1 usd = 69.80 inr 1 gbp = 89.00 inr 1 eur = 79.84 inr 1 aed = 19.00 inr 1 sar = 18.61 inr 1 kwd = 229.95 inr

Aug / 2018
18
Saturday

അമേരിക്ക: വിപരീതങ്ങളുടെ കഥയും കലയും

November 25, 2017 | 04:28 PM IST | Permalinkഅമേരിക്ക: വിപരീതങ്ങളുടെ കഥയും കലയും

ഷാജി ജേക്കബ്

ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ (Grapes of wrath) എന്ന നോവലിൽ (1939) ജോൺ സ്റ്റീൻബക് ആവിഷ്‌ക്കരിച്ച അമേരിക്കൻ കർഷകരുടെ പുറപ്പാടിനു സമാനമായ മനുഷ്യദുരന്തങ്ങൾ ലോകസാഹിത്യത്തിൽതന്നെ മറ്റധികമില്ല. അമേരിക്കയിൽ രൂപംകൊണ്ട Dust Bowl എന്നറിയപ്പെട്ട മനുഷ്യനിർമ്മിത പ്രകൃതിദുരന്തത്തിന്റെ ഫലമായാണ് ഇരുപത്തഞ്ചു ലക്ഷത്തോളം കർഷകർ തങ്ങളുടെ ദേശംവിട്ടു പലായനം ചെയ്യേണ്ടിവന്നത്. ഒരുപതിറ്റാണ്ടു നീണ്ടുനിന്ന, Great Depression എന്നറിയപ്പെടുന്ന മനുഷ്യചരിത്രത്തിലെതന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയുടെ ബാക്കിപത്രം കൂടിയായിരുന്നു, അത്. ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ അടിമഗാഥകളിലും ലോകമെങ്ങും നിന്നുണ്ടായ യുദ്ധ, മഹാമാരികളിലും കമ്യൂണിസ്റ്റ് - നാസി സർവാധിപത്യാവിഷ്‌ക്കാരങ്ങളിലും അഭയാർഥിചിത്രീകരണങ്ങളിലും പോലും 'ക്രോധ'ത്തിനു തുല്യമായ ഒരു മനുഷ്യനാടകം രൂപംകൊണ്ടിട്ടില്ല. കാരണം, അത് മനുഷ്യർ മനുഷ്യനെതിരെ നടത്തിയ കൂട്ടക്കുരുതിയുടെ കഥ മാത്രമായിരുന്നില്ല; പ്രകൃതിക്കെതിരെ നടത്തിയ ഹിംസയുടെ ന്യായവിധി കൂടിയായിരുന്നു.

1930കളിലെ മഹാപ്രതിസന്ധിക്കുശേഷം പാശ്ചാത്യലോകത്തെ, വിശേഷിച്ചും അമേരിക്കയെ അടിമുടിയുലച്ചുകളഞ്ഞ സന്ദിഗ്ദ്ധഘട്ടമായിരുന്നു, 2008-2013. ഓഹരിവിപണി, നിക്ഷേപരംഗം, റിയൽ എസ്റ്റേറ്റ്, ബാങ്കിങ്, ഉല്പാദനമേഖല, സേവനമേഖല... ഓരോന്നും തകർന്നടിഞ്ഞകാലം. പ്രതിമാസം നാലുലക്ഷം മുതൽ എട്ടുലക്ഷം പേർവരെ തൊഴിൽരഹിതരായിക്കൊണ്ടിരുന്ന വർഷങ്ങൾ. പ്രതിസന്ധി ഉച്ചഘട്ടത്തിലായ രണ്ടു വർഷംകൊണ്ട് മാത്രം എൺപത്തെട്ടുലക്ഷം പേർക്ക് അമേരിക്കയിൽ ജോലി നഷ്ടമായി.

ഈയൊരു ഭൗതികപ്രതിസന്ധിയെ അമേരിക്കയിൽ അതിജീവിച്ച മലയാളിയുടെ കൊച്ചുകൊച്ചു 'ക്രോധങ്ങളുടെ മുന്തിരിപ്പഴങ്ങ'ളാണ് കെ.വി. പ്രവീണിന്റെ 'ഓർമ്മച്ചിപ്പ്'. ഒപ്പം, അമേരിക്കൻ ജീവിതം മലയാളിയുൾപ്പെടെയുള്ളവരുടെ ഒന്നോ രണ്ടോ തലമുറയിൽ സൃഷ്ടിച്ചിട്ടുള്ള മൂല്യപരവും ധാർമികവും ബൗദ്ധികവും മറ്റുംമറ്റുമായ ആത്മീയപ്രതിസന്ധികളുടെ അനാവരണവും. അമേരിക്കയുടെ ഭൂതവും വർത്തമാനവും സൃഷ്ടിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ വൈരുധ്യങ്ങൾ ഒരുവശത്ത്. വ്യക്തികൾ തങ്ങൾക്കുള്ളിലും തമ്മിൽതമ്മിലും കൊയ്തുകൂട്ടുന്ന മൂല്യവൈരുധ്യങ്ങൾ മറുവശത്ത്. ചുരുക്കിപ്പറഞ്ഞാൽ, സ്ഥാപനവൽക്കരിക്കപ്പെട്ടും അല്ലാതെയും അമേരിക്കൻ മലയാളി ശരീരത്തിലും ആത്മാവിലും പേറുന്ന അസ്തിത്വപരമായ വിപരീതങ്ങളുടെ ആഖ്യാനപാഠങ്ങളാകുന്നു പ്രവീണിന്റെ കഥകൾ. പ്രവാസികളായ മലയാളികൾ അനുഭവിക്കുന്ന കാല്പനിക ഗൃഹാതുരതയല്ല ഈ കഥകൾക്കു വിഷയം. ആ കാലവും ഭാവുകത്വവുമൊക്കെ എപ്പൊഴേ പിന്നിട്ടുകഴിഞ്ഞ ആഗോള മലയാളിയുടെ അടിസ്ഥാന ജീവിതസന്ദേഹങ്ങളാണ് തന്റെ രണ്ടു നോവലുകളിലുമെന്നപോലെ ഈ പുസ്തകത്തിലെ എട്ടു കഥകളിലും പ്രവീൺ അവതരിപ്പിക്കുന്നത്. ഇതിൽ ഏഴെണ്ണം അമേരിക്കയിലും ഒരെണ്ണം ഗൾഫിലും നടക്കുന്നു.

ഒരുപതിറ്റാണ്ടു മുൻപു പുറത്തുവന്ന 'ഡിജാൻലി' എന്ന ആദ്യനോവലിൽ അമേരിക്കയിൽ വൻ ശ്രദ്ധ നേടിത്തുടങ്ങിയ 'ഈ-വേസ്റ്റ്' എന്ന മാലിന്യദുരന്തമായിരുന്നു പ്രവീൺ പ്രമേയമാക്കിയതെങ്കിൽ മൂന്നുവർഷം മുൻപിറങ്ങിയ 'പ്രച്ഛന്നവേഷ'ത്തിൽ ക്രെഡിറ്റ്കാർഡ് തട്ടിപ്പുകൾ സൃഷ്ടിക്കുന്ന 'സ്വത്വമോഷണം' (identity theft) ആയിരുന്നു മുഖ്യപ്രമേയം. രണ്ടും അതതുകാലത്തെ ഇന്ത്യൻ മലയാളിക്കു തികച്ചും പുതുമയാർന്ന വിഷയങ്ങൾ. അമേരിക്കൻ മലയാളി അനുഭവിച്ച ജീവിതയാഥാർഥ്യങ്ങളുടെ നേരനുഭവങ്ങൾ.

സാമ്പത്തികത്തകർച്ചയും തൊഴിൽനഷ്ടവും പ്രൊഫഷണൽ മത്സരവും വംശവെറിയും നാലുദിക്കുകളിൽനിന്നും വളഞ്ഞുപൊറുതികെടുത്തിയ ഭൗതികാന്തരീക്ഷം. ശിഥിലമായ കുടുംബങ്ങളും തകർന്ന ദാമ്പത്യങ്ങളും പരസ്പരം മനസ്സിലാകാത്ത തലമുറകളും പരക്കംപായുന്ന ജീവിതവും സംഘർഷത്തിലാക്കുന്ന വൈകാരികമണ്ഡലം. വ്യക്തിയും വ്യക്തിയും തമ്മിൽ; വ്യക്തിയും വ്യവസ്ഥയും തമ്മിൽ; വ്യക്തിയും സ്ഥലകാലങ്ങളും തമ്മിൽ; വ്യക്തിയും സാങ്കേതികതയും തമ്മിൽ; വ്യക്തിയും ഭരണകൂടവും തമ്മിൽ; വ്യക്തി തന്നോടുതന്നെയും നടത്തുന്ന കലഹങ്ങളുടെയും കലാപങ്ങളുടെയും ഇരകളാണ് പ്രവീണിന്റെ കഥാപാത്രങ്ങൾ. എല്ലാ അർഥത്തിലും സ്വത്വവിപരീതങ്ങളിൽ പെട്ടുപോകുന്ന ഒറ്റമനുഷ്യരുടെ ഭാവഗീതങ്ങൾ.

ആദ്യകഥയായ 'ചിത്രദുർഗം' നോക്കുക. സമീറുമായുള്ള ദാമ്പത്യബന്ധം തകർന്ന സീമ, മകൾ ആതിരയുമൊത്ത് ഷോപ്പിംഗിനു പോകുന്ന കഥയാണിത്. സീമയും സമീറും തമ്മിലെന്നപോലെ സീമയും ആതിരയും തമ്മിലും പൊരുത്തങ്ങളെക്കാൾ പൊരുത്തക്കേടുകളാണുള്ളത്. കുടുംബ-വ്യക്തിബന്ധങ്ങളിലെ ഈ ശൈഥില്യം സൃഷ്ടിക്കുന്ന സീമയുടെ ആത്മസംഘർഷങ്ങളും മകളെകരുതിയുള്ള ഉൽക്കണ്ഠകളും തന്നിൽതന്നെയുള്ള അവിശ്വാസങ്ങളും ഒരുവശത്ത്. നൂറേക്കറോളം പരന്നുകിടക്കുന്ന, രാവണൻകോട്ടപോലുള്ള റോബോട്ടിക്‌സ് മാളും അതിലെ എണ്ണമറ്റ ഷോപ്പുകളും അവ നൽകുന്ന വാഗ്ദാനങ്ങളും മാളിലെത്തുന്നവരെ ഉടനീളം പിന്തുടർന്നും സൂക്ഷിച്ചും സംരക്ഷിച്ചും നിരീക്ഷിക്കുന്ന കാസ്പർ എന്ന റോബോട്ടുകളും മറുവശത്ത്. അധിയാഥാർഥ്യത്തിന്റെയോ പ്രതീതിയാഥാർഥ്യത്തിന്റെയോ ഒരു 'അപര-അമേരിക്ക'(An other America)യാണ് (ബോദിലാദ് ഡിസ്‌നിലാൻഡിനെക്കുറിച്ചു പറഞ്ഞതുപോലെ) ഈ മാൾ. യന്ത്രങ്ങളും മനുഷ്യരും തമ്മിലുള്ള ഭേദങ്ങളവസാനിച്ച കാലത്തിന്റെ മഹാപ്രപഞ്ചരൂപകം.

പ്രകൃതിജീവികളും കൃത്രിമമനുഷ്യരും തമ്മിലുള്ള വൈരുധ്യങ്ങളാണ് സീമയുടെ ലോകബോധം നിർമ്മിക്കുന്നതെങ്കിൽ ആതിര ആ കാലബോധവും ലോകബോധവും മറികടന്നവളാണ്. അവർ തമ്മിൽ പിണങ്ങിയും വാശിപിടിച്ചും നടക്കുന്നതിനിടയിൽ സീമ എലിവേയ്റ്ററിലുണ്ടായ തിക്കിത്തിരക്കിൽ താഴെ വീഴുന്നു. ആതിരയെ കാണാതാകുന്നു. ഏറെ അന്വേഷണങ്ങൾക്കൊടുവിൽ കാസ്പർ ആതിരയെ കണ്ടെത്തുന്നു. പക്ഷെ അതിനിടയിൽ അവൾ, മുടിമുറിക്കാനുള്ള തന്റെ ആഗ്രഹം അമ്മയുടെ എതിർപ്പിനെ അവഗണിച്ച് സാധ്യമാക്കിക്കഴിഞ്ഞിരുന്നു. വ്യക്തിക്കുമേൽ സ്ഥാപനങ്ങൾ പ്രയോഗിക്കുന്ന നിരീക്ഷണാധികാരത്തിന്റെ (surveillance power) രാഷ്ട്രീയമാകുന്നു 'ചിത്രദുർഗ'ത്തിന്റെ പ്രത്യയശാസ്ത്രങ്ങളിലൊന്ന്. വ്യക്തികൾക്കിടയിലുണ്ടാകുന്ന വിശ്വാസനഷ്ടം ഈ കഥയുടെ കലാനുഭവങ്ങളിലൊന്നായും മാറുന്നു.

'ഡാർവിന്റെ ദൈവം' എന്ന രചനയാകട്ടെ, അമേരിക്കയിൽ അലോപ്പതിചികിത്സകൊണ്ട് ഭേദമാകാത്ത രോഗം കേരളത്തിലെത്തി പ്രകൃതിചികിത്സ കൊണ്ടു ഭേദമാക്കുന്ന ശോഭയുടെ കഥ പറയുന്നു. സമാന്തരമായി, ഭൗതികവാദിയും ദൈവനിഷേധിയുമായിരുന്ന, അവളുടെ ഭർത്താവ് പ്രൊഫസർ ദൈവവിശ്വാസത്തിലേക്കു വഴിമാറുന്നു. ഇതു വ്യക്തിപരമായ വിശ്വാസവിപരീതങ്ങളുടെ കഥ മാത്രമല്ല. പരിണാമവാദം പഠിപ്പിച്ചിരുന്ന പള്ളിക്കൂടങ്ങളിൽ 'ഇന്റലിജന്റ് ഡിസൈ'നും 'ക്രിയേഷൻ തിയറി'യും പഠിപ്പിക്കുന്ന കാലത്തേക്കുള്ള അമേരിക്കയുടെതന്നെ മാറ്റത്തിന്റെ കഥകൂടിയാണ്. ഒരുവശത്ത് ശാസ്ത്രം അത്ഭുതകരമാംവിധം മനുഷ്യമസ്തിഷ്‌കത്തിന്റെ ഭാവനകൾക്ക് മൂർത്തരൂപം കൊടുക്കുന്നു. മറുവശത്ത് വിശ്വാസം സഹസ്രാബ്ദങ്ങൾക്കു പിന്നോട്ട് സഞ്ചരിക്കുന്നു.

'സർവൈലൻസ്' എന്നത് ഒരു സാങ്കേതിക പ്രക്രിയ മാത്രമല്ല, മനുഷ്യന്റെ സ്വകാര്യതക്കുമേലുള്ള ഏറ്റവും ഹീനമായ കയ്യേറ്റം കൂടിയാണ്. ആത്മബോധമില്ലാത്ത ജനതയുടെ അടിമത്തമേറ്റുവാങ്ങലിന്റെ മാധ്യമരൂപങ്ങളിലൊന്ന്. ഉമ്ശറ ഘ്യീി നടത്തിയിട്ടുള്ള പഠനങ്ങൾ ഈ രംഗത്തു വിഖ്യാതമാണ്. 'നിരീക്ഷണാധികാര'ത്തിന്റെ ക്ലാസിക്കായറിയപ്പെടുന്ന ജോർജ് ഓർവെല്ലിന്റെ '1984' എഴുതപ്പെട്ട 1948-ൽ തന്നെയാണ് 'കാൻഡിഡ് കാമറ'യെന്ന ടെലിവിഷൻ ഷോയുടെയും തുടക്കം. ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ റിയാലിറ്റി ഷോയുടെ പേര് 'ബിഗ് ബ്രദർ' എന്നായതും യാദൃച്ഛികമല്ല. ഇന്നിപ്പോൾ നിരീക്ഷണ കാമറയെന്നത് നമ്മുടെ നാട്ടിലും ഒരു ദൈനംദിന ജീവിതസംസ്‌കാരമായി മാറിക്കഴിഞ്ഞിരിക്കുന്നു. പ്രവീണാകട്ടെ, കാമറകളുടെ കാലം പിന്നിട്ട് പുതിയ നിരീക്ഷണായുധങ്ങൾ സ്വായത്തമാക്കിക്കഴിഞ്ഞ അമേരിക്കൻ സമൂഹത്തെയാണ് നമുക്കു മുന്നിലവതരിപ്പിക്കുന്നത്. 'ചിത്രദുർഗ'ത്തിൽ പച്ചമനുഷ്യരെപ്പോലെ പെരുമാറുന്ന കാസ്പറുകളാണ് റോബോട്ടിക്‌സ് മാൾ നിറയെ. കമ്പനിയിലെ റോബോട്ടുകൾ തന്റെ പാറാവ് ജോലി ഏറ്റെടുക്കുന്നകാലം വിദൂരത്തല്ല എന്ന് 'അസിമോവിന്റെ രാത്രി'യിലെ ജോൺ തിരിച്ചറിയുന്നുണ്ട്.

'ഓർമ്മച്ചിപ്പി'ലേക്കുവന്നാൽ, ഓർമ നശിച്ച അമ്മയുടെ തലച്ചോറിൽനിന്ന് ഭൂതകാലം വീണ്ടെടുക്കുന്ന 'മെമ്മറിക്ലിനിക്കി'ന്റെ സാധ്യതകൾ ചുരുൾനിവരുന്നു. ഓർമയും മറവിയും തമ്മിലും ജീവകോശങ്ങളും സിലിക്കോൺ കോശങ്ങളും തമ്മിലും തലച്ചോറും ചിപ്പും തമ്മിലും സങ്കേതനവും വിസങ്കേതനവും തമ്മിലുമുള്ള വിപരീതങ്ങൾ മറികടക്കുന്ന വലിയൊരു ജനിതക ജൈവ-രാസ ശൃംഖലാബന്ധം ഈ കഥയിൽ കാണാം.

സമാന്തരമായി, തന്റെ ഹൃദയത്തിന്റെ ഉടമയായിട്ടും വിപ്ലവകാരിക്കു കരുണയേതുമില്ലാതെ മരണം വിധിക്കുന്ന പൊലീസ് ഓഫീസറായ അമ്മ, ഓർമനഃശിച്ചു മരണമേറ്റുവാങ്ങുന്നതിന്റെയും 'ഹാക്കിങ്' എന്നത് തൊഴിൽതന്നെയാക്കി മാറ്റി, അമ്മയുടെ ഓർമയിലേക്കും സ്വകാര്യതയിലേക്കും കടന്നുകയറി തന്റെ പിതൃത്വമുൾപ്പെടെയുള്ളവയുടെ രഹസ്യങ്ങൾ മകൻ ഡികോഡുചെയ്യുന്നതിന്റെയും അങ്ങേയറ്റം അധാർമ്മികമായ വിപര്യയങ്ങളും. ഒരു അധികാരവ്യവസ്ഥയിൽ വേട്ടക്കാരിയായിരുന്ന അമ്മ മറ്റൊരധികാരവ്യവസ്ഥയിൽ ഇരയായി മാറുന്നത് ഹരി കണ്ടറിയുന്നു. സർവൈലൻസിന് മാനുഷികതകളില്ല. സർ-വയലൻസാണത്. അധി-അക്രമം.

സാങ്കേതികതയും അതു നിയന്ത്രിക്കുന്ന മനുഷ്യാനുഭവങ്ങളും മാത്രമല്ല 'ഓർമ്മച്ചിപ്പി'ന്റെ ലോകം. അത്തരം സാങ്കേതികതകൾ വഴി ആർക്കും കടന്നുകയറാവുന്ന, മാനുഷികതയുടെയും ധാർമികപരിധികളുടെയും അഴിഞ്ഞുപോക്കുകൂടിയാണ്. സ്വകാര്യത നിങ്ങളുടെ സ്വത്വവും സത്തയും ആധികാരികതയും ആത്മവും അസ്തിത്വവുമായിരിക്കെ, അതൊരു സ്‌ക്രീനിലെന്നവണ്ണം അപരർ കണ്ടും കേട്ടുമറിഞ്ഞും ആഘോഷിക്കുന്നതിന്റെ അധാർമികത. സർവൈലൻസ് കാമറകൾ ശരീരത്തിനും തലച്ചോറിനും നാഡികൾക്കുമുള്ളിലേക്കു നുഴഞ്ഞുകയറി നിങ്ങളെ ജീവനോടെ പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിന്റെ ദുരന്തം. 'ഓർമ്മച്ചിപ്പ്', സമകാല മലയാളകഥയിലെ ഒരു ക്ലാസിക്കാണ്.

കംപ്യൂട്ടറുകളും റോബോട്ടുകളും നിറഞ്ഞ തൊഴിൽമണ്ഡലങ്ങളും ഭീമാകാരമായ കെട്ടിടങ്ങൾക്കു കാവൽനിൽക്കുന്ന ഏകാന്തരാത്രികളും ജോൺ എന്ന മലയാളിയുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന അങ്കലാപ്പുകളുടെ കഥയാണ് 'അസിമോവിന്റെ രാത്രി'. വീട്ടിൽ മകൾ പനിച്ചുതുള്ളുകയാണ്. ഭാര്യയ്ക്കാകെ ഭയം. ജോണിനു പക്ഷെ അണുവിട തെറ്റാൻ പാടില്ലാത്ത ജോലിയും. കാവൽക്കാർക്കു കാവൽനിൽക്കുന്ന കാമറകളുടെ കണ്ണുകൾ ഒരിക്കലുമടയുന്നില്ല. കാഫ്കയുടെ 'അമേരിക്ക'(1911)യിലെന്നതുപോലെ, അധൃഷ്യമായ ഭരണകൂടങ്ങളും പാനൊപ്റ്റിക്കോൺ അധികാരകേന്ദ്രങ്ങളുമായി മാറുന്ന ദേശരാഷ്ട്രത്തിന്റെതന്നെ പ്രരൂപമാണ് ഈ കഥയ്ക്കു പശ്ചാത്തലമായി മാറുന്ന ഭീമാകാരമായ കെട്ടിടം. മറ്റൊരു രാവണൻകോട്ട. മനുഷ്യൻ ചെയ്യുന്നതെല്ലാം ഏറ്റെടുക്കുന്ന യന്ത്രങ്ങൾ സമീപഭാവിയിൽ നിലവിൽ വരുമെന്നു ഭയക്കുന്നവരുടെ താവളം. ജോൺ അപരിചിതനായ സഹപ്രവർത്തകനുമായി സംസാരിക്കുന്നതും തന്റെ ഭയത്തെക്കുറിച്ചാണ്.

1984ൽ വില്യം ഗിബ്‌സൺ തന്റെ നോവലായ 'ന്യൂറൊമാൻസറി'(Neuromancer)ൽ എഴുതിയ ('സൈബർ പങ്കിന്റെ (Cyber punk) ബൈബിൾ' എന്നാണ് ഈ നോവൽ അറിയപ്പെടുന്നത്) വിഖ്യാതമായ സൈബർഭാവനയ്ക്കു സമാനമായ ഒരു രൂപകവാക്യം പ്രവീൺ ഈ കഥയിലെഴുതുന്നുണ്ട്. 'അതിവിശാലമായ ഒരു കംപ്യൂട്ടർ സ്‌ക്രീൻപോലെ ആകാശം അവർക്കു മുകളിൽ വിടർന്നുനിന്നു' (പുറം 58). ഗിബ്‌സൺ എഴുതിയതിങ്ങനെ: 'The sky above the port was the colour of television turned to a dead channel'.

അമേരിക്കയിൽ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച തൊഴിൽ നഷ്ടത്തിന്റെയും വംശവെറിയുടെയും അവസ്ഥാന്തരങ്ങൾക്കിടയിലും ചൂതാട്ടം കൊണ്ടും ചൂതാട്ടം പോലെയും സ്വന്തം ജീവിതം നയിച്ച ക്രിസിന്റെ കഥപറയുന്നു, ജാക്ക്‌പോട്ട്. സ്റ്റീൻബക്കിന്റെതന്നെ Of mice and men ഓർമയിലെത്തിക്കുന്ന കഥ. സാങ്കേതികതയിൽ പരാജയപ്പെടുന്നവർ കളത്തിനു പുറത്താകുന്ന കാവ്യനീതിയുടെ കാലം. ജീവനക്കാരെ കമ്പനിയിൽനിന്നു പുറന്തള്ളുന്ന പ്രക്രിയയ്ക്കു തയ്യാറാക്കുന്ന സോഫ്റ്റ്‌വെയറിന്റെ പേരുതന്നെയാണ് ഈ കാലത്തിന്റെ വിരുദ്ധരൂപകം. 'Eliminate with Love'. പ്രവീണിന്റെ കഥകൾ പ്രകടിപ്പിക്കുന്ന ഭാഷണകലയിലെ ചടുലതയും മനുഷ്യാവസ്ഥകളുടെ സങ്കീർണ്ണതയും ചരിത്രസന്ധികളുടെ ഭാവസൂക്ഷ്മതയും ആഖ്യാനത്തിലെ രാഷ്ട്രീയവും അനവധിയായ വിപരീതങ്ങളുടെ സാന്നിധ്യവും വെളിപ്പെടുന്ന ഒരു രംഗം നോക്കുക.

'ബോസ് 'Eliminate With Love' ക്ലിക്ക് ചെയ്തു. ഞങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ട് ആദ്യത്തെ പേര് സ്‌ക്രീനിൽ തെളിഞ്ഞു. കൈയടിയും ആർപ്പുവിളിയും കരച്ചിലും ഉണ്ടായി. തെറിവിളിച്ചവരെയും പുറത്തുപോകാൻ മടിച്ചുനിന്നവരെയും സെക്യൂരിറ്റി ഗാർഡുകൾ പിടിച്ചു പുറത്താക്കി.

'പറഞ്ഞുവിടുന്നവരുടെ പേരാണോ അതോ നിൽക്കുന്നവരുടെ പേരാണോ എഴുതിക്കാണിക്കുന്നത്?' ബ്രാഡ്‌ലി കൂപ്പർ ചോദിച്ചു. ആരും അതിനു മറുപടി പറഞ്ഞില്ല.

ഇതിനകം, എന്തോ കളി നടക്കുകയാണെന്നു കേട്ടറിഞ്ഞ് കമ്പനിയിലെ മറ്റ് ജീവനക്കാരും തിക്കിക്കയറി കോൺഫറൻസ് റൂം നിറഞ്ഞുകവിഞ്ഞു. ഞങ്ങളെ അഭിമുഖീകരിക്കാൻ ബോസ് ഇപ്പോൾ മേശപ്പുറത്തു കയറി നിൽക്കുകയാണ്. അയാളുടെ കോട്ടും തൊപ്പിയുമൊക്കെ ഊരിപ്പോയിരിക്കുന്നു.

ഞാൻ ആൾക്കൂട്ടത്തിന്റെ പിന്നിലേക്കുപിന്നിലേക്ക് തള്ളപ്പെട്ടുകൊണ്ടിരുന്നു. ഒടുവിൽ ചുമരിൽ തട്ടിനിൽക്കുന്നതുവരെ. ചുറ്റും എന്നെക്കാൾ എത്രയോ ഉയരവും വണ്ണവുമുള്ള പലതരം മനുഷ്യർ തിങ്ങിനിറഞ്ഞ് എന്റെ കാഴ്ച മറച്ചു. എന്റെ കൈത്തലം വിയർക്കുകയും കണ്ണുകളിൽ ഇരുട്ടുകയറുകയും ചെയ്തു. അപ്പോൾ ഞാൻ ക്രിസ്ധരണിയെ കണ്ടു.

അവൻ ഒരു കാറിൽ ലോട്ടോ കളിച്ചു മില്ല്യൺ ഡോളറുമായി മെക്‌സിക്കോ ബോഡർ ലക്ഷ്യമാക്കി നൂറ്റിരുപത് മൈൽ സ്പീഡിൽ പാഞ്ഞുപോവുകയായിരുന്നു. കഴുത്തിലെ ടൈയുടെ കുരുക്ക് വിടർത്തി അഴൻ സ്റ്റിയറിങ് വീലിൽ കൈ ചുരുട്ടി ഇടിക്കുന്നു. രണ്ടരക്കോടിയിൽ ഒരുവൻ. രണ്ടരക്കോടിയിൽ ഒരുവൻ. സന്തോഷം സഹിക്കാൻ കഴിയാത്തതുപോലെ അവൻ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു....

തൊട്ടടുത്ത നിമിഷം ഞാൻ അവനെ ഒരു വാനിന്റെ പിറകിൽ സീറ്റുകൾക്കിടയിൽ താഴെ കിടക്കുന്നതു കണ്ടു. അവന്റെ കൈകളും കാലുകളും കൂട്ടിക്കെട്ടിയിരുന്നു. വായിൽ പ്ലാസ്റ്ററൊട്ടിച്ചും മുഖം അടിയേറ്റ് ചോര വാർന്നും കാണപ്പെട്ടു. വണ്ടിയുടെ ചലനത്തിനനുസരിച്ച് അവൻ ഒരുവശത്തുനിന്ന് മറുവശത്തേക്ക് നിയന്ത്രണമില്ലാതെ ഉരുണ്ടുപോവുകയും വശങ്ങളിൽ തട്ടിനിൽക്കുകയും ചെയ്തു. ഇടയ്ക്കിടയ്ക്ക് അവന്റെ ചുണ്ടുകൾ വെള്ളം എന്ന് പറയുന്നതുപോലെ എനിക്കു തോന്നി.

കൃത്യം ആ സമയത്ത് കമ്പനിയിൽ തുടരാൻ ഭാഗ്യം ലഭിച്ചവരുടെ കൂട്ടത്തിൽ എന്റെ പേരും വിളിച്ചുപറയുന്നത് ഞാൻ കേട്ടു. എന്റെ കറുത്ത കോട്ടൺ പാന്റിനുള്ളിൽ ചൂടുള്ള ഒരു നനവു പടർന്നു. അതുപക്ഷേ, ക്രിസ് ധരണിക്ക് അത്യാഹിതമെന്തോ സംഭവിച്ചു എന്ന പേടികൊണ്ടാണോ അതോ തത്കാലത്തേക്കെങ്കിലും ജോലി പോകാതെ രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസം കൊണ്ടാണോ എന്നെനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഞാനല്ലാതെ മറ്റാരും അത് കണ്ടതുമില്ല.'.

ഈവിധമൊരു പൊതു സമ്പദ്ഘടനയുടെ സംഘർഷങ്ങൾ നിലനിൽക്കുമ്പോഴും നിഗൂഢമായ വ്യക്തിത്വം പുലർത്തുന്ന മേലുദ്യോഗസ്ഥയുമായി കൗതുകകരമായ അടുപ്പം സൃഷ്ടിക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്നു, 'വണ്ടർ വുമൺ'. ഭർത്താവുമായി കലഹിച്ചുകഴിയുന്നവളാണ് മെർലിൻ. അവൾക്കയാളെ കൊല്ലണം. അതിനവൾ കഥാനായകനെ കൂട്ടുപിടിക്കുന്നു. ഭർത്താവിനെ കൊന്ന് നായകന്റെ ഫ്‌ളാറ്റിൽനിന്നു ചാടി മെർലിൻ ആത്മഹത്യ ചെയ്യുന്നു. രതികൊണ്ട് ഹിംസയെയും ഹിംസകൊണ്ട് രതിയെയും പൂരിപ്പിക്കുന്ന ഫാന്റസിയാണ് ഈ കഥ.

ആബേൽ എന്ന കുട്ടിയെ കേന്ദ്രീകരിച്ച് ഒരു തലമുറ മലയാളികളുടെ ഗാർഹികഘടനയ്ക്കും ബന്ധവ്യവസ്ഥയ്ക്കും സ്‌നേഹപ്രകടനങ്ങൾക്കും മറ്റും വന്ന കൊടിയ തകർച്ചകളവതരിപ്പിക്കുന്നു, 'കയേൻ'. ഏലിയൻസിനെ സ്വപ്നം കാണുന്ന ആബേൽ. പ്രാർത്ഥനയുമായി പാഞ്ഞുനടക്കുന്ന അമ്മ തെരേസ. കാമുകിക്കും ഭാര്യക്കുമിടയിൽ കലങ്ങിമറിയുന്ന അപ്പൻ പീറ്റർ. സംഘർഷത്തിലാഴുന്ന പിതാപുത്രബന്ധത്തിന്റെയും ഭാര്യാഭർതൃബന്ധത്തിന്റെയും സ്‌നേഹരാഹിത്യങ്ങളുടെയും കഥ. തിരസ്‌കാരങ്ങൾ ആരെയും കയേനാക്കും എന്ന മനുഷ്യമനഃശാസ്ത്രം ലോകത്തിന്റെ ഏതുകോണിലും ഒരുപോലെയാണെന്നു സ്ഥാപിക്കുന്ന രചന.

ഗൾഫിൽ ഒരു നഴ്‌സിന് തന്റെ ആശുപത്രിയിലെതന്നെ ജീവനക്കാരനെതിരെ മരുന്നുമോഷണത്തിനു മൊഴികൊടുക്കേണ്ടിവരുമ്പോൾ സംഭവിക്കുന്ന നാടകീയതകളുടെ കഥയാണ് 'സീബ്ര'.

അമേരിക്ക പശ്ചാത്തലമാക്കിയെഴുതിയ ഏഴുകഥകൾക്കും ഒരുപോലെ പ്രസക്തമായ ചില ആഖ്യാന ഭാവതലങ്ങളുണ്ട്. മുൻപു സൂചിപ്പിച്ചതുപോലെ, 2008-13 കാലത്തെ സാമ്പത്തികത്തകർച്ചയും അതു സൃഷ്ടിച്ച തൊഴിൽ നഷ്ടവുമാണ് ചരിത്രപരമായി ഈ കഥകളുടെ കാലഭൂമികയുടെ അച്ചുതണ്ട്. പ്രവാസത്തിന്റെ ഗൃഹാതുരതകളൊന്നും പ്രസക്തമല്ല ഈ കഥകളിലെ മലയാളികൾക്ക്. ഒരാൾക്കും അമേരിക്ക അതിജീവിക്കാനാഗ്രഹിക്കാത്ത വാഗ്ദത്ത ഭൂമിയല്ല. മുഴുവൻ കഥകളും രണ്ടു ലോകങ്ങളിലെ മൂല്യവിപര്യയങ്ങളെ പ്രശ്‌നവൽക്കരിക്കുന്നു. സാമൂഹികമണ്ഡലത്തിലും വ്യക്തിതലത്തിലും രൂപംകൊള്ളുന്ന സംഘർഷങ്ങളെ. മിക്ക കഥകളിലും ശിഥിലമായ കുടുംബബന്ധങ്ങളാണുള്ളത്. 'ചിത്രദുർഗ'ത്തിൽ സീമയും സമീറും വഴിപിരിഞ്ഞവരാണ്. 'ഡാർവിന്റെ ദൈവ'ത്തിൽ പ്രൊഫസറും ഭാര്യയും വിശ്വാസപരമായി ഭിന്നധ്രുവങ്ങളിലാണ്; എങ്കിലും അകന്നവരല്ല. ഓർമച്ചിപ്പിൽ ഹരിയുടെ ദാമ്പത്യം പലവട്ടം തകർന്നതാണെങ്കിൽ അമ്മയുടെ കാര്യവും ഭിന്നമായിരുന്നില്ല. ജാക്ക്‌പോട്ടിൽ ക്രിസ് ഒന്നിൽനിന്ന് മറ്റൊന്നിലേക്കുള്ള തന്റെ കളംമാറ്റിച്ചവിട്ടലിൽ സ്ത്രീയെയും ഒഴിവാക്കിയില്ല. വണ്ടർവുമനിൽ മെർലിനും നായകനും താന്താങ്ങളുടെ കുടുംബം തകർന്നവരാണ്. കയേനിൽ ആബേലിന്റെ അപ്പൻ പീറ്റർ ഭാര്യയറിയാതെ കാമുകിക്കൊപ്പം ശയിക്കുന്നവനാണ്. ഭാര്യാഭർതൃബന്ധം പോലെതന്നെയാണ് പിതാപുത്രബന്ധവും. 'ചിത്രദുർഗ'ത്തിലും 'കയേനി'ലും ഈ ബന്ധമാണ് കഥയുടെതന്നെ കേന്ദ്രപ്രമേയം. ഫ്രോയ്ഡിയൻ ലൈംഗിക സൂചകങ്ങളുടെ സൂക്ഷ്മമായ അടിയൊഴുക്കുണ്ട്, ഈ കഥകളിൽ.

സമീർ വീട്ടിൽ നിന്നിറങ്ങിപ്പോയതിനെക്കുറിച്ച് ആതിര പറയുന്നതിങ്ങനെയാണ്: 'ഇതിലും ഭേദം അച്ഛൻ മരിച്ചുപോവുകയായിരുന്നു' - 'കുട്ടികൾ മുതിർന്നവരെക്കാൾ മുതിർന്നിട്ടു കാലമേറെയായി' എന്നു സൂചിപ്പിച്ചുകൊണ്ട് പ്രവീൺ എഴുതുന്നു.

കയേനിൽ, കൗൺസലർ പുരോഹിതൻ പീറ്ററിനോടു പറയുന്നതിങ്ങനെയാണ്: 'ഒരു അച്ഛൻ തന്റെ മകനെക്കുറിച്ചോർത്തു വ്യാകുലനാകുന്നതത്രയുംതന്നെ തന്റെ അച്ഛനെയോർത്ത് ഒരു മകനും വേദനിക്കുന്നുണ്ടെന്ന് പീറ്റർ മനസ്സിലാക്കണം'. പക്ഷെ തന്റെ ഗതിവേഗങ്ങൾക്കും രതികാമങ്ങൾക്കുമിടയിൽ പീറ്റർ അതു മനസ്സിലാക്കിയില്ല.

യന്ത്രവും മനുഷ്യനും തമ്മിലുള്ള വൈരുധ്യങ്ങളവസാനിക്കുന്നുവെന്നിടത്താണ് പ്രവീണിന്റെ കഥകളുടെ സാമൂഹികവും മൂല്യപരവുമായ നില. 'ചിത്രദുർഗ'ത്തിലും 'ഓർമ്മച്ചിപ്പി'ലും 'അസിമോവിന്റെ രാത്രി'യിലുമൊക്കെ അതങ്ങനെയാണ്. അനിവാര്യമായ സൈബർ ലോകക്രമത്തിന്റെയും ജീവിതനൈതികതകളുടെയും കാവ്യയുക്തി ഈ കഥകളെ മലയാളഭാവനയുടെ ഇങ്ങേയറ്റത്തു പ്രതിഷ്ഠിക്കുന്നു; ചരിത്രപരമായും ഭാവുകത്വപരമായും.

'ഓർമ്മച്ചിപ്പ്' എന്ന കഥയിൽനിന്ന്

'ഹരിക്ക് അടിയന്തരമായി അമ്മയുടെ തലച്ചോറിൽ പ്രവേശിക്കണം. അവിടെ കട്ടപിടിച്ചു കിടക്കുന്ന രഹസ്യങ്ങളുടെ ചുരുളഴിക്കണം. തന്റെ വ്യക്തിബന്ധങ്ങളുടെ പിരിയൻ ഗോവണിയിലെ ഒടിഞ്ഞ പടികൾ എണ്ണിത്തിട്ടപ്പെടുത്തണം. കാരണം അമ്മ ഹരിയോട് എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. മാസങ്ങളായി, വർഷങ്ങളായി ഒരുപക്ഷേ, ഹരി ജനിച്ചപ്പോൾ മുതൽ പറയുവാൻ കരുതിവെച്ചിരുന്ന എന്തോ ഒന്ന്.

തനിക്കുകൂടി തിരിച്ചറിയാൻ കഴിയുന്ന ആ ഒരു വാക്ക്, ശബ്ദം, അല്ലെങ്കിൽ ദൃശ്യം-അതു തേടി സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെപ്പോലെ ആയിരക്കണക്കിനുള്ള അമ്മയുടെ മെമ്മറി ഫയലുകൾക്കിടയിലേക്ക് അയാൾ ഊളിയിട്ടു. മണിക്കൂറുകൾ കടന്നുപോയതും കംപ്യൂട്ടർ സ്‌ക്രീനിലെ അരണ്ട വെളിച്ചമൊഴിച്ച് തന്റെ ചുറ്റും രാത്രി നിറഞ്ഞതും ഹരി അറിഞ്ഞില്ല.

സെർവറിലേക്ക് ഹാക്ക് ചെയ്തു കയറുമ്പോൾ ഹെൽമറ്റിൽനിന്ന് അമ്മയുടെ ഊഷ്മാവ് തന്റെ തലയിൽ നിറയുന്നതുപോലെ അയാൾക്കു തോന്നി. സ്റ്റിമുലേറ്റർ ഉപയോക്താവിനെ തിരിച്ചറിയാതെ മടിച്ചപ്പോൾ ഹരി അമ്മയുടെ പാസ്‌വേർഡ് എന്റർചെയ്ത് അതിനെ കബളിപ്പിച്ചു.

ഹരി അമ്മയുടെ മെമ്മറി ഫയലുകൾ വീണ്ടും ഒന്നൊന്നായി പരിശോധിച്ചു തുടങ്ങി. അവസാന ദിവസങ്ങളിലെ അമ്മയുടെ ബ്രെയിൻ മാപ്പാണത്.

127-32 വ്വ ഫയൽ തെരഞ്ഞെടുത്തു-അമ്മയുടെ ഇതുവരെയുള്ള ഓർമ്മശേഖരത്തിലെ, അവസാനത്തെ ഫയൽ.

ഹരി സ്റ്റിമുലേറ്റർ ഓൺചെയ്തു. ഇലക്‌ട്രോണുകൾ ഓർബിറ്റുകൾ ചാടിക്കടന്ന് തലച്ചോറിൽ ചിത്രങ്ങളുണ്ടാക്കാൻ തുടങ്ങി. പതുക്കെ, വളരെപ്പതുക്കെ ചിത്രങ്ങൾക്ക് ജീവൻവെക്കുന്നത് ഹരി അറിഞ്ഞു. ഓർമ്മച്ചിപ്പിലെ അമ്മയും, ഹരിയുടെ ഓർമ്മകളും, ആർട്ടിഫിഷ്യൽ ഇന്റലിജൻസും, വെർച്വൽ റിയാലിറ്റിയും കൈകോർത്തു പിടിച്ചപ്പോൾ പുഷ്പഗിരിക്ക് ജീവൻവച്ചുതുടങ്ങി.

പുഷ്പഗിരി ക്യാമ്പിലെ, ഹരി കുട്ടിയായിരുന്നപ്പോൾ ഒരിക്കൽ ദൂരെനിന്ന് ഭയത്തോടെ നോക്കിക്കണ്ടിട്ടുള്ള ഇന്ററോഗേഷന്മുറി. സീലിങ്ങിൽനിന്നു തൂക്കിയിട്ടിട്ടുള്ള, വൃത്താകൃതിയിലുള്ള ലൈറ്റിൽ താഴത്തെ മേശയും കസേരയും മാത്രം വെളിച്ചപ്പെട്ടിരുന്നു. കസേരയിൽ ഹെഡ്‌ലൈറ്റിൽ പെട്ടുപോയ മുയലിനെപ്പോലെയുള്ള ചെറുപ്പക്കാരനായ ആ തടവുകാരനുണ്ട്. സിനിമാശാലയിൽനിന്ന് അമ്മയുടെ കൈപിടിച്ച് ഇറങ്ങിവരുമ്പോഴുണ്ടായിരുന്നതിന്റെ ഒരു പ്രേതരൂപമാണയാൾ. അയാളുടെ കണ്ണുകൾ ഉറക്കമില്ലായ്മയും വിശപ്പും വേദനയും കൂടിക്കുഴഞ്ഞ ഒരു നരകത്തിലേക്ക് താണുപോയിരുന്നു. ഇടയ്ക്കിടെ വെളിച്ചം കുത്തിനോവിക്കുന്നത് സഹിക്കാനാവാതെ അയാൾ കണ്ണുകൾ ഇറുകിയടച്ചുകൊണ്ടിരുന്നു.

ചുറ്റുമുള്ള ഇരുട്ടിൽനിന്ന് ഒരു നിഴൽ നീണ്ടുവന്ന് ഒരു കൈത്തോക്കും, ചെറിയൊരു മരുന്നുകുപ്പിയും ഒരു ക്യാപ്‌സൂളും മേശപ്പുറത്ത് നിരത്തിവച്ച് പിൻവാങ്ങി. മേശപ്പുറത്ത് പരത്തിവച്ചിരുന്ന തടവുകാരന്റെ കൈകൾ ഒരപസ്മാര രോഗിയുടേതുപോലെ വിറച്ചു.

'മിസ്റ്റർ, കാര്യങ്ങളുടെ കിടപ്പ് ഇപ്പോൾ പിടികിട്ടിക്കാണുമല്ലോ', ഇരുട്ടിൽനിന്ന്, ഒട്ടും ഇടർച്ചയില്ലാത്ത ഒരു സ്ത്രീശബ്ദം പറഞ്ഞു. 'മുന്നിലുള്ള മൂന്നു മാർഗങ്ങളിൽനിന്ന് ഒന്ന് തിരഞ്ഞെടുത്തുകൊണ്ട് ഇവിടെനിന്നും രക്ഷപ്പെടാനുള്ള സ്വാതന്ത്ര്യം താങ്കൾക്കുണ്ട്. ചിതറിത്തെറിച്ച്, നാടകീയമായിട്ടാണെങ്കിൽ അങ്ങനെ. എല്ലാം ഉള്ളിലൊതുക്കിക്കൊണ്ട് പിടഞ്ഞുതീരാനാണെങ്കിൽ അങ്ങനെ. ഇനി, അതിവേഗത്തിലുള്ള സ്വപ്നംപോലെയുള്ള മോചനമാണ് വേണ്ടതെങ്കിൽ അതും താങ്കളുടെ മുന്നിലുണ്ട്. നിങ്ങളൊക്കെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ കളയാൻ തയ്യാറായവരായതുകൊണ്ട് ഞങ്ങളുടെ ഓഫർ താങ്കൾ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് കരുതുന്നു...'.

തടവുകാരന്റെ ചുണ്ടുകൾ പിളർന്നെങ്കിലും വാക്കുകൾ പുറത്തേക്ക് വന്നില്ല. സ്ത്രീശബ്ദം അത് പൂരിപ്പിച്ചു.

'അറിയാം, ഞാൻ എല്ലാ രഹസ്യങ്ങളും നിങ്ങളോട് കുമ്പസാരിച്ചല്ലോ, നേരിട്ടറിയാവുന്നവരല്ലേ നമ്മൾ. ഇനി എന്നെ വെറുതേ വിട്ടുകൂടേ എന്നൊക്കെയല്ലേ? സത്യമാണ്. ഞാൻ അതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. പക്ഷേ, ഒന്നിലധികം കാരണമുണ്ട് ഞങ്ങളുടെ തീരുമാനത്തിനു പിന്നിൽ... നിർഭാഗ്യവശാൽ ഞങ്ങൾ നിന്റെ കൂട്ടുകാരോട് ചെയ്ത പല കാര്യങ്ങളും അറിഞ്ഞോ അറിയാതെയോ നിന്റെ തലച്ചോറിൽ പതിഞ്ഞുപോയി. അതിന് അവിടെനിന്ന് മായ്ച്ചുകളയാനാവില്ലല്ലോ. പിന്നെ നീ കസ്റ്റഡിയിലായതിന് തെളിവുകളൊന്നുമില്ല, നമ്മുടെ ബന്ധത്തിനെന്നതുപോലെ. കസ്റ്റഡിയിലില്ലാത്ത ഒരാളെ വിട്ടയയ്ക്കാനുമാവില്ല. ശരിയല്ലേ?'.

പെട്ടെന്ന് തടവുകാരന്റെ വിറയൽ നിന്നു. അയാളുടെ കണ്ണുകൾ ശാന്തമായി. ചുറ്റുമുള്ള ഇരുട്ടിലേക്ക് അയാൾ നിസ്സംഗതയോടെ നോക്കി. പിന്നെ, ആ തോക്കും മരുന്നുകുപ്പിയും ക്യാപ്‌സൂളും ഇരുകൈകളും കൊണ്ട് വാരിച്ചേർത്ത് അയാൾ അതിലേക്ക് മുഖം പൂഴ്‌ത്തി...

തന്റെ തലയിലൂടെ, മുൻപ് അമ്മ പരാതിപ്പെട്ടതുപോലെ, വൈദ്യുതി കടന്നുപോയതുപോലെ ഹരിക്കു തോന്നി. സ്റ്റിമുലേറ്റർ കിതച്ചു. തന്റെ മനസ്സ് ഇതെല്ലാം കെട്ടിച്ചമയ്ക്കുകയാണോ? ഹാക്ക് ചെയ്യപ്പെടാത്തതായി എന്താണ് ഒരു മനുഷ്യനു സ്വന്തമായുള്ളത്?

ഇനിയുള്ളത് ഒരു ചിത്രമാണ്. ഹരി കണ്ണുകളടച്ച് കാത്തിരുന്നു. പിക്‌സെല്ലുകൾ തെളിഞ്ഞുവരാൻ വളരെയധികം സമയമെടുത്തു. ഇതുവരെ വരച്ചിട്ടുള്ളതിൽവച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ ചിത്രം വരയ്ക്കുന്നതുപോലെ....

നീണ്ട നിമിഷങ്ങൾക്കുശേഷം കണ്ണുതുറന്നപ്പോൾ, മുപ്പതു വർഷങ്ങൾക്കു മുമ്പത്തെ, അമ്മയുടെ തലച്ചോറിലെ കോശങ്ങൾ ചുരണ്ടിയെടുത്ത് ഹാക്ക് ചെയ്ത ആ ഇമേജ് ഹരി കണ്ടു. തേക്കിൻകയറുകൊണ്ട് സങ്കലനം ചെയ്ത പത്രക്കെട്ടിലെ 'സ്വകാര്യം' എന്ന മുരടൻ തലക്കെട്ടിനു താഴെ, ഒട്ടും പ്രായമാകാതെ, സ്വാതന്ത്ര്യത്തിന്റെ ക്യാമറയിലേക്ക് നോക്കി പ്രതീക്ഷയോടെ ചിരിക്കുന്ന ആ തടവുകാരന്റെ ചിത്രം. സിനിമാശാലയിൽനിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങി വന്ന, തന്റെ മുഖവുമായി സാമ്യമുണ്ടെന്ന് ഹരിക്കു തോന്നിയ, അതേ മുഖം.

ഹരി ഹെൽമറ്റ് ഊരിവച്ച് എഴുന്നേറ്റു. കംപ്യൂട്ടർ ഓഫ് ചെയ്തു. മുറിയിൽ മറവിയുടെ ഇരുട്ട് നിറഞ്ഞു. ഒരാളുടെ ജീവൻ എടുക്കുന്നതും ഓർമ്മകൾ കവരുന്നതും ഒന്നുതന്നെയാണെന്ന് അയാൾക്കു മനസ്സിലായി'.

ഓർമ്മച്ചിപ്പ് (കഥകൾ),
കെ.വി. പ്രവീൺ
ഡി.സി. ബുക്‌സ്
2017, വില: 120 രൂപ.

ഷാജി ജേക്കബ്‌    
കേരള സര്‍വകലാശാലയില്‍ ഗവേഷകവിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില്‍ തുടര്‍ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്‌കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്‍ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില്‍ ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള്‍ പുറത്തുവന്നിട്ടുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
ഇവിടെ പട്ടാളമിറങ്ങണം..ഞങ്ങൾ മരിച്ചുപോകും ഞങ്ങളെ സഹായിക്ക്... ദയവു ചെയ്ത് ഞങ്ങൾക്കൊരു ഹെലികോപ്ടർ താ... ഞാൻ കാലുപിടിച്ചു പറയാം.. ഞങ്ങളെ ഒന്നു സഹായിക്ക്... എന്റെ നാട്ടുകാര് മരിച്ചുപോകും; എന്റെ നാട്ടിലെ അമ്പതിനായിരം പേര് മരിച്ചുപോകും; ഞങ്ങളെ സഹായിക്ക്; എയർ ലിഫ്റ്റിംഗല്ലാതെ ഇവിടെ വേറെ വഴിയില്ല; ഞങ്ങൾ മരിച്ചുപോകും ഞങ്ങളെ സഹായിക്ക്... പ്ലീസ്; ചെങ്ങന്നൂരിൽ സൈന്യത്തിന്റെ ഇടപടൽ യാചിച്ച് സജി ചെറിയാൻ എംഎൽഎ
ചെങ്ങന്നൂർ ആറന്മുള കോഴഞ്ചേരി പുത്തൻകാവ് കുട്ടനാട് കാലടി ആലുവ മൂന്നാർ ചാലക്കുടി എന്നിവിടങ്ങളിൽ കുടുങ്ങി കിടക്കുന്നത് അരലക്ഷത്തോളംപേർ; നെല്ലിയാമ്പതിയിലും മൂവായിരത്തോളംപേർ കുടുങ്ങിക്കിടക്കുന്നു; നിലവിലെ രക്ഷാപ്രവർത്തനം അമ്പേ പരാജയം; ഹെലികോപ്റ്ററിനും നേവിക്കും ഭുരിഭാഗം സ്ഥലങ്ങളിലും എത്തിപ്പെടാൻ കഴിയുന്നില്ല; രാത്രിയിലും രക്ഷാപ്രവർത്തനം തുടരുന്നത് നാട്ടുകാർ; സംയുക്ത സൈനിക ദൗത്യമല്ലാതെ ഇനി മറ്റുപോംവഴികളില്ലെന്ന് വിദഗ്ദ്ധർ
രണ്ടാം നിലയിലെ സുരക്ഷിതമെന്നു തോന്നിയ മൂലക്കിരുന്ന ഞങ്ങളുടെ കാലുകളിൽ വെള്ളം വന്നു തട്ടിയപ്പോൾ ഉള്ളൊന്നു കാളി... പിന്നെ നേരം വെളുത്തപ്പഴേക്കും വെള്ളം അരയറ്റം....82 വയസ്സുള്ള അമ്മയും ഭാര്യയും അമ്പരന്നിരുന്നു.. ഞാൻ പക്ഷെ തകർന്നുപോയത് എന്നെ കെട്ടിപിടിച്ചു അടുത്തിരുന്നു നമശിവായ ചൊല്ലുന്ന 12 വയസ്സുകാരൻ മകന്റെ മുഖം കണ്ടപ്പോഴാണ്; പമ്പയുടെ കുത്തൊഴുക്കിൽ 32 മണിക്കൂർ മരണത്തെ മുഖാമുഖം കണ്ടു അനുഭവം വിവരിച്ച് മാധ്യമപ്രവർത്തകൻ രാജേഷ് പിള്ള
കേരളത്തിനുള്ള ആശ്വാസപദ്ധതികൾ എന്തെല്ലാം? പ്രധാനമന്ത്രി കേരളത്തിലെത്തിയതോടെ ആകാംക്ഷ മുറുകുന്നു; നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തിയത് രാത്രി 10.52 ഓടെ; പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുക ശനിയാഴ്ച; ചെങ്ങന്നൂരിൽ വലിയ ദുരന്തമുണ്ടാകുമെന്ന സജി ചെറിയാന്റെ അറിയിപ്പിനെ തുടർന്ന് കൂടുതൽ സേനയെ വിന്യസിക്കാൻ നടപടി; രാത്രി തന്നെ പരമാവധി ആളുകളെ ഒഴിപ്പിക്കാൻ ശ്രമം
കെ രാജുവിന്റെ ജർമ്മൻ യാത്രയെ കുറിച്ച് അറിയില്ല; സാധാരണ ഗതിയിൽ മന്ത്രിമാർ വിദേശയാത്ര നടത്തിയാൽ മുഖ്യമന്ത്രിയെ അറിയിക്കും; കെ.രാജു വനത്തിന്റെ കാര്യം ഭംഗിയായി നോക്കുന്നുണ്ട്; അദ്ദേഹം മടങ്ങിയെത്തിയ ശേഷം വനത്തിന്റെ കാര്യം ഭംഗിയായി നോക്കും: സിപിഐ മന്ത്രിയുടെ ഔചിത്യമില്ലായ്മയെ പരോക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി പിണറായി
വീടുകളിൽ നിന്നും പ്രളയജലം പിൻവാങ്ങുമ്പോൾ ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിക്കുമോ? വെള്ളം ഇറങ്ങുമ്പോൾ ജനമനസുകളിൽ ആധി അനുനിമിഷം വർദ്ധിക്കുന്നു; ചെങ്ങന്നൂരിലെ ഒറ്റപ്പെട്ട വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത് കുടുംബത്തിലെ മൂന്നുപേർ; രക്ഷപെട്ടത് ഒരാൾ മാത്രം; സൈന്യത്തെ വിളിക്കാനും ഹെലികോപ്ടർ വഴിയുള്ള രക്ഷാപ്രവർത്തനത്തിലും അധികൃതർക്ക് കാലതാമസം വന്നോ? സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പറയുമ്പോൾ മരണസംഖ്യ ഉയരുമെന്ന ആകുലത വ്യക്തം
'സാറേ വെള്ളം മൂന്നാമത്തെ നിലയിലേക്ക് കേറിക്കൊണ്ടിരിക്കയാണ്; നാളെ ഞങ്ങൾ ഉണ്ടാവുമോയെന്ന് ഉറപ്പില്ല'; കാലടിമേഖലയിൽ നിന്നെത്തുന്നത് ഭീതിപ്പെടുത്തുന്ന വാർത്തകൾ; രക്ഷാപ്രവർത്തനം അമ്പേ പരാജയമെന്ന് നാട്ടുകാർ; കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങൾ; പെരിയാർ കരകവിഞ്ഞ് അഞ്ചടിയിലേറെ വെള്ളംപൊങ്ങിയതോടെ ഒന്നും ചെയ്യാൻ കഴിയാതെ നാട്ടുകാർ; രണ്ടു വട്ടം ഹെലികോപ്റ്ററും പലതവണ ബോട്ടും അയച്ചെങ്കിലും തിരിച്ചു പോന്നു; സൈന്യം ഇറങ്ങിയില്ലെങ്കിൽ പെരിയാറിന്റെ കരകളിൽ കാത്തിരിക്കുന്നത് വൻ ദുരന്തം
ആദ്യം മുല്ലപ്പെരിയാറിലെ ചതി; പിന്നെ ചാലക്കുടിപുഴയെ മുക്കിയ മലക്കപ്പാറയിലെ ഷോളയാറിൽ നിന്നുള്ള വെള്ളമൊഴുക്ക്; ഇന്ന് നീരാറിലൂടെ ഇടമലയാറിനേയും കുഴപ്പത്തിലാക്കി; നീരാർ ഡാമിൽ നിന്നും ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി തമിഴ്‌നാടിന്റെ കുതന്ത്രം വീണ്ടും; പെരിയാറിലേക്കുള്ള വെള്ളമൊഴുക്ക് കൂടുന്നത് ആലുവയേയും ചാലക്കുടിയേയും പ്രതിസന്ധിയിലാക്കും; കോതമംഗലവും നേര്യമംഗലവും മൂവാറ്റുപുഴയും ഒറ്റപ്പെട്ട അവസ്ഥയിൽ
മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ക്രൂരമായി അവഹേളിച്ച് സൈബർ ട്രോളുകൾ; മകന്റെ ലംബോർഗനി കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് തള്ളിയ അമ്മയാണ് അണ്ടാവിൽ കയറി യാത്ര ചെയ്യുന്നതെന്ന് അപമാനിച്ച് ട്രോളുകൾ; പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില; ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യെന്ന് കളിയാക്കലുകൾ; കുണ്ടമൺകടവിലെ പൃഥ്വിയുടെ വീട്ടിൽ സംഭവിച്ചത് എന്ത്?
സഹപാഠികളും ബന്ധുക്കളുമായ ഡോക്ടർമാരുടെ മരണകാരണം അമിത ഡോസിലുള്ള മരുന്നുപയോഗം; അനസ്‌തേഷ്യാ സ്‌പെഷ്യലിസ്റ്റുകളുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനം; യുവതി ഗർഭിണിയെന്നും സ്ഥിരീകരണം; കുടുംബാംഗങ്ങളെ മൊഴി എടുത്ത് തുമ്പുണ്ടാക്കാൻ മനാമാ പൊലീസ്; ഡോ ഇബ്രാഹിം റാവുത്തരുടേയും ഡോ ഷംലീന മുഹമ്മദ് സലിമിന്റേയും മരണത്തിലെ പൊരുൾ തേടി അന്വേഷണം
തമിഴ് നാട്ടിലും കർണാടകത്തിലും ആന്ധ്രയിലും പെയ്യാത്ത മഴയെന്ത് കേരളത്തിൽ മാത്രം? 18 മലകളുടെ അധിപനായ ധർമ്മശാസ്താവ് അതിന്റെ പരിശുദ്ധിക്കു കളങ്കം വരുത്തുവാൻ ശ്രമിച്ച അവിശ്വാസികൾക്ക് നൽകുന്ന മുന്നറിയിപ്പാണ് ഈ പെരുമഴ; 18 തികഞ്ഞ സ്ത്രീകളെ കയറ്റാൻ ശ്രമിക്കുന്നവരോട് അയ്യപ്പൻ പറയുന്നത് ആരും തന്നെ കാണാൻ വരേണ്ട എന്നാണ്; ശബരിമല ക്ഷേത്രത്തിൽ ചടങ്ങുകൾ പോലും മുടങ്ങിയതോടെ സ്ത്രീ പ്രവേശന വിഷയം ആയുധമാക്കി വിശ്വാസികൾ; തന്ത്രിക്ക് പോലും എത്താനാകാത്ത അവസ്ഥ സോഷ്യൽ മീഡിയ ചർച്ചയാക്കുമ്പോൾ
ഇടയനോടൊപ്പം ഒരു ദിവസം എന്ന പേരിൽ പ്രാർത്ഥന നടത്തിയും മെത്രാൻ കന്യാസ്ത്രീകളെ പീഡിപ്പിച്ചു; ഒരു ദിവസം എന്ന് പറഞ്ഞാൽ രാത്രിയും ഉൾപ്പെടുമെന്ന് പറഞ്ഞ് അരമനയിലേക്ക് അർദ്ധരാത്രിയും കന്യാസ്ത്രീകളെ വിളിപ്പിച്ചു; പ്രലോഭനങ്ങളിൽ വീഴാത്ത ജലന്ധർ മഠത്തിലെ കന്യാസ്ത്രീകളും പീഡകനെതിരെ മൊഴി കൊടുത്തതോടെ നാണക്കേട് കൊണ്ട് തല താഴുന്നുന്നത് സംരക്ഷിക്കാൻ ശ്രമിച്ച കത്തോലിക്കാ സഭ; കുമ്പസാര രഹസ്യത്തിന് പിന്നാലെ പ്രാർത്ഥനാലയവും ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുമ്പോൾ ആശങ്കയോടെ വിശ്വാസികൾ
ആന്റണി പെരുമ്പാവൂർ വേശ്യാലയം നടത്തുന്നത് മോഹൻലാലിന്റെ അറിവോടെയെന്ന വ്യാജ പ്രചരണത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റി; പെങ്ങന്മാർക്കെതിരെ കുരച്ചാൽ എസ് എഫ് ഐയെ തകർക്കുമെന്ന് വീമ്പു പറഞ്ഞ് താരമായി; പച്ചത്തെറിയുമായി പരിവാറുകാരെ ആക്രമിച്ചു പുരോഗമന വേഷം കെട്ടി; സൈബർ ഗുണ്ടായിസത്തിന്റെ ഉസ്താദായ കോട്ടയത്തെ വ്യാജ മാധ്യമ പ്രവർത്തകയുടെ ശിങ്കിടിയായി തിളങ്ങി; മയക്കുമരുന്ന് കൈവശം വച്ചതിന് പൊലീസ് പൊക്കിയ 'ആക്കിലപ്പറമ്പൻ' സോഷ്യൽ മീഡിയയിലെ വൈറലുകളുടെ സൃഷ്ടാവ്
'ഇടയനോടൊപ്പം ഒരു ദിവസം' തുടങ്ങിയത് 2014ൽ; 18 കന്യാസ്ത്രീകൾ തിരുവസ്ത്രം ഊരിയത് 'എ ഡേ വിത്ത് ഷെപ്പേഡ്' പ്രാർത്ഥനയ്ക്കിടെ മോശം അനുഭവം ഉണ്ടായപ്പോൾ; സ്വകാര്യമായി ചോദിച്ചപ്പോൾ സത്യം പറഞ്ഞ് മുഴുവൻ കന്യാസ്ത്രീകളും; ക്യാമറയ്ക്ക് മുന്നിൽ മൊഴിയെടുത്തപ്പോൾ ബിഷപ്പിനെ പുണ്യാളനാക്കി രണ്ടു പേരും; മഠത്തിലെ കംപ്യൂട്ടറുകളിലെ ഡിജിറ്റൽ തെളിവുകളും ബിഷപ്പിനെതിര്; ഇനി വേണ്ടത് ബെഹ്‌റയുടെ അനുമതി മാത്രം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അഴിയെണ്ണാതിരിക്കാൻ നെട്ടോട്ടത്തിൽ
ഒന്നു മൂത്രമൊഴിക്കാൻ മുട്ടി.. അപ്പോൾ പുറകിലേക്ക് പോയി.. ആ പോകുന്നതിനിടെയിൽ മോഹൻലാലിന്റെ പ്രസംഗം നീണ്ടു പോയപ്പോൾ വലിയ ടെൻഷൻ തോന്നി... പ്രസംഗം അവസാനിച്ചപ്പോൾ ഡിഷ്യൂ ഡിഷ്യൂവെന്ന് കൈ കാണിച്ച് പോയി.. അത്രയേ ഉള്ളൂ; തീർന്നില്ലേ. ഞാൻ വെടിവച്ചിട്ടുമില്ല.. ലാലേട്ടന് വെടിയേറ്റിട്ടുമില്ല. എന്റെ വെടിയേറ്റ് മരിക്കുന്ന മനുഷ്യനുമല്ല മോഹൻലാൽ; ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ സംഭവിച്ചത് എന്തെന്ന് മറുനാടനോട് വിശദീകരിച്ച് അലൻസിയർ
മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ക്രൂരമായി അവഹേളിച്ച് സൈബർ ട്രോളുകൾ; മകന്റെ ലംബോർഗനി കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് തള്ളിയ അമ്മയാണ് അണ്ടാവിൽ കയറി യാത്ര ചെയ്യുന്നതെന്ന് അപമാനിച്ച് ട്രോളുകൾ; പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില; ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യെന്ന് കളിയാക്കലുകൾ; കുണ്ടമൺകടവിലെ പൃഥ്വിയുടെ വീട്ടിൽ സംഭവിച്ചത് എന്ത്?
പ്രസംഗിച്ചു കൊണ്ടിരുന്ന മോഹൻലാലിനെ 'വെടി വെക്കാൻ' നടൻ അലൻസിയറിന്റെ ശ്രമം; ഈർഷ്യ മറച്ചുവെക്കാതെ മോഹൻലാൽ പ്രസംഗം തുടർന്നപ്പോൾ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു സ്‌റ്റേജിലിരുന്ന മന്ത്രി എ കെ ബാലൻ; ഗൗരവം ചോർത്താൻ മുഖ്യമന്ത്രി ചിരിച്ചെങ്കിലും ആർക്കും തമാശ തോന്നിയില്ല; വിരലുകൾ തോക്കുപോലെ ആ്ക്കിയുള്ള വെടിക്ക് ശേഷം സ്‌റ്റേജിലെത്തിയ നടനെ തടഞ്ഞു പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും: ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങൾ
ജെസ്‌ന കേരളത്തിന് പുറത്ത് ജീവിച്ചിരിക്കുന്നു; മുക്കൂട്ടുതറയിൽ നിന്നുള്ള തിരോധാനം ആസൂത്രിതം; കണ്ടെന്ന കഥകൾ അന്വേഷണം വഴി തെറ്റിക്കാനുള്ള നീക്കത്തിന്റെ ഭാഗം; മടിവാളയിലെ ആശ്രയഭവനിൽ കണ്ടുവെന്ന പ്രചാരണത്തിന് പിന്നിൽ ഒന്നാന്തരം തിരക്കഥ; മറുനാടൻ മുൻപ് സൂചിപ്പിച്ച വഴിയിലൂടെ പൊലീസിന്റെ അന്വേഷണ സംഘം നീങ്ങുമ്പോൾ പുറത്തു വരുന്ന സൂചനകളെല്ലാം ഇനി ജെസ്‌നയിലേക്ക് അധികദൂരമില്ലെന്ന് തന്നെ
സിനിമ മോഹം തലയ്ക്ക് പിടിച്ച ശ്രീകുമാർ മേനോൻ മാസം ഒരുകോടി രൂപ വരുമാനം ഉണ്ടായിരുന്ന സ്വന്തം സ്ഥാപനത്തെ കൈവിട്ടു; കല്യാണുമായി തെറ്റിയതോടെ വരുമാനം നിലച്ച ശ്രീകുമാറിന്റെ പുഷ് കടം കയറി പാപ്പർ ഹർജിയിൽ വരെ എത്തി; ശമ്പളം പോലും ലഭിക്കാതായതോടെ ജീവനക്കാരെല്ലാം സ്ഥലം വിട്ടു; രണ്ടാമൂഴം ഉറപ്പില്ലാതിരിക്കെ ഒടിയൻ കൂടി പൊളിഞ്ഞാൽ എന്താകുമെന്ന് അറിയാതെ ദിലീപ്-മഞ്ജു തർക്കത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ
ചൂടുണ്ടെന്ന് അറിയാതെയാ അമ്മ ഗ്യാസിന് മുകളിൽ വച്ച ചട്ടുകം കാലിൽ വച്ചത്; കാലു വേദനിച്ചപ്പോ അമ്മ തേൻ പുരട്ടി തന്നിട്ട് ആരോടും പറയല്ലേ എന്ന് പറഞ്ഞു; അടിക്കുകയും പിച്ചുകയും ചെയ്യുമെങ്കിലും അമ്മയോടെനിക്ക് ദേഷ്യമൊന്നുമില്ല; കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച രണ്ടാം ക്ലാസ്സുകാരിയുടെ മൊഴിയിൽ പൊലീസും കരഞ്ഞു
അരുൺ ഗോപിയും ടോമിച്ചൻ മുളകുപാടവും ചേർന്ന് മലയാളികളെ മുഴുവൻ ഒറ്റ ദിവസം കൊണ്ട് വിഡ്ഢികളാക്കിയോ? പ്രണവ് മോഹൻലാൽ സിനിമയുടെ പ്രമോഷനായി ഒരുക്കിയ നാടകം ആയിരുന്നു ഹനയുടെ മീൻ വില്പനയെന്ന് ആരോപിച്ച് തെളിവുകൾ നിരത്തി അനേകം പേർ; സിനിമക്കാർ കുഴിച്ച കുഴിയിൽ മാതൃഭൂമി ലേഖകൻ ഒറ്റയ്ക്ക് വീഴുകയും പിന്നാലെ മനോരമ മുതൽ മറുനാടൻ വരെ സർവ്വ മാധ്യമങ്ങളും ഒരുമിച്ച് വീഴുകയും ചെയ്തെന്ന് വാദിച്ച്‌ സോഷ്യൽ മീഡിയ
ഗണേശിന്റെ 'ഇടവേളക്കളി' വേണ്ടെന്ന് തറപ്പിച്ച് പറഞ്ഞ് മോഹൻലാൽ; പത്തനാപുരത്തെ എതിരാളിയെ ഒപ്പം നിർത്തി ശുദ്ധീകരണം; ഇനി ജഗദീഷിന് കൂടുതൽ റോൾ; ഡബ്ല്യൂസിസിയെ തകർക്കാൻ വനിതാ സെൽ ഉണ്ടാക്കുന്നത് മഞ്ജു വാര്യരുടെ മനസ്സറിഞ്ഞ്; പൃഥ്വിരാജിനെ ഒപ്പം നിർത്താൻ ഭേദഗതികൾ; ചട്ടങ്ങൾ മാറ്റി ദിലീപിനെ സംഘടനയ്ക്ക് പുറത്ത് നിർത്തും; താരസംഘടനയിൽ ഒടുവിൽ ലാൽ പിടിമുറുക്കുമ്പോൾ
മോഹൻലാലിനെ 'വെടി വെക്കാൻ' ശ്രമിച്ച നടൻ അലൻസിയറിനെ എഎംഎംഎയിൽ നിന്നും പുറത്താക്കിയേക്കും; താരസംഘടനയുടെ അധ്യക്ഷനെ പൊതുവേദിയിൽ പരസ്യമായി അധിക്ഷേപിച്ചത് വെച്ചു പൊറുപ്പിക്കില്ലെന്ന് ഭാരവാഹികൾ; കാരണം കാണിക്കൽ നോട്ടീസ് നൽകി നടപടി സ്വീകരിക്കാൻ നീക്കം; സ്റ്റേജിലേക്ക് കൈചൂണ്ടിയതാണെന്നും മോഹൻലാലിനെതിരെ 'കൈതോക്ക്' പ്രയോഗിച്ചിട്ടില്ലെന്നും വിശദീകരിച്ച് അലൻസിയറും
സഹപാഠികളും ബന്ധുക്കളുമായ ഡോക്ടർമാരുടെ മരണകാരണം അമിത ഡോസിലുള്ള മരുന്നുപയോഗം; അനസ്‌തേഷ്യാ സ്‌പെഷ്യലിസ്റ്റുകളുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനം; യുവതി ഗർഭിണിയെന്നും സ്ഥിരീകരണം; കുടുംബാംഗങ്ങളെ മൊഴി എടുത്ത് തുമ്പുണ്ടാക്കാൻ മനാമാ പൊലീസ്; ഡോ ഇബ്രാഹിം റാവുത്തരുടേയും ഡോ ഷംലീന മുഹമ്മദ് സലിമിന്റേയും മരണത്തിലെ പൊരുൾ തേടി അന്വേഷണം