Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദൃശ്യ വിരുന്നേകി യുഎഇയിൽ കണ്ണ്യാർകളി

ദൃശ്യ വിരുന്നേകി യുഎഇയിൽ കണ്ണ്യാർകളി

ഫുഷൻ ഇവന്റ് ഓർഗനൈസേർസിന്റെ സഹകരണത്തോടെ മേളം ദുബായ് സംഘടിപ്പിച്ച 'മൂന്നാമത് കണ്ണ്യാർകളി മേള യുഎഇയിലെ നാടൻകലാ ആസ്വാദകർക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിച്ചു. ഗൃഹാതുര സ്മരണകൾ തുളുമ്പുന്ന കളിയരങ്ങിൽ ഒരു പകലന്തി മുഴുവൻ വേറിട്ട നാട്യ വാദ്യ താള ഭാവ ലയങ്ങളിൽ കളിപ്രേമികൾ മുഴുകി. രാവിലെ പത്തുമണിക്ക് കേളികൊട്ടിനു ശേഷം മേതിൽ സതീശന്റെ 'പന്തൽ സ്തുതിയോടെ ആണ് മേളയ്ക്ക് തുടക്കമായത്. സാമ്പ്രദായിക തനിമയിൽ എല്ലാ ദേശങ്ങളിലേയും ആശാന്മാരും കളിക്കാരും ചേർന്ന് 'വട്ടക്കളിയുടെ' ചെറിയ ഭാഗം അവതിരിപ്പിച്ചു.

തുടർന്ന് പാലക്കാട് ജില്ലയിലെ കൊടുവായൂർ, കുഴൽമന്ദം, പല്ലാവൂർ, പല്ലശ്ശേന, കാക്കയൂർ, വട്ടേക്കാട്, എലവഞ്ചേരി, നെമ്മാറ, ചിറ്റിലഞ്ചേരി, പുതിയങ്കം, കാട്ടുശ്ശേരി, അയിലൂർ, ചേരാമംഗലം, വടവന്നൂർ എന്നീ ദേശങ്ങളെ പ്രതിനിധീകരിച്ചു വിവിധ പുറാട്ട് വേഷങ്ങൾ പന്തലിൽ അരങ്ങേറി. മേളം ദുബായ് കുട്ടികൾ അവതരിപ്പിച്ച 'കൂട്ട മലച്ചി' ഏറെ പ്രശംസ പിടിച്ചു പറ്റുന്നതും 'കണ്ണ്യാർകളി' എന്ന കലാരൂപത്തോട് പുതിയ തലമുറ പുലർത്തുന്ന ആഭിമുഖ്യം വെളിവാക്കുന്നതുമായിരുന്നു. ചെറിയ കുട്ടികളെ പരിശീലിപ്പിച്ച യുവ കലാകാരൻ മിഥുൻ കാട്ടുശ്ശേരി മേളയിൽ ശ്രദ്ധ നേടി.

നാട്ടിൽ നിന്നുള്ള പ്രശസ്തരായ കളി ആശാന്മാരായ രഘുനാഥൻ നെന്മാറ, വാസുദേവൻ പല്ലശ്ശേന, വസന്തൻ കൊടുവായൂർ, ജയശങ്കർ പുതിയങ്കം, രവി പല്ലശ്ശേന, സുമന്ത് പല്ലശ്ശേന, രാമചന്ദ്രൻ നെമ്മാറ, ജയപ്രസാദ് നെമ്മാറ, മുരളീധരൻ കുഴൽമന്ദം എന്നിവരുടെ പങ്കാളിത്തം മേളയ്ക്ക് കരുത്തു പകർന്നു.

സ്ത്രീവേഷങ്ങൾ അവതരിപ്പിക്കുന്നതിൽ നാട്ടിൽ പ്രശസ്തി നേടിയിട്ടുള്ള കൊടുവായൂർ കൃഷ്ണപ്രസാദ് അവതരിപ്പിച്ച രണ്ടു വേഷങ്ങളും അവിസ്മരണീയമായി. മേള യോടനുബന്ധിച്ചു നടന്ന 'ചിത്രകേളി' എന്ന പേരിൽ പുതിയങ്കം മേതിൽ കുമാറിന്റെ ഫോട്ടോ പ്രദർശനവും വേറിട്ട അനുഭവമായി. മേളം ദുബായ് വാദ്യകാരന്മാർ ഒരുക്കിയ ചെണ്ടമേളം സമാപനത്തിന് കൊഴുപ്പേകി. 'കളിക്കൊന്ന' എന്ന പേരിലുള്ള സ്മരണികയുടെ പ്രകാശനം രഘുനാഥൻ ആശാൻ പ്രമോദ് മങ്ങാട്ടിലിനു നൽകിക്കൊണ്ട് നിർവഹിച്ചു. എൻടിവി ചെയർമാൻ മാത്തുക്കുട്ടി, ഉമ് അൽ ഖൈ്വൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് സജ്ജാദ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് വൈഎ റഹീം, സെക്രട്ടറി ബിജു സോമൻ, എൻടിവി റിപ്പോർട്ടർ ശ്രീജിത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മേളം ഭാരവാഹികൾ ദേശ പ്രതിനിധികളെയും ആശന്മാരെയും ആദരിച്ചു. മേളം ദുബായ് ഡയറക്ടർ കെ ദിലീപ് സ്വാഗതവും പ്രദീപ് നെന്മാറ നന്ദിയും പറഞ്ഞു. പ്രമോദ് പള്ളിയിലും കുമാറും ചേർന്ന് ഒരുക്കിയ നാട്ടുകളിപ്പന്തലിനെ അനുസ്മരിപ്പിക്കുന്ന 'കളിപ്പന്തലും ചുറ്റരങ്ങും' ഏറെ ആകർഷകമായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP