Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാങ്കേതിക തകരാറു മൂലം വിമാനം വൈകിയാലും നഷ്ടപരിഹാരം നൽകാൻ യൂറോപ്യൻ കോടതി; മൂന്നു മണിക്കൂർ വൈകിയാൽ ലഭിക്കുന്നത് 600 യൂറോ

സാങ്കേതിക തകരാറു മൂലം വിമാനം വൈകിയാലും നഷ്ടപരിഹാരം നൽകാൻ യൂറോപ്യൻ കോടതി; മൂന്നു മണിക്കൂർ വൈകിയാൽ ലഭിക്കുന്നത് 600 യൂറോ

വിമാനം വൈകുകയെന്ന ബുദ്ധിമുട്ട് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നിത്യേനയെന്നോണം അരങ്ങേറുന്നുണ്ട്. ഇതു മൂലം ലക്ഷക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. വേഗത്തിൽ എത്താൻ വേണ്ടിയാണ് കനത്ത ചാർജ് നൽകി വിമാനയാത്രയ്ക്ക് ഇറങ്ങിപ്പുറപ്പെടുന്നത്. അപ്പോൾ വിമാനം വൈകിയാൽ ആസൂത്രണം ചെയ്ത പദ്ധതികളെല്ലാം അവതാളത്തിലാകുമെന്നും ചിലപ്പോൾ കണക്ഷൻ ഫ്‌ലൈറ്റുകൾ കിട്ടാതെ വലയുമെന്നുമാണ് യാത്രക്കാരുടെ സ്ഥിരം പരാതി. ഇത്തരം അവസരത്തിലാണ് വൈകലിന് വിമാനക്കമ്പനികൾ നഷ്ടപരിഹാരം നൽകുന്നതിന് പ്രസക്തിയേറുന്നത്.

സോപാധികം നഷ്ടപരിഹാരം നൽകണമെന്ന ചട്ടം നിലവിലുണ്ടെങ്കിലും പലപ്പോഴും ഇത് നൽകാതെ പരമാവധി ഒഴിഞ്ഞ് മാറാനാണ് മിക്ക വിമാനക്കമ്പനികളും ശ്രമിക്കാറുള്ളത്. നിയമപ്രകാരം മോശപ്പെട്ട കാലാവസ്ഥ പോലുള്ള കാരണങ്ങളാൽ വിമാനം വൈകിയാൽ വിമാനക്കമ്പനികൾ നഷ്ടപരിഹാരം നൽകേണ്ടതില്ല. എന്നാൽ സാങ്കേതിക തകരാറ് മൂലം വിമാനം വൈകുന്നതിനെയും ഈ ഗണത്തിൽ പെടുത്തി പണം നൽകാതിരിക്കാനാണ് പല കമ്പനികളും ശ്രമിക്കാറുള്ളത്. ഇത് പലപ്പോഴും യാത്രക്കാരും വിമാനക്കമ്പനികളും തമ്മിലുള്ള തർക്കങ്ങൾക്ക് വഴിയൊരുക്കാറുമുണ്ട്. എന്നാൽ ഈ വിവാദവിഷയത്തിൽ നിർണായകമായ ഒരു വിധി പുറപ്പെടുവിച്ചിരിക്കുകയാണ് യൂറോപ്യൻ കോടതിയിപ്പോൾ. അത് പ്രകാരം സാങ്കേതിക തകരാറ് മൂലം വിമാനം വൈകിയാലും നഷ്ടപരിഹാരം നൽകണമെന്നാണ് നിഷ്‌കർഷിച്ചിരിക്കുന്നത്. ഇതു പ്രകാരം മൂന്ന് മണിക്കൂർ വിമാനം വൈകിയാൽ 600 യൂറോ അഥവാ 441 പൗണ്ട് വരെ ലഭിക്കുന്നതാണ്.

എന്നാൽ മോശപ്പെട്ട കാലാവസ്ഥ മൂലമോ അത് പോലുള്ള മറ്റ് കാരണങ്ങളാലോ ആണ് വിമാനം വൈകിയതെന്ന് വിമാനക്കമ്പനികൾക്ക് തെളിയിക്കാൻ സാധിച്ചാൽ നഷ്ടപരിഹാരം നൽകേണ്ടതില്ല. സാങ്കേതികത്തകരാറു മൂലമുള്ള വൈകലിനെ ഈ ഗണത്തിൽ പെടുത്തുന്നതിനെതിരെ നിരവധി കോടതിവിധികൾ ഉണ്ടായിട്ടുണ്ടെങ്കിലും വിമാനക്കമ്പനികൾ അതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന പ്രവണത വർഷങ്ങളായി തുടരുകയാണ്. ഉദാഹരണമായി കഴിഞ്ഞ ഒക്ടോബറിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പ്രകാരം നിരവധി യാത്രക്കാർക്ക് മില്യൺ കണക്കിന് പൗണ്ട് നഷ്ടപരിഹാരം ലഭിക്കാൻ സാധ്യതയൊരുക്കിയിരുന്നു. എന്നാൽ വിമാനക്കമ്പനികൾ ഇതുകൊടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് ഈ കേസ് യൂറോപ്യൻ കോടതിയിൽ (ഇസിജെ) എത്തുകയും വിമാനക്കമ്പനികൾക്കെതിരായ വിധിയുണ്ടാവുകയുമായിരുന്നു.ഇന്നലെ പുറപ്പെടുവിച്ച വിധിയനുസരിച്ച് ഡച്ച് എയർലൈനായ കെഎൽഎം വിമാനം മൂന്ന് മണിക്കൂർ വൈകിയതിനെ തുടർന്ന് അതിലെ യാത്രക്കാർക്കെല്ലാം നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി നിഷ്‌കർഷിച്ചിരിക്കുന്നത്. സാങ്കേതിക പ്രശ്‌നം മൂലമായിരുന്നു വിമാനം വൈകിയിരുന്നത്.

യൂറോപ്പിലുടനീളമുള്ള മില്യൺ കണക്കിന് യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല വാർത്തയാണെന്നാമ് സ്‌പെഷലിസ്റ്റ് സോളിസിറ്ററായ ബോട്ട് ആൻഡ് കമ്പനി അഭിപ്രായപ്പെടുന്നത്.സാങ്കേതിക പ്രശ്‌നങ്ങൾ അസാധാരണമായ സന്ദർഭമാണെന്നും അതിനാൽ നഷ്ടപരിഹാരം നൽകാനാവില്ലെന്നുമാണ് കെഎൽഎം വാദിച്ചിരുന്നത്. എന്നാൽ സാങ്കേതിക പ്രശ്‌നം അസാധാരണമായ സന്ദർഭമല്ലെന്നും അതിനാൽ നിർബന്ധമായും നഷ്ടപരിഹാരം നൽകണമെന്നുമാണ് ഇസിജെ ഉത്തരവിട്ടിരിക്കുന്നത്. ഇസി 261/ 2004 പ്രകാരം വിമാനം മൂന്ന് മണിക്കൂറോ അതിലധികമോ വൈകിയാൽ യാത്രക്കാർക്ക് 600 യൂറോ നഷ്ടപരിഹാരം നൽകണമെന്നാണ് നിഷ്‌കർഷിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്ന് പറന്നുയരുകയോ ഇവിടേക്ക് എത്തിച്ചേരുകയോ ചെയ്യുന്ന യൂറോപ്യൻ യൂണിയൻ എയർലൈനുകൾക്കാണ് ഇത് ബാധകമായിട്ടുള്ളത്. ഇതു പ്രകാരം അസാധാരണ സന്ദർഭങ്ങളിൽ മാത്രമാണ് വിമാനക്കമ്പനികൾക്ക് നഷ്ടപരിഹാരം നൽകാതെ രക്ഷപ്പെടാൻ അനുവദിച്ചിരുന്നത്. എന്നാൽ എക്‌സ്ട്രാ ഓർഡിനറി സർകംസ്റ്റാൻസുകൾ ഏതെല്ലാമാണെന്ന് ഈ നിയമം വ്യക്തമായി നിർവചിച്ചിരുന്നില്ല. തൽഫലമായി ഇതിനെച്ചൊല്ലി കഴിഞ്ഞ ദശാബ്ദത്തിൽ നിരവധി കേസുകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.എന്നാൽ ഇന്നലത്തെ നിർണായകമായ വിധിയോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടായിരിക്കുകയാണ്. ഈ വിധി വിമാനക്കമ്പനികളെയും യാത്രക്കാരെയും സംബന്ധിച്ച് ഇക്കാര്യത്തിലുള്ള അവ്യക്തത നീക്കിയെന്നാണ് കെഎൽഎം പ്രതികരിച്ചിരിക്കുന്നത്.

വർഷം തോറും 9000 വിമാനങ്ങൾ മൂന്ന് മണിക്കൂറോ അതിലധികമോ വൈകുന്നുണ്ടെന്നാണ് കൺസ്യൂമർ ഗ്രൂപ്പായ വിച്ച്? പറയുന്നത്. അതായത് ഇതു പ്രകാരം വർഷം തോറും ഒരു മില്യൺ യാത്രക്കാർ നഷ്ടപരിഹാരത്തിന് അർഹരാണ്.എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഇവരിൽ പകുതിയാത്രക്കാർക്കും വൈകലിന്റെ കാരണത്തെക്കുറിച്ച് വിമാനക്കമ്പനിയിൽ നിന്ന് വ്യക്തമായ വിശദീകരണം പോലും ലഭിക്കാറില്ലെന്നും വിച്ച്? പറയുന്നു. ഇത്തരം വൈകലിന് നഷ്ടപരിഹാരം തേടണമെന്ന് വിച്ച്? എക്‌സിക്യട്ടീവ് ഡയറക്ടർ റിച്ചാർഡ് ലോയ്ഡ് യാത്രക്കാരെ ഉദ്‌ബോധിപ്പിക്കുന്നു. ഭൂരിഭാഗം വിമാനങ്ങളും കൃത്യസമയം പാലിച്ചു കൊണ്ടാണ് സർവീസ് നടത്തുന്നതെന്നും പ്രതിസന്ധികളുണ്ടാകുമ്പോൾ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നുമാണ് ബ്രിട്ടീഷ് എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ ചീഫ് എക്‌സിക്യൂട്ടീവായ നാതൻ സ്റ്റോവർ പറയുന്നത്. ഇതു സംബന്ധിച്ച നിയമങ്ങൾ മിനിമം സ്റ്റാൻഡേർഡ് ഓഫ് കെയറും നഷ്ടപരിഹാരവും ഉറപ്പുവരുത്തുന്നതാകണമെന്നും അദ്ദേഹം പറയുന്നു.ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ വ്യക്തവും സ്പഷ്ടവും സമതുലിതവുമായിരിക്കണമെന്നും സ്റ്റോവർ ആവശ്യപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP