Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബാർസിലോണ ടൂറിസ്റ്റുകളെക്കൊണ്ട് തോറ്റു; ദാരിദ്ര്യത്തെക്കാൾ പ്രശ്‌നം ടൂറിസ്റ്റുകളെന്ന് നഗരവാസികൾ

ബാർസിലോണ ടൂറിസ്റ്റുകളെക്കൊണ്ട് തോറ്റു; ദാരിദ്ര്യത്തെക്കാൾ പ്രശ്‌നം ടൂറിസ്റ്റുകളെന്ന് നഗരവാസികൾ

ബാർസിലോണ: ദാരിദ്ര്യത്തെ എങ്ങനെയും നേരിടാം. എന്നാൽ ടൂറിസ്റ്റുകളെക്കൊണ്ടുള്ള ശല്യം സഹിക്കാൻ പറ്റുന്നില്ലെന്നാണ് ബാർസിലോണക്കാരുടെ പ്രധാന പരാതിയിപ്പോൾ. ടൂറിസ്റ്റുകളുടെ ഒഴുക്ക് നഗരവാസികളുടെ മനസ്സമാധാനം കെടുത്തുകയാണെന്നാണ് പുതിയ റിപ്പോർട്ട്. ബാർസിലോണ ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്‌നം ദാരിദ്ര്യമല്ലെന്നും അപമര്യാദയായി പെരുമാറുന്ന ടൂറിസ്റ്റുകളാണ് നിലവിലുള്ള വലിയ പ്രശ്‌നമെന്നുമാണ് വിലയിരുത്തുന്നത്. ടൂറിസ്റ്റുകളെ മര്യാദപഠിപ്പിക്കാനുള്ള പുതിയ മാർഗങ്ങൾ തേടുകയാണ് അധികൃതരിപ്പോൾ.

ബാർസിലോണ സിറ്റി ഹാൾ നടത്തിയ സർവേയിലാണ് ടൂറിസം ബാർസിലോണക്കാർക്ക് വൻ തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമായത്. എന്താണ് ബാർസിലോണ നേരിടുന്ന പ്രധാന പ്രശ്‌നമെന്നതിന് സർവേയിൽ പങ്കെടുത്തവരിൽ 5.3 ശതമാനം പേരും രേഖപ്പെടുത്തിയത് ടൂറിസമെന്നാണ്. ഇതിനൊപ്പം നിൽക്കുന്നതാണ് രാഷ്ട്രീയവും. സർവേയിൽ പങ്കെടുത്തവരിൽ 5.5 ശതമാനം പേരും രാഷ്ട്രീയമാണ് മുഖ്യ പ്രശ്‌നമെന്ന് അഭിപ്രായപ്പെട്ടപ്പോൾ ദാരിദ്ര്യം പ്രധാന വിഷയമായി ചൂണ്ടിക്കാട്ടിയവർ 5.1 ശതമാനം പേരാണ്. മുമ്പ് തൊഴിലില്ലായ്മയായിരുന്നു ബാർസിലോണയുടെ പ്രധാനപ്രശ്‌നങ്ങളിലൊന്ന്.

കഴിഞ്ഞ വർഷം സിറ്റി സന്ദർശിക്കാനെത്തിയ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണ് ഉണ്ടായത്. അവധിക്കാലം ചെലവഴിക്കാനെത്തുന്നവരും ബാർസിലോണ നിവാസികളും തമ്മിൽ ഏറെ സംഘർഷം ഇതുമൂലം ഉണ്ടാകുകയും ചെയ്തിരുന്നു. ടൂറിസ്റ്റുകളുടെ ആധിക്യം മൂലം പരമ്പരാഗത കടകളും മറ്റും ടൂറിസ്റ്റ് ഷോപ്പുകളായി മാറുകയാണെന്നും നഗരത്തിന്റെ തനിമ ഇതുമൂലം നഷ്ടമാകുന്നുവെന്നുമാണ് പ്രധാന പരാതി.

ഇതിന്റെ ഫലമായി ഈ വർഷം ടൂറിസ്റ്റ് അക്കോമഡേഷനുള്ള പുതിയ ലൈസൻസുകളൊന്നും മേയർ ഇഷ്യൂ ചെയ്യുന്നുമില്ല. ടൂറിസ്റ്റുകളെക്കൊണ്ട് തലവേദനയാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും സിറ്റിയുടെ പ്രധാന വരുമാനം ഇതുതന്നെയാണ്. ബാർസിലോണയുടെ സമ്പദ് വ്യവസ്ഥയിൽ 14 ശതമാനത്തോളം വരുമാനം ടൂറിസത്തിൽ നിന്നാണ്. കൂടാതെ 120,000 തൊഴിൽ സാധ്യതയും ഇതിനോടനുബന്ധിച്ച് കണ്ടെത്തുന്നുണ്ട്. നഗരത്തിലെ സാംസ്കാരിക ഹബ്ബുകളെ സജീവമായി നിലനിർത്തുന്നതിൽ ടൂറിസ്റ്റുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ബാർസിലോണ മ്യൂസിയം സന്ദർശകരിൽ വെറും പത്തു ശതമാനം പേർ മാത്രമേ സിറ്റിയിൽ നിന്നുള്ളൂ. ബാക്കി മുഴുവൻ വിദേശീയരാണ്. പിക്കാസോ മ്യൂസിയത്തിന്റെ കാര്യത്തിൽ 93 ശതമാനം സന്ദർശകരും വിദേശത്തുനിന്നുള്ളവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP