Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അപൂർവതയുമായി എറണാകുളം മഹാരാജാസിലെ 'മഹാരാജകീയം' ഞായറാഴ്ച; ഒന്നര നൂറ്റാണ്ടെത്തിയ കലാലയത്തിൽ ആഘോഷത്തിനെത്തുക 5000 പേർ; മുഖ്യമന്ത്രി മുഖ്യാതിഥിയാകുന്ന സംഗമത്തിൽ യുവാക്കൾ മുതൽ തൊണ്ണൂറു പിന്നിട്ടവർ വരെ; കോളജിലെ പൂർവ വിദ്യാർത്ഥികളുടെ സിനിമാ മേഖലയിലെ സംഭാവന പ്രമുഖ ചർച്ചയാകും

അപൂർവതയുമായി എറണാകുളം മഹാരാജാസിലെ 'മഹാരാജകീയം' ഞായറാഴ്ച; ഒന്നര നൂറ്റാണ്ടെത്തിയ കലാലയത്തിൽ ആഘോഷത്തിനെത്തുക 5000 പേർ; മുഖ്യമന്ത്രി മുഖ്യാതിഥിയാകുന്ന സംഗമത്തിൽ യുവാക്കൾ മുതൽ തൊണ്ണൂറു പിന്നിട്ടവർ വരെ; കോളജിലെ പൂർവ വിദ്യാർത്ഥികളുടെ സിനിമാ മേഖലയിലെ സംഭാവന പ്രമുഖ ചർച്ചയാകും

കൊച്ചി: അത്യപൂർവതയുമായി 'മഹാരാജകീയം' ഞായറാഴ്ച. ലോകമെങ്ങുമുള്ള മലയാളികൾക്കിടയിൽ പ്രഭപരത്തി നിൽക്കുന്ന എറണാകുളം മഹാരാജാസ് കോളജിന്റെ പ്രൊഡക്ടുകളുടെയും കുടുംബാംഗങ്ങളുടെയും സമാനതകളില്ലാത്ത സംഗമമാണ് മഹരാജകീയമെന്ന പേരിൽ അറിയപ്പെടുന്ന പൂർവ വിദ്യാർത്ഥികളുടെ സംഗമം.

142 വർഷം പിന്നിടുന്ന കലാലയത്തിൽ ആയിരം പൂർണചന്ദ്രന്മാരെ കണ്ട വന്ദ്യവയോധികർ മുതൽ കലാലയം വിട്ടിറങ്ങിയ യുവത്വങ്ങൾവരെ മനസിൽ നിറഞ്ഞുനിൽക്കുന്ന ഗൃഹാതുരതയോടെ ഒന്നിച്ചണിനിരക്കാൻ ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോൾ സംഘാടകർ പരിപാടിയുടെ വിജയത്തിന് മെയ്യും മനവും മറന്നോട്ടത്തിലാണ്. ഇതൊരു സംഗമമല്ല, വികാരമാണെന്ന ചിന്തയാണ് മഹാരാജാസിന്റെ പൂർവ വിദ്യാർത്ഥികൾ പങ്കുവയ്ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മെഗാനടൻ മമ്മൂട്ടി മുതൽ മുൻ മന്ത്രിമാരായ എ. കെ ആന്റണിയും വയലാർ രവിയും തുടങ്ങി മലയാളി സമൂഹത്തിന്റെ പരിച്ഛേദമായ നീണ്ട നിര തന്നെ പൂർവ വിദ്യാർത്ഥികളുടെ റോളിലുണ്ടാകും. തലമുറകളുടെ സംഗമവേദിയിൽ ഇത്തവണ ഏറ്റവും ചർച്ചയാവുക കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ കലാരംഗത്ത്, പ്രത്യേകിച്ച് സിനിമ മേഖലയിൽ മഹാരാജാസ് നേടിയ ഔന്നിത്യമാകുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.

എല്ലാ വിദ്യാലയങ്ങളിലും പൂർവ വിദ്യാർത്ഥി സംഘടനകളും വാർഷികങ്ങളുമൊക്കെയുണ്ടെങ്കിലും മഹാരാജാസിന്റെ മഹാരാജകീയത്തിന്റെ പ്രത്യേകത മറ്റൊരിടത്തുമില്ലെന്നു നിസംശയം പറയാം. നാല് വർഷത്തിലൊരിക്കൽമാത്രം എല്ലാ തിരക്കുകളിലുംനിന്ന് വേറിട്ട് ഓടിയെത്തി മനസു പങ്കിടുന്നവരുടെ സൗഹൃദമാണിത്. പണ്ഡിതനായും പാമരനായും കഴിയുന്ന പഴയ കൂട്ടുകാർ അഹമെന്ന ഭാവമില്ലാതെ കൂട്ടുചേരുന്ന അപൂർവചാരുതയാകും ഇവിടെയൊരുങ്ങുക. ഹാജർ വച്ചില്ലെങ്കിൽ അതൊരു അക്ഷന്തവ്യമായ അപരാധമാകുമെന്ന ചിന്തയോടെയാണ് പഴയ തിരുമുറ്റത്തെത്തുക. അവിടെ പൂർവ കാമുകർ അപ്പൂപ്പന്മാരും അമ്മൂമ്മമാരും ഒക്കെയായി കൊച്ചുമക്കളുമായെത്തും. ഓർമകൾ ഇടയ്ക്കിടെ കൈവിട്ടുപോകുന്നവരും പതിറ്റാണ്ടുകൾക്കപ്പുറത്തെ സതീർത്ഥ്യരെ കാണുന്ന മാത്രയിൽ പേരു ചൊല്ലി വിളിക്കുന്നവരും വരെ കൂട്ടത്തിലുണ്ടാകും. തന്റെ കാലടികൾ പതിഞ്ഞ മണ്ണും തണൽതന്ന മരങ്ങളും ഇരിന്നു പഠിച്ച ക്ലാസ് മുറികളുമൊക്കെ മക്കളെയും കൊച്ചുമക്കളെയും ജീവിത പങ്കാളികളെയുമൊക്കെ കാണിച്ചുകൊടുക്കാനുള്ള വികാരാവേശം മഹാരാജകീയത്തിൽ ദൃശ്യമാകും. ആൾക്കൂട്ടത്തിൽ പഴയ ചങ്ങാതിയെ തേടുന്ന അനേകം കണ്ണുകളുണ്ടാകും. പറഞ്ഞാലും തീരാത്ത കഥകളുമായി വൈകിയും ചുറ്റിത്തിരിയുന്നവരെയും കാണാനാകുമെന്നു മുൻകാല അനുഭവ വെളിച്ചത്തിൽ സംഘാടകർ പറയുന്നു.

സമസ്ത മേഖലകളിലും കലാലയത്തിലെ പൂർവ വിദ്യാർത്ഥികളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. ഇതിൽ മഹാരാജാസിന്റെ കഥയും ഇവിടുത്തെ പഴയ വിദ്യാർത്ഥികളുടെ കഴിവും സിനിമയിലൂടെ പ്രോജ്വലിച്ച നാല് വർഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻചർച്ചയാണ്. ജയറാമിന്റെ മകൻ കാളിദാസൻ നായകനായ പൂമരം മഹാരാജാസിലൂടെ ശ്രദ്ധേയമാകുന്നു. ഞാനും ഞാനുമെന്റാളും ..... എന്ന ഗാനം മഹാരാജാസിലെ കുട്ടികളുടെ ഒരു കാലത്തെ ഹിറ്റ് പാട്ടാണ്. ഏതാനും വർഷങ്ങൾക്കൊണ്ട് ഒന്നാംനിര സംവിധായകരിൽ ഒരാളായി ആഷിക് അബു മാറി. ടോം ഇമ്മട്ടി സംവിധാനം ചെയ്ത മെക്‌സിക്കൻ അപാരത മാർച്ച് മൂന്നിന് തീയേറ്ററുകളിലെത്തും. കോളജുമായി ബന്ധപ്പെട്ടതാണ് ഈ സിനിമയും. ഇതേദിവസം തന്നെ റിലീസാകുന്ന, 86 പുതുമുഖങ്ങളുമായുള്ള അങ്കമാലി ഡയറീസ് എന്ന സിനിമയുടെ വരവും മഹരാജാസിന്റെ യശസേറ്റുമെന്നാണ് പ്രതീക്ഷ. ഇതിന്റെ മുന്നണിയിലും പിന്നണിയിലുമേറെയും മഹാരാജാസിന്റെ തന്നെ പൂർവ വിദ്യാർത്ഥികളാണ്. കട്ടപ്പനയിലെ ഋതിക് റോഷനിലൂടെ നായക പദവിയിലെത്തിയ വിഷ്ണുവും ഈ കലാലയതണലിൽ നിന്നുള്ള കലാകാരൻ തന്നെ. മഹാരാജാസിന് പ്രണയപൂർവം എന്ന പേരിൽ രവി കുറ്റിക്കാട് 2001-ൽ പുറത്തിറക്കിയ പുസ്തകം ഹൃദ്യമായ വായനാനുഭവമാണ് സമ്മാനിച്ചത്. നർമത്തിന്റെ അകമ്പടിയോടെ, മഹാരാജാസിന്റെ ന്യൂ ജെൻ വേർഷൻ എന്ന് ആഷിഖ് അബു വിശേഷിപ്പിച്ച പുസ്തകം മഹാരാജകീയത്തിൽ പ്രകാശനം ചെയ്യും. സന്തോഷ് പെരുവയാണ് ഓർമക്കുറിപ്പുകളോടെ ഇത് തയാറാക്കിയിട്ടുള്ളത്. പ്രമുഖരുടെ ഓർമക്കുറിപ്പുകളും അപൂർവ ചിത്രങ്ങളും ഉൾക്കൊള്ളിച്ചുള്ള സുവനീറിന്റെ പ്രകാശനവും ഉണ്ടാകും. നിരവധി പുരസ്‌കാരങ്ങൾ നേടിയ കമ്മട്ടിപ്പാടം എന്ന സിനിമയുടെ സംവിധായകൻ രാജീവ് രവിയും മഹാരാജാസിന്റെ അഭിമാനപാത്രമാണ്.

ജസ്റ്റീസ് കെ. ജി ബാലകൃഷ്ണൻ, മമ്മൂട്ടി, ദിലീപ്, സലിംകുമാർ, ജ്യോതിർമയി, എ. കെ ആന്റണി, വയലാർ രവി, മേഴ്‌സി രവി, പി. ടി തോമസ്, എ. എസ് സ്വാമിനാഥൻ, കെ. എസ്. എസ് നമ്പൂതിരിപ്പാട്, എൻ ഗോപാലകൃഷ്ണൻ, അപ്പൻ തമ്പുരാൻ, സി. അന്തപ്പായി, ടി.കെ. കൃഷ്ണ മോനോൻ, ചങ്ങമ്പുഴ, വൈലോപ്പിള്ളി ശ്രീധരമേനോൻ, ഇടപ്പള്ളി കരുണാകര മേനോൻ, ചരിത്രകാരൻ കെ.പി. പത്മനാഭ മേനോൻ, രാജലക്ഷ്മി, പി.കെ. ബാലകൃഷ്ണൻ, കെ.പി. അപ്പൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയലക്ഷ്മി, ഗ്രേസി, അൻവർ റഷീദ്, അമൽ നീരദ്, ജോഹൻ പോൾ, സമീർ താഹിർ, ഷൈജു ഖാലിദ്, രാജീവ് രവി, സംവിധായകൻ സിദ്ദിഖ്, കലാഭവൻ അൻസാർ, വിനോദ് വിജയൻ, വിനു ജോസഫ്, റ്റിനി ടോം, സാജൻ പള്ളുരുത്തി, സുരേഷ് രാജൻ, ജയകൃഷ്ണൻ ആഷിഖ് അബു, ബാബുരാജ് തുടങ്ങിയവരെല്ലാം മഹാരാജാസിലെ പൂർവ വിദ്യാർത്ഥികളിൽ പ്രമുഖരാണ്.

2008-ലാണ് ആദ്യ മഹാരാജകീയം സംഘടിപ്പിച്ചത്. അതുവരെ ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷനായിരുന്നു ഉണ്ടായിരുന്നത്. ഒരു ട്രെയിൻ യാത്രയ്ക്കിടെ ഒരുസംഘം പൂർവ വിദ്യാർത്ഥികൾക്കിടയിൽ രൂപപ്പെട്ട ചിന്തയായിരുന്നു നാലാണ്ടിലൊരിക്കലുള്ള മഹാരാജകീയം. കെ. ആർ വിശ്വംഭരൻ പ്രസിഡന്റും കെ നാരായണൻ പോറ്റി സെക്രട്ടറിയുമായിരുന്ന അന്നത്തെ ഒ.എസ്. എ മഹാരാജകീയത്തെ മനസാ ഏറ്റെടുത്തു. സാമൂഹ്യ മാദ്ധ്യമങ്ങളുടെ പിൻബലത്തിൽ ലോകമെങ്ങുമുള്ള പൂർവ വിദ്യാർത്ഥികളിലേക്ക് മഹാരാജകീയം എന്ന ആശയം പ്രവഹിച്ചതോടെ ആദ്യ സംഗമം ചരിത്രമായി. പല കലാലയങ്ങളും ഇത് മാതൃകയാക്കാൻ ശ്രമിച്ചെങ്കിലും പരാജയമായി. ആദ്യ മഹാരാജകീയത്തിൽ മുഖ്യാതിഥികളായവർ കോളജിന്റെ പൂർവ വിദ്യാർത്ഥികളിൽ പ്രമുഖരായ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് കെ. ജി ബാലകൃഷ്ണനും എ. കെ ആന്റണിയും ഉൾപ്പെടെയുള്ളവർ. 2012-ൽ രണ്ടാം സംഗമവും മറക്കാനാകാത്ത കൂട്ടായ്മയായിരുന്നു. മഹരാജാസിന്റെതന്നെ സ്വന്തം മമ്മൂട്ടിയായിരുന്നു മുഖ്യാതിഥി. കഴിഞ്ഞ വർഷം ഒടുവിൽ മൂന്നാം മഹാരാജകീയം നടത്താനിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധികൾ വെല്ലുവിളിയായി. എന്നാൽ മാസങ്ങൾക്കുള്ളിൽ സംഗമത്തിന്റെ മൂന്നാം പതിപ്പിന് ഒ. എസ്. എ പ്രസിഡന്റ് ജസ്റ്റീസ് പി. എസ് ഗോപിനാഥ്, സംഘാടക സമിതി ചെയർമാൻ കെ. ആർ വിശ്വംഭരൻ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങളായിക്കഴിഞ്ഞു.

രാവിലെ പത്തിന് കോളജിലെ പൂർവ വിദ്യാർത്ഥികൂടിയായ ഗാനരചയിതാവ് അർ. കെ ദാമോദരനും സംഗീതജ്ഞൻ ടി. എസ് രാധാകൃഷ്ണനും ചേർന്ന് ചിട്ടപ്പെടുത്തിയ സ്വാഗതഗാനം ബിജു നാരായണന്റെയും ഗണേശ് സുന്ദരത്തിന്റെയും നേതൃത്വത്തിൽ 101 പേരടങ്ങിയ ഗായക സംഘം ആലപിക്കുന്നതോടെ മഹാരാജകീയത്തിന് തുടക്കമാകും. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ മന്ത്രി ടി. എം തോമസ് ഐസക്, എംപിമാരായ എ, കെ ആന്റണി, വയലാർ രവി, എംഎ‍ൽഎമാരായ പി. ടി തോമസ്, ഹൈബി ഈഡൻ തുടങ്ങിയവർ വേദിയിലുണ്ടാകും 80 വയസ് പിന്നിട്ട പൂർവ വിദ്യാർത്ഥികളെ ആദരിക്കും. മമ്മൂട്ടി സ്മരണിക പ്രകാശനം ചെയ്യും. പഠിച്ചിറങ്ങിയ കാലഘട്ടം തിരിച്ച് വിവിധ ഭാഗങ്ങളിൽ സൗഹൃദ സംഘഗമങ്ങൾ അരങ്ങേറും. 101 അംഗ സംഘത്തിന്റെ തിരുവാതിരകളി, ചലച്ചിത്രതാരങ്ങൾ അവതരിപ്പിക്കുന്ന സ്‌കിറ്റ്, ഗാനമേള, യുവജനോത്സവ പ്രതിഭകളുടെ കലാപരിപാടികൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

സമീപകാലത്ത് ഉണ്ടായ ചില അനിഷ്ട സംഭവങ്ങളിൽ പൂർവിദ്യാർത്ഥികൾ ഖിന്നരാണ്. സീനിയേഴ്‌സ് എന്ന ചിത്രത്തിൽ കോളജിൽ കയറിയ പൊലിസിനെ ഇറക്കിവിടുന്ന കോളജ് അദ്ധ്യാപകന്റെ വേഷത്തിൽ സിദ്ദിഖിന്റെ ശ്രദ്ധേയമായ പ്രകടനമുണ്ട്. മഹാരാജാസിൽ ഒരിക്കൽ പൊലിസ് കയറിയപ്പോൾ അവരെ ഓടിച്ച ഭരതൻ എന്ന പ്രിൻസിപ്പലിന്റെ ജീവസ്സുറ്റ കഥാപാത്രമായി ഇതിനെ കാണുന്നവരുണ്ട്. അടുത്ത കാലത്ത് കുട്ടികളെ ഹോസ്റ്റലിൽ കയറി അറസ്്റ്റ് ചെയ്തതും പ്രിൻസിപ്പലിന്റെ കസേര കത്തിച്ചതുമൊക്കെ സങ്കടകരമാണെങ്കിലും പഴയ ഓർമകളുമായി വീണ്ടും കൂട്ടിലെത്തുന്നതോടെ മനസിൽ സന്തോഷത്തിന്റെ കനലെരിയുമെന്നു തന്നെയാണ് പഴയ കുട്ടികളുടെ പക്ഷം. പ്രമുഖർ പങ്കെടുക്കുന്ന കലാവിരുന്നുകൾ മഹാരാജകീയത്തെ രാജകീയമാക്കുമെന്നു തന്നെയാണ് വിലയിരുത്തൽ. 5000 പൂർവ വിദ്യാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP