Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളം മിഷൻ യു.കെ: ആലോചനാ യോഗം ഡിസംബർ 20ന് ലെസ്റ്ററിൽ

മലയാളം മിഷൻ യു.കെ: ആലോചനാ യോഗം ഡിസംബർ 20ന് ലെസ്റ്ററിൽ

സംസ്ഥാന സർക്കാരിന്റെ സാംസ്‌ക്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്ന മലയാളം മിഷൻ പദ്ധതിയുടെ യു.കെയിൽ പ്രവർത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി പ്രഥമ ആലോചനാ യോഗം മിഡ്‌ലാന്റ്‌സിലെ ലെസ്റ്ററിൽ വച്ച് ചേരുന്നതിന് തീരുമാനിച്ചിരിക്കുന്നു. മലയാളം മിഷൻ ഡയറക്ടർ തലേക്കുന്നിൽ ബഷീറിന്റെ യു.കെ സന്ദർശനവുമായി ബന്ധപ്പെട്ട് നൽകിയ റിപ്പോർട്ടിനെ തുടർന്ന് നടത്തി വരുന്ന ചർച്ചകളുടെ ഭാഗമായി പദ്ധതി രജിസ്ട്രാർ കെ. സുധാകര പിള്ളയുടെ  നിർദ്ദേശപ്രകാരമാണ് യോഗം വിളിച്ചു ചേർക്കുന്നത്.
യു.കെയിലെ എല്ലാ മലയാളി അസോസിയേഷനുകളിലേയും പ്രതിനിധികളെയും ഈ പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് താത്പര്യമുള്ള വ്യക്തികളെയും ഈ യോഗത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. യോഗത്തിന് എത്തിച്ചേരുന്നതിന് അസൗകര്യമുള്ള അസോസിയേഷനുകളുടെ ഭാരവാഹികൾക്കും വ്യക്തികൾക്കും മലയാളം മിഷൻ പദ്ധതിയുടെ നടത്തിപ്പിനെപ്പറ്റിയുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും [email protected] എന്ന ഇമെയിൽ ഐ.ഡിയിലേയ്ക്ക് അയച്ചു നൽകാവുന്നതാണ്.

'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്ന മുദ്രാവാക്യവുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുള്ള മലയാളം മിഷൻ പദ്ധതി കഴിഞ്ഞ ഏതാനും വർഷങ്ങളായി വളരെ സജീവമായ പ്രവർത്തനങ്ങളാണ് പ്രവാസി മലയാളികൾക്കിടയിൽ നടത്തിവരുന്നത്.  മലയാള ഭാഷാ പഠനകേന്ദ്രങ്ങൾ എന്ന പേരിൽ ഓരോ  മലയാളി കൂട്ടായ്മകളിലും ആരംഭിച്ച് പ്രവാസി മലയാളികൾക്കിടയിൽ മലയാളഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നടത്തപ്പെടുന്ന മലയാളം മിഷൻ  ഓരോ സ്ഥലങ്ങളിലെയും പ്രാദേശിക മലയാളി സംഘടനകളെ ഈ ദൗത്യം ഏല്പിക്കുന്നതിനു വേണ്ടിയാണ് തീരുമാനം സ്വീകരിച്ചിട്ടുള്ളത്. പഠനകേന്ദ്രങ്ങൾക്കുള്ള പാഠപുസ്തകങ്ങൾ ഉൾപ്പെടെയുള്ള പഠനസാമഗ്രികൾ മലയാളം മിഷൻ തന്നെ തയ്യാറാക്കി സൗജന്യമായി വിതരണം നടത്തുകയാണ് ചെയ്യുന്നത്.

സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഹയർ ഡിപ്ലോമ, സീനിയർ ഹയർ ഡിപ്ലോമ എന്നിങ്ങനെ നാലു കോഴ്‌സുകളിലായി 10 വർഷം നീണ്ടു നിൽക്കുന്ന പഠനത്തിലൂടെ കേരളത്തിന്റെ പത്താം ക്ലാസിന്റെ നിലവാരത്തിനു തുല്യമായ നിലയിലേക്ക് പഠിതാവിന് എത്താൻ കഴിയുന്ന വിധത്തിലാണ് പാഠ്യപദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. നാല് കോഴ്‌സുകളിലേക്കുള്ളതാണ് കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ പാഠപുസ്തകങ്ങൾ. മലയാളം മിഷന്റെ പഠന ക്ലാസുകൾക്കുവേണ്ടി മിഷൻ തന്നെ തയ്യാറാക്കിയതാണ് ഈ പാഠപുസ്തകങ്ങൾ.

മലയാളം മിഷൻ പദ്ധതി യൂറോപ്പിൽ സജീവമാക്കുമെന്ന് ഇക്കഴിഞ്ഞ റീജണൽ പ്രവാസി ഭാരതീയ ദിവസ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി ലണ്ടനിലെത്തിയ  സാംസ്‌ക്കാരിക വകുപ്പ് മന്ത്രി  കെ.സി ജോസഫ് വ്യക്തമാക്കിയിരുന്നു. കൂടാതെ മലയാളം മിഷൻ പദ്ധതിയുടെ യു.കെയിലെ നടത്തിപ്പിനെപ്പറ്റി . സാംസ്‌ക്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് ഐ.എ.എസ്, അഡീ. സെക്രട്ടറി ആർ.എസ്. കണ്ണൻ എന്നിവരും  നിർദ്ദേശങ്ങൾ നൽകിയിരുന്നു. മുഖ്യമന്ത്രി  ഉമ്മൻ ചാണ്ടി അധ്യക്ഷനായുള്ള ഭരണസമിതിക്ക് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ പ്രവർത്തനങ്ങൾ യൂറോപ്പിൽ ആദ്യമായി ആരംഭിക്കുന്നത് യു.കെയിലാണ്.

യു.കെ മലയാളി സംഘടകൾക്കിടയിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രായോഗിക വശങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് ലെസ്റ്ററിലെ യോഗം ലക്ഷ്യമിടുന്നത്. മഹാത്മാഗാന്ധി സർവകലാശാല മുൻ സെനറ്റ് അംഗം അഡ്വ. എബി സെബാസ്റ്റ്യൻ യോഗത്തിന് നേതൃത്വം നൽകുന്നതാണ്. നിലവിൽ മലയാളം ക്ലാസ്സുകൾ നടത്തി വരുന്ന സംഘടനകളുടെ പ്രതിനിധികൾ,  അദ്ധ്യാപകരായി കേരളത്തിലോ മറ്റ് രാജ്യങ്ങളിലോ പ്രവർത്തിച്ച് പരിചയമുള്ളവർ, മലയാള ഭാഷയിൽ ബിരുദാനന്ദര ബിരുദമുള്ളവർ എന്നിങ്ങനെ ഈ പദ്ധതിയുമായി സഹകരിക്കുന്നതിന് താത്പര്യമുള്ള എല്ലാ വ്യക്തികളേയും ഈ യോഗത്തിലേയ്ക്ക് ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിശദ വിവരങ്ങൾക്ക്: എബി സെബാസ്റ്റ്യൻ : 07702862186, ഇമെയിൽ :  [email protected] . യോഗം നടക്കുന്നത്: 2014 ഡിസംബർ 20 ശനിയാഴ്‌ച്ച ഉച്ചതിരിച്ച് 2.30 മുതൽ
സ്ഥലം:
Aylestone Sports Club
Banks Road
Leicester
LE2 8HA

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP