Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'വേരറ്റമനുഷ്യൻ അപകടകാരി'

'വേരറ്റമനുഷ്യൻ അപകടകാരി'

കോരസൺ വർഗീസ്

തിശൈത്യത്തിൽ മുരടിച്ചു വിറങ്ങലിച്ചു നിൽക്കുന്ന വൃക്ഷങ്ങൾക്കറിയാം, വസന്തകാലത്തു പുതിയ ഇലകൾ മുളയ്ക്കുമെന്ന്. ഭൂമിയുടെ കാലാവസ്ഥയുമായി വേരുകൾ വഴി സുദൃഢബന്ധം സ്ഥാപിച്ചിരിക്കുന്നതിനാൽ, കൊഴിഞ്ഞുപോയ ഇലകളെപ്പറ്റിയും, കൂടുവിട്ടുപോയ പറവകളെയും ഓർത്തു വ്യാകുലപ്പെടണ്ട എന്ന്. ചിലതൊക്കെ നഷ്ടപ്പെട്ടുതുടങ്ങുമ്പോൾ നാം ആകെ ഒറ്റപ്പെടുകയും നിരാശപ്പെടുകയും ചെയ്യുന്നത് നമ്മുടെ വേരുകൾ നഷ്ടപ്പെടുന്നതുകൊണ്ടാണ്. ആഴ്ന്നിറങ്ങിയ ദൈവവിശ്വാസവും, സഹജീവിതത്തിന്റെ ചെറുവേരുകളും നഷ്ടപ്പെട്ടു നാം ഒറ്റയാന്മാരായി വിഹരിക്കുകയാണ് ഈ ഭൂമിയിൽ, ഒറ്റയാന്മാർ വളരെ ആക്രമകാരികൾ തന്നെ!

കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ അവയവദാനത്തിന്റെ പ്രചാരകനായി സഞ്ചരിക്കവേ വാൽകണ്ണാടിയിൽ പ്രത്യക്ഷപ്പെട്ടു. ഉപചാരങ്ങളില്ലാതെ ഗ്രാമീണ വിശുദ്ധിയിലും നിഷ്‌കളങ്കതയിലും ചാലിച്ച വാക്കുകളിൽ ഹൃദയം തുളക്കുന്ന ധൈര്യവും ഭക്തിയുടെ പ്രകാശവലയങ്ങളും, നന്മയുടെ ആർജവവും നിഴലിച്ചിരുന്നു. കത്തോലിക്ക സഭയുടെ പുരോഹിതനാണെങ്കിലും മനുഷ്യമതത്തിൽ വിശ്വസിക്കുന്ന അദ്ദേഹത്തിന് സ്വന്തം കിഡ്‌നി സാധുവായ ഗോപിനാഥനു നൽകാൻ മടിയുമുണ്ടായില്ല. തന്റെ ശരീരത്ത് കത്തി ഇറങ്ങിയപ്പോഴാണ് ഒരു പുതിയ സംഘടന രൂപം കൊണ്ടത്, ' കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ'. പിന്നീട് കേരളത്തിലൊതുങ്ങിയില്ല അദ്ദേഹത്തിന്റെ ബോധവൽക്കരണം ഒരുകാട്ടുതീപോലെ സന്ദേശയാത്രകളും സെമിനാറുകളുമായി ബഹുദൂരം സഞ്ചരിച്ച് ആയിരക്കണക്കിന് ആളുകൾക്ക് അവയവദാനത്തിന് പ്രേരണ നൽകി. അനേക കിഡ്‌നി മാറ്റി വയ്ക്കലിനും, ഡയാലിസ് ശുശ്രൂഷകൾക്കും അദ്ദേഹം കാർമ്മികനായി. അവയവദാനം വേണ്ടവരുടെ ബന്ധുക്കളെ അവയവദാനത്തിനു തയ്യാറാക്കുക വഴി ഒരു അവയവദാന ശൃംഗല തീർക്കുവാനായി. വിഗാർഡ് ഉടമ ശ്രീ കൊച്ചു ജോസഫ് ചിറ്റലപ്പള്ളിയും ഒക്കെ വൃക്കദാനത്തിനു തയ്യാറായി. വൃക്കദാന സന്ദേശത്തിനു ധനശേഖരണനത്തിനായി ഫാദർ ഡേവിസ് ഇംഗ്ലണ്ടിലെ ലങ്കാഷെയറിൽ വച്ച് 15,000 അടി ഉയരത്തിൽ നിന്നും സ്‌കൈ ഡൈവ് ചെയ്തു ലിംഗ വേർഡ് ബുക്ക് ഓഫ് റിക്കാർഡിൽ ഇടം തേടി.

തന്റെ ഒരു സുഹൃത്തിന് ബൈക്കപടത്തിൽ പെട്ട് രക്തം വാർന്ന് മരിക്കേണ്ടിവന്ന വേദനയിൽ ആക്‌സിഡന്റ് കെയർ ട്രാൻസ്‌പോർട്ട് സർവീസ് (ACTS) എന്ന പുതിയ സംഘടന രൂപപ്പെട്ടു. 24 മണിക്കൂറും പ്രവർത്തന സജ്ജമായ ഈ സംഘടനക്ക് 30 ആംബുലൻസുകളും, നിരവധി പ്രവർത്തകരും സൗജന്യമായി സേവനം ലഭ്യമാക്കുന്നു. കാസർഗോട്ടുനിന്നു തിരുവനന്തപുരത്തേക്കു ബോധവൽക്കരണ സന്ദേശവുമായി നിരവധി യാത്രകൾ; ഏറ്റവും ഒടുവിലായി ആത്മഹത്യ നിരുത്സാഹപ്പെടുത്തുവാൻ തീവ്രശ്രമം, ഒപ്പം ജാതി മത ഭേദമെന്യേ ആത്മഹത്യ നടന്ന വീടുകളിൽ സന്ദർശനവും താമസവും, ആത്മഹത്യനടന്ന വീടുകളിലെ ആളുകളുടെ മാനസിക സംഘർഷം ആരും കാണാറില്ല; അവരെ സമൂഹത്തിലേക്കു പിടിച്ചു കൊണ്ടുവരികയും സന്ദേശയാത്രയുടെ മുഖ്യകണ്ണിയായി മാറി.

തന്റെ ജീവിതം വളരെ ലഘുവായി കാണാൻ കഴിയുന്ന ഫാദർ ഡേവിസ് ചിറമേലിന്, യാത്രക്കിടയിൽ ഏതെങ്കിലും ഭവനത്തിൽ കയറി, വിശക്കുന്നു, എന്തെങ്കിലും ഭക്ഷണം ഉണ്ടെങ്കിൽ കഴിക്കാം എന്നു ചോദിക്കാൻ യാതൊരു മടിയുമില്ല. ഇത്തരം തുറന്ന സംഭാഷണങ്ങളിലൂടെ വിന്യസിക്കപ്പെടുന്ന ചങ്ങാത്തങ്ങൾ, നിരവധി പ്രശസ്തരിലും, ആദരണീയനയായ പ്രസിഡന്റ് അബ്ദുൾ കലാമിനോടും ഒക്കെ ഉണ്ടായിരുന്നു. അവർക്ക് ലഭിക്കുന്ന അവാർഡ് തുകകൾ ഒക്കെ അച്ചൻ നേതൃത്വം നൽകുന്ന മനുഷ്യ സേവനത്തിനാണ് നൽകപ്പെട്ടിരുന്നത്.

ഫാ. ഡേവിസ് ചിറമേൽ സന്ദേശങ്ങളിലും വ്യത്യസ്ഥനാണ്. ഗാന്ധിജിക്കും മദർ തെരേസക്കും മൂല്യശോഷണം സംഭവിക്കുന്നില്ല, കാലം പോകും തോറും അവരുടെ മൂല്യം കൂടുന്നതേയുള്ളു, വാർദ്ധക്യത്തോട് അടുക്കുന്ന നമ്മൾ വാർദ്ധക്യം മറക്കാൻ പെടാപാടുചെയ്യുകയാണ്. വാർദ്ധക്യത്തിലെ ഏകാന്തതയെ ഓർത്തു നമുക്കു ഭയമാണ്. നമുക്ക് വില കൂടുന്നത് നമ്മെതിരക്കിയുള്ള അന്വേഷണങ്ങളാണ്. കുറെ ദിവസം യാതൊരു അന്വേഷണവും കണ്ടില്ല എങ്കിൽ വട്ടുപിടിക്കില്ലേ? ആരും തിരിഞ്ഞു നോക്കുന്നില്ല എന്നു പരിഭവിച്ചാൽ പോരാ, ആരോഗ്യമുള്ളപ്പോൾ നാം നന്മകൾ ചെയ്തു മുതൽ മുടക്കുക, ദൈവം പോലും മനുഷ്യ സംസർഗ്ഗം ആഗ്രഹിച്ചു. നമുക്കു വിസ അടിച്ചുതന്നയാളും, ജോലിതന്ന മനുഷ്യനും തമ്മിൽ നമുക്കെന്താണ് വ്യക്തിബന്ധമുണ്ടായിരുന്നത്? നിങ്ങളും സേവന കണ്ണിയിലെ അംഗമാകൂ. അടുത്തു നിൽക്കുന്ന മനുഷ്യനും ദൈവസ്വരൂപം മാത്രമല്ല ദൈവമാണെന്നു തന്നെ കരുതി പ്രവർത്തിക്കുക. നിങ്ങൾക്കു കിട്ടുന്ന സമ്മാനം മറ്റൊരാൾക്കു കൊടുത്തു നോക്കു, അവർ അതു മറ്റുപലർക്കുമായി കൈമാറിക്കൊടുക്കുമ്പോൾ നിങ്ങളുടെ സന്തേഷം ഇരട്ടിച്ചു പെരുകും. പലർക്കും ഇന്നും സ്‌നേഹം കൊടുക്കാനറിയില്ല, അടുക്കി വച്ചിരിക്കയാണ് അത് മുരടിച്ചു പോകയേയുള്ളു.

50ലധികം പുരസ്‌കാരങ്ങൾ അച്ചനെ തേടിയെത്തി. ഏറ്റവും ഒടുവിലായി, മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരിശുദ്ധ കാത്തോലിക്ക ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ മസ്‌കറ്റിൽ വച്ച് അച്ചനെ ആദരിച്ചു. ഇതര സഭാതലവനിൽ നിന്നും ഏറ്റുവാങ്ങുക ഒരു പുരോഹിതനെ സംബന്ധിച്ച് വ്യത്യസ്ഥമായ അംഗീകാരമാണ്. മനുഷ്യരോടുള്ള ബന്ധങ്ങളുടെ ആഴത്തിൽ വേരുകൾ നനയുമ്പോഴാണ് ദൈവ സ്‌നേഹം പൂർണ്ണമാക്കപ്പെടുന്നത്, അതാണു മതം. നാം നമ്മെപ്പറ്റി കൂടുതൽ ചിന്തിക്കാതെ, ബന്ധങ്ങളിൽ തേൻ നിറുത്തുക, വണ്ടുകൾ താനെ എത്തിക്കെള്ളും.

'ആയിരം മുളയുള്ള വിത്തല്ലോ കർമ്മം, നല്ല-
തായിടും വിത്തത്രയും നല്ലതേ വിളയിക്കു.'
-ഇടശ്ശേരി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP