Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാദമില്ലാതെ മന്ത്രിമാരെ നിശ്ചയിച്ചു കൈയടി നേടി; പുത്തരിയിൽ കല്ല് കടിച്ച പോലെ അതിരപ്പിള്ളി വിവാദം: ചട്ടങ്ങൾ മാറ്റാൻ പിണറായിക്ക് സാധിക്കുമോ?

വിവാദമില്ലാതെ മന്ത്രിമാരെ നിശ്ചയിച്ചു കൈയടി നേടി; പുത്തരിയിൽ കല്ല് കടിച്ച പോലെ അതിരപ്പിള്ളി വിവാദം: ചട്ടങ്ങൾ മാറ്റാൻ പിണറായിക്ക് സാധിക്കുമോ?

മിത പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ജനതക്ക് മുന്നിൽ, ശുഭ പതീക്ഷയോടെ ഒരു പുതിയ ഭരണ പക്ഷം ഭരണം തുടങ്ങി കഴിഞ്ഞു. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന് പലരും പറയുമ്പോഴും, മൊത്തത്തിലുള്ള ഈ കെട്ടും മട്ടും കണ്ടാൽ എന്തോ പുത്തൻ കോമ്പിനേഷനു കളടങ്ങിയ ഒരു പ്രത്യേക ലഹരി തന്നെയുള്ള ഈ വീഞ്ഞ്, ഇവർ കേരള ജനതക്ക് പകർന്ന് തരുമെന്ന് തന്നെ നമുക്കെല്ലാം ആത്മാർത്ഥമായി തന്നെ പ്രതീക്ഷിക്കാം.. ല്ലേ ഫസ്റ്റ് ഇമ്പ്രെഷൻ ഈസ് ബെസ്റ്റ് ഇമ്പ്രഷൻ എന്ന് പറയുന്ന പോലെയുള്ള ഒരു തുടക്കം സൃഷ്ട്ടിക്കുവാൻ നമ്മുടെ പുതിയ മുഖ്യമന്ത്രിക്കും ടീമിനും പ്രാധാന്യം ചെയ്യുവാൻ കഴിഞ്ഞു.. ഒപ്പം തന്നെ ദേശീയമായി തന്നെ നല്ല പരസ്യ വിഞ്ജാപനകളാൽ ഈ വരവേൽപ്പ് കൊട്ടിയറിച്ച് മോദി തന്റെ മോദികൂട്ടി കൊണ്ടിരിക്കുന്ന പോലെ, ഒരു മുമ്പേ നടക്കും ഗോവുതൻ പിമ്പേ നടക്കും ഇഫക്റ്റും നമ്മുടെ സ്വന്തം പുതിയ ഗവർമേന്റീനും സാധിച്ചിരിക്കുന്നു..!

കൂട്ടത്തിൽ നിന്നും വയോധികരെ മാറ്റി നിറുത്തി അതാതിടങ്ങളിൽ ആയതിന്റേതായ പ്രാഗൽഭ്യവും, കഴിവും, തന്റേടവുമുള്ള മന്ത്രിമാരെ തിരെഞ്ഞെടുത്താണ് ഭരണപക്ഷം ആദ്യം കൈയടി നേടിയത്. ഒപ്പം തന്നെ ഈ ഭരണ തലവ(തലൈവി)ന്മാർ അതാത് തട്ടകകങ്ങളിൽ കയറിയിരുന്ന ശേഷമുള്ള പ്രഥമ നടപടികളും, പ്രസ്താവനകളും പൊതുജനത്തിന് ഇമ്പമേറിയതും, ഹിതമുള്ളതും തന്നെയായിരുന്നു. ഇത്തരം ഭരണക്രമങ്ങൾ അവർക്കെല്ലാം തുടരാൻ കഴിയട്ടേ..! അതിൽ പുത്തരിയിൽ കല്ല് കടിച്ച പോലെ അതിരപ്പിള്ളി ഊർജ്ജ പദ്ധതി പെട്ടെന്ന് തന്നെ ഊതി വീർപ്പിച്ചത് മാത്രമെ ആയതീൽ നിന്നും ഇത്തിരി ഊർജ്ജം നഷ്ട്ടപ്പെട്ടതുള്ളൂ ...!

കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിക്ക് വച്ച് യൂറോപ്പ്യൻ രാജ്യങ്ങളുടെ കോളണി വാഴ്‌ച്ച ഭരണങ്ങൾ കെട്ടുകെട്ടിച്ച്, അനേകമനേകം നാട്ടുരാജാക്കന്മാരിൽ നിന്നും മോക്ഷം കിട്ടി സ്വാതന്ത്ര്യാനാന്തരം, അഖണ്ഡ ഭാരതം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി മാറുകയായിരുന്നു. പിന്നീട് പാക്കിസ്ഥാനും ബംഗ്ലാദേശുമൊക്കെ ഹിന്ദുസ്ഥാനിൽ നിന്നും വിട്ടു പോയെങ്കിലും, ഇന്നും ഇന്ത്യ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം. എന്നാൽ നമ്മുടെ നാട്ടിൽ മിക്ക സംസ്ഥാനങ്ങളിലും ജനാധിപത്യത്തിലൂടെ രാജാവിന് പകരം, ജനങ്ങൾ തിരെഞ്ഞെടുക്കുന്ന മന്ത്രിമാർ വന്നുവെന്ന് പറയാമെന്ന് മാത്രം ... സ്വാതന്ത്ര്യാനന്ത ഇന്ത്യയിലെ ആദ്യ തിരെഞ്ഞെടുപ്പിൽ ഭരണത്തിലേറിയവരുടെ തായ് വഴിയിലുള്ള പിന്മുറക്കാർ തന്നെയാണ് ഇന്നും ഇന്ത്യയിലെ മിക്ക നിയോജക മണ്ഡലങ്ങളിലും തെരെഞ്ഞെടുക്കപ്പെട്ട് അധികാര കസേരകൾ പങ്കിട്ട് കൊണ്ടിരിക്കുന്നു എന്നുള്ള ഒരു വിരോധാപാസം കൂടി നമ്മുടെ ജനാധിപത്യത്തിന്റെ കൂടെ കൂട്ടി വായിക്കേണ്ടി വരും.

അതായത് തലമുറകളായി കൈമാറികിട്ടികൊണ്ടിരിക്കുന്ന ഈ അധികാരം, നിലനിറുത്തുവാൻ വേണ്ടി ഇത്തരം നേതാക്കൾ എന്നുമെന്നോണം മതാധിപത്യത്താലും, ജാത്യാധിപത്യത്താലും, സംസ്ഥാനാധിപത്യത്താലും, ദേശാധിപത്യത്താലും ഇന്നത്തെ ഇന്ത്യൻ ജനാധിപത്യത്തിൽ വെള്ളം ചേർത്തുകൊണ്ടിരിക്കുന്നു എന്നർത്ഥം... പുതിയ മുന്നണികളിൽ മാറി മാറി അണി ചേർന്നും, സ്വന്തം പാർട്ടിയെ പിളർത്തി പുത്തൻ പാർട്ടികൾ ഉണ്ടാക്കിയും മറ്റും തനി ഇത്തിക്കണ്ണി പാർട്ടികളായി ഭരണത്തിൽ എത്ര നാറിയാലും - അഴിമതിയും, പ്രീണന നയങ്ങളുമായി കടിച്ച് തൂങ്ങി കിടക്കുന്ന അവസ്ഥാ വിശേഷങ്ങളാണ്, ഇന്നും ഇന്ത്യയിലെ മിക്ക നിയോജക മണ്ഡലങ്ങളിലും കാണാൻ കഴിയുന്നത്.

നമ്മുടെ കേരളത്തിൽ തന്നെ പിതാവിന്റെ പാന്ഥാവിൽ തന്നെ ഭരണ പാരമ്പര്യം മക്കളാൽ കാത്ത് രക്ഷിക്കുന്ന / പിന്തുണ്ടരുന്ന എത്ര നിയോജക മണ്ഡലകൾ തന്നെയുണ്ട് അല്ലേ. ഇങ്ങനെ പോയാൽ കാലക്രമേണ ഇന്ത്യൻ രാഷ്ട്രീയ രീതികളും ഭരതതിലെ പാരമ്പര്യ തൊഴിലുകളെ പോലെ ഇവിടെയുള്ള ജനാധിപത്യ സംവിധാനങ്ങളും അധപതിക്കുവാൻ സാധ്യതയുണ്ട്. ഇവിടെ പാശ്ചാത്യ നാടുകളിലൊക്കെ തിരഞ്ഞെടുപ്പുകളിലേക്ക് ജാതി -മത -ദേശീയ- വംശീയതകളൊന്നും നോക്കാതെ പൊതുജനത്തിന് സ്വീകാര്യരായ സ്ഥാനാർത്ഥികളെ അഭിപ്രായ വോട്ടെടുപ്പുകൾക്ക് ശേഷം നിർണ്ണയിച്ചാണ് ഓരൊ പാർട്ടികൾ മത്സരിപ്പിക്കുന്നത്. രണ്ടോ , മാക്‌സിമം മൂന്ന് ടേമിൽ കൂടുതൽ ഒരു പാർട്ടിയും - ഒരു കാൻഡിഡേറ്റിനും ചാൻസ് കൊടുക്കുന്നില്ല. ഒരു മന്ത്രിയൊ, ഏം.പിയൊ, കൗൺസിലറൊ അവരവരുടെ ഭരണ കാലവധി കഴിഞ്ഞാൽ, 'സ്വന്തം തൊഴിലുകളിലേക്ക് മടങ്ങി പോകുകയാ , പുതിയത് കണ്ടെത്തി ജീവിക്കുകയൊ ചെയ്യുന്നു. ഇതുപോലെയൊക്കെയുള്ള ചട്ടങ്ങൾ നമ്മുടെ ജനാധിപത്യ സംവിധാനങ്ങളിലും നമ്മുടെ നാട്ടിലും നടപ്പാക്കിയാൽ നാടും നാട്ടരുമൊക്കെ എന്നേ രക്ഷപ്പെട്ടേനെ അല്ലേ ..!

എന്തായാലും ഇത്തവണ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭയെ തിരെഞ്ഞെടുക്കുന്നതിന് മുമ്പ് നാട്ടിലുള്ള ഒരു മതാധിപത്യവും , ജാത്യാധിപത്ത്യവും ഭരണപക്ഷത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടില്ലാ എന്നതിൽ നിന്ന് തന്നെ, ഈ ഭരണ ക്രമങ്ങളെ നിയന്ത്രിക്കുവാൻ ഇത്തരം ചരട് വലിക്കാർക്ക് കഴിയില്ലെന്ന് പ്രതീക്ഷിക്കാം. ഇനി പഴയ സിദ്ധാന്തങ്ങളെല്ലാം മാറ്റിവച്ച് കുടിൽ വ്യവസായങ്ങളടക്കം എല്ലാ വ്യവസായിക രംഗത്തും, തൊഴിൽ മേഖലകളിലും, കാർഷിക മേഖലകളിലും അത്യാധുനിക യന്ത്രവൽക്കരണം നടത്തുവാനുള്ള നടപടികൾ ഉണ്ടാക്കി, അതാതിടങ്ങളിലെ തൊഴിലാളികൾക്ക് ആയതിലൊക്കെ പരിശീലനം നല്കിയുള്ള ഒരു പുതിയ തൊഴിൽ വിപ്ലവത്തിനാണ് ഈ ഭരണകൂടം ശ്രമിക്കേണ്ടത്. പ്രവാസി മലയാളികളിൽ പലരും നാട്ടിലേക്ക് മടങ്ങിവരുമ്പോൾ ഇത്തരം വിദ്യകളിലൊക്കെ പ്രാവീണ്യരായ അവർക്കൊക്കെ നാട്ടിലും തൊഴിൽ കണ്ടെത്തുവാൻ ഇത് ഏറെക്കുറെ സഹായിക്കും. ഇന്ന് ലോകത്തുള്ള വമ്പരാജങ്ങളെ വെറുതെ വിടാം , ഏറെ പിൻപന്തിയിൽ നിൽക്കുന്ന ചില ആഫ്രിക്കൻ രാജ്യങ്ങളടക്കം, തായ്‌ലാന്റ്, ചൈന മുതലായ രാജ്യങ്ങളിലൊക്കെ എല്ലാ രംഗങ്ങളിലും പുരോഗതിയിലേക്ക് കുതിച്ചുയരുവാൻ സഹായിച്ചത് ഇത്തരം ആധുനിക വൽക്കരണണങ്ങളാണെന്ന് പച്ച പരമാർത്തമാണല്ലോ.

പിന്നെ നമുക്കാവശ്യമുള്ളതിലും എത്രയോ ഇരട്ടി ഊർജ്ജം നമ്മുടെ നാട്ടിൽ ഉല്പാദിപ്പിക്കുവാൻ വേണ്ടത്ര സൂര്യവെളിച്ചവും, കാറ്റും നമ്മുടെ നാട്ടിൽ അങ്ങോളമിങ്ങോളം സുലഭമായി ഉള്ളതാണല്ലൊ.അതു കൊണ്ട് മനുഷ്യനും പ്രകൃതിക്കും അപകടകരമായ താപ വൈദ്യുത നിലയങ്ങളും, അണക്കെട്ടുകളും , അണുഭേദന റിയാക്ടറുകളുമൊന്നും പുതിയതായി തുടങ്ങാതെ, സോളാർ / വിൻഡ് എനർജി പ്ലാന്റുകൾ സ്ഥാപിക്കുവാൻ ഈ ഭരണകൂടം ആരംഭം കുറിക്കട്ടെ... ഇതോടൊപ്പം തന്നെ ഭൗമ - ജല - വ്യോമ ഗതാഗത വികസങ്ങൾ കൂടി നാട്ടിലെങ്ങും പ്രാബല്യത്തിൽ വരുത്തിയാൽ വിനോദ സഞ്ചാരമടക്കം മറ്റെല്ലാ മേഖലകളും സമ്പുഷ്ടമാകും...! അപ്പോൾ നമ്മുടെ കേരളം ആരോഗ്യം, വിദ്യഭ്യാസം എന്നീ രംഗങ്ങൾ പോലെ ഭാരതത്തിനും, ലോകത്തിനും ഒരു മാതൃകയായി തീരും.. . പഴയ ചട്ടങ്ങൾ മാറ്റപ്പെടട്ടെ, നിർഭയം ഇത്തരം പുതിയ രീതികൾ കൊണ്ട് വന്ന് അഴിമതിയില്ലാത്ത, കാര്യപ്രാപ്തമായ ഒരു നല്ല ഭരണത്തിന് തുടക്കമിടുവാൻ നമ്മുടെ പുതിയ ഗവർമെന്റിന് എല്ലാവിധ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു... ജയ് കേരളം ... ജയ് ഭാരതം ...!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP