Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതിലുകൾ പണിയുന്നവരും പൊളിക്കുന്നവരും

മതിലുകൾ പണിയുന്നവരും പൊളിക്കുന്നവരും

ന്യൂയോർക്കിന്റെ പ്രാന്തപ്രദേശത്ത് വീടുകൾ തമ്മിൽ മതിലുകളില്ലാത്ത, പച്ചപ്പ് നിറഞ്ഞ പരവതാനി വിരിച്ച ചേതോഹരമായ ഒരു കാഴ്ച കാണാനാവുമായിരുന്നു. അതിർവരമ്പുകൾ ഒന്നും പ്രകടമായിക്കാണാതെ ചേർന്നുകിടന്ന ഭൂവിതാനത്തിൽ അവിടവിയെയായി നിലയുറപ്പിച്ച വീടുകളും, പാകത്തിന് നട്ടുവളർത്തിയ ഭംഗിയുള്ള മരങ്ങളും ചെറിയ പൂന്തോട്ടങ്ങളും ഒക്കെ ആ ഭൂപ്രദേശത്തിന്റെ മൊത്തമായ ഭംഗിയിൽ ലയിച്ചിരുന്നു. നല്ല കാലാവവസ്ഥയിൽ കുട്ടികൾ അതിരു ശ്രദ്ധിക്കാതെ ഓടിക്കളിക്കുന്നതും, ഒരു കോണിൽ നിന്നം കാണാവുന്ന അമേകം വീടുകൾ നിരനിരയായി നിലയുറപ്പിച്ചിരുന്ന കാഴ്ച ആകർഷകമായിരുന്നു.

എപ്പോഴാണഎന്നറിയില്ല പിവിസി കൊണ്ടുള്ള പ്ലാസ്റ്റിക് വേലികൾ വീടുകൾക്കു പിറകിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി, അങ്ങനെ വലുതും ചെറുതുമായ പ്ലാസ്റ്റിക്ക് വേലികൾക്കൊപ്പം ഇടതൂർന്ന കുറ്റി മരങ്ങളും അതിർ വരമ്പുകളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ആരും ശ്രദ്ധിക്കാതെ തന്നെ, ഈ ഭൂപ്രദേശത്തിന്റെ പൊതു ഭംഗി നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ആളുകൾക്ക് ഭംഗിയെക്കാൾ ഉപരി സ്വകാര്യയും സുരക്ഷിതത്വവുമായി മുഖ്യ ഘടകം. ആകാശത്തനു മാത്രം വേലികെട്ടാൻ സാധിക്കാത്തതിനാൽ എല്ലാവരും അവരവരുടെതായ തടവറ സൃഷ്ടിച്ചു തുടങ്ങിയിരുന്നു.

1987 ജൂൺ 12-ാം തീയതി, ജർമനിയിലെ ബ്രാഡൻബർഗ് ഗേറ്റനു മുമ്പിൽ അമേരിക്കൻ പ്രസിഡന്റ് റൊണആൾഡ് ഗീഗൻ, സോവിയറ്റ് സെക്രട്ടറിയായിരുന്ന മീഖായേ്ൽ ഗോർബച്ചേവിനോടായി വിളിച്ചു പറഞ്ഞു. ' പൊളിച്ചടുക്കുക ഈ മതിലുകൾ' രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം കിഴക്കൻ ജർമനിയും തെക്കൻ ജർമനിയും വിഭജിച്ച് 1961ൽ പണിത രക്തക്കറ പിടിച്ച ബർലിൻ മതിലിനെപ്പറ്റിയാണ് റീഗൽ പരാമർശിച്ചത്. ' ഈ മതിലുകൾക്ക് നിലനിൽക്കാനാവില്ല. കാരണം ഈ മതിലുകൾക്ക് വിശ്വാസങ്ങളെയോ, നേരിനെയോ, സ്വാതന്ത്ര്യത്തെയോ, ചെറുക്കാനാവില്ല, തുറന്ന സമീപനങ്ങളും, സ്വാതന്ത്ര്യവും, സുരക്ഷിതത്വവു ഒന്നായേ വളരുകയുള്ളു, അതുകൊണ്ട് പൊളിച്ചുകളയുക ഈ വേലിക്കെട്ടുകൾ' റീഗൽ പറഞ്ഞു.

മാദ്ധ്യമങ്ങൾ അത്ര ഗൗരവമായി ഈ വിടുവായൻ പ്രസ്ഥാവന കണ്ടില്ല. ടൈം മാസികപോലും 20 വർഷത്തിന് ശേഷമാണ് അസംബന്ധം എന്നു കരുതിയ ഈ പ്രസംഗം ലോകത്തിന്റെ നാലു ചുവരുകളെയും പിടിച്ചു കുലുക്കി എന്നു സമ്മതിച്ചത്. സോവിയറ്റ് സാമ്പ്രാജ്യം ചിഹ്നഭിന്നമായി, യൂറോപ്പിന്റെയും ഏഷ്യയുടെയും അതിരുകൾ മാറ്റി വരക്കപ്പെട്ടു. ഒരു പ്രത്യയശാസ്ത്രത്തിന്റെ പതനവും ഏക ധൃവ ലോക നേതൃത്വത്തിന്റെ അരുണോദയവും ലോകം നോക്കി നിന്നു. തുറന്ന ആഗോള കമ്പോള പ്രക്രിയയിൽ ലോകത്തിന്റെ തനതായ ചെറു കമ്പോളങ്ങൾ ഒലിച്ചു പോയി. ശീതയുദ്ധ ആവശ്യത്തിനായി കണ്ടുപിടിക്കപ്പെട്ട ഇന്റർനെറ്റ്, ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിൽ തുടങ്ങിയ സാങ്കേതിക വിദ്യകൾ സാധാരണ ജനജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് സമ്മാനിച്ചത്. ഈ തുറന്ന ലോകത്തിൽ അറിവിന്റെയും, സമൃദ്ധിയുടെയും പച്ചപ്പ് നിറഞ്ഞ പരവതാനി മനോഹരമായി വിരിക്കപ്പെട്ടു. രാത്രിയും പകലും തമ്മിലുള്ള വ്യത്യാസം ഇല്ലാതെയായി, ദിശകൾക്ക് പോലും പ്രസക്തി നഷ്ടപ്പെട്ടു. പെട്രോ ഡോളറും, ലോകബാങ്ക് വായ്പകളും ലോകത്താകമാനം പുത്തൻ പ്രതീക്ഷകളും ഉണർവ്വും അലയടിപ്പിച്ചു.

അറിഞ്ഞില്ല ഈ കുത്തൊഴുക്കിൽ ഒലിച്ചുപോയ സമ്പത്തിന്റെ ഗതിവിധികൾ. നാളിതുവരെ സ്വന്തമെന്ന് കരുതിയിരുന്നതൊക്കെ ഉദാരവത്ക്കരണത്തിന്റെ മലവെള്ളപ്പാച്ചിലിൽ കൈവിട്ടുപോയി. പല സമൂഹങ്ങളും, മുഖമില്ലാത്ത ഭീമൻ വായ്പാ സാമ്പ്രാജ്യങ്ങളുടെ വാലാട്ടിപ്പട്ടികളായി മാറി. തനതായി നിലനിന്നിരുന്ന വിശ്വാസങ്ങളും സംസ്‌കാരങ്ങൾ പോലും ഒലിച്ചില്ലാതെയാവുന്നത് വെറുതേ നോക്കി നിൽക്കാനെ ആയുള്ളു. ഏറ്റവും ഒടുവിൽ പെട്രോൾ സമ്പത്തിന്റെ ഗതികേടും, ഓടിച്ചു ഓടിച്ചു മതിലുവരെയെത്തിയാൽ പിന്നെ സർവ്വനാശത്തിനായി തിരിച്ചുകടിക്കുക!

വിരൽ ചൂണ്ടുന്നവരെ 'ഭീകരരായി' മുദ്രകുത്തി, മനുഷ്യബോംബും, ഡ്രോണുകളും മാറി മാറിയിറക്കിക്കളിക്കുന്ന ഈ ലോക മഹായുദ്ധത്തിന്റെ ചതുരംഗക്കളി എന്ന് അവസാനിക്കുമോ?

ലോകത്തിലെ ഒരു ശതമാനം പേരുടെ സമ്പത്ത് 99 ശതമാനം പേരുടെ സമ്പത്തിനേക്കാൾ അധികമാണ്. 3.6 ബില്ല്യൻ ജനങ്ങളുടെ മൊത്തം സമ്പത്ത് കഴിഞ്ഞ 5 വർഷം കൊണ്ട് ഒരു ടില്ല്യൺ ഡോളർ കുറഞ്ഞപ്പോൾ, ധനികരുടെ മൊത്തം സമ്പത്ത് അര ടില്ല്യൺ ഡോളർ കൂടുകയാണുണ്ടായത്. (Oxfarm raport presented at the world Economic fourm - January 2016) ഇത്തരം സാമ്പത്തിക അസമത്വം ഏറ്റവും കൂടുതലുള്ള രാജ്യം അമേരിക്കയുമാണ്.

റിപ്പബ്ലിക്കൻ പാർട്ടികളുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ മത്സരിക്കുന്ന ഡൊണാൾഡ് ട്രംപ്, മെക്‌സിക്കോ അതിർത്തിയിൽ കൂറ്റൻ മതിൽ പണിയിക്കുന്നതിനെപ്പറ്റി പറഞ്ഞപ്പോൾ പലരും പരിഹസിച്ചു. പിന്നെ എന്തുകൊണ്ട് കാനഡായുടെ അതിരിലും വന്മതിൽ സൃഷ്ടിച്ചു കൂടേ എന്ന ചോദ്യവും ഉയർന്നു. ഇപ്പോൾ സ്വാതന്ത്ര്യത്തിനും സുരക്ഷിതത്തിനും പുരോഗതിക്കും മതിലുകൾ അത്യന്താപേക്ഷിതമായി തോന്നിത്തുടങ്ങിയിരിക്കുന്നു. ഒഴുകേണ്ടവയൊക്കെ കൃത്യമായി ഒഴുകിയെങ്കിൽ പിന്നെ സുരക്ഷിതവേലികൾ ആണ് ഉണ്ടാവേണ്ടത്.

ഉച്ചസവാരിക്ക് മാൻഹാട്ടണിലെ വാൾസ്ട്രീറ്റ് ഏരിയയിലുള്ള വഴികളിലൂടെ നടക്കുമ്പോൾ നിറഞ്ഞ പൊലീസ് സംവിധാനങ്ങൾ സുരക്ഷിതത്വത്തിന്റെ ചില ആശ്വാസങ്ങൾ തരുമെങ്കിലും പണിതുയരുന്ന വേൾഡ് ട്രേഡ് സെന്ററിന്റെ ഇടവഴികളിലൂടെ നടക്കുമ്പോൾ എവിടെയെങ്കിലും അത്യാവശ്യത്തിന് ഓടിഒളിക്കാനുള്ള ഇടങ്ങളുണ്ടോ എന്നു കണ്ണ് അറിയാതെ പതറിപ്പോകുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP