Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീവിതത്തിന്റെ പുസ്തകം

ജീവിതത്തിന്റെ പുസ്തകം

ഷാജി ജേക്കബ്

 'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്കു വെറും കെട്ടുകഥകൾ മാത്രമാണ്'' എന്ന് ആടുജീവിതത്തിന്റെ മുഖവുരയായി ബന്യാമിൻ എഴുതുന്നുണ്ട്. ആ നോവൽ വായിച്ച ഒരാളും അതൊരു കെട്ടുകഥയായി കാണാത്തതിന്റെ മുഖ്യകാരണം എഴുത്തുകാരന്റെ ഈ സാക്ഷ്യപത്രമാണ്. ഷാബുകിളിത്തട്ടിൽ നിലാച്ചോറ് എന്ന പേരിൽ പ്രശസ്ത സാമൂഹ്യ പ്രവർത്തകയായ ഉമ പ്രേമന്റെ ജീവചരിത്രം നോവൽ രൂപത്തിൽ ആവിഷ്‌കരിക്കുമ്പോൾ അതിന്റെ മുഖവാചകം എഴുതിയത് ഉമ പ്രേമൻ തന്നെയാണ്.

'എന്റെ ജീവിതത്തിന്റെ നേർക്കാഴ്ചകളാണ് നിലാച്ചോറ്. ഞാൻ കണ്ടതും കേട്ടതും അനുഭവിച്ചതും'. സംഭവിച്ചതാണ് എന്ന് വിശ്വസിക്കാനുള്ള ഒരു മുൻകൂർ ഇഷ്ടവുമായി നോവൽ വായിക്കാനെടുക്കുന്നതിനെക്കാൾ വലിയ ആനന്ദ തത്വമൊന്നും ഇന്നോളം ഈ സാഹിത്യ രൂപത്തിന് ഉണ്ടായിട്ടില്ല. ആടുജീവിതത്തിന് മാത്രമല്ല, സിഗ്മണ്ട് ഫ്രോയിഡിനും മുൻപും പിൻപും. ഈ ആനന്ദധാരയിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് നിലാച്ചോറ്.

ആരാണ് ഉമാ പ്രേമൻ? പുസ്തകത്തിലുള്ള അവരുടെ ജീവചരിത്ര കുറിപ്പിൽ ഇങ്ങനെ വായിക്കാം: 1970-ൽ കോയമ്പത്തൂരിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം കോയമ്പത്തൂരിൽ. ഭാരതം മുഴുവൻ സന്ദർശിച്ച് ലഭ്യമായ വൈദ്യ സംബന്ധമായ വിവരങ്ങൾ ശേഖരിച്ച് 1997-ൽ തൃശൂർ ജില്ലയിൽ ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ സ്ഥാപിച്ചു. 1999-ൽ കിഡ്‌നി ദാനം ചെയ്തു.

ശാന്തിയുടെ നേതൃത്വത്തിൽ ഇതുവരെ രണ്ടു ലക്ഷത്തിൽപരം ഡയാലിസിസുകൾ, നൂറിലധികം മെഡിക്കൽ ക്യാമ്പ്, 680 വൃക്ക മാറ്റിവയ്ക്കൽ, 20500 ഹൃദയശസ്ത്രക്രിയകൾ എന്നിവ നടത്തി.

അട്ടപ്പാടിയിൽ ട്രൈബൽ വെൽഫെയർ പ്രൊജക്ട്, ലക്ഷദ്വീപിൽ ഡയാലിസിസ് യൂണിറ്റ് എന്നിവ ആരംഭിച്ചു. 2010-ൽ സി.എൻ.എൻ. ഐ.ബി.എൻ. ചാനലിന്റെ റിയൽ ഹീറോ പുരസ്‌കാരം, 2014-ൽ ഏഷ്യാനെറ്റിന്റെ സ്ത്രീശക്തി പുരസ്‌കാരം, 2015-ൽ വനിത വുമൺ ഓഫ് ദി ഇയർ ഉൾപെടെ 50 ഓളം അവാർഡുകൾ.

എങ്കിലും ഇതിനൊക്കെയും അപ്പുറത്തേക്ക് പടർന്ന് പന്തലിച്ച തണൽ മരം പോലുള്ള ഈ സ്ത്രീയുടെ ജീവിതമാണ് നിലാച്ചോറിന്റെ ഇതിവൃത്തം. 'നിലാച്ചോറ്' ഒരു നോവൽ മാത്രമല്ല. പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ ജീവചരിത്രപരമായ നോവൽ ഒട്ടുമേയല്ല. പിന്നെയോ? ഇതൊരു ആത്മകഥയാണ്; ആഖ്യാനപരമായും അനുഭൂതിപരമായും. അങ്ങേയറ്റം അനുഭവനിഷ്ഠമായെഴുതപ്പെട്ട ഒരു സ്ത്രീജീവിതത്തിന്റെ സ്വന്തം കഥ. എവിടെ വച്ചാണ് നോവൽ ജീവിതത്തിനും ഭാവനയ്ക്കുമിടയിൽ അതിർവരമ്പിടുന്നത്? ആവിഷ്‌ക്കരിക്കുന്ന കാര്യങ്ങളുടെ വസ്തുതാപരത മുൻനിർത്തിയാണോ ഇതു നിശ്ചയിക്കേണ്ടത്? തീർച്ചയായും അല്ല. വസ്തുതയേത്, ഭാവനയേത് എന്നൊക്കെ നിശ്ചയിക്കാൻ വായനക്കാർ ആരാണ്? അവരുടെ മുന്നിലുള്ളത് ഒരു പുസ്തകവും അതിലെ ആഖ്യാനവും മാത്രമാണ്. ഇവിടെ, ഈ പുസ്തകത്തിന്റെ കർതൃത്വം ഷാബുകിളിത്തട്ടിലിനാണെങ്കിൽ ആഖ്യാനത്തിന്റെ കർതൃത്വം ഉമാപ്രേമനാണ്. അഥവാ ഷാബു ഉമയിലേക്കോ ഉമ ഷാബുവിലേക്കോ നടത്തിയ പരകായ പ്രവേശത്തിന്റെ സ്വരമാണ് നിലാച്ചോറിനുള്ളത്. അതുകൊണ്ട് പ്രധാനം പുസ്തകമല്ല, ആഖ്യാനമാണ്. അതാകട്ടെ അങ്ങേയറ്റം ആത്മകഥാപരവുമാണ്. അനുഭവത്തിന്റെ താരസ്വരമാണതിനുള്ളത്. അതുകൊണ്ടുതന്നെ, ഭാവനയുടെ പുസ്തകമല്ല, ജീവിതത്തിന്റെ പുസ്തകമാണ് നിലാച്ചോറ്.

ഒരൊറ്റ സ്വരത്തിൽ ആദിമധ്യാന്തം നിർവഹിക്കപ്പെടുന്ന ഈ പുസ്തകത്തിന്റെ ആഖ്യാനം രണ്ടു പശ്ചാത്തലങ്ങളിലാണ് മലയാളിയുടെ വായനയെ നിർണയിക്കുക എന്നു തോന്നുന്നു. ഒന്ന്, സ്ത്രീ സ്വയം നിർവചിക്കുന്നതിന്റെയും നിർമ്മിക്കുന്നതിന്റെയും എത്രയെങ്കിലും അനുഭവങ്ങൾ കഥകൾപോലെ ആവിഷ്‌ക്കരിക്കപ്പെടുന്ന മലയാളത്തിന്റെ സമീപകാല പ്രവണതയുടെ പശ്ചാത്തലത്തിൽ. സി.കെ. ജാനു, ദേവകി നിലയങ്ങോട്, നളിനി ജമീല, സിസ്റ്റർ ജസ്മി, സെലീന പ്രക്കാനം, ഭാഗ്യലക്ഷ്മി..... തമ്മിൽ തമ്മിൽ ഭിന്നമെങ്കിലും അപാരമായ സഹനത്തിന്റെ മുൾവഴികളിലൂടെ ചവിട്ടിപ്പോന്ന സ്ത്രീജീവിതത്തിന്റെ കഥ പറഞ്ഞ രചനകൾ. രണ്ട്, സ്ത്രീജീവിതം ആത്മനിഷ്ഠവും അനുഭവനിഷ്ഠവുമായി ആവിഷ്‌കൃതമാകുന്ന നോവലുകളുടെയും അവ സൃഷ്ടിച്ച സവിശേഷമായ അനുഭൂതിലോകത്തിന്റെയും പശ്ചാത്തലത്തിൽ. ലളിതാംബിക അന്തർജനവും മാധവിക്കുട്ടിയും സാറാതോമസും സാറാജോസഫും കെ.ആർ. മീരയും മുതൽ ഷെമി വരെയുള്ളവർ എഴുതിയ സ്‌ത്രൈണാഖ്യാനങ്ങൾ ഓർക്കുക. നിലാച്ചോറ് ഇതിൽ ഏതുവിഭാഗത്തിൽപെടുന്നു എന്നതല്ല പ്രധാനം, ഈ രണ്ടു വിഭാഗത്തിന്റെയും അനുഭവങ്ങളും അനുഭൂതികളും ഒരേസമയം പങ്കിടുന്നുവെന്നതാണ്. കുടുംബം മുതൽ സമൂഹം വരെയും ദാമ്പത്യം മുതൽ മാതൃത്വം വരെയുമുള്ള വ്യവസ്ഥകളിലും അവസ്ഥകളിലും സ്ത്രീ അനുഭവിക്കുന്ന ജീവിതങ്ങളുടെ ദുരന്തഗാഥ മാത്രമല്ല ഈ രചന. അടങ്ങാത്ത പ്രതീക്ഷകളും അളവറ്റ ആത്മവിശ്വാസവും കൊണ്ട് അവൾ നീന്തിക്കയറുന്ന കരകാണാക്കടലുകൾ വരെ ഇതിലുണ്ട്.

ഒരു പാലക്കാടൻ ഗ്രാമത്തിൽ നിന്ന് കോയമ്പത്തൂരിനടുത്തുള്ള സിന്താമണിപുരത്തെത്തി 'കമ്പൗണ്ടർ' ബാലകൃഷ്ണനായി ജീവിക്കുന്ന മിൽതൊഴിലാളിയുടെ മകളാണ് ഉമ. കാലം 1970 കളുടെ തുടക്കം. ദാരിദ്ര്യമോ പട്ടിണിയോ അല്ല അച്ഛനും അമ്മയും സഹോദരനും ജീവിച്ചിരിക്കെ അനുഭവിച്ച അനാഥത്വവും സ്‌നേഹരാഹിത്യവും നിരാശ്രയത്വവുമാണ് ഉമയുടെ ബാല്യത്തെ പൊള്ളിച്ചത്. അച്ഛന്റെ ആതുരസേവനം ആദ്യം അറപ്പും പിന്നെ അമ്പരപ്പുമായി ഉമയ്ക്ക്. അമ്മയുടെ വഴിപിഴച്ച ജീവിതവും ഇറങ്ങിപ്പോക്കും അവളെ തളർത്തി. അച്ഛൻ രണ്ടാമതും വിവാഹം കഴിച്ചുവെങ്കിലും രണ്ടാനമ്മയുടെ ദ്രോഹങ്ങൾ അവളെ കൂടുതൽ ഒറ്റപ്പെടുത്തുകയായിരുന്നു. ഇടശ്ശേരിയുടെ 'പെങ്ങളെ'പ്പോലെ അവൾ അനിയന് അമ്മയും ചേച്ചിയുമായി. അച്ഛന് അടുക്കളക്കാരിയായി. രണ്ടാനമ്മക്കു വേലക്കാരിയുമായി. വൈകാതെ രണ്ടാനമ്മയും ഒരാളുടെ കൂടെ നാടുവിട്ടു. മുത്തച്ഛനും മുത്തശ്ശിയും പോലും കൈവിട്ട ബാല്യം. ഉമയും സഹോദരനും നിസ്സഹായനായ അച്ഛന്റെ തണലിൽ ജീവിച്ചുതീർത്തു. കാലം കടന്നുപോയി. അവളുടെ ജീവിതത്തെ ഏറ്റവും ദുഷിച്ച ലോകങ്ങളിലൂടെ കടത്തിവിടാൻ സ്വന്തം അമ്മതന്നെ കൂട്ടുനിന്ന നാളുകൾ വന്നു. സഹോദരൻ ഇനി രക്ഷിക്കാനാവാത്തവിധം വഴിതെറ്റിപ്പോയി.

ഗുരുവായൂരിലും തൃശൂരിലുമൊക്കെയായി അമ്മയ്‌ക്കൊപ്പം നിലനിൽപ്പിനായി നടത്തിയ ശ്രമങ്ങളായി ഉമയുടെ കൗമാര, യൗവനങ്ങൾ. സ്‌കൂൾപഠനം കഴിഞ്ഞ്, ഏതാണ്ടഞ്ചു വർഷക്കാലമനുഭവിച്ച നരകയാതനകൾക്കൊടുവിൽ അച്ഛനെക്കാൾ പ്രായമുള്ള തൈക്കാട് പ്രേമൻ എന്ന ധനികൻ അവളെ ചുവന്നതെരുവിൽനിന്നു രക്ഷിച്ച് തന്റെ നാലാമത്തെ ഭാര്യയാക്കി. അയാളുടെ കുഞ്ഞിനെ പ്രസവിച്ച്, ഭാരിച്ച സ്വത്തുക്കളും സ്വന്തമായിക്കിട്ടിയ ഉമ ഇരുപത്താറാം വയസ്സിൽ, പ്രേമന്റെ മരണശേഷം തന്റെ വൈധവ്യം യഥാർഥ ജീവിതമായി ജീവിച്ചുതുടങ്ങുകയാണ്. അതുവരെ അവൾ സഹിക്കുകയായിരുന്നു, തനിക്കുവേണ്ടി; പിന്നീടവൾ ജീവിക്കുകയാണ്, മറ്റുള്ളവർക്കുവേണ്ടി.

ഈ കൃതിയിൽ കഥാപാത്രങ്ങളില്ല, മനുഷ്യരേയുള്ളൂ. ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ യഥാർഥ മനുഷ്യർ. നോവലായെഴുതിയാൽ ആരും വിശ്വസിക്കാത്തവിധം, കഥയെക്കാൾ വിചിത്രമായ ജീവിതത്തിന്റെ യാഥാർഥ്യങ്ങളാണ് ഈ കൃതിയിലുള്ളത്. 'ഭാഗ്യലക്ഷ്മി'യുടെ ബാല്യവും 'കാഞ്ചനമാല'യുടെ യൗവനവും പകുത്തുകിട്ടിയവളാണ് ഉമ.

സ്‌കൂളിലെ സൗഹൃദങ്ങൾ, പേടികൾ, വീട്ടിലെ കഷ്ടപ്പാടുകൾ, അച്ഛന്റെ കരുതൽ, അമ്മയുടെ തിരസ്‌കാരം, രണ്ടാനമ്മയുടെ ക്രൂരതകൾ...ഉമയുടെ ബാല്യം സിന്താമണിപുരത്ത് അനുഭവിച്ച കയ്പുകളാണ് കൃതിയുടെ ഒന്നാം പകുതി. മറകളും മറവികളുമില്ലാത്ത ഓർമകൾ. അമ്മയുടെ കൂടെ ജീവിക്കാൻ 'വിധിക്ക'പ്പെട്ടപ്പോൾ, ഒരമ്മയും സ്വന്തം മകളോടു ചെയ്യാത്ത ചെയ്തികൾക്കിരയായി ജീവിതം തലകീഴ്മറിഞ്ഞുപോയതിന്റെ കഥകൾ രണ്ടാംപകുതിയും. 'നുണകളുടെ കുമ്പസാരമാണ് അമ്മ' എന്ന് ഉമയ്ക്കറിയാം. ഭർത്താവിനോടും മക്കളോടും നാട്ടുകാരോടും തന്നോടുതന്നെയും ആ സ്ത്രീ നുണകൾ മാത്രമേ പറയാറുള്ളൂ. സ്വാഭാവികമെന്നപോലെ അവരുടെ ജീവിതവും ഒരു വലിയ നുണയായി മാറി.

സഹികെട്ടപ്പോൾ ഉമ മദർതെരേസയെ കാണാൻ കൽക്കത്തക്കുപോയി. മദർ അവളെ അനുഗ്രഹിച്ചു തിരിച്ചയച്ചു. തൃശൂർ ബിഷപ്പിന്റെ അഗതിമന്ദിരത്തിൽ പിന്നീടവൾ സേവികയായി ചേർന്നു. അമ്മ വന്ന് വഴക്കുണ്ടാക്കി വീണ്ടും അവളെ വീട്ടിലെത്തിച്ചു. ബോംബെയിലെ ചുവന്നതെരുവിലേക്കു വിൽക്കപ്പെടുന്നു, പിന്നീടവൾ. അവിടെനിന്നും രക്ഷപെട്ട് നാട്ടിലെത്തിയപ്പോഴാണ് പ്രേമൻ തന്നെ വിലയ്ക്കു വാങ്ങുകയായിരുന്നു എന്നവൾ അറിയുന്നത്. സിനിമാഭ്രാന്തനും മദ്യപനും ധനികനും ധൂർത്തനും മാറാരോഗിയുമായ പ്രേമന്റെ സ്‌നേഹവും പീഡനങ്ങളും സഹിച്ച് അവൾ നാലഞ്ചുവർഷങ്ങൾ തള്ളിനീക്കി. അയാളുടെ വിൽപത്രം അവളെയും കുഞ്ഞിനെയും രക്ഷിച്ചു. തിരുവനന്തപുരത്തു ശ്രീചിത്രമെഡിക്കൽ സെന്ററിൽ പ്രേമൻ വെന്റിലേറ്ററിൽ കിടന്ന തൊണ്ണൂറ്റാറു ദിവസങ്ങൾ ഉമയുടെ ജീവിതം വഴിതിരിച്ചുവിട്ടു. പണ്ട്, അച്ഛൻ നടത്തിയിരുന്ന ആതുരസേവനത്തിന്റെ നാളുകൾ അവൾ തിരിച്ചുപിടിച്ചു. പിന്നീടുള്ളതു ചരിത്രമാണ്. ഉമ പ്രേമൻ കെട്ടിപ്പടുത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള സ്ഥാപനവും അതിന്റെ ദൗത്യങ്ങളും ലോകം ആദരവോടെ നോക്കിനിന്നു. നൂറുകണക്കിനു മനുഷ്യരുടെ പൊയ്‌പോയ പ്രാണനും ജീവിതവും നിലാച്ചേറുപോലെ കയ്യിലെടുത്തു നൽകി ഉമ. ആരും പറയാതെതന്നെ അജ്ഞാതനായ ഒരു ചെറുപ്പക്കാരന് സ്വന്തം കരൾ പകുത്തുനൽകി. താൻ ജീവിക്കുന്നു എന്നതിന്റെ തെളിവ് മറ്റുള്ളവരുടെ കണ്ണിൽ വെളിച്ചവും തിളക്കവുമായി തിരിച്ചറിഞ്ഞ നാളുകൾ. സ്വന്തം ശരീരവും മനസ്സും സമ്പത്തും സങ്കല്പങ്ങളും രോഗികൾക്കും അശരണർക്കും നീട്ടിനൽകിയ ഉമയുടെ ആത്മകഥയല്ലാതെ മറ്റൊന്നുമല്ല നിലാച്ചോറ്.

കാവ്യാത്മക റിയലിസത്തിന്റെ ആഖ്യാനകല. തമിഴും മലയാളവും കലർന്ന ചേതോഹരമായ ഭാഷ. കൂടുവിട്ടു കൂടുമാറുന്ന മെയ്‌വഴക്കത്തോടെ ആഖ്യാതാവ് ഉമയിലേക്കും തിരിച്ചും നടത്തുന്ന ഭാവസമ്പൂർണമായ സഞ്ചാരങ്ങൾ. ഉമയുടെ ആത്മഭാഷണത്തിലുടനീളം നിറയുന്ന സ്ത്രീജീവിതത്തിന്റെ കയ്പും കണ്ണീരും പിന്നെ പ്രതീക്ഷയും അസാധാരണമായ ആർജവത്തോടെ ഈ കൃതി പകർന്നുനൽകുന്നു.

'സിന്താമണിപുരത്തെ തൊടികളിൽ കാണുന്ന കടുംനീലനിറത്തിലുള്ള കറുവിലം പൂവിനെ കാണുന്നതുപോലെയാണ് പെണ്ണുടലിനെ പുരുഷൻ കാണുന്നത് എന്നെനിക്ക് തോന്നി. വിരിഞ്ഞുനില്ക്കുമ്പോൾ ഭംഗിയുള്ള ചിത്രശലഭംപോലെ കാണപ്പെടുന്ന പൂവിനെ എല്ലാ കണ്ണുകളും ആസ്വദിക്കും. ആയുസ്സെത്തുമ്പോൾ അത് കൂമ്പിയടയും; പൊഴിഞ്ഞു നിലത്ത് വീഴും. ഒരു കണ്ണിനും അത് പിടിക്കില്ല. ഒരു പാദവും അത് ചവിട്ടിയരക്കാനും മടിക്കില്ല. വേദനയും അപമാനവും സഹിച്ച് ഞാൻ അമ്മമ്മയുടെ കൈപിടിച്ച് പുറത്തേക്കിറങ്ങി. ഒറ്റപ്പെടുന്നതിന്റെ ദുഃഖം എന്നെ കീഴ്‌മേൽ മറിച്ചു. അസ്വസ്ഥമായ ചിന്തകളോരോന്നായി നെഞ്ചിൽ ഉരുണ്ടുകൂടി'.

മലയാളഭാവനയിൽ 'അനുഭവ'ത്തെയും കഥയെയും ആത്മകഥയെയും നോവലിനെയും ജീവചരിത്രത്തെയും ഭാവനയെയും കൂട്ടിയിണക്കി ഇത്തരമൊരു കൃതി ഇതിനു മുൻപ് ഈവിധം എഴുതപ്പെട്ടിട്ടില്ല. അനന്യമായ ജീവിതമൂല്യം കൊണ്ട് നമ്മുടെ കാലത്തെ സമ്പന്നവും സാർഥകവുമാക്കുന്ന ഒരു സ്ത്രീയുടെ ആത്മകഥ അസാമാന്യമായ വായനാക്ഷമതയോടെ നോവലെന്നു പേരിട്ട് ആവിഷ്‌ക്കരിക്കാൻ ഷാബു കിളിത്തട്ടിലിനു കഴിഞ്ഞിരിക്കുന്നു. ആത്മകഥയോ ജീവചരിത്രമോ നോവലോ എന്തുമാകട്ടെ, ഈ കൃതിയുടെ ആഖ്യാനമവസാനിക്കുമ്പോൾ നാം ഇങ്ങനെ വായിക്കുന്നു. 'ജീവിതം ഒരു ചോദ്യചിഹ്നമായി കഴിഞ്ഞനാളുകളിൽ ഞാൻ ചുവരുകളോട് സംസാരിച്ചു. എന്റെ വ്യഥകൾ, ഉത്കണ്ഠകൾ, മോഹങ്ങൾ ഒക്കെ കേട്ടത് അവയാണ്. ഭൂതകാലത്തെ ഓരോ സംഭവവും ഓരോ ദൃശ്യമായി എന്റെ കൂടെത്തന്നെ ഒന്നിനുപിറകെ ഒന്നായി നിൽക്കുന്നത് അതുകൊണ്ടാവണം.
എന്തുചെയ്യണമെന്നറിയാത്ത മരവിപ്പിൽ ഇരുന്ന നാളുകളിൽ ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നുണ്ടായിരുന്നു.

'പ്രതീക്ഷകളാണ് നമ്മുടെ കൈമുതൽ. അത് കൈവിടരുത്'.
ഭൂതകാലം ഒരു യാഥാർഥ്യമാണ്.
അതങ്ങനെ അംഗീകരിച്ചേ മതിയാകൂ.
കഴിഞ്ഞ കാലങ്ങളിലെ സ്‌നേഹമില്ലായ്മയും അധിക്ഷേപങ്ങളും പരിഹാസങ്ങളും എന്നെ

വേട്ടയാടുന്നില്ല. അത് സൃഷ്ടിച്ച നോവുകളൊന്നും ഇന്നെന്നെ സ്പർശിക്കുന്നില്ല.

നാലു ചുവരുകൾക്കുള്ളിൽ ഞാനെന്റെ ഭൂതകാലത്തെ അടച്ചിട്ടിരിക്കുന്നു.
അതിന് പുറത്തുള്ള ലോകമാണ് ഇന്നെന്റെ ജീവിതം....'.
തന്റെ ജീവിതം കൊണ്ട് ആത്മബോധമുള്ള ഒരു സ്ത്രീ എന്തുചെയ്തു എന്ന ചോദ്യത്തിന്

ഇതിനെക്കാൾ ഹൃദയസ്പർശിയായ ഒരുത്തരം മലയാളത്തിൽ ആരും എഴുതിയിട്ടില്ല.

പുസ്തകത്തിൽ നിന്ന്:-

'ദീപാവലിക്ക് തലേദിവസമാണ് എന്റെ ജീവിതത്തിലെ നിർണായകമായ സംഭവം നടന്നത്. തമിഴ്‌നാടിനെ സംബന്ധിച്ച് ദീപാവലി പ്രധാനപ്പെട്ട ആഘോഷമാണ്. ഞങ്ങൾ സിന്താമണിപുരത്തുകാർക്കും അതിന് മാറ്റമില്ല. പടക്കം പൊട്ടിക്കാനും ദീപം തെളിയിക്കാനും പുതിയ വസ്ത്രങ്ങൾ ധരിക്കാനും ഞങ്ങളും ഉത്സാഹഭരിതരായിരുന്നു.

പാവലിയോടനുബന്ധിച്ചാണ് അച്ഛന് മില്ലിൽനിന്ന് ബോണസ് കിട്ടുന്നത്. അതു കിട്ടിയാലുടൻ ഞങ്ങൾക്ക് ഡ്രസ്സ് തയ്ക്കാൻ തുണിയെടുത്തുകൊടുക്കലാണ് ആദ്യപടി. ഇക്കുറിയും അതിന് മാറ്റംവന്നില്ല.

ദീപാവലിയോടനുബന്ധിച്ച് വീട് മോടിപിടിപ്പിക്കുന്നത് ഞാനും തങ്കമണിയും കൂടിയാണ്. ഞങ്ങളുടെ വീട് മാത്രമായിരുന്നില്ല. തൊട്ടടുത്തുള്ള മിക്ക വീടുകളും ഞങ്ങളുടെ സഹായം തേടിയിരുന്നു. ചുണ്ണാമ്പ് വെള്ളത്തിൽ നീലം ചേർത്തിളക്കിയാണ് ചുവരുകൾക്ക് വെളുത്ത നിറമടിച്ചിരുന്നത്.

വീട്ടിലെ പെണ്ണുങ്ങൾക്ക് പിടിപ്പതു പണിയാണ് ദീപാവലിത്തലേന്ന്. പലഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കാണ് ഇതിൽ പ്രധാനം. മിക്ക വീടുകളിലും മുറുക്കും കുഴലപ്പവും പക്കാവടയും തന്നെയായിരിക്കും ഉണ്ടാക്കുക.

അന്ന് ഞങ്ങളുടെ അടുക്കളയിലും അരിയും ഉഴുന്നും വെള്ളത്തിലിട്ട് വച്ചിരുന്നു. അമ്മ എന്തെങ്കിലും പലഹാരങ്ങൾ ഉണ്ടാക്കുമെന്ന് ഞാൻ വിശ്വസിച്ചു. അമ്മയന്ന് ജോലിക്ക് പോയില്ല. അവധിയാണോ പോകാത്തതാണോ എന്നറിയില്ല. അച്ഛന് ഡേ ഡ്യൂട്ടിയായിരുന്നു. കാലത്തേപോയി. വൈകുന്നേരം തിരിച്ചെത്തും.

ഉച്ചയായിട്ടും ഞങ്ങളുടെ അടുക്കളയിൽ മാത്രം ഒരു പലഹാരവും ഉണ്ടാക്കുന്ന ലക്ഷണം കണ്ടില്ല. രാവിലെ അച്ഛൻ ജോലിക്കു പോയതു മുതൽ അമ്മ വെപ്രാളത്തിലായിരുന്നു. തുണികൾ രണ്ടു ബാഗുകളിലായി ഒതുക്കുന്നതുകണ്ട് ഞാൻ അമ്പരപ്പോടെ അമ്മയോട് ചോദിച്ചു.

'നമ്മളെന്താ അമ്മേ പലഹാരമൊന്നും ഉണ്ടാക്കുന്നില്ലേ?'

'ഉണ്ടാക്കുന്നുണ്ടല്ലോ. അമ്മ മാമന്റെ വീട്ടിൽ പോയിട്ട് വന്നശേഷം ഉണ്ടാക്കാം. അരിയും ഉഴുന്നുമൊക്കെ അവിടുന്ന് ആട്ടിക്കൊണ്ടുവരാം'.

എനിക്ക് സമാധാനമായി. മറ്റെല്ലാ വീടുകളിലും വറുക്കലും പൊരിക്കലുമൊക്കെ നടക്കുമ്പോൾ എന്റെ വീട്ടിൽമാത്രം ഒന്നുമില്ല എന്ന് പറയുന്നത് എത്രമാത്രം നാണക്കേടാണ്.
ആലോചനയിൽ മുഴുകിനിന്ന എന്റെ നേരെ അമ്മ ഒരഞ്ചുരൂപ നോട്ടുനീട്ടി. എന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
'ഇതിന് പടക്കം വാങ്ങിക്കോ. സൂക്ഷിച്ച് പൊട്ടിക്കണം... കേട്ടോ....'
ഞാനാ നോട്ട് കൈനീട്ടി വാങ്ങി. പടക്കംവേണ്ട. പൂത്തിരിവാങ്ങി കത്തിക്കാമെന്നായിരുന്നു എന്റെ മനസ്സിൽ.

'പിന്നെ ഉമാ...' ഗൗരവമുള്ള കാര്യം ഓർത്തെടുത്തു പറയുന്ന മട്ടിൽ അവർ തുടർന്നു. 'ഇനി മുതൽ ചോറും കറിയും ഒക്കെ വയ്ക്കാൻ പഠിക്കണം. കേട്ടല്ലോ'.

എന്റെ മനസ്സ് നിറയെ പൂത്തിരിയായിരുന്നു. അതുകൊണ്ടാവണം അവർ അവസാനം പറഞ്ഞ വാക്കുകളുടെ ഗൗരവം ഞാൻ മനസ്സിലാക്കാതെ പോയത്.

ടൗണിലേക്ക് 4.20നുള്ള ലൈൻബസ്സിൻ കയറി അമ്മ പോയി. പോകുമ്പോൾ തുണികൾ അടുക്കിവച്ച ആ രണ്ടു ബാഗും കൈയിലുണ്ടായിരുന്നു.

ഇരുട്ടുവീഴുന്നതിനു മുമ്പുതന്നെ സിന്താമണിപുരത്ത് ദീപങ്ങൾ തെളിഞ്ഞു. പലയിടങ്ങളിൽനിന്നും പടക്കം പൊട്ടുന്ന ശബ്ദങ്ങൾ കേട്ടുതുടങ്ങി. ഞാനും തമ്പിക്കുട്ടനും വീടിനു വെളിയിൽ ഇറങ്ങിനിന്നു. ഡ്യൂട്ടികഴിഞ്ഞ് അച്ഛനെത്തുമ്പോൾ കൈയിലൊരു പൊതിയുണ്ടായിരുന്നു. ഞാനോടിച്ചെന്ന് പൊതിവാങ്ങി തുറന്നു. പടക്കവും പൂത്തിരിയും മത്താപ്പും കണ്ട് എനിക്ക് സന്തോഷമായി. പക്ഷെ, നാളെ ഇടാനുള്ള ഡ്രസ്സ് എവിടെ?
'അത് തയ്ച്ചുകിട്ടിയില്ല. ബട്ടൺകൂടി പിടിപ്പിക്കാനുണ്ടെന്ന്. രാവിലെ തരാന്ന് പറഞ്ഞിട്ടുണ്ട്'. എന്റെ പരിഭവം കണ്ടപ്പോൾ അച്ഛൻ കാര്യം പറഞ്ഞു.

വീടിനുള്ളിലേക്ക് കയറിയ അച്ഛനാകെ അമ്പരന്നു. അടുക്കളയിലൊന്നും യാതൊരനക്കവുമില്ല. ദീപാവലിയായിട്ട് മറ്റെല്ലാ വീടുകളിലും തട്ടുംമുട്ടുമൊക്കെ കേൾക്കുമ്പോൾ ഇവിടെ മാത്രമെന്താണീ നിശ്ശബ്ദതയെന്നോർത്ത് അച്ഛൻ വേഷം മാറാതെ അടുക്കളയിൽ പോയി. അവിടെ ആരെയും കണ്ടില്ല. മുറിയിലും പരതി.

'ഉമാ.... അമ്മയെവിടെ?'

കമ്പിത്തിരീം മത്താപ്പും എണ്ണിമാറ്റുന്നതിന്റെ തിരക്കിലായിരുന്നു ഞാൻ. അതിൽനിന്ന് കണ്ണെടുക്കാതെ ഞാൻ ഉത്തരം പറഞ്ഞു.

'മാമന്റെ വീട്ടിൽപോയി'.

'മാമന്റെ വീട്ടിലോ... ദീപാവലിയായിട്ടോ?'

'ങ്ഹാ... അരിയും ഉഴുന്നും ആട്ടിക്കൊണ്ട് വരാം. എന്നിട്ട് മുറുക്കുണ്ടാക്കാമെന്ന് പറഞ്ഞു'.

എന്റെ ശ്രദ്ധയപ്പോഴും പടക്കപ്പൊതിയിലായിരുന്നു.

അച്ഛൻ പരിഭ്രമിച്ചു.

അച്ഛനെന്തോ അസ്വാഭാവികമായി തോന്നി. ഒരിക്കൽക്കൂടി അടുക്കളയിൽ കയറിനോക്കി. വെള്ളത്തിൽ കുതിർത്ത അരിയും ഉഴുന്നും അവിടെത്തന്നെയുണ്ട്. അച്ഛന് വെപ്രാളമായി. മുറിക്കുള്ളിൽ കയറി അലമാര തുറന്ന് നോക്കി. അമ്മയുടെ തുണികളൊന്നും അവിടെയുണ്ടായിരുന്നില്ല. മേശപ്പുറത്തുണ്ടായിരുന്ന ചെറിയ റേഡിയോയും അപ്രത്യക്ഷമായിരിക്കുന്നു.

മുറിയിൽനിന്ന് പുറത്തിറങ്ങിയ അച്ഛൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു. തൊണ്ടയിടറിക്കൊണ്ട് എന്നോട് ചോദിച്ചു.
'ഉമാ... അമ്മയെപ്പഴാ പോയത്?'

അച്ഛന്റെ സ്വരം പതറുന്നത് കേട്ടപ്പോൾ എനിക്കും വല്ലാതായി.
'അമ്മ 4.20 നുള്ള ബസ്സിൽ പോയി'.

ഞാനെഴുന്നേറ്റ് അച്ഛന്റെ മുഖത്ത് നോക്കിക്കോണ്ട് പറഞ്ഞു. ഒരുനിമിഷം കൊണ്ട് അച്ഛൻ ദുർബലനായതുപോലെ കാണപ്പെട്ടു. എനിക്കും പരിഭ്രമമായി. ഞാൻ ചോദിച്ചു.
'എന്താ അച്ഛാ...എന്തുപറ്റി?'

ഒന്നും മിണ്ടാതെ അച്ഛൻ ഇറങ്ങിനടന്നു. അച്ഛനോടൊപ്പം ജോലിചെയ്യുന്ന രംഗണ്ണനെ വിളിച്ചു. ഇരുവരും സൈക്കിളിൽ എങ്ങോട്ടോ പാഞ്ഞുപോയി.

ഞാൻ പകച്ചുനിന്നു. കാതിൽ പടക്കം പൊട്ടിച്ചിതറ്. കണ്ണിൽ പൂത്തിരിയും മത്താപ്പും പൂത്തുവിരിഞ്ഞു.

കുറേനേരം കഴിഞ്ഞ് തങ്കമണിയും അവളുടെ അമ്മയും കൂടിവന്ന് എന്നെയും തമ്പിക്കുട്ടനെയും അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെയുണ്ടാക്കിയ പലഹാരങ്ങൾ ഞങ്ങൾ കഴിച്ചു. ഞങ്ങളൊരുമിച്ച് പൂത്തിരി കത്തിച്ചു രസിച്ചു.

ആ ആഹ്ലാദത്തിനിടയിൽ അച്ഛന്റെ പരിഭ്രമിച്ച മുഖം ഞാൻ മറന്നു. മാമന്റെ വീട്ടിൽപോയി മടങ്ങിവരാമെന്ന അമ്മയെയും ഞാൻ മറന്നു. ഞാനും തങ്കമണിയും തമ്പിക്കുട്ടനും കളിച്ചുരസിച്ചു.
രാത്രി ഏറെ വൈകിയപ്പോൾ ഞങ്ങളുടെ വീടിന് മുന്നിൽ ആളുകളുടെ എണ്ണം കൂടിവന്നു. സിന്താമണിപുരത്തെ ഏതാണ്ടെല്ലാ ആളുകളും അവിടെയെത്തിയിരുന്നു. ഒന്നും മനസ്സിലാകാതെ ഞാൻ തങ്കമണിയുടെ അമ്മയോടു കാര്യം തിരക്കി. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് എന്റെ നിർബന്ധത്തിന് വഴങ്ങി അമ്മയെ കാണാനില്ലെന്ന കാര്യം പറഞ്ഞു. മാമന്റെ വീട്ടിലേക്കെന്നും പറഞ്ഞ് പോയ അമ്മ അവിടെ ചെന്നിട്ടില്ലെന്ന്. അച്ഛനും രംഗണ്ണനും അമ്മയെ തിരക്കിയിറങ്ങിയതാണെന്ന്. വേറെയും ചിലർ പലവഴിക്ക് അന്വേഷിച്ചു പോയെന്ന്.
മരണവീട് പോലെ മൂകമായിരുന്നു ഞങ്ങളുടെ വീട്. മുറ്റത്ത് ആളുകൾ കൂട്ടംകൂടി നിന്നു. അടക്കിപ്പിടിച്ച സംസാരം മാത്രം. സിന്താമണിപുരത്തെ ദീപങ്ങൾ കെട്ടണഞ്ഞു. പടക്കത്തിന്റെ ഒച്ചയും അടങ്ങി. അമ്മയെ അന്വേഷിച്ചുപോയവരൊക്കെ നിരാശരായി മടങ്ങിയെത്തി. അപമാനിതനെപ്പോലെ കാൽമുട്ടുകൾക്കിടയിലേക്ക് കുനിച്ച തലയുമായി അച്ഛൻ ഉമ്മറത്തെ ചുവരിനോട് ചേർന്നിരുന്നു.

അന്ധകാരത്തെയും മൺഭിത്തിയെയും രാത്രിയുടെ ഏകാന്തതയേയും ഭേദിച്ചുകൊണ്ട് രംഗണ്ണൻ ഉറക്കെ പറഞ്ഞു.

'അന്ത പളനിച്ചാമിയും ഇങ്ക ഇല്ലേ'
പളനിച്ചാമിയെയും കാണാനില്ലെന്ന്. ആൾക്കൂട്ടം കുശുകുശുത്തു.
ആകാശത്തൊരു വെള്ളിടിവെട്ടി. ആ പ്രകാശസ്ഫുലിംഗത്തിൽ ആളുകൾ പരസ്പരം കണ്ടു. കുനിഞ്ഞ ശിരസ്സുമായിരിക്കുന്ന അച്ഛന്റെ അടുത്തെത്തി ചോദിക്കണമെന്നുണ്ടായിരുന്നു എനിക്ക്. പുതിയ ഡ്രസ്സ് ബട്ടൺ തയ്ച്ച് നാളെ രാവിലെ തന്നെ കിട്ടുമോ എന്ന്.

രാത്രിയുടെ ഇതളുകൾ ഏതാണ്ട് വിരിഞ്ഞുതീരാറായിരുന്നു.

നിലാച്ചോറ് (നോവൽ)
ഷാബു കിളിത്തട്ടിൽ
കൈരളിബുക്‌സ്
കണ്ണൂർ, 2015
വില: 250 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP