Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബ്ദത്തിന്റെ മാന്ത്രിക കല

ശബ്ദത്തിന്റെ മാന്ത്രിക കല

ഷാജി ജേക്കബ്

മാധ്യമങ്ങളുടേതെന്നല്ല സംസ്‌കാരമണ്ഡലങ്ങളേതിന്റെയും അനുഭൂതികളും ഭാവബന്ധങ്ങളും ഇന്ദ്രിയപരമായി ദൃശ്യാനുഭവത്തിലേക്കു കേന്ദ്രീകരിച്ചുകഴിഞ്ഞ കാലമാണ് നമ്മുടേത്. ഒരുകാലത്ത് സംഗീതത്തിന്റെ പദവിയിലെത്താൻ കൊതിച്ചിരുന്ന കലയും സാഹിത്യവും പോലുള്ള ആവിഷ്‌ക്കാരങ്ങളൊക്കെ ഇന്നു ശ്രമിക്കുന്നത് സ്വയം ദൃശ്യവത്ക്കരിക്കാനും ദൃശ്യപ്രതീതിയിൽ കണ്ടീഷൻ ചെയ്യപ്പെട്ടിരിക്കുന്ന സ്വന്തം ഉപഭോക്താക്കളെ ദൃശ്യാനുഭൂതിയുടെ ആനന്ദമനുഭവിപ്പിക്കാനുമാണ്. ശ്രാവ്യമാദ്ധ്യമമായ റേഡിയോയുടെ അവസ്ഥയും ഭിന്നമല്ല.

ഏതാണ്ട് തുടക്കം മുതൽതന്നെ ശ്രാവ്യമാദ്ധ്യമമായ റേഡിയോയിൽ ദൃശ്യകലയായി കരുതപ്പെടുന്ന നാടകങ്ങൾ പ്രക്ഷേപണം ചെയ്യപ്പെട്ടിരുന്നതായി 'മലയാളത്തിലെ റേഡിയോ നാടകസാഹിത്യ'മെന്ന പഠനത്തിൽ ടി.ടി. പ്രഭാകരൻ പറയുന്നുണ്ട്. 1956-ൽ പ്രസിദ്ധീകരിച്ച 'അശരീരികൾ' എന്ന ഗ്രന്ഥം അഞ്ചു റേഡിയോനാടകങ്ങളുടെ സമാഹാരമായിരുന്നു. ഇടശ്ശേരിയും പൊറ്റക്കാടും ഉറൂബുമുൾപ്പെടെയുള്ളവരുടെ രചനകൾ. ('അശരീരിനാടകം' എന്ന പേരുതന്നെ ഈ രൂപത്തിനു പതിഞ്ഞുകിട്ടിയതത്രെ).  മലയാളത്തിൽ റേഡിയോനാടകം രൂപംകൊണ്ട കാലം മുതൽ ഒന്നാംനിര സാഹിത്യപ്രവർത്തകരുടെ നിരന്തരസാന്നിധ്യം ആ രംഗത്തുണ്ടായിരുന്നു. സിനിമയ്ക്കും റേഡിയോയ്ക്കുംമേൽ സാഹിത്യത്തിനുണ്ടായിരുന്ന ഭാവുകത്വമേൽക്കോയ്മയായിരുന്നു ഇതിനു കാരണം. കെ.എം. ജോർജ്ജ്, എസ്.കെ. നായർ എന്നിവർ തൊട്ട് കേശവദേവ്, സി.ജെ. തോമസ്, എൻ.വി. കൃഷ്ണവാരിയർ, തിക്കോടിയൻ, കെ.ടി. മുഹമ്മദ്, ജി. ശങ്കരപ്പിള്ള എന്നിവർ വരെ നീളുന്നു, അവരുടെ നിര.

നാടകകൃത്തുക്കൾക്കു പുറമെ സംവിധായകരും അഭിനേതാക്കളുമായി മറ്റൊരു നിരയും ഈ രംഗത്തു സജീവമായി. ആകാശവാണിയുടെ 'ഗ്രേഡിങ്' കലാപ്രവർത്തകരുടെ സാംസ്‌കാരികപദവിയുടെ മാനദണ്ഡംപോലുമായി മാറിയ കാലം. റേഡിയോനിലയത്തിലെ ജീവനക്കാരായും അല്ലാതെയും ശ്രോതാക്കളെ ചലച്ചിത്ര-സാഹിത്യ താരങ്ങളെപ്പോലെ കീഴടക്കിയ കലാപ്രവർത്തകരുടെ നിര ഏറെ വലുതായിരുന്നു. പി.കെ. വീരരാഘവൻനായർ, പി. ഗംഗാധരൻ നായർ, ടി.എൻ. ഗോപിനാഥൻ നായർ, ഖാൻ കാവിൽ, കെ.ജി. ദേവകിയമ്മ, ടി.പി. രാധാമണി, സി.എസ്. രാധാദേവി... തുടങ്ങി എത്രയെങ്കിലും അഭിനേതാക്കൾ. സിനിമാതാരങ്ങളും പൊതുവെ റേഡിയോനാടകങ്ങളോട് വിമുഖത കാണിച്ചിരുന്നില്ല. സത്യനും പ്രേംനസീറും ഷീലയും ഭാസിയുമൊക്കെ ശബ്ദം നൽകിയ റേഡിയോനാടകങ്ങളുണ്ട്. പിൽക്കാലത്ത് എൻ.എഫ്. വർഗീസും തിലകനും നെടുമുടിവേണുവും സിദ്ദിഖുമൊക്കെ ഈ രംഗത്തു സജീവതാൽപ്പര്യം പ്രകടിപ്പിച്ചു. ഈ വർഷത്തെ റേഡിയോനാടകോത്സവത്തിൽപോലും സുരേഷ്‌ഗോപി, ജയറാം, മുരളീഗോപി തുടങ്ങിയവർ അഭിനയിച്ച നാടകങ്ങളുണ്ടായിരുന്നു.

ഒരുകാലത്ത് മുൻനിര സാഹിത്യകാരന്മാരും ടി.എൻ. ഗോപിനാഥൻ നായരെപ്പോലുള്ളവരും സജീവമായി വ്യാപരിച്ച റേഡിയോനാടകരംഗത്ത് നിരവധി മാറ്റങ്ങൾ വന്നുകഴിഞ്ഞിരിക്കുന്നു. ഭാവുകത്വപരവും സാങ്കേതികവും കലാപരവും മറ്റുമായ മാറ്റങ്ങൾ. മലയാളത്തിൽ റേഡിയോനാടകത്തിന്റെ ഇത്തരം മാറ്റങ്ങളുടെ ഉത്തമ മാതൃകകൾ സൃഷ്ടിച്ച കലാകാരൻ കെ.വി. ശരത്ചന്ദ്രനാണ്. കഴിഞ്ഞ ഒന്നരപതിറ്റാണ്ടിൽ സ്വതന്ത്രവും അനുകല്പനവുമായി അരഡസനിലധികം നാടകങ്ങൾ രചിച്ച് സംവിധാനം ചെയ്തിട്ടുണ്ട് ശരത്. ശത്രു, ശാന്തസമുദ്രം, ഒറ്റ, പിയാനോ, 2500 സ്‌ക്വയർഫീറ്റ്, വിതയ്ക്കുന്നവന്റെ ഉപമ, ഹത്യ എന്നിവയാണ് ആ നാടകങ്ങൾ. ആധുനികാനന്തര മലയാളനാടകകലയുടെയും സാഹിത്യത്തിന്റെയും ഭാവുകത്വ, രാഷ്ട്രീയമുഖങ്ങൾ ഒന്നിച്ചിണങ്ങുന്ന രചനകൾ: പ്രമേയത്തിന്റെ മൗലികതയിലും അനുകല്പനത്തിന്റെ രീതിഭേദത്തിലും മാദ്ധ്യമരൂപത്തിന്റെ പരീക്ഷണാത്മകതയിലുമൊക്കെ ശരത്ചന്ദ്രന്റെ നാടകങ്ങൾ കൈവരിച്ച നേട്ടം, ടെലിഫിലിമിന്റെയും ചലച്ചിത്രത്തിന്റെയും രംഗത്ത് ശ്യാമപ്രസാദ് കൈവരിച്ച നേട്ടങ്ങൾക്കു സമാനമാണ്. ഏതർഥത്തിലും മലയാളറേഡിയോനാടകചരിത്രത്തിൽ രചനയുടെയും അവതരണത്തിന്റെയും രംഗങ്ങളിലെ ഏറ്റവും നവീനവും ശ്രദ്ധേയവുമായ ആഖ്യാനകല ശരത്തിന്റേതാണ്.

റേഡിയോനാടകത്തെ കാലാനുസൃതവും രൂപാനുസൃതവും ഭാവാനുസൃതവുമായി പരിഷ്‌ക്കരിക്കാനുള്ള ശരത്തിന്റെ ശ്രമങ്ങൾ പ്രധാനമായും മൂന്നു തലങ്ങളിലാണ് വിജയം നേടുന്നതെന്ന് ഈ നാടകങ്ങൾ തെളിയിക്കുന്നു. ഒന്ന്, പ്രൊഫഷണൽ, അമച്വർ നാടകവേദികൾ ഏതാണ്ടൊന്നടങ്കം തിരോഭവിക്കുന്ന കാലത്ത് നാടകകലയുടെ രംഗത്ത് പുതിയൊരുണർവു സൃഷ്ടിക്കാൻ കഴിയുംവിധം നാടകത്തിന് അവതരണപരമായ പുതുമയും പ്രമേയപരമായ രാഷ്ട്രീയസ്വരൂപവും നേടിക്കൊടുക്കുന്നു, ശരത്തിന്റെ രചനകൾ. രണ്ട്, ടെലിവിഷന്റെ വൻ കുതിപ്പിനു മുന്നിൽ അടിപതറിപ്പോയ റേഡിയോ എന്ന ഒരുകാലത്തെ മലയാളിയുടെ ജനപ്രിയമാദ്ധ്യമത്തിന് പുതിയൊരുനിര കേൾവിക്കാരെ സൃഷ്ടിച്ചുകൊടുക്കുവാൻ കഴിയുംവിധം റേഡിയോനാടകത്തിന് പുനരുജ്ജീവനം സാധ്യമാക്കിയിരിക്കുന്നു, ഇവ. മൂന്ന്, റേഡിയോനാടകം വെറും ശബ്ദകലയോ ശ്രവ്യാനുഭവമോ മാത്രമല്ല ലക്ഷ്യമിടുന്നതെന്നും കാഴ്ചയുടെ (ഒരുപരിധികൂടി കടന്ന് പങ്കാളിത്താനുഭവത്തിന്റെ തന്നെയും) ഇന്ദ്രിയാനുഭവം സൃഷ്ടിക്കുംവിധം റേഡിയോനാടകകലയെ വിപ്ലവകരമായി പരിവർത്തിപ്പിക്കുകയാണ് കാലത്തിന്റെ ആവശ്യമെന്നും തിരിച്ചറിയുന്നവയാണ് ശരത്തിന്റെ രചനകൾ. ടിം ക്രൂക്കിന്റെ ശ്രദ്ധേയമായ നിരീക്ഷണം ശരത് ഉദ്ധരിക്കുന്നതു വെറുതെയല്ല. ഭൗതികതലത്തിൽ റേഡിയോനാടകം ശ്രാവ്യകലയാണെങ്കിലും മാനസികതലത്തിൽ അതു സൃഷ്ടിക്കുന്ന അനുഭൂതി കാഴ്ചയുടേതാണെന്ന അർഥത്തിൽ ക്രൂക്ക് പറയുന്നു : 'It is auditory in the physical dimension, but casually powerful as a visual force in the psychological dimension'. അതേസമയംതന്നെ, അത് ചലച്ചിത്രശബ്ദരേഖയുടെ മറ്റൊരു രൂപവുമല്ല. മറിച്ച്, സ്വയം സൃഷ്ടവും സ്വയം പൂർണ്ണവുമായ ഒരു ദൃശ്യകലയുടെ പദവി കയ്യെത്തിപ്പിടിക്കുന്ന റേഡിയോശ്രമമാണ്.

'ഒറ്റ' എന്ന പുസ്തകത്തിലെ ഒറ്റ, പിയാനോ എന്നീ രണ്ടു നാടകങ്ങളും തെളിയിക്കുന്നത് ഈ കലാ-മാദ്ധ്യമതത്വമാണ്. നിശ്ചയമായും രംഗവേദിയിലെ നാടകകലയോടെന്നതിനെക്കാൾ സിനിമയോടു മത്സരിച്ചു നിലനിന്ന കലാരൂപമായിരുന്നു എക്കാലത്തും റേഡിയോനാടകം. യന്ത്രകലകളും മാദ്ധ്യമരൂപങ്ങളുമെന്ന നിലയിൽ സാങ്കേതികതയുടെ തലത്തിൽ സിനിമയും റേഡിയോയും തമ്മിലുണ്ടായിരുന്ന ബന്ധത്തെ ചലച്ചിത്രഗാനങ്ങളും ശബ്ദരേഖയുംകൊണ്ട് സചേതനമാക്കി നിലനിർത്തിയതിനൊപ്പം തന്നെയാണ് ചലച്ചിത്രതാരങ്ങളെ റേഡിയോനാടകത്തിൽ പങ്കെടുപ്പിച്ചും പശ്ചാത്തലസംഗീതത്തിന്റെ സാധ്യതകൾ സമർഥമായുപയോഗിച്ചും റേഡിയോ നേട്ടമുണ്ടാക്കിയത്. ടെലിവിഷന്റെ വരവ് സിനിമക്കെന്നപോലെ റേഡിയോയ്ക്കും വലിയ വെല്ലുവിളിയായി. ആധുനികതയിൽ വായനയും റേഡിയോകേൾവിയും സിനിമാക്കാഴ്ചയും തമ്മിൽ ശത്രുതയുണ്ടായിരുന്നില്ല; മത്സരംതന്നെയും. അവ പലസ്പരം സഹകരിച്ചും സഹായിച്ചും പൂരിപ്പിച്ചും നിലനിന്നു. ടെലിവിഷൻ അങ്ങനെയായിരുന്നില്ല. അത് മേല്പറഞ്ഞ മൂന്നു മാദ്ധ്യമരൂപങ്ങളെയും അവ നൽകിയ ഭാവാനുഭൂതികളെയും ഒറ്റയടിക്കു കീഴടക്കി. സാഹിത്യത്തിനൊപ്പം നിലനിന്ന റേഡിയോയും സിനിമയും ക്രമേണ 'ടെലിവിഷ്വൽ' സ്വഭാവത്തിലേക്കു ചുവടുമാറി.

ഒറ്റ, പിയാനോ എന്നീ നാടകങ്ങളുടെ പ്രസക്തി ഈ സന്ദർഭത്തിൽ വേണം തിരിച്ചറിയാൻ. നെടിയജീവിതം ജീവിച്ചുതീർത്ത് ഒരു മനുഷ്യൻ മരണം കാത്തു തളർന്നുകിടക്കുന്ന വലിയ ബംഗ്ലാവിൽ, അയാൾക്കു കാവലിരിക്കുന്ന ഗോവിന്ദൻകുട്ടി എന്ന വേലക്കാരൻ തന്നോടുതന്നെ സംസാരിച്ചും ആകെ കൂട്ടിനുള്ള കൈസർ എന്ന പട്ടിയോടു കയർത്തും ജീവിക്കുന്ന ഏതാനും ദിവസങ്ങളുടെ കഥയാണ് 'ഒറ്റ'. തിലകൻ ഒരുമണിക്കൂർ ഒറ്റയ്ക്കഭിനയിച്ച് ദേശീയപുരസ്‌കാരം നേടിയ നാടകം. ആത്മഭാഷണത്തിന്റെ കളിയരങ്ങല്ല ഒറ്റയുടേത്. ഒരുപാടുപേരോടും ഒരു നായയോടും തന്റെ ജീവിതവും ഭൂതകാലവും ഒളിച്ചും തെളിച്ചും വെളിപ്പെടുത്തി, ഓർമകളെയും അനുഭവങ്ങളെയും കൂട്ടിനുവിളിച്ച് സംഭവങ്ങളുടെ അച്ചുതണ്ടിൽ സ്വയം തളച്ചിട്ട് ജീവിതത്തിന്റെ നെറികളെയും നെറികേടുകളെയും ഒറ്റയ്ക്കു നേരിടുന്ന ഗോവിന്ദൻകുട്ടിയുടെ കഥയാണിത്. 'വാക്കിൽ പാകപ്പെടുത്തിയ ചരിത്രം'. പിതൃഹത്യയുടെ കൊടിയ ദുരന്തത്തിലേക്ക് എത്തിപ്പെടുന്ന ഏതു കുടുംബത്തിന്റെയും വംശഗാഥ. സാങ്കേതികതയുടെ സൂക്ഷ്മവിന്യാസങ്ങളിലൂടെ, ഭാഷണകലയുടെ ബഹുസ്വരതയിലൂടെ, ഭാവോദ്ദീപനത്തിന്റെ മറുകരകണ്ട ഒരു നടന്റെ പ്രതിഭ നടത്തുന്ന നടനനായാട്ട്. ഒപ്പം, ആത്മസംഘർഷങ്ങളുടെയും പരനിന്ദകളുടെയും ആസക്തികളുടെയും പാപരതികളുടെയും വെടിമരുന്നു നിറച്ച ജീവിതകഥയും. ആയകാലത്ത് തന്നോടുകാണിച്ച നന്ദികേടിന്റെയും ക്രൂരതകളുടെയും ദൈവനീതിപോലെ കിഴവനുകിട്ടിയ തളർച്ചയിൽ ആഹ്ലാദിക്കുന്നു, ഗോവിന്ദൻകുട്ടി. ജീവിതം മുഴുവൻ നായയെപ്പോലെ കിഴവനെ സേവിച്ച അയാൾക്ക് ഇപ്പോൾ തന്നെ സേവിക്കാനുള്ള നായയോടുപോലും പകയാണ്. മൂന്നുമക്കളും സ്വത്തിനുവേണ്ടി കിഴവന്റെ മരണംകൊതിക്കുമ്പോൾ തന്റെ സുഭിക്ഷതയെ കരുതി അയാൾ കിഴവന്റെ മരണം നീട്ടിവയ്ക്കാൻ കൊതിക്കുന്നു. തന്തയെക്കൊല്ലാൻ മകൻ നൽകിയ വിഷഗുളിക അയാൾ മറച്ചുവച്ചു. അതുകൊണ്ടുമാത്രമാണ്. ഒടുവിൽ, സ്വത്തെല്ലാം പഴയ വെപ്പാട്ടിക്കാണ് കിഴവൻ എഴുതിവച്ചിരിക്കുന്നതെന്ന രഹസ്യം പുറത്തായതോടെ മുഴുവൻ സ്‌നേഹവും കൊടുത്ത് കിഴവൻ വളർത്തിയ മകൾതന്നെ അയാളെ വെടിവച്ചുകൊല്ലുന്നു. അതിനു സാക്ഷിയായ ഗോവിന്ദൻകുട്ടിയെയും മറ്റൊരു വിധിയല്ല കാത്തിരുന്നത്.

യഥാർഥത്തിൽ ആരാണ് ഒറ്റ? അഥവാ ആരാണ് ഒറ്റയല്ലാത്തത്? ഈ നാടകം ഉന്നയിക്കുന്ന അടിസ്ഥാനപരമായ ചോദ്യമിതാണ്. ശബ്ദത്തിന്റെ മാന്തികലാവണ്യം അതിന്റെ പരമാവധി സാധ്യതകളിലേക്കു വളർത്തി ശരത്തും തിലകനും ചേർന്ന് 'ഒറ്റ'യിൽ സൃഷ്ടിക്കുന്ന നാടകകല മലയാളത്തിൽ സമാനതകളില്ലാത്ത ഒരനുഭവംതന്നെയാണ്. എല്ലാം നിവൃത്തിയാകുന്ന രാത്രിക്കുതലേന്ന്, ടെലിവിഷനിൽ കാർട്ടൂൺ ചാനലും കണ്ടിരിക്കുന്ന കൈസറിനോട് ഗോവിന്ദൻകുട്ടി പറയുന്നു : 'ഗോവിന്ദൻ കുട്ടി: ഇന്നും വൈകീട്ട് മഴ പെയ്യുമോ എന്തോ ..... എങ്കീ ഗോവിന്ദൻകുട്ടി കൊഴഞ്ഞത് തന്നെ. നാളെ നിർമ്മലക്കൊച്ചമ്മേടെ ശ്രാദ്ധാ.... കൊല്ലത്തിലൊരിക്കല് എല്ലാ ശത്രുക്കളും ഒത്തുകൂടുന്ന ദിവസം. എന്നാൽ ഗോവിന്ദൻകുട്ടി ഒറ്റയ്ക്കാണ്, ഈ ദിവസത്തേക്കെങ്കിലും അവന് കൈ സഹായത്തിനൊരാള് വേണം എന്നൊക്കെ ആർക്കെങ്കിലുമുണ്ടോ ഒരു വിചാരം. (നിശ്വാസം... ആത്മഗതം....പോലെ) പറഞ്ഞു വരുമ്പോ എല്ലാവരും ഒറ്റയ്ക്കാ... ഞാനും, നീയും, വല്യങ്ങുന്നും, സുധക്കൊച്ചും ..... എല്ലാവരും..... ആരൊക്കെയോ ഉണ്ട് എന്നതൊക്കെ വെറും തോന്നലാ .... വല്യങ്ങുന്നിനെപ്പോലെ തളർന്നു വീഴുമ്പോഴേ എല്ലാവർക്കും തന്നത്താൻ അത് മനസ്സിലാകൂ ...... ഇത്തരം കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞുതന്നത് ആരാന്നാ നീ കരുതീത്. നിർമ്മലക്കൊച്ചമ്മ .... അല്ലാതെ ഗോവിന്ദൻകുട്ടീടെ തലേല് ഇമ്മാതിരി വല്യ കാര്യങ്ങളൊക്കെ എങ്ങനെ വരാനാ ... വയസ്സാൻ കാലത്ത് കയ്യിലിത്തിരി നീക്കിയിരിപ്പ് നല്ലതാണെന്ന് പറഞ്ഞ് ബാങ്ക് അകൗണ്ട് തുടങ്ങിപ്പിച്ചതും ആ കൊച്ചമ്മ തന്നാ ... നിന്നോടിതൊക്കെ പറഞ്ഞിട്ടെന്തിനാ ...... ഡാ കൈസറേ ഞാൻ വല്യങ്ങുന്നിന്റെ മുറീലേയ്ക്ക് ഒന്നു പോവ്വാ .... നീയെന്താ നോക്കുന്നേ .... അകത്ത് നിന്ന് ബെല്ലടിച്ചില്ലല്ലോ എന്ന് .... അതേടാ ...... ബെല്ലടിക്കില്ല ..... വല്യങ്ങുന്ന് നല്ല മയക്കത്തിലാ .... വല്യങ്ങുന്ന് മയങ്ങിക്കിടക്കുമ്പം എനിക്കവിടെ രഹസ്യമായി ഇത്തിരി പണികളുണ്ട്. രണ്ടാമത്തേവൻ, ആ ശ്രീകൃഷ്ണാവതാരം ഏൽപിച്ച പണികളാ ..... അതായത് വല്യങ്ങുന്നിന്റെ മുറീന്ന് കുറച്ച് ഫയലുകൾ പൊക്കിമാറ്റണം. അവൻ ഭാഗക്കേസ്സിന് പോവ്വാത്രേ ...... അതിന് വേണ്ടിട്ടാ ...... രൂപ അയ്യായിരം ഇന്നലെ എന്റെ അകൗണ്ടിൽ വന്നു കയറീട്ടുണ്ട്. ഞാൻ പോയി നോക്കി ബോദ്ധ്യപ്പെട്ടു ... സത്യം പറഞ്ഞാ എനിക്കിപ്പോ എന്റെ പാസ്സ്ബുക്ക് കാണുമ്പം പേടിയായ് തുടങ്ങീട്ടുണ്ട്. ആവശ്യത്തീല് കൂടുതൽ പൈസയുണ്ടാകുമ്പഴാടാ, വേണ്ടപ്പെട്ടവര്, നമ്മളെ സ്‌നേഹിക്കുന്നത് വിട്ട് കാശിനെ സ്‌നേഹിക്കുന്നത്. ഇല്ല .... ഇനിയില്ല ... ഇതവസാനത്തേതാ ... നീയിവിടെ എലീനേം പൂച്ചേനേം കണ്ടിരിക്ക്'.


മനുഷ്യജന്മത്തെക്കുറിച്ചുള്ള അസാധാരണമായ ഒരു രൂപകകല്പനയിലൂടെ നാടകത്തിന്റെയെന്നല്ല, ഭാവനയുടെതന്നെ ഗംഭീരമായ ഒരു മലയാളമാതൃക നിർമ്മിക്കുകയാണ് ശരത്ചന്ദ്രൻ. റേഡിയോനാടകത്തിന്റെ ആഖ്യാനകലയിൽ അപൂർവമായ കുതിപ്പുകൾ നടത്തി ഒരൊറ്റക്കഥാപാത്രത്തിന്റെ ഭാവസംഘർഷങ്ങളിലൂടെ ആ മാതൃകയെ അനശ്വരമാക്കാനും ശരത്തിനു കഴിയുന്നു. ഈ നാടകത്തിലെ തന്റെ അഭിനയനിയോഗത്തെക്കുറിച്ച് തിലകൻ എഴുതുന്നു:

'ഒരു വലിയ ബംഗ്ലാവിലെ വേലക്കാരനാണ് ഗോവിന്ദൻകുട്ടി. ബംഗ്ലാവിലെ മുകളിലെ മുറിയിൽ തളർന്നുകിടക്കുന്ന ഗൃഹനാഥനെ പരിചരിക്കേണ്ട ജോലികൂടി അവനുണ്ട്. അവനാകെ അവിടെ മിണ്ടിപറയാനുള്ളത് കൈസർ എന്ന വളർത്തുപട്ടി മാത്രം. എന്നാൽ ആ ബംഗ്ലാവിനെ ചുറ്റിപ്പറ്റി കുറെ കഥാപാത്രങ്ങളും ഉദ്വേഗമുയർത്തുന്ന ഒരു കഥയും സാന്നിധ്യമായുണ്ട്. ഗോവിന്ദൻകുട്ടി എന്ന കഥാപാത്രത്തിലൂടെയാണ് നാടകത്തിലെ മറ്റ് കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതയും കഥാഗതിയും ശ്രോതാക്കൾ മനസ്സിലാക്കുന്നത്. ഒരു കാലത്ത് പ്രതാപവാനായിരുന്ന ഗൃഹനാഥന്റെ ഭൂതകാലവും, തളർന്ന് കിടക്കുന്ന നിസ്സഹായമായ ഇപ്പോഴത്തെ അവസ്ഥയും ഗോവിന്ദൻകുട്ടിയുടെ ആത്മഗതങ്ങളിലൂടെയും മറ്റും വെളിവാക്കപ്പെടുന്നു. യജമാനനുമായി ഇടഞ്ഞുനിൽക്കുന്ന ആൺമക്കളുടെ ഫോൺവിളികൾ ഇടയ്ക്ക് ഗോവിന്ദൻകുട്ടിയെ തേടി വരാറുണ്ട്. എന്നാൽ ഗോവിന്ദൻകുട്ടി അങ്ങോട്ടു പറയുന്നതിൽനിന്ന് അവരെന്താണ് പറഞ്ഞിരുന്നതെന്ന് വ്യക്തമാകുന്നുണ്ട്. അതുപോലെ മറ്റു കഥാപാത്രങ്ങളോട് ഗോവിന്ദൻകുട്ടിക്കുള്ള സമീപനമെന്താണെന്നും സംഭാഷണങ്ങളിൽനിന്ന് മാത്രമാണ് നാം മനസ്സിലാക്കേണ്ടത്. ഈ സംഭാഷണവാക്യങ്ങൾക്ക് നടൻ നല്കുന്ന ഊന്നലുകളിൽ നിന്നും ഭാവങ്ങൾക്കു നൽകുന്ന ഏറ്റക്കുറച്ചിലുകളിൽനിന്നും കഥയുടെ അടരുകൾ ഒന്നൊന്നായി തെളിഞ്ഞുവരുന്നു. അങ്ങനെ ഒരൊറ്റ നടന്റെ ശബ്ദത്തെ, ഭാവമാറ്റങ്ങളെമാത്രം അവലംബിച്ച് മുന്നേറുന്ന ഒരു നാടകമെന്ന നിലയിൽ 'ഒറ്റ' എനിക്ക് മുന്നിൽ ഒരേ സമയം സാധ്യതകളും വെല്ലുവിളികളും തുറന്നിടുകയായിരുന്നു'.

ബ്രസീലിയൻ എഴുത്തുകാരനായ മൊൺട്രിനോ മൊഷാദുവിന്റെ ചെറുകഥയുടെ റേഡിയോനാടകരൂപാന്തരമാണ് 'പിയാനോ'. സംഗീതജ്ഞനും ഗൃഹസ്ഥനുമായ ഒരു വയോധികൻ തന്റെ ആത്മീയ-ഭൗതിക ജീവിതങ്ങൾക്കിടയിൽ അനുഭവിക്കുന്ന അപാരമായ ധർമസങ്കടങ്ങളുടെ വേലിയേറ്റങ്ങളാണ് ഈ നാടകത്തിന്റെ ജീവൻ. കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ പശ്ചാത്തലത്തിലേക്കു പറിച്ചുനട്ട കാർലോസിന്റെ കഥയിൽ പരാജയപ്പെട്ട ജീവിതത്തോടു കണക്കുപറയാൻ മറന്നുപോകുന്ന ഹതാശനായ മനുഷ്യനെ തിലകനാണ് റേഡിയോവിൽ അവതരിപ്പിച്ചത്. സുഹൃത്തുക്കളും ഭാര്യയും മകളും കച്ചവടക്കാരെപ്പോലെ പെരുമാറുകയും ജീവിതവും കുടുംബവും സ്‌നേഹശൂന്യതകൾകൊണ്ട് വേട്ടയാടുകയും ചെയ്യുമ്പോൾ കാർലോസ് ആശ്വാസം കണ്ടെത്തിയത് ജന്മാന്തരസുകൃതംപോലെ അയാൾ കാത്തുസൂക്ഷിച്ച പിയാനോയിലായിരുന്നു. പക്ഷെ അതുവിറ്റഴിക്കാൻ ഭാര്യയും മകളും നടത്തുന്ന ശ്രമത്തിൽ അയാൾ അടിപതറിപ്പോയി. പഴക്കംകൊണ്ട് കച്ചവടക്കാർ പിന്മാറിയപ്പോൾ ഒടുവിൽ അതയാൾ കടലിലെറിയുന്നു. ആത്മഹത്യയുടെ ബദലായിരുന്നു അയാൾക്ക് ആ പ്രവൃത്തി. ജീവിതതീവ്രതകൊണ്ടും സ്ഥലകാലാന്തര സാധ്യതകൾ കൊണ്ടും അസാധാരണമാംവിധം വിജയിച്ച അനുകല്പനമാണ് പിയാനോ. ഒപ്പം, ഭാവാവിഷ്‌ക്കാരത്തിന്റെ കടലാഴങ്ങൾ വെളിപ്പെടുത്തുന്ന തിലകന്റെ സിംഹനാദകലയുടെ ഉദാഹരണമായും.

തിലകൻ, എൻ.എഫ്. വർഗീസ്, സിദ്ദിഖ് എന്നീ നടന്മാരെ റേഡിയോനാടകവുമായി സഹകരിപ്പിച്ചതിന്റെ കഥയും അവർ തന്നെ വിസ്മയിപ്പിച്ചതിന്റെ അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്, ആമുഖക്കുറിപ്പിൽ ശരത്ചന്ദ്രൻ. ശബ്ദത്തിന്റെ കലയിൽ നിന്ന് ദൃശ്യത്തിന്റെ ഇന്ദ്രിയാനുഭൂതി സൃഷ്ടിച്ചെടുക്കുന്ന ഭാവാന്തരങ്ങളുടെ മാന്ത്രികവിദ്യയാക്കി മാറ്റി, അവർ റേഡിയോനാടകങ്ങളെ.എൻ.എഫ്. വർഗീസിന്റെ കഥ ശരത് ഇങ്ങനെ പറയുന്നു:

'സ്വതേ പ്രസന്നനാണ് എൻ. എഫ്. വർഗീസ്. എൻ.എഫ്. നാടകത്തിൽ ഉണ്ടെന്നറിഞ്ഞാൽ കൂടെ അഭിനയിക്കുന്നവരും ഉഷാറാകും. തൃശ്ശൂർനിലയകാലം മുതൽ എൻ.കെ. സെബാസ്റ്റ്യന്റെ കണ്ടെത്തലാണ് എൻ.എഫ് വർഗീസ്. എൻ.കെ.എസ്. വിളിച്ചാൽ എൻ.എഫ് വിളികേൾക്കും. എൻ.എഫ് എത്തിക്കഴിഞ്ഞാൽ സ്റ്റുഡിയോ സജീവമാകും. മൈക്കിന് മുന്നിൽനിന്ന് അഭിനയം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ അതങ്ങനെ ഒരു ഊർജ്ജപ്രവാഹമാണ്. പ്രസാദവാനായ എൻ.എഫ്. വർഗീസ് കൊച്ചി നിലയത്തിനുവേണ്ടി ശബ്ദം പകർന്ന നാടകങ്ങളെല്ലാം തന്നെ മരണത്തിന്റെ മേലങ്കി അണിഞ്ഞ ദുരന്തപര്യവസാന നാടകങ്ങളായിരുന്നു. പി.എഫ്. മാത്യുസിന്റെ 'മണ്ണിലേക്ക് മടങ്ങുക', എന്റെ 'ശാന്തസമുദ്രം', ഡോ.സി.ജെ. ജോണിന്റെ 'അടയാളങ്ങൾ' അങ്ങനെയെല്ലാം. ആ കാലയളവിൽ മികച്ച നാടകത്തിനുള്ള അവാർഡുകൾ കൊച്ചിനിലയവും, മികച്ച നടനുള്ള അവാർഡ് എൻ.എഫ്.വർഗീസും തുടരെ നേടിക്കൊണ്ടിരുന്നു. 'അടയാളങ്ങൾ' എന്ന നാടകത്തിലെ അന്ധവയോധികനെ അനശ്വരനാക്കിയതിന് എൻ.എഫിന് കിട്ടിയ പുരസ്‌കാരം ഏറ്റുവാങ്ങിയത് എൻ.എഫിന്റെ മകനായിരുന്നു. ആ നാടകം അഭിനയിച്ചുകഴിഞ്ഞതും മരണം ആ കലാകാരനെ ജീവിതത്തിൽ നിന്ന് മടക്കിവിളിക്കുകയായിരുന്നു. മിമിക്രി, നാടകം, സിനിമ ഇങ്ങനെ പൂർവ്വാശ്രമങ്ങൾ ഏറെയുണ്ടെന്നിരിക്കിലും റേഡിയോ നാടകത്തിനു വേണ്ടി കാലം കാത്തു കരുതി വച്ച ശബ്ദമാണ് എൻ.എഫിന്റേത് എന്നെനിക്ക് തോന്നാറുണ്ട്. ശ്രോതാക്കൾ
ആവശ്യപ്പെട്ടതനുസരിച്ച് എൻ.എഫ്.വർഗീസിന്റെ നാടകങ്ങൾ പലകുറി പുനഃപ്രക്ഷേപണം ചെയ്തിട്ടുണ്ട്. കഥാപാത്രമായി ഭാവം പകരുന്നതിനിടെ റേഡിയോയിൽ നിന്ന് ആ നടന്റെ നിശ്വാസങ്ങൾ ചുമലിൽ വന്നുവീഴുന്നതായിപോലും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. അത്രമാത്രം സമീപസ്ഥമായിരുന്നു അദ്ദേഹത്തിന്റെ അഭിനയത്തിന്റെ നില. അത്രമാത്രം സൂക്ഷ്മവും കൃത്യവും സ്വഭാവികവുമായിരുന്നു മിക്കപ്പോഴും അത്'.

'തിലകൻ അഭിനയിച്ച രണ്ടു റേഡിയോനാടകങ്ങൾ' എന്ന നിലയിലാണ് 'ഒറ്റ' ശരത്ചന്ദ്രൻ പുസ്തകമാക്കിയിരിക്കുന്നത്. നിശ്ചയമായും ഈ നാടകങ്ങളുടെ കേൾവിയാണ് ഏറ്റവും പ്രധാനം. ജനങ്ങളുടെ നികുതിപ്പണം കൊണ്ടു പ്രവർത്തിക്കുന്ന ആകാശവാണിയും അതിന്റെ നടത്തിപ്പുകാരും പക്ഷെ, ചരിത്രാതീതകാലത്തെ ഭൂതനാഥന്മാരെപ്പോലെ തങ്ങളുടെ പതിനായിരക്കണക്കിനു ഓഡിയോ ടേപ്പുകൾ നിലവറകളിൽ പൂപ്പൽപിടിച്ചു നശിക്കാൻ കാവലിരിക്കുകയാണ് ഇപ്പോഴും. അതിനാൽ അവ പൊതുജനത്തിനു ലഭ്യമാകുകയില്ല. എങ്കിലും കൃതഹസ്തനായ ഒരു നാടകകൃത്തെന്ന നിലയിൽ തന്റെ മാദ്ധ്യമത്തിൽ നടത്തുന്ന ഇടപെടലുകളിലൂടെയും ആ കലയിൽ വരുത്തുന്ന വിപ്ലവകരമായ വഴിമാറ്റങ്ങളിലൂടെയും ശരത്ചന്ദ്രൻ സൃഷ്ടിക്കുന്ന റേഡിയോവസന്തത്തിന്റെ ഈ അക്ഷരപ്പൂങ്കുലകൾ കാണാതിരുന്നുകൂടാ.

ഒറ്റ
കെ.വി. ശരത്ചന്ദ്രൻ
ഒലിവ് പബ്ലിക്കേഷൻസ്
2014, 90രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP