Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബൈബിളും ഖുറാനും ചികയുമ്പോൾ - ലേഖനം

ബൈബിളും ഖുറാനും ചികയുമ്പോൾ - ലേഖനം

പോൾ മണ്ഡലം എഴുതിയ 'ഭീകരന്മാർ നിറവേറ്റുന്നത് പ്രവാചക വചനങ്ങൾ'' എന്ന ലേഖനത്തിൽ ഖുറാനിൽ നിന്ന് ഉദ്ധരിച്ചിരിക്കുന്നത് ശരിയായിരിക്കാം. എന്നാൽ മനുഷ്യൻ സാഹോദര്യത്തിൽ ജീവിക്കണമെന്ന നല്ല വചനങ്ങളും ഖുറാനിൽ ഉണ്ട്. പക്ഷെ മുസ്ലിം വർഗ്ഗീയ വാദികൾ ആ നല്ല വചനങ്ങൾ അവരെ പഠിപ്പിക്കുന്നില്ല. ഖുറാനിലെ പോൾ മണ്ഡലം എഴുതിയത് പോലത്തെ ചില നെഗറ്റീവ് വചനങ്ങൾ മാത്രം അവർ അറിയുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. അതാണ് ഇപ്പോൾ ലോകത്തിൽ ഐസിസ് നടത്തുന്ന ഭീകര ആക്രമണത്തിന്റെ കാരണം.

ബൈബിളിലും ഇതുപോലുള്ള ഇരട്ട വചനങ്ങൾ കാണാം. ''ആകാശത്തിലെ പറവകളെ നോക്കുവിൻ, അവ വിതക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ ശേഖരിക്കുന്നില്ല, എങ്കിലും നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ. അതിനാൽ എന്ത് ഭക്ഷിക്കും, എന്ത് ധരിക്കും എന്ന് വിചാരിച്ച് നിങ്ങൾ ആകുലരാകേണ്ട. സ്വർഗ്ഗസ്ഥനായ പിതാവ് ഇവയെല്ലാം നിങ്ങൾക്ക് തരും'' എന്നാൽ ബൈബിളിൽ വേറൊരു സ്ഥലത്ത് എഴുതിയിട്ടുണ്ട് ''നിന്റെ നെറ്റിയെവിയർപ്പ് കൊണ്ട് നിങ്ങൾ ആഹാരം കഴിക്കുക'' എന്നും അദ്ധ്വാനിക്കാതെ സമ്പാദിക്കുന്ന സ്വത്ത് മോഷ്ടിക്കുന്നതിനോട് തുല്ല്യമാണ്'' എന്നും. അപ്പോൾ ആദ്യത്തെ വചനം മാത്രം വായിച്ച് അദ്ധ്വാനിക്കാതെ എല്ലാം ദൈവം തരുമെന്നും പറഞ്ഞ് വെറുതെ ഇരുന്നാൽ എന്തായിരിക്കും സ്ഥിതി.

'നിങ്ങൾ ജലത്താലും പരിശുദ്ധാത്മാവിനാലും വീണ്ടും ജനിക്കുന്നില്ലായെങ്കിൽ ദൈവ രാജ്യത്തിൽ പ്രവേശിക്കയില്ല'' എന്ന് ബൈബിളിൽ എഴുതപ്പെട്ടിരിക്കുന്നു. എന്നാൽ ബൈബിളിൽ വേറൊരു സ്ഥലത്ത് എഴുതിയിരിക്കുന്നു. 'ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, അവർ ദൈവത്തെ കാണും'' അപ്പോൾ മാമോദിസ സ്വീകരിച്ചാൽ മാത്രമേ സ്വർഗ്ഗത്തിൽ പോവുകയുള്ളൂവെന്നും പറഞ്ഞ് എല്ലാവരെയും ബലമായി മാമോദിസ മുക്കി ക്രിസ്ത്യാനികൾ ആക്കാൻ നോക്കിയാൽ എന്തായിരിക്കും സ്ഥിതി. അതാണ് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞത്'' നിരീശ്വരവാദികളും സ്വർഗ്ഗത്തിൽ പോകും നന്മ ഉണ്ടെങ്കിൽ'' എന്ന്

മിക്ക മത ഭീകര പ്രവർത്തകർക്കും വായിക്കുവാൻ പോലും അറിയില്ല എന്നാണ് ഒരു സർവ്വേയിൽ തെളിഞ്ഞത്. എവിടുന്നോ കിട്ടിയ അറിവിന്റെ അടിസ്ഥാനത്തിൽ അവർ പെരുമാറുന്നു. മനുഷ്യ ബോംബുമായി മാറി മരണമടഞ്ഞ ഫ്രാൻസിലെ ഹസ്‌ന എന്ന വനിത ഖുറാൻ വായിച്ചിട്ടു പോലുമില്ലായെന്ന് ഹസ്‌നയുടെ സഹോദരൻ പറഞ്ഞത് അതിന് ഉദാഹരണം.

മത ഗ്രന്ഥങ്ങൾ രചിക്കപ്പെടുമ്പോൾ അന്നത്തെ സാഹചര്യവും, സന്ദർഭവും, സംസ്‌കാരവും, ജീവിത രീതിയും അനുസരിച്ചാണ് എഴുതുന്നത്. എന്നാൽ കാലാന്തരത്തിൽ ലോകത്തിന്റെ പുരോഗതിയിൽ മനുഷ്യന്റെ സംസ്‌കാരവും ജീവിത രീതിയും മാറുമ്പോൾ കാലത്തിനനുസരിച്ചു അവ മാറ്റപ്പെടണം. 'കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല്, വേശ്യകളെ കല്ലെറിഞ്ഞ് കൊല്ലുക'' എന്നൊക്കെയായിരുന്നു മൂശയുടെ നിയമം. എന്നാൽ യേശു വന്നപ്പോൾ 'ഒരു കരണത്തടിച്ചാൽ മറ്റേ കരണം കൂടി കാണിച്ച് കൊടുക്കുക'' 'ഏഴല്ല എഴുപത് പ്രാവശ്യം ക്ഷമിക്കുക'' എന്നും, വേശ്യയെ കല്ലെറിഞ്ഞവരെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിച്ച് മടക്കി അയക്കുകയും, അവളുടെ തെറ്റുകൾ ക്ഷമിക്കുകയും, ഉപദേശിച്ച് മാനസാന്തരപ്പെടുത്തുകയും, നല്ലവളാക്കി മാറ്റുകയും ചെയ്തു. കാലത്തിനനുസരിച്ച് മാറ്റിയ പരിഷ്‌കാരങ്ങൾ.

ഖുറാൻ പറയുന്നു:
''ദൈവം സൃഷ്ടിച്ച ദിവ്യമായ മനുഷ്യ ജീവൻ ആരും എടുക്കരുത് (ഖുറാൻ 6: 151)
'നിർബദ്ധിതമായി ആരെയും മത വിശ്വാസി ആക്കരുത് (ഖുറാൻ 2: 256)

അപ്പോൾ ആരെയും കൊല്ലരുത് ആരെയും മുസ്ലിം ആക്കരുത് എന്നല്ലേ ഖുറാൻ പറയുന്നത്. ഈ വചനങ്ങൾ ഒന്നും ഇവർ കാണുന്നില്ലേ. അല്ലെങ്കിൽ മത പണ്ഡിതർ അവരെ പറഞ്ഞ് മനസ്സിലാക്കുന്നില്ലേ..?

ഐസിസിന്റെ ആക്രമണത്തിന് ഇരയാകുന്നത് കൂടുതലും ക്രിസ്ത്യൻ ആണ്. കാരണം മുസ്ലിം രാജ്യങ്ങളിൽ ക്രിസ്ത്യൻസ് ആണ് ന്യൂനപക്ഷത്തിൽ കൂടുതലും. മുഹമ്മദ് നബി ഒരു പ്രവാചകനാണെന്ന് ഖുറാൻ പറയുന്നത് പോലെ യേശുവും ഒരു പ്രവാചകനാണെന്ന് ഖുറാനിൽ പല ഭാഗത്തും പറയുന്നത് നോക്കുക.

'ദൈവം മാലാഖയെ മറിയത്തിന്റെ അടുത്തേക്ക് അയച്ചു. മാലാഖ മറിയത്തോട് പറഞ്ഞു 'നിങ്ങൾ വിശുദ്ധനായ ഒരു പുത്രനെ ഗർഭം ധരിച്ച് പ്രസവിക്കും എന്ന മംഗള വാർത്ത അറിയിക്കുവാൻ ദൈവം അയച്ച ദൂതനാണ് ഞാൻ'' മറിയം അങ്ങനെ ഗർഭിണിയാവുകയും യേശുവിനെ പ്രസവിക്കുകയും ചെയ്തു (ഖുറാൻ 19: 21 22)

'യേശുവേ, മറിയത്തിന്റെ മകനെ, ഞാൻ നിന്നെ പരിശുദ്ധാത്മാവിനാൽ ശക്തിപ്പെടുത്തുന്നു. നീ അന്ധർക്ക് കാഴ്ച കൊടുക്കുന്നു, കുഷ്ഠരോഗിയെ സുഖപ്പെടുക്കുന്നു, മരിച്ചവരെ ഉയർത്തുന്നു - എല്ലാം എന്റെ അനുമതിയോടു കൂടെ'' (ഖുറാൻ 5: 110)

'അല്ലയോ യേശുവെ നീ എന്നിലേക്ക് എടുക്കപ്പെടും. പുനരുദ്ധാരണം വരെ. അവസാന വിധി ദിവസത്തിൽ നീ എന്നോടു കൂടി ഉണ്ടാകും'' (ഖുറാൻ 3: 55)

'ദൈവം യേശുവിനെ അവനിലേക്ക് എടുത്തു. ദൈവം സർവ്വ ശക്തനാണ്'' (ഖുറാൻ 4: 158)

'പുനരുദ്ധാരണ ദിവസം യേശു എന്നോടു കൂടി ഒരു സാക്ഷിയായിരിക്കും'' (ഖുറാൻ 4: 159)

അപ്പോൾ യേശുവും മുഹമ്മദ് നബിയെപ്പോലെ അള്ളാഹുവിന്റെ ഒരു പ്രവാചകനാണെന്ന് ഖുറാൻ സ്പഷ്ടമായി പറയുന്നു. പിന്നെ എന്തിനാണ് ആ യേശു എന്ന പ്രവാചകന്റെ അനുയായികളെ കൊല്ലുന്നത്..? സ്ത്രീകളെ അടിമ വേശ്യകളായി ഉപയോഗിക്കുന്നത്..?

ഇറാക്കിൽ അസൈറിയൻ, ക്രിസ്ത്യൻസ്, യസൂഡിസ്, ഷിയ തുർക്കിസ് എന്നിവർ രാജ്യത്തു നിന്ന് തുടച്ച് നീക്കപ്പെട്ട് സിറിയയിൽ ആഭ്യന്തര യുദ്ധത്തിൽ രണ്ടര ലക്ഷം പേർ മരിക്കുകയും രണ്ടേകാൽ കോടി ജനങ്ങൾ രാജ്യത്ത് നിന്ന് പലായനം ചെയ്യുകയും ചെയ്തു. നൈജീരിയായിൽ ബൊക്കൊ ഹറാം എന്ന് തീവ്ര സംഘടന സ്‌കൂളുകൾ ആക്രമിക്കുന്നതിനാൽ 200 സ്‌കൂളുകൾ അടക്കുകയും 10 ലക്ഷം കുട്ടികൾക്ക് വിദ്യാഭ്യാസം കിട്ടാതെ വരുകയും ചെയ്യുന്നു. നിരപരാധികളായ ടൂറിസ്റ്റുകൾ ലോകത്തിന്റെ പല ഭാഗത്തും കൊല്ലപ്പെടുന്നു. ടുണീഷ്യയിൽ ഭീകരാക്രമണം നടന്നപ്പോൾ 20,000 ബ്രിട്ടീഷുകാർ അവിടെ ഉണ്ടായിരുന്നു. ഈജിപ്തിൽ ഒരു വർഷം 10 ലക്ഷം ടൂറിസ്റ്റുകൾ ചെല്ലുന്നു. അങ്ങനെ ടൂറിസ്റ്റ് സെന്ററുകളും, വിമാന കമ്പനികളും തകരുന്നു. തീവ്രവാദം തടയുവാൻ ലോക രാജ്യങ്ങൾ കോടിക്കണക്കിന് പണം ചെലവാക്കണം. അനേകം അഭയാർത്ഥികൾ മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുന്നു. അങ്ങനെ ലോകത്തിന്റെ സമ്പത്ത് ഘടന തന്നെ താറുമാറാകുന്നു. ലോകം ഒരു യുദ്ധാന്തരീക്ഷത്തിന്റെ ഭീതിയിലാണിപ്പോൾ. എല്ലാം ലോകത്ത് ഒരു മതം (ഇസ്ലാം മതം) ഒരു നിയമം (ശരിയത്) എന്നും പറഞ്ഞ് ഏക ലോകം ഉണ്ടാക്കാൻ പോകുന്ന ഐസിസുകളുടെ ഭീകരാക്രമണം കാരണം.

ഹിറ്റ്‌ലർ ആണ് ആധുനിക ലോകത്തിൽ ഏറ്റവും കൂടുതൽ കൂട്ടക്കൊലയും ക്രൂരമർദ്ദനവും നടത്തിയത്. പിന്നെ സ്റ്റാലിൻ റഷ്യയിലും. ഇപ്പോൾ ഐസിസുകൾ നടത്തുന്നു. ഹിറ്റ്‌ലർ യൂറോപ്പിൽ മുഴുവൻ ആര്യമേധാവിത്യം സ്ഥാപിക്കാൻ സ്റ്റാലിൻ റഷ്യയിൽ കമ്മ്യൂണിസം സ്ഥാപിക്കുവാൻ, ഇപ്പോൾ മുസ്ലിം വർഗ്ഗീയ വാദികൾ ലോകത്ത് ഇസ്‌ലാം സ്ഥാപിക്കുവാൻ. ഹിറ്റ്‌ലർ പരദേശികളെയും, സ്റ്റാലിൻ സ്വദേശികളെയുമാണ് കൊന്നതെങ്കിൽ മുസ്ലിം മത ഭ്രാന്തന്മാർ സ്വദേശികളെയും പരദേശികളെയും കൊല്ലുന്നു. ദൈവത്തിന് വേണ്ടി, ദൈവത്തിന്റെ പേരിൽ.

മൃഗങ്ങൾ ഒരിക്കലും ചേരിതിരിഞ്ഞ് സ്വവർഗ്ഗത്തിൽപ്പെട്ട മൃഗങ്ങളെ ആക്രമിക്കുകയില്ല, കൊല്ലുകയില്ല. മാംസഭുക്കുകളായ മൃഗങ്ങൽ വേട്ടയാടി മറ്റ് വർഗ്ഗത്തിൽപ്പെട്ട് മൃഗങ്ങളെ കൊന്ന് തിന്നുന്നു. വിശപ്പ് അടക്കാനായി മാത്രം. മനുഷ്യർ മൃഗത്തേക്കാൾ ക്രൂര ജീവിയോ? പശുവിനെ കൊന്നുവെന്നു പറഞ്ഞ് ഹിന്ദു തീവ്രവാദികൾ മനുഷ്യനെ കൊല്ലുന്നു. അപ്പോൾ മൃഗം (പശു) മനുഷ്യനേക്കാൾ ശ്രേഷ്ഠ ജീവിയൊ?

എല്ലാ മതങ്ങളിലും തീവ്രവാദം നടന്നിട്ടുണ്ട്. അതിനാൽ ഒരു മതത്തെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. ''ഒരു മതം തീവ്രവാദം നടത്തിയാൽ ആ മത വിശ്വാസികൾക്കിടയിൽ നിന്നു തന്നെ അതിനെതിരെ പട രൂപപ്പെടണം'' എന്നാണ് ബഷീർ വള്ളിക്കുന്ന് പറയുന്നത്. ഇപ്പോൾ 34 മുസ്ലിം രാജ്യങ്ങൾ ഒന്നിച്ച് മുസ്ലിം മത തീവ്രവാദത്തെ ചെറുക്കാൻ ശ്രമം നടത്തുന്നു. അത് വിജയിക്കുമെന്ന് വിശ്വസിക്കുന്നു. അങ്ങനെ തീവ്രവാദം ലോകത്തിൽ അവസാനിക്കട്ടെ. ലോകത്തിൽ സമാധാനം ഉണ്ടാകട്ടെ, എല്ലാവരും സമാധാനത്തിലും സന്തോഷത്തിലും സാഹോദര്യത്തിലും ജീവിക്കുമാറാകട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP