1 usd = 68.49 inr 1 gbp = 90.65 inr 1 eur = 80.06 inr 1 aed = 18.65 inr 1 sar = 18.27 inr 1 kwd = 226.56 inr

Jul / 2018
16
Monday

മൃതജീവിതങ്ങൾ

July 15, 2017 | 03:43 PM IST | Permalinkമൃതജീവിതങ്ങൾ

ഷാജി ജേക്കബ്

മകാലമലയാളഭാവനയിൽ 'നീണ്ടകഥ'കളുടെ ഉസ്താദാണ് ഇ. സന്തോഷ്‌കുമാർ. ചെറുകഥയ്ക്കും നോവലിനുമിടയിൽ രൂപത്തിലും ഭാവബന്ധത്തിലും ആഖ്യാനത്തിലും ജീവിതരാഷ്ട്രീയത്തിലും തനതു സ്വഭാവങ്ങൾ പുലർത്തുന്ന സവിശേഷമായൊരു കഥാരൂപമാണ് നോവെല്ല, നോവലൈറ്റ് എന്നൊക്കെ അറിയപ്പെടുന്ന 'നീണ്ടകഥ'. ചെറുകഥയുടെ രൂപവിപരീതം. വിശ്വവിഖ്യാതരായ എത്രയെങ്കിലും എഴുത്തുകാരുണ്ട് ഈ രൂപത്തിന്റെ വക്താക്കൾ. ചെക്കോവും ടോൾസ്റ്റോയിയും കാഫ്കയും ഹെമിങ്‌വേയും മാർക്കേസും മുതൽ. മലയാളത്തിൽ ബഷീറാണ് ഈ കഥനകലയുടെ തമ്പുരാൻ. ആനന്ദും സുകുമാരനും മാധവനും മുതൽ ഹരീഷ് വരെയുള്ളവർ ചെറുകഥയ്ക്കും നോവലിനുമിടയിലെ ഈ ആഖ്യാനത്തെ പലനിലകളിൽ എഴുത്തിന്റെ കലയ്ക്കും രാഷ്ട്രീയത്തിനുമുള്ള ഏറ്റവും മികച്ച പാഠരൂപമാക്കി മാറ്റിയവരാണ്. പുതിയ തലമുറയിൽ സന്തോഷാണ് ഈ ഗണത്തോട് തുടർച്ചയായി ആഭിമുഖ്യം കാണിക്കുന്ന ഒരാൾ. ഒരു നോവലും (അന്ധകാരനഴി; വേണമെങ്കിൽ അമ്യൂസ്‌മെന്റ് പാർക്കും) അഞ്ചു കഥാസമാഹാരങ്ങളും (ഗാലപ്പഗോസ്, മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്നു, ചാവുകളി, മൂന്നുവിരലുകൾ, നീചവേദം) കഴിഞ്ഞാൽ സന്തോഷിന്റെ കഥനകല ഏറ്റവുമധികം ഇടപെട്ടിട്ടുള്ളത് ഈ രൂപത്തിലാണ്. 'മൂന്നു വിരലുകൾ' തന്നെയും നീണ്ടകഥകളാണ്.

വാക്കുകൾ, തങ്കച്ചൻ മഞ്ഞക്കാരൻ, കുന്നുകൾ നക്ഷത്രങ്ങൾ, ചിദംബരരഹസ്യം, ഒരാൾക്ക് എത്ര മണ്ണുവേണം എന്നീ പുസ്തകങ്ങളൊക്കെ നീണ്ടകഥകളുടെ സമാഹാരങ്ങളാണ്. കഥയുടെ ലോകകലാപൈതൃകത്തിൽ സന്തോഷ് കണ്ണിചേരുന്ന സവിശേഷമായൊരു രൂപബന്ധത്തിന്റെയും ഭാവബന്ധത്തിന്റെയും മാതൃകകളാകുന്നു ഈ നീണ്ടകഥകൾ.

മറ്റുചില മൗലികമാർഗങ്ങൾ കൂടിയുണ്ട് ലോകകഥയുടെ ഭാവനാഭൂപടത്തിൽ ചേക്കേറാൻ സന്തോഷ് തെരഞ്ഞെടുക്കുന്നവയായി. അതിലൊന്ന്, വിഖ്യാതങ്ങളായ ചില കഥകളെയോ മിത്തുകളെയോ പിന്തുടർന്നു ചെന്നെത്തുന്ന മർത്യാനുഭവത്തിന്റെ നക്ഷത്രമണ്ഡലങ്ങളുടേതാണ്. ദസ്തയവ്‌സ്‌കിയും ടോൾസ്റ്റോയിയും മാർക്കേസും കുന്ദേരയും യോസയും ബൊലാനോവുമൊന്നും ഈ മണ്ഡലത്തിനു പുറത്തല്ല. ടോൾസ്റ്റോയിയെ സന്തോഷ് കഥയെഴുത്തിന്റെ ആത്മാനുഭവങ്ങളിലൊന്നായിത്തന്നെ വിവർത്തനം ചെയ്തുചേർത്തിരിക്കുന്നു. മുട്ടയോളം വലിപ്പമുള്ള ധാന്യമണികൾ മുതൽ ഒരാൾക്ക് എത്ര മണ്ണുവേണം എന്ന കഥവരെ ഉദാഹരണം. ദസ്തയവ്‌സ്‌കിയിൽ നിന്നാർജ്ജിച്ച കുറ്റബോധത്തിന്റെ കൊടുംകഥകളാണ് മറ്റൊരു ഭാവുകത്വമണ്ഡലം.

ഇനിയുമൊന്ന്, മലയാളത്തിൽ ആനന്ദ് പിന്തുടരുന്ന രീതിയിൽ, കഥയ്ക്കും കഥാപാത്രങ്ങൾക്കും സ്ഥലകാലങ്ങൾക്കും സങ്കല്പിച്ചുകൊടുക്കുന്ന മതേതര-മാനവിക സ്വത്വഘടനയുടേതും നിരാർദ്രമായ ആഖ്യാനശൈലിയുടേതുമാണ്. 'അസ്തിത്വത്തിന്റെ ചരിത്രകാര'രെന്ന നിലയിൽ കഥാകൃത്തുക്കൾ കൈവരിക്കുന്ന എഴുത്തിന്റെ സാക്ഷാത്കാരങ്ങൾക്ക് മലയാളത്തിലുള്ള ഏറ്റവും മികച്ച സമകാല മാതൃകകൾ സന്തോഷിന്റേതാണ്. മനുഷ്യരെ, അവരുടെ കഥനലോകത്തിന്റെ അനുഭവസീമകൾക്കുള്ളിലൊതുക്കി, ഇതര കർതൃസ്ഥാനങ്ങളിൽ നിന്നകറ്റി സാർവലൗകികവൽക്കരിക്കുന്ന അസാധാരണമായ ഒരു പ്രതിഭ സന്തോഷ്‌കുമാർ വെളിപ്പെടുത്തുന്നു.

സന്തോഷ്‌കുമാറിന്റെ മിക്കവാറും കഥകൾ ജീവിതം മുൻനിർത്തി മരണത്തെക്കുറിച്ചെഴുതപ്പെട്ട പ്രബന്ധങ്ങളാകുന്നുവെന്നതാണ് മറ്റൊന്ന്. മരണത്തെ മുൻനിർത്തി ജീവിതത്തെക്കുറിച്ചെഴുതപ്പെട്ട പുരാവൃത്തങ്ങളെന്ന് ഇതു തിരിച്ചും പറയാം. ഒന്നുറപ്പാണ്, ഇത്രമേൽ അസ്തിത്വസന്ദിഗ്ദ്ധതയോടെ മർത്യജീവിതത്തെയും മരണത്തെയും കുറിച്ചുപന്യസിക്കുന്ന മറ്റൊരു മലയാള കഥാകൃത്ത് ഇന്നില്ല.

ഈവിധം നീണ്ടകഥയുടെ കലയും സ്വത്വാവിഷ്‌ക്കാരങ്ങളുടെ സൗന്ദര്യവും മരണത്തിന്റെ പുരാവൃത്തങ്ങളും ആധുനികാനന്തരതയുടെ രാഷ്ട്രീയത്തിൽ ഒരേസമയം സമന്വയിപ്പിക്കുന്ന അഞ്ചു നീണ്ടകഥകളുടെ സമാഹാരമാണ് 'ഒരാൾക്ക് എത്ര മണ്ണുവേണം?'

ശരാശരി ഇരുപത് - ഇരുപത്തഞ്ചു പുറം വീതമുള്ള ഈ കഥകൾ നീണ്ടകഥകളാകുന്നത് വാക്കുകളുടെ എണ്ണത്തിൽ മാത്രമല്ല. ആവിഷ്‌ക്കരിക്കുന്ന ജീവിതകാലത്തിന്റെയും ഭാവനാലോകത്തിന്റെയും ക്രിയകളുടെയും അനുഭവങ്ങളുടെയും പരപ്പും ആഴവും കൊണ്ടുകൂടിയാണ്. 'ചെറു'കഥയെ 'ചെറു'താക്കുന്ന ഘടകങ്ങളെപ്പറ്റി സൂസൻ ഫെർഗൂസനും മറ്റും പറയുന്ന കാര്യങ്ങളോർത്താൽ മതി, സന്തോഷിന്റെ കഥകൾ 'ചെറു'തല്ലാതാകുന്നതെങ്ങനെ എന്നു തിരിച്ചറിയാൻ. ഒരാൾക്ക് എത്ര മണ്ണുവേണം, അതിജീവനം, മഞ്ഞമുഖം, പ്രകാശദൂരങ്ങൾ, ആദിമൂലം എന്നീ രചനകൾ നോക്കുക.

ടോൾസ്റ്റോയിക്ക് ഏറ്റവും പ്രിയപ്പെട്ട സ്വന്തം കഥയാണ് ഒരാൾക്ക് എത്ര മണ്ണുവേണം? ആധുനികകാലത്ത് മനുഷ്യജീവിതത്തിന്റെ അർഥശൂന്യതയെക്കുറിച്ചും അസ്തിത്വ സന്ദിഗ്ധതയെക്കുറിച്ചും എഴുതപ്പെട്ട ഏറ്റവും പ്രസിദ്ധമായ സാരോപദേശകഥ. കുഞ്ഞിക്കോരുമാസ്റ്റർ എന്ന ദലിതനും ഗാന്ധിയനുമായ മനുഷ്യനെ ജീവിതത്തിലും മരണത്തിലും ഏറ്റെടുക്കാൻ ആരുമുണ്ടായില്ല. പുറമ്പോക്കിന്റെ ഇത്തിരി വിളുമ്പിൽ, നാലുവരിപ്പാത മുറിച്ചെടുത്ത കുടിലിൽ ജീവിച്ചിരിക്കുന്നവർക്കു മധ്യേ അടുക്കളയിൽത്തന്നെ ആ മനുഷ്യനെ കുഴിച്ചിടേണ്ടിവന്നു. മണ്ണില്ലാത്ത മനുഷ്യരുടെയും, ജീവിതം വഴിമുട്ടിനിൽക്കുമ്പോഴും തഴച്ചുവളരുന്ന മത-ജാതി-രാഷ്ട്രീയ സ്പർധകളുടെയും സമകാല കേരളീയാനുഭവങ്ങളെക്കുറിച്ചെഴുതപ്പെട്ട മലയാളത്തിലെ ഏറ്റവും ഭാവതീവ്രമായ സാഹിത്യരചനകളിലൊന്നാകുന്നു, ഈ കഥ. സാമൂഹ്യ കേരളത്തിന്റെ നെറികെട്ട പരിഛേദങ്ങളിലൊന്ന്.

ഒരർഥത്തിൽ ഇത്രമേൽ രാഷ്ട്രീയതീവ്രമായി കേരളത്തിലെ ഭൂരഹിതരായ ദലിതരുടെ സമകാലജീവിതദുരന്തങ്ങളാവിഷ്‌ക്കരിക്കുന്ന മറ്റൊരു കഥയില്ല. നാലുമക്കളിൽ അവശേഷിക്കുന്ന ഏകമകൻ രാഘവൻ നടുവൊടിഞ്ഞും ഓർമതകർന്നും കിടപ്പായപ്പോഴും കുഞ്ഞിക്കോരുമാസ്റ്റർ സമനില കൈവിട്ടില്ല, വാർധയിലെ ജീവിതവും ഗാന്ധിയൻ ആദർശവും അയാൾ മറന്നില്ല. ഋഗ്വേദത്തിന്റെ തർജ്ജമയിൽ സ്ഥിതപ്രജ്ഞനായി അയാൾ മുഴുകി. അയാളുടെ പേരക്കുട്ടി സുനീഷിന് ദലിത്‌കോൺഗ്രസിന്റെ പ്രാദേശിക നേതാവായിട്ടും വല്യച്ചനുവേണ്ടി ആറടി മണ്ണ് കണ്ടെത്താനായില്ല. മുഴുവൻ ഭൂപരിഷ്‌ക്കരണ ഗാഗ്വാകൾക്കും സോഷ്യലിസ്റ്റ് വിപ്ലവങ്ങൾക്കും ശേഷവും ദലിതർ എക്കാലത്തും പുറമ്പോക്കിന്റെ ജന്മിയായി തുടരുന്ന കേരളത്തിന്റെ രാഷ്ട്രീയ ദുരന്തത്തിലാണ് ഈ കഥ ചരിത്രത്തിനു മുന്നിൽ കരുവാളിച്ചുനിൽക്കുന്നത്. കമ്യൂണിസ്റ്റും കോൺഗ്രസും ബിജെപി.യും പെന്തക്കോസ്തുമൊക്കെയായി മാറിമാറി വേഷം കെട്ടിയാടേണ്ടിവരുന്ന ദലിതന്റെ ഗതികേടുകൾക്കു മുന്നിൽ മലയാളിയുടെ സാംസ്‌കാരിക മാന്യത തലകുനിച്ചു നിൽക്കുന്നതിന്റെ ചരിത്രരേഖയായി മാറുന്നു, ഈ കഥ.

ഒരു നോവലെഴുതി 'ജീവിതം' എന്നു പേരിട്ട് രണ്ടുവർഷത്തിനുശേഷം തീവണ്ടിയാത്രയിൽ കാണാതായ ജീവൻ എന്ന മനുഷ്യനെക്കുറിച്ചാണ് 'അതിജീവനം' എന്ന കഥ. അവസാന യാത്രയിൽ യാദൃച്ഛികമായി അയാൾക്കൊപ്പമുണ്ടായിരുന്ന കവിയും ഗാനരചയിതാവുമായ സമീർ മനയിലാണ് കഥയുടെ ആഖ്യാതാവ്. അസാമാന്യമാംവിധം സമാനതകളുള്ളതായിരുന്നു ജീവൻ രണ്ടാമതെഴുതിയ നോവലും സമീറിന്റെ ആദ്യനോവലും. എഴുപതുകളുടെ പൊള്ളുന്ന രാഷ്ട്രീയരാത്രികളെ കേന്ദ്രീകരിച്ചെഴുതിയ മനുഷ്യഗാഥ. ജീവൻ തന്റെ നോവലിന്റെ ഏകകോപ്പി സമീറിനെ ഏല്പിച്ചാണ് അപ്രത്യക്ഷനായത്. അയാളുടെ മരണം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല, ആർക്കും. പിന്നീടാകട്ടെ, സമീറിന്റെ കയ്യിൽനിന്ന് ഏതോ പ്രസാധകരുടെ ഓഫീസിൽ ആ നോവൽ നഷ്ടപ്പെടുകയും ചെയ്തു. അയാൾ ആ നോവൽ ടൈപ്പുചെയ്ത റാഹേലിനെ കണ്ടെത്തിയെങ്കിലും അവൾക്കും ജീവനെക്കുറിച്ചറിവുണ്ടായിരുന്നില്ല. ഇരുണ്ട തുരങ്കത്തിലൂടെ കടന്നുപോകുന്ന ഒരു തീവണ്ടിയിലെ യാത്രപോലെയാണ് ഈ കഥയുടെ വായാനുഭവം. കഥയുടെ ഘടനയും അങ്ങനെതന്നെ. തുടക്കവും ഒടുക്കവും തുറന്ന ഒരു തുരങ്കംപോലെ, ആഖ്യാനത്തെ ജീവിതം തന്നെയാക്കി മാറ്റുന്ന വിസ്മയകരമായ ഭാവനയാണ് ഈ രചനയുടെ കലയും സൗന്ദര്യവും. ഒന്നും ഒരിടത്തും എത്തിച്ചേരാത്ത, ജീവിതത്തിന്റെ ഉത്തരങ്ങളേതുമില്ലാത്ത ചോദ്യചിഹ്നം.

'മഞ്ഞമുഖം' കുറ്റാന്വേഷണ കഥപോലെ എഴുതപ്പെട്ടിരിക്കുന്ന രചനയാണ്. പീതാംബരൻ എന്നൊരു മനുഷ്യന്റെ അസാധാരണമാംവിധം നിഗൂഢവും വിചിത്രവുമായ പെരുമാറ്റങ്ങൾക്കു പിന്നിലെ രഹസ്യങ്ങളന്വേഷിച്ചുപോകുന്ന ജോർജ്ജിന്റെ ആഖ്യാനം. ഷെർലക്‌ഹോംസ് കഥകളിൽ വിഖ്യാതമായ 'മഞ്ഞമുഖ'ത്തിലേതുപോലെ, കുറ്റാന്വേഷകൻ പരാജയപ്പെടുന്ന അത്യസാധാരണമായ ഒരനുഭവത്തിന്റെ ഗൂഢതയിലാണ് ഈ കഥയും നിലകൊള്ളുന്നത്. പുറത്താരും കാണാത്ത ഒരു സ്ത്രീയുമൊത്ത് ജീവിക്കുന്ന പീതാംബരനും അയാളെ പിന്തുടരുന്ന ജോർജ്ജും. കുറെക്കഴിയുമ്പോൾ ജോർജ്ജിനെ പീതാംബരൻ പിന്തുടർന്നു തുടങ്ങുന്നു. അയാൾക്കൊപ്പമുള്ള സ്ത്രീ, ജോർജ്ജിനോട് തന്റെ കഥ പറയുന്നു. കുപ്രസിദ്ധമായ ഒരു ലൈംഗികപീഡനക്കേസിലെ പെൺകുട്ടിയാണവൾ. പീതാംബരൻ അവളെ സംരക്ഷിച്ചും സംഹരിച്ചും വളർത്തുന്നു. അവൾ ഒരു ചെറുപ്പക്കാരനെ പ്രണയിച്ച കുറ്റത്തിന്, എക്കാലത്തേക്കും അവളെ ഭീതിദമാംവിധം വിരൂപയാക്കാൻ അയാൾ അവളുടെ മുഖത്ത് ആസിഡൊഴിച്ചു. ജോർജ്ജ് തന്റെയും അവളുടെയും രഹസ്യങ്ങളറിഞ്ഞുവെന്നു മനസ്സിലാക്കിയ പീതാംബരൻ അവളെയും കൂട്ടി നാടുവിട്ടു. അവർ എങ്ങോട്ടുപോയി എന്നറിയാതെതന്നെ കഥയവസാനിക്കുന്നു. മറ്റൊരു 'മഞ്ഞമുഖം'.

കഥ, ആദിമധ്യാന്തപ്പൊരുത്തവും ആകാംക്ഷയുമൊക്കെ നിലനിർത്തി, വായനക്കാരെ ആനന്ദിപ്പിക്കുന്ന കലാവസ്തുവാണെന്ന പൊതുബോധം അട്ടിമറിച്ച് സന്തോഷ്‌കുമാർ 'മഞ്ഞമുഖം' മാന്ത്രികയാഥാർഥ്യത്തിന്റെ ഒരു മാസ്റ്റർപീസാക്കുന്നു. കുറ്റാന്വേഷകന്റെയും കുറ്റവാളിയുടെയും ഇരുതലസർപ്പം പോലുള്ള വേട്ടയാടൽ, ജീവിതത്തിൽ മിക്ക മനുഷ്യരുമനുഭവിക്കുന്ന സ്വന്തം ആത്മാവിന്റെ തന്നെ വേട്ടയാടലുകളുടെ പ്രതീതി സൃഷ്ടിക്കുന്നു. പീതാംബരൻ വാങ്ങി സൂക്ഷിച്ച പൂച്ചയുടെ പ്രതിമ സൃഷ്ടിക്കുന്ന വിഭ്രമങ്ങൾ ജോർജ്ജിനെ വിചിത്രമായ അനുഭവങ്ങളിലൂടെ കടത്തിവിടുന്നു.

'അപ്പോഴാണ് ഞാൻ ചുവരിലെ ആ സ്റ്റാൻഡിലേക്കു നോക്കിയത്: അതിപ്പോഴും അവിടെയിരിക്കുന്നുണ്ടല്ലോ, പീതാംബരൻ തപാലിൽ വരുത്തിയ ആ പൂച്ച!

ഞാൻ ശ്രദ്ധിച്ചു: അതിന്റെ കണ്ണുകൾ എന്റെ നേർക്കുതന്നെയാണ് നീളുന്നത്. വിശക്കുന്ന, ആഴമുള്ള കണ്ണുകൾ. അതു നിരീക്ഷിക്കുകയാണ്, എന്റെ ഓരോ ചലനത്തിനുമനുസരിച്ച് ആ നോട്ടത്തിന്റെ ദിശ മാറുന്നു. ഭയത്തോടെയെങ്കിലും അദൃശ്യമായൊരു ആകർഷണവലയത്തിൽപ്പെട്ടിട്ടെന്നോണം ഞാൻ അതിനടുത്തേക്കു ചുവടുകൾ വച്ചു.

എന്നതാ, അത്? ഒരു പൂച്ചയല്ലേ! ഇതെങ്ങനെ ഇതിനകത്തു വന്നുപെട്ടു? ഉതുപ്പ് പുറത്തുനിന്നും ചോദിച്ചു. ഞാൻ ഒന്നും പറഞ്ഞില്ല.

ജോർജ്ജേ, അതിനെ ആട്ടി വിട്ടേരേ. അല്ലെങ്കില് അതവിടെയിരുന്നു ചാവും. ഉതുപ്പു ശബ്ദമുണ്ടാക്കി പുറത്തേക്കു തുപ്പി.

അതിനു ജീവനില്ല. ഞാൻ പതുക്കെ പറഞ്ഞു.

ഇല്ലേ? ഉതുപ്പ് അത്ഭുതത്തോടെ ചോദിച്ചു. ഔ.... എന്നതാ അവന്റെയൊരു നോട്ടം!

അപ്പോൾ അസാധാരണമായൊരു ധൈര്യത്തോടെ ഞാൻ ആ പൂച്ചയുടെ ശരീരത്തിൽ പതുക്കെ തട്ടി. എന്റെ കൈ തട്ടിയതും പൊടുന്നനെ നിലതെറ്റി അതു താഴേക്കുവീണ് ചില്ലുപോലെ ഉടഞ്ഞു. അതിന്റെ വാലും ശരീരവും മുന കൂർത്ത മീശയും മൂക്കും ചെവികളുമെല്ലാം വേർപെട്ടുപോയി. ഉടലിലെ ചാരനിറമുള്ള വരകൾ പൊടിഞ്ഞു. പക്ഷേ, എവിടെനിന്നോ, ഒരു പൂച്ചയുടെ കരച്ചിൽ കേട്ടു. വേദനിച്ചു പിടയുന്നതുപോലെ ഒരു കരച്ചിൽ.

നിലത്തു തകർന്നു വീണിട്ടും, ആ കണ്ണുകൾ മാത്രം അപ്പോഴും എന്റെ നേർക്കുതന്നെയാണ് നീളുന്നതെന്നു കണ്ടു ഒരു നിമിഷം അങ്ങനെതന്നെ നിന്നശേഷം ഞാൻ പതുക്കം പുറകിലേക്ക് രണ്ടു ചുവടുകൾ വച്ചു.

കെട്ട മണം. പഴകിയ ശവത്തിന്റെ ഗന്ധംപോലെ....

അപ്പോൾ കാലുകളിൽ നനവു പടരുന്നതുപോലെ എനിക്കു തോന്നി. ഞാൻ കുനിഞ്ഞു നോക്കി.

തകർന്നുപോയ ഉടലിനടുത്തുകൊഴുത്ത ദ്രാവകംപോലെ എന്തോ നിലത്തു തളം കെട്ടി നില്ക്കുന്നു.

ചോരപോലെയുണ്ട്.

പിന്നെ അത് നിലത്തു പടർന്നു. പതുക്കെ, വളരെ പതുക്കെ, വാതിലിനടുത്തേക്ക് ഒഴുകാൻ തുടങ്ങി'.

'പ്രകാശദൂരങ്ങൾ', കമല, ജയിംസ്, നന്ദൻ എന്ന മൂന്നുപേരുടെ കഥയാണ്. കമല അന്ധയാണ്. നന്ദന്റെ വിധവയും. നന്ദന്റെ മരണത്തിനു മുൻപുതന്നെ അയാളും കമലയും തമ്മിലുള്ള ബന്ധം തകർന്നിരുന്നു. എലിസബത്തിൽനിന്നകന്ന ജയിംസ് കമലയെയും കൂട്ടി ഒരു വിനോദ/തീർത്ഥാടന കേന്ദ്രത്തിലെത്തുന്ന രണ്ടു ദിവസങ്ങളാണ് കഥയിലുള്ളത്. അവർക്കിടയിലെ ബന്ധം ഇരുണ്ടും വെളുത്തും കൊണ്ടും കൊടുത്തും തുറന്നും മറച്ചും വാക്കും ക്രിയയുമായി മുന്നേറുന്നു. തന്റെ നഗ്നചിത്രങ്ങൾ ജയിംസ് കാമറയിൽ പകർത്തിയെന്നറിയുന്ന കമല, അന്ധരെ ചതിക്കാനാവില്ല എന്നയാൾക്കു ബോധ്യപ്പെടുത്തിക്കൊടുത്തു. ഒരു യാത്രയുടെ കയറ്റിറക്കങ്ങളിൽനിന്ന്, ഒരു പകലും രാത്രിയും മാത്രം നീളുന്ന ജീവിതത്തിന്റെ ഇഴയടുപ്പങ്ങളിൽനിന്ന്, പ്രകാശദൂരങ്ങളകലെ ജീവിക്കുന്ന രണ്ടു വ്യക്തികളുടെ കാപട്യങ്ങൾ എത്രമേൽ മൂർത്തവും വന്യവും ഗുപ്തവും ഗൂഢവും നഗ്നവും തിക്തവുമാണെന്ന് ഈ കഥ വെളിപ്പെടുത്തുന്നു. പ്രണയത്തിന്റെ നീചവേദമാകുന്നു, പ്രകാശദൂരങ്ങൾ.

'ആദിമൂലം', മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ഒരുപനിഷത്താണ്. വിദൂരമായ ഒരു കുടിയേറ്റഗ്രാമത്തിലെ പുഴയിൽ തന്റെ അസ്ഥികളൊഴുക്കണമെന്ന ചോയി അച്ചുതനെന്ന ജന്മിയുടെ ആഗ്രഹം നിറവേറ്റാൻ ഉള്ളാട്ടുകാലയിലെത്തുന്ന കുഞ്ഞൻ എന്ന ഊമയായ കുടിയാന്റെ കഥയാണിത്. യഥാർഥത്തിൽ കുഞ്ഞൻ ചോയിയുടെ ചോരയാണ്. അയാളുടെ ധനികരായ മക്കൾക്കും അതറിയാം. അവരൊക്കെ വലിയ നിലയിൽ നഗരത്തിൽ ജീവിക്കുന്നു. അപ്പയെന്ന വല്യച്ചനാശ്രയം പണിക്കാരിയിൽ പിറന്ന കുഞ്ഞൻ മാത്രമാണ്. അയാൾ പറയും:

'അപ്പയുടെ കുഞ്ഞേ, ഞാൻ മണ്ണിലെറിഞ്ഞ വിത്തൊക്കെ മുളച്ചെടാ. പെണ്ണിലെറിഞ്ഞതോ പാഴായി. മണ്ണിൽ മുളച്ചവ വളർന്നു, ചെടിയായി, മരമായി പടർന്നുപന്തലിച്ചു. കായ്ഫലം തന്നു. പെണ്ണിലെറിഞ്ഞതോ, മിക്കതും മുളച്ചില്ല. ഇനി മുളച്ചതുതന്നെ പെഴച്ചുപോവുകയും ചെയ്തു. വല്ല്യച്ചൻ നിരാശ ബാധിച്ച ശബ്ദത്തിൽ പുറത്തേക്കു ചൂണ്ടിക്കാണിച്ചു. ദാ, കണ്ടില്ലേ പുറത്ത്, പടുമൊളച്ച നാലെണ്ണം.

അതുകേട്ടപ്പോൾ പുറത്തുനിന്നും ചെകുത്താൻ എന്ന തത്ത ഉറക്കെ ചിരിച്ചു. അവന് നല്ല കേൾവിശക്തിയുണ്ട്. ഭൂമിയിലേയും ആകാശത്തേയും അനക്കങ്ങൾപോലും പിടിക്കാനാവും. ഉമ്മറത്തിരുന്നു ചായ കുടിച്ചു കായ വറുത്തതു കൊറിച്ചു വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്ന വല്ല്യച്ചന്റെ മക്കൾക്ക് ചെകുത്താൻ ചിരിച്ചതിന്റെ അർത്ഥം പിടകിട്ടിയില്ല. ചെകുത്താൻ പക്ഷേ, തങ്ങളെ പരിഹസിക്കുകയാവുമെന്ന് അവർക്കുറപ്പായിരുന്നു'.

ചെകുത്താൻ എന്ന തത്ത, മക്കളുടെ കാപട്യങ്ങൾ വിളിച്ചുപറയുന്നു. മക്കൾ തത്തയെയും പിന്നെ തന്തയെയും കൊന്നു. കുഞ്ഞൻ വല്യച്ചന്റെ അസ്ഥികളുമായി മണ്ണിന്റെയും മനുഷ്യന്റെയും ആദിമൂലം തേടിയിറങ്ങി. വനവും പുഴയും മലയും കണ്ടറിഞ്ഞ് അയാൾ വല്യച്ചനു മോക്ഷം കൊടുത്തു. കാലഘടികാരത്തിന്റെ തിരിഞ്ഞുകറക്കമാണ് ആദിമൂലം.

ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് മനുഷ്യജീവിതം. സന്തോഷിന്റെ കഥകളും അങ്ങനെതന്നെ. അനാദ്യന്തമായ അസ്തിത്വഭൂമികയിൽനിന്ന് ഈ എഴുത്തുകാരൻ കണ്ടെടുക്കുന്ന ജീവിതമാത്രകൾ ജനിമൃതികൾക്കിടയിലെ ഒരു പിടച്ചിൽ മാത്രമാണ് നരജന്മം എന്നു സമർഥിക്കുന്നു. അതുകൊണ്ടുതന്നെ മരണത്തിന്റെ നിതാന്തസാന്നിധ്യംകൊണ്ടു തണുത്തുറഞ്ഞുപോയ മനുഷ്യാവസ്ഥകളാണ് സന്തോഷ്‌കുമാറിന്റെ കഥകളിലെ ഏറ്റവും മൂർത്തമായ ആഖ്യാനസന്ദർഭങ്ങളിലൊന്ന്. മരണംകൊണ്ട് ജീവിതത്തെ ഒരേസമയംതന്നെ സാർഥകവും നിരർഥകവുമാക്കി മാറ്റുന്ന മനുഷ്യാസ്തിത്വത്തിന്റെ നിത്യപ്രഹേളികകളാണ് തന്റെ കഥകളെന്ന് ഈ എഴുത്തുകാരനറിയാം. 'ഒരാൾക്ക് എത്ര മണ്ണുവേണം?' എന്ന കഥയിലെ കുഞ്ഞിക്കോരുമാസ്റ്ററുടെ നിശ്ശബ്ദമരണം നോക്കൂ:

'വേദവാക്യങ്ങൾ എഴുതിത്ത്ത്ത്ത്തഴമ്പിച്ച ആ കൈകൾ തണുത്തു വിറങ്ങലിച്ചിരുന്നു. രാത്രിയിലെപ്പോഴോ മരണം സംഭവിച്ചുകാണണം. ചുറ്റുപാടുമുള്ള രോഗികളോ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരോ ആരും തന്നെ ആ സമയത്ത് അതറിഞ്ഞിരുന്നില്ല. തന്റെ ജീവിതത്തിലൂടെ നീളം പാലിച്ചിരുന്ന അസാധാരണമായ മിതത്വം മാസ്റ്റർ മരണത്തിലും പുലർത്തി എന്നേയുള്ളൂ. സംശയം തോന്നി ഡോക്ടറെ വിളിച്ചുകൊണ്ടുവന്ന മാഷുടെ ചാർച്ചക്കാരായ രണ്ടു വയസ്സികൾ തിമിരം പടർന്നു തുടങ്ങിയ കണ്ണുകളിലൂടെ ചുറ്റുപാടും നോക്കിയപ്പോൾ പുറത്ത് പനിപിടിച്ചതുപോലെ വെളിച്ചം പരന്നിരിക്കുന്നത് കണ്ടു. കൂടുതൽ ശബ്ദങ്ങളിലേക്കും കുറേക്കൂടി പ്രകാശത്തിലേക്കും ആശുപത്രി ഉണർന്നെണീറ്റുവരുകയായിരുന്നു അപ്പോൾ. ആത്മാക്കളെപ്പോലെ മെലിഞ്ഞുനീണ്ട രണ്ടു സ്ത്രീകൾ ഒഴിഞ്ഞ ഫ്‌ളാസ്‌കുകളുടെ പിടിവള്ളികളാട്ടിക്കൊണ്ട് കോണിയിറങ്ങിപ്പോകുന്നതു കണ്ടു. വാർഡിനപ്പുറത്ത് ഇടനാഴിയുടെ നരച്ച ചുമരിൽ ചാരിയിരുന്നുകൊണ്ട് ഒരാൾ അന്നത്തെ പത്രം വായിക്കാൻ തുടങ്ങി.

ഒരാൾ മരിച്ചു എന്നു തിരിച്ചറിയാനാവുന്ന ഒരു ലക്ഷണവും ആ വാർഡിലെങ്ങും ഉണ്ടായിരുന്നില്ല'.

മരിച്ചോ ഇല്ലയോ എന്നുറപ്പു കിട്ടാത്ത, ലോകത്തിലും ജീവിതത്തിലും നിന്നപ്രത്യക്ഷനായ ഒരെഴുത്തുകാരന്റെ നിതാന്തവും അദൃശ്യവുമായ സാന്നിധ്യമാണ് 'അതിജീവന'ത്തിലെ പ്രമേയം. ജീവിതമാണോ മരണമാണോ കഥയിൽ നിഴൽപോലെ നിലനിൽക്കുന്നത് എന്നു നമുക്കു തിരിച്ചറിയാനാവില്ല.

മരണത്തിലേക്കെന്നപോലെ തന്റെ ഭൂതത്തിലേക്കും ഭാവിയിലേക്കും മറ്റാരെയും കടന്നുവരാനനുവദിക്കാത്ത ഒരു പുരുഷന്റെയും അയാൾ തടവിലാക്കിയ സ്ത്രീയുടെയും കഥയാണ് 'മഞ്ഞമുഖം'. മറ്റുള്ളവരുടെ ജീവിതവും മരണവും എന്തായാലും തനിക്കൊന്നുമില്ല എന്നു വിചാരിക്കുന്ന ശരാശരി മനുഷ്യരുടെ ആത്മകഥയായി മാറുന്നു, അതുവഴി ഈ കഥയും.

'പ്രകാശദൂരങ്ങൾ' ഒരു മരണത്തിന്റെയും മരണംപോലെതന്നെ വിരസമായ മൂന്നു ജീവിതങ്ങളുടെയും കഥയാകുന്നു. 'ആദിമൂലം', ഒരു നീണ്ടകാലത്തിന്റെയും ആയുസ്സിന്റെയും മരണാനന്തരപുരാവൃത്തവും. നെടിയ കാലത്തിന്റെ ജീവിതം ബാക്കിവച്ച കൊടിയ ദുഃഖങ്ങളുടെ കഥ. മുജ്ജന്മ ശത്രുക്കൾ മക്കളായിപ്പിറന്ന പുരുഷന്റെ ആത്മശാപത്തിന്റെ പുരാണം. മണ്ണിൽനിന്നകന്നുപോയ തലമുറകളുടെ കാപട്യങ്ങളുടെ ചരിത്രഭൂപടം. എന്നിട്ടും മണ്ണിലവശേഷിക്കുന്ന ചില ജൈവാനുഭവങ്ങളുടെ കാവ്യനീതിയെക്കുറിച്ചുള്ള കഥ.

മലയാളത്തിൽ ചെറുകഥയുടെ കലയെ അടിസ്ഥാനപരമായി നവീകരിച്ച കഥാകൃത്തുക്കൾ അത്രയ്ക്കധികമില്ല. പല കാലങ്ങളിൽ, പല ഭാവുകത്വങ്ങളിൽ കഥയുടെ കഥനസാധ്യതകൾ പുനർനിർവചിച്ചവർ ഏറിയാൽ എട്ടോ പത്തോ പേരുണ്ടാകും. അക്കൂട്ടത്തിലൊരാളാണ് സന്തോഷ്‌കുമാർ. തന്റെ തലമുറയിലെ ഏറ്റവും മികച്ച കഥാകൃത്ത്. ആധുനികാനന്തര മലയാള ചെറുകഥയിലെ 'മാസ്റ്റർ സ്റ്റോറിടെല്ലർ'. നിസംശയം പറയാം, ഒന്നേകാൽ നൂറ്റാണ്ടു പിന്നിടുന്ന മലയാള കഥാചരിത്രത്തിലെ ഏറ്റവും മികച്ച പത്തു രചനകളെടുത്താൽ അതിൽ സന്തോഷിന്റെ കഥയുണ്ടാകും.

പുസ്തകത്തിൽനിന്ന്:-

'മൃതദേഹം കാണുന്നതിന് കാര്യമായി ആരും വരുന്നുണ്ടായിരുന്നില്ല. പാസ്റ്റർ ലാസറസ്സിന്റെ ദൈവദാസന്മാരായ അനുയായികളിൽ ചിലർ വന്ന് ഉറക്കെ പ്രാർത്ഥിച്ചിട്ടു പോയി. ജലപാനമില്ലാതെ തളർന്നിരിപ്പാണെങ്കിലും വിധവകളായ അമ്മായിമാർ ഉറക്കെ സംസാരിച്ചുകൊണ്ട് ആ പ്രാർത്ഥനകളെ തങ്ങളാലാവുംവിധം തടസ്സപ്പെടുത്താൻ പരിശ്രമിച്ചുകൊണ്ടിരുന്നു.

മൂന്നു മണിയായി. പ്രാർത്ഥനാഹാൾ മേഞ്ഞ ആസ്‌ബെസ്റ്റോസ് ഷീറ്റുകളിൽനിന്നും നരകത്തിലെ തീ വമിച്ചു. ചുറ്റുപാടും ചുട്ടുപൊള്ളുന്നതുപോലെ തോന്നിച്ചു. വിയർപ്പിന്റെ ഗന്ധം മരണത്തോട് ഇടകലർന്നു.

'എപ്പഴാ ഇവിടന്ന് എടുക്കേണ്ടത് സുനീഷേട്ടാ?' ആ വാർഡിലെ പഞ്ചായത്തു മെംബറായിരുന്ന വിനോദ് അന്വേഷിച്ചു. സുനീഷിന്റെ വളരെ അകന്ന ഒരു ബന്ധുകൂടിയായിരുന്നു അയാൾ.

'വൈകില്ല്യ. നീ പൊഴക്കരേല് ചെന്നട്ട് ഒരു കൂപ്പണെടുത്തു വയ്ക്ക്. വെറകും എണ്ണേം അവിടെ കിട്ടും'. ശവമടക്കു നടത്താനുള്ള പുഴക്കര വടക്കോട്ടു മാറി പതിനഞ്ചു കിലോമീറ്റർ ദൂരെയായിരുന്നു. ടെമ്പോയിൽ പോയാൽ അരമണിക്കൂറെടുക്കുമെന്ന് സുനീഷ് കണക്കുകൂട്ടി.

'അച്ഛനെ കൊണ്ടുവരണ്ടറാ മോനേ?' അമ്മായിമാരിലൊരാൾ ചോദിച്ചു. അതു ശരിയാണ്. വീട്ടിൽനിന്നും ഇനിയും അച്ഛൻ വന്നിട്ടില്ല.

'വരണംന്ന്ണ്ടാവില്ലേ? മക്കളില് രാഘോൻ മാത്രമല്ലേ ബാക്കീള്ളൂ. വയ്യാണ്ടായാലും അവൻ വേണ്ടേ കർമ്മം ചെയ്യാൻ?' അമ്മായിമാർ നിർബന്ധിച്ചു.

'അച്ഛനോട് പറഞ്ഞിട്ട്ണ്ട്. ആദ്യം കേട്ടപ്പോ അതിന് എന്റച്ഛൻ ജീവിച്ചിരിപ്പുണ്ടോടീ ചൂലേന്നും പറഞ്ഞിട്ട് കെടക്കണ കെടപ്പില് എന്റെ നേർക്കൊരു ചാട്ടം'. സുനീഷിന്റെ ഭാര്യ പറഞ്ഞു.

'പാവം രാഘോൻ! അവന് ഒന്നും ഓർമ്മീല്ല്യാണ്ടായി'. ഒരു വയോധിക സങ്കടപ്പെട്ടു.

'ഞാമ്പേടിച്ചു അമ്മായ്യേ'. സുനീഷിന്റെ ഭാര്യ തുടർന്നു: 'പിന്നെ ഇത്തിരി കഴിഞ്ഞപ്പോ എന്റച്ഛനെ കാണണംന്ന് പറഞ്ഞ് കുട്ട്യോളടന്തി ഒരു കരച്ചില്.... സങ്കടം തോന്നും'.

'അതിന്‌പ്പോ എങ്ങന്യാ കൊണ്ട്‌വര്വാ?' ഭാര്യ പറയുന്നത് പാതിമാത്രം കേട്ടുകൊണ്ട് സുനീഷ് ചോദിച്ചു. അയാൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.

'ടെമ്പോല് കൊണ്ടരാം'. ഡ്രൈവർ കുമാരൻ പറഞ്ഞു. 'പക്ഷേ, രാഘവേട്ടൻ ചത്തോരടപോല്യാ. നല്ല കനംണ്ടാവും. എടുത്തുപൊക്കാൻ എനിക്കൊറ്റയ്ക്കു പറ്റില്ല്യ'.

പെയിന്റുപണിക്കാരനായിരുന്ന രാഘവൻ - രഘുപതി രാഘവൻ എന്നായിരുന്നു അയാൾക്ക് അച്ഛൻ കൊടുത്ത പേര് - പത്തുകൊല്ലം മുമ്പ് വലിയൊരു വീടിന്റെ മുകളിൽനിന്നും പിടിവിട്ടു താഴെ വീണതായിരുന്നു. വീഴ്ചയിൽ രണ്ടുകാലുകളും തളർന്നു. ഒരേ കിടപ്പുകിടന്ന് ശരീരം ജഡം കണക്കു വീർത്തു. ഒന്നും ചെയ്യാനില്ലായിരുന്നു. വീഴ്ചയോടൊപ്പം ഓർമ്മകളും അയാളെ കൈവിട്ടുപോയി. പണ്ഡിറ്റ് കുഞ്ഞിക്കോരുമാസ്റ്ററുടെ നാലു മക്കളിൽ ജീവിച്ചിരിപ്പുണ്ടായിരുന്ന ഏകമകൻ അയാളായിരുന്നു.

പ്രാർത്ഥിക്കാനായി ലാസറസ്സും ഭാര്യയും ഒരിക്കൽക്കൂടി വന്നപ്പോൾ സുനീഷ് പറഞ്ഞു: 'ഇനി മതി ഉപദേശീ, താമസല്ല്യ, ഞങ്ങള് എറങ്ങ്വായി'.

ഒരിളം കാറ്റുവീശി. ഹാളിന്റെ മേൽക്കൂര കൂറ്റൻ പക്ഷിയുടെ ചിറകുപോലെ പതുക്കെ അനങ്ങി.

അപ്പോൾ പുഴക്കരയിലേക്കു പുറപ്പെട്ട വിനോദ് തിരിച്ചുവന്നു.

'ഒരു പ്രശ്‌നണ്ട് സുനീഷേട്ടാ'. ബൈക്ക് സ്റ്റാന്റിൽ വച്ചുകൊണ്ട് വിനോദ് പറഞ്ഞു: 'ഞാനതു മറന്നതാ. പാതി വഴീല് ഓർമ്മ വന്നു. പിന്നങ്ങട്ട് പോയില്ല'.

'എന്താ കാര്യം?'

'ഇപ്പോ പൊഴക്കരേല് ശവടക്ക് നടക്കില്ല്യാന്നാ'.

'ങ്?'

'ഹൈക്കോർട്ട്‌ന്‌ന് ഓർഡറ്ണ്ട്. പൊല്യൂഷന്റെ പ്രശ്‌നാ. ചെന്നാലും നാട്ടുകാര് തടയും'.

'അയ്യോ. അപ്പോ നമ്മളെന്താ ചെയ്യ്വാ?'

'വീട്ടിലെവടേങ്കിലും പറ്റ്‌വോന്ന് നോക്കണം'.

'അതിന് നമ്മക്കു മണ്ണുണ്ടോ?'

വിനോദ് കൂട്ടിയും കുറച്ചും കുറച്ചുനേരം ആലോചിച്ചു. അയാൾ ജനിച്ചുവളർന്നത് ഒരു കോളനിയിലായിരുന്നു. പഞ്ചായത്തു മെംബറായപ്പോൾ ഒരു വാടകവീട്ടിലേക്കു താമസം മാറി. കോളനിയിലെ മരണങ്ങളെല്ലാം ഇതുവരേക്കും അയാൾക്കു പ്രശ്‌നമായിരുന്നില്ല. ചെറിയൊരു തുക കെട്ടിവച്ച് പുഴക്കരയിൽ സംസ്‌കരിക്കുകയായിരുന്നു പതിവ്. അതിനെതിരെയാണ് ഈ കോടതിവിലക്ക്.

ആലോചിച്ചു വന്നപ്പോൾ ശരിക്കും വഴിയടഞ്ഞിരിക്കുന്നുവെന്നു സുനീഷിനു മനസ്സിലായി. പാസ്റ്റർ ലാസറസ്സും ഭാര്യയും കറുത്ത ചട്ടയുള്ള വേദപുസ്തകങ്ങൾ ഉയർത്തുന്നത് അയാൾ കണ്ടു.

'തൽക്കാലം നമ്മക്ക് അച്ചാച്ചനെ വീട്ടിലേക്കു കൊണ്ടുപോവാം. അച്ഛനെ കൊണ്ടുവരാണ്ട് കഴിഞ്ഞൂലോ അപ്പോ'. വേറൊന്നും തോന്നാതിരുന്നതുകൊണ്ട് സുനീഷ് പറഞ്ഞു: 'പൊതുപ്രദർശനം മതി. ഇനീപ്പോ ആരും വര്ണ്ടാവില്ല്യ'.

ആറു സ്ത്രീകൾക്കും മൂന്നു കുട്ടികൾക്കും ഇടയിൽ കാവിനിറമുള്ള തുണിയിൽ പൊതിഞ്ഞ് പായിൽ കിടത്തിയ ശരീരവുമായി ടെമ്പോ പുറപ്പെട്ടു. ഉഷ്ണംകൊണ്ടു വാടിത്തുടങ്ങിയ പൂക്കളുമായി രണ്ടു റീത്തുകൾ അതിന്റെ കാല്ക്കൽ കിടന്നിരുന്നു. വിനോദിന്റെ ബൈക്കിനു പുറകിലിരുന്ന് സുനീഷ് ടെമ്പോയെ അനുഗമിച്ചു.

ദീർഘകാലം സ്വയം ഒതുങ്ങിക്കൂടിയിരുന്ന തളത്തിലെ മൂലയിലായി പണ്ഡിറ്റ് കുഞ്ഞിക്കോരുമാസ്റ്ററെ കിടത്തിയപ്പോൾ തളർന്ന കാലുകൾ ഇഴച്ചുകൊണ്ട് മകൻ രാഘവൻ അടുത്തേക്കു വന്നു. അയാൾ അച്ഛന്റെ ശോഷിച്ച ശരീരത്തിലേക്ക് ഉറ്റുനോക്കിക്കൊണ്ട് അവിടെത്തന്നെയിരുന്നു.

'നീയിത്തിരി മാറിയിരിക്ക് രാഘവോ'. ഒരു വയസ്സി പറഞ്ഞു. ഭക്ഷണം കഴിക്കാത്തതുകൊണ്ട് വയറ്റിൽ വായുനിറഞ്ഞ് അവർ വലിയ ശബ്ദത്തിൽ തേട്ടി ശ്വാസം വലിച്ചു.

രാഘവൻ മാറാൻ കൂട്ടാക്കിയില്ല.

'നീയിങ്ങനെ ഒട്ടിനിന്നാല് കാർന്നോര്ക്കിത്തിരി വെളിച്ചം കിട്ടാണ്ടാവില്ലേ?' മറ്റേ വയസ്സി അയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചു.

'ഇതാരാദ്?' രാഘവൻ മൃതശരീരത്തിലേക്ക് ഉറ്റുനോക്കിക്കൊണ്ടു ചോദിച്ചു.

ആരും ഉത്തരം പറഞ്ഞില്ല.

പുറത്ത് നാലുവരി പാതയിലൂടെ വിചിത്രമായ ശബ്ദത്തോടെ ഒരു വലിയ ലോറി കടന്നുപോയി.

'ടോറസാ! പതിനാറു ചക്രം'. പത്തു വയസ്സുകാരനായ ഒരു കുട്ടി ശബ്ദം കേട്ട് വാഹനം തിരിച്ചറിഞ്ഞു.

'അതിന്റെ മോളില് പോളോ കാറു കേറ്റിക്കൊണ്ടു പോവ്വോ'. പുറത്തേക്കു നോക്കിക്കൊണ്ട് വേറൊരു കുട്ടി അത്ഭുതത്തോടെ അറിയിച്ചു.

'പോളോ! വോക്‌സ് വാഗൻ'. ആദ്യത്തെ കുട്ടി പറഞ്ഞു.

'ഫോക്‌സ് വാഗൻന്ന് പറയട പൊട്ടാ!' അപരൻ തിരുത്തി, 'ടീവീല് കേട്ടട്ടില്ല്യേ, ഫോക്‌സ്വാഗൻ, ദസ് ഓട്ടോ!'

രാഘവൻ മൃതദേഹത്തിന്റെ മുഖത്ത് തന്റെ പരുത്ത കൈകൾകൊണ്ട് ഉരുമ്മാൻ തുടങ്ങി'.

ഒരാൾക്ക് എത്ര മണ്ണുവേണം?
ഇ. സന്തോഷ്‌കുമാർ
ഡി.സി. ബുക്‌സ്, 2016
വില: 130 രൂപ

ഷാജി ജേക്കബ്‌    
കേരള സര്‍വകലാശാലയില്‍ ഗവേഷകവിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില്‍ തുടര്‍ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്‌കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്‍ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില്‍ ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള്‍ പുറത്തുവന്നിട്ടുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
കേരളാ പൊലീസിന് യൂണിഫോം സപ്ലൈ ചെയ്യുന്ന സ്ഥാപനത്തിൽ എ സി പിയുടെ അഴിഞ്ഞാട്ടം; ഭാര്യയുടെ പാർട്ട്ണർഷിപ്പിലുള്ള സ്ഥാപനം സ്വന്തമാക്കാനുള്ള ശ്രമത്തിനിടെയുണ്ടായ തർക്കം പ്രകോപനമായി; ജീവനക്കാരനെയും ഉടമയേയും അസഭ്യം വിളിച്ച് അഴിഞ്ഞാടിയപ്പോൾ മൂക്കത്ത് വിരൽ വച്ച് ജനം; തിരുവനന്തപുരം സൗത്ത് ട്രാഫിക് അസി.കമ്മീഷണർ സുൾഫിക്കറിന്റെയും ഭാര്യയുടെയും അഴിഞ്ഞാട്ട ദൃശ്യങ്ങൾ മറുനാടൻ മലയാളി പുറത്ത് വിടുന്നു
കേരളത്തിൽ മാത്രം 12 ഒളിത്താവളങ്ങൾ; മിക്ക സംസ്ഥാനത്തും ഒളിഞ്ഞിരിക്കാൻ പറ്റിയ ഇടങ്ങൾ ഏറെ; പ്രധാനദൗത്യം നിറവേറ്റുന്നവർക്ക് തുണയാകാൻ വനിതകളുടെ സംഘം; പർദ്ദക്കുള്ളിലും അഭയം ഉറപ്പിക്കും; അഭിമന്യുവിനെ കൊന്നവരെ പോറൽ പോലും ഏൽപ്പിക്കാതെ കാത്തു സൂക്ഷിക്കുന്നത് പോപ്പുലർ ഫ്രണ്ടിന്റെ ഗോറില്ലാ വിഭാഗമെന്ന് ഇന്റലിജന്റ്സ്
ഐപിസി കേരളാ സ്റ്റേറ്റ് ട്രഷറർ ബ്രദർ. ജോയി താനുവേലിയുടെ മകൻ നിർമ്മിച്ച സിനിമ; പെന്തക്കോസ്തുകാരുടെ ഇഷ്ടപ്പെട്ട വർഷിപ്പ് ലീഡർ സ്റ്റീഫൻ ദേവസിയുടെ സംഗീതം; എല്ലാവരും ഒത്തുപിടിച്ച് പ്രാർത്ഥിച്ച് ഈ സിനിമ വിജയിപ്പിക്കണേ..! വിശ്വാസികളും പാസ്റ്റേഴ്‌സും കഴിവതും തീയറ്ററിൽ പോയി സിനിമ കാണണം: നീരാളി വിജയിപ്പിക്കാൻ പെന്തക്കോസ്ത് വിശ്വാസികൾ
അഭിമന്യുവിനെ കൊന്നവരെ പിടിക്കാനാവാത്തത് പൊലീസിലെ 'പച്ചവെളിച്ചം'കാരുടെ നീക്കമെന്ന് ഇന്റലിജന്റ്‌സ് റിപ്പോർട്ട്; റെയ്ഡ് വിവരങ്ങൾ പോലും ചോരുന്നതായി ആശങ്കപ്പെട്ട് പൊലീസ്; ആശങ്ക റിപ്പോർട്ടായി എഴുതിയ ഡിവൈഎസ് പിക്ക് മതം പറഞ്ഞുള്ള തെറിയഭിഷേകം; മഹാരാജാസിന് മൂന്നു കിലോമീറ്റർ ചുറ്റളവിൽ നാലു പൊലീസ് സ്‌റ്റേഷൻ ഉണ്ടായിട്ടും കുത്തിയ പ്രതികളെ പൊക്കാൻ കഴിയാതിരിക്കുന്നതിന്റെ നാണക്കേട് മറച്ചു വെക്കാൻ പൊലീസ്
കേരളത്തിൽ മോഹൻലാൽ വഴി മഞ്ജു വാര്യർ ബിജെപി സ്ഥാനാർത്ഥിയാകുമോ? 2019ലെ ലോക്‌സഭ തിരഞ്ഞടുപ്പിൽ താര സമ്പന്നമായി സ്ഥാനാർത്ഥിപട്ടിക ഒരുക്കാൻ ബിജെപി; ബോളീവുഡ് താരങ്ങളും കായികതാരങ്ങളും പത്മ പുരസ്‌കാര ജേതാക്കളും പട്ടികയിൽ ഇടംപിടിക്കും; പഞ്ചാബിൽ അക്ഷയ് കുമാറും പരിഗണനയിൽ; കേരളത്തിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് അമിത് ഷാ നേരിട്ട്; ജനപ്രിയരല്ലാത്ത നേതാക്കൾ പടിക്ക് പുറത്ത്
ആദ്യം കുത്തേറ്റ ഞാൻ അഭിമന്യു കുത്തേറ്റു വീഴുന്നത് കണ്ടു; അവന്റെ ഹൃദയം തുളച്ച കത്തി അയാൾ വലിച്ചൂരുന്നത് അർധബോധാവസ്ഥയിൽ ഞാൻ കണ്ടു; രണ്ടു ബൈക്കിലായി അവരെത്തിയപ്പോൾ ഞങ്ങൾ ചുവരെഴുത്തിൽ മാത്രമാണ് ശ്രദ്ധിച്ചിരുന്നത്; ആദ്യം ബൈക്കിൽ എത്തിയ തടിച്ചു പൊക്കം കുറഞ്ഞയാൾ എന്നെ കുത്തിയപ്പോൾ അഭിമന്യുവിനെ കുത്തിയത് രണ്ടാമത്തെ ബൈക്കിലെത്തിയ ആൾ; അഭിമന്യുവിനൊപ്പം കുത്തേറ്റ് ആശുപത്രിയിലായിരുന്ന അർജുൻ മനസു തുറക്കുമ്പോൾ
അമൃത ടിവിയിൽ 'ഓർമ്മയിൽ' ഡോക്യൂഫിഷനുമായി തുടക്കം; മഴവിൽ മനോരമയിൽ 'തട്ടിയും മുട്ടിയും' നടന്ന് ആദ്യ പേരുദോഷമുണ്ടാക്കി; നടിയോട് അശ്ലീലം പറഞ്ഞെന്ന പരാതിയിൽ രാജി എഴുതി വാങ്ങിച്ചത് തന്ത്രപരമായി; ഉപ്പും മുളകും റേറ്റിംഗിൽ മുന്നേറിയപ്പോൾ സംവിധായകൻ വീണ്ടും പ്രശസ്തിയുടെ നെറുകയിലെത്തി; നിഷാ സാരംഗിനെ 'തൊട്ടു കളിച്ചപ്പോൾ' വീണ്ടും പണി കിട്ടി; ഫ്ളവേഴ്സ് ചാനലിനെ വെട്ടിലാക്കിയ ഉണ്ണികൃഷ്ണനെന്ന സംവിധായകന്റെ കഥ
കുഞ്ഞിനെ നോക്കാനെന്ന് പറഞ്ഞ് ദുബായിലേക്ക് കയറ്റിവിട്ട വീട്ടമ്മയെ ഫ്‌ളാറ്റിൽ കൊണ്ടുപോയി ക്രൂരമായി മാറിമാറി ബലാത്സംഗം ചെയ്ത് മൂവർ സംഘം; പ്രശ്‌നമാകുമെന്ന് കണ്ട് അന്നുതന്നെ നാട്ടിലേക്ക് കയറ്റി വിട്ട യുവതിയെ 'ഒത്തുതീർപ്പിനായി' കിടപ്പറയിലേക്ക് ക്ഷണിച്ച് ഡിവൈഎഫ് ഐ നേതാവും; പൊലീസിന് മുന്നിലെത്തി എല്ലാം പറഞ്ഞെങ്കിലും നേതാവിനും കയറ്റിവിട്ട ഏജന്റിനും 'മാപ്പുനൽകി' ഏമാന്മാർ; സംഭവിച്ചതെല്ലാം മറുനാടനോട് തുറന്നുപറഞ്ഞ് പൊട്ടിക്കരഞ്ഞ് വീട്ടമ്മ
ഏതോ ഒരു ലോഞ്ചിൽ ഒരു മേശയിൽ തുണിവിരിച്ച് മൈക്ക് വച്ച് എട്ടോ പത്തോ മലയാളികളെ നിർത്തി എടുത്ത ഫോട്ടോയാണോ ഈ അന്താരാഷ്ട്ര അംഗീകാരം? രണ്ടാം തീയതി കത്തയച്ചാൽ അഞ്ചാം തീയതി വിസയൊക്കെ ശരിയായി അമേരിക്കയ്ക്ക് പോകാനാവുമോ? ഒപ്പിട്ട ശാസ്ത്രജ്ഞൻ തന്നെ കത്തിൽ സ്വന്തം പേരും ഉൾപ്പെടുത്തുമോ? ബ്ലാട്ടിമോർ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേരിൽ പിണറായി വിജയന് ലഭിച്ച അന്താരാഷ്ട്ര ആദരവ് പൂർണ്ണമായും തട്ടിപ്പെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്ത്
നികേഷേ... ഞാൻ ജോലി ചെയ്തതിന്റെ കാശെവിടെ...; ഗതികേടുകാർക്ക് താങ്കൾ മമ്മൂട്ടിയോ മോഹൻലാലോ ആയിരിക്കും; എന്നാൽ എന്റെ അനുഭവത്തിൽ താനൊരു ഫിനാൻഷ്യൽ ഫ്രാഡാണ്; ഫോൺ പോലും എടുക്കാൻ ധൈര്യമില്ലാത്ത താൻ എന്തിനാടോ ആണായി ജീവിക്കുന്നത്; റിപ്പോർട്ടർ ചാനലിലെ അവതാരകൻ ഹാരിക്ക് നികേഷ് കുമാറിനോട് ചോദിക്കാനുള്ളത്; എക്‌സിക്യൂട്ടീവ് എഡിറ്റർ വിജയകുമാറും പടിയിറങ്ങിയതോടെ ചാനൽ വമ്പൻ പ്രതിസന്ധിയിലേക്ക്
പിണറായിയുടെ അമേരിക്കൻ സന്ദർശനം വിവാദമായത് നിപ്പ പ്രതിരോധത്തിന്റെ പേരിൽ കേരളത്തിന് അന്താരാഷ്ട്ര അംഗീകാരമെന്ന് പറഞ്ഞ് ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പ്; വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ എത്തിയ മുഖ്യമന്ത്രിക്ക് നൽകിയ മെമന്റോ പുരസ്‌കാരമാക്കി മാറ്റിയപ്പോൾ വിടാതെ വിമർശിച്ച് സോഷ്യൽ മീഡിയ; പൃഥ്വിരാജിന്റെ അമ്മാവന്റെ ക്ഷണം സ്വീകരിച്ച് പാന്റും കോട്ടുമിട്ട് അമേരിക്കയിൽ ചെന്ന പിണറായി പുലിവാല് പിടിച്ചത് ഇങ്ങനെ
ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ ബസിലെ കിളിയായ കൗമാരക്കാരനുമായി യുവതി പരിചയപ്പെട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു; ഇടുക്കി ചൈൽഡ് ലൈൻ മുമ്പാകെ കൗമാരക്കാരൻ നൽകിയ മൊഴിയിൽ ഭർത്താവ് മരിച്ച യുവതി കുടുങ്ങി; പതിനേഴുകാരനെ പീഡിപ്പിച്ച 28കാരി പോക്‌സോ കേസിൽ അറസ്റ്റിലായി കോട്ടയം വനിതാ ജയിലിൽ റിമാൻഡിൽ
മുറി ബുക്ക് ചെയ്തത് ഒത്തുതീർപ്പ് ചർച്ചയ്ക്ക്; കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ഉറപ്പിക്കാനുള്ള മനസ് തിരിച്ചറിഞ്ഞ് കെണിയൊരുക്കി; അത്താണിയിലെ കാർണിവൽ ഗസ്റ്റ് ഹൗസ് സാക്ഷ്യം വഹിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയ്ക്ക്; ചിരിച്ചുകൊണ്ട് തോളിൽ കയ്യിട്ടു നടന്നവർ ഒറ്റ രാത്രികൊണ്ട് ഇംഗ്ലീഷിൽ തെറി വിളിച്ചു നടക്കുന്നത് കണ്ടുവെന്ന് പരിഹസിച്ച് ആരാധകർ; ദിലീപ് അറസ്റ്റിൽ ആയിട്ട് ഒരു വർഷം തികയുമ്പോൾ
നീണ്ട താടിവടിച്ചു നരച്ച മുടി കറുപ്പിച്ചു ഒടുവിൽ കെ ബാബു പുറത്തിറങ്ങി; കോഴ വിവാദങ്ങൾക്കും തോൽവിക്കും ശേഷം രണ്ടു വർഷം വീടിന് പുറത്തിറങ്ങാതെ കഴിഞ്ഞ ബാബുവിന്റെ മടക്കം മറുനാടൻ വാർത്ത സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായതോടെ; തൃപ്പൂണിത്തുറയിലെ പരിപാടികളിൽ പോലും പങ്കെടുക്കാതിരുന്ന മുന്മന്ത്രി ഇന്നലെ മനോരമ കോൺക്ലേവിൽ എത്തിയപ്പോൾ പ്രവർത്തകർക്ക് വീണ്ടും ആവേശം
വിവാഹത്തിന് മുമ്പ് ഒരു വൈദികൻ ലൈംഗികമായി ദുരുപയോഗിച്ചു; ഇക്കാര്യം കുമ്പസാരത്തിൽ പറഞ്ഞപ്പോൾ ആ വൈദികനും ദുരുപയോഗം തുടങ്ങി; ഭർത്താവിനോട് പറയുമെന്ന് പറഞ്ഞ് തിരുമേനിയുടെ സെക്രട്ടറിയടക്കം എട്ടോളം വൈദികർ മാറി മാറി പീഡിപ്പിച്ചു; യാദൃശ്ചികമായി ഭാര്യയുടെ ഹോട്ടൽ ബിൽ കണ്ട ഭർത്താവ് വൈദികനോട് വെളിപ്പെടുത്തിയ ടെലിഫോൺ സംഭാഷണം പുറത്ത്; സോഷ്യൽ മീഡിയയിൽ സംഭാഷണം വ്യാപകമായതോടെ മുഖം രക്ഷിക്കാൻ അഞ്ച് വൈദികരെ പുറത്താക്കി ഓർത്തഡോക്സ് സഭ
ബികോമുകാരിയായ മകളെ ഇളയച്ഛന്റെ വീട്ടിൽ വിട്ട് എഫ് ബി സുഹൃത്തിനെ ക്ഷണിച്ചു വരുത്തിയത് ഗൾഫുകാരന്റെ ഭാര്യ; മലപ്പുറത്തെ ബിടെക്കുകാരൻ രാത്രി മുഴുവൻ നീണ്ട രതിവൈകൃതത്തിന് ഇരയായതോടെ ഭയന്ന് വിറച്ചു; അതിരാവിലെ സ്ഥലം വിടാൻ നോക്കിയപ്പോൾ വിഡീയോ കാട്ടി അദ്ധ്യാപികയുടെ ഭീഷണി; എല്ലാം അതിരുവിട്ടപ്പോൾ നിലവിളിച്ച് പുറത്തേക്ക് ഓടി യുവാവ്; നാട്ടുകാർ ഓടിക്കൂടിയപ്പോൾ അപമാന ഭാരത്താൽ 46-കാരിയുടെ തൂങ്ങിമരണം; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ കഥ
'ബാഡൂ' ആപ്ലിക്കേഷനിലൂടെയുള്ള പരിചയം അവിഹിതമായി മാറി; ഭർത്താവ് ഗൾഫിലായതിനാൽ ഇണക്കിളികളായി ചുറ്റിയടിച്ചു; പിണങ്ങുമ്പോൾ ദേഹോപദ്രവം പതിവായതിനാൽ കുതിരവട്ടത്തെ ഡോക്ടറേയും കാട്ടി; അമിതമായ വികാരപ്രകടനം നടത്തിയ അദ്ധ്യാപിക പറയുന്നതെല്ലാം ചെയ്ത് നല്ല കാമുകനുമായി; മാന്തിപൊളിക്കാൻ വന്നപ്പോൾ ഇറങ്ങി ഓടിയത് ജീവൽ ഭയം കൊണ്ടും; വാട്സ് ആപ്പ് ഹാക്കിങ് വിദഗ്ധന്റെ കഥ പൂർണ്ണമായും വിശ്വസിക്കാതെ പൊലീസും; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ പ്രണയ രഹസ്യങ്ങൾ ഇങ്ങനെ
ജിഷയെ കൊന്നത് അമീർ ഉൾ ഇസ്ലാം അല്ല! ഷോജിയെ കൊന്നതും ഇതേ ആൾ; എന്റെ പ്രതിശ്രുത വധുവിനെ ദുരുപയോഗം ചെയ്യാനും ശ്രമിച്ചു; മാതിരപ്പിള്ളിയിലെ ഒരു രാഷ്ട്രീയ നേതാവിനും എല്ലാം വ്യക്തമായി അറിയാം; ജിഷയെ കൊന്നത് സെക്‌സ് റാക്കറ്റിന്റെ പിണിയാളുകൾ; പൊലീസിലും കോടതിയിലും കൊലയാളിയെ കുറിച്ച് എല്ലാം തുറന്നു പറയാൻ തയ്യാർ; രണ്ട് പേരെ കൊന്ന ക്രിമിനലിനൊപ്പം താൻ കഴിഞ്ഞിട്ടുണ്ടെന്നും തുറന്നുപറച്ചിൽ; വെളിപ്പെടുത്തലുമായി കോലഞ്ചേരിക്കാൻ അജി
എത്ര ആട്ടി ഓടിച്ചാലും പിന്നേം തോണ്ടാൻ വരും; മൊബൈലിലേക്ക് മെസേജുകൾ അയക്കും; ബിജു സോപാനം ഇടപെട്ടിട്ടും കാര്യമൊന്നും ഉണ്ടായില്ല; അമേരിക്കയിലെ സ്റ്റേജ് ഷോയുടെ പേരിലെ ഒഴിവാക്കൽ സംവിധായകന് വഴങ്ങാത്തതിന്റെ പ്രതികാരമെന്ന് നിഷാ സാരംഗ്; നമ്മൾ തമ്മിൽ പറഞ്ഞതിരിക്കട്ടെ; ഇനി ആരോടും പറയണ്ട; പുറത്തറിഞ്ഞാൽ ആരും വിളിക്കില്ലെന്ന് ഉപദേശം ശ്രീകണ്ഠൻ നായർ നൽകിയെന്ന് മാലാ പാർവ്വതിയും; ഫ്‌ളവേഴ്‌സിലെ 'ഉപ്പും മുളകിലും' വിവാദം പുതിയ തലത്തിലേക്ക്
അടിവസ്ത്രമില്ലാതെ എങ്ങനെ ഒരാൾ മുന്നോട്ട് പോകുമെന്ന് പരിതപിച്ച് മത്സരാർത്ഥികൾ; രഞ്ജിനി ഹരിദാസ് സ്‌നേഹ പൂർവ്വം നൽകിയ വെള്ള ഷഡി തലയിൽ ചുറ്റി അർമാദിച്ച് നടന്ന് അരിസ്റ്റോ സുരേഷിന്റെ കൊഴുപ്പിക്കൽ; ഇഷ്ടമാകുമെന്ന വിശ്വാസത്തോടെ, സ്നഹപൂർവ്വം മോഹൻലാൽ എന്ന കുറിപ്പോടെ 'ജട്ടി' നൽകി ബിഗ് ബോസിന്റെ ഇടപെടൽ; ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ഇങ്ങനെ
മഞ്ജു വാര്യർക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത; ചട്ടപ്രകാരം ചെയ്ത കാര്യത്തിൽ പുതിയ നേതൃത്വത്തെ വെട്ടിലാക്കുന്ന കുറ്റപ്പെടുത്തൽ; പരിധി വിടുന്ന സ്ത്രീ കൂട്ടായ്മയെ പിടിച്ചു കെട്ടാൻ ഇടവേള ബാബു; ദിലീപിനെ തിരിച്ചെടുത്തതിനെ വിമർശിച്ചതിൽ പാർവ്വതിയും റിമാ കല്ലിംഗലും രമ്യാനമ്പീശനും വിശദീകരണം നൽകേണ്ടി വരും; കടുത്ത നടപടികൾ കൂടിയേ തീരുവെന്ന് താരസംഘടനയിലെ പുതിയ ഭാരവാഹികൾ; അനുനയത്തിന് മോഹൻലാൽ; ഇനി ഞാൻ 'അമ്മ'യിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ജനപ്രിയനായകനും
അഗ്നിസാക്ഷിയുടെ ഷൂട്ടിങ് കാണാൻ പോയി ഇല്ലത്തെ പെൺകുട്ടിയായി; വിവാഹ ബന്ധം തകർന്നപ്പോൾ മക്കളെ പോറ്റാൻ സെയിൽസ് ഗേളും റിയൽ എസ്റ്റേറ്റ് ബ്രോക്കറുമായി; പ്രാർത്ഥന ഗുരൂവായൂരപ്പൻ കേട്ടപ്പോൾ വീണ്ടും കൈനിറയെ കഥാപാത്രമെത്തി; അഭിനയത്തിനൊപ്പവും കുടംപുളിയും തേയിലയും വിറ്റത് സ്വന്തംകാലിൽ നിൽക്കാൻ; 'അമ്മ'യിലെ കരച്ചിലും അവാർഡ് വാങ്ങലും താരങ്ങളെ പോലും ഞെട്ടിച്ചു; ഉപ്പും മുളകിലെ രഹസ്യങ്ങൾ പരസ്യമാക്കിയ നിഷാ സാരംഗിന്റെ ജീവിതകഥ
അമൃത ടിവിയിൽ 'ഓർമ്മയിൽ' ഡോക്യൂഫിഷനുമായി തുടക്കം; മഴവിൽ മനോരമയിൽ 'തട്ടിയും മുട്ടിയും' നടന്ന് ആദ്യ പേരുദോഷമുണ്ടാക്കി; നടിയോട് അശ്ലീലം പറഞ്ഞെന്ന പരാതിയിൽ രാജി എഴുതി വാങ്ങിച്ചത് തന്ത്രപരമായി; ഉപ്പും മുളകും റേറ്റിംഗിൽ മുന്നേറിയപ്പോൾ സംവിധായകൻ വീണ്ടും പ്രശസ്തിയുടെ നെറുകയിലെത്തി; നിഷാ സാരംഗിനെ 'തൊട്ടു കളിച്ചപ്പോൾ' വീണ്ടും പണി കിട്ടി; ഫ്ളവേഴ്സ് ചാനലിനെ വെട്ടിലാക്കിയ ഉണ്ണികൃഷ്ണനെന്ന സംവിധായകന്റെ കഥ