Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വായനക്കാരൻ എന്ന നിലയിൽ പി ഗോവിന്ദപ്പിള്ളയുടെ ജീവിതം

വായനക്കാരൻ എന്ന നിലയിൽ പി ഗോവിന്ദപ്പിള്ളയുടെ ജീവിതം

ഷാജി ജേക്കബ്

'ഒരച്ഛൻ മകൾക്കെഴുതിയ കത്തുക'ളാണ് അച്ഛൻ തനിക്ക് വായിക്കാൻ തന്ന ആദ്യപുസ്തകങ്ങളിലൊന്ന് എന്നു സൂചിപ്പിക്കുന്നുണ്ട്. പി. ഗോവിന്ദപ്പിള്ളയെക്കുറിച്ചുള്ള ഈ പുസ്തകത്തിൽ അദ്ദേഹത്തിന്റെ മകനും പ്രശസ്ത മാദ്ധ്യമപ്രവർത്തകനുമായ രാധാകൃഷ്ണൻ എം.ജി. ഒരു മകൻ, അച്ഛനെക്കുറിച്ചെഴുതിയ കുറിപ്പുകളെന്ന നിലയിൽ ഈ പുസ്തകം പുലർത്തുന്ന കാവ്യനീതിയും അതുതന്നെയാണ്. പ്രസംഗിച്ചും പഠിപ്പിച്ചും ആടിയും പാടിയും കൊതിതീരാതെ മരിച്ചുപോകുന്ന പല വലിയ മനുഷ്യരെയും പോലെ വായിച്ചു കൊതിതീരാതെ മരിച്ചുപോയ തന്റെ അച്ഛനെ രാധാകൃഷ്ണൻ വായിക്കുന്ന ശ്രദ്ധേയമായ പുസ്തകമാണിത്.

രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ജീവിതങ്ങളിൽ പി.ജി. കടന്നുപോന്ന കൈവഴികളും പെരുവഴികളും വരച്ചിടുന്ന രാധാകൃഷ്ണൻ അവസാനകാലത്ത് പി.ജി. പിന്നിട്ട ശാരീരികമായ അവശതകളും അവ അദ്ദേഹത്തെ വായനയിൽ നിന്നകറ്റിയതിന്റെ ദുരന്തങ്ങളും ഹൃദയസ്പർശിയാംവിധം വിവരിക്കുന്നു. ചരിത്രപരംതന്നെയായ കാരണങ്ങളാൽ പിതാക്കന്മാരെക്കാൾ പ്രസിദ്ധരായ പുത്രന്മാരുടെ തലമുറയായിരുന്നുവല്ലോ പി. ഗോവിന്ദപ്പിള്ളയുടേത്. പുത്രരെക്കാൾ പ്രസിദ്ധരായ പിതാക്കളായും അവർ ചരിത്രത്തിൽ ബാക്കിയാവുന്നതിന്റെ രേഖയായിക്കൂടി ഈ പുസ്തകം വായിക്കപ്പെടും.

നവോത്ഥാനാധുനികതയുടെ മുഴുവൻ സാംസ്‌കാരിക മണ്ഡലങ്ങളിലും വ്യാപരിച്ച്, രാഷ്ട്രീയം മുതൽ സാഹിത്യം വരെയും കല മുതൽ ശാസ്ത്രംവരെയും മതം മുതൽ തത്വചിന്തവരെയുമുള്ള മേഖലകളേതും തങ്ങളുടെ വൈജ്ഞാനികവും വൈകാരികവുമായ അനുഭൂതികളുടെ മേച്ചിൽപ്പുറങ്ങളാക്കി മാറ്റിയ ഒരു തലമുറയുടെ പ്രതിനിധിയാണ് പി. ഗോവിന്ദപ്പിള്ള. ഒരുപക്ഷെ കഴിഞ്ഞ അരനൂറ്റാണ്ടുകാലം, വിശേഷിച്ചും ആഗോളവൽക്കരണത്തിന്റെ കാൽനൂറ്റാണ്ടുകാലം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ പരക്കെ സ്വീകാര്യത ലഭിച്ച ഏക മാർക്‌സിസ്റ്റ് ബുദ്ധിജീവിയെന്ന നിലയിലുള്ള പി.ജി.യുടെ സാമൂഹ്യജീവിതത്തെക്കുറിച്ചു മാത്രമല്ല, പാർട്ടിക്കുള്ളിലും പുറത്തും അദ്ദേഹമനുഭവിച്ച (ചിന്തയുടെയും വാക്കുകളുടെയും സ്വാതന്ത്ര്യങ്ങളും അസ്വാതന്ത്ര്യങ്ങളും ഇഴപിരിഞ്ഞാടിയ) രാഷ്ട്രീയജീവിതത്തെക്കുറിച്ചുമുള്ള ഒന്നാന്തരം ഒരു ഓർമ്മപ്പുസ്തകമാണിത്. ഒപ്പം, മറ്റാരും പറയാത്ത, പി.ജി.യുടെ സ്വകാര്യ-വൈകാരിക ജീവിതത്തിന്റെ കൊച്ചുകൊച്ചു സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും കാവ്യപുസ്തകവും.

വായന, ചിന്തയ്ക്കു സ്വാതന്ത്ര്യം നൽകിയ ഗോവിന്ദപ്പിള്ളയെക്കുറിച്ച് അങ്ങേയറ്റം ആത്മനിഷ്ഠവും അതേസമയംതന്നെ ചരിത്രബദ്ധവുമായി രാധാകൃഷ്ണനെഴുതിയ നീണ്ട മൂന്നു കുറിപ്പുകളും അദ്ദേഹവുമായി നടത്തിയ ഒരഭിമുഖവുമാണ് ഈ പുസ്തകത്തിലുള്ളത്. പി.ജി.യുടെ പ്രത്യക്ഷരാഷ്ട്രീയ ജീവിതത്തിന്റെ കയറ്റിറക്കങ്ങളെക്കാൾ രാധാകൃഷ്ണൻ ഊന്നൽ നൽകുന്നത് അദ്ദേഹത്തിന്റെ ബൗദ്ധിക-സാംസ്‌കാരിക ജീവിതത്തെയും രാഷ്ട്രീയബോധത്തെയും നിർണയിച്ച വായനയുടെ അസാധാരണമായ ഭാവമണ്ഡലത്തിനാണ്. പുസ്തകങ്ങളും പത്രങ്ങളും ആനുകാലികങ്ങളും കൊണ്ടു നിറഞ്ഞ വീടും രാപകലുകളും മാത്രമല്ല, അച്ഛന്റെ വായനാഭ്രമം തന്റെ ജീവിതത്തിൽ സൃഷ്ടിച്ച മാറ്റങ്ങളും മുന്നേറ്റങ്ങളും തിരിച്ചറിവുകളും മുതൽ മറക്കാനാവാത്ത സങ്കടങ്ങളുംവരെ രാധാകൃഷ്ണൻ ഓർത്തെടുത്തെഴുതുന്നു.

ആറുപതിറ്റാണ്ടു നീണ്ട പി.ജി.യുടെ സജീവ രാഷ്ട്രീയജീവിതം തുടക്കം മുതൽ ഒടുക്കംവരെ ഒരു സാംസ്‌കാരിക ജീവിതംകൂടിയായിരുന്നു. കമ്യൂണിസ്റ്റായി തുടങ്ങി, വളരെവേഗം കമ്യൂണിസ്റ്റ് വിരുദ്ധരായി മാറിയവരാണ് കേരളത്തിലെ ആധുനിക ബുദ്ധിജീവികളിൽ ബഹുഭൂരിപക്ഷവും. കോൺഗ്രസിൽ തുടങ്ങി, കമ്യൂണിസത്തിലേക്കു കൂറുമാറിയ പി.ജി.യുടെ ബൗദ്ധികജീവിതമാകട്ടെ, പലപ്പോഴും പാർട്ടിസർവാധിപത്യത്തിനും ജനാധിപത്യത്തിനുമിടയിൽ; പ്രത്യയശാസ്ത്രവരട്ടുവാദത്തിനും ഉദാരമാനവികതാവാദത്തിനുമിടയിൽ അപാരമായ ആത്മസംഘർഷമനുഭവിച്ചു മുന്നോട്ടുപോയ ഒന്നായിരുന്നു. ആത്മീയവാദത്തോട് ഒരിക്കലും കലഹിക്കാതെതന്നെ വൈരുധ്യാത്മക ഭൗതികവാദത്തിൽ വിശ്വസിച്ചു, പി.ജി. ജനാധിപത്യ പ്രക്ഷോഭങ്ങളെ ഒരിക്കലും തള്ളിപ്പറയാതെതന്നെ ആഗോള കമ്യൂണിസ്റ്റ് സർവാധിപത്യങ്ങളെ വിശദീകരിച്ചു, അദ്ദേഹം. പാർട്ടിശത്രുക്കളെ, അവരുടെ ജീവിതശുദ്ധിയുടെയും ആദർശബോധത്തിന്റെയും പേരിൽ രാഷ്ട്രീയമായി ന്യായീകരിക്കുകയും വ്യക്തിപരമായി സംരക്ഷിക്കുകയും ചെയ്തു. ജലവൈദ്യുതപദ്ധതികൾ മുതൽ ആണവനിലയങ്ങൾവരെയുള്ള വിഷയങ്ങളിൽ സിപിഎമ്മിന്റെ 'വികസന'രാഷ്ട്രീയത്തെ, 'അതുപറയുന്നത് കാൾമാർക്‌സാണെങ്കിൽപോലും ഞാൻ എതിർക്കും' എന്നു പരസ്യമായി പ്രഖ്യാപിച്ചു രംഗത്തുവന്നു, പി.ജി. ജനാധിപത്യമുഖമുള്ള കമ്യൂണിസ്റ്റ് ബുദ്ധിജീവി എന്ന നിലയിൽ കേരളത്തിൽ പരക്കെ അംഗീകാരം ലഭിച്ചപ്പോൾതന്നെ (ഒരുപക്ഷെ അതുകൊണ്ടുതന്നെ!) 1970 കളുടെ അവസാനം മുതലുള്ള മൂന്നര പതിറ്റാണ്ടുകാലവും ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് എന്ന നിലയിൽ പാർട്ടിനടപടികൾക്കു വിധേയനായി അദ്ദേഹം. തന്റെ രാഷ്ട്രീയജീവിതം ബൗദ്ധികമോ പ്രത്യയശാസ്ത്രപരമോ സംഘടനാപരമോ ആയ അടിമത്തമാകുന്നതിൽനിന്ന് പി.ജി.യെ തടഞ്ഞത് അദ്ദേഹം വായിച്ചും അറിഞ്ഞും സൃഷ്ടിച്ച ലോകബോധമായിരുന്നുവെന്ന് ഈ പുസ്തകം അടിവരയിട്ടു പറയുന്നു.

രാഷ്ട്രീയം, തത്വചിന്ത, ശാസ്ത്രം, മതം, യുക്തിവാദം, സാഹിത്യം, കല, സൗന്ദര്യശാസ്ത്രം, സിനിമ..... പി.ജി.യുടെ ഇഷ്ടലോകങ്ങൾ അനന്തമായി നീണ്ടു. സ്പോർട്സ് ഒഴികെ ഒരു വിഷയത്തോടും മരിക്കുംവരെ പി.ജി. ക്ക് ജ്ഞാനാസക്തി അടങ്ങിയിരുന്നില്ല എന്നു പറയും, രാധാകൃഷ്ണൻ. കേരളത്തിലെതന്നെ ഏറ്റവും വലിയ സ്വകാര്യലൈബ്രറി അദ്ദേഹത്തിനുണ്ടായത്, ജീവിതകാലം മുഴുവൻ മറ്റൊന്നും സമ്പാദിക്കാൻ അദ്ദേഹം കൂട്ടാക്കാത്തതുകൊണ്ടാണ്. മാർക്‌സിയൻ സൗന്ദര്യശാസ്ത്രം മുതൽ നവോത്ഥാനപഠനംവരെ; വൈജ്ഞാനികവിപ്ലവചരിത്രം മുതൽ ശാസ്ത്രസാഹിത്യപഠനങ്ങൾവരെ; പാർട്ടികകത്തും പുറത്തുമുള്ള മറ്റാരെക്കാളും നന്നായി വായിച്ചും എഴുതിയും മലയാളിയുടെ രാഷ്ട്രീയ, വൈജ്ഞാനിക മണ്ഡലത്തെ കഴിഞ്ഞ നാലു പതിറ്റാണ്ടിലധികം സമ്പന്നമാക്കിയവരിലൊരാൾ പി.ജി.യായിരുന്നു. ആധുനികാനന്തര മാർക്‌സിയൻ വൈജ്ഞാനിക മേഖലകളിലൊന്നായി കരുതപ്പെട്ട സാംസ്‌കാരികപഠനം (Cultural Studie) ഇന്ത്യയിലാദ്യമായി ഒരു സർവകലാശാലയിൽ ആരംഭിക്കുന്നതുപോലും പി.ജി. തയ്യാറാക്കിയ പാഠ്യപദ്ധതിയും പഠനക്രമവും വിഷയാവതരണവും നേതൃത്വവും വഴിയായിരുന്നു.

കേരളത്തിലെ ഏറ്റവും പ്രശസ്തമായ കമ്യൂണിസ്റ്റ് കുടുംബത്തിലെ അംഗം, ഏറ്റവും കുറഞ്ഞ പ്രായത്തിൽ തിരു-കൊച്ചി നിയമസഭയിലെത്തിയ പ്രതിനിധി, ഒന്നാം കേരളനിയമസഭയിൽ എംഎ‍ൽഎ., 1964 ലെ പിളർപ്പിൽ, ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും ഒന്നടങ്കം സിപിഐ.യിൽ നിലയുറപ്പിച്ചപ്പോഴും, ഇ.എം.എസിനോടുള്ള വ്യക്തിബന്ധം മൂലം സിപിഎമ്മിൽ എത്തിയ രാഷ്ട്രീയപ്രവർത്തകൻ.... പി.ജി.യുടെ രാഷ്ട്രീയജീവിതം നിയമസഭകൾക്കകത്തും പുറത്തും സംഭവബഹുലമായിരുന്നു.

സന്യാസജീവിതത്തിലേക്കു വഴിതിരിഞ്ഞുപോകാവുന്നവിധം, ആഗമാനന്ദന്റെ ആശ്രമത്തിൽ എത്തിച്ചേർന്ന ബാല്യം, അടുത്ത സൂഹൃത്തുക്കളെല്ലാം കമ്യൂണിസ്റ്റായപ്പോഴും ദേശീയ കോൺഗ്രസിൽ ഉറച്ചുനിന്ന കൗമാരം, ബോംബെയിലും പിന്നീടു നാട്ടിലും വീറുറ്റ കമ്യൂണിസ്റ്റായി ജീവിച്ച യൗവ്വനം - പി.ജി.യുടെ രാഷ്ട്രീയജീവിതം ഒരുപാട് വൈരുധ്യങ്ങൾ നിറഞ്ഞതുമായിരുന്നു. സിപിഐ(എം). രൂപീകരണത്തെ തുടർന്നുള്ള അരനൂറ്റാണ്ടിലധികം നീണ്ട സജീവ രാഷ്ട്രീയപ്രവർത്തനമാകട്ടെ, രണ്ടുഘട്ടങ്ങളായി തിരിയുന്നു. ആദ്യപകുതി രാഷ്ട്രീയമായി വലിയ കോളിളക്കങ്ങളൊന്നുമില്ലാത്ത കാലമായിരുന്നുവെങ്കിൽ, രണ്ടാം പകുതി അങ്ങനെയായിരുന്നില്ല. പാർട്ടിക്കകത്തെ ബൗദ്ധിക, സാംസ്‌കാരിക മണ്ഡലങ്ങളിൽ ഇ.എം.എസ്. കഴിഞ്ഞാൽ ഏറ്റവും സ്വാധീനശക്തിയുണ്ടായിരുന്നത് പി.ജി.ക്കാണ്. ജനാധിപത്യത്തിന്റെ കാറ്റും വെളിച്ചവും കടന്നാൽ കമ്യൂണിസ്റ്റ് പാർട്ടികൾ നിലനിൽക്കുകയില്ല എന്ന പ്രപഞ്ചസത്യം തിരിച്ചറിഞ്ഞിരുന്നുവെന്നതാണ് പി.ജി.യെ അന്നും എന്നും ആത്മസംഘർഷത്തിലും രാഷ്ട്രീയസംഘർഷത്തിലും എത്തിച്ചത്.

സൈലന്റ്‌വാലി മുതൽ നന്ദിഗ്രാം വരെ- ഒരു ഘട്ടത്തിലും തന്റെ ആശങ്കകൾ പി.ജി. ഒളിച്ചുവച്ചില്ല. ഇത്തരം രാഷ്ട്രീയനിലപാടുകളിലേക്കും അതു സൃഷ്ടിച്ച സാംസ്‌കാരിക നിലപാടുകളിലേക്കും പി.ജി.യെ നയിച്ചത് അദ്ദേഹത്തിന്റെ അസാധാരണമായ വൈജ്ഞാനികാന്വേഷണത്വരയും അതിനെ ജ്വലിപ്പിച്ചുനിർത്തിയ വായനയും അതു തുറന്നിട്ട വിശാലമായ ലോകവുമായിരുന്നു. പി.ജി.യുടെ ജീവിതത്തിലെ അസാധാരണമായ രാഷ്ട്രീയ, സാംസ്‌കാരിക സംവാദങ്ങളും സംഘർഷങ്ങളും ഒന്നൊന്നായി മറനീക്കുന്നു, രാധാകൃഷ്ണൻ. ആത്മീയതയും മാർക്‌സിസവും ഒന്നിച്ചുകൊണ്ടുപോയതിന്റെ സാംഗത്യം, മതവിശ്വാസവും കമ്യൂണിസവും തമ്മിലിടയാതെ നിലനിർത്തിയതിന്റെ യുക്തി, സൈലന്റ്‌വാലി പ്രശ്‌നത്തിൽ പാർട്ടിഘടകങ്ങൾക്കെതിരെ 

കൈക്കൊണ്ട നിലപാടുകളുടെ സാധുത, വ്യക്തികൾക്കുവേണ്ടി രാഷ്ട്രീയസംഘടനകളെയും രാഷ്ട്രീയത്തിനുവേണ്ടി വ്യക്തിബന്ധങ്ങളെയും മറികടക്കാൻ കഴിഞ്ഞതിന്റെ വിശദീകരണം, നക്‌സലൈറ്റ് പ്രസ്ഥാനത്തിൽപെട്ട പലരുമായി ആജന്മം സൂക്ഷിച്ച ആത്മബന്ധങ്ങളുടെ ആർജവം, ടിയാനന്മെൻസ്‌ക്വയർ-സോവിയറ്റ് ശൈഥില്യം തുടങ്ങിയ സന്ദർഭങ്ങളിൽ സ്വീകരിച്ച സ്‌ഫോടനാത്മകമായ നിലപാടുകളുടെ പ്രസക്തി, ഇ.എം.എസ്. ഉൾപ്പെടെയുള്ളവർ കൈക്കൊണ്ട രാഷ്ട്രീയ- സാംസ്‌കാരിക നയങ്ങൾ തെറ്റെന്നുകണ്ടാൽ തിരുത്താനും വേണ്ടിവന്നാൽ തുറന്നെതിർക്കാനും കാണിച്ചുപോന്ന തന്റേടം.... പി.ജി.യുടെ ജീവിതം ഒരു തുറന്ന പുസ്തകംപോലെയായിരുന്നു. പക്ഷെ അദ്ദേഹം വായിച്ചറിഞ്ഞ ലോകങ്ങളോടു മാത്രമല്ല, അദ്ദേഹം വായിച്ച പുസ്തകങ്ങളോടുപോലും പ്രതികരിക്കാനോ അവ എന്തുചെയ്യണമെന്നു ചിന്തിക്കാനോ മെനക്കെടാതെ നാം പി.ജി. സൃഷ്ടിച്ച സാംസ്‌കാരികമൂലധനം പാഴാക്കുകയാണോ? ഇ.എം.എസ്. അക്കാദമിയുടെ ദുരവസ്ഥതന്നെയാവുമോ പി.ജി.യുടെ വിജ്ഞാനലോകത്തെയും കാത്തിരിക്കുന്നത്? ഈ പുസ്തകത്തിൽ രാധാകൃഷ്ണൻ പറയാതെ പറയുന്ന രാഷ്ട്രീയസത്യവും വസ്തുതയും മറ്റൊന്നല്ല.

പുസ്തകത്തിൽ നിന്ന്:

ന്നിനെയും പേടിക്കാത്ത, ഒരു രോഗത്തെയും കൂസാത്ത അച്ഛൻ ഏറുന്ന കാഴ്ചക്കുറവിനെ വല്ലാതെ ഭയന്നു. വായിക്കാൻ പറ്റാതെയാകുമോ എന്നതാണ് തന്റെ ഏക ഭയമെന്ന് പണ്ടേ പറഞ്ഞിട്ടുണ്ട്. തിമിരശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും വലിയ ഗുണമുണ്ടായില്ല. മാത്രമല്ല ആദ്യം ഡോ. മീന ചക്രവർത്തിയുടെ ശസ്ത്രക്രിയയ്ക്കുശേഷം രണ്ടാം കണ്ണിൽ വാസൻ ഐ കെയർ ആശുപത്രിയിൽ അടുത്ത ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ അപ്രതീക്ഷിതമായ മറ്റൊരു വൻ ആഘാതം നേരിട്ടു. 2007 സപ്തംബറിൽ നടന്ന ശസ്ത്രക്രിയയുടെ പിറ്റേന്ന് വൈകീട്ടായപ്പോൾ ചെവിയിൽ അസഹ്യമായൊരു മൂളൽ എന്ന് അച്ഛൻ പറഞ്ഞു. ഉടൻ ഞങ്ങൾ അച്ഛനുമായി വീടിനു സമീപത്തുള്ള അനന്തപുരി ആശുപത്രിയിലെ ഞങ്ങളുടെ കുടുംബസുഹൃത്തായ ഇ.എൻ.ടി. സർജൻ ഡോ. മാധവൻ നായരുടെ സമീപത്തേക്കു പാഞ്ഞു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കുംതന്നെ കേൾവി വല്ലാതെ കുറഞ്ഞിരുന്നു. ചെറുപ്പത്തിൽത്തന്നെ ഒരു ചെവിക്ക് കേൾവി കുറവായതിനാൽ ഒരു ചെവി മാത്രമേ നന്നായി പ്രവർത്തിക്കുമായിരുന്നുള്ളൂ. ഡോ. നായർ പലതരത്തിലുള്ള ശ്രവണസഹായിവച്ച് നോക്കിയിട്ടും വലിയ ഗുണമില്ല. രാത്രി ആയതിനാൽ പിറ്റേന്നു നോക്കാമെന്ന് പറഞ്ഞ് മടങ്ങി. പക്ഷേ, രാത്രി വൈകിയതോടെ ഞങ്ങളെയാകെ സ്തംഭിപ്പിച്ചുകൊണ്ട് അച്ഛന് കേൾവി പൂർണമായും നഷ്ടമായിക്കഴിഞ്ഞിരുന്നു.

ഒറ്റദിവസംകൊണ്ട് പൂർണ ബധിരൻ! അടിയന്തരമായി ബന്ധുക്കളും സുഹൃത്തുക്കളും തമ്മിലും പാർട്ടി നേതൃതലത്തിലും കൂടിയാലോചനകൾ നടന്നു. ഡൽഹിയിൽ ആൾ ഇന്ത്യാ മെഡിക്കൽ സയൻസിലേക്ക് കൊണ്ടുപോകാമെന്ന് നിർദ്ദേശം വന്നു. പക്ഷേ എ.ഐ.എം.എസ്സിലെ പി.കെ.വി.യുടെ അവസാനകാല ചികിത്സയെപ്പറ്റി വലിയ അഭിപ്രായമൊന്നുമില്ലാതിരുന്നതിനാൽ ഞങ്ങൾക്ക് അതിൽ താത്പര്യമില്ലായിരുന്നു. അതിവദഗ്ധരുള്ള ശ്രീചിത്തിരയിൽ പരിശോധന നടത്തിയിട്ടാകാം അതൊക്കെ എന്നായിരുന്നു ഞങ്ങളുടെ അഭിപ്രായം. പക്ഷേ, എന്താണ് പെട്ടെന്നുള്ള ഈ ബാധിര്യത്തിന്റെ കാരണമെന്ന് ഡോക്ടർമാരടക്കം ആർക്കും മനസ്സിലായില്ല. തിമിരശസ്ത്രക്രിയയ്ക്ക് ഇതിൽ പങ്കില്ലെന്ന് അലോപ്പതി ഡോക്ടർമാരെല്ലാവരും തറപ്പിച്ചുപറഞ്ഞു.

അതിദയനീയമായിരുന്നു ആ ദിവസങ്ങളിൽ അച്ഛന്റെയും അത് കണ്ടുനിന്ന ഞങ്ങളുടെയും അവസ്ഥ. എന്നും മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും സംഭാഷണങ്ങളും ഒക്കെ നിറഞ്ഞ ശബ്ദായമാനമായ ലോകത്തുനിന്ന് അച്ഛൻ ശൂന്യതയുടെ അന്ധകാരനഴിയിലേക്ക് മുങ്ങിത്താണുപോകുന്നതുപോലെ തോന്നി. എഴുതി ആശയവിനിമയം ചെയ്യാൻ ഒരു വൈറ്റ് ഫൈബർ ബോർഡ് മുറിയിൽ സ്ഥാപിച്ചു. വലിയ അക്ഷരത്തിൽ എഴുതിയാൽ മാത്രമേ കാണാനാവൂ. അച്ഛൻ കഷ്ടപ്പെട്ട് ബോർഡിൽ എഴുതി ആശയവിനിമയം ചെയ്യുന്നത് കാണാനാവാതെ സന്ദർശകർ പലരും പൊട്ടിക്കരഞ്ഞു. അച്ഛന്റെ ഗതി ഓർത്ത് രാത്രികളിൽ എനിക്ക് ഉറക്കമില്ലാതെയായി. കണ്ണിന്റെ ശേഷി കുറഞ്ഞാൽ വായിച്ചുകേൾപ്പിക്കാമായിരുന്നു. ഇനിയോ? ബുദ്ധിക്ക് ലവലേശം പ്രശ്‌നമില്ലാതിരിക്കുമ്പോൾ കണ്ണും കാതും കേൾക്കാതെ അച്ഛൻ ജീവിച്ചിരിക്കേണ്ടിവരരുതെന്നുപോലും അന്ന് ആഗ്രഹിച്ചുപോയിരുന്നു. പക്ഷേ, അപ്പോഴും അച്ഛൻ മനഃശ്ശക്തി കൈവിട്ടില്ല. ആ ദിവസങ്ങളിൽ ഒരിക്കൽ ആദ്യമായി ഒരു പാട്ടിന്റെ വരി മൂളുന്നത് ഞാൻ കേട്ടു. സംഗീതം വശമില്ലാത്ത തന്റെ പാട്ട് പുറത്ത് കേൾക്കുന്നുണ്ടെന്ന് മനസ്സിലാകാത്തതിനാലാകാം ഉച്ചത്തിൽ മൂളിയതെന്ന് തോന്നുന്നു. 'ദൂരെ ദൂരെ കുന്നിനപ്പുറം കൊട്ടും പാട്ടും കേൾക്കണല്ലോ....' എന്നായിരുന്നു ആ വരി. അതുകേട്ട് എന്റെ ഉള്ള് നുറുങ്ങി.

വായിച്ചുതീരാത്ത അച്ഛൻ
രാധാകൃഷ്ണൻ എം.ജി.
മാതൃഭൂമിബുക്‌സ്
2014, വില : 90 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP