻ കഴിഞ്ഞില്ല. അവനും കണ്ണീരുറ്റിക്കൊണ്ടു തന്നെയാണ് ആ പാട്ട് പാടുന്നത്. ഇതാരുടെ ഹൃദയത്തെയാണ് സ്പർശിക്കാത്തത്? അവിടെ വച്ചൊക്കെയാണ് നാം തിരികെ മനുഷ്യരായിത്തീരുന്നത്. ഈ അനുഭവം നാം എത്രകണ്ട് നമ്മുടെ കുഞ്ഞുങ്ങളിലേക്കുകൂടി പകർത്തിക്കൊടുക്കാൻ ശ്രമിക്കുന്നുവോ അവിടെ നാം വിജയിക്കും'.

ഏ.ആർ, ജി, ബഷീർ, ദേവ്, സക്കറിയ എന്നിവരുടെ പ്രഭാഷണങ്ങൾ ശരാശരി നിലവാരം മാത്രം പുലർത്തുന്നവയാണ്. ആദ്യത്തേതുരണ്ടും സാഹിത്യപഠനങ്ങളാണെങ്കിൽ ബാക്കി മൂന്നും വിഷയവ്യാപ്തിയുള്ളപ്പോഴും ആത്മനിഷ്ഠമായ അനുഭവാവിഷ്‌ക്കാരങ്ങളാണ്.

എം ടി, പത്മനാഭൻ, മാധവിക്കുട്ടി, വിജയൻ എന്നിവരുടെ പ്രഭാഷണങ്ങൾ ശരാശരിക്കും താഴെനിൽക്കുന്നവയാണ്. നിശ്ചയമായും ഇവരുടെ (സക്കറിയയുടെയും) മികച്ച എത്രയെങ്കിലും പ്രഭാഷണങ്ങൾ മലയാളിക്കു പരിചിതമാണ്!ഒ.എൻ.വി, സാനു എന്നിവരുടെ പ്രഭാഷണങ്ങളാകട്ടെ, പരാമർശയോഗ്യംതന്നെയല്ല, വെറും പയ്യാരം പറച്ചിലുകൾ.

കേസരി, മുണ്ടശ്ശേരി, ചങ്ങമ്പുഴ, എംപി. പോൾ, സി.ജെ, കുറ്റിപ്പുഴ, സച്ചിദാനന്ദൻ തുടങ്ങിയവരുടെ അഭാവമാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പരിമിതി. എങ്കിലും മലയാളിയുടെ സാംസ്‌കാരിക ചരിത്രബോധത്തെയും ഭൂതകാലത്തെയും നിർമ്മിച്ചെടുക്കുന്നതിനു പ്രഭാഷണങ്ങൾ വഹിക്കുന്ന പങ്കിന്റെ ഭേദപ്പെട്ട മാതൃകകളിൽ ചിലതെങ്കിലും ഈ പുസ്തകം ഉൾക്കൊള്ളുന്നുമുണ്ട്.

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രഭാഷണത്തിൽനിന്ന്:-

ഗാന്ധിജിയെ ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തെ ഞാൻ തൊട്ടിട്ടുമുണ്ട്. തൊടുക മാത്രമല്ല, കൈത്തണ്ടയിൽ കടന്നുപിടിക്കുകയും ചെയ്തു. ഒരുമാതിരി പിളുപിളുപ്പു തോന്നി. മസിലുകൾ ഒന്നും ഉറച്ചതായിരുന്നില്ല. പല്ലുകൾ പോയ മോണ കാണിച്ച് ഗാന്ധിജി എന്നെ നോക്കി ചിരിച്ചു.
ഇത് വൈക്കം സത്യാഗ്രഹകാലത്താണ്. ടി.കെ. മാധവൻ, കെ.പി. കേശവമേനോൻ, ഇ.വി. രാമസ്വാമി നായ്ക്കർ, ജോർജ്ജ് ജോസഫ്, ഡോ. കിച്ച്‌ലു ഇവരൊക്കെ വൈക്കത്ത് വന്നിരുന്നതായി ഓർക്കുന്നു.

ഞാൻ വളരെ വിവരമൊന്നുമുള്ള ആളല്ല. ആയിരം കൊല്ലങ്ങളായിട്ട് ഇന്ത്യയിലുണ്ടായ ഏറ്റവും മഹാനായ ഹിന്ദുവായിരുന്നു മോഹൻ ദാസ് കരംചന്ദ് ഗാന്ധി. ഏറ്റവും മഹാനായ മനുഷ്യനുമായിരുന്നു. അദ്ദേഹത്തിന് ആരോടും വിരോധമുണ്ടായിരുന്നില്ല. ബ്രിട്ടീഷുകാരോടുപോലും.
'ഓം ശാന്തി ശാന്തി'
'ലോകാ സമസ്താ സുഖിനോ ഭവന്തു'
ഈ ശാന്തിമന്ത്രങ്ങൾ ഉരുവിട്ട കർമയോഗിയായിരുന്നു ഗാന്ധിജി. ഈ ഗാന്ധിയെ പ്രാർത്ഥനായോഗത്തിൽവച്ച് വെടിവച്ചുവീഴ്‌ത്തുകയാണ് ചെയ്തത്. രണ്ടുമൂന്നു ദിവസത്തേക്ക് വെടിവച്ചത് ആരാണെന്ന് പറഞ്ഞിരുന്നില്ല. ഗാന്ധിജിയുടെ മരണവൃത്താന്തം കേട്ട് കുറെയധികം മുസ്‌ലിം വീടുകളും പീടികകളും തീവെക്കുകയും കുറേ മുസ്‌ലിംങ്ങളെ കൊല്ലുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റൻ പ്രഭു പറഞ്ഞത്, 'ദൈവമേ ഗാന്ധിജിയുടെ ഘാതകൻ ഒരു മുസ്‌ലിം ആകാതിരിക്കട്ടെ' എന്നായിരുന്നു. പിന്നെയാണ് മനസ്സിലായത്, ക്രൂരമായി ഗാന്ധിജിയെ വെടിവച്ചുവീഴ്‌ത്തിയത് ഒരു ബ്രാഹ്മണനാണെന്ന്. ബ്രാഹ്മണൻ. ബ്രഹ്മജ്ഞാനതി ബ്രാഹ്മണഃ ആദി ബ്രഹ്മമേ നമസ്‌കാരം.

രാഷ്ട്രപിതാവിന്റെ കഥ അങ്ങനെ കഴിഞ്ഞു. ജവഹർലാൽ നെഹ്‌റു, സർദാർ പട്ടേൽ, രാജേന്ദ്രപ്രസാദ്, മൗലാനാ അബ്ദുൽ കലാം ആസാദ്, അതിർത്തി ഗാന്ധി അബ്ദുൽ ഗാഫർ ഖാൻ, ഡോ. അംബേദ്കർ, സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോർ ഇവരെയൊക്കെ നമുക്ക് വെടിവച്ചു കൊല്ലാമായിരുന്നു. സുവർണാവസരം നഷ്ടപ്പെടുത്തി. തോക്കുകൾ ധാരാളമുണ്ട്. വെടി കൊള്ളാൻ പറ്റിയ നെഞ്ചുകളും ഹൃദയങ്ങളും ഒരുപാടുണ്ട്. ഇനിയും വെടിവെക്കാം.

ഗോഡ്‌സെയുടെ തോക്കിൽനിന്ന് പുറപ്പെട്ട വിഷക്കാറ്റാണ് ആർഷഭാരതത്തിൽ ഇപ്പോൾ വീശിക്കൊണ്ടിരിക്കുന്നത്. സത്യം, നീതി, ധർമം, സ്‌നേഹം, കാരുണ്യം ഒക്കെ മുഴുനായും പോയിട്ടില്ല. നന്മയുടെ പൂക്കൾ ഇപ്പോഴും ഇവിടെ വിരിയുന്നുണ്ട്. പക്ഷേ വിഷക്കാറ്റേറ്റ് വാടിക്കൊണ്ടിരിക്കുകയാണെന്നു മാത്രം. എനിക്കൊന്ന് പറയാനുള്ളത്, നാം നിവസിക്കുന്ന സുന്ദരമായ ഈ ഭൂഗോളം ആരുടെയും അമ്മയ്ക്ക് സ്ത്രീധനമായി കിട്ടിയതല്ല എന്നാണ്. അതുപോലെതന്നെ ഇതിലുള്ള ഓരോ രാഷ്ട്രവും. മനുഷ്യർക്കും മൃഗങ്ങൾക്കും പക്ഷി പറവകൾക്കും ഇഴജന്തുക്കൾക്കും ജലജീവികൾക്കും ഇവിടെത്തന്നെ കഴിയണം. ഇവരൊക്കെ വേറെ എങ്ങോട്ടു പോകും.

നമ്മൾ സമരം ചെയ്തത്, ത്യാഗമനുഷ്ഠിച്ചത്, ഇന്നു കാണുന്ന ഇന്ത്യയ്ക്ക് വേണ്ടിയാണോ? ഇവിടെ പച്ചനുണകൾ കെട്ടിച്ചമച്ച് ചരിത്രമെന്ന പേരിൽ വർഗീയക്കാറ്റ് വീശിക്കൊണ്ടിരിക്കുകയാണ്. ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല. നിങ്ങൾ ചിന്തിച്ചാൽ മതി.

മലയാളത്തിന്റെ പ്രഭാഷണങ്ങൾ
എഡി: അർഷാദ് ബത്തേരി
ഒലിവ് പബ്ലിക്കേഷൻസ്
2014, 130 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP