Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിറകുമുളച്ച പെൺമ/കൾ

ചിറകുമുളച്ച പെൺമ/കൾ

ഷാജി ജേക്കബ്

'എനിക്കു വേരുകളില്ല, ചിറകുകളേയുള്ളു' - പ്രിയങ്കചോപ്ര

മലയാളനോവലിന്റെ കലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സവിശേഷമായ സൗന്ദര്യശാസ്ത്രവ്യതിയാനങ്ങളിലൊന്ന്, സ്‌ത്രൈണാനുഭവങ്ങളുടെ ആഖ്യാനമെന്ന നിലയിൽ അതിനുകൈവരുന്ന ഭാവുകത്വപദവികളാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനവർഷങ്ങളിൽ രൂപംകൊണ്ട ചില സ്ത്രീ-ആത്മകഥകൾ കേട്ടെഴുത്തും പറഞ്ഞെഴുത്തുമൊക്കെയായി അവതരിപ്പിച്ച 'അനുഭവ'സാഹിത്യത്തിന്റെ തുടർവഴികളിലാണ് ഇങ്ങനെയൊരു ഭാവനാമണ്ഡലം നോവലിൽ ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്. നാനാതലങ്ങളിൽ ഉരുവംകൊണ്ടുതുടങ്ങിയ സ്ത്രീസ്വത്വബോധത്തിന്റെയും സ്ത്രീവാദത്തിന്റെയും രാഷ്ട്രീയമൂലധനത്തിനൊപ്പം മുഖ്യമായും മാധവിക്കുട്ടിയുടെ രചനകൾ സൃഷ്ടിച്ചുനൽകിയ സാംസ്‌കാരിക മൂലധനവുമാണെന്നുതോന്നുന്നു, മലയാളത്തിൽ ഇങ്ങനെയൊരു എഴുത്തുഗണത്തിനടിത്തറയൊരുക്കിയത്. എന്തായാലും, സാറാജോസഫ് മുതൽ ദീപാനിശാന്ത് വരെയുള്ളവർ താന്താങ്ങളുടെ രചനാമണ്ഡലങ്ങളിൽ പുനഃസൃഷ്ടിക്കുന്ന സ്‌ത്രൈണതയുടെ ഭിന്ന കർതൃത്വങ്ങൾ മലയാളഭാവനയുടെ രാഷ്ട്രീയ-സൗന്ദര്യമണ്ഡലങ്ങളിലെ ഏറ്റവും ജനകീയമായ ഭാവധാരയായി വേറിട്ടുനിൽക്കുന്നു.

കെ. ആർ. ഗൗരിയമ്മയും കെ. അജിതയും നിലമ്പൂർ ആയിഷയും ദേവകിനിലയങ്ങോടും സി.കെ. ജാനുവും സെലീനാപ്രക്കാനവും നളിനി ജമീലയും സിസ്റ്റർ ജസ്മിയും മയിലമ്മയും എം.കെ. രമയും ജെ. ദേവികയും ഖദീജാമുംതാസും ശാരദക്കുട്ടിയും ഭാഗ്യലക്ഷ്മിയും സാറാജോസഫും സംഗീതാശ്രീനിവാസനും കെ.ആർ. മീരയും ഇന്ദുമേനോനും ഉമാപ്രേമനും ഷെമിയും ഷേർലിവാസുവും രേഖാരാജും ദീപാനിശാന്തും അരുന്ധതിയും ഉൾപ്പെടെ എത്രയെങ്കിലും സ്ത്രീകളുണ്ട്, തങ്ങളുടെ വ്യക്ത്യനുഭവങ്ങളെയും സ്ത്രീയുടെ സാമൂഹ്യാവസ്ഥകളെയും കൂട്ടിയിണക്കുന്ന സൗന്ദര്യരാഷ്ട്രീയത്തിന് 'സാഹിത്യ'സ്വരൂപം നൽകി രംഗത്തുവന്നവരായി.

ചരിത്രത്തിന്റെ ബലതന്ത്രങ്ങൾ മുതൽ ഭരണകൂടത്തിന്റെ അധീശത്വങ്ങൾവരെ; പ്രത്യയശാസ്ത്രങ്ങളുടെ ഫാസിസ്റ്റ് ക്രമങ്ങൾ മുതൽ ജാതിവ്യവസ്ഥയുടെ ഭ്രാന്തുകൾവരെ; മതങ്ങളുടെ മതിൽക്കെട്ടുകൾ മുതൽ ശരീര-ലൈംഗിക കാമനകളുടെ തീത്തള്ളലുകൾ വരെ; രാഷ്ട്രീയ-വൈജ്ഞാനിക മണ്ഡലങ്ങളിലെ പുരുഷക്കോയ്മകൾ മുതൽ കലാസാഹിത്യരംഗങ്ങളിലെ ലാവണ്യശാസ്ത്രങ്ങൾ വരെ-ഒന്നും ഈയൊരു സ്‌ത്രൈണ സർഗാത്മകതയുടെ കുത്തൊഴുക്കിൽ ആഞ്ഞുലയാതെ ബാക്കിനിൽക്കുന്നില്ല. അപൂർവമായെങ്കിലും ഇത്തരമൊരു സ്‌ത്രൈണകർതൃത്വത്തിന്റെ ഭാവമണ്ഡലത്തിലിടപെടാൻ ശ്രമിക്കുന്ന ആണെഴുത്തുകളുമുണ്ട്. കെ.വി. മണികണ്ഠന്റെ 'മൂന്നാമിടങ്ങൾ' എന്ന നോവൽ ഇത്തരമൊരു ശ്രമമാണ്.

1984 മുതലുള്ള അരനൂറ്റാണ്ടിന്റെ കാലഭൂമികയിൽ 2033ൽ ഭാവനചെയ്യപ്പെടുന്ന നോവലായാണ് 'മൂന്നാമിടങ്ങ'ളുടെ അവതരണം. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ദിവസം ശശിക്കും ലളിതക്കും ജനിച്ച പെൺകുഞ്ഞിന് അവർ ഇന്ദിര എന്നു പേരിട്ടു. ലളിതയുടെ സഹോദരിയുടെ മക്കളാണ് നരേന്ദ്രനും ദേവേന്ദ്രനും. ഇന്ദിരക്ക് ഏറ്റവും പ്രിയപ്പെട്ട ജ്യേഷ്ഠനും സുഹൃത്തുമായിരുന്നു നരേന്ദ്രൻ. അസാധാരണ പ്രതിഭയുള്ള ചിത്രകാരനായി അവൻ വളർന്നു. പഠനത്തിൽ മോശമായപ്പോൾ അച്ഛൻ നരേന്ദ്രനെ ബോർഡിംഗിലാക്കി. അവിടെ നിന്നു പുറത്താക്കപ്പെട്ട് വീട്ടിലെത്തിയ നരേന്ദ്രൻ അമ്മയ്‌ക്കൊപ്പം താമസിക്കാനെത്തിയ ഭാനുച്ചേച്ചിയുമായി അടുത്തു. അച്ഛനുമമ്മയും അതുകണ്ടുപിടിച്ചതോടെ നാടുവിട്ട നരേന്ദ്രൻ കൽക്കത്തയിലെത്തി. വിഖ്യാത ചിത്രകാരനായ ആലംബാബാ ഖുർഷിദിന്റെ ശിഷ്യനായി. ഗിൽബർട്ട് എന്ന ചിത്രവ്യാപാരിയുടെ സഹായത്തോടെ ഫ്രാൻസിലെത്തിച്ചേർന്ന നരേന്ദ്രൻ രാജ്യാന്തര പ്രശസ്തനായി. അയാൾക്കു ലഭിച്ച പുരസ്‌കാരത്തിന്റെ വാർത്ത ടെലിവിഷനിൽ കണ്ട് അമ്മയും ഇന്ദിരയുമൊക്കെ വീട്ടിലേക്കയാളെ തിരിച്ചുവിളിച്ചു. ബാബയുടെ മകൾ സാറ, ദുബായിയിലെ ഷേക്കിന്റെ മകൾ റോള തുടങ്ങി പല സ്ത്രീകളും നരേന്ദ്രന്റെ ജീവിതത്തിൽ കയറിയിറങ്ങിപ്പോയി. ഒടുവിൽ നാട്ടിലെത്തിയ നരേന്ദ്രനെ അമ്മയുടെ കണ്ണീരും ഇന്ദിരയുടെ സ്‌നേഹവും അവിടെത്തന്നെ തടഞ്ഞുനിർത്തി. ഒരുകാലത്ത് നക്‌സലൈറ്റായിരുന്ന ഇളയച്ഛൻ ശിവരാമകൃഷ്ണൻ മന്ത്രവാദിയായും ഭ്രാന്തനായും മാറുന്നതിന് നരേന്ദ്രനും ഇന്ദിരയും സാക്ഷികളായി. ഇന്ദിര വക്കീലും കവിയുമായിക്കഴിഞ്ഞിരുന്നു. 'ഞാനൊരു കന്യകയല്ല' എന്നു പ്രഖ്യാപിച്ച മസോക്കിസ്റ്റും പത്രപ്രവർത്തകയുമായ അഹല്യയെ നരേന്ദ്രൻ വിവാഹം ചെയ്തു. ഇന്ദിരയ്ക്കു നരേന്ദ്രനോടുള്ളത് അഗമ്യഗമനമെന്നുതന്നെ വിളിക്കാവുന്ന പ്രണയവും ആരാധനയുമാണെന്നു മനസ്സിലാക്കിയ അഹല്യ, അവളെയും തങ്ങൾക്കൊപ്പം താമസിപ്പിക്കുന്നു; പിന്നെ പിണക്കിയയ്ക്കുന്നു. പിന്നീടവർ ഫ്രാൻസിലേക്കുപോയി. ഗർഭപാത്രഭിത്തികളുടെ കനക്കുറവുമൂലം തനിക്കൊരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കുന്ന അഹല്യ, നരേന്ദ്രനെ നിർബന്ധിച്ച് ഇന്ദിരയെ ഫ്രാൻസിലേക്കു വരുത്തുന്നു. നരേന്ദ്രന്റെയും അഹല്യയുടെയും കുഞ്ഞിനെ ഇന്ദിരയുടെ ഗർഭപാത്രത്തിൽ വളർത്താൻ അവർ അവളെക്കൊണ്ട് സമ്മതിപ്പിക്കുന്നു. ഇരട്ടക്കുട്ടികളായിരുന്നു, ജനിച്ചത്. യമുനയും കാവേരിയും. യമുനയെ നരേന്ദ്രനും അഹല്യയും എടുത്തു. കാവേരിയെ ഇന്ദിരക്കുനൽകി. അവൾ മകളുമൊത്ത് ഇന്ത്യയിലേക്കു മടങ്ങി. വർഷങ്ങൾക്കുശേഷം ഇന്ദിരയുടെ കുമ്പസാരം ഒരു ടിവിചാനൽ സംപ്രേഷണം ചെയ്യുന്നു.

സ്വന്തം സഹോദരന്റെ കുഞ്ഞുങ്ങളെ പ്രസവിച്ചും അതേറ്റുപറഞ്ഞും സമൂഹത്തിൽ സദാചാരക്കൊടുങ്കാറ്റിളക്കിവിട്ട ഇന്ദിരയുടെ ജീവചരിത്രം അവളുടെ ഉറ്റ സുഹൃത്തും സഹപ്രവർത്തകയും ജീവിതപങ്കാളിതന്നെയുമായ ഡാലിയ നോവലായി എഴുതി. അഹല്യയും ഇന്ദിരയും ഡാലിയയും നരേന്ദ്രനുമൊക്കെച്ചേർന്ന് അത് എഡിറ്റുചെയ്തു. അഹല്യയെ പ്രാപിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ഹരിനാരായണൻ എന്ന മാദ്ധ്യമമേധാവി ആ നോവൽ പ്രസിദ്ധീകരിച്ചു. അതാണ് 'മൂന്നാമിടങ്ങൾ'.

ജീവിതവും കഥയും രണ്ടല്ല എന്നു പ്രഖ്യാപിച്ചുകൊണ്ട് മെറ്റഫിക്ഷന്റെ (അധികഥ) ആഖ്യാനരസതന്ത്രമേറ്റുവാങ്ങി കെ. വി. മണികണ്ഠൻ രചിക്കുന്ന 'മൂന്നാമിടങ്ങൾ' കഥയ്ക്കുള്ളിലെ ജീവിതവും ജീവിതത്തിനുള്ളിലെ കഥയുമായി നേടുന്ന ഇരട്ട സ്വരൂപമാണ് ഈ നോവലിന്റെ ഏറ്റവും ശ്രദ്ധേയമായ കലാതന്ത്രം. പല ലാവണ്യധർമങ്ങൾ ഒരുമിച്ചു നിറവേറ്റിക്കൊണ്ടാണ് മൂന്നാമിടങ്ങൾ ഈവിധമൊരു ആഖ്യാനഘടന മുന്നോട്ടുവയ്ക്കുന്നത്. എഴുത്തിലും പ്രസാധനത്തിലും പുലർത്തുന്ന 'അധ്യാത്മകത', നോവലിലെ മനുഷ്യർ എന്ന നിലയിലും നോവലെഴുതുന്ന മനുഷ്യർ എന്ന നിലയിലും കഥാപാത്രങ്ങൾ കൈവരിക്കുന്ന ഉഭയജീവിതം, ഡാലിയയുടെ നോവൽ കഥയും മണികണ്ഠന്റെ നോവൽ ജീവിതവുമായി മാറുന്ന (തിരിച്ചും പറയാം!) കൗതുകകരമായ ഭാവനാതലം, കഥാപാത്രങ്ങൾതന്നെ എഡിറ്റുചെയ്യുന്ന എഴുത്തിന്റെ മാന്ത്രികഘടന, ആത്മകഥ, ജീവചരിത്രം, നോവൽ, അനുഭവം തുടങ്ങിയ രൂപങ്ങൾ കലങ്ങിമറിയുന്ന ആഖ്യാനം.... അധികഥയുടെ സൗന്ദര്യശാസ്ത്രങ്ങളെ അതിസമർഥമായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് മൂന്നാമിടങ്ങൾ രചിക്കപ്പെട്ടിരിക്കുന്നത്.

നോവൽ എന്നതിനെക്കാൾ അസാധാരണമായ ഒരു ജീവിതത്തിന്റെ അനുഭവം എന്ന നിലയിൽ എഴുതപ്പെടുന്ന മലയാളത്തിലെ സമീപകാല സാഹിത്യരൂപത്തിന്റെ ഘടനയും സ്വരൂപവും നിലനിർത്തുന്ന രചനകൂടിയാണ് മൂന്നാമിടങ്ങൾ. നരേന്ദ്രൻ, ഇന്ദിര, അഹല്യ, ഡാലിയ എന്നീ നാലു പ്രധാന കഥാപാത്രങ്ങളുടെയും ആത്മകഥാപരമോ ജീവചരിത്രപരമോ ആയ ഇടപെടലുകളിലൂടെയാണ് നോവൽ വികസിക്കുന്നത്. ഡാലിയ കർതൃസ്ഥാനത്തുള്ളപ്പോഴും ഈ കഥാപാത്രങ്ങൾ തങ്ങളുടെ കഥ നേരിട്ടോ അന്യോന്യമോ പൂരിപ്പിക്കുന്ന രീതിയിലാണ് നോവലിന്റെ ഘടന. 'ജീവിച്ചിരിക്കുന്നവരും മരിച്ചവരുമാണ് ഈ നോവലിലെ മുഴുവൻ കഥാപാത്രങ്ങളു'മെന്നു സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഡാലിയ തന്റെ രചനയുടെ ഭാവതലം നോവലിനും അനുഭവത്തിനുമിടയിൽ, ഭാവനയ്ക്കും ജീവിതത്തിനുമിടയിൽ സമർഥമായി രൂപപ്പെടുത്തുന്നു.

ഒന്നിലേറെ സ്ത്രീകളുടെ സ്‌ത്രൈണകർതൃത്വവും സ്വത്വവും കൂട്ടിയിണക്കുന്ന അസാധാരണമായൊരു രാഷ്ട്രീയസ്വരൂപവും മൂന്നാമിടങ്ങൾക്കുണ്ട്. ഇന്ദിരയാണ് നോവലിന്റെ ഭാവകേന്ദ്രമെങ്കിലും അഹല്യക്കും സുഭദ്രക്കും ഭാനുവിനും സാറക്കും ഡാലിയക്കുമൊക്കെ കഥയിൽ കൈവരുന്ന നിർവഹണധർമങ്ങൾ ഒട്ടും ചെറുതല്ല. സ്ത്രീയുടെ ബഹുസ്വരലിംഗപദവികൾ കൊണ്ട് അടിമുടി പ്രത്യയശാസ്ത്രബദ്ധമായ ഒരു സാംസ്‌കാരികവിനിമയം നടപ്പാക്കുകയാണ് ഈ നോവൽ എന്നുതന്നെ പറയാം. പ്രണയം, ഉഭയ-സ്വവർഗ ലൈംഗികതകൾ, കന്യകാത്വം, വിവാഹം, ദാമ്പത്യം, മാതൃത്വം, ബ്രഹ്മചര്യം... തുടങ്ങിയ കർതൃസ്ഥാനങ്ങളോരോന്നും മുഴുവൻ യാഥാസ്ഥിതികതകൾക്കുമപ്പുറത്തേക്കു വളർത്തിപ്പടർത്തുകയാണ് മണികണ്ഠൻ.


'സിനിമാറ്റിക്' എന്നു വിളിക്കാവുന്നവിധം, ആധുനികതയിൽ പ്രചാരം നേടിയ നോവലിന്റെ എഴുത്തുകലയെ ആദിമധ്യാന്തം സജീവമാക്കി നിലനിർത്തുന്നുണ്ട് മൂന്നാമിടങ്ങൾ. കാഴ്ചയുടെ കോയ്മയിൽ സൃഷ്ടിക്കപ്പെടുന്ന നോവലിന്റെ ദൃശ്യവാങ്മയം. ഓരോ കഥാപാത്രവും താന്താങ്ങളുടെ ജീവിതാവസ്ഥകൾ ഭാഷാത്മകമെന്നതിനെക്കാൾ ദൃശ്യാത്മകമായി പകർന്നുവയ്ക്കുന്നു. മൊണ്ടാഷുകളുടെ പരമ്പരതന്നെയുണ്ട് നോവലിൽ. ദൃശ്യബിംബങ്ങളുടെ സമൃദ്ധിയും വർണ-വാങ്മയങ്ങളുടെ വിന്യാസത്തിൽപോലും സന്നിഹിതമാകുന്ന വിഷ്വൽ എഡിറ്റിംഗിന്റെ കലാത്മകതയും നോവലിലുടനീളം പ്രകടമാണ്.


അഗമ്യഗമനത്തിന്റെ നടുക്കുന്ന മുഹൂർത്തങ്ങൾ പ്രതീക്ഷിക്കുന്ന വായനക്കാരെ സ്വച്ഛന്ദമായൊരു നൂൽപ്പാലത്തിലൂടെ സാകൂതം നടത്തി മറുകരയെത്തിക്കുന്നു, മണികണ്ഠൻ. ഇന്ദിര സ്വന്തം സഹോദരന്റെ മക്കളെ പ്രസവിച്ചുവളർത്തുന്നുവെന്ന താക്കോൽ സന്ദർഭത്തിൽ നിന്നാരംഭിക്കുന്ന നോവലിന്റെ കഥനം, കഥാന്ത്യംവരെ ആ ആകാംക്ഷയുടെ മുൾമുനയൊടിയാതെ സൂക്ഷിക്കുന്നുണ്ട്. ഒരുപക്ഷെ മൂന്നാമിടങ്ങളുടെ ആഖ്യാനത്തിലെ ഏറ്റവും സൂക്ഷ്മമായ ലാവണ്യസമവാക്യവും ഭാവനയുടെ ഈയൊരു വാൾത്തലയാത്രയാണ്.

അതേസമയം, ഈ നോവലിന്റെ കലയെ അനുഭൂതികളായി സ്ഥാനപ്പെടുത്തുന്ന മുഖ്യസൂചിതങ്ങളായി പ്രവർത്തിക്കുന്നത് 'മൂന്നാമിടം' എന്ന രൂപകമാണ്. ഓരോ കഥാപാത്രത്തിന്റെയും ജീവിതം നർവഹിക്കപ്പെടുന്നത് പൊതുബോധം നിശ്ചയിക്കുന്ന ഇടങ്ങളിലല്ല. 'നരേന്ദ്രന്റെ അച്ഛനിഷ്ടം നരേന്ദ്രനെയല്ല, മറ്റുള്ളവരുടെ മക്കളെയാണ്' എന്ന ആദ്യവാക്യം തൊട്ടുതുടങ്ങുന്നു, ഈ ഭാവബന്ധം. നരേന്ദ്രന്റെയും അഹല്യയുടെയും മകൾ അവരുടേതു മാത്രമല്ല, തന്റേതുകൂടിയാണെന്ന് ഇന്ദിരയറിയുന്ന അവസാന വാക്യംവരെ അതു തുടരുകയും ചെയ്യുന്നു. തങ്ങളുടെ കുഞ്ഞു ജനിക്കേണ്ടത് മൂന്നാമതൊരു ശരീരത്തിൽ നിന്നാണെന്നു തിരിച്ചറിയുന്ന നരേന്ദ്രനും അഹല്യയും കണ്ടെത്തുന്ന 'വാടകമാതൃത്വ'(surrogate motherhood)ത്തിന്റെ വെറുമൊരു കഥയല്ല 'മൂന്നാമിടങ്ങൾ' . മർത്യജീവിതത്തിൽ നിയോഗങ്ങൾപോലെ വന്നുഭവിക്കുന്ന മൂന്നാമിടങ്ങളുടെ കഥയാണത്. സ്ഥല-കാലസങ്കല്പങ്ങളിൽ, ആവാസ-കർമമണ്ഡലങ്ങളിൽ, ശരീര-ലൈംഗികകർതൃത്വങ്ങളിൽ, ഭൗതിക-ആത്മീയ വ്യവസ്ഥകളിൽ, ആത്മ-അപരസ്വത്വങ്ങളിൽ ഒക്കെയും ഈ നോവലിലെ ഭാവബന്ധങ്ങളായി പ്രവർത്തിക്കുന്നത് ഈ മൂന്നാമിടങ്ങൾ തന്നെയാണ്.

ശിവരാമകൃഷ്ണന്റെയും കുഞ്ഞർദ്ദുവിന്റെയും വൈരുധ്യാത്മക ഭൗതികവാദത്തെ ആത്മീയതയുടെയും കച്ചവടത്തിന്റെയും വൈരുധ്യങ്ങളില്ലാത്ത വിപണിസമവാക്യങ്ങളിലേക്കു സഞ്ചരിപ്പിക്കുന്ന ആക്ഷേപഹാസ്യത്തോളമെത്തുന്ന ഐറണികൾ മുതൽ 2033ലെഴുതുന്ന നോവലിന്റെ കാലമാപിനിയിലെ ഭാവിസൂചകങ്ങൾ വരെ എത്രയെങ്കിലും ജീവിതസന്ദർഭങ്ങളിലേക്കു വേരുപടർത്തുന്നുണ്ട് 'മൂന്നാമിടങ്ങൾ' . ചിത്രകലയും കവിതയും ഭ്രാന്തും മന്ത്രവാദവും സ്വവർഗരതിയും വിവാഹേതര ലൈംഗികതയും സൃഷ്ടിക്കുന്ന കാമനാലോകങ്ങളുടെ നിറന്ന പീലിയാട്ടങ്ങൾ നോവലിലുടനീളം കാണാം. രതി-വിരതികളുടെ സംഗമസ്ഥാനങ്ങൾ മുതൽ സ്ത്രീ-പുരുഷജന്മങ്ങളുടെ വപരീതനിയോഗങ്ങൾ വരെയുള്ളവ മൂന്നാമിടങ്ങളിൽ ഒരേപോലെ തിടംവച്ചുനിൽക്കുന്നു. ഭാഷയുടെയും ഭാഷണത്തിന്റെയും രൂപകസമ്പന്നമായ ചിഹ്നവ്യവസ്ഥകളിലൂടെ ഈ നോവൽ കൈവരിക്കുന്ന വായനാക്ഷമത എടുത്തുപറയേണ്ട ഒന്നാണ്. അതിന്റെ സൂക്ഷമമായ നിരീക്ഷണപാടവവും അനുഭവസാന്ദ്രമായ മനുഷ്യാവസ്ഥകളും സംയോജിപ്പിക്കുന്ന എത്രയോ ഭാവഗീതങ്ങളുണ്ട് മൂന്നാമിടങ്ങളിൽ. ചിലത് നോക്കുക.


'നരേന്ദ്രന്റെ ഉള്ളിൽനിന്ന് കരച്ചിൽ നുരഞ്ഞുപൊന്തി. അത് നിശ്ശബ്ദമാക്കാൻ വലിയ വലുപ്പത്തിൽ വായ തുറന്നുപിടിച്ചു. ഹാ, എന്ന ശബ്ദത്തിൽ കരച്ചിൽ തളച്ചിട്ടു'.

'ഈ അച്ഛനും അമ്മയും പണ്ട് പ്രേമത്തിലായിരുന്നു. ലില്ലി ടീച്ചർ ഡെയ്‌സി ടീച്ചറോട് പറയുന്നത് അവൾ കേട്ടതാണ്. കോളേജിൽ അച്ഛൻ സാറും അമ്മ കുട്ടിയുമായിരുന്നു. അപ്പോ അമ്മ അച്ഛനെ എന്തായിരുന്നാവോ വിളിച്ചിരുന്നത്? സാർ എന്നോ മാഷേ എന്നോ അതോ വേണുവേട്ടാ എന്നോ. സംശയം അമ്മയോടൊരിക്കൽ ചോദിച്ചു. വെണ്ടക്ക മുറിക്കുകയായിരുന്നു അമ്മ. അതുനിർത്തി ഇത്തിരി നേരം അഹല്യയെ നോക്കിയിരുന്നു. പിന്നെ ശ്വാസം ഉള്ളിലേക്കു നീട്ടിവലിച്ചു. അതുപോലെ നീട്ടി പുറത്തേക്കു വിട്ടു'.

'ഗർഭപാത്രത്തിലേക്കു നീളുന്ന വളഞ്ഞുപുളഞ്ഞു കിടക്കുന്ന നീളമേറിയ പൊക്കിൾകൊടിപോലെയാണ് വീട്ടിലേക്കുള്ള വഴി'.

'താഴെ, ദേഹം നിറയെ ഉദ്ധരിച്ച ലിംഗങ്ങളുള്ള വിചിത്രരൂപിയായ കടൽജീവി കണക്കെ ദുബായ് നഗരം കടലിൽ ചത്തുപൊന്തി കിടക്കുന്നത് നരേന്ദ്രൻ കണ്ടു'.

സമീപകാലത്ത് മലയാള നോവൽഭാവനയിലുണ്ടായ മൗലികമായ രചനകളിലൊന്ന് എന്ന നിലയിൽ മൂന്നാമിടങ്ങൾ നമ്മുടെ സാഹിത്യചരിത്രത്തിൽ സ്വന്തം സ്ഥാനമുറപ്പിക്കുന്നത് എഴുത്തിന്റെയും വായനയുടെയും പലതരം സാമ്പ്രദായിക ഇടങ്ങളെയും റദ്ദാക്കി സ്വയം കണ്ടെത്തുന്ന ഒരപരസ്ഥലിയിലാണ്.

നോവലിൽനിന്ന്:-

'കുറച്ചുമാസങ്ങൾക്കു മുമ്പാണ്, സുബൈർ എന്ന കുട്ടി അവളെ അമൂൽ ബേബി എന്നു വിളിച്ചത്. ആൺകുട്ടികൾക്ക് ഒരു സൂത്രപ്പണിയുണ്ട്. ചില ദിവസം അവർ പെൺകുട്ടികളുടെ ഡെസ്‌ക്കിൽ മഷി പുരട്ടും. കാണാൻ മാത്രം ഒന്നുമുണ്ടാകില്ല. എന്നാലും നെഞ്ചും ചാരി ക്ലാസിലിരുന്നപ്പോൾ, അഹല്യയുടെ വെളുത്ത യൂണിഫോമിൽ ഒരു നീല വര! മാറിടത്തിന് കുറുകെ.

അമൂൽ ബേബിയെന്ന് സുബൈർ കളിയാക്കിയത് അവളത്ര കാര്യമാക്കിയിരുന്നില്ല. ഷർച്ച് വൃത്തികേടാക്കിയതിന് പോരാതെ അവന്റെയൊരു തുള്ളിച്ചാട്ടം. അന്നാകട്ടെ അഹല്യ അമ്മയോട് വഴക്കിട്ടാണ് സ്‌കൂളിൽ വന്നതും. അഹല്യയ്ക്ക് തലയ്ക്കകത്ത് ചൂട് പടർന്നു. ചെലിയിൽനിന്ന് ആവി പുറത്തേക്ക് പോകുന്നതുപോലെ. പിന്നെ ഒന്നും അവളുടെ നിയന്ത്രണത്തിലായിരുന്നില്ല. സുബൈറിനെ അവൾ കോളറിൽ പിടിച്ച് പൊക്കി. വലിപ്പമില്ലാത്ത ചെക്കനാണ്. അത് ഭയന്ന് പോയി. ഷെർളിയും വേറെ ചിലരും കൂടി അവളെ പിടിച്ചുമാറ്റി. അഹല്യയുടെ സ്വഭാവം ക്ലാസിൽ എല്ലാവർക്കുമറിയാം. സുബൈർ പെട്ടെന്ന് സ്ഥലം കാലിയാക്കി.'

'നീ, ചൂടാകാതെ. ഇതു കണ്ടോ?' തെല്ലഭിമാനത്തോടെ ഷെർളി നെഞ്ചുന്തി പിടിച്ചു. രണ്ടു ഭാഗത്തായി ചെറിയ ഒരുതരം ചതുരാകൃതിയിൽ നീല മഷി. 'ഇങ്ങനെ രണ്ടു സ്‌പോട്ടടിച്ചാൽ നീ ലേഡിയാകും. ഈ നേർവര കിട്ടിയാൽ അമൂൽ ബേബി' എല്ലാവരും ചിരിച്ചു. ചിരിച്ചവർക്കെല്ലാം രണ്ടു മഷിപ്പാടുണ്ട്.

അവർ സ്ത്രീകളാണ്. താനൊരു കുട്ടിയും. അഹല്യയ്ക്കത് കുറച്ചിലായിപ്പോയി.

അന്നു മുതൽ കുളിമുറിയിലെ വലിയ കണ്ണാടിയിൽ അഹല്യ ദേഹപരിശോധന തുടങ്ങിയതാണ്. സ്വന്തം ശരീരം അവളിൽ കൗതുകമുണർത്താൻ തുടങ്ങി.

വായിൽ വിരലിട്ട് മലർന്ന് കിടക്കുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഉണ്ട് ഷോകേസിൽ. അതിൽ പോലും തനിക്ക് ഇതിലും വലിയ മാറിടങ്ങളാണെന്ന് അവൾക്കു തോന്നി. ഇപ്പോളാകട്ടെ, വീടിനു പിറകിൽ ചിലപ്പോൾ കാണാറുള്ള വവ്വാൽ ചപ്പിയിട്ട കശുമാങ്ങപോലെ പരന്ന നെഞ്ച്.

കപ്പിലെ വെള്ളം കണ്ണാടിയിലേക്ക് അമർഷത്തോടെ എറിയുമായിരുന്നു, ആയിടയ്ക്ക്.

ഈയിടെയായി ലോകമാകെ മാറിയപോലെ തോന്നി അഹല്യയ്ക്ക്. ഇത്തിരിയുള്ള സുബൈറിനുപോലും പെട്ടെന്ന് പൊടിമീശ മുളച്ചിരിക്കുന്നോ? ആൺകുട്ടികളുടെ ഒച്ചയ്‌ക്കെല്ലാം ഗാംഭീര്യം കൂടിയപോലെ. നടക്കുമ്പോൾ അവളറിയാതെ തലകുനിഞ്ഞുപോകുന്നുണ്ടോ. നിർബന്ധബുദ്ധിയോടെ തല ഉയർത്തിതന്നെ നടക്കാൻ അവൾ നിരന്തരം ശ്രമം തുടങ്ങി.

കുറഞ്ഞ നാളുകൾക്കുള്ളിൽ കണ്ണാടിയിലെ തന്റെ ശരീരം മാറുന്നത് അഹല്യ തിരിച്ചറിഞ്ഞു. നിമ്‌നോന്നതങ്ങൾ രൂപം കൊള്ളുന്നു.

പുതുമഴയിൽ പൊന്തുന്ന നനുത്ത കറുകനാമ്പുകൾ.

ഓമനത്തത്തോടെ അവൾ അവളെത്തന്നെ താലോലിച്ച ദിവസങ്ങൾ.

കണ്ണാടി ലജ്ജിച്ച ആ ദിനങ്ങളിലൊരിക്കൽ നെഞ്ചിനുള്ളിൽ എന്തൊക്കെയോ മുളപൊട്ടുന്നതവൾ ആഹ്ലാദത്തോടെ കേട്ടു. പരന്ന മാറിടങ്ങൾ വാശിയോടെ കുടഞ്ഞെണീക്കാൻ തുടങ്ങി.

പിന്നീടൊരിക്കൽ തന്റെ ഒരു ലേഖനപരമ്പരയിൽ കാലമൊരു കാനായി കുഞ്ഞിരാമനാണ് എന്ന് അഹല്യ എഴുതിയിട്ടുണ്ട്.

ആൺകുട്ടികൾ ഇപ്പോൾ മഷിപുരട്ടാത്തതിൽ അവൾക്കു നിരാശ തോന്നി. ഒരു നാൾ വളരെ നേരത്തെ ക്ലാസിലെത്തി ഡെസ്‌ക്കുകളിൽ ആരുമറിയാതെ അഹല്യ മഷി പുരട്ടി.

ഇന്റർവെല്ലിന് മാറത്ത് പതിഞ്ഞ രണ്ട് മുദ്രകളുമായി പെണ്ണത്വത്തോടെ അവൾ നെഞ്ചു വിരിച്ച് നടന്നു'.

മൂന്നാമിടങ്ങൾ
(നോവൽ)
കെ.വി. മണികണ്ഠൻ
ഡി.സി. ബുക്‌സ്
വില: 195 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP