1 usd = 64.85 inr 1 gbp = 90.83 inr 1 eur = 80.07 inr 1 aed = 17.66 inr 1 sar = 17.29 inr 1 kwd = 216.52 inr

Feb / 2018
21
Wednesday

തന്മാത്രം: ജീവിതപാഠങ്ങൾ

June 10, 2017 | 03:53 PM | Permalinkഷാജി ജേക്കബ്

ക്കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ മലയാളിയുടെ വായനാമണ്ഡലത്തിൽ അടിസ്ഥാനപരമായ ചില ദിശാവ്യതിയാനങ്ങൾ സംഭവിക്കുകയുണ്ടായി. ടെലിവിഷൻ ഒരു ജനപ്രിയമാധ്യമമായി നിലവിൽവന്ന കാലത്താണ് ഇതുണ്ടായത്. പരമ്പരാഗത, ജനപ്രിയ വായനാമാധ്യമ/രൂപങ്ങളുടെ തിരോഭാവം, കവിത, നാടകം തുടങ്ങിയ സാഹിത്യരൂപങ്ങളുടെ ക്ഷയം, വായനശാലകളുടെ ശൈഥില്യം, പുസ്തകവിപണിക്കും പ്രസാധനരീതികൾക്കുമുണ്ടായ മാറ്റങ്ങൾ എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഇതിന്റെ ഭാഗമായി. വായനയെന്ന സാംസ്‌കാരികാനുഭവം സാഹിത്യത്തെ (നോവൽ ഒഴികെ) മറികടന്ന് പുതിയ രൂപങ്ങൾ കണ്ടെത്തിയെന്നതാണ് മലയാളത്തിൽ ഇക്കാലത്തു സംഭവിച്ച ഏറ്റവും ശ്രദ്ധേയമായ മാറ്റം. അതിലൊന്നാണ് ജീവിതാനുഭവങ്ങളെ വിജയമന്ത്രങ്ങളാക്കി മാറ്റിയ വ്യക്തികളുടെ ലേഖനങ്ങൾക്കും പുസ്തകങ്ങൾക്കും കൈവന്ന അസാധാരണമായ ജനപ്രീതി.

ശാസ്ത്രസാങ്കേതിക വിദഗ്ദ്ധനും രാഷ്ട്രപതിയുമായിരുന്ന എ.പി.ജെ. അബ്ദുൾകലാമിന്റേതാണ് ഈ രംഗത്തെ ബെസ്റ്റ് സെല്ലറുകൾ മിക്കതും. പുതിയ നൂറ്റാണ്ടിൽ കലാമിന്റെ പുസ്തകങ്ങൾക്ക് മലയാളത്തിൽ ലക്ഷക്കണക്കിനു കോപ്പികൾ വിറ്റുവരവുണ്ടായി. സ്‌കൂൾ, കോളേജ് കാമ്പസുകളിൽ കലാമിനെക്കാൾ താരമൂല്യം ലഭിച്ച മറ്റൊരാൾ ഇക്കാലത്തുണ്ടായിട്ടില്ല. മാതൃകാപരമായ ഭൗതികജീവിതവിജയം കൈവരിക്കുക, ആദർശാത്മകമായ സാമൂഹിക വ്യക്തിത്വം രൂപീകരിക്കുക, ജീവിതാനുഭവങ്ങളെ കഥകളായവതരിപ്പിക്കുക, വിദ്യാഭ്യാസ-തൊഴിൽ നേട്ടങ്ങളെ ഗുണാത്മകമായ മനോഭാവവും സാമൂഹ്യരീതിയുമാക്കി മാറ്റുക എന്നിങ്ങനെ ഇത്തരമാളുകളിൽനിന്ന് സമൂഹം ആർജ്ജിക്കുന്ന ജീവിതപാഠങ്ങൾ നിരവധിയാണ്. സാരോപദേശങ്ങളുടെ മതഘടനയിൽനിന്നു ഭിന്നമായി ആദർശാത്മകമായ ജീവിതസാധ്യതകളെ പ്രൊഫഷണലിസത്തോടിണക്കി നിർത്തുകയാണ് ഇവരുടെ രീതി. അതാണ് അവർ മുന്നോട്ടുവയ്ക്കുന്ന മാതൃകയും. സുരേഷ് സി. പിള്ള സാമൂഹ്യമാധ്യമങ്ങളിലെഴുതുന്ന കുറിപ്പുകൾ മലയാളത്തിൽ ഈ മണ്ഡലത്തിലുണ്ടായിട്ടുള്ള ഏറ്റവും മികച്ച പാഠങ്ങളാണ്.

സുരേഷിന്റെ ഏറെ ജനപ്രീതിയാർജ്ജിച്ച അനുഭവ-ജീവിതപാഠത്തിലേക്കു വരും മുൻപ് അദ്ദേഹത്തിന്റെ കരിയർഗ്രാഫ് ഒന്നു ശ്രദ്ധിക്കൂ.

'കോട്ടയം ജില്ലയിലെ ചമ്പക്കരയിൽ ജനനം. പ്രാഥമികവിദ്യാഭ്യാസം കറുകച്ചാൽ ഗവൺമെന്റ് എൽ.പി. സ്‌കൂളിലും എൻ.എസ്.എസ്. ഹൈസ്‌കൂളിലും. ചങ്ങനാശ്ശേരി, വാഴൂർ എൻ.എസ്.എസ്. കോളേജുകളിലെ പഠനത്തിനുശേഷം മഹാത്മാഗാന്ധി യൂമിവേഴ്‌സിറ്റിയിൽനിന്ന് ഒന്നാം റാങ്കോടെ കെമിസ്ട്രിയിൽ എം.എസ്സി. ബിരുദം നേടി. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലും തിരുവനന്തപുരത്തെ എൻ.ഐ.ഐ.എസ്.ടി.യിലുമായി രണ്ടുവർഷത്തെ ഗവേഷണം.

അയർലൻഡിലെ പ്രശസ്തമായ ട്രിനിറ്റി കോളേജിൽനിന്നും നാനോ ടെക്‌നോളജിയിൽ പി.എച്ച്ഡി. കരസ്ഥമാക്കി. തുടർന്ന് അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം. കൂടാതെ ഡബ്ലിൻ സിറ്റി യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.ബി.എ.യും നേടി.

ഒരു വർഷം ട്രിനിറ്റി കോളേജിൽ പോസ്റ്റ് ഡോക്ടറൽ റിസർച്ച് ഫെല്ലോ ആയി ജോലി ചെയ്തു. അതിനുശേഷം പത്തു വർഷത്തോളം ഡബ്ലിനിലെ സെന്റർ ഫോർ റിസർച്ച് ഇൻ എഞ്ചിനീയറിങ് ആൻഡ് സർഫസ് ടെക്‌നോളജിയിൽ സീനിയർ സയന്റിസ്റ്റായും, ഒരു വർഷം ഡയറക്ടറായും ജോലി നോക്കി. തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സ്ലൈഗോയിൽ സീനിയർ ലക്ചറർ ഇൻ നാനോടെക്‌നോളജി ആയി ജോലിക്കു ചേർന്നു. ഇപ്പോൾ അവിടെത്തന്നെ നാനോ ടെക്‌നോളജി ആൻഡ് ബയോഎഞ്ചിനീയറിങ് റിസർച്ച് ഗ്രൂപ്പിന്റെ തലവൻ. ഇതുകൂടാതെ, ഇന്റർനാഷണൽ സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷന്റെയും യൂറോപ്യൻ സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷന്റെയും നാഷണൽ ഡെലിഗേറ്റായും ടെക്‌നിക്കൽ എക്‌സ്‌പേർട്ടായും ജോലി ചെയ്യുന്നു.

യു.കെ.യിലെ റോയൽ മൈക്രോസ്‌കോപ്പിക്കൽ സൊസൈറ്റി, ദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയൽസ് മിനറൽസ് ആൻഡ് മൈനിങ്ങ് എന്നിവയിൽ ഫെല്ലോ ആണ്. യൂറോപ്പിലെയും അമേരിക്കയിലെയും ഏഷ്യയിലെയും വിവിധ അന്താരാഷ്ട്ര ശാസ്ത്രകോൺഫറൻസുകളിലും യൂണിവേഴ്‌സിറ്റികളിലുമായി നൂറോളം പ്രഭാഷണങ്ങൾ നടത്തുകയും നൂറോളം പ്രബന്ധങ്ങൾ അന്താരാഷ്ട്ര ശാസ്ത്രജേണലുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. നിരവധി പുരസ്‌കാരങ്ങളും, രണ്ട് അമേരിക്കൻ പേറ്റന്റുകളും ഒരു യു.കെ. പേറ്റന്റും സ്വന്തമാക്കിയിട്ടുണ്ട്.

സോഫ്റ്റ്‌വെയർ എഞ്ചിനീയറും ബിഗ് ഡാറ്റ കംപ്യൂട്ടേഷണൽ മോഡലിംഗിൽ ഗവേഷകയുമായ സരിത ഭാര്യയും ശ്രീഹരി, ശ്രീശേഖർ എന്നിവർ മക്കളുമാണ്. കുടുംബസമേതം അയർലൻഡിൽ താമസിക്കുന്നു'.

ശാസ്ത്രഗവേഷകൻ എന്ന നിലയിലുള്ള സ്വന്തം കരിയറിൽ ഈവിധമൊരു പ്രൊഫഷണൽ വിജയം കൈവരിച്ച സുരേഷിന്റെ അനുഭവക്കുറിപ്പുകൾ കാലികപ്രസക്തവും ജനപ്രിയവുമാകുന്നത് നാലു സ്വഭാവങ്ങൾ കൊണ്ടാണ്.

ഒന്ന്, അവയുടെ അസാധാരണമായ ആത്മനിഷ്ഠതയും ദൈനംദിനത്വവും സാധാരണത്വവും.

രണ്ട്, ശാസ്ത്രസാങ്കേതിക വിഷയങ്ങളുടെ ജനകീയമായ അവതരണവും പ്രയോഗവും.

മൂന്ന്, വ്യക്തിത്വവികസനത്തിലും വിദ്യാഭ്യാസ, തൊഴിൽനേട്ടങ്ങളിലും മുന്നോട്ടുവയ്ക്കുന്ന ആർജ്ജവമുള്ള കാഴ്ചപ്പാടുകൾ.

നാല്, ശാസ്ത്രീയവും പുരോഗമനപരവുമായ സാമൂഹികനിലപാടുകൾ.

ഏതു വിഷയത്തെക്കുറിച്ചുമുള്ള സുരേഷിന്റെ എഴുത്തിൽ ഈ നാലു സ്വഭാവങ്ങളും പ്രകടമാണ്. സാമൂഹ്യ മാധ്യമ ഇടപെടലിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി സവിശേഷമായ ഒരു ജീവിതധർമം നിർവഹിക്കാൻ സുരേഷ് നടത്തുന്ന ശ്രമങ്ങൾ അങ്ങേയറ്റം വിജയിക്കുന്നു എന്നാണ് ഇതിനർഥം. അൻപത്താറ് ചെറുലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. 2015-16 വർഷങ്ങളിൽ ഫേസ്‌ബുക്കിൽ പോസ്റ്റുചെയ്തവയാണ് ഇവയൊന്നടങ്കം.

മുഴുവൻ രചനകളുടെയും ഘടന കൗതുകകരമാണ്. തന്റെ ചർച്ചാവിഷയത്തോട് നേരിട്ടു ബന്ധപ്പെടുന്ന ലോകപ്രസിദ്ധമായ ഒരുദ്ധരണിയിൽ തുടക്കം. തുടർന്ന് വിഷയാവതരണം. മിക്കവാറും തന്റെതന്നെ ജീവതാനുഭവങ്ങളെ കഥാത്മകമായവതരിപ്പിക്കുന്ന ശൈലി. ഫേസ്‌ബുക്കിൽ ആ പോസ്റ്റിനോടുണ്ടായ പ്രതികരണങ്ങളിൽനിന്ന് തെരഞ്ഞെടുത്ത ചിലത് അനുബന്ധം. എല്ലാറ്റിനും പുറമെ, ചർച്ചചെയ്യുന്ന വിഷയങ്ങൾ സാമൂഹ്യപ്രാധാന്യത്തിനൊപ്പം അക്കാദമിക പ്രാധാന്യവുമുള്ളതാണെങ്കിൽ അത്തരം പഠനങ്ങളുടെ ലിങ്കുകളും നൽകുന്നു, സുരേഷ്. സസ്യാഹാരം മുതൽ മദ്യപാനംവരെ; വിമാനയാത്ര മുതൽ എഴുത്തിനിരുത്തുവരെ എന്തും ഉദാഹരണം.

വനിതാമാസികകളിലെ കുറുക്കുവഴികളോ പ്രൊഫഷണൽ കോഴ്‌സുകളെക്കുറിച്ച് ഉപന്യസിക്കുന്ന വിദ്യാഭ്യാസവിചക്ഷണരുടെ പഠനസഹായികളോ ഇക്കിളി മനഃശാസ്ത്രജ്ഞരുടെ ഗുണപാഠകഥകളോ പോലെയുള്ള തൊലിപ്പുറ ചികിത്സയല്ല സുരേഷിന്റെ ജീവിതമന്ത്രങ്ങൾ. ഏറെ ശ്രദ്ധേയമാണ് സുരേഷിന്റെ വിഷയങ്ങളുടെ തെരഞ്ഞെടുപ്പ്. അടിസ്ഥാനം, വിദ്യാഭ്യാസവും അതുവഴിയുള്ള ജീവിത-ലോകബോധ നിർമ്മിതിയുമാണ്. പെരുമാറ്റമര്യാദകൾ, സയുക്തികമായ പ്രശ്‌നപരിഹാരങ്ങൾ എന്നിങ്ങനെ ഏതു വിഷയവുമാകട്ടെ, തന്റെ ഗ്രാമമായ ചമ്പക്കര മുതൽ അഞ്ചു ഭൂഖണ്ഡങ്ങളിലേക്കും സഞ്ചരിച്ചെത്തുന്ന ജീവിതാനുഭവങ്ങളുടെ ലോകഭൂപടമാണ് സുരേഷ് നിവർത്തിയിടുന്നത്. ഒരു ചമ്പക്കരക്കാരന്റെ ആഗോളജീവിതനിരീക്ഷണക്കുറിപ്പുകൾ. മലയാളത്തിൽ മുരളിതുമ്മാരുകുടി മാത്രമാണ് ഈവിധമൊരു ആഗോളപൗരബോധം തന്റെ രചനകളിൽ നിരന്തരം സന്നിവേശിപ്പിക്കുന്നത്. ഒരു വെങ്ങോലക്കാരന്റെ ഗോളാന്തര സഞ്ചാരമാണ് തുമ്മാരുകുടിയുടേത്. അതേസമയം ശാസ്ത്ര-വൈജ്ഞാനികതയിലൂന്നുന്ന ജീവിതപാഠങ്ങളുടെ രചന നിർവഹിക്കുന്നതിലാകട്ടെ, സുരേഷിനു കുറെക്കൂടി അടുപ്പമുള്ളത് എതിരൻ കതിരവനോടാണ്. മുരളിയും എതിരനും സുരേഷും മൂന്നു ഭിന്ന നവമാധ്യമങ്ങളിലാണ് മുഖ്യമായും ഇടപെടുന്നത് എന്നും ഓർക്കുക. മുരളി ഓൺലൈൻ പോർട്ടലുകളിൽ. എതിരൻ ബ്ലോഗിൽ. സുരേഷ് ഫേസ്‌ബുക്കിൽ. എന്തായാലും ഒന്നുറപ്പാണ്. ആഗോള ജീവിതമണ്ഡലങ്ങളിൽനിന്ന് മലയാളിയുടെ വേരുകളിലേക്കും ചിറകുകളിലേക്കും തിരിച്ചെത്തുന്ന ഗൃഹാതുരവും വൈചാരികവുമായൊരു ജൈവബന്ധം ഈ മൂന്നുപേരുടെയും സാമൂഹ്യചിന്തകളിൽ സമൃദ്ധമാണ്. ഭിന്ന ജീവിത-തൊഴിൽ മണ്ഡലങ്ങളിലായിരിക്കുമ്പോഴും മൂന്നുപേരും ഒരുകാര്യത്തിൽ ഒറ്റക്കെട്ടാണ്. ശാസ്ത്രീയവും പുരോഗമനപരവും ജനാധിപത്യപരവുമായ ഒരു മലയാളിസ്വത്വത്തിന്റെ ഭാവനയിൽ. അതുകൊണ്ടുതന്നെ ആഗോള മലയാളിയുടെ ലോക-ജീവിതബോധ്യങ്ങളെ ഉണർത്തിയും വളർത്തിയും സചേതനമാക്കാൻ സഹായിക്കുംവിധം കടൽകടന്നെത്തുന്ന ചിന്താതരംഗങ്ങളായി ഇവയൊന്നടങ്കം മാറുന്നു. സുരേഷിന്റെ പുസ്തകം നോക്കുക.

ഉള്ളടക്കത്തിലും പരിചരണത്തിലും ഓരോ ലേഖനവും ഒന്നിനൊന്നു ഭിന്നമാണ്. പക്ഷെ ഓരോന്നും എത്തിനിൽക്കുന്നത് സമഭാവനയും സംതൃപ്തിയും ജനാധിപത്യബോധവും ശാസ്ത്രചിന്തയും ആത്മവിശ്വാസവുമുള്ള ഒരു തലമുറയെക്കുറിച്ചുള്ള പ്രതീക്ഷകളിലാണ്. ജീവിതവിജയത്തിന്റെ തന്മാത്രകളായി മാറുന്നു, ആ അർഥത്തിൽ ഈ പുസ്തകത്തിലെ ഓരോ രചനയും.

സാമാന്യബോധത്തിന്റെ പ്രാധാന്യം; കൗമാരപ്രായക്കാർക്കിടയിലെ മദപ്പാട്; മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ ഉൽക്കണ്ഠകൾ; പെരുമാറ്റത്തിൽ പാലിക്കുന്ന സൗമ്യതയും മര്യാദയും സൃഷ്ടിക്കാവുന്ന അത്ഭുതങ്ങൾ; അന്യനാടുകളിലെ ഭക്ഷണ, ഭാഷാ, ഇടപെടൽ രീതികളോടുണ്ടാകേണ്ട കാഴ്ചപ്പാടുകൾ; സ്വകാര്യതയുടെ പ്രാധാന്യം; സമയപാലനത്തിന്റെ പ്രസക്തി; സ്വപ്നം കാണേണ്ടതിന്റെ ആവശ്യം; ഓർമയുടെ സൗന്ദര്യം; ഓട്ടിസം, ഡിസ്‌ലക്‌സിയ തുടങ്ങിയ അവസ്ഥകളിലുള്ളവരോട് സമൂഹം പുലർത്തേണ്ട സമീപനം; പരാജയങ്ങളെയും വിജയങ്ങളെയും സമചിത്തതയോടെ കാണേണ്ടതിന്റെ കാരണങ്ങൾ; തൊഴിലും സാമൂഹ്യപദവിയും ജീവിതാന്തസ്സും തമ്മിലുള്ള ബന്ധത്തിലെ തെറ്റിദ്ധാരണകൾ; സഹാനുഭൂതി, സ്‌നേഹം, നന്മ, ആത്മനിയന്ത്രണം, ലാളിത്യം തുടങ്ങിയ ജീവിതമൂല്യങ്ങളുടെ പ്രാധാന്യം; ഏകാന്തത, വാർധക്യം, വൈധവ്യം, ദാരിദ്ര്യം, നിരാശ തുടങ്ങിയ ജീവിതാവസ്ഥകളെ നേരിടൽ; കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും പരസ്പരം വ്യക്തികളെ മാനിക്കുന്നതിന്റെ പ്രസക്തി; ശാസ്ത്രചിന്തയുടെയും യുക്തിബോധത്തിന്റെയും ആവശ്യകത.... സുരേഷ് മുന്നോട്ടുവയ്ക്കുന്ന ചിന്തകളും അവതരിപ്പിക്കുന്ന ചർച്ചകളും ചൂണ്ടിക്കാണിക്കുന്ന ഉദാഹരണങ്ങളും ഒന്നൊഴിയാതെ മലയാളിയുടെ ജീവിതമണ്ഡലം ദൈനംദിനം നേരിടുന്ന എത്രയെങ്കിലും ചോദ്യങ്ങൾക്കുള്ള ബുദ്ധിപരമായ ഉത്തരവും പ്രശ്‌നങ്ങൾക്കുള്ള മാനുഷികമായ പരിഹാരങ്ങളുമാണ്. സ്വന്തം ജീവിതാനുഭവങ്ങളിൽനിന്ന് മറ്റുള്ളവർക്കു വഴി ചൂണ്ടിക്കാണിക്കുന്ന വിസ്മയകരമായ ഒരധ്യാപനരീതിയാണ് സുരേഷിന്റേത്. ഒന്നും അത്ര വലിയ കാര്യങ്ങളല്ല. പക്ഷെ ചെറിയ കാര്യങ്ങളുടെ തമ്പുരാൻ എന്ന നിലയിൽ സുരേഷ് ഉന്നയിക്കുന്ന ചോദ്യങ്ങളും അവയ്ക്കു നൽകുന്ന ഉത്തരങ്ങളും സമകാല മലയാളിയുടെ അനുദിനം ഉയരുന്ന സാമൂഹ്യരക്തസമ്മർദ്ദത്തിനുള്ള ഒന്നാന്തരം ഒറ്റമൂലികളായി മാറുന്നു.

അബ്ദുൾകലാം മുതൽ ചേതൻഭഗത് വരെയുള്ളവരുടെ നിയോജകമണ്ഡലം യുവാക്കളാണെങ്കിൽ സുരേഷ് അത്തരമൊരു വാണിജ്യതന്ത്രത്തിലല്ല ഊന്നുന്നത്. ഏതു പ്രായത്തിലും പദവിയിലുമുള്ള മനുഷ്യരുടെ ദൈനംദിന ജീവിതാവസ്ഥകളെ കുറെക്കൂടി സൗമ്യവും ദീപ്തവും അതുവഴി കൂടുതൽ മാനുഷികവുമാക്കാനുള്ള സാമൂഹ്യപാഠങ്ങൾ മാത്രമാണിവ. നരവംശശാസ്ത്രം മുതൽ നാനോസാങ്കേതികതവരെയും പാരമ്പര്യമൂല്യങ്ങൽ മുതൽ ന്യൂജനറേഷൻ ഫാന്റസികൾ വരെയും പശ്ചാത്തലമാകുന്ന മനുഷ്യാനുഭവങ്ങളുടെ നഗ്നവും ലളിതവും സുന്ദരവും സത്യസന്ധവുമായ അപഗ്രഥനങ്ങളായി അവ മാറുന്നു. കഥ പോലെഴുതുന്ന ജീവിതങ്ങൾ. കഥയായവസാനിക്കാത്ത അനുഭവങ്ങൾ. തന്മാത്രം നമ്മുടെ കാലത്തിന്റെയും ജീവിതത്തിന്റെയും അങ്ങേയറ്റം ജൈവികമായൊരു സാമൂഹ്യപാഠപുസ്തകമാകുന്നു.

ചില മാതൃകകൾ നോക്കുക:

ജീവിതത്തിൽ ഒറ്റയ്ക്കായി പോകുന്നവരുടെ അവസ്ഥയെക്കുറിച്ചുള്ള സുരേഷിന്റെ കുറിപ്പ് ശ്രദ്ധിക്കൂ. എത്രമേൽ ആർജ്ജവത്തോടെയാണ് ഇത്തരം മനുഷ്യരുടെ ഏകാന്തതയെക്കുറിച്ചദ്ദേഹം എഴുതുന്നതൊന്നു വായിക്കൂ.

'പട്ടിണിപോലെ ഭീകരമാണ് ഏകാന്തത. അനുഭവിച്ചാലേ അതിന്റെ തീവ്രത മനസ്സിലാകൂ. സ്‌നേഹിക്കാൻ ആരുമില്ലാതെ, മുന്നോട്ടുള്ള ജീവിതത്തിനു യാതൊരു പ്രത്യാശയും ഇല്ലാതെ സമയം തള്ളിനീക്കുന്നവരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

പറഞ്ഞുവരുന്നത് 45-നും 65-നും ഇടയിലുള്ള വിധവകളെപ്പറ്റിയാണ്. ബന്ധം പിരിഞ്ഞ സ്ത്രീകളും ഇതിൽ വരും. വിഭാര്യനായ പുരുഷനു നമ്മുടെ നാട്ടിലെ സാമൂഹ്യപശ്ചാത്തലം പല കാര്യങ്ങളിലും അനുകൂലമായതിനാൽ സമയം ചെലവഴിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. സ്ത്രീകളുടെ കാര്യമാണ് കഷ്ടം.

45-50 വയസ്സൊക്കെ ആകുമ്പോഴേക്കും കുട്ടികൾ വളർന്ന് അവരുടെ കുടുംബവുമായി വീട്ടിൽ നിന്നും മാറിയിരിക്കും. പിന്നെയുള്ള ഒറ്റപ്പെടൽ പലരേയും വിഷാദരോഗത്തിലേക്കും ആത്മഹത്യയിലേക്കും ഒക്കെയായിരിക്കും നയിക്കുക. പൊതുസമൂഹത്തിന്റെ ധാരണ വിധവയായാൽ വെള്ള സാരിയൊക്കെ ഉടുത്തു രാമായണമോ ബൈബിളോ വായിച്ചു സമയം തള്ളിനീക്കിക്കൊള്ളും എന്നാണ്.

എനിക്കു പരിചയമുള്ള ഒരു വിധവയായ റിട്ടയേർഡ് പ്രൊഫസർ അറുപതാം വയസ്സിൽ സഹപ്രവർത്തകനെ വിവാഹം ചെയ്തു. അതോടെ മക്കളെല്ലാം അവരുമായി ബന്ധം വേർപെടുത്തി. അമ്മ കാരണം മാനക്കേടുണ്ടായത്രേ! സ്‌നേഹിച്ചു വളർത്തി വലുതാക്കിയ മക്കൾ അമ്മയുടെ ഏകാന്തതയും വിഷമവും മനസ്സിലാക്കിയില്ല. സമൂഹത്തിന്റെ പരിഹാസമായിരുന്നു അതിക്രൂരം. ഈ വയസ്സാംകാലത്ത്, ഇവർക്ക് 'എന്തിന്റെ സൂക്കേടാണ്' എന്നായിരുന്നു പലരും ചോദിച്ചത്. ഈ 'സൂക്കേട്' എന്നത് ഗ്രാമീണ ഭാഷയായി കണക്കാക്കാം, എങ്കിലും അതിൽ അല്പം 'ലൈംഗിക'ചുവയുണ്ട്.

പലപ്പോഴും ജീവിതസായാഹ്നത്തിൽ ഒരു കൂട്ട്, അല്ലെങ്കിൽ സ്വകാര്യങ്ങൾ പങ്കുവയ്ക്കാൻ ഒരു പങ്കാളി അത്രയേ കാണൂ. എന്നിരുന്നാലും, ലൈംഗികത അവരുടെ മാത്രം സ്വകാര്യതയാണ് എന്നു മനസ്സിലാക്കാനുള്ള പക്വത പോലും പലരും കാണിക്കാറില്ല.

ഒരു പങ്കാളിയെ വേണം എന്ന് ആഗ്രഹമുണ്ടെങ്കിലും സമൂഹം അല്ലെങ്കിൽ മക്കൾ, അവരുടെ കുടുംബം ഒക്കെ എന്തു കരുതും എന്നു വിചാരിച്ച് ദുഃഖങ്ങൾ മനസ്സിൽ വച്ച് ഒരു നെരിപ്പോടുപോലെ എരിയുന്നവരാണ് പലരും. ഇവരെ പലരെയും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സഹായിക്കാൻ പറ്റും. ഈ പറഞ്ഞതൊക്കെ നമ്മുടെ സമൂഹത്തിലെ യാഥാർത്ഥ്യങ്ങൾ ആണ്. അതിനോട് പുറം തിരിഞ്ഞു നിന്നിട്ടു കാര്യമില്ല. കാലം മാറുംതോറും സംസ്‌കാരത്തിലും ചിന്താഗതികളിലും മാറ്റം വരുത്തിയല്ലേ പറ്റൂ.

വിധവയായ ഒരു ബന്ധുവോ സുഹൃത്തോ ഉണ്ടെങ്കിൽ ഓർത്തുകൊള്ളൂ, അവർ വിരഹത്തിന്റെ വേദനയും ഏകാന്തതയും കൊണ്ട് വീർപ്പുമുട്ടി ഒരു അഗ്നിപർവ്വതം പോലെ ജീവിക്കുന്നവരാണ്. കഠിനമായ വിരഹവേദന ഒക്കെ കാലം മായ്ച്ചുകഴിഞ്ഞിട്ടും, മനസ്സു സന്നദ്ധമായിട്ടും ഒറ്റയായി പോകുന്നവർ. ഏതു പ്രായത്തിലുള്ളവരായാലും അവരെ രണ്ടാമത് ഒരു ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ പറ്റിയാൽ അത് ഒരു വലിയ പുണ്യപ്രവർത്തിയായിരിക്കും. ശ്രമിച്ചുനോക്കൂ'.

സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീപുരുഷ വിവേചനത്തിന്റെ നികൃഷ്ടമായ ചില വശങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് എഴുതിയ ഒരു ലേഖനത്തിൽനിന്ന്:

'ഓർക്കുമ്പോൾ ഇപ്പോളും ഓക്കാനം വരും... പറഞ്ഞുവരുന്നത് എന്റെയൊരു അകന്ന ബന്ധുവിനെപ്പറ്റിയാണ്. ഇദ്ദേഹം ഭക്ഷണം കഴിച്ചിട്ട് പോകുമ്പോൾ പാത്രത്തിൽ ചോറും കറികളും ഒക്കെ കൂട്ടി കുഴച്ച് കുറച്ചു ഭാഗം മാറ്റി വച്ചിരിക്കും. പതിവ്രതയായ ഭാര്യയെ താൻ കഴിച്ചതിന്റെ എച്ചിൽ തീറ്റിച്ചാണ് ഇദ്ദേഹം സ്‌നേഹം കാണിക്കുന്നത്.

വർഷങ്ങൾക്കു മുൻപാണ് ഇത് ശ്രദ്ധയിൽ പെട്ടിട്ടുള്ളത്. ഇപ്പോൾ ഇങ്ങനെയുള്ളവർ ഉണ്ടോയെന്ന് അറിയില്ല. എങ്കിലും, ഇപ്പോഴും പങ്കാളിയെ മാനസികമായി എച്ചിൽ തീറ്റിക്കുന്നവരാണ് പലരും. ആധുനികകാല അടിമത്തം കാണണമെങ്കിൽ നമ്മുടെ നാട്ടിലെ പല കുടുംബങ്ങളിലേക്കും നോക്കിയാൽ മതി.

പല കുടുംബങ്ങളും മിനി അടിമ ക്യാമ്പുകളാണ്. കഷ്ടപ്പെട്ട് ജോലി ചെയ്തു പണമുണ്ടാക്കിയിട്ട്, ഇഷ്ടപ്പെട്ട ഒരു ജീൻസോ സാരിയോ ചുരിദാറോ വാങ്ങണമെങ്കിൽ ഭർത്താവിന്റെ അനുവാദം വേണം പലർക്കും. സമ്പാദിക്കുന്ന പൈസ മുഴുവൻ ഭർത്താവിന്റെ അക്കൗണ്ടിലേക്കാകും പോകുന്നത്. ഭർത്താവിന്റെ ആവശ്യങ്ങളൊക്കെ കഴിഞ്ഞുള്ള എച്ചിൽ പണം ആണ് പലപ്പോഴും ഭാര്യക്ക് കിട്ടുന്നത്. അതുപോട്ടെ, വീട്ടിൽ പാകം ചെയ്യാൻ ഒരാഴ്ചത്തേക്കുള്ള ഉള്ളി എണ്ണിവച്ചിട്ട് പോകുന്ന ഒരു ഭർത്താവിനെക്കുറിച്ചും ഈ അടുത്ത കാലത്തു കേട്ടു.

സ്ത്രീകളെ മോശമായി കാണുന്നത് വിദ്യാഭ്യാസം കുറഞ്ഞവരായിരിക്കും എന്നല്ലേ ഇപ്പോൾ ചിന്തിക്കുന്നത്? എങ്കിൽ ഈ അനുഭവം കൂടി കേൾക്കണം. 2001-ൽ അമേരിക്കയിലെ ഇന്ത്യാനപോളിസിലുള്ള ഒരു കോൺഫറൻസ് കഴിഞ്ഞ് മടങ്ങും വഴി ലോകത്തിലെ ഒന്നാം നമ്പർ വിദ്യാഭ്യാസസ്ഥാപനമായ എം.ഐ.ടി.യിൽ ഒരു സുഹൃത്തിന്റെ കൂടം രണ്ടു ദിവസം താമസിച്ചു. വൈകുന്നേരം എം.ഐ.ടി.യിലുള്ള കുറെ സുഹൃത്തുക്കളുമായി ബൊസ്റ്റണിലുള്ള ഇന്ത്യൻ റസ്റ്ററന്റിൽ ആഹാരം കഴിക്കാൻ പോയി. അഞ്ചിൽ നാലുപേരും ഇന്ത്യയിലെ വിവിധ ഐ.ഐ.ടി.കളിൽ നിന്നും പഠിച്ചു വന്നവർ. അന്നത്തെ അവരുടെ സംസാരം സൂപ്പർ കമ്പ്യൂട്ടറുകളെക്കുറിച്ചോ ലോകം മാറ്റിമറിക്കാൻ പോകുന്ന പുതിയ മെറ്റീരിയൽസിനെക്കുറിച്ചോ നാനോ ടെക്‌നോളജിയെക്കുറിച്ചോ ഒന്നുമല്ലായിരുന്നു. മറിച്ച്, നാട്ടിൽ പോയി കല്യാണം കഴിക്കുമ്പോൾ കിട്ടുന്ന സ്ത്രീധനത്തെക്കുറിച്ചായിരുന്നു. ഒരാൾ, ബോസ്റ്റണിൽ വീട് വാങ്ങാൻ ആ പണം തികയുമോ എന്ന് കണക്കു കൂട്ടുന്നു. മറ്റെയാൾ സ്വർണത്തിന്റെ അളവിനെക്കുറിച്ചു സംസാരിക്കുന്നു. ആന്ധ്രാപ്രദേശിലൊക്കെ സ്വർണം കിലോ കണക്കിനാണത്രെ കൊടുക്കുന്നത്!'.

ദൈവവിശ്വാസവും ശാസ്ത്രബോധവും തമ്മിലുള്ള ഇണക്കങ്ങളെയും പിണക്കങ്ങളെയും കുറിച്ചുള്ള ചർച്ചയിൽ നിന്നൊരു ഭാഗം വായിക്കൂ.

'ഒരു ശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളാണ് അജ്ഞതയും സന്ദേഹവും അനിശ്ചിതത്വവും പരമാവധി ഇല്ലാതാക്കുക എന്നുള്ളത്. ഈ വാദഗതികൾ വച്ചുനോക്കുമ്പോൾ അനിശ്ചിതമായ ഒന്നിനെ അംഗീകരിക്കാൻ ശാസ്ത്ര മനസുകൾക്ക് അങ്ങേയറ്റം പ്രയാസമാണ്. ശാസ്ത്രത്തിന്റെ മുൻപോട്ടുള്ള കുതിപ്പിന് 'അനിശ്ചിതത്വത്തിൽ' ഊന്നിയുള്ള അന്വേഷണം അനിവാര്യമാണുതാനും. ശാസ്ത്രസിദ്ധാന്തങ്ങൾ സൃഷ്ടിക്കുമ്പോൾ പലപ്പോഴും അതിനെ അഖണ്ഡമായ യാഥാർത്ഥ്യം എന്നു പറയാൻ പറ്റില്ല. മറിച്ച്, പൂർണമായ അറിവിലേക്കുള്ള പ്രയാണത്തിന്റെ ഒരു ഘട്ടം പിന്നിട്ടു എന്നേ പറയാൻ പറ്റൂ. ഉദാഹരണത്തിന്, നിക്കൊളാസ് കൊപ്പേർനിക്കെസിന്റെ കാലത്തിന് മുൻപ് വരെ (1473-1543) ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രസ്ഥാനം എന്നാണ് ജ്യോതിശാസ്ത്രജ്ഞർ വിചാരിച്ചിരുന്നത്. കൊപ്പേർനിക്കെസാണ് ഗ്രഹങ്ങൾ സൂര്യനെ വലം വയ്ക്കുന്നു എന്ന് പ്രസ്താവിച്ചത്. ഇതാണ് ആധുനിക ജ്യോതിശാസ്ത്രത്തിന്റെ അടിസ്ഥാനം.

ദൈവസങ്കൽപത്തെ പറ്റിയുള്ള ഓരോ ശാസ്ത്രജ്ഞരുടെ വീക്ഷണകോണുകളും വ്യത്യസ്തമാണ്. ഗലിലിയോ ഗലീലി, പാസ്‌കൽ, ഐസക് ന്യൂട്ടൺ, മൈക്കൽ ഫാരഡേ, ലോർഡ് കെൽവിൻ, മാക്‌സ് പ്ലാങ്ക് തുടങ്ങിയ ശാസ്ത്രജ്ഞർ കടുത്ത ഈശ്വരവിശ്വാസികളായിരുന്നു. ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കലും ഒരു നിരീശ്വരവാദിയോ പൂർണ ദൈവവിശ്വാസിയോ അല്ലായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കൂ: You may call me an agnostic, but I do not share the crusading spirit of the professional atheist whose fervor is mostly due to a painful act of liberation from the fetters of religious indotcrination received in youth. I prefer an attitude of humilty corresponding to the weakness of our intellectual understanding of nature and of our being.

ഇതിലൊക്കെ രസകരം ജനിതകശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ഗ്രിഗോർ മെൻഡൽ ഒരു ക്രിസ്തീയ പുരോഹിതനായിരുന്നു എന്നതാണ്. സംഘടിതമതങ്ങളുടെ ആക്രമണം ഏറ്റവും കൂടുതൽ നേരിടേണ്ടി വന്ന പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ചാൾസ് ഡാർവിനും ഒരു അവിശ്വാസി അല്ലായിരുന്നു.

ഇപ്പോൾ ജീവിച്ചിരിക്കുന്ന ശാസ്ത്രജ്ഞരിൽ ഏറ്റവും പ്രശസ്തനായ സ്റ്റീഫൻ ഹോകിൻസിന്റെ അഭിപ്രായം വളരെ ശ്രദ്ധേയമാണ്: 'നമ്മൾ ശാസ്ത്രത്തെക്കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനു മുൻപ് സ്വാഭാവികമായും ദൈവമാണ് പ്രപഞ്ചസ്രഷ്ടാവ് എന്ന് വിശ്വസിച്ചേ മതിയാകുമായിരുന്നുള്ളു. എന്നാൽ ഇപ്പോൾ ശാസ്ത്രം പ്രപഞ്ചത്തിന്റെ ഉല്പത്തിയേപ്പറ്റി വിശ്വാസയോഗ്യമായ തെളിവുകൾ നിരത്തുമ്പോൾ ദൈവത്തിന്റെ ആവശ്യമുണ്ട് എന്നു തോന്നുന്നില്ല'. 1956-ലെ റിച്ചാർഡ് ഫെയ്മാന്റെ 'ദൈവത്തിന്റെ അസ്ഥിത്വം ഖണ്ഡിക്കാൻ പറ്റില്ല' എന്ന അഭിപ്രായം 2014 ആയപ്പോളേക്കും സ്റ്റീഫൻ ഹോകിൻസിന്റെ 'ശാസ്ത്രത്തിനു ദൈവം ആവശ്യമില്ല' എന്ന നിഗമനത്തിൽ എത്തി നില്ക്കുന്നു എന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്'.

ഓരോ രചനയും ഓരോ തരത്തിൽ സംഘർഷഭരിതമായ നമ്മുടെ കാലത്തെ ജീവിതപ്രശ്‌നങ്ങളെ മൂർത്തമായവതരിപ്പിക്കുന്നു. മൂർത്തമായിത്തന്നെ അവയ്ക്കു പരിഹാരവും നിർദ്ദേശിക്കുന്നു. ഡബ്ൾയു. ബി. യേറ്റ്‌സിനെ ഉദ്ധരിച്ചുകൊണ്ട് തന്റെ രചനാരീതതിശാസ്ത്രം സുരേഷ് വ്യക്തമാക്കുന്നുണ്ട്. 'Think like a wiseman, but communicate in the language of the people"'. അങ്ങേയറ്റം ജനകീയമായ ഭാഷയിലും ശൈലിയിലുമാണ് ബൗദ്ധികവും വൈജ്ഞാനികവും തത്വചിന്താപരവുമായ വസ്തുതകൾപോലും സുരേഷ് അവതരിപ്പിക്കുന്നത്. അതുവഴി, ആത്മവിശ്വാസത്തോടെ മുന്നേറേണ്ട മലയാളിയുടെ സാമൂഹ്യജീവിതത്തിന്റെയും വ്യക്തിത്വസംസ്‌കാരത്തിന്റെയും ഭാവിയുടെ വിചാരമാതൃകകളായി അവ മാറുകയും ചെയ്യുന്നു.

പുസ്തകത്തിൽ നിന്ന്:

യഥാർത്ഥ ഇന്ത്യയെ അറിയണം.

'ചേട്ടാ ഇപ്പോൾ നാട്ടിലെ റോഡിലൊക്കെ ഓഡിയും ബെൻസും ബി.എം.ഡബ്ല്യു.യും ഒക്കെയേ ഉള്ളു. മാരുതിയും അംബാസിഡറും ഒന്നും കാണാനേ ഇല്ല'. ഒരു സുഹൃത്ത് നാട്ടിൽ പോയി വന്നിട്ടു പറഞ്ഞതാണ്. നൂറു വണ്ടികൾക്കിടയിൽ കണ്ട ഒന്നോ, രണ്ടോ ആഡംബരകാറുകൾ കണ്ടിട്ടാണ് സുഹൃത്ത് ഇങ്ങനെ പറഞ്ഞത് എന്ന് പറയേണ്ടതില്ലല്ലോ? നാട്ടിലെ നിരത്തിൽ ഇറങ്ങിയാൽ ഓട്ടോറിക്ഷയും മോട്ടോർബൈക്കുകളും പെട്ടി ഓട്ടോറിക്ഷായും ഒക്കെയല്ലേ കൂടുതൽ കാണുക?

ഇന്ത്യയിലെ വികസനത്തിന്റെ കാര്യങ്ങൾ പറയുമ്പോഴും ഇങ്ങനെയാണ്. ബാംഗ്ലൂർ, മുംബൈ, കൊച്ചി, തിരുവനന്തപുരം, ഡൽഹി എന്നീ സ്ഥലങ്ങളിലുള്ള ഇൻഫർമേഷൻ ടെക്‌നോളജിയുടെ വികസനം കണ്ടിട്ട് ഇന്ത്യ കുതിക്കുന്നു എന്നു പറഞ്ഞാൽ യഥാർത്ഥ്യത്തോട് ഒട്ടും നീതി പുലർത്തുന്നില്ല എന്നു വേണം അനുമാനിക്കാൻ. ഇന്ത്യയെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം കിട്ടിയത്, ഇന്ത്യക്ക് വെളിയിൽ ജീവിക്കാൻ തുടങ്ങിയിട്ടാണ് എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തി ഇല്ല. ബോംബയിലും കൊൽക്കത്തയിലുമുള്ള ചേരികളുടെ ദുരവസ്ത, ഇന്ത്യയിൽ ജീവിച്ചപ്പോൾ ഒരിക്കലും അറിഞ്ഞിരുന്നില്ല. ആരും പറഞ്ഞിട്ടുമില്ല, എങ്ങും വായിച്ചിട്ടുമില്ല. ഇതുപോലെ എത്രയോ യാഥാർത്ഥ്യങ്ങൾ.

ഇന്ത്യയെക്കുറിച്ച് അഭിമാനിക്കാൻ വളരെ കാര്യങ്ങൾ ഉണ്ട്, ഒരു ഭാരതീയൻ എന്നതിൽ അങ്ങേയറ്റം അഭിമാനവുമുണ്ട്. എന്നാൽ ചില കാര്യങ്ങളിൽ അപമാനം കൊണ്ട് തലകുനിച്ചു പോകാറുണ്ട്. രണ്ട് അനുഭവങ്ങളാണു പറയുന്നത്.

2011-ൽ ബ്രസ്സൽസിൽ നടന്ന യൂറോപ്യൻ ഇന്നോവേഷമ് കൺവൻഷനിൽ, പ്രത്യേക ക്ഷണിതാക്കളായി രണ്ട് ഇന്ത്യാക്കാരുണ്ടായിരുന്നു. ഒന്ന് ഇന്ത്യയിലെ കമ്യൂണിക്കേഷൻ റെവല്യൂഷന്റെ നായകൻ സാം പിത്രോദ, പിന്നെ ബയോകോൺ എന്ന കമ്പനിയുടെ സിഇഒ. കിരൺ മജുംദാർ. ഇവരായിരുന്നു ഇന്നോവേഷൻ കൺവെൻഷനിലെ താരങ്ങൾ. രണ്ടു പേരും ഇന്ത്യയിലെ അടുത്ത കാലത്തുണ്ടായ സാമ്പത്തികകുതിപ്പും ടെക്‌നോളജിയിൽ ഇന്ത്യാക്കാരുടെ സംഭാവനകളും എല്ലാം നന്നായി അവതരിപ്പിച്ചു. ഇന്നോവേഷനിൽ ഇന്ത്യയാണ് അടുത്ത ലീഡർ എന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ അവർ നന്നായി സമർഥിച്ചു. ഇന്ത്യാക്കാരൻ എന്നുള്ളതിൽ അങ്ങേയറ്റം അഭിമാനം തോന്നിയ നിമിഷങ്ങൾ.

2013 ജൂണിൽ ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിൽ നടന്ന ഒരു ഇന്റർനാഷണൽ കോൺഫറൻസിൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസർ ഹോഫ്മാൻ അവതരിപ്പിച്ച പ്രബന്ധം 'തുറസ്സായ മലവിസർജനവും നിവാരണ മാർഗ്ഗങ്ങളും' ആയിരുന്നു. ഇന്ത്യയിൽ 590 മില്ല്യൻ ആൾക്കാർ, അതായത് ഏകദേശം ആകെയുള്ള ജനസംഖ്യയുടെ പകുതിയോളം, തുറസ്സായ സ്ഥലങ്ങളിലാണ് മലവിസർജനം ചെയ്യുന്നതെന്നും, ലോകത്തിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഇങ്ങനെ ചെയ്യുന്നത് ഇന്ത്യയിൽ ആണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ റെയിൽവേ ട്രാക്കുകളിലും നദിയുടെ കരയിലും മറ്റും ഇരുന്നു മലവിസർജനം ചെയ്യുന്ന കുറെ ചിത്രങ്ങളും കാണിച്ചു. 300 പേർ പങ്കെടുത്ത കോൺഫറൻസിൽ, ഇന്ത്യൻ വംശജനായി ഞാൻ മാത്രമേ ഉണ്ടായുള്ളു. അപമാനം കൊണ്ട് തല കുനിഞ്ഞുപോയ നിമിഷങ്ങൾ.

യഥാർത്ഥ ഇന്ത്യ മുകളിൽ പറഞ്ഞത് രണ്ടും കൂടി കൂടിയതാണ്. എന്നാൽ, നമ്മളിൽ പലരും പുരോഗതിയെക്കുറിച്ചു മാത്രം പറയാനും രണ്ടാമതു പറഞ്ഞ കാര്യങ്ങൾ അറിയാനും ചർച്ച നടത്താനും ഇഷ്ടമില്ലാത്തവരുമാണ്. വടക്കേ ഇന്ത്യയിൽ നടക്കുന്ന ബലാൽസംഗങ്ങളിൽ പലതും പെൺകുട്ടികൾ ഒറ്റയ്ക്ക് മലവിസർജനം ചെയ്യാനായി അടുത്തുള്ള കാട്ടിലോ തോട്ടത്തിലോ ഒക്കെ പോകുമ്പോഴാണ് എന്ന വാർത്ത വളരെ ഞെട്ടലോടെയാണു വായിച്ചത്. കോടികൾ മുടക്കി അമ്പലങ്ങളും പള്ളികളും പണിയുന്നതിനു പകരം നൂറ് കക്കൂസ് പണിതാൽ അതായിരിക്കും ദൈവത്തിന്റെ മുൻപിലെ പുണ്യപ്രവർത്തി എന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്.

തന്മാത്രം
സുരേഷ് സി. പിള്ള
താമര-ഇന്ദുലേഖ മീഡിയ നെറ്റ്‌വർക്ക്
2016, വില: 160 രൂപ 

ഷാജി ജേക്കബ്‌    
കേരള സര്‍വകലാശാലയില്‍ ഗവേഷകവിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില്‍ തുടര്‍ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്‌കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്‍ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില്‍ ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള്‍ പുറത്തുവന്നിട്ടുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കറണ്ട് സിറാജുമായി ഭാര്യയുടെ അവിഹിതം കണ്ടുപിടിച്ചതോടെ മൊഴിചൊല്ലി ഒതുങ്ങിക്കൂടി വ്യാപാരി; ഒരാഴ്ചമുമ്പ് ഉണ്ടായ തർക്കത്തിന് പകരം വീട്ടാനെത്തി പട്ടികകൊണ്ട് തല്ലിയതോടെ തിരിച്ചും ആക്രമിച്ച് റഷീദ്; പൊലീസിനെ ആക്രമിച്ച കേസിലുൾപ്പെടെ പ്രതിയായ സിറാജ് കൊല്ലപ്പെട്ടതിൽ റഷീദിന്റെ പക്ഷത്താണ് ന്യായമെന്ന് വാണിമേലുകാർ
48 മണിക്കൂർ എന്നുപറഞ്ഞ് തുടങ്ങിയ സത്യാഗ്രഹം അനിശ്ചിതകാലമാക്കി സുധാകരൻ; ഗാന്ധിയൻ സമരത്തിന് ഒഴുകിയെത്തി നൂറുകണക്കിന് പ്രവർത്തകർ; വലുപ്പംകൂട്ടിയിട്ടും പന്തൽ നിറഞ്ഞുകവിഞ്ഞ് മുസ്‌ളീം സ്ത്രീകളുൾപ്പെടെ; കണ്ണൂർ സാക്ഷിയാവുന്നത് കോൺഗ്രസ് ഗ്രൂപ്പ് വൈരം മറികടന്ന് ഷുഹൈബിന്റെ കൊലയ്ക്ക് നീതിതേടിയുള്ള വൻ ജനമുന്നേറ്റത്തിന്
90 കളിൽ എതിരാളികളെ വക വരുത്തിയത് 'കാൽ വെട്ടു സംഘം'; കുടൽമാല പുറത്താക്കി മണ്ണ് വാരി ഇട്ടും മുഖം വെട്ടിക്കീറിയും കൊലകൾ; ദേഹമാസകലം പഴുത്തുള്ള ക്രൂര മരണം ഒഴിവാക്കൻ എസ് കത്തിയെത്തി; ഷുഹൈബിനെ കൊന്നത് അക്രമ രാഷ്ട്രീയം തലക്കു പിടിച്ച് അഴിഞ്ഞാടുന്ന ചാവേറുകൾ; കാൽവെട്ടി വൈകല്യം വരുത്താനുള്ള തീരുമാനം അട്ടിമറിച്ചത് സിഐടിയുക്കാരനും; മട്ടന്നൂരിലെ കൊലയിൽ ജില്ലാ നേതൃത്വം ഒന്നും അറിഞ്ഞില്ലെന്ന് ജയരാജൻ; സിബിഐയെ എത്തിക്കാനുറച്ച് സുധാകരനും
ഞാൻ മുസ്‌ളീമാണ്... മുസ്‌ളീമായി ജീവിക്കണം; അനുഭവിച്ച പീഡനങ്ങൾക്ക് നഷ്ടപരിഹാരം വേണം; നിരീശ്വരവാദിയായ അച്ഛൻ എന്നെ എതിർക്കുന്നത് ചിലരുടെ സ്വാധീനത്തിന് വഴങ്ങി; കുമ്മനവും രാഹുൽ ഈശ്വറും വീട്ടിലെത്തി അച്ഛനെ കണ്ടു; ഇസ്‌ളാം മതം ഉപേക്ഷിക്കാൻ പലരും ഭീഷണിപ്പെടുത്തി: ആവശ്യങ്ങളും ആക്ഷേപങ്ങളും എണ്ണിപ്പറഞ്ഞ് സുപ്രീംകോടതിയിൽ ഹാദിയ
കയർ കയറ്റുമതി ചെയ്ത് മുതലാളിയായപ്പോൾ തൊഴിലാളി സമരങ്ങളെയും പൊളിച്ച കുപ്രസിദ്ധൻ; രാഷ്ട്രീയ ഭേദമന്യേ എംഎൽഎമാരുടെയും മന്ത്രിമാരുടെയും സ്വന്തം 'ഹരിദാസ് മുതലാളി'; ഒരു രൂപ അധികം കൂലി ചോദിച്ച തെങ്ങുകയറ്റ തൊഴിലാളിയോട് പകരം വീട്ടിയത് സ്വന്തം പറമ്പിലെ തെങ്ങുകൾ വെട്ടിനിരത്തി! നഴ്‌സുമാരുടെ സമരം അടിച്ചമർത്താൻ കെവി എം മുതലാളി സർക്കാറിനെ വരുതിയിൽ നിർത്തുന്നത് കാശിന്റെ ഹുങ്കിൽ തന്നെ
'എന്റെ ചിത്രങ്ങൾ കിട്ടുവാൻ നിങ്ങൾ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ആശ്രയിക്കേണ്ടതില്ല; നിങ്ങൾ ഫേസ്‌ബുക്കിൽ കണ്ട് മടുക്കാത്തതായിട്ട് ഒരെണ്ണവും ഇല്ല; ഇന്റർനെറ്റിന്റെ മറവിലിരുന്ന് സമൂഹ മാധ്യമങ്ങളിൽ കൂടെ പിതൃശൂന്യ പ്രവർത്തനം നടത്തുന്നവർക്കെതിരായുള്ള എന്റെ പ്രതിഷേധമായി ഈ കുറിപ്പിനെ കാണണം'; സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി അഡാർ ലൗ നടി ജിപ്‌സ ബീഗം
ഇവർ കസ്റ്റംസ് അധികാരികളോ.. അതോ കൊള്ളക്കാരോ? പ്രവാസികളുടെ ബാഗ് തുറന്ന് സാധനങ്ങൾ മോഷ്ടിക്കുന്നത് കരിപ്പൂർ വിമാനത്താവളത്തിലെ പതിവ് പരിപാടി; പരിശോധന കഴിഞ്ഞ് ബാഗേജ് ലഭിച്ചപ്പോൾ യാത്രക്കാർക്ക് നഷ്ടമായത് രണ്ട് പവന്റെ സ്വർണാഭരണങ്ങളും വാച്ചും മൊബൈലും അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങൾ; എയർപോർട്ട് അധികാരികളുടെ കൊള്ളയടി തുറന്നു കാട്ടി പ്രവാസികളുടെ വീഡിയോ
രാത്രിയിലെ ഒച്ചപ്പാട്‌ കേട്ട് ഓടിയെത്തി; വനിതാ സുഹൃത്തിനെ അച്ചൻ ഉപദ്രവിക്കുന്നത് കണ്ടത് കതകിന്റെ വിടവിലൂടെ; മർദ്ദിച്ചത് വിവാഹം കഴിച്ചേ മതിയാകൂവെന്ന് വികാരിയോട് നിർബന്ധിച്ചപ്പോൾ; കരണത്ത് പരിക്കുമായി നേരേ പോയത് ആശുപത്രിയിൽ ചികിൽസ തേടിയും; 42കാരിയായ ബംഗ്ലാദേശിനിയുടെ ഭർത്താവല്ല താനെന്നും കെന്നഡിയുടെ മൊഴി; വികാരി തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ തന്നെ
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
ഭാവനയുടെ വിവാഹത്തിന് ഇന്നസെന്റിനും അമ്മ ഭാരവാഹികൾക്കും ക്ഷണമില്ല; ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം; ലുലു കൺവെൻഷൻ സെന്ററിലെത്തിയ മെഗാ സ്റ്റാർ വധൂവരന്മാരെ കണ്ട് നിമിഷങ്ങൾക്കകം മടങ്ങി; ഭാര്യക്കൊപ്പം ചടങ്ങിൽ സംബന്ധിച്ച് പൃഥ്വിരാജ്; ആട്ടവും പാട്ടുമായി വധൂവരന്മാരെ സ്വീകരിച്ച് ആദ്യാവസാനം വരെ ഒപ്പം നിന്ന് മഞ്ജുവാര്യരും സയനോരയും ഷംന കാസിം അടങ്ങുന്ന കൂട്ടുകാരുടെ സംഘം
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ