1 usd = 69.80 inr 1 gbp = 89.03 inr 1 eur = 79.91 inr 1 aed = 19.00 inr 1 sar = 18.61 inr 1 kwd = 229.95 inr

Aug / 2018
19
Sunday

നവ/പൗര സമൂഹങ്ങളും ജൈവബുദ്ധിജീവിതവും

May 07, 2017 | 08:22 AM IST | Permalinkനവ/പൗര സമൂഹങ്ങളും ജൈവബുദ്ധിജീവിതവും

ഷാജി ജേക്കബ്

ടിമുടി പ്രശ്‌നഭരിതമായ സാമൂഹ്യപരികല്പനകളിലൊന്നാണ് പൗരസമൂഹം (civil society) എന്നത്. രാഷ്ട്രീയസമൂഹ -(political society)ങ്ങളെക്കാൾ ജനാധിപത്യപരമാണ് പൗരസമൂഹങ്ങളെന്ന വാദം ഒരുവശത്തു ശക്തമാകുമ്പോൾതന്നെ രാഷ്ട്രീയസമൂഹങ്ങളെ ദുർബ്ബലപ്പെടുത്തുന്ന നവകൊളോണിയൽ പദ്ധതികളുടെ ഭാഗമാണ് പൗരസമൂഹങ്ങളെന്ന വാദവും ഉയർന്നുകേൾക്കുന്നു. ഇവരണ്ടും പരസ്പരവിരുദ്ധമായ ആശയാവലികളാണെന്ന ധാരണപോലെതന്നെ പ്രസിദ്ധമാണ് ജനാധിപത്യത്തിന്റെ പൂർത്തീകരണത്തിൽ ഇവയ്ക്കു രണ്ടിനുമുള്ള പങ്കിനെക്കുറിച്ചുള്ള വിശ്വാസവും. ഫ്രഞ്ച് വിപ്ലവാനന്തരവും (1790കൾ) കമ്യൂണിസ്റ്റനന്തരവും (1990കൾ) ലോകരാഷ്ട്രീയക്രമങ്ങളെ അടിസ്ഥാനപരമായി പുനർനിർവചിച്ചതിന്റെ ചരിത്രജീവിതം പൗര-നവ സമൂഹസങ്കല്പനത്തിനു കൈവന്നിട്ടുണ്ട്. എന്തായാലും ആഗോളവൽക്കരണകാലത്ത് ലോകമെങ്ങും കരുത്താർജ്ജിച്ച പൗരസമൂഹപ്രസ്ഥാനങ്ങൾ, ആധുനികതയിൽ രാഷ്ട്രീയസമൂഹങ്ങൾ സൃഷ്ടിച്ച വരേണ്യ-പുരുഷ-ദേശീയ ബൃഹദാഖ്യാനങ്ങളെ അപനിർമ്മിക്കുകയും അതുവഴി ജനാധിപത്യമെന്ന പരികല്പനയുടെ സാധ്യതകളെ അപൂർവമാംവിധം മുന്നോട്ടുകൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. കമ്യൂണിസമുൾപ്പെടെയുള്ള ജനാധിപത്യവിരുദ്ധ, സർവാധിപത്യരാഷ്ട്രീയക്രമങ്ങളെ നിരാകരിക്കുമ്പോൾതന്നെ മുതലാളിത്തത്തിന്റെ നിശിതമായ വിമർശനവും പൗരസമൂഹപ്രസ്ഥാനങ്ങൾ മുന്നോട്ടുവയ്ക്കുന്നു. ഈയർഥത്തിൽ കഴിഞ്ഞ കാൽനൂറ്റാണ്ടിന്റെ ലോകസാമൂഹിക ക്രമങ്ങളെ ഏറ്റവുമധികം സചേതനമാക്കിയ ആശയാവലിയും പ്രയോഗപദ്ധതിയുമാണ് പൗരസമൂഹമെന്നത് എന്നു വിശ്വസിക്കുന്ന വലിയൊരു വിഭാഗം കേരളത്തിലുമുണ്ട്. ടി.ടി. ശ്രീകുമാറിന്റെ ഈ പുസ്തകം ഈ വിഷയത്തിൽ മലയാളത്തിൽ നടക്കുന്ന ഏറ്റവും ശ്രദ്ധേയമായ സംവാദങ്ങളുടെ സമാഹാരമാകുന്നു.

വരേണ്യ-പുരുഷ-ഭൂരിപക്ഷ-മതാത്മക-ദേശീയത, ഫാസിസ്റ്റ് സ്വഭാവം കൈവരിക്കുന്ന കക്ഷിരാഷ്ട്രീയസംഘടനകൾ, പ്രത്യയശാസ്ത്ര മൗഢ്യവും ആൾക്കൂട്ടഭ്രാന്തും ഹിംസാരതിയും മൂർഛിച്ച വിപ്ലവപാർട്ടികൾ, മൗലികവാദം മുഖമുദ്രയാക്കി മാറ്റിയ മത, ജാതി, സമുദായ സംഘങ്ങൾ, വ്യക്തിപൂജയിലധിഷ്ഠിതമായ സാമൂഹ്യമുന്നേറ്റങ്ങൾ തുടങ്ങിയവയെയൊക്കെ എതിർത്തും ജനാധിപത്യത്തെ പരമമായ ലക്ഷ്യവും മാർഗവുമായി മുന്നിൽക്കണ്ടും പ്രവർത്തിക്കുന്ന ജൈവസാമൂഹിക കൂട്ടായ്മകളാണ് പൗരസമൂഹപ്രസ്ഥാനങ്ങൾ. കേസരി ബാലകൃഷ്ണപിള്ളയിലാരംഭിക്കുന്ന കേരളീയ ജൈവബുദ്ധിജീവിതത്തിന്റെ ഒരു സമാന്തരചരിത്രം നമ്മുടെ പൗരസമൂഹസങ്കല്പനത്തിനുണ്ട്. പോളിലും ഗോവിന്ദനിലും സി.ജെ.യിലും ബാലകൃഷ്ണനിലുമൊക്കെക്കൂടി മുന്നോട്ടുപോയി ആനന്ദിലും ബി.ആർ.പി.യിലും സക്കറിയയിലും കാരശ്ശേരിയിലും ഹമീദിലും ദേവികയിലും മറ്റും എത്തിനിൽക്കുന്ന ഈ ധാരയിലാണ് ശ്രീകുമാറിന്റെ സ്ഥാനം. 1990-കളിലുടലെടുത്ത സവിശേഷങ്ങളായ ആഗോള, ദേശീയ, പ്രാദേശിക സാഹചര്യങ്ങളിൽ കേരളീയചിന്തയിൽ ഈ പൗരസമൂഹസങ്കല്പനത്തിനു കൈവന്ന അപൂർവമായ പ്രസ്ഥാനസ്വഭാവത്തിന്റെ പ്രമുഖ വക്താക്കളിലൊരാളായി ശ്രീകുമാർ മാറുകയും ചെയ്തു. കലാ, സാഹിത്യ, മാധ്യമ, രാഷ്ട്രീയ, വൈജ്ഞാനിക, അക്കാദമിക മണ്ഡലങ്ങളിൽ നിന്നെല്ലാം പൗരസമൂഹപ്രസ്ഥാനങ്ങളിലേക്കുണ്ടായ ജൈവബുദ്ധിജീവികളുടെ ഒഴുക്കിന്റെ കാലത്ത് ശ്രദ്ധേയമായ നിരവധി ഇടപെടലുകൾ നടത്തിയ ശ്രീകുമാറിന്റെ ഏറ്റവും പുതിയ പുസ്തകമാണ് 'വായനയും പ്രതിരോധവും'.

സോവിയറ്റ് യൂണിയന്റെ തകർച്ചക്കുശേഷമുള്ള കാലത്താണ് കേരളീയ സമൂഹവിചാരങ്ങളിൽ 'പൗരസമൂഹ'മെന്ന സംജ്ഞക്ക് ഏറെ പ്രാധാന്യം കൈവരുന്നത്. രാഷ്ട്രീയസമൂഹത്തിന്റെ വിപരീതമാണ് പൗരസമൂഹം എന്ന് അവശിഷ്ടകമ്യൂണിസത്തിന്റെ വക്താക്കൾ പറഞ്ഞുപരത്തിയതോടെ സ്വത്വരാഷ്ട്രീയങ്ങളുടെയും അവയ്ക്കു കൈവന്ന നവസാമൂഹ്യപ്രസ്ഥാനങ്ങളുടെയും വക്താക്കൾ സാമ്പ്രദായിക രാഷ്ട്രീയസമൂഹത്തിനു പുറത്താണെന്ന ധാരണ പ്രചരിച്ചു. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ കാലത്ത്, 1948-ലെ കൽക്കത്താ തീസിസിനെത്തുടർന്ന് കേരളത്തിലെ രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളിൽ രൂപംകൊണ്ട ഉരുൾപൊട്ടലിനു സമാനമായിരുന്നു 1990കളിൽ നവ-പൗര സമൂഹപ്രസ്ഥാനങ്ങളിലേക്കുണ്ടായ മലയാളിയുടെ രാഷ്ട്രീയ-ബൗദ്ധിക കുത്തൊഴുക്ക്. നവമാർക്‌സിയൻ കാഴ്ചപ്പാടുകൾ നൽകിയ സ്വാതന്ത്ര്യബോധം ഒരുവിഭാഗം കമ്യൂണിസ്റ്റുകളെ സ്റ്റാലിനിസത്തിൽനിന്നു രാഷ്ട്രീയമായി പുറത്തുകൊണ്ടുവന്നുവെങ്കിലും സാമ്പത്തികനയത്തിൽ അവരും സ്റ്റാലിനിസ്റ്റുകളായി തുടർന്നു (സാമ്രാജ്യത്തദാസ്യം പിൻപറ്റുന്ന കാര്യത്തിൽ). ആഗോളവൽക്കരണത്തിന്റെ പ്രലോഭനവും വിപണി മുതലാളിത്തത്തോടുണ്ടായ ജാരബന്ധവും അവരുടെ സമ്പദ്‌രാഷ്ട്രീയത്തിന്റെ ഗതി തിരിച്ചുവിട്ടു. നിലനിന്ന ദേശീയ-ജനാധിപത്യ പ്രസ്ഥാനങ്ങൾ ദുർബ്ബലമായി. ഹിന്ദുത്വരാഷ്ട്രീയം കരുത്താർജ്ജിച്ചു. ഈ സന്ദിഗ്ദ്ധഘട്ടത്തിലാണ് ഇന്ത്യയിലും കേരളത്തിലും നവ, പൗരസമൂഹപ്രസ്ഥാനങ്ങളുടെ മുന്നേറ്റമുണ്ടാകുന്നത്. കമ്യൂണിസത്തിന്റെ തകർച്ച, സാമ്രാജ്യത്വത്തിന്റെയും ബഹുരാഷ്ട്ര-വിപണിമുതലാളിത്തത്തിന്റെയും (അഥവാ ആഗോളവൽക്കരണത്തിന്റെതന്നെ) അധിനിവേശം, ദേശീയ ജനാധിപത്യത്തിന്റെ പ്രതിസന്ധി, ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വളർച്ച എന്നീ നാലുഘടകങ്ങളുടെ നേർക്കും ഈ പ്രസ്ഥാനങ്ങൾ സ്വീകരിച്ച സമീപനങ്ങളുടെയും നിലപാടുകളുടെയും ഭിന്നതലങ്ങൾ നേരിട്ടവതരിപ്പിക്കുന്ന രചനകളാണ് ശ്രീകുമാറിന്റെ ലേഖനങ്ങളിൽ ഒരുവിഭാഗം. മറ്റൊരു വിഭാഗം, ഇത്തരമൊരു ചരിത്രസന്ദർഭത്തിൽ രൂപംകൊള്ളുന്ന രാഷ്ട്രീയ-സാംസ്‌കാരിക വ്യവഹാരരൂപങ്ങളുടെ പാഠവിശകലനവും. 'പൗരത്വവും സിവിൽസമൂഹവും' എന്ന ഒന്നാം ഭാഗത്തെ പന്ത്രണ്ടുലേഖനങ്ങൾ മേല്പറഞ്ഞവയിൽ ആദ്യവിഭാഗത്തിൽപെടുന്നു. 'സാഹിത്യവും സമൂഹവും', 'ഇടതുപക്ഷബുദ്ധിജീവിതം' എന്നീ ഭാഗങ്ങളിലെ രചനകൾ രണ്ടാം വിഭാഗത്തിലും.

കൊളോണിയൽ ആധുനികത, കേരളീയ നവോത്ഥാനം തുടങ്ങിയ പരികല്പനകൾകൊണ്ട് നാം വ്യവഹരിച്ചുപോരുന്ന പത്തൊൻപതാം നൂറ്റാണ്ടിലെ കേരളീയ സാമൂഹ്യാന്തരീക്ഷത്തിൽ രൂപംകൊണ്ട പൗരസമൂഹധാരണകളിലാണ് ഈ ചർച്ചകളുടെ തുടക്കം. ജാതി-മത-വംശ-വർഗ-ലിംഗ-രാഷ്ട്രീയാധിപത്യങ്ങളോടു കലഹിച്ച് സ്വന്തം വിമോചനത്തിന്റെ ചരിത്രപാഠങ്ങളെഴുതിയ കേരളീയ പൗരസമൂഹം കക്ഷിരാഷ്ട്രീയത്തിന്റെയും സമുദായസംഘടനകളുടെയും വർഗവൈരങ്ങളുടെയും വിപണിമുതലാളിത്തത്തിന്റെയും അധീശത്വത്തിനു കീഴിലമരുകയായിരുന്നു പിന്നീട്. ഈ ആദ്യകാല പൗരസമൂഹരാഷ്ട്രീയത്തിന്റെ ജനാധിപത്യപാരമ്പര്യം വീണ്ടെടുക്കുക എന്ന നിലയിലാണ് പുതിയ പൗരസമൂഹസമരങ്ങളെ ശ്രീകുമാർ വിലയിരുത്തുന്നത്. ഈയർഥത്തിൽ, മുൻപെഴുതിയ 'ചരിത്രവും ആധുനികതയും', 'ഉത്തരാധുനികതയ്ക്കപ്പുറം', 'സിവിൽസമൂഹവും ഇടതുപക്ഷവും', 'നവസാമൂഹികത: ശാസ്ത്രം, ചരിത്രം, രാഷ്ട്രീയം' തുടങ്ങിയ പുസ്തകങ്ങളുടെ തുടർച്ചയായി കാണാം 'വായനയും പ്രതിരോധവും' എന്ന ഈ പുസ്തകത്തെ.

രാഷ്ട്രീയസമൂഹങ്ങൾ മുന്നോട്ടുവയ്ക്കുന്ന പ്രാതിനിധ്യജനാധിപത്യത്തോടു വിയോജിച്ചുകൊണ്ട് പങ്കാളിത്ത ജനാധിപത്യം മുന്നോട്ടുവയ്ക്കുന്ന പൗരസമൂഹങ്ങളുടെ രാഷ്ട്രീയം ചരിത്രവൽക്കരിക്കുകയാണ് ശ്രീകുമാർ. മുഖ്യമായും ആറു വിഷയമേഖലകളെ നേരിട്ടു സ്പർശിക്കുന്നവയോ കേന്ദ്രസ്ഥാനത്തുനിർത്തി ചർച്ചചെയ്യുന്നവയോ ആണ് ഒന്നാം ഭാഗത്തെ പന്ത്രണ്ടു രചനകൾ.

(1) കേരളീയാധുനികതയുടെ സാമൂഹികചരിത്രം

(2) സമ്പദ്ഘടനയും വികസന രാഷ്ട്രീയവും

(3) കമ്യൂണിസ്റ്റ് സർവാധിപത്യത്തോടുള്ള വിമർശനം

(4) മത, ജാതി, സമുദായ രാഷ്ട്രീയത്തിന്റെ വഴിമാറ്റങ്ങൾ

(5) നവസാമൂഹിക-പൗരത്വ പ്രശ്‌നങ്ങളും പ്രക്ഷോഭങ്ങളും

(6) നവമാധ്യമസാങ്കേതികതയുടെ സാമൂഹികത

എന്നിവയാണ് ആ വിഷയമേഖലകൾ. വേറിട്ടും കൂടിക്കലർന്നും ഇവയിൽ പലതും മിക്ക ലേഖനങ്ങളിലും കടന്നുവരും. അടിസ്ഥാനപരമായി, കേരളത്തിൽ മുഖ്യധാരാ ഇടതുപക്ഷം കമ്പോള-ബഹുരാഷ്ട്ര മുതലാളിത്തത്തോടും ഭൂരിപക്ഷ വർഗീയതയോടും സന്ധിചെയ്തും നവ-പൗര സാമൂഹികപ്രസ്ഥാനങ്ങൾ ജനാധിപത്യരാഷ്ട്രീയത്തിന്റെ ഭാഗധേയം നിർണയിച്ചും തുടങ്ങിയ ആഗോളവൽക്കരണകാലത്തിന്റെ സാമൂഹ്യചരിത്രപാഠങ്ങളാണ് ഈ ലേഖനങ്ങൾ ഒന്നടങ്കം.

നവമാധ്യമങ്ങളും പൗരസാമൂഹികതയും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുന്നു, ആദ്യ രണ്ടുലേഖനങ്ങൾ. നവമാധ്യമ സാങ്കേതികതകൾ സൃഷ്ടിക്കുന്ന അനേകം അധിനിവേശങ്ങളിലൊന്നായ അധീക്ഷണ (surveillance)ത്തിന്റെ രാഷ്ട്രീയം ചർച്ചചെയ്യുന്നു, ആദ്യലേഖനം. പതിനെട്ടാം നൂറ്റാണ്ടിൽ ജറമി ബെൻതാം അവതരിപ്പിച്ച 'പാനപ്റ്റിക്കോൺ' എന്ന ഭരണകൂടസംജ്ഞക്ക് മിഷൽ ഫൂക്കോ നൽകിയ വ്യാഖ്യാനങ്ങളും ഇരുപതാം നൂറ്റാണ്ടിൽ ആ സംജ്ഞക്കു കൈവന്ന സ്വീകാര്യതയും മുൻനിർത്തി നടന്ന ചർച്ചകളിൽനിന്ന് ശ്രീകുമാർ മുന്നോട്ടുപോകുന്നു. ദെല്യൂസും ഗത്താരിയും അവതരിപ്പിച്ച Assemblage എന്ന പരികല്പന മുൻനിർത്തി അധീക്ഷണസംസ്‌കാരത്തിനു കൈവന്ന ദൃശ്യപരതയുടെയും പൗരസമ്മതിയുടെയും പുതിയ സാധ്യതകൾ വിശകലനം ചെയ്യുന്ന ഹാഗർട്ടിയുടെയും എറിക്‌സൺന്റെയും സമീപനം ശ്രീകുമാർ പരിചയപ്പെടുത്തുന്നു. തുടർന്ന് നവമാധ്യമരംഗത്തെ ആഗോളകുത്തകകളിലൊന്നായ ഗൂഗ്ൾ ഉൾപ്പെടെയുള്ളവ വികസിപ്പിച്ചെടുത്ത സങ്കേതങ്ങളാധാരമാക്കി മനുഷ്യശരീരത്തിന്റെ ജൈവരാഷ്ട്രീയപ്രയോഗത്തിൽ അധീക്ഷണത്തിനു കൈവന്ന നൈതികവൈരുധ്യങ്ങൾ ഈ ലേഖനം വിശകലനം ചെയ്യുന്നു.

നവമാധ്യമകാലത്തു സാധ്യമാകുന്ന കേരളീയ പൗരസമൂഹരൂപീകരണത്തിന്റെ അപഗ്രഥനമാണ് രണ്ടാം ലേഖനം. ബഹുസാംസ്‌കാരികതയിലൂന്നി ഉരുവംകൊള്ളുന്ന നവപൗരത്വങ്ങൾ, നവമാധ്യമങ്ങൾ വിമോചനസാധ്യതകളൊരുക്കുന്ന ന്യൂനപക്ഷരാഷ്ട്രീയങ്ങൾ തുടങ്ങിയവ പുനർനിർവചിക്കുന്ന ദേശീയ-പൗരത്വ ഭാവനകളെ ശ്രീകുമാർ ചൂണ്ടിക്കാണിക്കുന്നു.

'നിയമപരമായ ഒരു അംഗത്വമെന്ന നിലയ്ക്കല്ലാതെ പ്രതീകാത്മകമായ ഒരു സമൂഹസ്വത്വനിർമ്മിതിയായിട്ട് പൗരത്വത്തെ പുനർനിർവ്വചിക്കുന്നതിനെ ചരിത്രപരമായ ചില സന്ദർഭങ്ങളിലെ അനിവാര്യതയായി മനസ്സിലാക്കേണ്ടതുണ്ട്. നിയമാനുരൂപമായ പഴയ പൗരത്വസങ്കൽപങ്ങൾ ദേശനിർമ്മിതി, ദേശവത്കരണം, ദേശീയോദ്‌ഗ്രഥനം തുടങ്ങിയ ലിബറൽലക്ഷ്യങ്ങളുമായി പൊരുത്തപ്പെട്ടു കിടക്കുമ്പോൾ അതീവ സംഗതമായ (substantive) ഒരു പൗരത്വദർശനം ഉൾക്കൊള്ളുന്നത് തഴയപ്പെട്ട പൗരത്വാവകാശങ്ങളുടെ തിരിച്ചറിവും അതിലേക്ക് അടുക്കുന്ന സമുദായങ്ങളുടെ അനുഷാഠാനങ്ങളും കൂടെയാണ്. പൗരത്വം രാഷ്ട്രം നൽകുന്ന ഒന്നായിട്ട് മാത്രമല്ലാതെ നിർമ്മിതമായതും പഠിച്ചെടുക്കപ്പെട്ടതും, പലപ്പോഴും പിടിച്ചുവാങ്ങപ്പെട്ടതും സംരക്ഷിക്കപ്പെടേണ്ടതും ഒക്കെയായിട്ടാണ് ഇന്ന് മനസ്സിലാക്കപ്പെടുന്നത്'.

സാമ്പ്രദായിക ഇടതുപക്ഷം ഏകപക്ഷീയമായി നിരാകരിക്കുന്ന മാധ്യമസാങ്കേതികതയുടെ രാഷ്ട്രീയസാധ്യതകളെ ന്യൂനപക്ഷങ്ങൾ ഗുണാത്മകമായുപയോഗപ്പെടുത്തേണ്ടതിനെക്കുറിച്ചുള്ള ശ്രദ്ധേയമായ നിരീക്ഷണമാണ് ഈ ലേഖനം.

'ഈയടുത്തകാലം വരെയ്ക്കും കീഴാളരുടെ രാഷ്ട്രീയപ്രവർത്തനങ്ങൾ അവഗണിക്കപ്പെടുക മാത്രമല്ല രാഷ്ട്രീയമായി അംഗീകരിക്കപ്പെടുകപോലും ഇല്ലായിരുന്നു. റാലികളിലും തെരുവുയുദ്ധങ്ങളിലും ധർണ്ണകളിലും ഒക്കെ പ്രകടമാകുന്ന പ്രത്യക്ഷരാഷ്ട്രീയത്തെപ്പോലെയോ അതിലുപരിയോ ആയ സാമൂഹികപ്രാധാന്യം ഓൺലൈൻ പരിസരങ്ങളിൽ ഉണ്ടാകുന്ന ന്യൂനപക്ഷ കൂട്ടായ്മകൾക്കും ഐക്യദാർഢ്യങ്ങൾക്കും ഉണ്ട്. ഓൺലൈൻ നെറ്റ്‌വർക്ക് വിപുലമാകുന്നതോടെ രാഷ്ട്രാന്തര സിവിൽസമൂഹ/ആക്റ്റിവിസ്റ്റ് കൂട്ടായ്മകളിലൂടെ തദ്ദേശീയമായ പോരാട്ടങ്ങൾക്ക് ആഗോളസംരക്ഷണം ലഭിക്കുകയും ചെയ്യുന്നു. ഓൺലൈൻ ഇടങ്ങളിലൂടെ ന്യൂനപക്ഷ ആക്റ്റിവിസ്റ്റുകൾ ഇത്തരത്തിൽ സ്വന്തം രാഷ്ട്രീയപൗരത്വാതിർത്തികൾ വിപുലീകരിക്കുന്നുണ്ട് എന്നുമാത്രമല്ല വിനിമയോപാധി എന്ന നിലയ്ക്ക് ഇന്റർനെറ്റിന്റെ ഈ ന്യൂനപക്ഷോപയോഗം കഴിയുന്നതും വൈവിധ്യവൽകരിക്കുകയും ഇന്റർനെറ്റിലെതന്നെ ഉപഭോഗസംസ്‌കാരത്തെയും അധീശ ഉപയോഗങ്ങളെയും ഒക്കെ ചെറുത്തുനിൽക്കുന്നതിന് ഉപാധിയാവുകയും ചെയ്യുന്നുണ്ട്. സാങ്കേതികവിദ്യയുടെ കുത്തക കൈവശമുള്ളത് ഭൂരിപക്ഷവിഭാഗങ്ങൾക്കാണെന്നിരിക്കെ ഓൺലൈൻ ഉള്ളടക്കങ്ങളായി രേഖപ്പെടുത്തപ്പെടുകയും പുരാശേഖരങ്ങളായി ശൃംഖലകളിലൂടെ സംക്രമിക്കുകയും ചെയ്യുന്ന ന്യൂനപക്ഷാവിഷ്‌കാരങ്ങളുടെ രാഷ്ട്രീയപ്രസക്തി അനിഷേധ്യമാണ്. ഇതുകൊണ്ടുതന്നെ ഇന്റർനെറ്റിലെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു മുകളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ന്യൂനപക്ഷവിരുദ്ധവും കൂടിയാകുന്നു. സ്റ്റേറ്റുമായിട്ടുള്ള തങ്ങളുടെ സങ്കീർണ്ണമായ ബന്ധത്തിന്റെ ഏറ്റവും നൂതനമായ രംഗമായാണ് ഓൺലൈൻ നിയന്ത്രണത്തെ ന്യൂനപക്ഷരാഷ്ട്രീയം കാണേണ്ടത് എന്നാണ് തോന്നുന്നത്'.

നവപൗരസമൂഹങ്ങളുടെ ജനകീയസമരമുഖങ്ങളെ പ്രശ്‌നവൽക്കരിക്കുന്നു, തുടർന്നുള്ള മൂന്നു ലേഖനങ്ങൾ. 'നിർഭയ'പ്രക്ഷോഭങ്ങളുടെ വർഗസ്വരൂപത്തെ മുൻനിർത്തി ആൾക്കൂട്ടങ്ങളുടെ രാഷ്ട്രീയവും അരാഷ്ട്രീയവും വിമർശിക്കുകയാണ് ഒരു ലേഖനം. അരുന്ധതിറോയി ഉന്നയിച്ച വിമർശനത്തിന്റെ തുടർചർച്ചയും ഇതിലുണ്ട്. ഇതിൽനിന്നു ഭിന്നമാണ് ചുംബനസമരത്തിന്റെയും നിൽപ്പുസമരത്തിന്റെയും രാഷ്ട്രീയം എന്നു വിശദീകരിക്കുകയാണ് തുടർന്നുള്ള ലേഖനങ്ങളിൽ.

'മാറുമറയ്ക്കൽസമരം' എന്നു തെറ്റായി വിളിക്കപ്പെട്ട കൊളോണിയൽ സദാചാരവാദത്തിന്റെയും മറ്റും ചരിത്രത്തിൽ സംഭവിച്ച വലിയൊരു ഇടർച്ചയായി ചുംബനസമരത്തെ സാക്ഷ്യപ്പെടുത്തുന്നു ശ്രീകുമാർ. ഭരണകൂടത്തിന്റെയും ഭൂരിപക്ഷവർഗീയതയുടെയും മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെയുമൊക്കെ ജൈവരാഷ്ട്രീയങ്ങളിൽ ഒന്ന് പൗരജീവിതത്തിന്റെ സ്വകാര്യതകളിൽ നടത്തുന്ന അധിനിവേശമാണ്. അതിനെതിരെയുള്ള ചെറുത്തുനില്പുകളുടെ ഭാഗമായി കാണണം ചുംബനസമരത്തെ. ശ്രീകുമാർ എഴുതുന്നു:

'ചുംബനസമരവും ആർത്തവസമരവും സദാചാരപൊലീസിങ്ങിനും മറ്റും എതിരെയുള്ള സമരങ്ങളും സാമൂഹികമായ സ്വാതന്ത്ര്യപ്രയോഗത്തിന്റെ സാധ്യതകളെ ആദർശവൽക്കരിക്കുകയല്ല, മറിച്ചു പ്രശ്‌നവൽക്കരിക്കുക ആണ് ചെയ്യുന്നത്. ഇങ്ങനെ പ്രശ്‌നവൽക്കരിക്കുമ്പോൾ ഇതിനെ അമൂർത്തമായ ഏതോ ലൈംഗികവിമോചന പ്രതീക്ഷയുടെ പ്രയോഗമായി വിവക്ഷിക്കുന്നതും അങ്ങനെ മനസ്സിലാക്കുന്നതും ചരിത്രത്തിൽ ഈ സമരങ്ങളുടെ സ്ഥാനത്തെ തെറ്റായി അടയാളപ്പെടുത്തുവാൻ ഇടയാവുന്നു. അവയെ നൈതികവിരുദ്ധവും അപരത്വത്തെ നിഷേധിക്കുന്ന സർവാധിപത്യപരമായ ആക്രമണമായും വ്യാഖ്യാനിക്കാൻ ഇടയാക്കുന്നു. സാമൂഹികജീവിതത്തെ അസാധ്യമാക്കുന്ന, സാമൂഹികസംഘാടനത്തെ സമൂലം നിഷേധിക്കുന്ന സിനിക്കൽ യുക്തിയുടെ വകഭേദമായി വിലയിരുത്താൻ കാരണമാകുന്നു.

ചുംബനസമരം സമൂഹത്തെ ചുംബിക്കുന്നവരും അല്ലാത്തവരുമായി വേർതിരിക്കുകയായിരുന്നില്ല. മറിച്ചു, അത് മാറുന്ന സ്ഥലബോധത്തെ, തൃഷ്ണയുടെ സ്വാതന്ത്ര്യപ്രയോഗത്തെ, എങ്ങനെ അടയാളപ്പെടുത്താമെന്നു എല്ലാവരോടുമായി ചോദിക്കുകയാണ് ചെയ്തത്. ചുംബനസമരം കായികമായി നേരിടപ്പെടുന്നു എന്നത് പുതിയ രാഷ്ട്രീയത്തോടുള്ള ഭരണകൂടത്തിന്റെ ഭീതി വിളംബരം ചെയ്യുന്നതാണ്. സംവാദത്തെ കായികാക്രമണം ആയി കാണുന്ന ഫാസിസ്റ്റ്-സോഷ്യൽ ഫാസിസ്റ്റ് ശക്തികൾ കേരളത്തിൽ ചരിത്രപരമായി വളർന്നുവന്നിട്ടുള്ളതാണ്. അതിനെ നേരിട്ട് കൊണ്ടുമാത്രമേ ഏതു ജനാധിപത്യസംവാദവും മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ എന്നത് ദശാബ്ദങ്ങളായി ഇവിടെ നിലനിൽക്കുന്ന അവസ്ഥയാണ്. മാറി മാറി അധികാരത്തിൽ എത്തുന്നവർ അതിന്റെ ഗുണഭോക്താക്കളാണ്'.

ഈ പുസ്തകത്തിലെ ഏറ്റവും അക്കാദമിക്കായ രചനയാണ് 'നിൽപ്പുസമരവും ആദിവാസി ഭൂപ്രശ്‌നത്തിന്റെ ചരിത്രവും'. ഒരുപക്ഷെ കേരളീയപൗരസമൂഹചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പുകളിലൊന്നായി കാണാനാവുന്ന കീഴാള-ദലിത് മുന്നേറ്റങ്ങളുടെ സാമ്പത്തികവും ഭൂവുടമസ്ഥതാപരവുമായ രാഷ്ട്രീയങ്ങളുടെ അപഗ്രഥനം. ഇന്ത്യൻ/കേരളീയ പശ്ചാത്തലത്തിൽ ആദിവാസിഭൂമിയുമായി ബന്ധപ്പെട്ടുണ്ടായ നിയമനിർമ്മാണങ്ങളുടെ നിർലജ്ജമായ ലംഘനങ്ങളെയും അടിമത്തത്തിൽനിന്ന് ഉടമത്തത്തിലേക്ക് ഒരിക്കലും ആദിവാസികളെ നയിക്കുകയില്ല എന്നു ദൃഢനിശ്ചയം ചെയ്തിട്ടുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളെയും പ്രതിക്കൂട്ടിൽ നിർത്തി വിചാരണ ചെയ്യുന്നു, ശ്രീകുമാർ.

ജാതിരാഷ്ട്രീയം മതരാഷ്ട്രീയത്തിലേക്കു വഴിമാറിയ കേരളീയാധുനികതയുടെ ചില സന്ദിഗ്ദ്ധഘട്ടങ്ങളെ എസ്.എൻ.ഡി.പി, എൻ.എസ്.എസ്. എന്നീ സംഘടനകളുടെ നൈതികപ്രതിസന്ധികളുമായി ചേർത്തുവായിക്കുകയാണ് തുടർന്നുള്ള രണ്ടുലേഖനങ്ങൾ. ബ്രാഹ്മണവിരുദ്ധതയിൽ തുടങ്ങി ന്യൂനപക്ഷവിരുദ്ധതയിലെത്തിനിൽക്കുന്ന ഈ സംഘടനകളുടെ ചരിത്രപരമായ വൈരുധ്യം, ഹിന്ദുത്വവൽക്കരണത്തിലേക്കുള്ള കൂപ്പുകുത്തൽ എന്നിവയിലാണ് ശ്രീകുമാറിന്റെ ഊന്നൽ. 'നമുക്കുജാതിയില്ല, മതവുമില്ല' എന്ന നാരായണഗുരുവിന്റെ വിഖ്യാതമായ പ്രഖ്യാപനത്തെ നടുവേ മുറിച്ച് 'ജാതിയില്ലാ'സെമിനാറുകൾ മാത്രം നടത്തി മതത്തോട് സന്ധിചെയ്ത് ഫലത്തിൽ ഹിന്ദുത്വവാദത്തിനു വിടുപണിചെയ്യുന്ന ഇടതുപക്ഷപ്രചാരണത്തിന്റെ കാപട്യത്തിലേക്കുകൂടി വിരൽ ചൂണ്ടേണ്ടിയിരുന്നു, ഇവിടെ ശ്രീകുമാർ. ഗുരുവിനെ വിറ്റുതിന്നുന്നത് സമുദായസംഘടനകൾ മാത്രമല്ലല്ലോ.

നവ, പൗരസാമൂഹികപ്രസ്ഥാനങ്ങളോടും ആശയത്തോടുതന്നെയും സിപിഎമ്മിനുള്ള സമീപനങ്ങളുടെ രാഷ്ട്രീയം വിമർശനാത്മകമായി വിശദീകരിക്കുകയാണ് തുടർന്നുള്ള ലേഖനം. എന്തുകൊണ്ടാണ് കേരളത്തിലും ഇന്ത്യയിലൊട്ടാകെയും ദലിത്, ആദിവാസി, സ്ത്രീ, ന്യൂനപക്ഷപ്രശ്‌നങ്ങൾ ഏറ്റെടുക്കാനോ അഭിസംബോധന ചെയ്യാൻപോലുമോ സിപിഎമ്മിനു കഴിയാത്തത്? മധ്യവർഗത്തിൽനിന്ന് ഹിന്ദുത്വവാദത്തിലേക്കുണ്ടായ അധഃപതനം മാത്രമായി ഇടതുപക്ഷത്തിന്റെ ചരിത്രജീവിതം മാറിത്തീർന്നതെങ്ങനെയാണ്? ഉത്തരാധുനികത, നവസാമൂഹികപ്രസ്ഥാനങ്ങൾ, സ്വത്വരാഷ്ട്രീയം എന്നിവയോട് സി.പി.എം. പുലർത്തുന്ന എതിർപ്പുകളെ തുറന്നുകാണിച്ചുകൊണ്ട് ശ്രീകുമാർ കേരളസമൂഹസംവാദങ്ങളിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ നേരിടുന്ന അനർഥങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇരുപതാം പാർട്ടികോൺഗ്രസിലവതരിപ്പിച്ച പ്രത്യയശാസ്ത്രരേഖ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു:

'ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇന്നത്തെ നിലവച്ചുനോക്കുമ്പോൾ അവസാനത്തെ യാഥാസ്ഥിതിക കമ്യൂണിസ്റ്റ് പാർട്ടിയായി സിപിഐ.എം. മാറിയിരിക്കുകയാണ് എന്നുകാണാൻ കഴിയും. ഈ യാഥാർഥ്യത്തിന് അടിവരയിടുന്ന പാർട്ടിയിങ് (partying) ആയി പാർട്ടി കോൺഗ്രസ്സുകൾ മാറുകയാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിലും ഇന്ത്യയിലും ആഗോളീകരണത്തിന്റെ പാർശ്വവത്കരണത്തിനെതിരെ ശക്തമായ സമരങ്ങൾ ഉണ്ടാവുന്നുണ്ട്. സിപിഐ.എം. വിഭാവനം ചെയ്യുന്ന തൊഴിലാളി കർഷകഐക്യം എന്നതിനപ്പുറം, വിപുലമായ ഐക്യദാർഢ്യങ്ങളാണ്, ആഗോളമൂലധനവും വികസിത രാഷ്ട്രങ്ങളിലെ കർഷകജനവിഭാഗങ്ങളും തമ്മിലുണ്ടായിരിക്കുന്നത്. യൂറോ-അമേരിക്കൻ തൊഴിലാളിവർഗം ഇപ്പോൾ മൂന്നാം ലോകരാജ്യങ്ങളിലെ തൊഴിലാളിവർഗത്തിനും കർഷകർക്കും എതിരാണ്. അവിടത്തെ മൂലധന താൽപര്യങ്ങളാണ് അവരും ഉയർത്തിപ്പിടിക്കുന്നത്. മൂന്നാം ലോകരാജ്യങ്ങളിലെ ഭൂമിയടക്കമുള്ള വിഭവങ്ങൾ വെട്ടിപ്പിടിക്കാൻ യൂറോ-അമേരിക്കൻ മൂലധനവും ട്രേഡ് യൂണിയനുകളും കൈകോർക്കുമ്പോൾ അതിനെ സഹായിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ തള്ളിപ്പറയാൻ സിപിഐ.എം. തയ്യാറാവുന്നില്ല. ഇന്ത്യയിൽ അതിനെതിരെ രൂപംകൊള്ളുന്ന നവസാമൂഹിക പ്രസ്ഥാനങ്ങളുടെ സമരമുഖങ്ങളിൽ സിപിഐ.എമ്മിന്റെ ചില നേതാക്കൾ മുഖംകാണിക്കാറുണ്ടെങ്കിലും (ഉദാ: പ്ലാച്ചിമട, അച്യുതാനന്ദൻ).

നവസാമൂഹിക പ്രസ്ഥാനങ്ങളുടെ സമരങ്ങളെ തങ്ങളുടെ വർഗസമരസിദ്ധാന്തത്തിനുള്ള വെല്ലുവിളി മാത്രമായി കാണാനാണ് സി.പി.എം. ശ്രമിക്കുന്നത്. കാലഹരണപ്പെട്ട സൈദ്ധാന്തിക ശാഠ്യങ്ങൾ, അപ്രസക്തമായ പ്രത്യയശാസ്ത്ര വിഷാദങ്ങൾ, സന്ദിഗ്ധതകളും ആശയക്കുഴപ്പവും നിറഞ്ഞ നിരീക്ഷണങ്ങളും ഭാവിപരിപാടികളും എന്നിവ ഈ രേഖയുടെ മുഖമുദ്രകളാണ്.

സമകാല രാഷ്ട്രീയത്തിന് മുഖാമുഖം നിൽക്കാൻ സിപിഐ.എം. തയാറാവണമെങ്കിൽ ഈ രേഖ പൂർണമായും കൈയൊഴിയാൻ പാർട്ടി തയാറാവണം. പ്രത്യയശാസ്ത്രരേഖയിലെ ഈ വലിയ പാളിച്ചകൾ സിപിഐ.എം. എന്നെങ്കിലും ചർച്ചചെയ്യുമെന്നും തിരുത്തുമെന്നും നമുക്ക് പ്രതീക്ഷിക്കാം'.

കെ. കേളപ്പനെ കേരളീയ പൗരസമൂഹനിർമ്മിതിയുടെ വക്താവായി കാണുന്നു, മറ്റൊരു ലേഖനം.

ഇനിയുള്ള മൂന്നു ലേഖനങ്ങൾ പൊതുവിൽ കേരളത്തിന്റെ വികസനം, സംഘടിത കക്ഷിരാഷ്ട്രീയസഖ്യങ്ങൾ, ഹിന്ദുത്വരാഷ്ട്രീയം, ന്യൂനപക്ഷവിരുദ്ധത, മുതലാളിത്തവൽക്കരണം എന്നീ ഘടകങ്ങളോടു ചേർത്തുനിർത്തി 1990-കളിൽ രൂപംകൊണ്ട നവസാമൂഹികതയുടെ സാംസ്‌കാരിക രാഷ്ട്രീയം വിശകലനം ചെയ്യുന്നു.

വികസനാനന്തര(post developmental)കേരളത്തിൽ ജനാവലികൾ (multitudes) സൃഷ്ടിക്കുന്ന വർഗാതീതവും ഭൗതികേതരവുമായ പ്രതിരോധരാഷ്ട്രീയത്തെക്കുറിച്ചാണ് ആദ്യലേഖനം. പക്ഷെ ഈ യാഥാർഥ്യം ഇടതുവലതു രാഷ്ട്രീയസംഘടനകൾ ഇനിയും തിരിച്ചറിയുന്നില്ല. ശ്രീകുമാറിന്റെ വാക്കുകൾ:

'വികസനപൂർവ്വഘട്ടത്തിൽനിന്ന് വികസനാനന്തര ഘട്ടത്തിലേക്ക് കടക്കുന്ന ഒരു പ്രദേശത്തിന്റെ രാഷ്ട്രീയമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള തികഞ്ഞ അജ്ഞതയോ നിസ്സംഗതയോ ആണ് കേരളത്തിൽ ഇരുമുന്നണികളും വെച്ചുപുലർത്തുന്നത്. ഒരു വികസനാനന്തര സമൂഹത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് അതിന്റെ 'നിരന്തര സമരമുഖങ്ങളിലൂടെ വികസനം' എന്ന സങ്കൽപത്തിന്റെ ഉദാത്തവത്കരണത്തിനെതിരെ ശക്തമായി പ്രതികരിക്കും എന്നതാണ്. വികസനം എന്നത് ഒരു വരേണ്യ പ്രത്യയശാസ്ത്രമാണെന്നും അതിന്റെ സ്വാതന്ത്ര്യവിരുദ്ധമായ ഉള്ളടക്കം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും വിശ്വസിക്കുന്ന സമരസംഘങ്ങൾ വികസനനാന്തര സമൂഹങ്ങളിൽ എപ്പോഴും ശക്തമാവുന്നു. വികസനത്തെക്കുറിച്ചുള്ള വരേണ്യസങ്കൽപത്തിനു പിന്നിലെ സമഗ്രവത്കരണ സമീപനത്തെ തുറന്നെതിർക്കുകയാണ് ഈ സമരസംഘങ്ങൾ ചെയ്യുന്നത്. ജനസമൂഹങ്ങളുടെ നൈതിക ഭൗതിക പുരോഗതിക്ക് എതിരായല്ല ഇത്തരം സമരങ്ങൾ ഉണ്ടാവുന്നത്. ഭൗതികപുരോഗതിയെ മാനദണ്ഡമാക്കിമാത്രം സാമൂഹിക വികസനത്തെ വിലയിരുത്താൻ ശ്രമിക്കുന്ന സമീപനത്തെയാണ് വികസനനാന്തരസമൂഹം ചോദ്യം ചെയ്യുന്നത്. 'വികസനവും പുരോഗതിയും' സ്വന്തം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വ്യാഖ്യാനിക്കുന്ന മുതലാളിത്ത യുക്തിയോടാണ് ഈ പ്രസ്ഥാനങ്ങൾ കലഹിക്കുന്നത്. മുതലാളിത്തത്തിന്റെ ആവിർഭാവഘട്ടത്തിൽ, സിവിൽസമൂഹം പിറവിയെടുത്ത സന്ദർഭത്തിൽതന്നെ 'ഉൾപ്പെടുത്ത'ലിന്റെയും 'പുറന്തള്ള'ലിന്റെയും വൈരുധ്യങ്ങൾ പ്രത്യക്ഷപ്പെട്ടതാണ്. ആദ്യകാലത്ത് കേരളമാതൃകയുമായി ബന്ധപ്പെട്ട ചർച്ചകളിൽ, കേരളത്തിലെ കീഴാളവിഭാഗങ്ങൾ വികസനത്തിൽ 'ഉൾപ്പെടാതെ' പോയതിനെക്കുറിച്ചും പുറന്തള്ളപ്പെട്ടതിനെക്കുറിച്ചുമുള്ള ചർച്ചകൾ ഉണ്ടായത് നേരത്തേ സൂചിപ്പിച്ചത് ഈ പശ്ചാത്തലത്തിലാണ്'.

1990-കളിൽ രൂപംകൊണ്ട നവസാമൂഹ്യപ്രസ്ഥാനങ്ങളുടെ രാഷ്ട്രീയം കമ്യൂണിസത്തോടും അധീശദേശീയതയോടും ഹിന്ദുത്വവർഗീയതയോടും ഒരേസമയം യുദ്ധം ചെയ്തു രൂപംകൊണ്ടിട്ടുള്ളതാണ്. കീഴാള, സ്ത്രീ, പാരിസ്ഥിതിക രാഷ്ട്രീയങ്ങൾക്കൊപ്പം ഇതേകാലത്ത് ആഗോളതലത്തിൽതന്നെ വർധിതമായ, എന്നാൽ തികച്ചും സ്ത്രീവിരുദ്ധവും മതസങ്കുചിതവുമായ ഇസ്ലാമികവാദത്തെയും ന്യൂനപക്ഷ രാഷ്ട്രീയമെന്ന പേരിൽ ന്യായീകരിക്കേണ്ടിവരുന്നു എന്നതാണ് ശ്രീകുമാറിന്റെയും മറ്റും നിലപാടുകളെ പ്രശ്‌നഭരിതമാക്കുന്ന പ്രധാന ഘടകം. ഭൂപരിഷ്‌ക്കരണം മുതൽ സാമ്പത്തികാസൂത്രണവും വർഗീയതയും വരെയുള്ളവയിൽ ഇടതുപക്ഷം പുലർത്തിയ രാഷ്ട്രീയകാപട്യങ്ങളെ തുറന്നുകാണിച്ചുകൊണ്ട്, ഇടതുപക്ഷമല്ല, ജനാധിപത്യചേരിയാണ് കേരളത്തിൽ കുറെയെങ്കിലും ന്യൂനപക്ഷാഭിമുഖ്യവും രാഷ്ട്രീയസദാചാരവും പുലർത്തിയിട്ടുള്ളത് എന്നു തുറന്നുപറയാൻ ശ്രീകുമാറിനു മടിയില്ല.

ഇന്ത്യൻ സിനിമയിലെ ജാതിവിചാരങ്ങളുടെയും കേരളത്തിലെ ദലിത് സ്വത്വരാഷ്ട്രീയവും പ്രയോഗരൂപങ്ങളും 1990-കളിൽ നേടിയ കുതിപ്പുകളുടെയും പശ്ചാത്തലത്തിൽ ജയൻ ചെറിയാന്റെ 'പാപ്പിലിയോ ബുദ്ധ'യെയും അതിനോട് ഭരണകൂടം പുലർത്തിയ നിഷേധാത്മക നിലപാടുകളെയും വിശകലനം ചെയ്യുന്നു, മറ്റൊരു ലേഖനം.

ഏറെക്കുറെ ഇതേ രാഷ്ട്രീയനിലപാടുകളിലും സാമൂഹ്യബോധങ്ങളിലും ചരിത്രധാരണകളിലും നിലയുറപ്പിച്ചുനിന്ന് സാംസ്‌കാരികപാഠങ്ങളെന്ന നിലയിൽ മൂന്നു മലയാളനോവലുകളുടെ 'പൗരത്വ' വിശകലനം നടത്തുകയാണ് രണ്ടാം ഭാഗത്ത്. ആരാച്ചാർ, മനുഷ്യന് ഒരു ആമുഖം, ജീവിതത്തിന്റെ പുസ്തകം എന്നീ നോവലുകൾ.

ചരിത്രത്തിൽ സ്ത്രീയിൽനിന്നു കവർന്നെടുക്കപ്പെട്ട പൗരത്വത്തിന്റെ തിരിച്ചുപിടിക്കലായി മീരയുടെ നോവലിനെ വായിച്ചെടുക്കുന്ന ശ്രീകുമാർ, ജാതി, ദേശം എന്നിവയുടെ ചരിത്രത്തെ കൂട്ടിവായിക്കുന്നു, സുഭാഷ്ചന്ദ്രന്റെ രചനയിൽ. നോക്കുക:

'ഭരണകൂടവും സിവിൽസമൂഹവും തമ്മിൽ ജനാധിപത്യ ബഹുസ്വര രാഷ്ട്രങ്ങളിൽ രൂപംകൊള്ളുന്ന സംഘർഷത്തെയും വൈരുധ്യങ്ങളെയും സ്ത്രീവാദത്തിന്റെകൂടി കാഴ്ചപ്പാടിൽനിന്നുകൊണ്ട് ചരിത്രവത്കരിക്കുക എന്ന ശ്രമകരമായ യത്‌നത്തിൽ മീര വിജയിക്കുന്നുണ്ട്'.

'ഈ നോവൽ (മനുഷ്യന് ഒരു ആമുഖം) നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു രാഷ്ട്രീയ യാഥാർത്ഥ്യം ചിന്തയെ ആഴത്തിൽ പൊള്ളിക്കുന്നതാണ്. താൻ തകർക്കാൻ ശ്രമിക്കുന്ന വ്യവസ്ഥയുടെ യാഥാസ്ഥിതികത്വത്തെ, നൈതികബോധത്തെ ആന്തരവൽക്കരിക്കുകയും, എന്നാൽ ഈ പരിമിതിയെക്കുറിച്ച് അറിയാതിരിക്കുകയും ചെയ്യുന്ന വിപ്ലവകാരിയാണ് വിപ്ലവത്തിന്റെ ഏറ്റവും വലിയ ശത്രു എന്നതാണ്. കേരളത്തെ മാറ്റാൻ ശ്രമിക്കുന്ന മലയാളി ഇത്തരത്തിൽ പഴയ വ്യവസ്ഥയുടെ രാഷ്ട്രീയത്തടവുകാരനോ തടവുകാരിയോ ആയിരിക്കുന്നു. ഗുരുവിന്റെയും അയ്യങ്കാളിയുടെയും ഒക്കെ കാലത്തെപ്പോലെ ജാതിയെ നേരിടാനുള്ള ഉൾക്കരുത്തില്ലാതെ രാഷ്ട്രീയം ഉൾവലിയുന്നു. എല്ലാ പാർട്ടികളും സവർണ്ണരാഷ്ട്രീയത്തെ പിൻപറ്റുന്നു. ഇത് കേരളത്തിന്റെ സാംസ്‌കാരിക നിശ്ചലതക്ക് സാന്ദ്രത കൂട്ടുന്നു. ഇങ്ങനെ ചരിത്രം നിലച്ചുപോകരുതേ എന്നൊരു വേദനയിലേക്ക് ഉണർത്തുന്നുണ്ട് ഈ നോവൽ. നമ്മുടെ സിവിൽസമൂഹം അതിന്റെ എല്ലാ രാഷ്ട്രീയവിവേകത്തിനും അപ്പുറം ആന്തരികമായി വിഘടിക്കുകയും ശിഥിലീകരിക്കപ്പെടുകയും ചെയ്യുന്നു എന്ന ഏറ്റവും ചരിത്രസംഗതമായ കമ്യൂണിറ്റെറിയൻ ആശങ്കയാണ് ഈ നോവൽ പങ്കുവയ്ക്കുന്നത്'.

ഹെറ്റരോട്ടോപ്പിയ എന്ന ഫൂക്കോൾഡിയൻ സ്ഥലരൂപകം മുൻനിർത്തി ജീവിതത്തിന്റെ പുസ്തകം വായിക്കുന്നു, മൂന്നാം ലേഖനം.

'ഇടതുപക്ഷബുദ്ധിജീവിതം' എന്ന മൂന്നാംഭാഗത്തുള്ളത് മൂന്നു രചനകളാണ്. ആദ്യരചന പി. ഗോവിന്ദപ്പിള്ളയെക്കുറിച്ചാണ്. കേരളത്തിൽ സിപിഎമ്മിന്റെ യാന്ത്രികമായ സംഘടനാചട്ടക്കൂടിനുള്ളിൽ ചോരപൊടിയുംവരെ ചിറകിട്ടടിച്ച സാഹസിക കമ്യൂണിസ്റ്റായിരുന്നു, പി.ജി. ശേഷക്രിയ, മുഖാമുഖം തുടങ്ങിയവ മുൻനിർത്തിയെഴുതിയ വിമർശനങ്ങൾ മുതൽ സനൂസിയോടും ഇ.എം.എസിനോടും നടത്തിയ കലഹങ്ങൾ വരെയുള്ളവ പി.ജി.യുടെ ബൗദ്ധികജീവിതത്തെ അടിമത്തത്തിനും സ്വാതന്ത്ര്യത്തിനുമിടയിലെ ഊഞ്ഞാലാട്ടമാക്കി മാറ്റിയ കഥ ശ്രീകുമാർ പറയുന്നു:

'ഗോവിന്ദപ്പിള്ളയുടെ അച്ചടക്കലംഘനങ്ങൾ പാർട്ടിയിൽ അകപ്പെട്ടുപോയ, അല്ലെങ്കിൽ പാർട്ടി നൽകുന്ന സ്ഥാനമാനങ്ങൽക്ക് വേണ്ടി അടിമത്തം സഹിക്കാൻ തയ്യാറാവുന്ന, അതുമല്ലെങ്കിൽ പൊള്ളയായ വാക്കുകൾക്ക് കിട്ടുന്ന അണികളുടെ മാത്രം കയ്യടികൾക്ക് ദാഹിക്കുന്ന, ഒരു അരാജക ബുദ്ധിജീവിയുടെ പാർട്ടിയോടുള്ള പൊറുതിമുട്ടലുകളായിരുന്നില്ല. അവയിൽ പലതും പാർട്ടിയുടെ തെറ്റുകൾ തിരുത്തിക്കാൻ ആഗ്രഹിച്ച ഒരാളുടെ ആത്മബലികൾ ആയിരുന്നു'.

വർഗസമരസിദ്ധാന്തത്തെ മറികടന്ന് മാർക്‌സിസത്തെ വ്യാഖ്യാനിക്കുന്നതിൽ സിസെക് പ്രകടിപ്പിക്കുന്ന ആർജ്ജവം നവസാമൂഹികപ്രസ്ഥാനങ്ങൾക്കു നൽകുന്ന ഊർജ്ജമാണ് അടുത്ത ലേഖനത്തിന്റെ വിഷയം. 'സ്വതന്ത്രചിന്തയുടെ ആകാംക്ഷകളുടെയും അനുസരണയുടെ അസ്വതന്ത്രതയുടെയും വിഷമകരമായ വൈരുദ്ധ്യത്തിലാണ് ഇടതുപക്ഷബുദ്ധിജീവി സ്വയം പ്രതിഷ്ഠിക്കുന്നത്. പുതിയ വിമോചനരാഷ്ട്രീയം ഏകവർഗ്ഗത്തിന്റെ വിപ്ലവബോധത്തിൽ നിന്നല്ല, വിവിധ സാമൂഹിക വിഭാഗങ്ങളുടെ സ്‌ഫോടനാത്മകമായ സംഭാവനകളിൽ നിന്നാണ് രൂപം കൊള്ളുക എന്ന സിസേകിന്റെ നിരീക്ഷണം ഇടതുബുദ്ധിജീവികളുടെ രാഷ്ട്രീയസന്നിഗ്ദ്ധതകളെ പെരുപ്പിക്കുകയേ ഉള്ളൂ'. അതുകൊണ്ടുതന്നെ സിസെകിന്റെ നവകമ്യൂണിസ്റ്റ് ആശയാവലികൾ കേരളീയ മുഖ്യധാരാ ഇടതുപക്ഷത്തിനു മനസ്സിലാവില്ലെന്നും ശ്രീകുമാറിനറിയാം.

'ഇടതുപക്ഷത്തിനകത്തും പുറത്തും പുതിയ രാഷ്ട്രീയത്തെക്കുറിച്ച് അവ്യക്തതകളുണ്ട്. എന്നാൽ സ്വന്തം പേനയിലെ ഒരു തുള്ളി മഷിപോലും നവസാമൂഹികപ്രസ്ഥാനങ്ങളുടെ രാഷ്ട്രീയത്തിനുവേണ്ടി നീക്കിവെച്ചിട്ടില്ലാത്ത ഇടതുപക്ഷ വിപ്ലവബുദ്ധിജീവികൾക്ക് സാർത്രിനും ഫൂക്കോക്കും ഡെല്യൂസിനും ശേഷം ഘോഷിക്കാനുള്ള ഒരു ഗുരുവായൂർ കേശവനായി സിസേക് മാറുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സിസേകിനെ പഴയ മാർക്‌സിസത്തെ നവീകരിക്കാനുള്ള മറ്റൊരു സൗന്ദര്യ സംവർദ്ധകനായി ആദരിക്കാൻ ശ്രമിക്കുന്നതിൽ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. വ്യക്തികളെ കേന്ദ്രീകരിച്ച് കൾട്ടുകളുണ്ടാക്കുന്നത്, ജനാധിപത്യരാഷ്ട്രീയത്തിന് സ്വീകരിക്കാവുന്ന രാഷ്ട്രീയപ്രവർത്തനമല്ല. കേരളത്തിലെ ലൈംഗിക/മതന്യൂനപക്ഷങ്ങൾക്ക് പ്രത്യയശാസ്ത്രപരമായും സാമ്പത്തികമായും ഇടതുപക്ഷരാഷ്ട്രീയം നിരായുധീകരിച്ച ദലിത്/കർഷകത്തൊഴിലാളി വിഭാഗങ്ങൾക്ക്, സ്ത്രീകൾക്ക്, പ്ലാച്ചിമടയിലെ, ചെങ്ങറയിലെ, മൂലമ്പള്ളിയിലെ ഹതാശരായ ജനവിഭാഗങ്ങൾക്ക് സ്വന്തം രാഷ്ട്രീയത്തിന്റെ ഭാഷയിലേക്ക് സ്വാംശീകരിക്കാൻ കഴിയുന്ന ഒരു സിസേകിന് തീർച്ചയായും കേരളത്തിൽ സ്ഥാനമുണ്ട്'.

മറ്റൊരു മാർക്‌സിസ്റ്റ് ചിന്തകനായ എറിക് ഹോബ്‌സാമിനെക്കുറിച്ചാണ് അവസാനലേഖനം. സ്റ്റാലിനിസത്തിന്റെ ആന്തരവൈരുധ്യങ്ങളിൽ നിന്ന് മൂന്നാംലോക കമ്യൂണിസം ആർജ്ജിച്ചത് പ്രത്യയശാസ്ത്ര ദൗർബ്ബല്യങ്ങൾ മാത്രമാണെന്നു തുറന്നുകാണിക്കുന്ന ഹോബ്‌സാമിന്റെ തിരിച്ചറിവുകൾക്ക് ഇന്നു പ്രസക്തി ഏറെയാണെന്നു ചൂണ്ടിക്കാണിക്കുന്ന ലേഖനം. ശ്രീകുമാർ എഴുതുന്നു:

.'സാമ്പ്രദായികമായ അർഥത്തിലുള്ള സോഷ്യലിസ്റ്റ് വിപ്ലവം കാലക്രമത്തിൽ ഉപേക്ഷിച്ചതല്ല, ഇന്ത്യയിലെയും മറ്രും യാഥാസ്ഥിതിക ഇടതുപക്ഷ നേതൃത്വം. ഈ പാർട്ടികൾ രൂപംകൊള്ളുന്നതും ശക്തിപ്പെടുന്നതും വിപ്ലവവിമുഖമായ ഒരു ആഗോള പ്രത്യയശാസ്ത്ര സമീപനത്തിനുള്ളിലാണ്. കമ്യൂണിസ്റ്റ് പാർട്ടികളിലെ നിയോ ലിബറൽ വലതുപക്ഷ രാഷ്ട്രീയത്തെ ചെറുക്കുന്നതിന് സഹായകമായ ഒരു നിരീക്ഷണം ഹോബ്‌സ്ബാം നടത്തുന്നത് യാഥാസ്ഥിതിക ഇടതുപക്ഷത്തിന്റെ പുതിയ രാഷ്ട്രീയത്തെ മനസ്സിലാക്കാൻ സഹായകമാണ്'.

സമീപകാല കേരളീയചിന്തയിൽ അസാധാരണമാംവിധം പ്രസക്തി നേടിയെടുത്ത നവ, പൗരസമൂഹരാഷ്ട്രീയത്തിന്റെ ഇടപെടൽമേഖലകൾ പലതും ചരിത്രവൽക്കരിച്ചും പ്രശ്‌നവൽക്കരിച്ചും ശ്രീകുമാർ മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകളുടെ പാഠമാതൃകകളെന്ന നിലയിൽ 'വായനയും പ്രതിരോധവും' മലയാളിയുടെ ജൈവബുദ്ധിജീവിതത്തിന്റെ സമകാല മാർഗരേഖകൾ കൂടിയായി മാറുന്നു.

പുസ്തകത്തിൽനിന്ന്

'നവസാമൂഹിക പ്രസ്ഥാനങ്ങൾ കാഴ്ചപ്പാടിലും സംഘടനശേഷിയിലും കുതിച്ചുചാട്ടങ്ങൾ നടത്തിയ ദശകം കൂടി ആയിരുന്നു തൊണ്ണൂറുകൾ എന്ന് പറയാം. സ്ത്രീവാദസമരങ്ങളും ദളിത്-ആദിവാസി മനുഷ്യാവകാശ സമരങ്ങളും ലൈംഗിക തൊഴിലാളികളുടെയും വ്യത്യസ്ത ലൈംഗിക അഭിരുചികൾ പുലർത്തുന്നവരുടെയും പൗരത്വസമരങ്ങളും കേരളത്തിൽ ശക്തമായി. അതിന്റെ രാഷ്ട്രീയ-സൈദ്ധാന്തിക സമീപനങ്ങൾ വ്യാപകമായി ചർച്ചചെയ്യപ്പെട്ടു. പുതിയ മുന്നേറ്റങ്ങൾ രൂപംകൊണ്ടു. ആത്യന്തികമായി നോക്കിയാൽ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകം മുതൽ ഇന്നുവരെയുള്ള കേരളരാഷ്ട്രീയത്തിന്റെ ദിശാഗതിയെ നിയന്ത്രിച്ച ചില അടിസ്ഥാന ധ്രുവീകരണങ്ങൾ സംഭവിച്ചത് തൊണ്ണൂറുകളിൽ ആയിരുന്നു എന്ന് കാണാം. ഇതാവട്ടെ കേവലം കേരളത്തിലെ രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങളിൽ മാത്രം ഒരുങ്ങിനിന്നവയല്ല. ആഗോളതലത്തിലെ പ്രത്യയശാസ്ത്ര-രാഷ്ട്രീയ-സാമ്പത്തിക മാറ്റങ്ങൾ നിർണ്ണായക സ്വാധീനം ചെലുത്തിയ പ്രക്രിയ ആയിരുന്നു അത്.

തൊണ്ണൂറുകൾ പഠിപ്പിച്ച നവസാമൂഹിക പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളവ ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ജനാധിപത്യപാരമ്പര്യം എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം എന്നതിനെ സംബന്ധിച്ച വലിയ കാഴ്ചപ്പാടുകൾ ദശകത്തിലെ സമരങ്ങൾ നൽകിയ അനുഭവങ്ങളിൽ ഉണ്ടായിരുന്നു. മുതലാളിത്തത്തിന്റെ അപ്രമാദിത്വം അംഗീകരിക്കാത്തവർ, എന്നാൽ കമ്യൂണിസ്റ്റ് യൂറ്റൊപ്പിയയുടെ അമിതമായ വാഗ്ദാനങ്ങൾ സ്വീകരിക്കാത്തവർ, സമൂഹത്തിന്റെ കൂടുതൽ ജനാധിപത്യവൽക്കരണത്തിനും, സാമ്രാജ്യാധിപത്യത്തിനും എതിരെ ഏതു വഴിയാണ് തേടേണ്ടത് എന്നതിനെക്കുറിച്ചുള്ള ചില ഉൾക്കാഴ്ചകൾ നൽകാൻ പര്യാപ്തമായ അനുഭവങ്ങൾ ആയിരുന്നു തൊണ്ണൂറുകളിലെ സമരങ്ങളുടെ നീക്കിബാക്കി. ഏജൻസിയെ കുറിച്ചുള്ള മാർക്‌സിസ്റ്റ് ധാരണയിൽ നിന്നു സൈദ്ധാന്തികമായി ഏറെ ദൂരം സിവിൽസമൂഹം മുന്നേറിയിരുന്നു എങ്കിലും സമരങ്ങളിലൂടെ രൂപം കൊണ്ട പുതിയ മഴവിൽ മുന്നണി നൽകിയ അറിവുകൾ ആവേശകരങ്ങൾ ആയിരുന്നു.

ഇന്ന് ഒരുവശത്ത് ജനാധിപത്യപരമായ അവകാശങ്ങൾക്ക് വേണ്ടിയുള്ള ദീർഘകാല സമരങ്ങൾ വിജയം കണ്ടുതുടങ്ങുമ്പോൾ തന്നെ ദേശരക്ഷയുടെയും ഭീകരവാദത്തിന്റെയും ഒക്കെ പേരുപറഞ്ഞു പൗരത്വാവകാശങ്ങൾ തടയാനുള്ള പ്രവണതയും ശക്തമായിട്ടുണ്ട്. കേരളസമൂഹത്തിലെ പൊതുമണ്ഡലത്തിന്റെ വികാസത്തിനും ജനാധിപത്യത്തിന്റെ വളർച്ചയ്ക്കും കാരണമായ സമരങ്ങൾ പഴയ സാമൂഹികപ്രസ്ഥാനങ്ങളാണ് മുന്നോട്ടു കൊണ്ടുപോയത്. ആ പാരമ്പര്യം നിലനിർത്തുക എന്നത് കേരളസമൂഹത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. അതിനു കഴിയുന്ന ഒരു രാഷ്ട്രീയശക്തിയായി നവസാമൂഹിക പ്രസ്ഥാനങ്ങൾ ഇന്ന് മാറിയിട്ടുണ്ട്. തൊണ്ണൂറുകളിൽ അസാധ്യമായി തോന്നിച്ചിരുന്ന ചുംബനസമരവും നിൽപ്പുസമരവും ഇരിപ്പ്‌സമരവുമെല്ലാം ഇന്ന് വിജയിപ്പിക്കാൻ പ്രാപ്തിയുള്ള ഒരു നവസാമൂഹികരാഷ്ട്രീയം കേരളത്തിൽ ഉണ്ട്. ഇരുമുന്നണികളുടെയും പിന്തിരിപ്പൻ-പ്രതിലോമ രാഷ്ട്രീയത്തെ ചെറുക്കാനുള്ള ഉള്ളുറപ്പ് അവർ നേടിക്കഴിഞ്ഞു. ആ വഴിയിലൂടെ ഇനിയും ഏറെ മുന്നോട്ടുപോകാൻ ഉണ്ട് എന്ന തിരിച്ചറിവ് ഈ നവരാഷ്ട്രീയധാരയെ കൂടുതൽ സജീവമാക്കുന്ന പ്രധാന ഘടകമാണ്'.

വായനയും പ്രതിരോധവും
ടി.ടി. ശ്രീകുമാർ
ഒലിവ് ബുക്‌സ്
2017, വില: 190 രൂപ 

ഷാജി ജേക്കബ്‌    
കേരള സര്‍വകലാശാലയില്‍ ഗവേഷകവിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില്‍ തുടര്‍ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്‌കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്‍ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില്‍ ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള്‍ പുറത്തുവന്നിട്ടുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടർ എത്തിയാൽ വീടുതകരുമെന്ന് ഭയം; ചെങ്ങന്നൂർ ശ്രീ അയ്യപ്പ കോളേജ് ഹോസ്റ്റലിൽ കുടുങ്ങിയ പെൺകുട്ടികൾക്ക് നേരേ ഒരുകൂട്ടം സ്ത്രീകളുടെ ആക്രമണം; പ്രളയദുരന്തത്തിനിടെയുണ്ടായ സംഭവത്തിൽ ലജ്ജിച്ച് തലതാഴ്‌ത്തി നാട്ടുകാർ; സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി വ്യോമസേന; കർശന നടപടിയെന്ന് മുഖ്യമന്ത്രി
'ഒരു കുപ്പി വെള്ളം നൽകണേ'.....സഹായവുമായി ബോട്ടുകൾ എത്തുമ്പോൾ നാനാഭാഗത്തു നിന്നും കേട്ടത് ഈ നിലവിളി; കുട്ടികളുൾപ്പടെ പട്ടിണിയിലായി നിരവധി പേർ; രക്ഷാ ദൗത്യത്തിന് സന്നദ്ധരായി മത്സ്യത്തൊഴിലാളികളെത്തുമ്പോൾ അകറ്റി നിർത്തുന്നവർ അതിലുമേറെ; മഹാപ്രളയത്തിൽ രക്ഷപ്പെട്ടവർ അരലക്ഷത്തിലേറെ; ഒറ്റപ്പെട്ടവരുടെ കൃത്യമായ എണ്ണവും കണ്ടെത്താനായിട്ടില്ല; പ്രളയം മുക്കിയ ചെങ്ങന്നൂരിൽ നിന്ന് മറുനാടൻ ലേഖകൻ കണ്ട കാഴ്ചകൾ ഇങ്ങനെ
പ്രളയദുരിതാശ്വാസത്തിൽ കൈയ്‌മെയ് മറന്ന് പരിശ്രമിക്കുന്നത് കടലിന്റെ മക്കൾ തന്നെ; മത്സ്യത്തൊഴിലാളികൾ രക്ഷാദൗത്യത്തിന് ഇറങ്ങിയില്ലായിരുന്നെങ്കിൽ മരണസംഖ്യ ഇനിയും ഏറിയേനെയെന്ന് തുറന്നുസമ്മതിച്ച് അധികൃതർ; ദുരന്തമുഖമായ ചെങ്ങന്നൂരിൽ ഒറ്റപ്പെട്ടയിടങ്ങൾ ഇനിയുമേറെ; ഞായറാഴ്ചയോടെ എല്ലായിടത്തും എത്താൻ കഴിയുമെന്ന് പ്രതീക്ഷ; രണ്ടുദിവസത്തിനുള്ളിൽ 22 പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ; മേഖലയിൽ നിന്ന് ശനിയാഴ്ച രക്ഷിച്ചത് 7500 ഓളം പേരെ
പുറത്താക്കൂ പിണറായീ.... പ്രളയത്തിനിടെ സുഖിക്കാൻ ജർമ്മനിക്ക് പോയ ഈ മന്ത്രിയെ; ഒപ്പം കൂടിയ ഇ ടി മുഹമ്മദ് ബഷീറിന്റെ എംപി സ്ഥാനം ലീഗ് തിരിച്ചെടുക്കണം; റോമാ നഗരം കത്തിയെരുയുമ്പോൾ വീണവായിച്ച ചക്രവർത്തിമാരുടെ കേരള പതിപ്പ് ഇനി ആവർത്തിച്ചുകൂടാ; ജനങ്ങൾ പട്ടണികിടന്നും വെള്ളംകിട്ടാതെയും മരിക്കുമ്പോൾ സുഖവാസത്തിന് പോയവരെ ഒറ്റപ്പെടുത്തുക
ഈ ദുരന്തത്തിൽ നിന്നും കേരളം പൂർണ്ണമായും തിരിച്ചുവരാൻ ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും എടുക്കും; ഈ ലോക മാധ്യമ ശ്രദ്ധ ഒക്കെ ഒരാഴ്ചയേ കാണൂ; ദുരന്തത്തിൽ അകപ്പെട്ടവർക്ക് ഇതൊരു ജീവിതകാല വെല്ലുവിളിയാണ്; കഴിഞ്ഞ ഒരാഴ്‌ച്ചയായി എന്റെ കണ്ണും മനസ്സും കേരളത്തിൽ തന്നെയാണ്; ടിക്കറ്റ് കിട്ടിയാൽ ഉടൻ 'ഫുൾ ഫിഗറും' കേരളത്തിൽ ഉണ്ടാകും; മുരളി തുമ്മാരുകുടി എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുന്നവരോട്
ചെങ്ങന്നൂരിലെ ആശങ്ക മാറിയിട്ടുണ്ട്, സൈന്യം മാത്രമായി ഒരു ദുരിതാശ്വാസ പ്രവർത്തനവും ഒരിടത്തും നടത്തിയിട്ടില്ല; സിവിൽ ഭരണകൂടവുമായി ചേർന്നാണ് ഇത്തരം ദൗത്യങ്ങൾ പൂർത്തീകരിച്ചത്; രക്ഷാ ദൗത്യത്തിന് എല്ലാവരും ഒരുമിച്ച് നിൽക്കണം; രക്ഷാപ്രവർത്തനം ലക്ഷ്യത്തോട് അടുക്കുന്നു; കേന്ദ്രസേന നല്ലരീതിയിൽ സഹായിച്ചു; ജനങ്ങളെ പരിഭ്രാന്തരാക്കുന്നത് ആരായാലും അംഗീകരിക്കാൻ സാധിക്കില്ല; ഭക്ഷ്യക്ഷാമം ഉണ്ടെന്നത് തെറ്റായ പ്രചരണം: പ്രളയരക്ഷാദൗത്യത്തിൽ വീഴ്‌ച്ചയെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി
മരണം മുന്നിൽ കണ്ട് നാല് ദിവസമായി ഒറ്റപ്പെട്ട് കഴിയുന്നവർ പോലും രക്ഷാ ഹെലികോപ്ടറുകളിൽ കയറുന്നില്ല; 70 പേരെ ഉൾക്കൊള്ളാവുന്ന ഹെലികോപ്ടറിൽ കയറിയത് മൂന്ന് പേർ മാത്രം; വെള്ളം കുറഞ്ഞപ്പോൾ കാഴ്‌ച്ച കാണാൻ ആളുകൾ തടിച്ചു കൂടിയയത് രക്ഷാദൗത്യത്തിനും തടസമാകുന്നു; രക്ഷാപ്രവർത്തനത്തിന് ബോട്ടു വിട്ടുനൽകാൻ മടിച്ച് ബോട്ടുടമകളും: ദുരിത മുഖത്ത് മലയാളികളുടെ ചില മോശം പ്രവണതകൾ ഇങ്ങനെ
ഹോട്ടലുടമകൾ സൗജന്യമായി ഭക്ഷണം നൽകി; ലൈറ്റ് സൗണ്ടുകാർ ഉപകരണങ്ങൾ നൽകി, ടെക്സ്റ്റൈൽസ് ഉടമകൾ വസ്ത്രങ്ങൾ നൽകി; ആംബുലൻസുകളും സമാന്തര വാഹനങ്ങളും രാത്രിയുറങ്ങാതെ വിളികൾക്കായി കാതോർത്തു നിന്നു; മത്സ്യത്തൊഴിലാളികൾ രക്ഷാ പ്രവർത്തനത്തിനായി ബോട്ടുകളും വള്ളങ്ങളും വിട്ടുനൽകിയതും സ്വമേധയാ; പേമാരിയിൽ രാവും പകലുമില്ലാത്ത യുവാക്കൾ കർമ്മരംഗത്ത്; സമ്പൽ സമൃദ്ധമായ ദുരിതാശ്വാസ ക്യാമ്പുകളുമായി മലപ്പുറത്ത് സുമനസ്സുകൾ കൈകോർത്തത് ഇങ്ങനെ
ഇവരെ ഭൂമിയിലെ ദൈവ ദൂതന്മാർ എന്ന് വിളിക്കാം; രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തിരഞ്ഞുനോക്കാത്ത പ്രദേശത്തേക്ക് സ്വന്തം ചെലവിൽ എണ്ണയടിച്ച് രക്ഷാപ്രവർത്തകരായത് വൈപ്പിനിലെ മൽസ്യത്തൊഴിലാളികൾ; ഭക്ഷണം നൽകുന്നത് കാക്കനാട്ടെ ഒരു സംഘടന; ബസ് പോകുന്ന റൂട്ടിൽ കഴുത്തറ്റം വെള്ളം; അധികൃതർ ആരെയും ഇവിടെക്ക് കാണാനില്ലെന്ന് രോഷത്തോടെ നാട്ടുകാർ; ഭക്ഷണത്തിനും വെള്ളത്തിനും കടുത്തക്ഷാമം; പ്രളയജലത്തിലൂടെ മറുനാടൻ ലേഖകന്റെ വരാപ്പുഴയാത്ര ഇങ്ങനെ
മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ക്രൂരമായി അവഹേളിച്ച് സൈബർ ട്രോളുകൾ; മകന്റെ ലംബോർഗനി കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് തള്ളിയ അമ്മയാണ് അണ്ടാവിൽ കയറി യാത്ര ചെയ്യുന്നതെന്ന് അപമാനിച്ച് ട്രോളുകൾ; പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില; ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യെന്ന് കളിയാക്കലുകൾ; കുണ്ടമൺകടവിലെ പൃഥ്വിയുടെ വീട്ടിൽ സംഭവിച്ചത് എന്ത്?
സഹപാഠികളും ബന്ധുക്കളുമായ ഡോക്ടർമാരുടെ മരണകാരണം അമിത ഡോസിലുള്ള മരുന്നുപയോഗം; അനസ്‌തേഷ്യാ സ്‌പെഷ്യലിസ്റ്റുകളുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനം; യുവതി ഗർഭിണിയെന്നും സ്ഥിരീകരണം; കുടുംബാംഗങ്ങളെ മൊഴി എടുത്ത് തുമ്പുണ്ടാക്കാൻ മനാമാ പൊലീസ്; ഡോ ഇബ്രാഹിം റാവുത്തരുടേയും ഡോ ഷംലീന മുഹമ്മദ് സലിമിന്റേയും മരണത്തിലെ പൊരുൾ തേടി അന്വേഷണം
തമിഴ് നാട്ടിലും കർണാടകത്തിലും ആന്ധ്രയിലും പെയ്യാത്ത മഴയെന്ത് കേരളത്തിൽ മാത്രം? 18 മലകളുടെ അധിപനായ ധർമ്മശാസ്താവ് അതിന്റെ പരിശുദ്ധിക്കു കളങ്കം വരുത്തുവാൻ ശ്രമിച്ച അവിശ്വാസികൾക്ക് നൽകുന്ന മുന്നറിയിപ്പാണ് ഈ പെരുമഴ; 18 തികഞ്ഞ സ്ത്രീകളെ കയറ്റാൻ ശ്രമിക്കുന്നവരോട് അയ്യപ്പൻ പറയുന്നത് ആരും തന്നെ കാണാൻ വരേണ്ട എന്നാണ്; ശബരിമല ക്ഷേത്രത്തിൽ ചടങ്ങുകൾ പോലും മുടങ്ങിയതോടെ സ്ത്രീ പ്രവേശന വിഷയം ആയുധമാക്കി വിശ്വാസികൾ; തന്ത്രിക്ക് പോലും എത്താനാകാത്ത അവസ്ഥ സോഷ്യൽ മീഡിയ ചർച്ചയാക്കുമ്പോൾ
ഇടയനോടൊപ്പം ഒരു ദിവസം എന്ന പേരിൽ പ്രാർത്ഥന നടത്തിയും മെത്രാൻ കന്യാസ്ത്രീകളെ പീഡിപ്പിച്ചു; ഒരു ദിവസം എന്ന് പറഞ്ഞാൽ രാത്രിയും ഉൾപ്പെടുമെന്ന് പറഞ്ഞ് അരമനയിലേക്ക് അർദ്ധരാത്രിയും കന്യാസ്ത്രീകളെ വിളിപ്പിച്ചു; പ്രലോഭനങ്ങളിൽ വീഴാത്ത ജലന്ധർ മഠത്തിലെ കന്യാസ്ത്രീകളും പീഡകനെതിരെ മൊഴി കൊടുത്തതോടെ നാണക്കേട് കൊണ്ട് തല താഴുന്നുന്നത് സംരക്ഷിക്കാൻ ശ്രമിച്ച കത്തോലിക്കാ സഭ; കുമ്പസാര രഹസ്യത്തിന് പിന്നാലെ പ്രാർത്ഥനാലയവും ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുമ്പോൾ ആശങ്കയോടെ വിശ്വാസികൾ
ആന്റണി പെരുമ്പാവൂർ വേശ്യാലയം നടത്തുന്നത് മോഹൻലാലിന്റെ അറിവോടെയെന്ന വ്യാജ പ്രചരണത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റി; പെങ്ങന്മാർക്കെതിരെ കുരച്ചാൽ എസ് എഫ് ഐയെ തകർക്കുമെന്ന് വീമ്പു പറഞ്ഞ് താരമായി; പച്ചത്തെറിയുമായി പരിവാറുകാരെ ആക്രമിച്ചു പുരോഗമന വേഷം കെട്ടി; സൈബർ ഗുണ്ടായിസത്തിന്റെ ഉസ്താദായ കോട്ടയത്തെ വ്യാജ മാധ്യമ പ്രവർത്തകയുടെ ശിങ്കിടിയായി തിളങ്ങി; മയക്കുമരുന്ന് കൈവശം വച്ചതിന് പൊലീസ് പൊക്കിയ 'ആക്കിലപ്പറമ്പൻ' സോഷ്യൽ മീഡിയയിലെ വൈറലുകളുടെ സൃഷ്ടാവ്
'ഇടയനോടൊപ്പം ഒരു ദിവസം' തുടങ്ങിയത് 2014ൽ; 18 കന്യാസ്ത്രീകൾ തിരുവസ്ത്രം ഊരിയത് 'എ ഡേ വിത്ത് ഷെപ്പേഡ്' പ്രാർത്ഥനയ്ക്കിടെ മോശം അനുഭവം ഉണ്ടായപ്പോൾ; സ്വകാര്യമായി ചോദിച്ചപ്പോൾ സത്യം പറഞ്ഞ് മുഴുവൻ കന്യാസ്ത്രീകളും; ക്യാമറയ്ക്ക് മുന്നിൽ മൊഴിയെടുത്തപ്പോൾ ബിഷപ്പിനെ പുണ്യാളനാക്കി രണ്ടു പേരും; മഠത്തിലെ കംപ്യൂട്ടറുകളിലെ ഡിജിറ്റൽ തെളിവുകളും ബിഷപ്പിനെതിര്; ഇനി വേണ്ടത് ബെഹ്‌റയുടെ അനുമതി മാത്രം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അഴിയെണ്ണാതിരിക്കാൻ നെട്ടോട്ടത്തിൽ
കുതിരാനിൽ കുടുങ്ങി ജയറാം; കഴുത്തറ്റം വെള്ളത്തിൽ നിന്നും നീന്തി രക്ഷപ്പെട്ട് ധർമ്മജൻ; ഉടൻ വരുന്ന വെള്ളത്തെ കാത്ത് ടോവിനോ; മുങ്ങിയ വീടിന്റെ ചിത്രം പങ്കുവച്ച് ജോജു; ദിലീപിന്റെ വീടിന് അടുത്തു വരെ വെള്ളം എത്തി; കായലും കടലും കയറി വീട് പണിത താരങ്ങൾക്കെല്ലാം ആശങ്ക; മല്ലികാ സുകുമാരനെ പോലെ ദുരിതം അറിഞ്ഞവരിൽ അനേകം സിനിമാക്കാർ
മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ക്രൂരമായി അവഹേളിച്ച് സൈബർ ട്രോളുകൾ; മകന്റെ ലംബോർഗനി കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് തള്ളിയ അമ്മയാണ് അണ്ടാവിൽ കയറി യാത്ര ചെയ്യുന്നതെന്ന് അപമാനിച്ച് ട്രോളുകൾ; പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില; ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യെന്ന് കളിയാക്കലുകൾ; കുണ്ടമൺകടവിലെ പൃഥ്വിയുടെ വീട്ടിൽ സംഭവിച്ചത് എന്ത്?
പ്രസംഗിച്ചു കൊണ്ടിരുന്ന മോഹൻലാലിനെ 'വെടി വെക്കാൻ' നടൻ അലൻസിയറിന്റെ ശ്രമം; ഈർഷ്യ മറച്ചുവെക്കാതെ മോഹൻലാൽ പ്രസംഗം തുടർന്നപ്പോൾ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു സ്‌റ്റേജിലിരുന്ന മന്ത്രി എ കെ ബാലൻ; ഗൗരവം ചോർത്താൻ മുഖ്യമന്ത്രി ചിരിച്ചെങ്കിലും ആർക്കും തമാശ തോന്നിയില്ല; വിരലുകൾ തോക്കുപോലെ ആ്ക്കിയുള്ള വെടിക്ക് ശേഷം സ്‌റ്റേജിലെത്തിയ നടനെ തടഞ്ഞു പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും: ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങൾ
ജെസ്‌ന കേരളത്തിന് പുറത്ത് ജീവിച്ചിരിക്കുന്നു; മുക്കൂട്ടുതറയിൽ നിന്നുള്ള തിരോധാനം ആസൂത്രിതം; കണ്ടെന്ന കഥകൾ അന്വേഷണം വഴി തെറ്റിക്കാനുള്ള നീക്കത്തിന്റെ ഭാഗം; മടിവാളയിലെ ആശ്രയഭവനിൽ കണ്ടുവെന്ന പ്രചാരണത്തിന് പിന്നിൽ ഒന്നാന്തരം തിരക്കഥ; മറുനാടൻ മുൻപ് സൂചിപ്പിച്ച വഴിയിലൂടെ പൊലീസിന്റെ അന്വേഷണ സംഘം നീങ്ങുമ്പോൾ പുറത്തു വരുന്ന സൂചനകളെല്ലാം ഇനി ജെസ്‌നയിലേക്ക് അധികദൂരമില്ലെന്ന് തന്നെ
സിനിമ മോഹം തലയ്ക്ക് പിടിച്ച ശ്രീകുമാർ മേനോൻ മാസം ഒരുകോടി രൂപ വരുമാനം ഉണ്ടായിരുന്ന സ്വന്തം സ്ഥാപനത്തെ കൈവിട്ടു; കല്യാണുമായി തെറ്റിയതോടെ വരുമാനം നിലച്ച ശ്രീകുമാറിന്റെ പുഷ് കടം കയറി പാപ്പർ ഹർജിയിൽ വരെ എത്തി; ശമ്പളം പോലും ലഭിക്കാതായതോടെ ജീവനക്കാരെല്ലാം സ്ഥലം വിട്ടു; രണ്ടാമൂഴം ഉറപ്പില്ലാതിരിക്കെ ഒടിയൻ കൂടി പൊളിഞ്ഞാൽ എന്താകുമെന്ന് അറിയാതെ ദിലീപ്-മഞ്ജു തർക്കത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ
ചൂടുണ്ടെന്ന് അറിയാതെയാ അമ്മ ഗ്യാസിന് മുകളിൽ വച്ച ചട്ടുകം കാലിൽ വച്ചത്; കാലു വേദനിച്ചപ്പോ അമ്മ തേൻ പുരട്ടി തന്നിട്ട് ആരോടും പറയല്ലേ എന്ന് പറഞ്ഞു; അടിക്കുകയും പിച്ചുകയും ചെയ്യുമെങ്കിലും അമ്മയോടെനിക്ക് ദേഷ്യമൊന്നുമില്ല; കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച രണ്ടാം ക്ലാസ്സുകാരിയുടെ മൊഴിയിൽ പൊലീസും കരഞ്ഞു
അരുൺ ഗോപിയും ടോമിച്ചൻ മുളകുപാടവും ചേർന്ന് മലയാളികളെ മുഴുവൻ ഒറ്റ ദിവസം കൊണ്ട് വിഡ്ഢികളാക്കിയോ? പ്രണവ് മോഹൻലാൽ സിനിമയുടെ പ്രമോഷനായി ഒരുക്കിയ നാടകം ആയിരുന്നു ഹനയുടെ മീൻ വില്പനയെന്ന് ആരോപിച്ച് തെളിവുകൾ നിരത്തി അനേകം പേർ; സിനിമക്കാർ കുഴിച്ച കുഴിയിൽ മാതൃഭൂമി ലേഖകൻ ഒറ്റയ്ക്ക് വീഴുകയും പിന്നാലെ മനോരമ മുതൽ മറുനാടൻ വരെ സർവ്വ മാധ്യമങ്ങളും ഒരുമിച്ച് വീഴുകയും ചെയ്തെന്ന് വാദിച്ച്‌ സോഷ്യൽ മീഡിയ
ഗണേശിന്റെ 'ഇടവേളക്കളി' വേണ്ടെന്ന് തറപ്പിച്ച് പറഞ്ഞ് മോഹൻലാൽ; പത്തനാപുരത്തെ എതിരാളിയെ ഒപ്പം നിർത്തി ശുദ്ധീകരണം; ഇനി ജഗദീഷിന് കൂടുതൽ റോൾ; ഡബ്ല്യൂസിസിയെ തകർക്കാൻ വനിതാ സെൽ ഉണ്ടാക്കുന്നത് മഞ്ജു വാര്യരുടെ മനസ്സറിഞ്ഞ്; പൃഥ്വിരാജിനെ ഒപ്പം നിർത്താൻ ഭേദഗതികൾ; ചട്ടങ്ങൾ മാറ്റി ദിലീപിനെ സംഘടനയ്ക്ക് പുറത്ത് നിർത്തും; താരസംഘടനയിൽ ഒടുവിൽ ലാൽ പിടിമുറുക്കുമ്പോൾ
മോഹൻലാലിനെ 'വെടി വെക്കാൻ' ശ്രമിച്ച നടൻ അലൻസിയറിനെ എഎംഎംഎയിൽ നിന്നും പുറത്താക്കിയേക്കും; താരസംഘടനയുടെ അധ്യക്ഷനെ പൊതുവേദിയിൽ പരസ്യമായി അധിക്ഷേപിച്ചത് വെച്ചു പൊറുപ്പിക്കില്ലെന്ന് ഭാരവാഹികൾ; കാരണം കാണിക്കൽ നോട്ടീസ് നൽകി നടപടി സ്വീകരിക്കാൻ നീക്കം; സ്റ്റേജിലേക്ക് കൈചൂണ്ടിയതാണെന്നും മോഹൻലാലിനെതിരെ 'കൈതോക്ക്' പ്രയോഗിച്ചിട്ടില്ലെന്നും വിശദീകരിച്ച് അലൻസിയറും
സഹപാഠികളും ബന്ധുക്കളുമായ ഡോക്ടർമാരുടെ മരണകാരണം അമിത ഡോസിലുള്ള മരുന്നുപയോഗം; അനസ്‌തേഷ്യാ സ്‌പെഷ്യലിസ്റ്റുകളുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനം; യുവതി ഗർഭിണിയെന്നും സ്ഥിരീകരണം; കുടുംബാംഗങ്ങളെ മൊഴി എടുത്ത് തുമ്പുണ്ടാക്കാൻ മനാമാ പൊലീസ്; ഡോ ഇബ്രാഹിം റാവുത്തരുടേയും ഡോ ഷംലീന മുഹമ്മദ് സലിമിന്റേയും മരണത്തിലെ പൊരുൾ തേടി അന്വേഷണം