Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാക്കിക്കുള്ളിലെ കലാപകാരികൾ

കാക്കിക്കുള്ളിലെ കലാപകാരികൾ

വെറും ലാത്തിയും തൂക്കി നടക്കുന്ന പൊലീസുകാരനെ കണ്ടു വളർന്ന നമ്മൾ ന്യൂയോർക്കിലെ സഭാ തോക്കു ധരിച്ച്, പെരുത്ത മനസിലുമുരട്ടി യുദ്ധ സന്നാഹത്തോടെ, നിർവ്വികാരരായി നടക്കുന്ന പൊലീസുകാരെ കാണുമ്പോൾ ഭയത്തിനപ്പുറമുള്ള എന്തോ വികാരമാണ് തോന്നുക. എന്തെങ്കിലും ആവശ്യത്തിനും പൊലീസിന്റെ സഹായം തേടി ചെന്നാൽ മിക്കവാറും ഇന്ത്യക്കാർക്ക് അത്ര തൃപ്തിയായിട്ടാവില്ല അവരുടെ പെരുമാറ്റം ഉൾകൊള്ളാനാവുക. ഒരു പക്ഷേ സാഹചര്യങ്ങളും, പരിശീലനവും, അനുഭവങ്ങളുമായിരിക്കാം അവരെ ഇത്തരം കല്ലുവച്ച മുഖഭാവവും, ഏതോ ശത്രുരാജ്യത്തെ പട്ടാളക്കാരെപ്പോലെയുള്ള നോട്ടവും ഉള്ളവരാക്കിത്തീർത്തതെന്നു തോന്നുന്നു.

അടുത്തകാലത്ത് ലണ്ടൻ നഗരം കാണാനിറങ്ങിയപ്പോൾ അവിടുത്തെ പൊലീസ് സേന പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സമ്മർ സീസൺ ആയതിനാലായിരിക്കാം വെള്ള ഷർട്ടും കറുത്ത പാന്റുമായിരുന്നു അവരുടെ വേഷം. ബെൽറ്റിൽ തോക്കിനു പകരം കറുത്ത ബാറ്റൺ മാത്രമാണുണ്ടായിരുന്നത്. വളരെ സൗഹൃദത്തോടെ നിരത്തിലൂടെ കടന്നു പോകുന്ന ആളുകളെ ശ്രദ്ധിക്കുന്ന, ഒരു സഹായത്തിനു ആദ്യം ഓടി എത്തുന്ന കമ്യൂണിറ്റി പൊലീസിന് നല്ലതായി തോന്നി. യൂറോപ്പിൽ മിക്ക നഗരങ്ങളിലു ഇതാണു പൊലീസിന്റെ ഇടപെടലെന്നു പിന്നെ മനസ്സിലായി. ക്രമസമാധാനം കൈ വിടുന്നു എന്നു തോന്നുമ്പോൾ ഇവർ പിൻ വാങ്ങുകയും ആയുധധാരികളായ പൊലീസുകാർ എത്തിച്ചേരുകയുമാണ് പതിവ്. എന്നാൽ സ്വീഡനിലും മറ്റും ഇത്തരം പൊലീസിന് മാറ്റി അമേരിക്കയിലെ പോലെയുള്ള സായുധ പൊലീസു സേന വേണമെന്ന ആവശ്യം ഉയർന്നു വരുന്നു. ഇന്നു യൂറോപ്പ് അഭിമുഖീകരിക്കുന്ന പുതിയ ക്രമസമാധാന വെല്ലു വിളികൾക്ക് കമ്യൂണിറ്റി പൊലീസിന് മതിയാവില്ല എന്ന തോന്നലാണ് കൂടുതൽ നഗരങ്ങളിൽ മാറ്റം അനിവാര്യമെന്നു ചിന്തിപ്പിച്ചു തുടങ്ങിയത്.

എന്നാൽ അമേരിക്കയിൽ കാര്യങ്ങൾ തിരിഞ്ഞു പോകയാണ്. ലാത്തിധാരികളായ കമ്യൂണിറ്റി പൊലീസിന് ആണ് ആദ്യ നിരയിൽ എത്തേണ്ടതെന്ന വാദം ശക്തിപ്രാപിക്കുന്നു. ന്യൂയോർക്കിലെയും ക്ലീവ്‌ലന്റിലെയും കിരാതമായ പൊലീസ് ആക്രമങ്ങൾ സധാരണ ജനങ്ങളെ വെറും മൃഗങ്ങളായി തൂശ്വീകരിക്കുന്നു എന്നാണ് ന്യുനപക്ഷ നേതൃത്വം പറയുന്നത്. ന്യൂയോർക്കിൽ എറിക്ക് ഗാർനറെ കഴുത്തു ഞെരിച്ചു പൊലീസ് കൊല്ലുന്നത് രാജ്യത്തിലുടനീളം പല പ്രാവശ്യം ആളുകൾ കണ്ടു ഭയന്നു. ഫർഗ്യൂസണിൽ, മൈക്കൽ ബ്രൗണിനെ വെടിവച്ചു കൊന്നതും, ബാൾട്ടിമോറിലും, സൗത്ത് കരോളിനയിലും തുടർന്ന പൊലീസ് അക്രമങ്ങൾ ഒരു ദേശീയ ചർച്ചക്ക് വഴി തുറന്നു. ആഫ്രിക്കൻ അമേരിക്കൻ വംശജരും പൊലീസുമായി നിരന്തരം ഇത്തരം സംഘട്ടനങ്ങൾ ദേശീയ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നും.

വർഗ്ഗിയ കലാപങ്ങളിൽ ഏറെ പഴികേൾക്കേണ്ടിവന്നു ക്ലീവ്‌ലണ്ട് പൊലീസ് സേന, അമേരിക്കൻ കേന്ദ്ര നീതി ന്യായ മന്ത്രാലയവുമായി ഒരു പുതിയ ഉടമ്പടി ഉണ്ടാക്കി. അന്വേഷണങ്ങളിൽ ക്ലീവലന്റ് പൊലീസ് ക്രമാതീതമായ അധികാരവും മുഷ്‌ക്കും ചെലുത്തിയെന്ന് ബോധ്യപ്പെടുകയും മെയ്‌ 25 മുതൽ പോലാസ് ഇടപെടലുകളിൽ ഒട്ടനവധി നവീകരണവും, ഇടപെടലുകളിൽ സുതാര്യതയും ഉറപ്പാക്കണമെന്നു തീരുമാനമുണ്ടായി. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണെന്ന് മേയർ ജാക്ക്‌സൺ ചൂണ്ടിക്കാട്ടി. പൊലീസ് ഇടപെടലുകൾ ഏതു തരത്തിലുള്ളതായാലും എല്ലാം രേഖപ്പെടുത്തി വയ്ക്കണമെന്നും, ആവശ്യമുള്ളവർക്ക് ലഭ്യമാക്കന്ന തരത്തിൽ അവ ക്രമീകരിക്കാമെന്നു തീരുമാനമുണ്ടായി. ഈ മാറ്റത്തിനുസരണമായി സേനയെ പരിശീലിപ്പിക്കണമെന്നും സ്വതന്ത്ര ഏജൻസിയെക്കൊണ്ട് ക്രമമായി നിരീഷിച്ച് പാളിച്ചകൾ ഒഴിവാക്കണമെന്നും അടിവരയിട്ടു പറഞ്ഞു. അമേരിക്കയുടെ മെത്തത്തിലുള്ള പൊലീസ് നയങ്ങൾക്ക് വൻ മാറ്റങ്ങൾ വരാവുന്ന ഈ പുതിയ നിർദ്ദേശങ്ങൾ ഏകോപിപ്പിച്ചത് യു.എസ് ആക്ടിങ്ങ് അറ്റോണി ജനറൽ ആയ വനിത ഗുപ്തയാണെന്നതാണ് വാൽക്കണ്ണാടിയിൽ തിളക്കത്തോടെ പ്രത്യക്ഷപ്പെട്ടത്. കേന്ദ്രനീതി ന്യായ വകുപ്പിന്റെ മനുഷ്യാവകാശ മേധാവിയായിസ പ്രസിഡന്റ് ഒബാമ വനിത ഗുപ്തയെ നിർദ്ദേശിച്ചത് അവരുടെ ഇതുവരെയുള്ള അസാമാന്യ കഴിവിനെ മാനിച്ചാണ്. അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയന്റെ (എസിഎൽയു) ഉപ-മേധാവിയായി സേവനം അനുഷ്ടിച്ച കാലത്ത്, നീതി-ന്യായ വ്യവസ്ഥിതിയിൽ വരുത്തേണ്ട നവീകരണത്തെപ്പറ്റി നിരവധി നിർദ്ദേശങ്ങൾ വയ്ക്കുകയുണ്ടായി. നവീകരണത്തെപ്പറ്റി നിരവധി നിർദ്ദേശങ്ങൾ വയ്ക്കുകയണ്ടായി. 2003-ൽ ടെക്‌സിലെ ടൂലിയിൽ വെള്ളക്കാർ മാത്രമുള്ള ജൂറി 40 ആഫ്രിക്കൻ വംശജരെ കുറ്റക്കാരാക്കി യ കേസിൽ അവരെ വെറുതെ വിടുവാനും, അവർക്ക് അഞ്ചു മില്ല്യൺ ഡോളർ നഷ്ടപരിഹാരം കൊടുക്കുവാനും കഴിഞ്ഞത് വനിത ഗുപ്തയുടെ പ്രശസ്തി വർദ്ധിപ്പിച്ചു.

ഫിലഡൽഫിയയിൽ ജനിച്ച്, ഇംഗ്ലണ്ടിലും ഫ്രാൻസിലും സ്‌കൂൾ വിദ്യാഭ്യാസം നേടി, യേൽ യൂണിവേർസിറ്റിയിൽ നിന്നും ന്യൂയോർക്ക് യുണിവേർസിറ്റിയിൽ നിന്നും ബിരുദം നേടിയ വനിത ഗുപ്ത കാര്യങ്ങൾ രമ്യമായി പറഞ്ഞു തീർക്കാൻ വിദദ്ധയാണെന്നാണ് പറയപ്പെടുന്നത്. 39-ാമത്തെ വയസ്സിൽ നീതി-ന്യായ വകുപ്പിന്റ വിഭാഗം മേധാവിയായി നിയമിതയായ ഇന്ത്യൻ വംശജ, ഇന്നു അമേരിക്കയിലുള്ളഎല്ലാ പൊലീസ് സംവിധാനങ്ങൾക്കും സുപരിചിതയാണ്. 2015 മെയ് 25-ാം തീയതി ക്ലീവ്‌ലന്റ് പൊലീസും, കേന്ദ്ര നീതി-ന്യായ വകുപ്പുമായി ഉണ്ടാക്കിയ ഉടമ്പടി, അമേരിക്കയുടെ ഇനിയുള്ള കാലത്തെ പൊലീസ് ഇടപെടലുകളിൽ അടിസ്ഥാന പ്രമാണമായി വിവഷിക്കപ്പെടും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP