Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാദ്ധ്യമങ്ങളുടെ സാംസ്‌കാരിക രാഷ്ട്രീയം

മാദ്ധ്യമങ്ങളുടെ സാംസ്‌കാരിക രാഷ്ട്രീയം

ഷാജി ജേക്കബ്

കേരളത്തിൽ സർവകലാശാല, കോളേജ്, പഠന, ഗവേഷണ വകുപ്പുകൾ നടത്തുന്ന ദേശീയ, ദേശാന്തര സെമിനാറുകൾ പോലെ ഇത്രമേൽ അർഥശൂന്യവും അസംബന്ധവുമായി മാറുന്ന 'അക്കാദമിക' പ്രവർത്തനങ്ങൾ മറ്റധികമില്ല. നാലണയ്ക്കു വിവരമില്ലാത്തപ്പോഴും കൃത്യമായി സ്ഥാനക്കയറ്റം മോഹിക്കുന്ന അദ്ധ്യാപകരും അവരുടെ മൂടുതാങ്ങികളായ ഗവേഷകരും ചേർന്ന് പരസ്പരം നടത്തുന്ന പുറം ചൊറിയലും യുജിസി ഫണ്ടിന്റെ സംഘടിതമായ വെട്ടിവിഴുങ്ങലും മാത്രമാണ് അവയിൽ നടക്കുക. വളരെ ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രമല്ല ഈ രംഗത്ത് ക്രിയാത്മകമായ അക്കാദമിക- സംസ്‌കാരിക വിമർശനങ്ങൾ സാധ്യമാകും വിധം ഭേദപ്പെട്ട പ്രബന്ധങ്ങളുടെ അവതരണങ്ങളും സംവാദങ്ങളും നടക്കാറുള്ളു. അത്തരത്തിലൊരു സെമിനാറിൽ അവതരിപ്പിക്കപ്പെട്ട പതിനാറു പ്രബന്ധങ്ങളുടെ സമാഹാരമാണ് 'നവമാദ്ധ്യമപാഠങ്ങൾ'. കണ്ണൂർ സർവകലാശാലാ മലയാള വിഭാഗവും കണ്ണൂർ ആകാശവാണി നിലയവും സംയുക്തമായി സംഘടിപ്പിച്ച 'മാദ്ധ്യമം: സമൂഹം, രാഷ്ട്രീയം, സംസ്‌കാരം' എന്ന പ്രഭാഷണ പരമ്പരയുടെ ഉപോൽപന്നങ്ങളിലൊന്ന്.

അച്ചടി, ശ്രവ്യ, ദൃശ്യ, നവമാദ്ധ്യമങ്ങൾ മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിൽ സൃഷ്ടിക്കുന്ന രാഷ്ട്രീയാനുഭവങ്ങളുടെ അപഗ്രഥനങ്ങളാണ് ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ ഈ പുസ്തകത്തിന്റെ ഉള്ളടക്കം. പത്രം, ആനുകാലികം, റേഡിയോ, സിനിമ, ടെലിവിഷൻ, മൊബൈൽ ഫോൺ, എന്നിങ്ങനെയുള്ള മാദ്ധ്യമരൂപങ്ങളും അവയിൽ നടപ്പാകുന്ന നാനാതരം മാദ്ധ്യമപ്രയോഗങ്ങളും ചേർന്നു സൃഷ്ടിക്കുന്ന സാംസ്‌കാരികാനുഭവങ്ങളുടെ കലയും പ്രത്യയശാസ്ത്രവും വിശകലനം ചെയ്യുന്ന പഠനലേഖനങ്ങൾ. എല്ലാ ലേഖനങ്ങളും സമഗ്രവും ആധികാരികവും രാഷ്ട്രീയബദ്ധവുമാണെന്നല്ല പറഞ്ഞുവരുന്നത്. നിശ്ചയമായും മലയാളത്തിലെ മാദ്ധ്യമപഠനരംഗത്ത് ഒന്നും രണ്ടും മൂന്നും നിരയിൽ വരാവുന്ന രചനകൾ ഈ പുസ്തകത്തിലുണ്ട്.

ബഹുജനമാദ്ധ്യമങ്ങളുടെ സാങ്കേതികവും ഉള്ളടക്കപരവും ഗണ-രൂപപരവും ആഖ്യാനപരവുമൊക്കെയായ വിശകലനങ്ങൾ, ചരിത്രപരമായി രൂപപ്പെടുന്ന ഭാവബന്ധങ്ങളുടെ അവലോകനങ്ങൾ, ഭാഷ, സാഹിത്യം, സംഗീതം, നാടകം തുടങ്ങിയ ഇതര സാംസ്‌കാരിക മണ്ഡലങ്ങളുമായുള്ള ബന്ധത്തിന്റെ അപഗ്രഥനങ്ങൾ, ജനപ്രിയ-വരേണ്യ സംസ്‌കാര വിചാരങ്ങൾ, ഭരണകൂടം വിപണി തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള വിനിമയങ്ങളുടെ മറനീക്കൽ, സാമൂഹ്യജീവിതത്തിന്റെ കീഴാളവും പാർശ്വവൽകൃതവുമായ അടരുകളും പടലങ്ങളും മാദ്ധ്യമങ്ങളിൽ പ്രതിനിധാനം ചെയ്യപ്പെടുന്നതിന്റെ അന്വേഷണങ്ങൾ...... എന്നിങ്ങനെ പൊതു, മലയാള മാദ്ധ്യമങ്ങളുടെ സാംസ്‌കാരിക രാഷ്ട്രീയ പഠനങ്ങളായി മാറുന്നു. ഫലത്തിൽ ഈ പുസ്തകത്തിലെ രചനകൾ.

എൻ. പി. രാജേന്ദ്രൻ, സി.എസ്. വെങ്കിടേശ്വരൻ, എ. സഹദേവൻ, ജി. സാജൻ, പി.കെ. രാജശേഖരൻ, കെ.വി. ശരത് ചന്ദ്രൻ, ശ്രീകുമാർ മുഖത്തല, സേതുമാധവൻ മച്ചാട്, വി. എച്ച് നിഷാദ്, ജിക്കു വർഗീസ് ജേക്കബ് എന്നീ മാദ്ധ്യമ പ്രവർത്തകരും സാംസ്‌കാരിക നിരൂപകരും മുതൽ പ്രദീപൻ പാമ്പിരിക്കുന്ന്, ജോസ് കെ. മാനുവൽ, സന്തോഷ് മാനിച്ചേരി, നസീറ എം. എസ് തുടങ്ങിയ അക്കാദമിക വിമർശകരും വരെയുള്ളവരാണ് ലേഖകർ. തികച്ചും ഭിന്നങ്ങളായ വിഷയമേഖലകൾ. ചരിത്രപരവും സങ്കല്പനപരവുമായ വിശകലന - സമീപനങ്ങൾ. സാങ്കേതിക - ഉള്ളടക്ക മേഖലകളിലെ ധാരണ. നിശിതമായ മാദ്ധ്യമബോധം - ഈ പുസ്തകത്തിലെ രചനകൾക്കുള്ള പൊതുസ്വഭാവങ്ങൾ ഈ പ്രഭാഷണ പരമ്പരയുടെ അക്കാദമിക നിലവാരത്തെ സാധൂകരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടകാര്യം. എഡിറ്റർമാരും സംഘാടകരുമായ എ എം ശ്രീധരൻ, കെ. ബാലചന്ദ്രൻ എന്നിവർ ഇതിൽ അഭിനന്ദനം അർഹിക്കുന്നു.

മുഖ്യമായും ആറുമേഖലയിൽപെടുത്തി വർഗീകരിക്കാവുന്നവയാണ് ഈ പതിനാറുലേഖനങ്ങൾ. മാദ്ധ്യമങ്ങളുടെ ചരിത്രവും രാഷ്ട്രീയവും, സാഹിത്യബന്ധം, സിനിമ, ടെലിവിഷൻ, റേഡിയോ, നവമാദ്ധ്യമങ്ങൾ എന്നിങ്ങനെ.

ഒന്നാം മേഖലയിൽപെടുന്ന ലേഖനങ്ങൾ എൻ.പി രാജേന്ദ്രൻ, ജി. സാജൻ, ഷാജിജേക്കബ് എന്നിവരുടേതാണ്. 'മാദ്ധ്യമം, ഭരണകൂടം, ആഗോളവൽക്കരണം' എന്നതാണ് രാജേന്ദ്രന്റെ വിഷയം. മലയാളമാദ്ധ്യമ രംഗത്ത് ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ ഇടപെട്ടിട്ടുള്ള വ്യക്തിയാണ് രാജേന്ദ്രൻ. കണിശതയുള്ള നിലപാടും സൂക്ഷ്മതയുള്ള ചരിത്ര-സാമൂഹ്യവീക്ഷണങ്ങളും നിലനിർത്തിക്കൊണ്ടാണ് 'മാതൃഭൂമി'യിൽ ജോലിചെയ്യുമ്പോഴും പിന്നീടും രാജേന്ദ്രൻ തന്റെ മാദ്ധ്യമ വിശകലനങ്ങൾ അവതരിപ്പിക്കാറുള്ളത്. ഈ പഠനത്തിലും അതിനു മാറ്റമില്ല.

ഭരണകൂടം, വിപണി, മാദ്ധ്യമ ഉടമസ്ഥർ, എഡിറ്റർ മുതൽ പ്രാദേശിക ലേഖകർ വരെയുള്ള മാദ്ധ്യമ പ്രവർത്തകർ എന്നീ തലങ്ങളിലൊക്കെ നിലനിൽക്കുന്ന നയങ്ങളും നടപ്പാക്കുന്ന പരിപാടികളും ഏതാണ്ടൊന്നടങ്കം മുതലാളിത്തപരവും ഉപഭോഗസ്സക്തവും വർഗീയവും ജനാധിപത്യവിരുദ്ധവുമാകുന്നു എന്നു സ്ഥാപിക്കുകയാണ് രാജേന്ദ്രൻ. 'ടൈംസ് ഓഫ് ഇന്ത്യ'യിൽ തുടങ്ങി മലയാളപത്രങ്ങളിൽ വരെ നടപ്പായിക്കഴിഞ്ഞ പരസ്യ-വിപണി കേന്ദ്രിതമാറ്റത്തിന്റെ കഥപറയുന്ന രാജേന്ദ്രൻ പത്രങ്ങളുടെ തന്നെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ചുകൊണ്ടാണ് ലേഖനം അവസാനിപ്പിക്കുന്നത്.

'മാദ്ധ്യമവും വികസനവും' എന്ന ജി. സാജന്റെ ലേഖനമാണ് മറ്റൊന്ന്. 'വികസന മാദ്ധ്യമ പ്രവർത്തനം' എന്ന പരികല്പനയ്ക്ക് മലയാളത്തിലെ ഏറ്റവും മികച്ച മാതൃകകൾ സംഭാവന ചെയ്ത മാദ്ധ്യമ പ്രവർത്തകൻ കൂടിയാണ് സാജൻ. പൊതുമേഖലാ മാദ്ധ്യമമായ ദൂരദർശനിൽ, പരിസ്ഥിതി-സ്ത്രീ-വികസന രാഷ്ട്രീയങ്ങളെക്കുറിച്ച് വിസ്മയകരമായ പ്രൊഫഷണലിസത്തോടെ ഗ്രീൻ കേരള എക്സ്‌പ്രസ്, ഇനി ഞങ്ങൾ പറയാം തുടങ്ങിയ സോഷ്യൽ റിയാലിറ്റി ഷോകൾ നടത്തി ചരിത്രത്തിൽ ഇടംപിടിച്ച ഇടപെടലുകളുടെ സൂത്രധാരനാണ് സാജൻ. കുടംബശ്രീ യൂണിറ്റുകൾക്കായി നടത്തിയ 'ഇനി ഞങ്ങൾ പറയാം' ഷോയുടെ പശ്ചാത്തലത്തിൽ വികസനമാദ്ധ്യമ പ്രവർത്തനത്തിന്റെ രാഷ്ട്രീയം അനുപമമായി വരച്ചിടുകയാണ് സാജൻ ഈ ലേഖനത്തിൽ.


'പൊതുമണ്ഡലവും മാദ്ധ്യമങ്ങളും' എന്ന ലേഖനമാണ് മൂന്നാമത്തേത്. ജുർഗൻ ഹേബർമാസിന്റെ പൊതുമണ്ഡലം(ജൗയഹശര ടുവലൃല) എന്ന സങ്കല്പനം മുൻനിർത്തി മലയാള മാദ്ധ്യമങ്ങളുടെ സാംസ്‌കാരിക-രാഷ്ട്രീയ ചരിത്രം വിശദീകരിക്കുകയാണ് ഇതിൽ. ഹേബർമാസിന്റെ വിഖ്യാതമായ ഗ്രന്ഥം പരിചയപ്പെടുത്തുകയും കമ്യൂണിസ്റ്റനന്തര കാലത്ത് ഏറെ പ്രചാരം നേടിയ ഹേബർമാസിയൻ വീക്ഷണത്തിൽ ഇന്ത്യൻ, കേരളീയ മാദ്ധ്യമ ചരിത്രത്തെ വിശകലനം ചെയ്യുകയുമാണ് ഈ രചനയുടെ സ്വരൂപം. കേരളത്തിലെ രാഷ്ട്രീയ, സാഹിതീയ പൊതുമണ്ഡലങ്ങളുടെ നിർമ്മിതിയിൽ മലയാളമാദ്ധ്യമങ്ങൾക്കുള്ള പങ്ക് സമഗ്രമായി ചർച്ച ചെയ്യുന്ന ആദ്യശ്രമം.

മാദ്ധ്യമ-സാഹിത്യബന്ധം വിശദീകരിക്കുന്ന രണ്ടു പ്രബന്ധങ്ങളുണ്ട് ഈ പുസ്തകത്തിൽ. പി.കെ രാജശേഖരൻ, സന്തോഷ് മാനിച്ചേരി എന്നിവരുടെ. 'മാദ്ധ്യമങ്ങളും മലയാളസാഹിത്യവും' എന്ന പഠനത്തിൽ രാജശേഖരൻ, 'സാഹിത്യ പത്രപ്രവർത്തന'-ത്തിന്റെ മലയാള ചരിത്രം സംഗ്രഹിക്കുന്നു. ഭാഷാദേശീയത, കേരളീയാധുനികത, ഗദ്യരൂപങ്ങൾ, മതേതര ഭാവന, ജനകീയാഖ്യാനങ്ങൾ, സാഹിത്യ കർതൃത്വം തുടങ്ങിയവയൊക്കെ മലയാളത്തിൽ സൃഷ്ടിക്കുന്നതിൽ ആദ്യകാല പത്രമാസികകൾക്കുള്ള പങ്കും പ്രഭാവവും രാജശേഖരൻ വിശദീകരിക്കുന്നു. ഒരു നിരീക്ഷണം നോക്കുക:

'മലയാള സാഹിത്യത്തിൽ രചയിതാവിനെ സൃഷ്ടിച്ചത് അച്ചടി മാദ്ധ്യമങ്ങളാണ്. അച്ചടിയുടെയും മാദ്ധ്യമങ്ങളുടെയും ആവിർഭാവത്തിനുമുമ്പ് വായനക്കാർക്കു പരിചയമില്ലാത്തതും നേരിട്ടു സംവദിക്കാനാവാത്തതുമായ ഒരു അജ്ഞാതരൂപമായിരുന്നു രചയിതാവ്. പ്രചീനകാല രചയിതാക്കൾ നിഷ്‌കാമകർമമായോ മോക്ഷമാർഗമായോ ഈശ്വരകഥനമായോ രാജപ്രീതിക്കു വേണ്ടിയോ ആണ് രചന നടത്തിയത്. രാജസദസ്സുകളിലെ രത്‌നങ്ങളായിരുന്നു പൗരാണിക ഭാരതത്തിൽ രചയിതാക്കളെങ്കിലും രാജാവിന്റെ അപ്രീതിയാൽ ഭ്രഷ്ടരാകുന്ന ആശ്രിതർ കൂടിയായിരുന്നു അവർ. രാജാവിന്റെ ശ്രദ്ധ കിട്ടാത്തതിനാൽ തന്റെ ബൃഹദ്കഥ എന്ന കൃതി കത്തിച്ചു കളഞ്ഞ ഗുണാഢ്യനെയും (തീയെരിയാത്ത ഭാഗമാണ് കഥാസരിത്സാഗരം എന്ന സംസ്‌കൃത ഗ്രന്ഥമെന്നാണു കഥ) രാമഗിരിയിലേക്കു ഭ്രഷ്ടനാക്കപ്പെട്ട കാളിദാസനെയും ദരിദ്രനായി മരിച്ച മാഘനെയും കുറിച്ചുള്ള ഐതിഹ്യങ്ങൾ ആ ഭാരതീയ പാരമ്പര്യം വെളിപ്പെടുത്തുന്നുണ്ട്. ആശ്രിത കവികളായിരുന്നു ചെറുശ്ശേരിയും കുഞ്ചൻനമ്പ്യാരും രാമപുരത്തുവാരിയരും ഇരയിമ്മൻ തമ്പിയുമെല്ലാം. അച്ചടി മാദ്ധ്യമങ്ങൾ രചയിതാവിനെ സ്വതന്ത്രവ്യക്തിത്വമായി മാറ്റുക മാത്രമല്ല ന്യായമായ പ്രതിഫലത്തിന് അർഹനായ വിശിഷ്ടത്തൊഴിലാളിയായി സ്ഥാപിച്ചെടുക്കുകയും ചെയ്തു. സാഹിത്യരചനയെ പ്രതിഫലാടിസ്ഥാനത്തിലുള്ള ബൗദ്ധികത്തൊഴിലാളിയായിക്കണ്ട് എഴുത്തുകാരെ അദ്ധ്വാനബന്ധങ്ങളുടെ മണ്ഡലത്തിൽ പ്രതിഷ്ഠിക്കുകയായിരുന്നു മാദ്ധ്യമങ്ങൾ. മതവിശ്വാസത്തിന്റെയും അധികാരത്തിന്റെയും ഭാഗമല്ലാത്ത സ്വതന്ത്രവ്യക്തിത്വവും സ്വാതന്ത്രാഭിപ്രായവുമുള്ള രചയിതാവിന്റെ സൃഷ്ടിയോടെ സാഹിത്യം മതനിരപേക്ഷവും വൈയക്തികവും പ്രത്യയശാസ്ത്രപരവുമായ സ്വതന്ത്രവൃത്തിയായിത്തീർന്നു. അങ്ങനെ സാഹിത്യരചന മനുഷ്യജീവിതത്തിന്റെ ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവുമായ യാഥാർത്ഥ്യങ്ങളുടെയും വൈരുധ്യങ്ങളുടെയും പ്രതിഫലനമായി മാറി. രചയിതാവ് മനുഷ്യന്റെ പ്രതിനിധിയും. പിന്നീട് കാല്പനികകവിതയിലും യഥാതഥസാഹിത്യത്തിലും സ്വതന്ത്രനും പട്ടിണിക്കാരനും സ്വപ്നജീവിയും സമരോത്സുകനുമായ എഴുത്തുകാരൻ കഥാപാത്രമായിത്തീരുന്നതു കാണാം.'

'നവമാദ്ധ്യമങ്ങളുടെ കാലത്തെ മലയാളസാഹിത്യം' എന്ന പഠനത്തിൽ സന്തോഷ്, ആധുനികാനന്തര- മാദ്ധ്യമീകൃത ലോകക്രമത്തെ ഗൈദബോർ, റോളാങ് റോബർട്ട്‌സൺ, ആസ്ട്രിഡ് എൻസ്ലിൻ, ദെല്യൂസ് തുടങ്ങിയവരുടെ നിരീക്ഷണ- സങ്കല്പനങ്ങൾ മുൻ നിർത്തി വിശദീകരിച്ചുകൊണ്ട് നവമാദ്ധ്യമങ്ങൾ മലയാള സാഹിത്യ ഭാവനയിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ സംക്ഷിപ്തമായി അവലോകനം ചെയ്യുന്നു. ത•, ഒരു ദ്രവാവസ്ഥയായി മാറുന്നുവെന്ന സാംസ്‌കാരിക, സാമൂഹ്യശാസ്ത്ര നിലപാടുകൾ ചൂണ്ടിക്കാണിച്ച്, മലയാള സാഹിത്യം, വിശേഷിച്ച് കവിത, നവമാദ്ധ്യമങ്ങളിൽ എങ്ങനെ പുതിയ കാലത്തിന്റെ ഭാവുകത്വം രൂപപ്പെടുത്തുന്നുവെന്ന് സന്തോഷ് വിശദീകരിക്കുന്നു. ഈ പുസ്തകത്തിലെ ഏറ്റവും അക്കാദമിക സൂക്ഷ്മതയുള്ള പഠനമിതാണ്.

ടെലിവിഷനെക്കുറിച്ചും രണ്ടു പഠനങ്ങളാണുള്ളത്. സി.എസ് വെങ്കിടേശ്വരനും സേതുമാധവനും എഴുതിയത്. ടെലിവിഷനും മലയാളിയുടെ ജീവിതവും തമ്മിലുള്ള ബന്ധത്തിലെ ചില വൈരുദ്ധ്യങ്ങൾ സൂക്ഷ്മമായി അപഗ്രഥിക്കുകയാണ് വെങ്കിടി. നമ്മുടെ പൊതു ജീവിതത്തെയും രാഷ്ട്രീയ അജണ്ടകളെയും പരിപൂർണമായി സ്വാധീനിക്കുന്ന മാദ്ധ്യമമെന്ന നിലയിൽ ടെലിവിഷൻ നിർണയിക്കുന്ന സാമൂഹികതയാണ് മലയാളിയുടേത്. പക്ഷെ ഇതിനു വലിയൊരു വിപര്യയമുള്ളതും നാം കാണാതിരുന്നുകൂടാ. വെങ്കിടി എഴുതുന്നു:

'ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്ന കേരളത്തിന്റെ അഥവാ മലയാളിയുടെ അങ്ങേയറ്റം മാദ്ധ്യമീകരിക്കപ്പെട്ടതായ പൊതുമണ്ഡലത്തിന്റെ സവിശേഷത അതിന്റെ തിരശ്ചീനവും ലംബമാനവുമായ തലത്തിലുള്ള വൈരുദ്ധ്യമാണ്. അതായത് തിരശ്ചീനമായ തലത്തിൽ ടെലിവിഷനും അതിന്റെ വ്യവഹാരങ്ങൾക്കും മലയാളി സമൂഹത്തിൽ വർഗവർണ്ണവ്യത്യാസത്തെ മറികടക്കുന്ന രീതിയിലുള്ള ഒരുതരം സമാനതയും സ്വീകാര്യതയും തുടർച്ചയും ഏകതാനതയുമുണ്ട്. എന്നാൽ കാഴ്‌ച്ചയുടെ തലത്തിലുള്ള ഈ സമീകരണം/ സമാനത അഥവാ തിരശ്ചീനത പ്രേക്ഷകരുടെ യഥാർത്ഥജീവിതാവസ്ഥകളിൽ ഒരിക്കലും നിലനിൽക്കുന്ന ഒന്നല്ല, എന്തെന്നാൽ പ്രേക്ഷകർ വർഗപരവും ജാതീയവും മതപരവും ലിംഗപരവും രാഷ്ട്രീയവും പ്രാദേശികവും ഒക്കെയായുള്ള തലങ്ങളിൽ വളരെ ലംബമായ വിഭജനങ്ങളും വൈരുദ്ധ്യങ്ങളും അസമത്വങ്ങളും നിലനിൽക്കുന്ന ഒരു അവസ്ഥയ്ക്കകത്താണ് ജീവിക്കുന്നത്. അതായത്, അവരവരുടെ നിത്യജീവിതത്തിൽ, മറ്റേതൊരിന്ത്യൻ സമൂഹത്തെയും പോലെ മലയാളി ടെലിവിഷൻ പ്രേക്ഷക സമൂഹവും പലതട്ടുകളിലായിട്ടാണ് ജീവിക്കുന്നത്. ഓരോരുത്തരും അവരവരുടെ ജീവനോപാധി തേടുന്ന രീതികളിൽ, മതരാഷ്ട്രീയവിശ്വാസങ്ങളുടേയും സാംസ്‌കാരികമായ നിവൃത്തികേടുകളുടെയും കാര്യത്തിൽ, വിഭവ വൈഭവങ്ങളുടേയും അവർക്കു മുന്നിൽ യഥാർത്ഥത്തിൽ ലഭ്യമായേക്കാവുന്ന അവസരങ്ങളുടേയും കാര്യത്തിൽ, ലൈംഗികാഭിമുഖ്യങ്ങളുടേയും വംശവർഗ നിലപാടുകളിൽ രഹസ്യമായും പരസ്യമായും പുലർത്തുന്ന മുൻവിധികളുടെയും കാര്യത്തിൽ ... ഇവയിലെല്ലാം തന്നെ തികച്ചും വ്യതിരിക്തവും ലംബമാനവുമായ ജീവിതങ്ങളാണ് അവർ നിത്യേന നയിക്കുന്നത്. ഈ ജീവിതത്തട്ടുകൾ പലപ്പോഴും പരസ്പരം വർജ്ജിക്കുന്നതും വിവിധ അടരുകളിലായി വിഭജിക്കപ്പെട്ടതുമാണ്.'

ടെലിവിഷന്റെ കേവലദൃശ്യതയിൽ നിന്ന് നിരീക്ഷണ കാമറകളുടെ കടന്നു കയറ്റത്തിലേക്കു മാറുന്ന മലയാളിയുടെ സാമൂഹ്യജീവിതത്തിന്റെ പരിണാമത്തിലാണ് അദ്ദേഹത്തിന്റെ അപഗ്രഥനം അവസാനിക്കുന്നത്.

ടെലിവിഷൻ ഡോക്യുമെന്ററിയെന്ന രൂപത്തെക്കുറിച്ചുള്ള പഠനമാണ് സേതുമാധവന്റേത്. പക്ഷെ ചർച്ച വിഷയത്തിൽ നിന്ന് വ്യതിചലിച്ച് ഡോക്യുമെന്ററി സിനിമയിലേക്കും തിരക്കഥയിലേക്കും ടെലിഫിലിമിലേക്കും ഫീച്ചർ ഫിലിമിലേക്കുമൊക്കെ ചിതറിപ്പരക്കുന്നു. ടെലിവിഷൻ ഡോക്യുമെന്ററിയെക്കുറിച്ച് എത്രയും കുറച്ചുമാത്രം പറയുന്നതിന്റെ പരിമിതി ഈ രചനയ്ക്കുണ്ട്.

സിനിമയെക്കുറിച്ചുള്ള മൂന്നു പഠനങ്ങളാണ് ഇതിലുള്ളത്. എ.സഹദേവൻ, സിനിമയും സമൂഹവും തമ്മിലുള്ള രാഷ്ട്രീയബന്ധത്തിന്റെ അടിയൊഴുക്കുകൾ വിശകലനം ചെയ്യുമ്പോൾ തിരക്കഥ എന്ന രൂപത്തിന്റെ ദൃശ്യകലാപരതയും സാഹിതീയതയും തമ്മിലുള്ളസംഘർഷങ്ങളും സമന്വയങ്ങളും സവിസ്തരം പ്രതിപാദിക്കുകയാണ് ജോസ്.കെ. മാനുവൽ. കലാസിനിമ - കച്ചവടസിനിമ, ഒന്നാം സിനിമ - മൂന്നാം സിനിമ തുടങ്ങിയ വിഭജനങ്ങളൊക്കെ സയുക്തികം സ്വീകരിച്ചാണ് സഹദേവന്റെ ചർച്ച മുന്നേറുന്നത്. സിനിമ മഹത്തായ ഒരു കലാരൂപമായി മാറുന്നത് മനുഷ്യജീവിതത്തിന്റെ സങ്കീർണ പ്രതിസന്ധികളാവിഷ്‌കരിക്കുമ്പോഴാണെന്ന് ഉദാഹരണങ്ങൾ നിരത്തി അദ്ദേഹം സ്ഥാപിക്കുന്നു.

'ലോകസിനിമയിലെ ഭൂരിഭാഗം ചിത്രങ്ങളും, വിഷയം പരിസ്ഥിതിയോ സ്ത്രീസമത്വനിരാസമോ മതാന്ധതയോ എന്തുമായിക്കോട്ടെ, കഴിഞ്ഞ ദശകങ്ങളിൽ സമ്പൂർണ്ണമായും രാഷ്ട്രീയമായി വ്യാഖ്യാനം നല്കുന്നതും അപ്രകാരം ലളിതമായി രാഷ്ട്രീയം വായിച്ചെടുക്കാവുന്നതുമായി പരിണമിച്ചിട്ടുണ്ട്. ആധുനികലോകത്തെ മനുഷ്യന്റെ പുതിയ ദുരിതങ്ങളും ഖിന്നതകളും വിഷയമാക്കുന്ന സിനിമകൾ ദിനംപ്രതി ലോകഭാഷകളിൽ പുറത്തിറങ്ങുന്നു. അതിർത്തികൾ, പൗരത്വം, തീവ്രവാദം, സ്വയം നിർണ്ണയാവകാശത്തിനുള്ള ജനകീയപോരാട്ടങ്ങൾ, വർഗ വിദ്വേഷം, വിവേചനങ്ങൾ, രാഷ്ട്രങ്ങൾ പകച്ചുപോകുന്ന ഭീകരപ്രവർത്തനം, സർവ്വോപരി നവകോർപ്പറേറ്റുകളുടെയും മതമേധാവികളുടെയും സമ്മർദ്ദത്തിന് വഴങ്ങിയുള്ള ഭരണവർഗത്തിന്റെ വാഗ്ദത്തനിരാസവും വഞ്ചനയും നീതിനിഷേധവും എന്നിവയൊക്കെ ലോകസിനിമ ഇന്ന് ശങ്കകളേതുമില്ലാതെ പ്രേക്ഷകരിലെത്തിക്കുന്നുണ്ട്.'

തിരക്കഥയുടെ ചലച്ചിത്ര- സാഹിത്യബന്ധങ്ങളും സ്വഭാവങ്ങളും വിശദമായി ചർച്ച ചെയ്യുന്ന ജോസിന്റെ രചന, തിരക്കഥാപഠനത്തിന്റെ അക്കാദമിക രീതിശാസ്ത്രങ്ങൾ സാങ്കേതികഭദ്രതയോടെ പിന്തുടരുന്നു. സാഹിത്യം, സിനിമ എന്നീ ഭിന്ന പാഠങ്ങളുടെ മധ്യവർത്തി രൂപമായി തിരക്കഥയ്ക്കുള്ള സാധ്യതകൾ ലേഖനം അപഗ്രഥിക്കുന്നു.

സിനിമയെ കേന്ദ്രീകരിക്കുന്ന മൂന്നാമത്തെ പഠനം മലയാളിയുടെ ഏറ്റവും ജനപ്രിയമായ സംസ്‌കാര രൂപകമെന്ന നിലയിൽ ചലച്ചിത്രഗാനങ്ങളെക്കുറിച്ചുള്ളതാണ്. സിനിമ, റേഡിയോ, ഗാനരചന, സംഗീതം, ഉപകരണ സംഗീതം, ആലാപനം, കേൾവിശീലം, ടെലിവിഷനിൽ ഗാനങ്ങൾക്കു കൈവരുന്ന ദൃശ്യരൂപം എന്നിങ്ങനെ കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ മലയാള ഭാവനയുടെ ഒരു സവിശേഷ മാദ്ധ്യമ, കലാരൂപത്തിനു സംഭവിച്ച ജനപ്രിയ ജീവിത പരിണാമങ്ങൾ പ്രദീപൻ വിലയിരുത്തുന്നു.

റേഡിയോയെയും റേഡിയോ നാടകത്തെയും കേന്ദ്രീകരിക്കുന്നവയാണ് ശ്രീകുമാർ മുഖത്തല, കെ.വി. ശരത്ചന്ദ്രൻ എന്നിവരുടെ പഠനങ്ങൾ. കുടുംബം എന്ന സാമൂഹിക ഘടനയെ ആസ്പദമാക്കി റേഡിയോ മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിൽ (അഥവാ ജീവിത സംസ്‌കാരത്തിൽ തന്നെയും) ഇടപെട്ടതിന്റെയും മതേതര കേരളീയ പൊതുമണ്ഡലത്തിന്റെ ശ്രാവ്യ രൂപകമായി മാറിയതിന്റെയും ചരിത്രം പറഞ്ഞുകൊണ്ടാണ് റേഡിയോ നാടകത്തിന്റെ സാധ്യതകൾ ശ്രീകുമാർ അന്വേഷിക്കുന്നത്. ശരത്ചന്ദ്രനാകട്ടെ, റേഡിയോയുടെയും റേഡിയോ നാടകത്തിന്റെയും സാങ്കേതികവും സാംസ്‌കാരികവുമായ സൈദ്ധാന്തിക പശ്ചാത്തലം വിവരിച്ച്, ടീം ക്രുക്ക് പറയുന്നതുപോലെ, കേൾവിയിലല്ല കാഴ്ചയിൽത്തന്നെയാണ് റേഡിയോ നാടകങ്ങളുടെ സൗന്ദര്യശാസ്ത്രപരമായ ഊന്നൽ എന്നു സ്ഥാപിക്കുന്നു. മലയാളത്തിലെ ഏറ്റവും മികച്ച റേഡിയോനാടകകാരനാണ് ശരത്. ടെലിഫിലിമിൽ ശ്യാമപ്രസാദ് ചെയ്താണ് റേഡിയോനാടകത്തിൽ ശരത് ചെയ്തത്.

നവമാദ്ധ്യമങ്ങളെക്കുറിച്ച് നാലു ലേഖനങ്ങൾ. നവമാദ്ധ്യമകാലത്തെ സാഹിത്യത്തെ പഠിക്കുന്ന സന്തോഷിന്റെ ലേഖനത്തെക്കുറിച്ചു സൂചിപ്പിച്ചു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള ജീവിത-ഭാഷാ- സംവേദന മാറ്റങ്ങളെക്കുറിച്ചാണ് നിഷാദ് എഴുതുന്നത്. നവമാദ്ധ്യമങ്ങളിൽ രൂപപ്പെടുന്ന ശരീര രാഷ്ട്രീയത്തെക്കുറിച്ച് നസീറയും. മാദ്ധ്യമങ്ങളുടെ സൈബർ യാത്രയെന്ന ജിക്കുവിന്റെ ലേഖനം ഈ പുസ്തകത്തിലെ ഏറ്റവും മികച്ച മാദ്ധ്യമപഠനങ്ങളിലൊന്നാണ്.

മാദ്ധ്യമങ്ങളുടെ സൈബർയാത്രയെക്കുറിച്ച് ഇത്രമേൽ സാങ്കേതിക സൂക്ഷ്മവും സമഗ്രവും ഭദ്രവും വിശകലനാത്മകവുമായ മറ്റൊരു രചന മലയാളത്തിലുണ്ടായിട്ടില്ല. ആധുനിക മാദ്ധ്യമങ്ങൾ സൈബർ സാങ്കേതികതയുടെ പ്രഭാവത്തിൽ കൈവരിക്കുന്ന സാംസ്‌കാരിക മാറ്റങ്ങളുടെ നഖചിത്രം ഈ ലേഖനമവതരിപ്പിക്കുന്നു. കണക്കുകളും വസ്തുതകളും കൊണ്ട് ആധികാരികവും, വിമർശനാത്മകമായ നിരീക്ഷണങ്ങൾ കൊണ്ട് അക്കാദമികവുമാകാൻ ഈ ലേഖനത്തിനു കഴിയുന്നു. മാദ്ധ്യമപ്രവർത്തനം മുതൽ മാദ്ധ്യമപഠനം വരെയുള്ള മണ്ഡലങ്ങളിൽ നവ-സൈബർ മാദ്ധ്യമങ്ങൾ സൃഷ്ടിക്കുന്ന ദിശാവ്യതിയാനങ്ങളുടെ മൗലികമായ അപഗ്രഥനമാണ് ജിക്കുവിന്റെ പഠനം.

ജിക്കുവിന്റെ ലേഖനത്തിൽ നിന്ന്

വായനക്കാർ എവിടെയാണ് കൂടുതൽ സമയം ചെലവഴിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് മാദ്ധ്യമരൂപങ്ങളുടെ മാറ്റം നിർണ്ണയിക്കപ്പെടുന്നത്. അമേരിക്കയിൽ അടുത്തകാലത്ത് നടന്ന ഒരു പഠനത്തിൽ ഫേസ്‌ബുക്ക് ഉപയോഗിക്കുന്ന 64% ആളുകളിൽ ഏകദേശം 30% ആളുകൾ ഫേസ്‌ബുക്കിനെ വാർത്താസ്രോതസ് കൂടിയായി കാണുന്നു എന്ന് പറയുന്നു. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഏകദേശം പകുതിയോളം ആളുകൾ വാർത്താസംബന്ധമായ ചിത്രങ്ങളും വിവരങ്ങളും ഒക്കെ പങ്കുവെയ്ക്കുന്നുണ്ട്, അതിൽതന്നെ ചെറിയൊരു വിഭാഗം സ്വന്തം രീതിയിൽ വാർത്തകൾ ശേഖരിക്കുകയും സ്വന്തം പ്രൊഫൈൽ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇതേ പഠനം സൂചിപ്പിക്കുന്നു. ഭാവിയുടെ മാദ്ധ്യമം ഡിജിറ്റൽ മീഡിയയാണെന്ന് വെറുതെ പറയുന്നതല്ല. ഇന്ത്യയിൽ മാത്രം ബ്രോഡ്ബാൻഡ്, മൊബൈൽ ഫോൺ ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വർദ്ധന പരിശോധിച്ചാൽ ഇത് വ്യക്തമാകും. 2004 ൽ ഉണ്ടായിരുന്നത് 3.37 കോടി മൊബൈൽ കണക്ഷനുകൾ ആയിരുന്നെങ്കിൽ 2014 ൽ അത് 89.34 കോടിയായി ഉയർന്നു. 2004ൽ 60 ലക്ഷമായിരുന്ന ബ്രോഡ്ബാൻഡ് ഉപയോക്താക്കളുടെ എണ്ണം ഇപ്പോൾ 24 കോടി ആയി ഉയർന്നിരിക്കുന്നു. കഴിഞ്ഞയിടയ്ക്ക് വന്ന കണക്കുകൾപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിൽ പിന്തുടരുന്നവരുടെ എണ്ണം(8.5 മില്ല്യനു മുകളിൽ) ഇന്ത്യയിലെ ഏറ്റവും കൂടുതൽ വായനക്കാരുള്ള ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയുടെ റീഡർഷിപ്പിന്(7.25 മില്ല്യൻ) മുകളിലാണെന്നു അറിയുമ്പോൾ വ്യക്തമാകും ഈ മാദ്ധ്യമത്തിന്റെ വ്യാപ്തി. പങ്കാളിത്ത സ്വഭാവമുള്ള ന്യൂസ് റൂമുകൾക്ക് മാത്രമേ ഇനി നിലനിൽപ്പുള്ളൂ എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ മാറുന്നത്. 'ദി റൈസ് ഓഫ് ഡിജിറ്റൽ ഇന്ത്യ' എന്ന തന്റെ ഏറ്റവും പുതിയ ലേഖനത്തിനു ആമുഖമായി ബിബിസി വേൾഡ് സർവ്വീസിന്റെ ആപ്‌സ് എഡിറ്റർ ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു The biggtse mediats ory in 2015 won't be a company or an app. It'll be the rise of digital in India. ഓൺലൈൻ വാർത്താ മാദ്ധ്യമരംഗത്തെ ഭീമന്മാർ ഒക്കെ തന്നെ ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുകയാണ്. ക്വാട്‌സ്(Quartz), ഹഫിങ്ടൺ പോസ്റ്റ്, ബസ് ഫീഡ് എന്നിവർ ഇതിനകം ഇന്ത്യൻ എഡിഷനുകൾ ആരംഭിച്ചുകഴിഞ്ഞു. ലോഞ്ചിനു ശേഷം Quartz ന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായ എസ് മിത്രയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: 'ഇന്ത്യയിൽ നിന്നുള്ള വായനക്കാരുടെ എണ്ണമാണ് ഞങ്ങളെ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിൽ രണ്ടോ മൂന്നോ സ്ഥാനങ്ങളിൽ വരുന്നത്, ഇന്ത്യ ഞങ്ങൾക്ക് ഒരു പരീക്ഷണശാലയാണ്, സാങ്കേതികമായും ജേണലിസത്തിന്റെ കാര്യത്തിലും ഞങ്ങൾക്ക് പരീക്ഷണങ്ങൾ നടത്താനുള്ള മികച്ച ഇടമാണ്.'

ഇന്റർനെറ്റ് എന്നാൽ കമ്പ്യൂട്ടർ എന്നാണു ഇതുവരെയുണ്ടായിരുന്ന പൊതുധാരണ എങ്കിൽ ഇനിയതു മൊബൈൽ ഫോണോ സ്മാർട്ട് വാച്ചോ പോലെയുള്ള ചെറു സാങ്കേതങ്ങളിലേക്ക് വ്യാപിക്കുകയാണ്. കമ്പ്യൂട്ടറിൽ നോക്കിയിരുന്നുള്ള വായനകളും മറ്റും ആളുകൾ പരാമധി കുറച്ചു, പകരം എവിടെയായിരുന്നാലും കാണാവുന്ന മൊബൈൽ ഫോണുകളിലും ടാബുകളിലും കൂടുതൽ വായന ആരംഭിച്ചു. ഡിജിറ്റൾ മാദ്ധ്യമപ്രവർത്തനത്തെ സംബന്ധിച്ച് ഇതൊരു മുന്നേറ്റമാണ്, കാരണം ഏതു സമയത്തും വ്യക്തിയുടെ സ്വന്തം ഇടത്തിലേക്ക് ഇടിച്ചുകയറാൻ മൊബൈൽ ഫോൺ പോലൊരു മാർഗം വേറെയില്ല. ആദ്യമൊക്കെ കമ്പ്യൂട്ടറുകൾക്ക് ആണ് പ്രാധാന്യം കൊടുത്തിരുന്നതെങ്കിൽ ഇന്നത് മൊബൈൽഫോണുകൾക്കും ടാബുകൾക്കും ആണ്. ഇന്നത്തെ ഓൺലൈൻ മാദ്ധ്യങ്ങൾ മിക്കതും മൊബൈൽ ഫസ്റ്റ് നയം സ്വീകരിച്ചുകഴിഞ്ഞു, ഇന്നേറ്റവും കൂടുതൽ ഗവേഷണങ്ങൾ നടക്കുന്നതും ഈ രംഗത്ത് തന്നെയാണ്. ഏതു തിരക്കിനിടയിലും സ്വസ്ഥമായിരുന്ന് വായിക്കാം എന്ന കാരണം കൊണ്ട് മൊബൈൽ ഫോണിലെ വായനാനുഭവം മികച്ചതാക്കാൻ എന്തൊക്കെ ചെയ്യാമെന്ന ഗവേഷണം ആണ് ഈ രംഗത്ത് നടക്കുന്നത്. നമ്മൾ ആയിരിക്കുന്ന അവസ്ഥയും നമ്മുടെ താല്പര്യങ്ങളും മനസ്സിലാക്കി അതിനോട് പ്രതികരിക്കുന്ന തരത്തിൽ വാർത്തകൾ വിനിമയം ചെയ്യുന്ന റെസ്‌പോൺസീവ് ഡിസൈന്റെ കാലമാണ് ഇനി. മൊബൈൽ ഫോൺ ആണെങ്കിൽ തന്നെ പല സ്‌ക്രീൻ വലുപ്പങ്ങൾ ആയിരിക്കും, ഉപയോഗിക്കുന്ന ഇന്റർനെറ്റ് സ്പീഡ് (വിവരകൈമാറ്റ നിരക്ക്) വ്യത്യാസപ്പെടാം. അതുകൊണ്ട് തന്നെ ഒരു വ്യക്തി ഉപയോഗിക്കുന്ന ഫോണിന്റെ മോഡൽ, ഇന്റർനെറ്റ് പ്ലാൻ, വ്യക്തി നില്ക്കുന്ന സ്ഥലം, സമയം ഇവയെല്ലാം പരിഗണിച്ച് അയാളുടെ താല്പര്യം മുൻകൂട്ടികണ്ട് മികച്ച ദൃശ്യാനുഭവം നല്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. വരും വർഷങ്ങളിൽ ലോകത്തിലെ ഒന്നാംകിട ന്യൂസ്‌പോർട്ടലുകൾ വായിക്കുന്നവരിൽ സിംഹഭാഗവും മൊബൈലിൽ നിന്നായിരിക്കുമെന്നാണ് കണക്കുകൾ. 2020 ൽ ലോകത്തെ മൂന്നിൽ രണ്ടു ഭാഗം ജനസംഖ്യയും സ്മാർട്ട് ഫോൺ ഉപഭോക്താക്കൾ ആയിരിക്കുമെന്നാണ് എറിക്‌സൺ നടത്തിയ പഠനം പറയുന്നത്.

ഗൂഗിളിന്റെ പ്രോഡക്റ്റ് ഡയറക്ടർ ആയ ലൂക്ക് വ്രോബ്ലെവ്‌സ്‌കി 'മൊബൈൽ ഫസ്റ്റ്' എന്ന പ്രയോഗം ആദ്യമായി ഉപയോഗിച്ചപ്പോൾ പലരും സംശയത്തോടെയാണ് അതിനെ വീക്ഷിച്ചത്. 2012 ൽ Why Mobile Matters എന്ന തലക്കെട്ടിൽ അദ്ദേഹം ഒരു ലേഖനം എഴുതിയത് പ്രശസ്തമായിരുന്നു. ലോകത്തിൽ ഒരു ദിവസം ഉണ്ടാകുന്ന കുട്ടികളുടെ എണ്ണവും ഒരു ദിവസം വിറ്റഴിക്കപ്പെടുന്ന ഫോണുകളുടെ എണ്ണവും താരതമ്യം ചെയ്താണ് എന്തുകൊണ്ട് മൊബൈൽ ഫസ്റ്റ് എന്നതൊരു നയമായി കമ്പനികൾ സ്വീകരിക്കണം എന്ന് ലൂക്ക് വിശദീകരിച്ചത്. 2015 ഏപ്രിൽ 21നാണ് ഇനി മുതൽ തങ്ങൾ മൊബൈൽ സൗഹൃദ വെബ് സൈറ്റുകൾക്ക് കൂടുതൽ പ്രാധാന്യം നല്കുമെന്ന് ഗൂഗിൽ തന്നെ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയെ സംബന്ധിച്ച് ഇപ്പോൾ സ്മാർട്ട് ഫോണുകളുടെ കാലമാണ്. തുച്ഛമായ നിരക്കിൽ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയത് ഇന്ത്യൻ ഡിജിറ്റൽ വിപണിയെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്, ഇത് നാളെ മാദ്ധ്യമ സ്ഥാപനങ്ങളെയും സ്വാധീനിക്കുക തന്നെ ചെയ്യും.

നവമാദ്ധ്യമങ്ങൾ
എഡിറ്റർമാർ: എ.എം. ശ്രീധരൻ, കെ. ബാലചന്ദ്രൻ
സമയം പബ്ലിക്കേഷൻസ്, 2015
വില: 200രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP