Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൈമോശം വന്ന കണ്ണികൾ

കൈമോശം വന്ന കണ്ണികൾ

കോരസൺ വർഗീസ്

'കണക്കുപരീക്ഷക്ക് എത്രയായിരുന്നു മാർക്കുകിട്ടിയത്? ഓ. അപ്പോൾ കഴിഞ്ഞ പരീക്ഷയെക്കാൾ കുറവാണല്ലോ, ശ്രദ്ധിക്കണം. ശനിയാഴ്ച വീട്ടിലേയ്ക്ക് വരൂ.... പഴേ, ചില ചോദ്യപ്പേപ്പറുകൾ വച്ചിട്ടുണ്ട്. ഒന്നു ചെയ്തുനോക്കൂ, ട്യൂഷൻ വേണമെങ്കിൽ അതിന് പോകണം. സമയം കളയരുത്, സോഷ്യൽ സ്റ്റഡീസിന് എത്ര കിട്ടി?'. എഴുപതുകളിലെ എന്റെ മിഡിൽ സ്‌കൂൾ അനുഭവമാണ്, സ്‌കൂളിൽ നിന്നും തിടുക്കത്തിൽ വീട്ടിലേയ്ക്കു കുതിച്ച എന്നെ നേരിട്ടത് സഹപാഠി ശശികുമാറിന്റെ അച്ഛൻ സദാശിവൻപിള്ള സാറായിരുന്നു. ശശികുമാറിനെയും സഹോദരൻ ശരത്ചന്ദ്രനെയും കൂട്ടിക്കൊണ്ടു പോകാൻ എത്തിയതാണ് സദാശിവൻപിള്ളസാർ. ഒരു കൊടുംമുടി കീഴടക്കിയ മുഖഭാവത്തോടെ കടന്നുവന്ന ശശികുമാറിനോട് അച്ഛൻ ഒന്നും തിരക്കിയില്ല, വരുന്നോ കാറിൽ വീട്ടിൽ കൊണ്ടുവിടാം എന്നു പറയുന്നതിന് മുമ്പേ ശശികുമാറിനൊപ്പം കാറിൽ കയറിയിരുന്നു.

ശനിയാഴ്ച അതിരാവിലെ അറക്കൽ സദാശിവൻ പിള്ള സാറിന്റെ വീട്ടിലെത്തി. നെഞ്ചോട് ചേർത്ത് മുണ്ട് ഉടുത്ത്, കൈ പിറകിൽ കെട്ടി മട്ടുപ്പാവിൽ സദാശിവൻ പിള്ള സാർ ഉലാത്തുകയാണ്. ഒപ്പം എം എസ്സ് സുബ്ബലക്ഷ്മിയുടെ സുപ്രഭാതം ചെറുതായി കേൾക്കാം. അന്നു ഞങ്ങളുടെ നാട്ടിലെ ഏറ്റവും ഉയരമുള്ള, മട്ടുപ്പാവുകൾ ഉള്ള, ഫോൺ കണക്ഷനുള്ള, യൂറോപ്യൻ ക്ലോസെറ്റുള്ള ഏക വീടായിരുന്നു അത്. ശശി ഉണർന്നിരുന്നു. സാർ തന്റെ വാച്ചിൽ നോക്കി. ഞങ്ങൾക്കിരുവർക്കും ചോദ്യപ്പേപ്പറുകൾ തന്നു, വീട്ടിലെ പരീക്ഷ ആരംഭിച്ചു. സാർ തന്റെ ഉലാത്തലിലേയ്ക്ക് തിരിച്ചുപോയി.

പഠന സമയം കഴിഞ്ഞ് ക്രിക്കറ്റുകളിയും, അതിന്റെ നിയമങ്ങളെക്കുറിച്ചും പറഞ്ഞുതന്നു. അതുവരെ ക്രിക്കറ്റുകളി എന്താണെന്നറിയാത്ത ഞങ്ങൾക്ക് വീട്ടിലെ പരിചാരകരെ ഒക്കെ കളിക്കാരായി ഇറക്കിനിർത്തി കളിയുടെ വിശദീകരണം നടത്തി. ആ ക്രിക്കറ്റുകളി സ്‌കൂൾ പരിസരത്തും കോളജുമൈതാനത്തും പറമ്പിലുമായി പിൽക്കാലം പൊടിപൊടിച്ചു.

അറക്കലെ വീടിന്റെ ഔട്ട് ഹൗസിന് അടുത്തുള്ള ചെറുമുറിയിൽ മലയാള മനോരമയുടെ ബാലജനസഖ്യം ആരംഭിച്ചു സദാശിവൻ പിള്ള സാർ വേണ്ട നിർദ്ദേശങ്ങൾ തന്നുകൊണ്ടിരുന്നു. ആധാരമെഴുത്ത് നടത്തിയിരുന്ന രാജശേഖരൻ പിള്ളയെ ഞങ്ങളുടെ 'സഹകാരി'യായി നിയമിച്ചു. ആദ്യമീറ്റിംഗിൽ ഒരു പാട്ട് പാടണമെന്ന് സഹകാരി നിർബന്ധിച്ചു. അങ്ങനെ നാലുവരി പാട്ടുപാടി. കൂട്ടുകാർ കൈ അടിച്ചു. വെളിയിൽ ഇറങ്ങിയപ്പോൾ ശശികുമാറിന്റെ പൊടിഅമ്മാവൻ തോളിൽ തട്ടി അഭിനന്ദിച്ചു. ആദ്യത്തെ പൊതു പ്രകരടനത്തിന് അംഗീകാരം! മീറ്റിംഗുകളിൽ സഹകാരി കൊണ്ടുവന്നിരുന്ന മനോരമ, മാതൃഭൂമി പത്രങ്ങളുടെ എഡിറ്റോറിയൽ ആരെങ്കിലും വായിക്കും. സഹകാരി അത് വിശദമാക്കും. കളിമാത്രം തലയിൽ നിൽക്കുന്ന ഞങ്ങളുടെ കുഞ്ഞുമനസ്സിൽ സമൂഹത്തെപ്പറ്റി സാരമായ ചില വിഷയങ്ങൾ അറിയാതെ കടന്നുവന്നു. സഹകാരിയുടെ നേതൃത്വത്തിൽ വീടുകൾ കയറി പണപ്പിരിവ്, അദ്ദേഹത്തിന്റെ ആധാരമെഴുത്താഫീസിന്റെ മുറ്റത്ത് വച്ച് അജന്താ ബാലജനസഖ്യത്തിന്റെ ഔപചാരികമായ ഉത്ഘാടനം ഞങ്ങളുടെ സോഷ്യൽ സ്റ്റഡീസ് അദ്ധ്യാപകനായിരുന്ന പരമേശ്വരൻ പിള്ള സാർ നിർവ്വഹിച്ചു. അതിന് ശേഷം ഭജന നടത്തി പരിചയിച്ച ഒരു കൂട്ടം കലാകാരന്മാർ ഗാനമേള അവതരിപ്പിച്ചു. ആദ്യ പൊതുപരിപാടി ഗംഭീരം.

തൊട്ടടുത്ത വീട്ടിലെ പ്രൊഫ. എം പി പണിക്കർ സാറിനെ ഒരു വലിയകൂട്ടം പുസ്തകങ്ങളുടെ നടുവിൽ വായിച്ചുകൊണ്ടു ചാരുകസേരയിൽ കിടക്കുന്നതായാണ് പലപ്പോഴും കണ്ടിട്ടുള്ളത്. വലിയ മതിലും, ഗേറ്റും ഉണ്ടെങ്കിലും അനങ്ങാതെ സാറിന്റെ വായനാ സ്ഥലത്തേയ്ക്ക് ഞാനും എന്റെ അനുജത്തിയും ഇടയ്ക്ക് കയറിച്ചെല്ലാറുണ്ടായിരുന്നു. സാറിന് നല്ല ഒരു പുസ്തക ശേഖരം ഉണ്ടായിരുന്നു. ഒപ്പം കുറെയധികം കോമിക്ക് ബുക്കുകളും, വിദേശത്ത് നിന്നും എത്തുന്ന ചെറുകഥകളും അവയിലെ നിറമാർന്ന ചിത്രങ്ങളും വല്ലാതെ ആകർഷിച്ചിരുന്നു. ഇവയൊക്കെ വീട്ടിൽ കൊണ്ടു വായിക്കാൻ തരും, പക്ഷേ ഒരു കണ്ടീഷൻ, ഇന്ത്യൻ എക്സ്‌പ്രസിന്റെയും മനോരമ പത്രത്തിന്റെയും എഡിറ്റോറിയൽ ദിവസംപ്രതി ഒരു നോട്ട്ബുക്കിൽ ചുരുക്കിയെഴുതി സാറിനെ കൊണ്ടുകാണിക്കണം. ചിത്രകഥകൾ വായിക്കേണ്ട താല്പര്യത്തിൽ ഞങ്ങൾ യാതൊരു ഉപേക്ഷയും കൂടാതെ ഇവ നിർവ്വഹിച്ചിരുന്നു. പിന്നീട് പണിക്കർ സാർ, കൈയെഴുത്തു മാസിക ഇറക്കുന്നതിനെകുറിച്ച് പറഞ്ഞുതന്നു, അതും പരീക്ഷിച്ചു.

അറയ്ക്കൽ സദാശിവൻ പിള്ള സാർ മുൻ എംഎൽഎയും നായർ സർവ്വീസ് സൊസൈറ്റിയുടെ സമുന്നത നേതാവും ആയിരുന്നു. ശ്രീ മന്നത്ത് പത്മനാഭന്റെ ഉപദേഷാടാവും പൊതുകാര്യ പ്രസക്തനുമായിരുന്നു അദ്ദേഹം. പ്രൊഫ. എം പി പണിക്കർ സാർ ആകട്ടെ എൻ എസ് എസ് കോളജ് പ്രിൻസിപ്പാൾ, ഭാഷാപോഷിണി തുടങ്ങിയ നിരവധി സാഹിത്യമാസികകളിലെ നിറഞ്ഞ സാന്നിധ്യം. പക്ഷേ ഇതൊന്നും ഇവരെ ഭ്രമിപ്പിച്ചിരുന്നില്ല. അറിവും അനുഭവങ്ങളും സ്വന്തം മക്കൾക്കൊപ്പം അവരുടെ കൂട്ടുകാർക്കുമായി വീതിച്ച് കൊടുക്കാനുള്ള വിശാലത അവർക്കുണ്ടായിരുന്നു. അതാണ് ഇത്തരം ജനുസ്സുകളെ നിസ്തുലരാക്കുന്നത്. ഏവർക്കും നന്മ ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്ന, തങ്ങളുടെ ഇടങ്ങൾക്ക് ചുറ്റും പ്രകാശം പരത്തിയിരുന്ന ഇത്തരം പ്രതിഭകൾ ഇന്ന് അന്യംനിന്നു പോകയാണ്.

കാലത്തിന്റെ കുത്തൊഴുക്കിൽ ഈ പ്രതിഭകൾ വിലയം പ്രാപിച്ചു. ഇവരുടെ നിഴലും നിലാവും തുടിച്ചു നിന്ന വീടുകളിൽ പുതിയ ആളുകൾ വന്നു താമസിക്കുന്നു. പിൻതലമുറ ഒക്കെ മറ്റുരാജ്യങ്ങളിലേയ്ക്കും പട്ടണങ്ങളിലേയ്ക്കും മാറിപോയി. ഈ വീടുകളെക്കാൾ വലിയ മാളികകൾ, പുതിയ താമസക്കാർ പണിതു താമസം തുടങ്ങി.

അവധിക്ക് ചെല്ലുമ്പോൾ ഏറെ അപരിചിതത്വം തോന്നുന്ന പുതിയ ടാറിട്ട ഇടവഴികളും മുൻപരിചയമില്ലാത്ത മുഖങ്ങളും, എന്നിരുന്നാലും അറക്കലെ വീടിനുമുമ്പിലും പണിക്കരുസാറിന്റെ വീടിന് മുമ്പിലും കൂടി ഒന്ന് നടന്നു പോകാറുണ്ട്. അറിയാതെ തിരിഞ്ഞുനോക്കുമ്പോൾ തോളോട് ചേർത്ത് മുണ്ടുടുത്ത്, പരീക്ഷയുടെ മാർക്ക് ചോദിക്കുന്ന സദാശിവൻപിള്ള സാറും, നിറഞ്ഞ പുഞ്ചിരിയോടെ സിഗരട്ടിന്റെ സുഗന്ധത്തിൽ കോമിക്ക് ബുക്കുകൾ വച്ചു നീട്ടുന്ന പണിക്കർസാറും, അവിടെ ഉണ്ടാകുമോ?

പുതിയ പരീക്ഷകളും സാഹചര്യങ്ങളുമായി മല്ലിടുമ്പോൾ, പുതിയ തലമുറയിലെ സ്വന്തം കുട്ടികളുടെ സുഹൃത്തുക്കളെ കാണുമ്പോൾ എവിടെയോ കൈമോശം വന്ന കണ്ണികൾക്കായി അറിയാതെ പരതിപ്പോകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP