Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവസംരംഭകർക്ക് ഗുണപ്രദമായി മറുനാടൻ മലയാളിയിൽ പുതിയ കോളം തുടങ്ങുന്നു; കോർപ്പറേറ്റ് ട്രെയ്‌നർ ടി എ അജാസിന്റെ കോളത്തിന്റെ ആദ്യലക്കം വായിക്കാം..

യുവസംരംഭകർക്ക് ഗുണപ്രദമായി മറുനാടൻ മലയാളിയിൽ പുതിയ കോളം തുടങ്ങുന്നു; കോർപ്പറേറ്റ് ട്രെയ്‌നർ ടി എ അജാസിന്റെ കോളത്തിന്റെ ആദ്യലക്കം വായിക്കാം..

തിരുവനന്തപുരം: പുതിയ പരിഷ്‌ക്കരണങ്ങളോടെ ഇറങ്ങിയ മറുനാടൻ മലയാളി ഡോട്ട്‌കോമിൽ നേരത്തെ പ്രഖ്യാപിച്ചതു പോലെ കൂടുതൽ വിശദമായ വായനക്കുള്ള അവസരം ഒരുങ്ങുന്നു. നിലവിൽ ആരംഭിച്ച നാല് കോളങ്ങൾ കൂടാതെ ഇന്ന് മുതിൽ പുതിയ ഒരു കോളം കൂടിയാണ് തുടങ്ങുന്നത്. ബിസിനസ് മാനേജുമെന്റും പേഴ്‌സണൽ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് യുവസംരംഭകർക്ക് ഗുണപ്രദമാകുന്ന പ്രതിവാര കോളമാണ് ആരംഭിക്കുന്നത്. കോർപ്പറേറ്റ് ട്രെയ്‌നർ &ലേണിങ് സ്‌കിൽ കോച്ചായ ടി എ അജാസാണ് മറുനാടനിൽ പുതിയ കോളമിസ്റ്റ്.

എട്ട് വർഷമായി കൊച്ചിയിൽ ബിസിനസ് മാനേജ്‌മെന്റ് ട്രെയിനിങ് രംഗത്ത് പ്രവർത്തിക്കുന്ന അജാസ് കോതമംഗലം സ്വദേശിയാണ്. വിവിധ കമ്പനികളുടെ കൺസൾട്ടന്റ് പരിശീലകനായും കോച്ചായും പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ലേണിങ്‌സ്‌കിൽ കോച്ചിങ് നൽകിവരുന്നു. വ്യക്തികളിലും സ്ഥാപനങ്ങളിലും അവർ ആഗ്രഹിക്കുന്ന വിധത്തിൽ ഗുണപരമായമാറ്റം സാധ്യമാക്കുന്ന 'ഓർഗാനിക് ചെയ്ഞ്ച്' എന്ന ആശയം വികസിപ്പിക്കാനായി പരിശ്രമിച്ചുവരുന്ന അജാസിന്റെ കോളം വ്യവസായ സംരംഭകരായ മറുനാടൻ മലയാളിയുടെ വായനക്കാർക്കും ഗുണകരമാകും.

നിലവിൽ മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ കാഴ്‌ച്ചകൾ, പ്രമുഖ മാദ്ധ്യമ നിരൂപകനായ ഷാജി ജേക്കബിന്റെ പുസ്തക വിചാരം, ജയശ്രീ എഴുതുന്ന വാരഫലം, സമൂഹ്യ - രാഷ്ട്രീയ വിഷയങ്ങളെ വിശകലനം ചെയ്യുന്ന ഡെവിൾസ് അഡ്വക്കേറ്റ് തുടങ്ങിയ കോളങ്ങളാണ് മറുനാടൻ മലയാളിയിൽ പ്രസിദ്ധീകരിക്കുന്നത്. ഇതിന് പുറമേയാണ് അജാസിന്റെ പ്രതിവാര കോളവും വായനക്കാരിലേക്കെത്തുന്നത്.'സ്‌റ്റേ ഹംഗ്രി' എന്ന പേരിലാണ് പുതിയ കോളം ആരംഭിക്കുന്നത്. ഒരു പുതിയ സംരംഭം തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും പറയുന്ന അജാസിന്റെ ആദ്യലേഖനം ചുവടെ വായിക്കാം.

ദാക്ഷായണി ബിസ്‌കറ്റ്‌സും ഗൾഫ് മോട്ടോഴ്‌സും: മലയാളിസംരംഭകൻ ഉറപ്പിക്കേണ്ട നാലുതൂണുകൾ

രാജ്യത്താദ്യമായി സംരംഭകത്വദിനം ആഘോഷിച്ചുതുടങ്ങിയ സംസ്ഥാനമാണ് കേരളം. സെപ്റ്റംബർ 12നു അങ്കമാലിയിൽ വച്ചുനടന്ന യങ് എന്റർപ്രനേർസ് സമ്മിറ്റിലെ (YES) യുവസംരംഭകരുടെ പ്രാതിനിധ്യം കാണിക്കുന്നത് നടപ്പുശീലങ്ങൾക്ക് വിരുദ്ധമായി സംരംഭകത്വത്തിലേക്കിറങ്ങാൻ കൂടുതൽ മലയാളികൾ താൽപര്യപ്പെടുന്നു എന്നാണ് . യുവസംരംഭകർക്ക് 40 ലക്ഷം വരെ പലിശരഹിതവായ്പയും ക്യാമ്പസ് സംരംഭകർക്ക് 20% അറ്റൻഡൻസ് ഇളവും 5% ഗ്രേസ്മാർക്കുമടക്കം ആകർഷകമായ വാഗ്ദാനങ്ങളാണ് ചടങ്ങിൽ വാഗ്ദാനം ചെയ്യപ്പെട്ടത്

സംരംഭകത്വമെന്ന് കേൾക്കുമ്പൊഴേ ഗൾഫ് മോട്ടോഴ്‌സും ദാക്ഷായണി ബിസ്‌കറ്റ്‌സും ഓർമ വരുന്നവരാണ് മലയാളികൾ. ഗൾഫിൽ നിന്ന് സമ്പാദിച്ച പണവുമായി വന്ന് ബസ് സർവീസ് തുടങ്ങി കുത്തുപാളയെടുത്ത മുരളിയും ദാക്ഷായണി ബിസ്‌കറ്റ് കമ്പനി തുടങ്ങി പൊളിഞ്ഞ സേതുമാധവനും ഇവരുടെ പരശ്ശതം പ്രാദേശികവേർഷനുകളുമാണ് മലയാളിയുടെ സംരംഭകവാർപ്പുമാതൃകകൾ.

വിജയിക്കാത്ത സംരംഭങ്ങളുടെ പരാജയകാരണമായി ആവർത്തിച്ചുറപ്പിച്ച കാരണങ്ങളും മലയാളിയുടെ കലക്റ്റീവ് ബോധ്യത്തിലുണ്ട് – ഹർത്താലും സംഘടിത തൊഴിലാളി യൂണിയനുകളും തൊട്ട് മലയാളി കൈവരിച്ച ഉന്നതസാക്ഷരതാനിലവാരത്തിന്റേയും ഉയർന്നസാമൂഹ്യബോധത്തിന്റെയും ലക്ഷണങ്ങളെല്ലാം സംരംഭക /വികസനവിരോധത്തിന്റെ പട്ടികയിലാണ് എണ്ണപ്പെടാറുള്ളത്. സംരംഭകപരാജയത്തിന്റെ കാരണങ്ങൾ ബാഹ്യഘടകങ്ങളിൽ തിരയും മുൻപ് സംരംഭകൻ ഉത്തരം കണ്ടെത്തേണ്ട ചില സമസ്യകളുണ്ട്. പ്രത്യക്ഷത്തിൽ വിരുദ്ധധ്രുവങ്ങളിലെന്ന് തോന്നാവുന്ന ചില ഘടകങ്ങളുടെ സുസ്ഥിരമായ സന്തുലനം ഉറപ്പുവരുത്തലാണു സംരംഭകത്വത്തിന്റെ ആദ്യപടി.

WHAT - WHY
1) എന്ത് എന്തിൻ

വർഷങ്ങളോളം വിദേശത്ത് ജോലിചെയ്തുണ്ടാക്കിയ പണം 'എന്ത്' ചെയ്യണം എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു വരവേൽപിലെ മുരളിയുടെ സംരംഭകത്വം. വല്യേട്ടന്റെ ചായക്കടയോ ചെറിയേട്ടന്റെ ചാരായക്കടയോ എന്ത് തെരഞ്ഞെടുക്കണം എന്നതുമാത്രമാണ് മുന്നിലുള്ള ചോദ്യം. 'എന്തിനു' എന്ന ചോദ്യം ചിത്രത്തിൽ വരുന്നതേയില്ല കണ്ടുശീലിച്ച മലയാളി സംരംഭകത്വത്തിന്റെ ഒരുമുഖമിതാണ്, അധ്വാനിച്ചോ പൈതൃകസ്വത്തായോ മറ്റെങ്ങനെയെങ്കിലുമോ കയ്യിൽ വന്ന പണം നിക്ഷേപിക്കാനൊരിടം, അത്തരമൊരുദ്യമത്തിനുള്ള പ്രലോഭനമായി യാഥാർത്ഥ്യബോധമില്ലാത്ത ലാഭസ്വപ്നങ്ങളും.

ഭ്രാന്ത് മാറാൻ പെണ്ണുകെട്ടിക്കുന്നത് പോലെ പഠിക്കാൻ മോശമായതുകൊണ്ട് ബിസിനസ് 'തുടങ്ങിക്കൊടുക്കുന്ന' സമ്പ്രദായവുമുണ്ട്. സംരംഭകത്വം എന്ന ആശയത്തിനു തിരികൊളുത്തേണ്ട പ്രാഥമികമായ WHY എന്ന ചോദ്യത്തിന്റെ അഭാവമാണ് ഇവിടങ്ങളിലൊക്കെ പ്രശ്‌നം.

സംരംഭം അടിസ്ഥാനപരമായി ഒരു സൊല്യൂഷനാണ്. ഗുണഭോക്താക്കൾ അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിനുള്ള ഏറ്റവും മികച്ച പരിഹാരമായിരിക്കണം ഒരു സംരംഭം. വ്യക്തമായി പറഞ്ഞാൽ സംരംഭകന്റെ പ്രശ്‌നം പരിഹരിക്കാനാവരുത്, മറിച്ച് ഉപഭോക്താവിന്റെ പ്രശ്‌നം പരിഹരിക്കാനാവണം സംരംഭത്തിന്റെ തുടക്കം. സംരംഭത്തിന്റെ സുസ്ഥിരത പ്രാഥമികമായി ഉപഭോക്താക്കളെ ആശ്രയിച്ചിരിക്കുന്നു.

സംരംഭകത്വത്തിന്റെ നാൾവഴികളിൽ ദിനേന അഭിമുഖീകരിക്കേണ്ട ചോദ്യങ്ങളാണു 'എന്തൊക്കെ' ചെയ്യണമെന്നത്., ഉപഭോക്താവിന്റെ ഏതുപ്രശ്‌നമാണു തന്റെ സംരംഭം പരിഹരിക്കേണ്ടത് എന്നതിനെപ്പറ്റി ഉൾക്കാഴ്ച കൈവരിക്കുമ്പോൾ എന്ത്,എങ്ങനെ എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ എളുപ്പമാവും. എന്ത്എന്തിൻ ഘടകങ്ങൾ സമഞജസമാവുമ്പോഴാൺ സംരംഭം വിജയകരമാവുന്നത്.

JOB - YOB

2) ജോബ് യോബ്

YOB- Your Own Boss ഒരു പ്രലോഭനമാണ്, ഏതൊരു സർഗാത്മക ധിഷണയേയും ആകർഷിക്കുന്ന പ്രലോഭനം. പക്ഷേ ജോബിൽ നിന്ന് യോബിലേക്ക് ചാടാൻ ബോസിന്റെ /ബോസിംഗിനെ ഏതുഘടകമാണ് പ്രേരകമാവുന്നത് എന്ന് ആത്മപരിശോധന നടത്തിയില്ലെങ്കിൽ ആ ചാട്ടം ആത്മഹത്യാപരമാവും.

തന്റെ സർഗാത്മകപ്രകാശനങ്ങളെ പരിമിതപ്പെടുത്തുന്ന ജോലിസാഹചര്യത്തിൽ നിന്ന് മാറി സ്വതന്ത്രമായ സൃഷ്ടിയാണ് ലക്ഷ്യമെങ്കിൽ ഓക്കെ, മറിച്ച് ബോസായി വിരാജിക്കാൻ ജോലിവിട്ട് സംരംഭകരാകുന്നവരെ കാത്തിരിക്കുന്നത് തൊഴിലിടത്തിലെ ഒരു ബോസിനു പകരം വലയം ചെയ്തിരിക്കുന്ന നൂറു ബോസാണ്. നിക്ഷേപകനും സഹായികളും മുതൽ ഇടപാടുകാരനും തൊഴിലാളിയും വരെ സംരംഭകന്റെ ബോസായിരിക്കും, അവരോടിടപഴകാനുള്ള ഇന്റർപേഴ്‌സണൽ വൈദഗ്ദ്ധ്യം സംരംഭകൻ നേടേണ്ടിയിരിക്കുന്നു.

ജോലിയോടുള്ള വിമുഖതയ്ക്കു കാരണം അധ്വാനത്തോടുള്ള വിമുഖതയാണെങ്കിൽ സംരംഭകൻ പന്തളത്തെ പടയ്ക്കുമുന്നിൽ തോറ്റോടുകയേ നിവ്രുത്തിയുള്ളൂ, കാരണം മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ജോബ് സ്‌പെസിഫിക്കേഷനുകളിലൊതുങ്ങാത്ത വിവിധതലങ്ങളിലെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ സംരംഭകൻ തയ്യാറാവേണ്ടിവരും. CEOയുടെ ജോബ് സ്‌പെസിഫിക്കേഷനിൽ സെക്രട്ടറിയുടേയും ഗുമസ്തന്റേയും പ്യൂണിന്റെയും ജോലികൾകൂടി ഉൾപ്പെടുമെന്നു ചുരുക്കം.

3) മാനേജ്‌മെന്റ് ലീഡർഷിപ്പ്

മാനേജ്മന്റ് സാഹിത്യത്തിലെ ഇഷ്ടവിഷയങ്ങളിലൊന്നാണ് മാനേജ്മന്റ് ലീഡർഷിപ്പ്. മാനേജ്മന്റ് ലീഡർഷിപ്പ് ദ്വന്തത്തിനിടയിലെ അടിസ്ഥാന എലമന്റ് ദീർഘകാലവിഷനും ദൈനംദിനപ്രവർത്തനങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകളാൺ. പ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള സമയവിഭജനത്തിൽ സ്വാഭാവികമായും ചില സംഘർഷങ്ങളുടലെടുക്കാം... ദീർഘകാലവിഷനിൽ മാത്രം ശ്രദ്ധയൂന്നുന്ന സംരംഭകൻ പലപ്പോഴും അടിയന്തിരചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെടുന്നു. അടിയന്തിരചുമതലകളിൽ മുഴുകിയിരിക്കുന്ന മാനേജർക്ക് സംരംഭത്തിന്റെ ദീർഘകാലവീക്ഷണം നഷ്ടപ്പെടുകയും പ്രവൃത്തിയുടെ സാങ്കേതികത്വത്തിൽ മാത്രം കുടുങ്ങിക്കിടക്കുകയും ചെയ്യുന്നു.

സംരംഭകത്വത്തിന്റെ ആദ്യദിനങ്ങളിൽത്തന്നെ സംരംഭകൻ ഉത്തരം കണ്ടെത്തേണ്ട സമസ്യയാണിത്. ദൈനംദിനചുമതലകൾ സമയബന്ധിതമായി നിർവഹിക്കുമ്പോൾ തന്നെ സംരംഭത്തിന്റെ വിഷനിൽ നിന്നും ദീർഘകാലലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കുന്നില്ല എന്നുറപ്പുവരുത്തേണ്ടതുണ്ട്. ഈ രണ്ടുഘടകങ്ങൾ തമ്മിലുള്ള സന്തുലനമാണു സംരംഭത്തിന്റെ സുഗമമായ പ്രയാണത്തിനുള്ള പ്രാണവായു.

4) പരാജയം വിജയം

സംരംഭകരിൽ വിജയിച്ചു എന്നതിനേക്കാൾ പരാജയപ്പെട്ടു എന്ന് 'അവകാശപ്പെടുന്നവരാണ്' ഭൂരിപക്ഷം. വിജയപരാജയ മാനദണ്ഡങ്ങൾ നിർവചിക്കുന്നതിൽ സംഭവിച്ച മൗലികമായ പിഴവാണ് പരാജയം എന്ന് വിശേഷിപ്പിക്കപ്പെടുന്നവയ്ക്ക് ഒരു കാരണം. ഹ്രസ്വകാലലക്ഷ്യങ്ങളല്ല, മറിച്ച് ഗുണഭോക്താക്കൾ അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിനുള്ള ഏറ്റവും മികച്ച സൊല്യൂഷൻ എന്നതായിരിക്കണം സംരംഭത്തിന്റെ വിജയനിർണ്ണയ മാനദണ്ഡം.

സംരംഭകൻ തുടക്കത്തിൽ നിശ്ചയിക്കുന്ന യാർത്ഥ്യബോധമില്ലാത്ത സംരംഭക ഒബ്ജക്റ്റീവുകൾ പരാജയകാരണങ്ങളായേക്കാം, പക്ഷേ ചലനാത്മകമായ ഒരു ലോകത്ത് സ്വയം നവീകരിക്കപ്പെടേണ്ടവയാണ് ഒബ്ജക്റ്റീവുകൾ എന്നതുകൊണ്ട്, നേടാനായിട്ടില്ലാത്ത ഓരോ ഒബ്ജക്റ്റീവും പുത്തൻ സാധ്യതയുടെ വാതിലുകൽ തുറന്നിടുകയാണ്. താൽക്കാലിക പരാജയങ്ങളുടെ കാരണം കണ്ടെത്തുകയും അതിന്റെ വെളിച്ചത്തിൽ കൂടുതൽ യുക്തിഭദ്രമായി സംരംഭകഒബ്ജക്റ്റീവുകളെ പുനർനിർവചിക്കുകയുമാൺ സംരംഭകൻ ചെയ്യേണ്ടാത്.

പരാജയപ്പെടുന്നത് സംരംഭമല്ല, സംരംഭകത്വ മാതൃകകളാണ്. സംരംഭകത്വത്തെ നയിക്കേണ്ടത് സംരംഭകനാകാൻ പ്രേരിപ്പിക്കുന്ന കാരണങ്ങളും മൂല്യങ്ങളുമാണ്, തൺന്റെ സംരംഭത്തിലൂടെ ഉപഭോക്താവിനു നൽകുന്ന സൊല്യൂഷനോടുള്ള പ്രതിബദ്ധതയാണ്.
ഗൾഫ് മോട്ടോഴ്‌സും ദാക്ഷായണി ബിസ്‌കറ്റ്‌സും കൃത്യമായ പർപ്പസിന്റെ അഭാവം കൊണ്ട് ആരംഭത്തിലേ പരാജയപ്പെട്ട സംരംഭകത്വ മാതൃകകളാണ്, അവയുടെപരാജയകാരണങ്ങൾ തെരയേണ്ടത് കേരളം കൈവരിച്ച ഉയർന്ന സാക്ഷരതയിലോ ഉന്നതസാമൂഹിക ബോധത്തിലോ അല്ല, മറിച്ച് സംരംഭകനുണ്ടായിരിക്കേണ്ട പ്രതിബദ്ധതയുടെയും വീക്ഷണത്തിന്റെയും അഭാവത്തിലാണം.

സംരംഭകന്റെ പ്രതിബദ്ധതയുടെ അഗ്‌നി അണയാത്തിടത്തോളം പരാജയപ്പെട്ട ഓരോ സംരംഭകത്വമാതൃകകളും ഓരോ പാഠപുസ്തകങ്ങങ്ങളാണ് പുതിയ സുസ്ഥിരമായ സംരംഭകത്വ മാതൃകകളിലേക്കുള്ള വഴികാട്ടിയാണ് സൊല്യൂഷൻ എന്ന ഉദാത്ത ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള ധീരമായ ചുവടുവെപ്പുകൾ മാത്രമേ വിജയകരവും സുസ്ഥിരവുമായ സംരംഭങ്ങൾക്ക് ജന്മം നൽകൂ എന്ന തിരിച്ചറിവിലാണ് സംരംഭകത്വദിനം ആഘോഷിക്കുന്ന മലയാളി എത്തിച്ചേരേണ്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP