Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മംഗൾയാൻ ചൊവ്വയ്ക്ക് പോയത് എന്തിന് വേണ്ടി?

മംഗൾയാൻ ചൊവ്വയ്ക്ക് പോയത് എന്തിന് വേണ്ടി?

മംഗൾയാൻ ചൊവ്വാഗ്രഹത്തിൽ എത്തിച്ചേരുന്നതിന്റെ ആഹ്ലാദത്തിലാണല്ലോ ഇന്ത്യക്കാർ മുഴുവനും. ഈ ആഹ്ലാദത്തിമർപ്പിനിടയിൽ, ചൊവ്വ തികച്ചും അജ്ഞാതമായ ഗ്രഹമാണെന്നും നമ്മളാണ് ഇനി ലോകത്തിനു ചൊവ്വയെ മനസ്സിലാക്കിക്കൊടുക്കാൻ പോവുന്നത് എന്നും ചിലരെങ്കിലും സങ്കൽപ്പിച്ചിട്ടണ്ട്. എന്താണു ചൊവ്വാ ഗ്രഹം, എന്താണു മംഗൾയാൻ കണ്ടെത്താൻ ശ്രമിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതാണ്.

പണ്ടുകാലം തൊട്ടേ മനുഷ്യന് ചൊവ്വയോട് ഒരു പ്രത്യേക സ്‌നേഹമുണ്ടായിരുന്നു എന്നു തോന്നുന്നു. ഇന്ത്യക്കാർക്കു ചൊവ്വ ദോഷങ്ങൾ തരുന്ന ഗ്രഹമാണ്. പാവം ഗ്രഹം അനേകം സ്ത്രീകളുടെ ശാപം നേടിയിട്ടുണ്ടാവും. ഗ്രീക്ക്-റോമൻ പുരാണങ്ങളിൽ യുദ്ധത്തിന്റെ ദേവനാണ് മാഴ്‌സ്. ജീവനുണ്ടായിരിക്കാൻ സാധ്യതയുള്ള ഒരു ഗ്രഹമായി പണേ്ട പലരും ചൊവ്വയെ കണ്ടിരുന്നു. എച്ച് ജി വെൽസിന്റെ വാർ ഓഫ് ദ വേൾഡ്‌സ് എന്ന നോവലിൽ, ചൊവ്വയിൽനിന്നുള്ള ജീവികൾ ഭൂമിയെ ആക്രമിക്കാൻ വരുന്നതായാണു സങ്കൽപ്പിച്ചിരിക്കുന്നത്. ചൊവ്വ കഥയുടെ ഭാഗമായിട്ടുള്ള പല നോവലുകളും ചലച്ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്. ചൊവ്വയിൽ ജലപാതകളുണെ്ടന്ന് 19ാം നൂറ്റാണ്ടിൽ ജിയോവാനി ഷിയാപാരെല്ലി (1835 -1910) എന്ന ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞൻ പ്രഖ്യാപിച്ചു. പലരും ഇതു നിരീക്ഷിക്കുകയും അതിന്റെ വിശദമായ ചിത്രങ്ങൾ ഉണ്ടാക്കുകയും ചെയ്തു. അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനായ പെഴ്‌സിവൽ ലോവൽ (1855-1916) ഈ ആശയത്തിനു കാര്യമായ പ്രചാരണം നൽകുകയും ജലപാതകൾ അവിടെ ജീവിക്കുന്ന ബുദ്ധിയുള്ള ജീവികൾ കാർഷികാവശ്യത്തിനു നിർമ്മിച്ചതാണെന്നു വരെ അഭിപ്രായപ്പെടുകയും ചെയ്തു.

ചൊവ്വയിൽ ജലപാതകളുണെ്ടങ്കിൽ അവ ഭൂമിയിൽനിന്ന് ദൂരദർശിനിയിലൂടെ ദൃശ്യമാവില്ലെന്നും ജലപാതകളെന്നു വിചാരിച്ചത് അന്തരീക്ഷത്തിലൂടെ കടന്നുവരുമ്പോൾ പ്രകാശത്തിനുണ്ടാവുന്ന വ്യതിയാനങ്ങളുടെ ഫലമാണെന്നും 19ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ തിരിച്ചറിയാനായി. എന്നാൽ, പണെ്ടങ്ങോ ഒരുകാലത്ത് അവിടെ ജലം ഉണ്ടായിരുന്നതിന്റെ തെളിവുകൾ സ്വയം പ്രവർത്തിക്കുന്ന പര്യവേക്ഷിണികളിൽനിന്നും ഭൂമിയിൽനിന്നു നടത്തിയ റഡാർ പഠനങ്ങളിൽനിന്നും ലഭിച്ചിട്ടുണ്ട്. ഭൂമിയുമായോ ശുക്രനുമായോ താരതമ്യപ്പെടുത്തുമ്പോൾ വളരെ ചെറിയ ഗ്രഹമാണു ചൊവ്വ. ഭൂമിയുടെ ഏതാണ്ട് പകുതി വലുപ്പമേ ചൊവ്വയ്ക്കുള്ളൂ. അതിന്റെ പിണ്ഡമാണെങ്കിൽ ഏതാണ്ട് പത്തിലൊന്നും. അതുകൊണ്ട് അതിന്റെ ഗുരുത്വാകർഷണബലം (ഉപരിതലത്തിൽ) ഭൂമിയുടേതിന്റെ ഏതാണ്ട് 37.5 ശതമാനം മാത്രമാണ്. തദ്ഫലമായി ചൊവ്വയ്ക്ക് അന്തരീക്ഷത്തെ പിടിച്ചുനിർത്താനുള്ള കഴിവ് അത്രയും കുറവാണ്.

എന്നാൽ, സൂര്യനിൽനിന്നുള്ള ദൂരം ഭൂമിയേക്കാൾ വളരെ കൂടുതലായതിനാൽ ഗ്രഹത്തിലെ താപനിലയും സൗരവാതത്തിന്റെ തീവ്രതയും അത്രകണ്ട് കുറവാണ്. ചൊവ്വയുടെ ഉപരിതലം ഭൂമിയുടേതിനോടു താരതമ്യപ്പെടുത്താവുന്നതാണ്. ഇപ്പോഴവിടെ ജലം ദൃശ്യമല്ലെങ്കിലും സമുദ്രങ്ങളെ അനുസ്മരിപ്പിക്കുന്ന തടങ്ങളും വലിയ നദികൾ ഒഴുകിയതുപോലുള്ള ചാലുകളും അമേരിക്കയിലെ ഗ്രാൻഡ് കാന്യനെ നിഷ്പ്രഭമാക്കുന്ന മലയിടുക്കുകളും ഉപഗ്രഹചിത്രങ്ങളിൽനിന്ന് കാണാനായിട്ടുണ്ട്. ഇപ്പോൾ ചൊവ്വയിൽ ദ്രാവകാവസ്ഥയിലുള്ള ജലം ഉണ്ടായിരിക്കാനുള്ള സാധ്യത തീരെ കുറവാണെങ്കിലും ഏതോ ഒരു കാലത്ത് അവിടെ ജലം ഉണ്ടായിരുന്നു എന്നുതന്നെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

വളരെ നേരിയ അന്തരീക്ഷമർദ്ദം കാരണം ജലം അവിടെനിന്ന് എളുപ്പത്തിൽ നഷ്ടമാവാം. എന്നാൽ, മണ്ണിനടിയിലും പാറകൾക്കിടയിലുമായി കുറേ ജലം ഉണ്ടായിരിക്കാൻ സാധ്യതയുണ്ട് എന്നു കരുതുന്നു. ചൊവ്വയുടെ ധ്രുവങ്ങളിലുള്ള ഐസ് തൊപ്പികളിൽ കൂടുതലും ജലമാണെന്നു കരുതപ്പെടുന്നു. ഇവയുടെ മുകളിൽ താരതമ്യേന കട്ടികുറഞ്ഞ ഖര കാർബൺ ഡയോക്‌സൈഡ് പാളികളുണ്ട്. ചൊവ്വയ്ക്ക് രണ്ടു ചെറിയ ഉപഗ്രഹങ്ങളുണ്ട്: ഫോബോസും ഡീമോസും. റോമൻ ദേവൻ മാഴ്‌സിന്റെ ഗ്രീക്ക് പുരാണത്തിലെ തുല്യനായ ഏറീസിന്റെ പുത്രന്മാരാണ് ഇവർ.

മറ്റു ബഹിരാകാശ പരീക്ഷണങ്ങളുടെ കാര്യത്തിലെന്നതുപോലെ ചൊവ്വയുടെ പര്യവേക്ഷണത്തിനും ആദ്യം ശ്രമിച്ചത് സോവിയറ്റ് യൂനിയനാണ്. 1960 ഒക്ടോബർ 10ന് മാഴ്‌സ്-1 എന്നു പേരിട്ടിരുന്ന പര്യവേക്ഷിണി വിക്ഷേപണസമയത്തു തന്നെ പരാജയപ്പെട്ടു. അമേരിക്കയുടെ മാരിനർ-എട്ട്, ഒമ്പത് എന്നീ പര്യവേക്ഷിണികളേക്കാൾ മുമ്പേ ചൊവ്വയിലെത്താനായി അവർ കോസ്‌മോസ്-419 എന്നൊരു പര്യവേക്ഷിണി 1971 മെയ് 10ന് വിക്ഷേപിച്ചു.

ചൊവ്വയെ പ്രദക്ഷിണം വച്ചുകൊണ്ട് നിരീക്ഷണങ്ങൾ നടത്തുക എന്നതായിരുന്നു ഉദ്ദേശ്യം. എന്നാലത് ഭൂമിയുടെ ഭ്രമണപഥം വിട്ട് പോയില്ല. അടുത്ത രണ്ടു പര്യവേക്ഷിണികളായ മാഴ്‌സ് രണ്ടും മൂന്നും ഈരണ്ട് ഭാഗങ്ങളുള്ളവയായിട്ടായിരുന്നു വിഭാവന ചെയ്തത്. അവയിൽ ഒരു ഭാഗം ചൊവ്വയെ പ്രദക്ഷിണം വയ്ക്കുകയും മറ്റേത് ചൊവ്വയിൽ ഇറങ്ങുകയും ചെയ്യുക എന്നതായിരുന്നു ഉദ്ദേശ്യം. രണ്ടു പര്യവേക്ഷിണികളും വിജയകരമായിത്തന്നെ വിക്ഷേപിച്ചു. അങ്ങനെ ചൊവ്വയുടെ സമീപത്തെത്തുന്ന ആദ്യത്തെ മനുഷ്യനിർമ്മിത ഉപഗ്രഹമായിത്തീരാനുള്ള ഭാഗ്യം സിദ്ധിച്ചത് മാഴ്‌സ് രണ്ടിന്റെ ചൊവ്വയിലിറങ്ങാൻ ഉദ്ദേശിച്ചിരുന്ന ഭാഗത്തിനാണ്. അതിനു സാവധാനം ഇറങ്ങാനായില്ല. പകരം ഉപരിതലത്തിൽ വീണു തകരുകയായിരുന്നു. എന്നാൽ, മാഴ്‌സ് മൂന്നിന്റെ ഭാഗം വിജയകരമായി ചൊവ്വയുടെ ഉപരിതലത്തിൽ സാവധാനം ഇറങ്ങുകയും 15 സെക്കൻഡോളം വിവരങ്ങൾ അയക്കുകയും ചെയ്തു. തുടർന്ന്, ചൊവ്വയെ പ്രദക്ഷിണം വയ്ക്കാനായി മാഴ്‌സ് 4, 5 എന്നീ പര്യവേക്ഷിണികളും സമീപത്തുകൂടി കടന്നുപോവുകയും ഒരു പര്യവേക്ഷിണിയെ ഗ്രഹത്തിലിറക്കുകയും ചെയ്യാനായി. മാഴ്‌സ് ആറ്, ഏഴ് എന്നിവയും സോവിയറ്റ് യൂനിയൻ വിജയകരമായി വിക്ഷേപിക്കുകയുണ്ടായി. ഇവയിൽ ഏറ്റവും കൂടുതൽ വിവരങ്ങൾ നമുക്കു നൽകിയത് മാഴ്‌സ് 5 ആണ്. അതിന്റെ പ്രവർത്തനം നിലയ്ക്കുന്നതിനു മുമ്പ് 60 ചിത്രങ്ങളാണു ലഭിച്ചത്.

പിന്നീട് അമേരിക്കയുടെ മാരിനർ-3 വിക്ഷേപണസമയത്തെ പ്രശ്‌നംമൂലം പരാജയപ്പെട്ടു. എന്നാൽ, മാരിനർ-നാല് 1964 നവംബർ 28ന് വിജയകരമായി വിക്ഷേപിക്കപ്പെടുകയും ചൊവ്വയുടെ സമീപത്തെത്തി ചിത്രങ്ങളയക്കുകയും ചെയ്തു. മാത്രമല്ല, ചൊവ്വയിലെ അന്തരീക്ഷമർദ്ദം ഭൂമിയുടേതിന്റെ നൂറിലൊന്നേയുള്ളൂ എന്നും ഉപരിതലത്തിലെ താപനില മൈനസ് 100 ഡിഗ്രി സെൽഷ്യസ് ആണെന്നും തിട്ടപ്പെടുത്തി. അതോടെ, പ്രതീക്ഷിച്ചിരുന്നതിനേക്കാൾ ബുദ്ധിമുട്ടാവും അവിടെ മനുഷ്യന് വസിക്കാൻ എന്നു മനസ്സിലാവുകയും ചെയ്തു. പിന്നീട് അമേരിക്കയുടെ തന്നെ വൈക്കിങ്-1, 2, പാത്‌ഫൈൻഡർ, മാഴ്‌സ് ഗ്ലോബൽ സർവേയർ തുടങ്ങിയ പര്യവേക്ഷിണികളും ആ ഗ്രഹത്തെക്കുറിച്ചുള്ള വളരെയേറെ വിവരങ്ങൾ നൽകിയിട്ടുണ്ട്.

ആ നിലയ്ക്കു മംഗൾയാൻ എന്താണ് പുതുതായി കണെ്ടത്താൻ ശ്രമിക്കുന്നത് എന്ന ചോദ്യം പ്രസക്തമാവുന്നു. നമ്മിൽനിന്ന് ഇത്രയേറെ ദൂരത്തുള്ള ഒരു ലോകത്തെക്കുറിച്ചു പഠിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ളതാണെന്ന കാര്യം വ്യക്തമാണല്ലോ. അവിടത്തെ മണ്ണിനെക്കുറിച്ചോ വായുവിനെക്കുറിച്ചോ പഠിക്കാൻ വേണ്ടിവരുന്ന സമയവും ചെലവും എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നാം ജീവിക്കുന്ന ഈ ഭൂമിയെക്കുറിച്ചു തന്നെ എന്തെല്ലാം മനസ്സിലാക്കാൻ നമുക്കായിട്ടില്ല! വല്ലപ്പോഴുമൊരിക്കൽ കുറച്ചുനാളത്തേക്കു മാത്രം നേരത്തേ തീരുമാനിച്ച കുറച്ചു പരീക്ഷണങ്ങൾ നടത്താനാണ് മറ്റു ഗ്രഹങ്ങളിൽ നമുക്കാവുക. അപ്പോൾ എന്തെല്ലാം ഇനിയും ഒളിഞ്ഞുകിടക്കുന്നുണ്ടാവും.

എന്താണു മംഗൾയാൻ ചെയ്യാൻ ഉദ്ദേശിക്കുന്നത്? ഇത്തരം സാങ്കേതികവിദ്യ പ്രയോഗത്തിലൂടെ സ്വായത്തമാക്കുക എന്നത് ഇതിന്റെ പ്രധാനപ്പെട്ട ഉദ്ദേശ്യമാണ്. കൂടാതെ ശാസ്ത്രീയമായി, ചൊവ്വയുടെ ഉപരിതലത്തിലെ പ്രത്യേകതകൾ, രൂപശാസ്ത്രം, ധാതുശാസ്ത്രം തുടങ്ങിയവ പഠിക്കുക, നമ്മൾ സ്വന്തമായി വികസിപ്പിച്ചെടുത്ത ശാസ്ത്രീയ ഉപകരണങ്ങൾ ഉപയോഗിച്ച് ചൊവ്വയുടെ അന്തരീക്ഷം പഠിക്കുക തുടങ്ങിയവയാണ് ഐഎസ്ആർഒയുടെ വെബ്‌സൈറ്റിൽ പറയുന്ന ലക്ഷ്യങ്ങൾ. കൂടാതെ, ചൊവ്വയുടെ അന്തരീക്ഷത്തിൽ മീഥേൻ വാതകം കണ്ടതായി 2003-04 കാലഘട്ടത്തിൽ റിപോർട്ട് ചെയ്യപ്പെട്ടിരുന്നു. ഭൂമിയിൽ മീഥേനുണ്ടാവുന്നത് പ്രധാനമായും ജൈവസ്രോതസ്സുകളിൽനിന്നാണ്. പല ജീവികളുടെയും വയറ്റിൽ മീഥേൻ ഉണ്ടാവുന്നുണ്ട്. കൂടാതെ ചില സൂക്ഷ്മജീവികളുടെ പ്രവർത്തനത്താലും ഈ വാതകമുണ്ടാവുന്നുണ്ട്.

സൂര്യരശ്മികളിലെ അൾട്രാവയലറ്റ് കിരണങ്ങൾ മീഥേൻ വാതകത്തെ വിഘടിപ്പിക്കേണ്ടതാണ്. ഈ സാഹചര്യത്തിൽ ചൊവ്വയിൽ മീഥേനുണെ്ടങ്കിൽ അതിനു വളരെയേറെ പ്രാധാന്യമുണ്ട്. ഇക്കാര്യം പരിശോധിക്കുക എന്നത് മംഗൾയാന്റെ ഒരു ദൗത്യമാണ്. പര്യവേക്ഷിണി ചൊവ്വയിലെത്തുക എന്നതുതന്നെ ഇന്ത്യക്കു വളരെ അഭിമാനിക്കാവുന്ന നേട്ടമാണ്. അവിടെ മീഥേനുണേ്ടാ എന്ന ചോദ്യത്തിന് ഉത്തരം കണെ്ടത്താൻ കൂടി കഴിഞ്ഞാൽ അത് തികച്ചും അന്യാദൃശമായ ഒരു നേട്ടമായിരിക്കും. ബഹിരാകാശ പര്യവേക്ഷണരംഗത്തെ നേതൃനിരയിലേക്ക് ഇന്ത്യയെ അത് കയറ്റിവിടുമെന്നു വേണം കരുതാൻ.

 ( ക്രിയേറ്റീവ് കോമൺസ് ലൈസൻസിൽ നിന്ന്)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP